ജിഫ്രി തങ്ങൾക്ക്​ വധഭീഷണി: ഇ.കെ.വിഭാഗം ഇനിയെങ്കിലും ഉറക്കം വിട്ടുണരണം

പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ നേതാവിനെതിരെ വധഭീഷണി ഉണ്ടായ സാഹചര്യത്തിലെങ്കിലും ഉറക്കം വിട്ടെഴുന്നേൽക്കാൻ ഇ.കെ. വിഭാഗം തയാറാകണം. പൊലീസിൽ പരാതിപ്പെടില്ല എന്നാണ് ജിഫ്‌രി തങ്ങളുടെ നിലപാടെങ്കിലും, അദ്ദേഹത്തിന്റെ ജീവൻ കേരളത്തിന് വിലപ്പെട്ടതാണ് എന്ന ബോധ്യത്തോടെ നിശ്ചയദാർഢ്യമുള്ള തീരുമാനമെടുക്കാൻ മറ്റുനേതാക്കൾക്ക് കഴിയേണ്ടതാണ്.

യ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയവർ പറഞ്ഞത് "സി എമ്മിന്റെ' അനുഭവം ഉണ്ടാകുമെന്നാണ്. സി.എം എന്നാൽ ചെമ്പരിക്ക മുഹമ്മദ് കുഞ്ഞി. ചെമ്പരിക്ക ഖാസി എന്നറിയപ്പെട്ട അബ്ദുല്ല മുസ്ലിയാരുടെ പേരിനൊപ്പം ഉള്ള രണ്ടക്ഷരങ്ങളാണത്. അബ്ദുല്ല മുസ്ലിയാരുടെ പിതാവിന്റെ പേരും ദേശപ്പേരും ചേർന്നാണ് സി.എം. ഉണ്ടായത്. കാസറഗോഡ് ജില്ലയിലെ പ്രമുഖ മുസ്​ലിം പണ്ഡിതൻ, ഇ.കെ. വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാളി, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കേരളീയ മുസ്‌ലിം ജീവിതത്തിനും കാസർഗോട്ടെ പൊതുസമൂഹത്തിനും സുപരിചിതനായിരുന്നു സി. എം. അബ്ദുല്ല മുസ്‌ലിയാർ.

2010 ഫെബ്രുവരി പതിനഞ്ചിനാണ് ഖാസിയെ വീട്ടിൽ നിന്ന് 900 മീറ്റർ അകലെ കടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പാതിരാവിൽ ആരുടെയും പ്രേരണയോ സഹായമോ ഇല്ലാതെ വയോധികനായ ഒരാൾക്ക് അങ്ങോട്ട് എത്തിപ്പെടാൻ കഴിയില്ല എന്നതാണ് ആ മരണത്തെ ദുരൂഹമാക്കിയ പ്രധാന കാര്യം. ആരോഗ്യപ്രശ്‌നങ്ങൾ ഏറെയുണ്ടായിരുന്ന അദ്ദേഹം ഇരുട്ട് പൊതിഞ്ഞുനിന്ന ആ രാത്രിയിൽ എന്തിന് അവിടേക്ക് പോകണം? അതെങ്ങനെ സാധ്യമാകും എന്ന ചോദ്യങ്ങളിൽ തട്ടി നിൽക്കുന്ന ആ ദുരൂഹത ഇന്നും നീങ്ങിയിട്ടില്ല. അപ്പോഴാണ് ചെമ്പരിക്ക ഖാസി വൈസ് പ്രസിഡണ്ടായിരുന്ന പണ്ഡിത സംഘടനയുടെ അധ്യക്ഷന് "സി എമ്മിന്റെ അനുഭവം' ഓർമിപ്പിച്ചുകൊണ്ടുള്ള ഭീഷണി ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ എന്താണ് സി.എം. അബ്ദുല്ല മുസ്ലിയാരുടെ കേസിൽ സംഭവിച്ചത്?

ചെമ്പരിക്ക ഖാസിയുടെ മകൻ മുഹമ്മദ് ശാഫി 2021 ഫെബ്രുവരി 17 ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്:
"കൊലയാളികളെ പിടികൂടാത്ത പതിനൊന്നാണ്ടുകൾ...
ചില അനുഭവ സത്യങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു...
സമസ്ത മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ബഹാവുദ്ദീൻ നദ്‌വി ഉസ്​താദ്​ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങളോട് ചേർത്ത്​ ചില അനുഭവ സത്യങ്ങൾ പറയാനുണ്ട്. ഉപ്പ മരണപ്പെട്ടതിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സ്ഥാപന മേധാവികൾ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. കേസിന്റെ ഗതി മാറ്റാനായിരുന്നു അവരുടെ പരിശ്രമമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളോട് നേരിട്ട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് ബോധ്യപ്പെട്ടു'.

മരണം നടന്ന് മൂന്നാഴ്ച പിന്നിട്ടപ്പോഴാണ് സമസ്ത കുടുംബത്തെ ബന്ധപ്പെട്ടത് എന്നുമുണ്ട് ആ കുറിപ്പിൽ. ‘‘കൊലപാതകത്തിന്റെ ഇരുപത്തിയൊന്നാം ദിവസമാണ് ഞങ്ങളെ സമസ്ത മുശാവറയിലേക്ക് വിളിക്കുന്നത്. അവിടെ വെച്ച് ഞാൻ ചോദിച്ചു, "നിങ്ങളുടെ വൈസ് പ്രസിഡന്റിന് ഇങ്ങനെ സംഭവിച്ചിട്ട് എന്തുകൊണ്ടാണ് ഞങ്ങളെ ബന്ധപ്പെടാൻ ഇത്ര വൈകിയത്' ? ഞങ്ങൾ നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊക്കെ നിങ്ങളുടെ ഭാഗത്ത് നിന്നുള്ളവർ തന്നെയാണ് പിന്തിരിപ്പിച്ചതെന്ന് ബാപ്പു മുസ്‌ലിയാർ മറുപടിയായി പറഞ്ഞു. അതാരാണെന്ന് അപ്പോൾ തന്നെ മർഹൂം ഖാസിം മുസ്‌ലിയാർ ചോദിച്ചിരുന്നു. സഭയിൽ നിന്ന് ബാപ്പു മുസ്‌ലിയാർ പേരുകൾ വെളിപ്പെടുത്തിയിരുന്നില്ല.’’
ആ പേരുകൾ മുഹമ്മദ് ഷാഫി തന്നെ വെളിപ്പെടുത്തുന്നുണ്ട് ആ പോസ്റ്റിൽ.

ന്യൂസ് 18 ചാനലുമായി സംസാരിക്കുമ്പോഴും സമസ്തയുടെ മെല്ലെപ്പോക്കും ആത്മഹത്യാ നിഗമനവും ആവർത്തിക്കുന്നുണ്ട് മുഹമ്മദ് ഷാഫി.
ചെമ്പരിക്ക ഖാസിയുടെ പേരമകൻ സലീം ദേളിയുമായി ഒരു ഓൺലൈൻ മാധ്യമം നടത്തിയ സംഭാഷണത്തിൽ നിന്നുള്ള ചില പരാമർശങ്ങൾകൂടി ശ്രദ്ധയർഹിക്കുന്നു: ‘‘ലോക്കൽ പൊലീസിന് ഏൽപ്പിക്കുന്നതിന് മുമ്പ് തന്നെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. പിന്നീട് സമ്മർദ്ദത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും സമസ്ത നേതാക്കൾ ഇടപെട്ട് കേരള നിയമസഭ വഴി കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുടുംബം തൃപ്തരായിട്ടും അണികളെ കൊണ്ട് സമരം ചെയ്യിപ്പിച്ചാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.’’
‘‘സമസ്ത ജില്ലാ നേതൃത്വം ഇന്നേവരെ പ്രക്ഷോഭങ്ങൾക്ക് താൽപര്യം കാണിച്ചിട്ടില്ല. സമരങ്ങൾക്കു മുന്നിട്ടിറങ്ങിയ വിദ്യാർത്ഥി സംഘടനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പ്രഖ്യാപിച്ച സമരപോരാട്ടങ്ങൾ കടലാസിലൊതുങ്ങി. കാസർഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. ഒരു അനുശോചനയോഗം പോലും മിനുട്‌സിലില്ല.’’

ആദ്യം ലോക്കൽ പൊലീസും പിന്നെ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണിത്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരുമാസം തികയുന്നതിനു മുമ്പ് കേസ് സി ബി ഐക്ക് വിട്ടു,.! അന്ന് കേരളത്തിൽ ഇടതുപക്ഷവും കേന്ദ്രത്തിൽ മുസ്ലിം ലീഗിന് കൂടി പങ്കാളിത്തമുള്ള യു.പി.എ. സർക്കാരുമാണ് അധികാരത്തിൽ. ഖാസി കേസിൽ സി.ബി.ഐ. അന്വേഷണത്തിടുക്കം കുടുംബത്തിന്റേതായിരുന്നില്ല എന്നാണ് പേരമകന്റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്.

നിയമസഭയിൽ അതുന്നയിച്ചവരുടെ, എത്രയും വേഗത്തിൽ സി.ബി.ഐയിലേക്ക് കേസ് എത്തണമെന്ന് ആഗ്രഹിച്ചവരുടെ ചേതോവികാരം ഖാസി സ്നേഹമായിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്. അപ്പോൾ പിന്നെ അടുത്ത ചോദ്യം ഒഴിവാക്കാനാവില്ല. ആ തിടുക്കം ആരുടേതായിരുന്നു? കേസ് സി.ബി.ഐക്ക് കൈമാറുന്നതിലൂടെ എന്ത് നേട്ടമാണ് അവർ ആഗ്രഹിച്ചത്? ആത്മഹത്യ തന്നെയാണ് ഖാസിയുടേത് എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത ആർക്കൊക്കെയോ എന്തെല്ലാമോ മറച്ചുവെക്കാനായിരുന്നു എന്നാണ് കുടുംബത്തിന്റെ വാക്കുകളിൽ നിന്ന് ഉരുത്തിരിയുന്നത്. അതാരാണ്? അവർ മറച്ചുവെക്കാൻ ആഗ്രഹിച്ചത് എന്തൊക്കെയാണ്? പ്രക്ഷോഭങ്ങളെ സമസ്ത നിരുത്സാഹപ്പെടുത്തി എന്നത്, ഖാസിയുടെ മരണത്തിൽ ഇ.കെ. വിഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്.

"ഇനിയും അന്വേഷണം നടത്തിയാൽ ഖബർ തുറക്കേണ്ടി വരുമെന്ന് പറഞ്ഞ് പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചത് സമസ്ത നേതാവല്ലെന്ന് വിമർശകർ തിരിച്ചറിയണം' എന്ന് സത്താർ പന്തലൂർ ഫേസ്ബുക്കിൽ എഴുതിയിരുന്നു (നവംബർ 3, 2018). അതാര് എന്ന് തുറന്നുപറയാൻ അദ്ദേഹത്തിന് ഇതാണ് സമയം. ഖാളി കേസിൽ എന്തെല്ലാമോ ഭയന്നവർ തന്നെയാണോ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുന്നത്? സാധ്യത തള്ളിക്കളയാനാകില്ല.

ഖാസി കൊല്ലപ്പെട്ട് ഒമ്പതുവർഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം കോഴിക്കോട്ട് ഒരു പ്രക്ഷോഭ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം നടത്തുമെന്നറിയിച്ചത് 2019 ഫെബ്രുവരി 28 ന് ആയിരുന്നെങ്കിലും കൃത്യമായ വിശദീകരണം ഇല്ലാതെ പൊടുന്നനെ അത് മാറ്റിവെക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ തോതിൽ ചർച്ചയായി. പിന്നീട് ആ സമ്മേളനം നടക്കുന്നത് മാർച്ച് 10 നാണ്. സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രഭാതം പത്രത്തിൽ പണ്ഡിതസഭയുടെ കാര്യദർശി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ ലേഖനമെഴുതിയിരുന്നു. അതിലിങ്ങനെ വായിക്കാം:
"സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സീനിയർ വൈസ് പ്രസിഡന്റും കാസർക്കോട്- മംഗലാപുരം പ്രദേശങ്ങളിലെ നിരവധി മഹല്ലുകളിൽ ഖാസിയും ഗോളശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഒൻപത് വർഷം പൂർത്തിയാവുകയാണ്. ഇതിനിടയിൽ ആ കൊലപാതകവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും കോളിളക്കങ്ങളും ഉയരുകയുണ്ടായി.
സാഹചര്യത്തെളിവുകൾ കൊണ്ടും ഖാസിയുടെ ജീവിതം വിലയിരുത്തിയും ഇതൊരു കൊലപാതകമാണെന്ന് ഖാസിയുടെ കുടുംബക്കാരും നാട്ടുകാരും സമസ്ത നേതാക്കളും പതിനായിരക്കണക്കിനു പ്രവർത്തകരും അദ്ദേഹത്തെ അടുത്തറിയാവുന്ന സർവരും ഉറച്ചു വിശ്വസിക്കുമ്പോൾ കേസിന്റെ ഗതി തിരിച്ചുവിട്ട് ഇതിനെ ആത്മഹത്യയാക്കി മാറ്റാനും അത് വഴി കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കിക്കൊടുക്കാനും ചില ദുശ്ശക്തികൾ തുടക്കം മുതൽ തന്നെ ശ്രമിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്.'

ആലിക്കുട്ടി മുസ്‌ലിയാർ സംശയലേശമന്യേ പറയുന്നത് ഇതാണ്:
1.ചെമ്പരിക്ക ഖാസിയുടേത് കൊലപാതകമാണ് എന്ന് സമസ്‌ത ഉറച്ചുവിശ്വസിക്കുന്നു.
2. കൊലപാതകികൾക്ക് രക്ഷപെടാൻ തുടക്കം മുതലേ ചില ദുശ്ശക്തികൾ ശ്രമിച്ചിട്ടുണ്ട്.

ആരാണ് ആ ദുശ്ശക്തികൾ? സി.എമ്മിന്റെ അനുഭവം ഉണ്ടാകുമെന്ന് ജിഫ്രി തങ്ങൾ ഭീഷണിപ്പെടുത്തപ്പെടുന്ന കാലത്ത് ആ ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് ആദ്യംമുതൽ അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ ഏജൻസികളുടെ ആത്മഹത്യ നിഗമനം അവർ തള്ളിക്കളഞ്ഞതുമാണ്. അദ്ദേഹത്തിന്റെ നാട്ടുകാരും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു കരുതുന്നു. എന്നിട്ടും ഒരു പ്രക്ഷോഭസമ്മേളനം നടത്താൻ ഒമ്പത് വർഷം ഇ. കെ. വിഭാഗം സമസ്ത കാത്തിരുന്നത് എന്തിനെന്നു മനസിലാകുന്നില്ല!

കോഴിക്കോട് മുതലക്കുളത്ത് നടന്ന ആ സമ്മേളനത്തിലാണ് സമസ്തയുടെ മറ്റൊരു സീനിയർ നേതാവായ, കാസറഗോഡ് നിന്നുള്ള യു. എം. അബ്ദുറഹ്മാൻ മുസ്ലിയാർക്കെതിരെ ഗോ ബാക്ക് വിളിയുയർന്നത്.

ഖാസിയുടെ കൊലപാതകത്തെ കുറിച്ച് അബ്ദുറഹ്മാൻ മുസ്ലിയാർക്ക് പലതുമറിയാം എന്ന് വിശ്വസിക്കുന്നുണ്ട് ഖാസിയുടെ ചില ബന്ധുക്കളും ഇഷ്ടജനങ്ങളും. അവരാണ് സമ്മേളനനഗരിയിൽ ഗോ ബാക്ക് മുഴക്കിയത്. അതേക്കുറിച്ച് അന്വേഷിക്കാൻ സമസ്ത ഒരു സമിതിയെ നിയോഗിച്ചു. അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തു പേർക്കെതിരെ സമസ്ത നടപടി സ്വീകരിച്ചു; അവരിൽ മൂന്നുപേർ (റാശിദ്‌ ഹുദവി, സലീം ദേളി, സാബിർ ദേളി) ഖാളിയുടെ പേരമക്കളായിരുന്നു എന്നത് യാദൃച്ഛികമല്ല!

മുതലക്കുളം പ്രശ്നത്തിൽ പങ്കാളികളല്ലാത്ത ചിലരുമുണ്ടായിരുന്നു നടപടി നേരിട്ടവരിൽ. പോഷകസംഘടനകളുടെ പദവികളിൽ നിന്നും സ്ഥാപനങ്ങളിലെ ജോലികളിൽ നിന്നും പുറത്താക്കിയാണ് "വിമതശല്യം' അവസാനിപ്പിച്ചത്.

ചെമ്പരിക്ക ഖാസിയുടെ മരണത്തെ കുറിച്ചുള്ള ആഖ്യാനത്തിൽ വിട്ടുപോകരുതാത്ത ഒരു സ്ഥാപനമുണ്ട്. മലബാർ ഇസ്‌ലാമിക് സെന്റർ. ചെമ്പരിക്ക ഖാസിയുടെ മുൻകൈയിൽ പണിത സ്ഥാപനം. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിൽ ചിലർക്ക് ഖാസിയുടെ മരണവുമായി ബന്ധമുണ്ട് എന്നാണ് ഇ കെ വിഭാഗം നേതാക്കൾ തന്നെ പറയുന്നത്.

മലബാർ ഇസ്‌ലാമിക് സെന്റർ ക്യാമ്പസിൽ ചെമ്പരിക്ക ഖാസി / Photo: Abdul  Khader MAK
മലബാർ ഇസ്‌ലാമിക് സെന്റർ ക്യാമ്പസിൽ ചെമ്പരിക്ക ഖാസി / Photo: Abdul Khader MAK

ഡോ.ബഹാവുദ്ദീൻ നദ്‌വി കൂരിയാട് എഴുതുന്നു: "സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവിൽ നിഷ്‌ക്കാസനം ചെയ്തു പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില ദുഃശക്തികൾ നടത്തുന്നത്. അദ്ദേഹം വിയർപ്പൊഴുക്കി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ ചില വൻതോക്കുകളാണ് ഘാതകരായതെന്നാണ് കാസർകോട് മേഖലയിലെ ചില അഭിജ്ഞവൃത്തങ്ങളുടെ നിഗമനം.' (സുപ്രഭാതം ദിനപത്രം, 10.3.2019).

മലബാർ ഇസ്‌ലാമിക് സെന്ററിന്റെ ഇപ്പോഴത്തെ സെക്രട്ടറി യു. എം. അബ്ദുറഹ്മാൻ മുസ്ലിയാരാണ്.അദ്ദേഹത്തെയാണ് കാസർഗോഡ് നിന്നുള്ള പ്രവർത്തകർ മുതലക്കുളത്ത് ഗോ ബാക്ക് വിളിച്ചത്. അദ്ദേഹത്തെ ഖാസിയുടെ മരണവുമായി ബന്ധിപ്പിക്കാവുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുമേൽ കുറ്റമാരോപിക്കുന്നത് അനീതിയാകും.പക്ഷേ, അദ്ദേഹം ഇപ്പോൾ നേതൃത്വം നൽകുന്ന സ്ഥാപനത്തെപ്രതിയുള്ള ദുരൂഹതകൾക്ക് ഇനിയും അറുതി വന്നിട്ടില്ല. ചെമ്മാട് ദാറുൽഹുദയുടെ അഫിലിയേഷനുള്ള കാമ്പസാണ് കാസറഗോട്ടെ മലബാർ ഇസ്ലാമിക് കോംപ്ലക്സിലെ ദാറുൽ ഇർശാദ് അക്കാദമി. ഖാസി ജീവിച്ചിരുന്ന കാലത്ത് തന്നെയാണ് ഈ അഫിലിയേഷൻ നടക്കുന്നത്. ദാറുൽ ഹുദയുടെ അമരക്കാരനാണ് ബഹാഉദ്ധീൻ നദ്‌വി. ചെമ്പരിക്ക ഖാസിയുമായും മലബാർ ഇസ്ലാമിക് അക്കാദമിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന ആൾ. അദ്ദേഹം ഉന്നയിക്കുന്ന സംശയം ചിരിച്ചുതള്ളരുത്. ബഹാഉദ്ധീൻ നദ്‌വി പറയുന്ന വൻതോക്കുകൾ ആരെല്ലാമെന്നു സംഘടനാതലത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ ഇ. കെ. വിഭാഗം സമസ്തയ്ക്ക് വൈകിയവേളയിലെങ്കിലും സാധിക്കേണ്ടതാണ്. സയ്യിദ് ജിഫ്രി തങ്ങൾക്കെതിരായ ഭീഷണിയുടെ ഉറവിടത്തിലേക്ക് അത് ചെന്നുചേരില്ലെന്നാരു കണ്ടു?

2018 നവംബർ 3 ന് എഴുതിയ ഫേസ്ബുക്ക്​ കുറിപ്പിൽ, ഇ.കെ. വിഭാഗത്തിൽ നിന്നുള്ള മറ്റൊരു നേതാവ് സത്താർ പന്തലൂർ ഈ സ്ഥാപനത്തെ പരാമർശിക്കുന്നുണ്ട്. "ചെമ്പരിക്ക കടലിൽ മയ്യിത്ത് കണ്ടെത്തിയത് മുതൽ സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വാർത്തകൾ വരുന്ന ഈ സമയത്തും കേസിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന കാര്യത്തിൽ സമസ്തയിലോ കീഴ്ഘടകങ്ങളില്ലാ രണ്ടഭിപ്രായമില്ല. എന്നാൽ കാസർഗോഡ് ജില്ലയിൽ നിന്ന് വിഷയത്തിൽ മറ്റുള്ളവരേക്കാൾ ആർജവത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവർ അലംഭാവം കാണിച്ചതിന് സമസ്ത ഉത്തരവാദിയല്ല. അതിൽ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രമുഖർ , സ്ഥാപന മാനേജ്മെന്റ് etc... അങ്ങനെ പലരുമുണ്ടാകാം'.
അലംഭാവം കാണിച്ച സഹപ്രവർത്തകരാരൊക്കെ? സ്ഥപന മാനേജ്‌മെന്റിന് സത്യം തെളിയണമെന്നില്ല എന്നാണെങ്കിൽ എന്തുകൊണ്ട്? ഇതേകുറിച്ചൊന്നും നേതാക്കളിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടിയില്ല എന്നാണ് ഖാസിയുടെ കുടുംബം പരിഭവപ്പെടുന്നത്.

താഖ അഹ്മദ് മൗലവി ഇ.കെ. വിഭാഗത്തിലെ മുതിർന്ന നേതാവാണ്. സമസ്‌ത മുശാവറ മെമ്പറാണ്. ചെമ്പരിക്ക ഖാളിയുടെ ബന്ധുവാണ്. നിരവധി മഹല്ലുകളുടെ ഖാളിയാണ്. ചെമ്പരിക്ക ഖാളി കൊല്ലപ്പെട്ടതാണ് എന്ന് നിരന്തരം പറയുകയും സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ആളാണ്.
അദ്ദേഹത്തിന്റെ ഒരു പ്രസംഗം, 2018 ലോ മറ്റോ നടത്തിയത്, യൂട്യൂബിൽ ഇപ്പോഴുമുണ്ട്. ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതാണ് എന്ന ഉറച്ചബോധ്യം ആ വാക്കുകളിലുണ്ട്. സി.ബി.ഐയുടെ അന്വേഷണസംഘം ആരെയോ ഭയപ്പെടുന്നതായി അഹ്‌മദ്‌ മൗലവി ആ പ്രഭാഷണത്തിൽ കുറ്റപ്പെടുത്തുന്നു.
എനിക്ക് അതിശയകരമായി തോന്നിയത് മറ്റൊന്നാണ്. ഇരുപത് മിനുട്ടിൽ താഴെയുള്ള ആ പ്രസംഗത്തിൽ രണ്ടുതവണ അദ്ദേഹം റിസർവ് ബാങ്കിന്റെ മുൻ ഗവർണറെ (ഉദ്ദേശിച്ചത് രഘുറാം രാജനെ ആകണം) ഉദ്ധരിക്കുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയാൽ തന്റെ ജീവൻ ഉണ്ടാകില്ല എന്നാണ് ആ വാക്കുകൾ. ഇത് ആവർത്തിച്ചുപറഞ്ഞാണ് താഖ അഹ്‌മദ്‌ മൗലവി തന്റെ പ്രസംഗം ഉപസംഹരിക്കുന്നത്.

നോക്കൂ, കാസർകോട്ടും മംഗലാപുരം ഭാഗങ്ങളിലും നല്ല സ്വാധീനമുള്ള ഒരു പണ്ഡിതൻ, അതും പ്രാസ്ഥാനികമായ പിൻബലമുള്ളൊരാൾ, അദ്ദേഹത്തിന് പോലും സത്യം തുറന്നുപറയാൻ കഴിയാത്ത, അങ്ങനെ പറഞ്ഞാൽ ജീവൻ നഷ്ടപ്പെടുമെന്ന സാഹചര്യം. ബഹാവുദ്ദീൻ നദ്‌വി എഴുതിയ "വൻതോക്കുകളെ' തന്നെയാകുമോ താഖ മൗലവിയും ഉദ്ദേശിച്ചത്?

ചെമ്പരിക്ക ഖാസിയുടെ മരണത്തിനു പിറകെ നടന്ന രണ്ടു ദുരൂഹമരണങ്ങളെ കുറിച്ചും താഖ അഹ്‌മദ്‌ മൗലവി പറയുന്നുണ്ട്. ഒരാൾ ഒരു തങ്ങളാണ്. ചെമ്പരിക്ക ഖാസിയെ അപായപ്പെടുത്താൻ വന്ന സംഘം സഞ്ചരിച്ച വാഹനത്തെ കുറിച്ച് കുടുംബത്തിന് വിവരം നൽകിയത് ഇദ്ദേഹമായിരുന്നു. ഒരു രാത്രിയിൽ മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികിൽ അദ്ദേഹം മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത് എന്ന് അഹ്‌മദ്‌ മൗലവി പറയുന്നു. മറ്റൊരാൾ കണിയ മഹ്‌മൂദ്‌ എന്നയാളാണ്. സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ (ചെമ്പരിക്ക ഖാസി) ഫോണിലേക്ക് അവസാനം വന്നത് ഇയാളുടെ കോളായിരുന്നത്രെ. ഈ മരണങ്ങളൊന്നും സി.ബി.ഐ ഗൗരവത്തിലെടുത്തില്ല എന്നാണ് താഖ അഹ്‌മദ്‌ മൗലവി ആരോപിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി ഇ. അഹമ്മദിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തവേ, റീ പോസ്‌റ്റുമോർട്ടം വേണ്ടിവന്നേക്കും എന്ന ആവശ്യമുയർന്നപ്പോൾ പ്രദേശത്തിന്റെ ഖാസി എന്ന നിലക്ക് താൻ അതിന് സമ്മതം നൽകിയെന്നും മറ്റു ചിലർ ഇടപെട്ട് അത് മുടക്കിയെന്നും താഖ അഹ്‌മദ്‌ മൗലവി പറയുന്നുണ്ട്. ആരാണീ മറ്റു ചിലർ? അവർ പ്രസ്ഥാനത്തിനകത്തുള്ളവരോ പുറത്തുള്ളവരോ? സി.ബി.ഐയെ പോലും സ്വാധീനിക്കാൻ കഴിയുന്ന അവരെ തുറന്നുകാട്ടേണ്ടതല്ലേ? രാഷ്ട്രീയ നേതാക്കൾക്കും ഖാസി തന്നെ സ്ഥാപിച്ച മലബാർ ഇസ്‌ലാമിക് സെന്ററിന്റെ ഇപ്പോഴത്തെ കൈകാര്യകർത്താക്കൾക്കും ഇതിലുള്ള റോൾ എന്താണ്?

ഈ കേസിൽ ഭീഷണി നേരിട്ട മറ്റൊരാൾ ഇ.കെ. വിഭാഗത്തിലെ യുവപ്രഭാഷകൻ കാസറഗോട്ടുകാരൻ തന്നെയായ ഖലീൽ ഹുദവി ആണ്. കുമ്പളയിലെ ഖാസി മുഹമ്മദ് മുസ്‌ലിയാർ മഖാം ഉറൂസിൽ (2018) നടത്തിയ പ്രഭാഷണത്തിൽ ചെമ്പരിക്ക ഖാസിയുടെ മരണത്തെക്കുറിച്ച് അൽപം ദീർഘമായി തന്നെ സംസാരിച്ചിരുന്നു ഖലീൽ ഹുദവി. അതിൽ അദ്ദേഹം ഊന്നിപ്പറഞ്ഞകാര്യം, സി.എം. ഉസ്‌താദിന്റെ ഘാതകരെ നിയമപാലകരും ഭരണകൂടവും സംരക്ഷിക്കുകയാണ് എന്നാണ്. ആ മരണം ആത്മഹത്യയാണ് എന്ന് ഉന്നത നേതൃത്വത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം പറയുന്നു. ഈ വിഷയത്തിൽ ആരോപണവിധേയരായ ചില ആളുകൾ നമ്മുടെ നാട്ടിലുണ്ട്, പലരുടെയും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട് എന്നും ഹുദവി കൂട്ടിച്ചേർക്കുന്നു. അവർ നിരപരാധികളെങ്കിൽ എന്തുകൊണ്ട് അക്കാര്യം പരസ്യമായി പറയാൻ മടിക്കുന്നു എന്ന ചോദ്യവും ഉയർത്തുന്നു.
ആ പ്രഭാഷണം ശ്രവിച്ചാലറിയാം, ഹുദവി സംസാരിച്ചത് കപ്പലിലെ കള്ളൻമാരെ കുറിച്ചാണ്. അവർക്കുമാത്രമേ സംഘടനയിലെ ഉന്നതനേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനാവൂ. അങ്ങനെയെങ്കിൽ അവരുടെ താല്പര്യം എന്താണ് എന്നന്വേഷിക്കപ്പെടേണ്ടതായിരുന്നില്ലേ? ആരോപണവിധേയർ ആരാണ് എന്ന് എല്ലാവർക്കുമറിയാമെന്ന് ഒരഭിമുഖത്തിൽ ഖലീൽ ഹുദവി പറയുന്നുമുണ്ട്. ആരോപണവിധേയരെ ചെമ്പരിക്ക ഖാസിയുടെ പ്രസ്‌ഥാനം എന്തുചെയ്‌തു എന്നന്വേഷിക്കുമ്പോഴാണ് അകത്ത് എന്തെല്ലാമോ ചീഞ്ഞുനാറുന്നുണ്ട് എന്ന് സംശയമുയരുന്നത്. അവരിപ്പോഴും അതേസംഘടനയിൽ ഉന്നതസ്ഥാനം വഹിക്കുന്നുണ്ട്. ഈ വിഷയം സംസാരിച്ച എല്ലാവർക്കും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞതും ഖലീൽ ഹുദവി തന്നെ. അതേക്കുറിച്ചൊന്നും സംഘടനാതലത്തിൽപോലും അന്വേഷണമുണ്ടായില്ല എന്നത് ഇത്തരം പ്രശ്നങ്ങളെ വളരെ ലാഘവത്തോടെയാണ് ഇ.കെ. വിഭാഗം കാണുന്നത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെമ്പരിക്ക ഖാസിയുടെ മരണത്തിൽ ഒരു പ്രത്യക്ഷ സമര പ്രഖ്യാപനത്തിന് ഒമ്പത് വർഷം കാത്തിരുന്നു ഇ.കെ. വിഭാഗം. നിർണായകമായ ഒമ്പത് വർഷങ്ങൾ പാഴാക്കി എന്നും പറയാം. സമരം കോഴിക്കോട്ടെ പ്രഖ്യാപനത്തിലൊതുങ്ങി എന്നതും മറന്നുകൂടാ.

പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ നേതാവിനെതിരെ വധഭീഷണി ഉണ്ടായ സാഹചര്യത്തിലെങ്കിലും ഉറക്കം വിട്ടെഴുന്നേൽക്കാൻ ഇ.കെ. വിഭാഗം തയാറാകണം. പൊലീസിൽ പരാതിപ്പെടില്ല എന്നാണ് ജിഫ്‌രി തങ്ങളുടെ നിലപാടെങ്കിലും, അദ്ദേഹത്തിന്റെ ജീവൻ കേരളത്തിന് വിലപ്പെട്ടതാണ് എന്ന ബോധ്യത്തോടെ നിശ്ചയദാർഢ്യമുള്ള തീരുമാനമെടുക്കാൻ മറ്റുനേതാക്കൾക്ക് കഴിയേണ്ടതാണ്.


Summary: പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ നേതാവിനെതിരെ വധഭീഷണി ഉണ്ടായ സാഹചര്യത്തിലെങ്കിലും ഉറക്കം വിട്ടെഴുന്നേൽക്കാൻ ഇ.കെ. വിഭാഗം തയാറാകണം. പൊലീസിൽ പരാതിപ്പെടില്ല എന്നാണ് ജിഫ്‌രി തങ്ങളുടെ നിലപാടെങ്കിലും, അദ്ദേഹത്തിന്റെ ജീവൻ കേരളത്തിന് വിലപ്പെട്ടതാണ് എന്ന ബോധ്യത്തോടെ നിശ്ചയദാർഢ്യമുള്ള തീരുമാനമെടുക്കാൻ മറ്റുനേതാക്കൾക്ക് കഴിയേണ്ടതാണ്.


Comments