ന്യൂനപക്ഷ ആനുകൂല്യത്തിന്റെ യഥാർഥ അവകാശികൾ ആരാണ്​?

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആനുകൂല്യങ്ങൾ 80:20 ഘടനയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികളിലെ പിന്നാക്കക്കാർക്കുമാണ് കിട്ടുന്നത്. ഇനിയും രാഷ്ട്രീയ-വർഗീയ സമ്മർദങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നാൽ മുന്നാക്ക ആനുകൂല്യം ലഭിക്കുന്ന ക്രിസ്ത്യാനികൾക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്ന സ്ഥിതിയാണുണ്ടാവുക. അത് സാമൂഹികനീതിയുടെ ലംഘനമാകും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിൽ ഒരു വിശകലനം.

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ആനുകൂല്യങ്ങളുടെ പേരിൽ തുടരുന്ന സംഘർഷങ്ങൾക്ക് ഒരർഥത്തിൽ ഉത്തരവാദി സംസ്ഥാനം ഭരിച്ചവർ തന്നെയാണെന്ന്‌ പറയേണ്ടിവരും. 2006-ലെ ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ വി.എസ്. അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ രീതിയാണ്, മുസ്​ലിം സമുദായത്തിന് മാത്രം ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്.

സച്ചാർ കമ്മിറ്റി ശുപാർശകൾ അതേപോലെ നടപ്പാക്കാതെ, കേരളത്തിലെ സാഹചര്യങ്ങൾ പഠിയ്ക്കാൻ 2008-ൽ പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ആനുകൂല്യങ്ങൾ അനുവദിക്കുക എന്ന നല്ല ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെങ്കിലും, ഇത് ഗുണത്തേക്കാൾ ദോഷമാണുണ്ടാക്കിയത്. മുസ്‌ലിം ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് ന്യൂനപക്ഷ ക്ഷേമം എന്ന പേര് നൽകിയതോടെ എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും ഇതിന്റെ ഭാഗമായി ആനുകൂല്യം ചോദിക്കാൻ അവകാശമുണ്ടായി. ഇതാണ് ഇപ്പോൾ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കുന്നതിലേക്കും മുസ്‌ലിം- ക്രിസ്ത്യൻ വിടവ് രൂക്ഷമാകുന്നതിലേക്കും നയിച്ചത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80-20 ശതമാനം അനുപാതത്തിൽ വിതരണം ചെയ്യുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും തുടർന്നുള്ള സംഭവങ്ങളും കേരളത്തിൽ മുസ്‌ലിം -ക്രിസ്ത്യൻ ഭിന്നത വളരുന്നതിന് കാരണമായിട്ടുണ്ട്. 2011 മുതൽ സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം നേടുന്നത് 80 ശതമാനം മുസ്‌ലിംകളും 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ആനുകൂല്യം തുല്യമായി വീതിക്കണമെന്ന ക്രിസ്ത്യൻ വിഭാഗങ്ങളുടെ വാദം ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. ക്രിസ്ത്യൻ, വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നുയർന്ന വാദം പിന്നീട് സഭാ നേതാക്കളും പരസ്യമായി ഉന്നയിക്കാൻ തുടങ്ങി. പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് 80:20 അനുപാതം റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ നിർദേശിച്ചത്. നിലവിലെ ജനസംഖ്യാ കണക്ക് പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണന്നും സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. ആനുകൂല്യങ്ങളിൽ 80% വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാർസി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസ് സർക്കാർ നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി.

ജസ്റ്റിസ് രജീന്ദർ സച്ചാർ

2021 മെയ് 28-നാണ് 80:20 അനുപാതത്തിനുള്ള ന്യൂനപക്ഷ ആനുകൂല്യ വിതരണം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നത്. സച്ചാർ കമ്മിറ്റി ശുപാർശ അനുസരിച്ച് 100 ശതമാനം ആനുകൂല്യവും തങ്ങൾക്ക് വേണമെന്നും ഇത്രയും കാലം 80:20 അനുപാതം അംഗീകരിച്ചത് വിശാലതയാണെന്നുമുള്ള നിലാപാടാണ് മുസ്‌ലിം സമുദായത്തിന്റേത്. 80:20 അനുപാതം തെറ്റാണെന്ന ഹൈക്കോടതി വിധി ഇതിന്റെ ഭാഗമാണെന്നും അവർ വാദിക്കുന്നു. അതേസമയം, ജനസംഖ്യ അനുപാതത്തിൽ ആനുകൂല്യം നൽകണമെന്ന നിർദേശം തങ്ങൾക്ക് അനുകൂലമാണെന്ന് ക്രിസ്ത്യൻ വിഭാഗവും കരുതുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്ക് സംസ്ഥാന സർക്കാർ പുതിയ ഫോർമുല പ്രഖ്യാപിച്ചത് കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ ആർക്കും നഷ്ടമാകില്ലെന്നും പരാതികൾ ഉന്നയിച്ചവർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. സ്‌കോളർഷിപ്പ് വിതരണത്തിനായി 6.2 കോടി രൂപ കൂടി അനുവദിച്ചുകൊണ്ട് പുതിയ ഫോർമുല നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചത്.

ഹൈക്കോടതി നിർദേശങ്ങൾ യുക്തിരഹിതവും തെറ്റായതുമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിലാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജീന്ദർ സച്ചാർ കമ്മിറ്റിയുടെയും പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ ആവിഷ്‌കരിക്കേണ്ടതെന്നാണ് സർക്കാർ പ്രത്യേകാനുമതി ഹർജിയിൽ പറയുന്നത്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരിക്കുകയാണ്. അതേസമയം, ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജികളിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പുകൾ വിതരണം ചെയ്താൽ അനർഹർക്ക് അത് ലഭിക്കും എന്നാണ് കേരളത്തിന്റെ വാദം. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് സർക്കാറിന്റെ പക്കൽ ആധികാരിക രേഖകളില്ല എന്നും കേരളം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ പറയുന്നു. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ ക്രിസ്ത്യാനികൾക്കും അർഹമായ സ്‌കോളർഷിപ്പ് നൽകും എന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാലൊളി മുഹമ്മദ്കുട്ടി

2005-ൽ ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച്, കേരളത്തിൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. പാലൊളി മുഹമ്മദ്കുട്ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം പെൺകുട്ടികൾക്ക് പ്രതിവർഷം 5000 ഡിഗ്രി-പി.ജി. സ്‌കോളർഷിപ്പുകളും 14 ജില്ലകളിലായി 14 ക്ലർക്ക് പോസ്റ്റുകളും നൽകാനാണ് 2008 ഓഗസ്റ്റ് 16-ന് സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി 10 കോടി രൂപയാണ് വകയിരുത്തിയത്.

മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനാണ് സച്ചാർ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിർദേശങ്ങളാണ് കമ്മീഷൻ റിപ്പോർട്ടിലുള്ളത്. മുസ്‌ലിം സമുദായത്തിന് വേണ്ടിയുള്ള നിർദേശങ്ങളായിട്ടുപോലും 100 ശതമാനം ആനുകൂല്യം മുസ്‌ലിങ്ങൾക്ക് നീക്കിവെക്കാതെ 80:20 എന്ന നിലയിൽ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിലെ പിന്നാക്കക്കാരെയാണ് 20 ശതമാനം ലക്ഷ്യമിടുന്നത്. കേരളത്തിലെ ജനസംഖ്യയിൽ 18 ശതമാനമാണ് ക്രിസ്ത്യാനികൾ. അതിൽ 8 മുതൽ 10 ശതമാനം വരെ മുന്നാക്ക ക്രിസ്ത്യാനികളാണ്. ബാക്കിവരുന്ന ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ തുടങ്ങിയ പിന്നാക്ക ക്രിസ്ത്യാനികളാണ് 20 ശതമാനത്തിൽ ഉൾപ്പെടുന്നത്. വലിയ എതിർപ്പുകളില്ലാതെയാണ് കേരളത്തിലെ മുസ്‌ലിം സമൂഹം അത് അംഗീകരിച്ചുപോന്നത്. എന്നാൽ ഇപ്പോൾ അത് പോരെന്നും ന്യൂനപക്ഷ ആനുകൂല്യം 50:50 ആക്കണമെന്നുമുള്ള ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആവശ്യം സാമൂഹിക ഭിന്നതകൾ രൂക്ഷമാക്കുന്ന നിലയിലേക്കെത്തിയിട്ടും സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്നതാണ് ആശങ്ക വളരാനിടയാക്കിയത്.

രണ്ടാം എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയപ്പോൾ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു എന്ന തരത്തിൽ ഉയർന്ന വിവാദങ്ങളെയും ന്യൂനപക്ഷ ആനുകൂല്യവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. താനൂരിൽ നിന്ന് ജയിച്ച വി. അബ്ദുറഹ്‌മാനാണ് ന്യൂനപക്ഷ വകുപ്പ് എന്നായിരുന്നു ആദ്യം പറയപ്പെട്ടിരുന്നത്. എന്നാൽ മുഖ്യമന്ത്രി വകുപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രിയുടെ കീഴിലായി തന്നെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായിരുന്നത്. അപ്പോൾ തിരിച്ചെടുത്തു എന്ന് പറയുന്നതിൽ കഴമ്പില്ല. എന്നാൽ തിരിച്ചെടുത്തതാണ് എന്ന് തോന്നിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള വാർത്തകളാണ് മുഖ്യധാര മാധ്യമങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ വന്നിരുന്നത്. വി. അബ്ദുറഹ്‌മാനായിരിക്കും ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

അതേസമയം, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള മന്ത്രിയെ ഏൽപ്പിക്കരുതെന്ന വാദം വലിയതോതിൽ ഉയർന്നിരുന്നു. തീവ്ര വലതുപക്ഷ, ക്രിസ്ത്യൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള വാദം കാര്യമായി വന്നിരുന്നത്. പിന്നീട് ഉത്തരവാദപ്പെട്ട ക്രിസ്ത്യൻ സംഘടനകൾ തന്നെ ഈ വാദം ഉന്നയിക്കുകയും ചെയ്തു. ഒന്നുകിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയെ വകുപ്പ് ഏൽപ്പിക്കുക അല്ലെങ്കിൽ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുക എന്നതായിരുന്നു ആവശ്യം. ഈയൊരു പശ്ചാത്തലത്തിലാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് വിവാദമായത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡോ. കെ.ടി. ജലീൽ ന്യൂനപക്ഷ മന്ത്രിയായിരുന്ന കാലത്ത് വലിയതോതിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. സാമൂഹികഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ നടന്നു. ക്രിസ്ത്യൻ-മുസ്‌ലിം വിടവ് വളർത്തുന്ന തരത്തിലുള്ള വാദങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്ക് പുറത്തേക്ക് വളരുന്നതും ക്രിസ്ത്യൻ സഭാ നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്നതും പിന്നീട് കണ്ടു. വിവാദങ്ങൾ നടന്നുകൊണ്ടിരുന്നപ്പോൾ സംസ്ഥാന സർക്കാരോ വകുപ്പ് മന്ത്രിയോ ഭരിക്കുന്ന പാർട്ടിയോ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിച്ചില്ല എന്നതാണ് ഇതിനുപിന്നിൽ രാഷ്ട്രീയമായ അജണ്ടകൾ ഉണ്ടെന്ന സംശയം സൃഷ്ടിക്കുന്നത്.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ഉത്തരേന്ത്യയിൽ മാത്രമാണെന്ന ഒരു ധാരണ കേരളത്തിലുള്ള പൊതുസമൂഹത്തിനുണ്ട്. എന്നാൽ അത് ശരിയല്ല, കേരളത്തിലെ മുസ്‌ലിംകളും മറ്റു സമുദായങ്ങളെ അപേക്ഷിച്ചുള്ള പിന്നാക്കാവസ്ഥയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്‌ലിങ്ങൾ ക്രിസ്ത്യാനികളെക്കാൾ വളരെ പിന്നിലാണെന്നായിരുന്നു പാലൊളി കമ്മിറ്റി കണ്ടെത്തിയത്. കോളേജുകളിൽ പ്രവേശനം നേടുന്ന മുസ്‌ലിങ്ങളുടെ അനുപാതം പട്ടികജാതി-വർഗ വിഭാഗങ്ങളേക്കാൾ കുറവാണെന്നും കണ്ടെത്തിയിരുന്നു. മുസ്‌ലിങ്ങൾ 8.1%, മുന്നാക്ക ഹിന്ദു 28.1%, ക്രിസ്ത്യൻ 20.5%, പിന്നാക്ക ഹിന്ദു 16.7%, എസ്.സി. 11.8%, എസ്.ടി. 10.3% എന്നിങ്ങനെയായിരുന്നു ആ സമയത്ത് കേരളത്തിലെ കോളേജുകളിൽ പ്രവേശനം നേടുന്നവരുടെ അനുപാതം. വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ് ലിങ്ങൾ മറ്റു സമുദായങ്ങളേക്കാൾ വളരെ പിറകിലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ 80 ശതമാനം മുസ് ലിങ്ങൾക്ക് നൽകാൻ തീരുമാനമെടുത്തത്. മുസ്‌ലിം പെൺകുട്ടികൾക്ക് നൽകിയിരുന്ന സ്‌കോളർഷിപ്പ് ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് കൂടി നൽകാൻ 2011-ലാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ആകെ സ്‌കോളർഷിപ്പുകളുടെ 20 ശതമാനമാണ് ഇങ്ങനെ നീക്കിവെച്ചത്.

പിന്നാക്കവസ്ഥയെക്കുറിച്ച് ശരിയായ പഠനം നടത്താതെ, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ആനുകൂല്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശം തീർത്തും തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സ്വീകരിച്ച നിലപാട്. ഒരു പ്രത്യേക വിഭാഗത്തിന് നൽകുന്ന സ്‌കോളർഷിപ്പുകളുടെ എണ്ണം കൂടുതലാകുന്നത് വിവേചനമാണെന്ന വാദം മാത്രം പരിഗണിച്ചാണ് ഹൈക്കോടതി ഈ കേസിൽ വിധി പറഞ്ഞിരിക്കുന്നത്. ആ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സ്‌കോളർഷിപ്പുകളാണ് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെ റദ്ദാക്കാൻ കോടതി ഉത്തരവിട്ടത്. പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്താതെ, ജനസംഖ്യാ അനുപാതം മാത്രം പരിഗണിച്ച് സ്‌കോളർഷിപ്പ് നൽകുന്നത് അനർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നതിന് കാരണമാകും. ക്രിസ്ത്യൻ വിഭാഗങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനാണ് സർക്കാർ ജസ്റ്റിസ് ജെ.ബി. കോശി കമ്മിറ്റിയെ നിയോഗിച്ചത്. ക്രിസ്ത്യൻ സമുദായ നേതാക്കളുടെ ആവശ്യം പരിഗണിച്ചാണിത്.

ജസ്റ്റിസ് ജെ.ബി. കോശി

കൂടുതൽ പിന്നാക്കാവസ്ഥയിലുള്ള ന്യൂനപക്ഷ സമുദായങ്ങൾ കൂടുതൽ ആനുകൂല്യം നൽകുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 29 സംസ്ഥാന സർക്കാരിന് തടസ്സമാകുന്നില്ല. മാത്രമല്ല, ആർട്ടിക്കിൾ 15(4) ന്റെ സ്ഥിരീകരണം കൂടിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനും താത്പര്യത്തിനുമായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(4) നിർദേശിക്കുന്നത്.

വിദ്യാഭ്യാസപരമായി മാത്രമല്ല, സാമൂഹികമായും കേരളത്തിലെ മുസ്‌ലിം സമുദായം പിന്നാക്കാവസ്ഥയിൽ തന്നെയാണെന്നതാണ് യാഥാർഥ്യം. എന്നാൽ അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും കൂടുതൽ വിവാദമാക്കപ്പെടുന്നതിലൂടെ ഈയൊരു യാഥാർഥ്യം അവഗണിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇതിനു പിന്നിലുള്ള തീവ്ര വലതുപക്ഷ, ക്രിസ്ത്യൻ ഗൂഢാലോചനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകൾ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നതാണ് മുസ്‌ലിം സമൂഹത്തെ ആശങ്കയിലാക്കുന്ന ഒരു കാര്യം. രണ്ട് മതവിഭാങ്ങളിലുള്ളവർ തമ്മിൽ ഭിന്നത വളർത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് തടയിടാൻ ശ്രമിക്കാതെ, ന്യൂനപക്ഷ ആനുകൂല്യങ്ങൾ മറ്റു വിഭാഗങ്ങൾക്ക് കൂടി നൽകാനുള്ള നീക്കം നടത്തിയത് വലിയ സംഘർഷാവസ്ഥയാണ് സൃഷ്ടിച്ചത്. ക്ര്‌സത്യൻ-മുസ്‌ലിം സംഘർഷം സോഷ്യൽ മീഡിയക്ക് പുറത്തുകടന്ന് സമുദായ നേതാക്കൾക്കിടയിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തുന്നത് നാടിന്റെയാകെ സമാധാനത്തിനും നിലനിൽപ്പിനും വിഘാതം സൃഷ്ടിക്കും.

10 വർഷം എല്ലാവരും അംഗീകരിച്ചുപോന്ന 80:20 അനുപാതം ജെ.ബി. കോശി കമ്മിറ്റി റിപ്പോർട്ട് വരുന്നതുവരെ കാത്തുനിൽക്കാതെ ഹൈക്കോടതി വിധി സമ്പാദിച്ചവരുടെ ലക്ഷ്യം കുളം കലക്കി മീൻ പിടിക്കലാണെന്നാണ് ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ തെളിവുകളോടെ അപ്പീൽ നൽകണമെന്നും മുസ് ലിങ്ങൾക്ക് അവകാശപ്പെട്ടത് 100 ശത്മാനവും മുസ്‌ലിങ്ങൾക്ക് തന്നെ നൽകണമെന്നും മുസ്‌ലിം സമുദായ നേതൃത്വം ഐക്യകണ്‌ഠേനയാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുമായി ചർച്ച നടത്തുന്നു / Photo: A.P. Abubakr Musliyar Kanthapuram, Facebook

സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറമാണ് കേരളത്തിന്റെ ജി.ഡി.പിയിൽ എപ്പോഴും 14-ാം സ്ഥാനത്ത് നിൽക്കുന്ന ജില്ല. മുസ്‌ലിം രാഷ്ട്രീയം കേരളത്തിൽ വലിയ സ്വാധീനമുള്ളതാണെന്ന് തോന്നുമെങ്കിലും കേരള നിയമസഭയിൽ മുസ്ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉണ്ടാകാറില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അതിനായി ശബ്ദം ഉയർത്തുന്നതിന് പരിമിതികൾ ഉണ്ടെന്നതാണ് മറ്റൊരു കാര്യം.

വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ കോർപറേഷനുകളുണ്ട്. എന്നാൽ മുന്നാക്ക വികസന കോർപറേഷന് മാത്രമാണ് ക്യാബിനറ്റ് പദവിയുള്ള ചെയർമാനുള്ളത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുക്കുന്നതുപോലെയുള്ള ആനുകൂല്യങ്ങളെല്ലാം മുന്നാക്ക വികസന കോർപറേഷനും നൽകുന്നുണ്ട്. ന്യൂനപക്ഷത്തിന് 6000 രൂപയാണ് പ്രൊഫഷണൽ കോഴ്സിനുള്ള സ്‌കോളർഷിപ്പെങ്കിൽ, മുന്നാക്ക കോർപറേഷൻ നൽകുന്നത് 8000 രൂപയാണ്. മുന്നാക്ക കോർപറേഷനാണ് സ്‌കോളർഷിപ്പുകളുടെ എണ്ണത്തിലും മുന്നിൽ.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആനുകൂല്യങ്ങൾ 80-20 ഘടനയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികളിലെ പിന്നാക്കക്കാർക്കുമാണ് കിട്ടുന്നത്. ഇനിയും രാഷ്ട്രീയ-വർഗീയ സമ്മർദങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നാൽ മുന്നാക്ക ആനുകൂല്യം ലഭിക്കുന്ന ക്രിസ്ത്യാനികൾക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്ന സ്ഥിയാണുണ്ടാവുക. അത് സാമൂഹികനീതിയുടെ ലംഘനമാകും.

Comments