മുസ്‌ലിം സ്ത്രീ മുന്നേറ്റത്തെ യൂനിഫോം സിവിൽകോഡ് വാദമായി മുദ്രകുത്തുന്നവരോട്

എകീകൃത സിവിൽ കോഡിനുവേണ്ടി ബി.ജെ.പി ഗവൺമെൻറ്​ നടത്തുന്ന നീക്കത്തിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ ചെറുത്തുനിൽപ്പ് സാധ്യമാവുക, വ്യക്തിനിയമ പരിഷ്‌കരണത്തിനായുള്ള ആവശ്യം അവർ കൂടി ഉയർത്തുമ്പോഴാണ്.

മുസ്​ലിം വ്യക്തിനിയമത്തിൽ കാലോചിത മാറ്റം അനിവാര്യമാണ് എന്ന് പ്രഖ്യാപിച്ച്​ മാർച്ച് 12 ന് കോഴിക്കോട് ടൗൺഹാളിൽ നടന്ന മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം സംസ്ഥാന കൺവെൻഷൻ ഏകീകൃത സിവിൽ കോഡിനു വേണ്ടിയുള്ള സംഘപരിവാർ പരിശ്രമങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന വാദം ചിലർ ഉയർത്തുന്നുണ്ട്. യഥാർഥത്തിൽ ആ സംഘപരിവാർ അജണ്ടയെ വഴിതിരിച്ചുവിടാനാണ് ഈ സമ്മേളനവും പിന്തുടർച്ചാവകാശ നിയമങ്ങൾ പരിഷ്‌കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യവും സഹായിക്കുക. അതിന് ഇന്ത്യയിലെ മുസ്​ലിം മത നേതാക്കളും സമൂഹവും പരിഷ്‌കരണത്തിന്റെ ആവശ്യം തിരിച്ചറിയുകയും ഇന്ത്യൻ മുസ്​ലിം പിന്തുടർച്ചാവകാശ നിയമം കാലികമായി പരിഷ്‌കരിക്കണമെന്ന് ഡിമാൻറ്​ ചെയ്യുകയുമാണ് വേണ്ടത്.

മതനേതൃത്വം കാണാതെ പോകുന്നത്​...

ഇന്ത്യൻ മുസ്​ലിം വ്യക്തിനിയമത്തിലെ ലിംഗവിവേചന വകുപ്പുകൾ ഒഴിവാക്കി അത് പരിഷ്‌കരിക്കപ്പെടാനും പിന്തുടർച്ചാവകാശ നിയമങ്ങളെ കൃത്യമായി നിർവചിച്ച്​ ക്രോഡീകരിക്കപ്പെടാനുമുള്ള പരിശ്രമത്തിലാണ് ഫോറം ഫോർ മുസ്​ലിം വിമൻ ജെൻഡർ ജസ്റ്റിസ്. ഭരണഘടനയിലെ 13 ,14, 21 വകുപ്പുകൾ അനുസരിച്ചും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനനുയോജ്യമായും, ഇന്ത്യ 1993 ൽ അംഗീകരിച്ച, സ്ത്രീകൾക്കെതിരായ എല്ലാ തരം വിവേചനങ്ങളെയും നിർമാർജനം ചെയ്യാനുള്ള 1979 ലെ ഐക്യരാഷട്രസഭാ പ്രഖ്യാപനത്തിൽ അധിഷ്ഠിതമായും, ഖുർആനിൽ പറയുന്ന തുല്യത, നീതി, വിവേകം, അനുതാപം, മാനുഷികത തുടങ്ങിയ മൂല്യങ്ങളെ പരിഗണിച്ചും ലിംഗനീതിയിലൂന്നിയ ഒരു പരിഷ്‌കരണം ഇന്ത്യൻ മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഫോറം അസന്നിഗ്ധമായി മുന്നോട്ടുവയ്ക്കുന്നത്.

മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം സംസ്ഥാന കൺവെൻഷനിൽ നിന്ന്
മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം സംസ്ഥാന കൺവെൻഷനിൽ നിന്ന്

അനീതി നിറഞ്ഞതും സ്ത്രീവിരുദ്ധവുമായ ആചാരങ്ങളെ പിന്തുടർന്നിരുന്ന ഹിന്ദു വ്യക്തി നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള നീക്കങ്ങൾക്കും സങ്കുചിത മതവാദികളായ ഹിന്ദുമഹാസഭാ നേതാക്കളിൽ നിന്നും, ദേശീയ പ്രസ്ഥാനത്തിന്റെ നായകരായിരുന്ന ഉന്നത വ്യക്തിത്വങ്ങളിൽ നിന്നു പോലും, ഏറെ വർഷങ്ങളിലെ എതിർപ്പ്​ നേരിടേണ്ടി വന്നിരുന്നു. ഹിന്ദു മതത്തിന്റെ അടിത്തറ ഇളക്കാനും വിശുദ്ധി നശിപ്പിക്കാനുമാണ് ഹിന്ദു കോഡ് ബില്ല് എന്നാണ് ഹിന്ദു മഹാസഭയും ഒരു വിഭാഗം ഹിന്ദു പൗരോഹിത്യവും അന്ന് വാദിച്ചത്. എങ്കിലും താരതമ്യേന മെച്ചപ്പെട്ട നിലയിൽ അത് ക്രോഡീകരിക്കാനും ഹിന്ദു കോഡ് നിയമം പാസാക്കാനും പാർലമെന്റിന് സാധിച്ചു.

നീണ്ടുനിന്ന നിയമ യുദ്ധത്തിലൂടെയാണെങ്കിലും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ലിംഗ നീതി കൊണ്ടുവരാനും സാധിച്ചു. ഈ നിലയിൽ തന്നെ ഇന്ത്യൻ മുസ്​ലിം പിന്തുടർച്ചാവകാശ നിയമവും പരിഷ്‌കരിക്കപ്പെടണം എന്നാണ് ഫോറം ഫോർ മുസ്​ലിം വിമൻസ് ജന്റർ ജസ്റ്റിസ് ആഗ്രഹിക്കുന്നത്. ഭർത്താവ് മരിച്ച പെൺമക്കൾ മാത്രമുള്ള മുസ്​ലിം സ്ത്രീകൾ, ഉപ്പ മരിച്ച സഹോദരങ്ങൾ ഇല്ലാത്ത പെൺമക്കൾ തുടങ്ങിയവർ പിന്തുടർച്ചാവകാശ നിയമത്തിന്റെ വിവേചനങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത് മതനേതൃത്വം എന്തുകൊണ്ടാണ് കാണാതെ പോകുന്നത്. ആണുങ്ങൾ മാത്രം കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം നിർവഹിച്ചാൽ മതിയെന്ന് ഖുർആനെ ഉദ്ധരിച്ച് പറയുന്നവർ, തൊഴിലെടുക്കുന്ന മുസ്​ലിം സ്ത്രീകൾ അവരുടെ വരുമാനം കുടുംബത്തിനുവേണ്ടി ചെലവാക്കാൻ പാടില്ലെന്ന് പറഞ്ഞാൽ (ചെലവാക്കിയാൽ ഇസ്​ലാം വിരുദ്ധമാകുമോ) അംഗീകരിക്കാൻ മുസ്​ലിം സമൂഹം തയ്യാറുണ്ടോ?.

മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം സംസ്ഥാന കൺവെൻഷനിൽ നിന്ന്
മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം സംസ്ഥാന കൺവെൻഷനിൽ നിന്ന്

ഏകീകൃത സിവിൽ കോഡ്​ എന്ന അപകടം

വ്യക്തി നിയമങ്ങൾ സമഗ്രമായി, ഭരണഘടനാ മൂല്യങ്ങളിലധിഷ്ഠിതമായി പരിഷ്‌കരിച്ച് ലിംഗ നീതി ഉറപ്പാക്കുകയാണെങ്കിൽ ഏകീകൃത സിവിൽ കോഡ് സംബന്ധമായ വാദങ്ങളെല്ലാം ഇന്നത്തെ ഘട്ടത്തിൽ അപ്രസക്തമാകും. ഇന്ത്യയിലെ സാംസ്‌കാരിക വൈവിധ്യങ്ങളെയും ബഹുത്വത്തെയും മതവൈവിധ്യങ്ങളെയും ജനാധിപത്യപരമായ മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന രീതിയിലുള്ള ഏകീകൃത സിവിൽ കോഡിനു വേണ്ടിയുള്ള വാദം ഇന്നത്തെ മൂർത്ത സാഹചര്യത്തിൽ അപകടകരമായിരിക്കും എന്ന തിരിച്ചറിവോടുകൂടി തന്നെയാണ് വ്യക്തി നിയമങ്ങളിലെ ലിംഗ നീതിക്ക് വേണ്ടിയുള്ള ഈ പ്രസ്ഥാനം മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ മുസ്​ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്തല്ലെന്ന് അവർ കൃത്യമായി തിരിച്ചറിയുന്നുണ്ട്.

സമൂഹത്തെ വർഗീയമായി വിഭജിക്കുകയും വൈവിധ്യങ്ങളെയും ബഹുത്വങ്ങളെയും തകർത്ത്​ ഏകശിലാ സാംസ്‌കാരിക ദേശീയതയിലേക്ക് ജനതകളെ ആട്ടിത്തെളിക്കുകയും ചെയ്യുന്ന സംഘപരിവാർ സാംസ്‌കാരിക നയങ്ങളുടെയും സംഘപരിവാര ഫാഷിസത്തിന്റെ അധികാര ആരോഹണത്തിന്റെയും പശ്ചാത്തലത്തിൽ എകീകൃത സിവിൽ കോഡിന് വേണ്ടി ബി.ജെ.പി ഗവൺമെൻറ്​ നടത്തുന്ന നീക്കത്തിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ ചെറുത്തുനിൽപ്പ് സാധ്യമാവുക വ്യക്തിനിയമ പരിഷ്‌കരണത്തിനായുള്ള ആവശ്യം അവർ കൂടി ഉയർത്തുമ്പോഴാണ്.

സിവിൽ നിയമങ്ങളുടെ പരിഷ്​കരണം

ഇസ്​ലാമിക ശരീഅഃ തികച്ചും ഖുർആനികമെന്നും അലംഘനീയമെന്നും കരുതുന്ന വിശ്വാസികളുടെ ആശങ്കയും മുസ്​ലിം വിമൻസ് ജെൻഡർ ജസ്റ്റിസ് ഫോറം തിരിച്ചറിയുന്നു. എങ്കിലും, കാലങ്ങളിലൂടെ, ദേശങ്ങളിലൂടെ ഇസ്​ലാമിക കർമശാസ്ത്ര നിയമങ്ങളുടെ സഞ്ചാരങ്ങളും അവയിൽ സ്വാഭാവികമായും വന്നു ചേർന്ന വൈവിധ്യങ്ങളും കർമശാസ്ത്ര ശാഖകളുടെ ഇടകലരലുകളും മുസ്​ലിം രാഷ്ട്രങ്ങളിലുൾപ്പെടെ കാലത്തിനും ദേശങ്ങൾക്കും അനുസരിച്ചുണ്ടായ പരിഷ്‌കരണങ്ങളും അവ മാറ്റങ്ങൾക്കു വിധേയമാക്കപ്പെട്ടവ തന്നെയെന്ന് ഉറപ്പിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും വിരൽ ചൂണ്ടുന്നത് ഏകശിലാരൂപമായ ഒരു ഇസ്​ലാമിക ശരിഅ: മതത്തിന്റെ അടിസ്ഥാന ശിലയായി നിലനിൽക്കുന്നില്ല എന്നു തന്നെയാണ്. വിവിധ ഇസ്​ലാമിക രാജ്യങ്ങളിൽ നിലനിൽക്കുന്ന സിവിൽ നിയമങ്ങൾ പോലും പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സിവിൽ നിയമ പരിഷ്‌കാരം ഖുറാനു നേരെയുള്ള കടന്നാക്രമണമല്ലെന്നാണ് അതൊക്കെ തെളിയിക്കുന്നത്.

ഇന്ത്യയിൽ ഇന്നു കണ്ടു വരുന്ന അത്യന്തം പ്രതിലോമപരമായ മുസ്​ലിം അന്യവൽക്കരണത്തെ പ്രതിരോധിക്കുന്നതിന് സമുദായത്തെ കാലത്തിനനുസരിച്ച് ജനാധിപത്യവൽക്കരിക്കേണ്ടതുണ്ട് . സമുദായ നേതൃത്വം അതിന് മുൻകൈയെടുക്കേണ്ട അവസരം കൂടിയാണിത്.

ഇന്ത്യൻ മുസ്​ലിം വ്യക്തിനിയമ-(ശരിഅ:) ആക്റ്റിലെ ലിംഗ വിവേചനപരമായ വകുപ്പുകൾ ഭരണഘടനാവിരുദ്ധമായി കണക്കിലെടുത്ത് സുപ്രീംകോടതിയിൽ നിലവിലുള്ള സ്‌പെഷ്യൽ ലീവ് പെറ്റീഷനിൽ (എസ് എൽ പി 9546/2016 ) മുസ്​ലിം സ്ത്രീകളുടെ അവകാശങ്ങളിലൂന്നി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സന്നദ്ധമാക്കാനുള്ള ബഹുജന പ്രതികരണങ്ങളാണ് ഇപ്പോൾ ഉയർന്നുവരേണ്ടത്.


Summary: എകീകൃത സിവിൽ കോഡിനുവേണ്ടി ബി.ജെ.പി ഗവൺമെൻറ്​ നടത്തുന്ന നീക്കത്തിനെതിരെയുള്ള ന്യൂനപക്ഷങ്ങളുടെ ഫലപ്രദമായ ചെറുത്തുനിൽപ്പ് സാധ്യമാവുക, വ്യക്തിനിയമ പരിഷ്‌കരണത്തിനായുള്ള ആവശ്യം അവർ കൂടി ഉയർത്തുമ്പോഴാണ്.


Comments