ഒരു സംഭവ കഥ പറയാം.
ഒരിടത്ത് പ്രാക്ടീസിങ് മുസ്ലിം ആയ ഒരു വക്കീൽ ദമ്പതികളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ചിട്ടപ്പെടുത്തിയ ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം വിശുദ്ധ ഖുർആനിന്റെ നൈതികതയുമായി കലഹിക്കുന്നുണ്ടെന്ന ഉത്തമ ബോധ്യത്താൽ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം ഇന്ത്യൻ പീനൽ കോഡിലെ സ്പെഷൽ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു. ഇവർക്ക് പെൺകുട്ടികൾ മാത്രമായതിനാൽ ഇവരുടെ കാലശേഷം സമ്പത്തിന്റെ വലിയൊരു ഭാഗം കുട്ടികൾക്ക് അവർ പെണ്ണായതിനാൽ മാത്രം നിഷേധിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് അവർ അത് ചെയ്തത്.
ശരീഅത്ത് നിയമത്തിലെ ഈ കുരുക്കിനെ മറികടക്കാൻ മാർഗ്ഗമന്വേഷിച്ച വക്കീൽ ദമ്പതികൾക്ക് അറിയാൻ കഴിഞ്ഞത് പെൺമക്കൾ മാത്രമുള്ള, നിലവിലെ ശരീഅത്ത് നിയമത്തിന് കാവലിരിക്കുന്ന ഒരു മഹാപണ്ഡിതൻ അദ്ദേഹത്തിന്റെ സ്വത്ത് വകകൾ സ്വസഹോദരങ്ങളിലേക്ക് എത്തിച്ചേരാതിരിക്കാൻ പെൺമക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തുവെന്നാണ്. കുടുംബത്തെയും മക്കളെയും സഹോദരങ്ങളെയും സ്‌നേഹിക്കുന്ന ആ ദമ്പതികൾ ഇതിലെ ന്യൂനത തിരിച്ചറിഞ്ഞു. കാരണം തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ തങ്ങളുടെ സ്വത്തുക്കളെല്ലാം കയ്യൊഴിഞ്ഞാൽ നാളെ തന്റെ പൊന്നുമക്കളിലാർക്കെങ്കിലുമോ പ്രിയ സഹോദരങ്ങൾക്കോ സാമ്പത്തിക പ്രശ്‌നം വന്നാൽ താനെങ്ങനെ അവരെ സഹായിക്കും? സ്വത്തിന്റെ ഉടമസ്ഥാവകാശം മക്കൾക്ക് കൈമാറുമ്പോൾ തന്റെ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകില്ലേ? ഈ വക ചിന്തകൾക്കൊടുവിലാണ് അവർ സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. ഇതുമൂലം അവർക്ക് കാര്യങ്ങൾ കുറെക്കൂടി ഫ്ലെക്സിബിളായി. ഇനി അവർക്ക് ശരിഅത്ത് നിയമമാണ് വേണ്ടതെങ്കിൽ അതും തെരഞ്ഞെടുക്കാം.
‘മനുഷ്യരേ, ഒരേ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു’-സ്ത്രീയും പുരുഷനും ഒരേ ദോശമാവിൽ നിന്നുണ്ടാക്കുന്ന ദോശയും ഇഡ്ഢലിയും ആണെന്നു മനസ്സിലാകുന്നു. ശരീരഭാഷയും ആത്മാവു തന്നെയും നീതിയായ ഒരു ഗ്രന്ഥത്തിൽ നിന്ന് സ്വാഭാവികമായും കേൾക്കേണ്ടത്. ‘നിങ്ങൾക്ക് വേദവും ത്രാസും ഇറക്കിത്തന്നിരിക്കുന്നു’ (വി: ഖു).
വേദനിയമങ്ങൾക്കൊപ്പം സഞ്ചരിക്കുമ്പോൾ നീതിയുടെ ത്രാസും കൂടെ കൂട്ടണമെന്നർത്ഥം. ഖുർആന്റെ സിംബൽ ആണ് ത്രാസ്. മുമ്പേ നടക്കേണ്ടതും ആത്യന്തികമായി വേണ്ടതും നീതിയാണ്. നിയമങ്ങൾ സൈൻ ബോർഡുകളാണ്. പുതിയ റോഡുകൾക്കനുസരിച്ച് സൈൻ ബോർഡുകൾ നവീകരിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ സിംഹാസനവും ചെങ്കോലും നഷ്ടപ്പെടുമെന്ന് കരുതുന്നവർ വിരണ്ടുപോകുന്നു.
എന്തുകൊണ്ടായിരിക്കും ഖുർആനിൽ ഒരധ്യായത്തിന് ‘സ്ത്രീ’ എന്ന് പേരിട്ടത്? മരണശയ്യയിൽ പോലും പ്രവാചകൻ സ്ത്രീകളെക്കുറിച്ച് ഉത്കണ്ഠാകുലനാകാൻ എന്തായിരിക്കും കാരണം? ചിന്തിക്കേണ്ടിയിരിക്കുന്നു. സൃഷ്ടികർമത്തിൽ പങ്കാളിയാകാൻ ദൈവം അവളെയാണ് തിരഞ്ഞെടുത്തത്, അഥവാ യോഗ്യത നേടിയത്.
പ്രധാനമായും നാം മനസ്സിലാക്കേണ്ടത്, പ്രവാചകൻമാർ കുറെ നിയമങ്ങൾ പഠിപ്പിക്കാൻ വന്നവരല്ല, വ്യവസ്ഥിതിയെ ക്രമപ്പെടുത്താൻ വന്നവരാണ് എന്നാണ്. അക്രമം കൊടികുത്തിവാണപ്പോൾ വ്യവസ്ഥിതിയെ ക്രമപ്പെടുത്താൻ ദുരിതക്കയങ്ങൾ താണ്ടിയവരാണ്. മനുഷ്യരെ വരിഞ്ഞുമുറുക്കിയ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് വർണ്ണത്തൂവലുകൾ തുന്നിപ്പിടിപ്പിച്ചവരാണവർ.
അപ്പോൾ സ്വാഭാവികമായും ചില ഖുർആനിക വചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നു. അത്തരം ചില വചനങ്ങളിലേക്ക് പോകാം:
‘പിതാവ് മരണപ്പെട്ടാൽ ഒരേ ഒരു മകൾ മാത്രമേ ഉള്ളൂ എങ്കിൽ പാതി സ്വത്തേ ലഭിക്കുകയുള്ളൂ.'
‘സ്ത്രീകളുടെ കൈകാര്യ കർത്താക്കളാണ് പുരുഷന്മാർ.’
‘പുരുഷന്റെ പകുതിയാണ് സ്ത്രീകൾക്ക് സ്വത്തവകാശം.’
പിതാമഹന്മാർ ജീവിച്ചിരിക്കെ മാതാപിതാക്കൾ മരിച്ച അനാഥർക്ക് പിതാവ് അവകാശിയാകേണ്ടിയിരുന്ന പൂർവിക സ്വത്ത് നിഷേധിക്കുകയും എന്നാൽ പിതാമഹന്മാർക്ക് അവരുടെ മരിച്ച മക്കളിലുള്ള അവകാശം നിലനില്ക്കുകയും ചെയ്യുന്നു. ഇതെല്ലാം കൂടി വരുമ്പോൾ അനാഥകൾ കൂടുതൽ അനാഥത്തത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്നു. അനാഥകൾക്കും അശരണർക്കും അടിച്ചമർത്തപ്പെട്ടവർക്കും നീതി നൽകേണ്ടതിനെക്കുറിച്ച് നിരന്തരം ഉണർത്തുന്ന ഒരു ഗ്രന്ഥത്തിൽ ഇതെങ്ങനെ സംഭവിക്കുന്നു? ഏഴുപതിനായിരം മലക്കുകൾ എഴുപതിനായിരം ചങ്ങലകളിൽ വലിച്ചിഴക്കപ്പെടുന്ന നരകം അവൾക്ക് സമ്മാനിക്കുന്നത് ഖുർആനാണോ? പരിശോധിക്കേണ്ടിയിരിക്കുന്നു.
സൂറ ‘അന്നിസാഅ്’- ൽ മക്കളില്ലാത്തവരുടെ (കലാല) വിധിയിൽ, മക്കളില്ലാത്തവരുടെ സമ്പത്തിൽ സഹോദരർ അവകാശികളാകുമെന്ന് പറയുന്നുണ്ട്. അതിലെ ‘വലദ്' എന്ന അറബി പദം ആൺപെൺ ഭേദമില്ലാതെ ഉപയോഗിക്കുന്നതാണ്. ഇവിടെ ആൺകുട്ടികളില്ലാത്തവരുടെ എന്ന് വ്യാജാർത്ഥം ഉപയോഗിച്ചതിലൂടെ പെൺകുട്ടികളുടെ അവകാശം നിഷേധിച്ച് അവളെ മാതാപിതാക്കൾ അവശേഷിപ്പിച്ച സ്വത്തിന്റെ പാതിയുടെ മാത്രം ഉടമസ്ഥകളാക്കുന്നു.
‘‘പുരുഷന്മാർ സ്ത്രീകളുടെ കൈകാര്യകർത്താവാകുന്നു: ഇവിടെ ‘ഖയ്യിം' എന്ന വാക്കിന്റെ ബഹുവചനമാണ് ‘ഖവ്വാം.’ ഖയ്യിം എന്നാൽ സെക്രട്ടറി എന്നും സഹായി എന്നുമാണ്. ഒരിക്കലും അധികാരവുമായി ബന്ധപ്പെടുത്തി പറയില്ല. ’’ (സി.എച്ച്. മുസ്തഫ മൗലവി).
‘ഭൂമിയെ ചുമക്കുന്നവൾ'ക്ക് വേണ്ടത് സഹായിയെയാണ്, യജമാനന്മാരെയല്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയമം ഖുർആൻ അംഗീകരിക്കുന്നില്ല. ‘സ്ത്രീയാകട്ടെ, പുരുഷനാകട്ടെ നിങ്ങളോട് യാതൊരനീതിയും കാണിക്കുന്നതല്ല.’ (വി:ഖു).
മറ്റൊന്ന്, സ്ത്രീകൾക്ക് മാതാപിതാക്കൾ അവശേഷിപ്പിച്ച സ്വത്തിന്റെ പുരുഷ ഓഹരിയുടെ പാതിയാണ് സ്ത്രീക്ക് കിട്ടുന്നത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിയമമാണ്. പുരുഷനും സ്ത്രീയും ഒരു പോലെ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഇന്നത്തെ അവസ്ഥയല്ല. മാത്രമല്ല, മഹർ സമ്പ്രദായം നടപ്പാക്കുക വഴി സ്ത്രീയെ അപേക്ഷിച്ച് കൂടുതൽ കായികബലമുള്ള പുരുഷനേക്കാൾ അവൾക്ക് അധിക പരിഗണന നൽകുന്നുണ്ട്. ഇസ്ലാമിക വീക്ഷണത്തിൽ വിവാഹം വിശുദ്ധ ഉടമ്പടിയാണ്. അതുപ്രകാരം പുരുഷൻ സ്ത്രീക്ക് അവൾ ആവശ്യപ്പെടുന്ന ധനമോ വീടോ സ്വത്തുവകകളോ എന്തുമാകട്ടെ മഹറായി നൽകി വേണം വിവാഹബന്ധത്തിലേർപ്പെടാൻ. അത് ഒരു വലിയ തുകയാണെന്ന് ഖുർആനിൽ നിന്ന് മനസ്സിലാകുന്നു. (വി.ഖു 8: 58 ) ‘ഇത് അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്, അത് സ്വത്തിന്റെ ഒരു കൂമ്പാരമാ യാലും.’ ഇന്നും അത് അറബ് രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിവരുന്നു.
സ്ത്രീക്കും പുരുഷനും ഒരുപോലെ സ്വത്ത് ഭാഗിച്ചു കൊടുത്താൽ പോരേ, എന്തിനീ മഹർ എന്ന് സ്വാഭാവികമായും ചിന്തിക്കാം. ഇവിടെ ശ്രദ്ധേയമായ കാര്യം, നിർധനനായ പിതാവിന്റെ മകളായാലും മഹർ സമ്പ്രദായമനുസരിച്ച് അവൾ വിവാഹിതയാകുന്നതിലൂടെ ഭേദപ്പെട്ട സമ്പത്തിനർഹയാകുന്നു. ഒരു വേള സഹോദരനും ഭർത്താവുപോലും സ്വത്തിനുടമയായിരിക്കില്ല.
കുഞ്ഞുങ്ങളുടെ കാര്യത്തിലില്ലാതെ പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ പുരുഷനാൽ സംരക്ഷിതയായ ഒരു കാലത്ത് പുരുഷനോടൊപ്പമോ അതിൽ കൂടുതലോ സ്വത്തിനർഹയായിരുന്നവൾക്ക്, പുരുഷനോടൊപ്പം എല്ലാ മേഖലയിലും പകലന്തിയോളവും അന്തിയും അർദ്ധരാത്രിയും കഴിഞ്ഞും പാതിയുറങ്ങിയവൾക്ക് എല്ലാം പാതി തന്നെ മതിയെന്ന് നിങ്ങൾ പറയുമ്പോൾ, അനാഥകളെ കൂടുതൽ അനാഥരാക്കുന്ന നിയമങ്ങൾ ഉദ്ധരിക്കുമ്പോൾ, ദയവായി ദൈവനാമം (ബിസ്മി) ഉപയോഗിക്കരുത്. കാരണം ദൈവം കാരുണ്യവാനും കരുണാനിധിയുമാണ്. നീതി കാണിക്കാത്ത നിയമങ്ങളെല്ലാം ക്രൂരമാണ്. അത് ദൈവത്തിനെ വ്യാജമാരോപിക്കലാണ്. അറിയുക, അതും ദൈവവും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസമുണ്ട്. അത് വലിയ ദൈവനിന്ദയാകും. വിശുദ്ധ ഗ്രന്ഥം കയ്യിൽ വച്ച് അവർ നീതിക്ക് വിശന്നത് ആരെയും അസ്വസ്ഥപ്പെടുത്തിയില്ല. അപ്പോഴും അവർ അനാഥകളെക്കുറിച്ചും നീതി നിഷേധിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന സ്ത്രീ പുരുഷന്മാരെക്കുറിച്ച് അവർക്ക് നീതി നൽകുന്നതിനെക്കുറിച്ച് ഈണത്തിൽ ഏതോ ഭാഷയിൽ വായിച്ചും മനഃപ്പാഠമാക്കിയും കൊണ്ടിരുന്നു. (വിവാഹത്തിന് കനത്ത സമ്പത്ത് വിവാഹ സമ്മാനമായി സ്വീകരിക്കുന്നത് വേറെ തന്നെ കാണേണ്ടതുണ്ട്). വേദങ്ങൾ വക്രീകരിച്ച് വിഷം വിളമ്പിയതിനാലാണ് പലരും മതനിഷേധികളായത്.
അനാഥകളെക്കുറിച്ച് താക്കീത് നൽകുന്ന ചില ഖുർആൻ വചനങ്ങൾ കാണുക:
"അനാഥർക്ക് നന്മ വരുത്തുന്നതെല്ലാം നല്ലതാണ്’ (അൽ ബക്കറ 220). "അനാഥകളുടെ സമ്പത്ത് അന്യായമായി ആഹരിക്കുന്നവൻ വയറിൽ തീയ്യാണ് നിറയ്ക്കുന്നത് ' (വി:ഖു 2:10).
"അനാഥർക്ക് വിവാഹപ്രായം എത്തുന്നതു വരെ നിങ്ങൾ പരിശീലനം നൽകുക. അങ്ങനെ അവർക്ക് പക്വത എത്തിയതായി നിങ്ങൾക്ക് മനസ്സിലായാൽ അവരുടെ സ്വത്തുക്കൾ നിങ്ങൾ അവർക്ക് കൈമാറുക. അവർ വലുതാകുന്നു എന്ന കാരണത്താൽ ധൃതി പിടിച്ച് ധൂർത്തടിച്ച് നിങ്ങൾ അനുഭവിച്ചേക്കരുത്. കൈകാര്യകർത്താവ് സമ്പന്നനാണെങ്കിൽ അവൻ അതിൽ നിന്ന് സ്വീകരിക്കാതെ അന്തസ്സ് കൈക്കൊള്ളട്ടെ. അതല്ല അയാൾ ദരിദ്രനാണെങ്കിൽ മാന്യമായത് അയാൾക്ക് അനുഭവിക്കാവുന്നതാണ്. സ്വത്തുക്കൾ അവർക്ക് കൈമാറുന്നതിനു സാക്ഷികളെ നിശ്ചയിക്കേണ്ടതാണ്.’
( വി:ഖു4:6).
ഇതിൽനിന്ന് മനസ്സിലാകുന്നത്, അനാഥപ്പെൺകുട്ടികൾ സ്വത്ത് കൈകാര്യം ചെയ്യാൻ അപ്രാപ്തരെങ്കിൽ അവരുടെ സംരക്ഷണച്ചുമതലയേൽക്കുന്നവർ (പിതൃസഹോദരങ്ങൾ എന്ന് ഖുർആനിൽ എവിടെയും പറയുന്നില്ല) അത്യാവശ്യമെങ്കിൽ അവരുടെ സ്വത്തിൽ നിന്നൊരു ഭാഗം അവർക്കുവേണ്ടി (അനാഥർക്ക്) ഉപയോഗപ്പെടുത്തുകയും പ്രായപൂർത്തിയെത്തിയാൽ അവരെ തിരിച്ചേൽപ്പിക്കേണ്ടതുമാണെന്നാണ്. ‘പെൺമക്കൾക്കുള്ള ഓഹരി കഴിഞ്ഞ് (പകുതിയോ മുന്നിൽ രണ്ടോ) പിതാവുണ്ടെങ്കിൽ അദ്ദേഹത്തിനുള്ള ആറിലൊന്നും കഴിച്ച് ബാക്കി വരുന്നത് ആ പെൺമക്കൾക്കുതന്നെ തിരിച്ചു നൽകണം. കർമശാസ്ത്രത്തിലെ സാങ്കേതിക ശബ്ദം റദ്ദ് എന്ന പദമാണ് ഇവിടെ പ്രയോയോഗിച്ചിരിക്കുന്നത്. തിരിച്ചുനൽകൽ എന്നർത്ഥം. (ഖുർആൻ അകം പൊരുൾ )ഓഹരിക്ക് അവകാശിയായി അടുത്ത ബന്ധുക്കളും അനാഥരും അഗതികളും അവിടെയുണ്ടെങ്കിൽ സ്വത്തിൽ നിന്ന് അവർക്ക് അധിക വിഭവങ്ങൾ നൽകുക, അവരോട് മാന്യമായി മാത്രം ഇടപെടുക.(അന്നിസാഅ:-ഖുർആൻ അകം പൊരുൾ) ഖുർആൻ അകം പൊരുൾ ഒഴികെ മറ്റു സാധാരണ പരിഭാഷകളിൽ സ്വത്ത് ഭാഗം വയ്ക്കുന്നിടത്ത് സാധുക്കളും അനാഥരുമായ ബന്ധുക്കൾ വന്നിട്ടുണ്ടെങ്കിൽ അവർക്ക് എന്തെങ്കിലുമൊക്കെ കൊടുക്കണമെന്ന് എഴുതിയിരിക്കുന്നു. ഇത് അനാഥകളും ദരിദ്രരുമായ അവകാശികൾക്ക് അധിക വിഭവം നൽകുന്നതിന് തടയിടാൻ വക്രീകരിച്ചതാകാനേ തരമുള്ളു.
പൂവിതളുകൾ പോലെ മനോഹരമായ കുറെ നിർദ്ദേശങ്ങൾ വേദം മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതനുസരിച്ച് നീതിയുടെ ത്രാസും ഉപയോഗിച്ച് മനോഹരമായ പുഷ്പങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്, ‘നിങ്ങളിൽ ഏറ്റവും മനോഹരമായ കർമം ചെയ്യുന്നതാരെന്നറിയാൻ' (വി:ഖു). ഒരാൾ ജീവിച്ചിരിക്കുമ്പോൾ പ്രാഥമികമായി അയാളുടെ സമ്പത്തും അദ്ധ്വാനവും ആർക്കുവേണ്ടിയാണോ ചെലവഴിക്കുന്നത് ആ ആൾ മരിച്ചാൽ തുടർന്നും അയാളുടെ സമ്പത്ത് വന്നു ചേരേണ്ടത് അതേ കൈകളിലേക്കുതന്നെയായിരിക്കണമെന്നത് നീതിയുടെ തേട്ടമാണ്. നീതിയുടെതാണെങ്കിൽ അത് ത്രാസ് സിംബലായ ഖുർആനിന്റേതു മാണ്. വേദത്തിന്റെ അടുത്ത് വെളിച്ചവുമായി പോകണം. ഇല്ലെങ്കിൽ ഗർത്തങ്ങളിൽ വീണുപോകും. ഇരുട്ടുകളുമായി പോയതിന്റെ തിക്തഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്നത്.
ശരീഅത്ത് നിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുക സാധ്യമാണോ? ഈ വിഷയത്തിൽ ഖുർആനിന്റെ നിലപാട് നോക്കാം. വേദങ്ങൾ മഹാകാവ്യങ്ങളാണ്. അതിൽ ധാരാളം മെറ്റഫറുകളും ഗൂഢാക്ഷര പ്രയോഗങ്ങളും ഉപമകളും ഒക്കെയുണ്ട്. അത് വരികൾക്കിടയിൽ വായിക്കേണ്ടതുണ്ട്. ഈ ഖുർആൻ വചനം നോക്കുക: ‘ഉത്തമവചനത്തിന് അല്ലാഹു നൽകിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ. അത് നല്ല ഒരു മരം പോലെയാണ്.അതിന്റെ വേരുകൾ ഭൂമിയിൽ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകൾ അന്തരീക്ഷത്തിൽ പടർന്നുപന്തലിച്ചിരിക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങൾക്ക് ഉപമകൾ വിശദീകരിച്ചു കൊടുക്കുന്നു അവർ ചിന്തിച്ചറിയാൻ.' (വി:ഖു 14:24,25).
ഇവിടെ ഉത്തമ വചനത്തിനെ, പടർന്നുപന്തലിച്ച് ആഴത്തിൽ വേരുകളുള്ള ഒരു വൃക്ഷത്തോടാണ് ഉപമിച്ചിരിക്കുന്നത്. നനവുള്ളിടത്തെല്ലാം വേരുകളെത്തി നീരൂറ്റിയെടുത്ത് പടർന്നുപന്തലിച്ചു കിടക്കുന്ന എണ്ണിയാലൊടുങ്ങാത്ത ഇലകളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന, അതിനെ കല്ലെറിയുന്ന ശത്രുക്കൾക്കുപോലും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തണലുനൽകുന്ന, അനേകമനേകം ജീവികളെ തീറ്റിപ്പോറ്റുന്ന മഹാവൃക്ഷത്തോട്. വൃക്ഷമാകുമ്പോൾ അതിന്റെ പൂക്കൾ ഒരുമിച്ച് വിരിയില്ല. ഇന്നേക്കുവേണ്ടത് മാത്രം ഇന്ന് വിരിയും. പല നാളുകളായി പുതുപുത്തൻ പുഷ്പങ്ങൾ സുഗന്ധമേകി വിരിഞ്ഞു നിൽക്കും. പുതുമയും മധുരവുമുള്ള പഴങ്ങൾ തിന്ന് കിളികൾ സംഗീതമാലപിക്കും. ദുർഗന്ധം വമിക്കുന്നവ തിന്നാൻ അപ്പോഴും കുറെ പുഴുക്കളുണ്ടാകും. (ചീഞ്ഞ് പുഴുത്ത് ദുർഗന്ധം വമിക്കുന്നവ തിന്നണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ചോയ്സ് ആണ്. വിരിയാത്ത മൊട്ടുകളെപ്പറ്റി വേവലാതി വേണ്ട. സമയമാകുമ്പോൾ അത് വിടരുക തന്നെ ചെയ്യും. ഇതുപോലെയാണ് വേദവചനങ്ങളും എന്നായിരിക്കില്ലേ ഈ ഖുർവചനം ഉദ്ദേശിക്കുന്നത്.(അല്ലെങ്കിൽ നിങ്ങൾ ചിന്തിച്ചറിയാൻ എന്ന് പറയുന്നത് എന്തിനായിരിക്കും. എല്ലാ കാലത്തും വേദത്തിലെ പുതുപുത്തൻ ഫലങ്ങൾ ആസ്വദിച്ച ജ്ഞാനികളായിരുന്നു ആദ്യ കാല ഖലീഫമാർ.
കട്ടവന്റെയും കട്ടവളുടെയും കൈവെട്ടുക എന്ന ഖുർആൻ വചനം ഖലീഫ ഉമർ വ്യാഖ്യാനിച്ചത് നോക്കുക: ‘കട്ടവന്റെറയും കട്ടവളുടെയും കൈകൾ മുറിച്ചു കളയുക. അവർ പ്രവർത്തിച്ചതിനുള്ള പ്രതിഫലമാണത്. എന്നാൽ അതിക്രമം ചെയ്ത ശേഷം പാശ്ചാത്തപിക്കുകയും നന്നാവുകയും ചെയ്താൽ അല്ലാഹു അവന്റെ പാശ്ചാത്താപം സ്വീകരിക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.' (അൽമാഇദ 38,39)'.
കട്ടവന്റെയും കട്ടവളുടെയും കൈവെട്ടുക എന്ന ഖുർആൻ വചനത്തോട്, നബിയുടെ സന്തത സഹചാരിയും ഒരു വലിയ സാമ്രാജ്യത്തിന്റെ ഉടമയുമായിരുന്ന ഖലീഫ ഉമർ പ്രതികരിച്ചത്, ഇവിടെ വെട്ടേണ്ടത് രാജാവിന്റെ കയ്യാണെന്നാണ്. (അതിനുള്ള സാഹചര്യമുണ്ടാക്കിയ ഖലീഫ ഉമറിന്റെ തന്നെ). കുറ്റവാളിയുടെ കഷ്ടപ്പാട് മാറ്റാനുള്ള ആശ്വാസ നടപടികൾ എടുത്തു കൊണ്ടായിരുന്നു ആ വചനത്തെ വ്യാഖ്യാനിച്ചത്. ഇവിടെ അദ്ദേഹം വിധി നടപ്പാക്കിയത് ഖുർആൻ ആശയങ്ങൾക്കനുസരിച്ചാണ്.
ഇതാ ചില ഖുർആൻ വചനങ്ങൾ:
‘ഈ മാർഗ്ഗദർശനങ്ങളെ മുറുകെപ്പിടിക്കുകയും അവയെ ഏറ്റവും നല്ല അർത്ഥത്തിൽ അനുധാവനം ചെയ്യാൻ സ്വജനത്തോട് ആജ്ഞാപിക്കുകയും ചെയ്യുക.' (അൽ അഅറാഫ്145). "നിങ്ങളിലാരാണ് ഏറ്റവും മനോഹരമായ കർമ്മങ്ങൾ ചെയ്യുന്നതെന്ന് പരീക്ഷിക്കുകയാണ്’.
‘ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും.’
വചനത്തെ ഏറ്റവും നല്ല അർത്ഥത്തിൽ അനുധാവനം ചെയ്യുക എന്നു ഖുർആനിൽ പറയുമ്പോൾ അത് മനസ്സാക്ഷിക്കനുസരിച്ച് എന്നാണെന്ന് മനസ്സിലാകുന്നു. ഒരിക്കൽ നബിയുടെ അടുത്ത് ഒരാൾ വന്ന് തെറ്റേത് ശരിയേത് എന്ന് എങ്ങനെ അറിയാൻ കഴിയും എന്നു ചോദിച്ചു. ‘നിന്റെ മനസ്സാക്ഷി ശരിയെന്നു പറഞ്ഞാൽ അത് ശരി, തെറ്റാണെന്നു പറഞ്ഞാൽ അതു തെറ്റ് ' എന്നായിരുന്നു നബിയുടെ പ്രതികരണം.
ഇത് ഖലീഫ ഉമറെന്ന ഭരണാധികാരിക്കുള്ള കടുത്ത പരീക്ഷണമായിരുന്നു.
ഇവിടെ ഖലീഫ ഉമറിന്റെ ഭാഗത്ത് രണ്ടു വഴികളുണ്ടായിരുന്നു. ഖുർആന്റെ അക്ഷരവായന നടത്തുകയായിരുന്നെങ്കിൽ കുറ്റവാളിയുടെ കൈകൾ വെട്ടി നിയമം നടപ്പാക്കാമായിരുന്നു. ഖുർആന്റെ ആത്മാവറിഞ്ഞവർക്ക്, കാരുണ്യവാനെ അറിഞ്ഞവർക്ക് വാചകന്റെ ശരിയായ അനുയായി ആകേണ്ടതുണ്ടായിരുന്നു. ദൈവത്തിന്റെ വർണം സ്വീകരിക്കേണ്ടതുണ്ടായിരുന്നു. മതം പുലരുന്നത് കാണാൻ വെമ്പുന്ന പൗരോഹിത്യത്തിന് സന്തോഷമാകുക കൈവെട്ടിയാലാണ്.
നിയമങ്ങൾ നൈതികതയുള്ളതാകണമെങ്കിൽ ജീവസ്സുറാതാകണം. ജീവനുണ്ടെങ്കിൽ അതൊരിക്കലും വേദപുസ്തകത്തിലുറങ്ങിക്കിടക്കില്ല. മതാധികാരികൾ ആഘോഷിക്കുന്നത് ജഢമായ വാക്കുകളെയാണ്. അതിനു ജീവൻ വെക്കാൻ അവർ അനുവദിക്കില്ല. ശരീഅത്ത് പരിഷ്‌ക്കരിക്കാതെ അതിന് കാവലിരിക്കുന്നവർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ്. (ശരീഅത്ത് എന്നു പറഞ്ഞാൽ നിയമം എന്നേ അർത്ഥമുള്ളു- സി.എച്ച്. മുസ്തഫ മൗലവി) ബ്രിട്ടീഷ് സർക്കാറിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട ശരീഅത്ത് ഖുർആനിലെ സ്ത്രീനിയമങ്ങളുമായി കലഹിക്കുന്നതായിരുന്നു എന്ന് നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നു. ഖുർ ആനിന്റെ അടിസ്ഥാനമൂല്യവുമായി ഒരു തരത്തിലും ഒത്തുപോകുന്നതല്ല. ഇത് തയ്യാറാക്കിയത് ഒരു മുസ്ലിം പണ്ഡിതൻ പോലുമായിരുന്നില്ല എന്ന് ശരീഅത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർ ഓർക്കണം.
ചിന്തിക്കാത്തവരെയും യുക്തി ഉപയോഗിക്കാത്തവരെയും ഏറ്റവും ശക്തമായ ഭാഷയിലാണ് ഖുർആൻ അപലപിച്ചിരിക്കുന്നത്. ‘ഗവേഷണം നടത്തി സത്യത്തിലെത്തിയാൽ രണ്ട് പുണ്യമുണ്ട്, തെറ്റായ നിഗമനത്തിലാണ് എത്തിച്ചേരുന്നതെങ്കിൽ പോലും ഒരു പുണ്യം അതിനുണ്ട്.' (മുഹമ്മദ് നബി- അകം പൊരുൾ).
വേദനിയമങ്ങൾ പലതും അസംസ്‌കൃത സാധനങ്ങൾ ആണ്. കാലാതിവർത്തിയാക്കണമെങ്കിൽ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ഒരു ദീർഘയാത്ര പോകുമ്പോൾ പാകപ്പെടുത്തിയ ഭക്ഷണം യാത്രയുടെ അവസാനം വരെ ഇരിക്കില്ല, കേടാകും. അതത് സമയത്ത് പാകപ്പെടുത്തിക്കഴിക്കാൻ ധാന്യങ്ങളും മറ്റുമാണ് കൂടെ കരുതുക. മതപൗരോഹിത്യം അനീതിപരമായി ഖുർആൻ വക്രീകരിച്ച് ഉണ്ടാക്കിയ നിയമങ്ങളുടെ കാവൽക്കാരാകുന്നതിന് മൊത്തം സമുദായമാണ് വില കൊടുക്കേണ്ടിവരുന്നത്. മുത്തലാക്ക് വിഷയത്തിൽ നാം കണ്ടതാണത്. മറ്റു മതക്കാർക്ക് വിവാഹമോചനക്കാര്യത്തിൽ സിവിൽ നിയമമായപ്പോൾ മുസ്ലിംകൾക്കുമാത്രം അതൊരു ക്രിമിനൽ നിയമായി. ഖുർആനിലെ സ്ത്രീസൗഹൃദ നിയമങ്ങൾ പുരുഷ സൗഹൃദമാക്കിയതിന്റെ അനന്തരഫലം. ഇനിയിപ്പോൾ ഷുക്കൂർ വക്കീലിനെ പിന്തുടർന്ന് സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം ചെയ്താൽ രക്ഷപ്പെടാം.
‘നിങ്ങൾ നേരിന്റെ വഴിയിൽ നിന്ന് വ്യതിചലിച്ചാൽ നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത അക്രമകാരികളായ ഭരണാധികാരികളെക്കൊണ്ട് പരീക്ഷിക്കും.’ (വി:ഖു)
നീതിയുടെയും കരുണയുടെയും ഉറവിടമാണ് ദൈവം. ഖുർആനിലെ ആദ്യ അദ്ധ്യായമായ ‘ഫാത്തിഹ’യിൽ തന്നെ കാരുണ്യത്തെ അതാവർത്തിച്ച് ആവർത്തിച്ച് പറയുന്നുണ്ട്. വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു, അതും പോരാതെ ഓരോ അദ്ധ്യായത്തിലും ശക്തമായി തന്നെ ആവർത്തിക്കുന്നു. അങ്ങനെ വരുമ്പോൾ മനുഷ്യനീതിക്കായി ഭരണകൂടം നിർമ്മിക്കുന്ന ഏതു മനോഹര നിയമവും ദൈവികമാണ്.
‘നിങ്ങൾക്ക് വരുന്ന ഏതൊരു നന്മയും അല്ലാഹുവിൽ നിന്നുള്ളതാണ്. തിന്മയോ അത് നിന്നിൽ നിന്നുള്ളതും' (വി:ഖു).
വല്ല മ്ലേച്ഛ വൃത്തിയും ചെയ്താൽ അവർ പറയുന്നു, ഞങ്ങളുടെ പിതാക്കന്മാർ അങ്ങനെ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കൽപ്പിച്ചതും അതാണ്. പറയുക, ‘മ്ലേച്ഛവൃത്തികൾ ചെയ്യാൻ അല്ലാഹു കൽപ്പിക്കുകയില്ല. നിങ്ങൾ അല്ലാഹുവിനെ വ്യാജം ആരോപിക്കുകയാണോ?' (വി :ഖു7:28). ഖലീഫ ഉമർ കട്ടവനെ അവന്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് പുനരധിവസിപ്പിച്ചത് അതിനിലാണ്.
നവ പൗരോഹിത്യം മറ്റു മതങ്ങളുടെ, സംഘടനകളുടെ, വ്യക്തികളുടെ എല്ലാം കുറവുകൾ അന്വേഷിച്ചും ആക്ഷേപിച്ചും അഴുക്ക് പിടിച്ച് കട്ടിയായിരിക്കുന്നു. ബെന്യാമിന്റെ ‘ആടുജീവിത' ത്തിലെ നായകനെപ്പോലെ വെള്ളം വീഴുമ്പോൾ പിടയുകയും ചൊറിയുകയുമാണ്. ചെറിയ വിമർശനങ്ങളെ പോലും ഉൾക്കൊള്ളാനാവുന്നില്ല. ചിന്തയുടെയും യുക്തിയുടെയും ഖബറിടങ്ങളാണ് മതാധികാരകേന്ദ്രങ്ങൾ. സഞ്ചരിക്കുന്ന ശ്മശാനങ്ങൾ. ശ്മശാനങ്ങളിൽ മനുഷ്യരെ കാണില്ല. മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന ആർത്തിപൂണ്ട രക്ത രക്ഷസ്സുകളാണവിടം. വെളിച്ചമാണെന്നു കരുതി സഹോദരിമാർ മഴപ്പാറ്റകളെപ്പോലെ ഓടിയണയണ്ട. ചിറകു കരിച്ച് താഴെയിടും.