മുസ്ലിം പ്രശ്നങ്ങളെ ഭയത്തോടെ അഭിമുഖീകരിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചറിവ് നൽകുന്നതായിരുന്നു സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ. ഈ പശ്ചാത്തലത്തിൽ എ.ഐ.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ അഡ്വൈസറി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ, മുസ്ലിം സ്വത്വവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയൊരു പ്രത്യയശാസ്ത്രപരമായ പുനഃക്രമീകരണത്തിന് വഴിവെച്ചിരിക്കുകയാണ്.
ന്യൂനപക്ഷ രാഷ്ട്രീയത്തെക്കുറിച്ചും സ്വത്വ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുമ്പോൾ 'മുസ്ലിം' എന്ന വാക്ക് ഉപയോഗിക്കാൻ മടിക്കരുതെന്നും, 'ന്യൂനപക്ഷം' എന്ന പൊതുസംജ്ഞയ്ക്കുപിന്നിൽ സമുദായത്തിന്റെ സവിശേഷമായ പ്രശ്നങ്ങളെ ഒളിച്ചുകടത്തരുതെന്നുമുള്ള രാഹുലിന്റെ വാക്കുകൾ കോൺഗ്രസിന്റെ പരമ്പരാഗത രാഷ്ട്രീയ സമീപനങ്ങളിൽ നിന്നുള്ള വ്യക്തമായ ചുവടുമാറ്റമാണ്. ഭൂരിപക്ഷ വോട്ട് ബാങ്ക് തകരുമെന്ന ഭയത്താൽ സ്വന്തം നിലപാടുകൾ ഒളിച്ചുവെച്ചിരുന്ന 'മൃദു ഹിന്ദുത്വ' പ്രതിരോധത്തിൽ നിന്ന് കോൺഗ്രസ് കൈവരിച്ച വൈകിയ തിരിച്ചറിവിന്റെ പ്രതിഫലനം കൂടിയാണിത്.
മുസ്ലിംകളെ കേവലം വോട്ട് ബാങ്കായോ പ്രീണനവസ്തുവായോ കാണാതെ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെയും അവകാശങ്ങളുടെയും പശ്ചാത്തലത്തിൽ അവരുടെ സ്വത്വത്തെ ധീരമായി അഭിസംബോധന ചെയ്യുകയാണ് വേണ്ടത്.
അദൃശ്യരാക്കപ്പെടുന്ന
ഇന്ത്യൻ മുസ്‍ലിം
കഴിഞ്ഞ ദശാബ്ദങ്ങളായി ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ച ഏറ്റവും ദൗർഭാഗ്യകരമായ പ്രവണത മുസ്ലിംകളുടെ 'രാഷ്ട്രീയ അദൃശ്യത' ആയിരുന്നു. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയത്തിന് മുന്നിൽ വോട്ട് ചോർച്ച ഭയന്ന് മതേതര കക്ഷികൾ പലരും മുസ്ലിം സ്ഥാനാർത്ഥികളുടെ എണ്ണം കുറയ്ക്കുകയും, മുസ്ലിം റാലികളിൽ നിന്നും അവരുടെ സവിശേഷമായ അവകാശവാദങ്ങളിൽ നിന്നും ബോധപൂർവ്വം അകലം പാലിക്കുകയും ചെയ്തു. മുസ്ലിംകളെ പിന്തുണയ്ക്കുന്നത് ഭൂരിപക്ഷ വോട്ടർമാരെ അകറ്റുമെന്ന അപകർഷതാബോധം മതേതര കക്ഷികളെ ഗ്രസിച്ചു.
ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെയും യു.പി.എ മുന്നണിയുടെയും അണിയറയിലെ ചാണക്യനായിരുന്നിട്ടും, ഗുജറാത്ത് രാഷ്ട്രീയത്തിലെ ഹൈപ്പർ- പോളറൈസേഷൻ കാരണം കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് പലപ്പോഴും പൊതുവേദികളിൽനിന്ന് മാറിനിൽക്കേണ്ടിവന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ബി.ജെ.പി അദ്ദേഹത്തെ 'അഹമ്മദ് മിയാൻ' എന്ന് വിളിച്ച് വോട്ട് ധ്രുവീകരണത്തിന് ശ്രമിച്ചപ്പോൾ കോൺഗ്രസ് പ്രതിരോധത്തിലായി. സമുദായത്തെ അധികാരത്തിന്റെ അണിയറകളിൽ തന്ത്രങ്ങൾ മെനയാൻ ഉപയോഗിക്കുകയും, എന്നാൽ പൊതുവേദികളിൽ അവരുടെ സ്വത്വം പ്രകടിപ്പിക്കുന്നത് ഭയപ്പെടുകയും ചെയ്ത ഈ ഇരട്ടത്താപ്പാണ് ന്യൂനപക്ഷങ്ങളെ മതേതര കക്ഷികളിൽ നിന്ന് അകറ്റിയത്.

മഹാരാഷ്ട്രയിലെ ആദ്യത്തെ മുസ്ലിം മുഖ്യമന്ത്രിയായിരുന്ന എ.ആർ. ആന്തുലെയുടെ രാഷ്ട്രീയജീവിതവും ഈ അദൃശ്യനാക്കലിന്റെയും തഴയപ്പെടലിന്റെയും മറ്റൊരു മുഖമാണ്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്നിട്ടും, മഹാരാഷ്ട്രയിലെ മറാഠാ ലോബിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോൺഗ്രസ് അദ്ദേഹത്തെ പിൽക്കാലത്ത് രാഷ്ട്രീയമായി ഒതുക്കുകയായിരുന്നു. ഒന്നാം യു.പി.എ സർക്കാരിൽ ആദ്യത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായെങ്കിലും, സ്വന്തം സ്വത്വവും വിയോജിപ്പുകളും പ്രകടിപ്പിച്ചപ്പോൾ പാർട്ടി അദ്ദേഹത്തെ പൂർണ്ണമായി കൈവിട്ടു.
മൗലാനാ അബുൽ കലാം ആസാദിന്റെ കൊച്ചുമകളായ നജ്മ ഹിബത്തുള്ളയെപ്പോലുള്ള പ്രമുഖ വനിതാ ന്യൂനപക്ഷ മുഖങ്ങൾക്ക് പിൽക്കാലത്ത് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരേണ്ടിവന്നതും പാർട്ടിക്കുള്ളിലെ ഈ ആശയവിനിമയ തകർച്ചയുടെയും അവഗണനയുടെയും ഫലമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കർണാടകയിൽ സി.കെ. ജാഫർ ഷെരീഫിനെപ്പോലുള്ള ജനകീയരായ മുസ്ലിം നേതാക്കളെ പ്രാദേശിക ജാതി സമവാക്യങ്ങൾക്ക് വേണ്ടി കോൺഗ്രസ് ബലികഴിച്ചതും ഈ തകർച്ചയുടെ ആക്കം കൂട്ടി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസിന്റെ അധികാരത്തുടർച്ചയുടെ പ്രധാന അടിത്തറയായിരുന്നു മുസ്ലിം വോട്ടുകൾ. എന്നാൽ ചരിത്രപരമായ ചില വീഴ്ചകളും നിലപാടില്ലായ്മകളും അവരെ കോൺഗ്രസിൽ നിന്ന് അകറ്റി.
ചരിത്രപരമായ വീഴ്ചകൾ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസിന്റെ അധികാരത്തുടർച്ചയുടെ പ്രധാന അടിത്തറയായിരുന്നു മുസ്ലിം വോട്ടുകൾ. എന്നാൽ ചരിത്രപരമായ ചില വീഴ്ചകളും നിലപാടില്ലായ്മകളും അവരെ കോൺഗ്രസിൽ നിന്ന് അകറ്റി. 1985-ലെ ഷാ ബാനു കേസിൽ സുപ്രീം കോടതി വിധിയെ മറികടക്കാൻ രാജീവ് ഗാന്ധി സർക്കാർ നടത്തിയ നിയമനിർമ്മാണം യാഥാസ്ഥിതിക മുസ്ലിം നേതൃത്വത്തിന് മുന്നിലുള്ള കീഴടങ്ങലായി ചിത്രീകരിക്കപ്പെടുകയും, ഇത് കോൺഗ്രസിന് 'പ്രീണന രാഷ്ട്രീയം' എന്ന ലേബൽ നൽകാൻ ബി.ജെ.പിക്ക് ആയുധമാവുകയും ചെയ്തു. ഇതിന് പകരമെന്നോണം 1986-ൽ ബാബ്‌റി മസ്ജിദിന്റെ പൂട്ടുകൾ തുറന്നു കൊടുത്തതും, പിന്നീട് 1992-ൽ മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സർക്കാരിന്റെ നിഷ്ക്രിയത്വവും മുസ്ലിം സമൂഹത്തിന് കോൺഗ്രസിലുണ്ടായിരുന്ന വിശ്വാസം പൂർണ്ണമായി തകർത്തു.
രാഷ്ട്രീയമായ സുരക്ഷ ഒട്ടൊക്കെ വാഗ്ദാനം ചെയ്‌തെങ്കിലും സാമൂഹിക, സാമ്പത്തിക പുരോഗതി ന്യൂനപക്ഷങ്ങൾക്ക് നൽകാൻ മതേതര കക്ഷികൾക്കായില്ല. 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഇന്ത്യയിലെ മുസ്ലിംകളുടെ അവസ്ഥ പലയിടത്തും ദളിതരേക്കാൾ പിന്നിലാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം രാജ്യം അറിഞ്ഞത്. സർക്കാർ ജോലികളിലെ പ്രാതിനിധ്യം, ഉന്നത വിദ്യാഭ്യാസം, ബാങ്ക് വായ്പകൾ തുടങ്ങിയവയിലെല്ലാം മുസ്ലിംകൾ ക്രൂരമായി അവഗണിക്കപ്പെട്ടു. സുരക്ഷയും വികസനവും നൽകാതെ വെറുമൊരു വോട്ട് ബാങ്കായി മാത്രം നിലനിർത്തുന്ന ഈ ശൈലി പുതിയ തലമുറയിലെ മുസ്ലിം ചെറുപ്പക്കാരിൽ വലിയ നിരാശയാണുണ്ടാക്കിയത്.

സംസ്ഥാനങ്ങളിലെ
രാഷ്ട്രീയ മാറ്റങ്ങൾ
മുസ്ലിം ജനസംഖ്യ കൂടുതലുള്ളതും കോൺഗ്രസിന്റെ പരമ്പരാഗത കോട്ടകളായിരുന്നതുമായ വലിയ സംസ്ഥാനങ്ങളിൽ സംഭവിച്ച വോട്ട് ചോർച്ച കേവലം രാഷ്ട്രീയമായ അകൽച്ചയല്ല, മറിച്ച് വലിയൊരു പ്രത്യയശാസ്ത്രപരമായ പതനമായിരുന്നു. ഈ പ്രവണത
സ്ഥിതിവിവരക്കണക്കുകൾ വെച്ച് പരിശോധിക്കാം.
20 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള യു.പിയിൽ 1980-കൾ വരെ കോൺഗ്രസിനെ താങ്ങിനിർത്തിയത് 'ബ്രാഹ്മണ- ദലിത്- മുസ്ലിം' (BDM) സഖ്യമായിരുന്നു. എന്നാൽ ബാബ്‌റി മസ്ജിദ് പതനത്തിന് ശേഷം മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലേക്കും (SP) മായാവതിയുടെ ബി.എസ്.പിയിലേക്കും (BSP) മാറി. 1980-കളിൽ യു.പിയിൽ 40 ശതമാനത്തിലധികം വോട്ട് ഷെയർ ഉണ്ടായിരുന്ന കോൺഗ്രസ്, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വെറും 2.33% വോട്ട് ഷെയറിലേക്ക് തകർന്നുവീഴാൻ കാരണം ഈ വോട്ട് ചോർച്ചയാണ്. സൽമാൻ ഖുർഷിദിനെപ്പോലുള്ള ഉന്നത നേതാക്കൾക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ വോട്ട് നിലനിർത്താനാകാത്ത വിധം കോൺഗ്രസിന്റെ അടിത്തറ ഇവിടെ തകർന്നു.
ബിഹാറിലെ 17% വരുന്ന മുസ്ലിംകൾ കോൺഗ്രസിന്റെ ഉറച്ച വോട്ടർമാരായിരുന്നു. എന്നാൽ 1989-ലുണ്ടായ ഭീകരമായ ഭാഗൽപൂർ വർഗീയ കലാപം തടയുന്നതിൽ അന്നത്തെ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതോടെ സമുദായം കോൺഗ്രസിനെ പൂർണ്ണമായി ഉപേക്ഷിച്ചു. 1985-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 46 ശതമാനം വോട്ടും 196 സീറ്റും നേടിയ കോൺഗ്രസ്, 1990-ൽ 71 സീറ്റിലേക്ക് ചുരുങ്ങി. ഈ വിടവിലൂടെയാണ് ലാലു പ്രസാദ് യാദവ് 'MY' (മുസ്‌ലിം-യാദവ്) സഖ്യം രൂപീകരിച്ച് ആർ.ജെ.ഡി എന്ന പ്രാദേശിക ശക്തിയെ അധികാരത്തിലേറ്റിയത്. താരിഖ് അൻവറിനെപ്പോലുള്ള നേതാക്കൾക്ക് പാർട്ടിയുടെ ഈ പാളിച്ചകൾ കാരണം കോൺഗ്രസ് വിടേണ്ടി വന്നു. ഇന്ന് ബിഹാറിൽ കോൺഗ്രസ് ആർ.ജെ.ഡിയുടെ ജൂനിയർ പാർട്ണർ മാത്രമാണ്.

27 ശതമാനത്തിലധികം വരുന്ന മുസ്ലിം ജനസംഖ്യയുള്ള ബംഗാളിൽ, മാൽഡ, മുർഷിദാബാദ് തുടങ്ങിയ ജില്ലകൾ കോൺഗ്രസിന്റെ ശക്തമായ കോട്ടകളായിരുന്നു. എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലൂടെ തങ്ങളുടെ പിന്നാക്കാവസ്ഥ തിരിച്ചറിഞ്ഞ മുസ്ലിംകൾ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും ഉപേക്ഷിച്ചു. ഇത് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് (TMC) അനുകൂലമായ രാഷ്ട്രീയ കാറ്റായി മാറി. തൽഫലമായി, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബംഗാളിൽ ഒരു സീറ്റ് പോലും ലഭിച്ചില്ല (0 സീറ്റ്), വോട്ട് ഷെയർ വെറും 3 ശതമാനമായി ചുരുങ്ങി. 2026 ൽ 2 രണ്ട് സീറ്റാണ് കോൺഗ്രസിന് നേടാനായത്. ഈ രണ്ട് സീറ്റും നേടിയത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മുർഷിദാബാദിൽ നിന്ന് മൽസരിച്ച രണ്ട് മുസ്ലിം സ്ഥാനാർത്ഥികളാണു എന്നതും ശ്രദ്ധേയമാണ്.
അസമിലേക്ക് വന്നാൽ, 34 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള അസാമിൽ പൗരത്വ പ്രതിസന്ധിയിലും (NRC) വിദേശി വിരുദ്ധ പ്രക്ഷോഭങ്ങളിലും സ്വന്തം വോട്ടർമാരെ സംരക്ഷിക്കാൻ കോൺഗ്രസിന് വ്യക്തമായ നയങ്ങളില്ലാതെ വന്നപ്പോഴാണ് ബദ്‌റുദ്ദീൻ അജ്മലിന്റെ AIUDF പോലുള്ള പാർട്ടികളിലേക്ക് മുസ്ലിം വോട്ടുകൾ കേന്ദ്രീകരിച്ചത്. ഇത് മതേതര വോട്ടുകൾ ഭിന്നിക്കാനും ബി.ജെ.പിക്ക് തുടർച്ചയായി അധികാരം പിടിക്കാനും വഴിയൊരുക്കി.
സ്വത്വരാഷ്ട്രീയ
പരീക്ഷണങ്ങൾ
ദേശീയകക്ഷികളിൽ നിന്നേറ്റ ഇത്തരം തഴയപ്പെടലുകളുടെയും നിരാശയുടെയും പരിണതഫലമായാണ് മുസ്ലിംകൾ തങ്ങളുടെ സ്വത്വത്തെ അടിസ്ഥാനമാക്കി സംഘടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഇത്തരമൊരു സ്വത്വാധിഷ്ഠിത രാഷ്ട്രീയ മുന്നേറ്റത്തിന് ഏറ്റവും മികച്ച മാതൃകയായി കേരളത്തിലെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) നിലവിലുണ്ടായിരുന്നു. ഒരു മതാധിഷ്ഠിത രാഷ്ട്രീയകക്ഷി എന്നതിനപ്പുറം, ജനാധിപത്യ- മതേതര ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഒരു സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്ന 'ബെർഗൈനിംഗ് രാഷ്ട്രീയം' ആണ് ലീഗ് കാഴ്ചവെച്ചത്.

കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിയിലെ നിർണ്ണായക ശക്തിയായി മാറാനും, വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത് ഭരണപങ്കാളിത്തം ഉറപ്പാക്കാനും ലീഗിന് കഴിഞ്ഞു. മലബാർ മേഖലയുടെ വിദ്യാഭ്യാസ- സാമൂഹിക പുരോഗതിക്കും സമുദായത്തിന് മുഖ്യധാരയിൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാനും ഈ ജനാധിപത്യപരമായ സംഘാടനം സഹായിച്ചു. ഈ മാതൃകയുടെ വിജയമാണ് തമിഴ്‌നാട്ടിലും മുസ്ലിം ലീഗിനെ മന്ത്രിസഭയിലെത്തിച്ചത്.
ജനാധിപത്യപരമായി സംഘടിച്ച് അവകാശങ്ങൾ നേടാം എന്ന് ബോധ്യപ്പെടുത്തുന്നതിലൂടെ ന്യൂനപക്ഷ യുവാക്കൾ തീവ്ര നിലപാടുകളിലേക്ക് പോകുന്നത് തടയാൻ ലീഗ് പോലുള്ള പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വലിയൊരു നേട്ടമാണ്. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അസദുദ്ദീൻ ഒവൈസിയുടെ AIMIM ഇത്തരം സ്വത്വരാഷ്ട്രീയശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തീവ്രമായ വർഗീയ ധ്രുവീകരണവും സാമൂഹിക പിന്നാക്കാവസ്ഥയും കാരണം കേരള മോഡൽ അതേപടി അവിടെ വിജയിപ്പിക്കുക എളുപ്പമല്ല. പലപ്പോഴും അത് വിപരീത ഫലം ചെയ്തു എന്നതും വാസ്തവമാണ്.
മുസ്ലിം എന്ന വാക്കോ അവരുടെ പ്രശ്നങ്ങളോ ഉന്നയിക്കുന്നത് വർഗീയ രാഷ്ട്രീയമല്ല, മറിച്ച് ഭരണഘടനാപരമായ അവകാശമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
മതേതര ചട്ടക്കൂടിലെ
'സ്വത്വ രാഷ്ട്രീയം’
സ്വത്വാടിസ്ഥാനത്തിലുള്ള സംഘാടനം വലിയ നേട്ടങ്ങൾ ഉണ്ടാക്കുമ്പോഴും, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുചിത്രത്തിൽ അത് വലിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ന്യൂനപക്ഷങ്ങൾ സ്വന്തം പേരിൽ മാത്രം സംഘടിക്കുമ്പോൾ, അത് ഭൂരിപക്ഷ സമുദായത്തിൽ എളുപ്പത്തിൽ ഭയമോ വിയോജിപ്പോ ഉണ്ടാക്കാൻ തീവ്ര വലതുപക്ഷ കക്ഷികൾക്ക് സാധിക്കുന്നു. "ന്യൂനപക്ഷങ്ങൾ ഒന്നിക്കുന്നു, അതിനാൽ ഭൂരിപക്ഷവും ഒന്നിക്കണം" എന്ന രീതിയിൽ തീവ്ര ഹിന്ദുത്വ ധ്രുവീകരണത്തിന് ഇത് പലപ്പോഴും രാഷ്ട്രീയ ഇന്ധനമായി മാറുന്നു. കൂടാതെ, മതേതര വോട്ടുകൾ പലതായി ഭിന്നിച്ചു പോവുകയും അത് ആത്യന്തികമായി ഫാസിസ്റ്റ് ശക്തികളുടെ വിജയത്തിന് കാരണമാവുകയും ചെയ്യുന്നു എന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

ഇവിടെയാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രത്തിന്റെ പ്രസക്തി. മുസ്ലിംകൾ തങ്ങളുടെ അവകാശങ്ങൾക്കായി മതേതര കക്ഷികളിൽനിന്ന് മാറി പുതിയ പാർട്ടികൾ ഉണ്ടാക്കുന്നത് തടയണമെങ്കിൽ, കോൺഗ്രസ് എന്ന വലിയ മതേതര പ്ലാറ്റ്‌ഫോമിനുള്ളിൽ നിന്നുകൊണ്ട് തന്നെ മുസ്ലിംകളുടെ സ്വത്വത്തെയും അവകാശങ്ങളെയും കുറിച്ച് പേരെടുത്തു സംസാരിക്കാൻ മതേതരത്വം അവകാശപ്പെടുന്ന പാർട്ടികൾ തയ്യാറാകണം. മുസ്ലിം എന്ന വാക്കോ അവരുടെ പ്രശ്നങ്ങളോ ഉന്നയിക്കുന്നത് വർഗീയ രാഷ്ട്രീയമല്ല, മറിച്ച് ഭരണഘടനാപരമായ അവകാശമാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
മുസ്ലിംകളെ കേവലം ഒരു വോട്ട് ബാങ്കായോ പ്രീണന വസ്തുവായോ കാണാതെ, ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെയും അവകാശങ്ങളുടെയും പശ്ചാത്തലത്തിൽ അവരുടെ സ്വത്വത്തെ ധീരമായി അഭിസംബോധന ചെയ്യുകയാണ് വേണ്ടത്. ഭയമില്ലാത്ത ഇത്തരം തുറന്നുപറച്ചിലുകളിലൂടെയും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ഇന്ത്യൻ മുസ്ലിമിനെ ജനാധിപത്യത്തിന്റെ മുഖ്യധാരയിൽ നിർത്താനും, ഒപ്പം രാജ്യത്തിന്റെ മതേതര ചട്ടക്കൂടിനെ കൂടുതൽ ശക്തമായി സംരക്ഷിക്കാനും സാധിക്കുകയുള്ളൂ. അതിനായുള്ള കോൺഗ്രസിന്റെ ഈ വൈകിയ തിരിച്ചറിവ് പ്രായോഗിക രാഷ്ട്രീയത്തിൽ എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
