റാഷിദ നസ്രിയ

ഉറക്കമില്ല, ട്രോമയിലും ഡിപ്രഷനിലും വേവുന്ന
​ഒരു മുസ്​ലിം പെൺകുട്ടിയാണ്​ ഞാൻ

ഉള്ളിൽ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളർത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവിൽ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാൻ. വിദ്വേഷത്തിന്റെയും വേട്ടയാടലുകളുടെയും സംഘർഷഭൂമിയിൽനിന്ന്​ ഒരു മുസ്​ലിം പെൺകുട്ടി എഴുതുന്നു.

സ്വപ്നങ്ങളുടെ തടവറയിൽനിന്ന് പുറത്തുചാടാൻ കഴിയാതെ, ജീവിതം മുഴുവൻ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാൽ വേട്ടയാടപ്പെടുന്ന ഒരു ജീവിതം ജീവിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളുടെ തുടർച്ച, വിഷാദം എന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്ന അവസ്ഥ. വ്യക്തിയുടെ സ്വകാര്യമായ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥങ്ങളുണ്ടാക്കുന്ന സന്ദർഭങ്ങളുണ്ട്. ഒരിക്കൽ, ഏതോ ഒരു അർദ്ധരാത്രി ഞാൻ ഒരു ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. സ്വപ്നം ഇങ്ങനെയായിരുന്നു: ഇന്ത്യൻ ഭരണകൂടം ഇന്ത്യയിലെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.
യുദ്ധം തുടങ്ങുന്നു. മരിച്ചുവീഴുന്ന ആയിരങ്ങൾക്കിടയിലൂടെ ഞാനൊരു കുഞ്ഞിനെയുമെടുത്ത് പ്രാണരക്ഷാർത്ഥം ഓടുന്നു. ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ ആദ്യമായിട്ടൊന്നുമല്ല കാണുന്നത്. എന്നാൽ അന്ന് ഞാൻ കണ്ട ദുഃസ്വപ്നം ഒരു രാജ്യത്ത് സമാധാനം പുലർത്താൻ ഉത്തരവാദിത്വപ്പെട്ട ഭരണകൂടം എനിക്ക് സമ്മാനിച്ചതാണെന്ന് ഓർത്തപ്പോൾ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. സമാനാധാനത്തോടെ ജീവിക്കേണ്ട എത്ര ജീവിതങ്ങളെയാണ് രാജ്യത്തെ ഭരണകൂടം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത് എന്നോർത്തു.

ജനാധിപത്യവും മതേതരത്വവും ഒക്കെ പതിയെ നഷ്ടപ്പെടാൻ തുടങ്ങിയെന്ന ഭയം ഉണ്ടായിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചശേഷമാണ് ജീവൻ തന്നെ പോകുമെന്ന ഭയം തുടങ്ങിയത്.

മനുഷ്യന്റെ അബോധത്തിൽ കയറിക്കൂടിയ ചില ഭയങ്ങൾ പിന്നീട് സ്വപ്നങ്ങളായി നമ്മളെ ഭയപ്പെടുത്തുമെന്ന് എവിടെയോ വായിച്ചതോർക്കുന്നു. എന്റെ സ്വപ്നങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. രാജ്യത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ പലതരം കഥകളായി ഓരോ സന്ദർഭങ്ങളിൽ സ്വപ്നങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങി എന്നതായിരുന്നു വാസ്തവം. സ്വന്തം രാജ്യത്ത് അന്യവൽക്കരിക്കപ്പെടുന്നു എന്ന തോന്നൽ എന്നിലെ ഭയം വർദ്ധിപ്പിച്ചു. ഇടക്ക് സ്വപ്നങ്ങളിൽ പട്ടാളക്കാർ വന്നുപോയി. ഒരു രാത്രി ഉറങ്ങാൻ കിടന്ന ഞാൻ ഒരു ഭീകരസ്വപ്നം കണ്ട് ഞെട്ടിയുണർന്നു.

രണ്ടാമത്തെ സ്വപ്നം ഇങ്ങനെയായിരുന്നു: ഞാൻ വീട്ടിൽ വളരെ ആഹ്ലാദത്തോടെ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളെല്ലാവരും പൊട്ടിച്ചിരിക്കുന്നുണ്ട്. ഉപ്പയും ഉമ്മയും ഇത്താത്തമാരും ഒരു ഒത്തുചേരലെന്നപോലെ വീട്ടിലുണ്ട്. വീടാകെ അലങ്കരിച്ചിട്ടുണ്ട്. ഞാൻ അതീവ സന്തോഷവതിയാണ്. പെട്ടെന്നാണ് കുറെ പട്ടാളക്കാർ വീട് വളയുന്നത്. ചില പട്ടാളക്കാർ വീടിനകത്ത് കയറുന്നു. ഞങ്ങളെയെല്ലാവരെയും നിരനിരയായി നിർത്തുന്നു. കുട്ടികൾ കരയാൻ തുടങ്ങി. പെട്ടെന്ന് അവരിലൊരാൾ കയ്യിലെ തോക്കെടുത്ത് എന്നെ മുട്ടിനുതാഴെ വെടിവെച്ചു. വേദനകൊണ്ട് പുളയുന്നതിനിടയിൽ ഞാൻ ആ പട്ടാളക്കാരനോട് എന്തിനെന്നെ വെടിവെച്ചു എന്നുചോദിച്ചു. അയാൾ അൽപം സിനിമാറ്റിക് ആയി, Because you are a Muslim എന്ന് മറുപടി പറഞ്ഞു.

''സമാനാധാനത്തോടെ ജീവിക്കേണ്ട എത്ര ജീവിതങ്ങളെയാണ് രാജ്യത്തെ ഭരണകൂടം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നത്.'' സുപ്രീം കോടതി വിധിയെ മറികടന്ന് ഭരണകൂടം ജഹാംഗിർപുരിയിൽ പൊളിച്ചു മാറ്റിയ വീടിന്റെ അവശിഷ്ടങ്ങൾക്കു മുന്നിലെ മുസ്‌ലിം സ്ത്രീകൾ. / Photo: Altaf Qadri

നമ്മുടെ ഭരണഘടനാമൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും ഒക്കെ പതിയെ നഷ്ടപ്പെടാൻ തുടങ്ങിയെന്ന ഭയം ഉണ്ടായിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചശേഷമാണ് ജീവൻ തന്നെ പോകുമെന്ന ഭയം തുടങ്ങിയത്. എന്റെ വീട്ടിലെ കുട്ടികൾ, പ്രിയപ്പെട്ടവർ, ഈ രാജ്യത്തെ പാവങ്ങളായ മനുഷ്യർ... അങ്ങനെ പലതരത്തിൽ ചിന്തകൾ മാറിയും മറിഞ്ഞും നഷ്ടപ്പെടുന്ന ജീവിതത്തെകുറിച്ച് വേവലാതിയുണ്ടാക്കി. ചിന്തകൾ കൂടുകയും ഉറക്കം കുറയുകയും ചെയ്തതോടെ എന്റെ ട്രോമകൾ ദുഃസ്വപ്നങ്ങളിൽനിന്ന് ഡിപ്രഷനിലേക്ക് മാറി. ഉള്ളിൽ കടന്നുകൂടിയ ഭയം എന്നെ വിട്ടുപോയില്ല. മരുന്ന് ശരീരത്തെയും മനസ്സിനെയും തളർത്തി. ബോധമില്ലാതെ മൂന്നോളം ദിവസം ഐ.സി.യുവിൽ കിടന്നു. ഒരു മാസത്തോളമെടുത്തു, പഴയ രീതിയിലേക്ക് തിരിച്ചുവരാൻ. കേരള യൂണിവേഴ്‌സിറ്റിയിൽ എം.ഫിലിന് പഠിക്കുകയായിരുന്ന ഞാൻ കോഴ്‌സ് നിർത്തി ഒരു വർഷത്തോളം വീട്ടിലിരിക്കേണ്ടിവന്നു.

ഡിപ്രഷനിൽനിന്ന് കരകയറി എന്ന് വിചാരിച്ചെങ്കിലും, കുട്ടികളുടെ കൂടെ ഇരിക്കുമ്പോൾ അവരെയൊക്കെ നഷ്ടപ്പെടുമെന്ന തോന്നൽ എന്നെ അസ്വസ്ഥപ്പെടുത്തി. അവരുടെ നിഷ്‌കളങ്കമായ ചിരി എന്നെ ഭയപ്പെടുത്തി. എങ്കിലും ഇടക്ക് എല്ലാം മറന്ന് അവരുടെ കൂടെ കളിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ഫിക്ഷനിൽ നിന്ന് രാഷ്ട്രീയ വായനകളിലേക്ക് മാറിയതോടെ എന്റെ ചിന്തകൾക്ക് ഒരുറപ്പ് വന്നപോലെ അനുഭവപ്പെട്ടു. വലിയ അരക്ഷിതാവസ്ഥ തന്നെയാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നത് എന്ന ചിന്ത എന്നെ അലട്ടിയിരുന്നെങ്കിലും മരണംവരെ ഇതിനെതിരെ പോരാടുമെന്ന് മനസ്സ് പറയുന്നത് ഞാൻ കേട്ടു. പതിയെ ഭയങ്ങളുടെ സ്ഥാനത്ത് ചില ഉറപ്പുകൾ ഉണ്ടാവുന്നത് ഞാൻ ശ്രദ്ധിച്ചു.

ആദ്യ ഡിപ്രഷൻ എപ്പിസോഡിൽ ഞാൻ കൂടുതൽ സമയം സി.എ.എയെ കുറിച്ചാണ് സംസാരിച്ചിരുന്നതെങ്കിൽ അടുത്ത ഡിപ്രഷൻ വന്നപ്പോൾ ഞാൻ കർഷക സമരവുമായി ബന്ധപ്പെട്ട ചിന്തകളിലും അതുണ്ടാക്കുന്ന അസ്വസ്ഥകളിലുമായിരുന്നു.

ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, നീ ഇത്ര ഭീതികൊണ്ട് നടക്കണ്ട. ഒരു പക്ഷേ സി.എ.എ കൊണ്ട് മുസ്​ലിംകൾ രണ്ടാം പൗരരായിത്തീരുമായിരിക്കും. പക്ഷേ വേറെ ഒന്നും സംഭവിക്കില്ല. ഒരുപക്ഷേ രാജ്യത്തെ അരക്ഷിതാവസ്ഥയെ ഇത്രയും ചെറുതാക്കി സംസാരിക്കുന്ന ആ സുഹൃത്തിനോട് ഞാൻ തർക്കിക്കാൻ പോയില്ല. പിന്നീട് ഞങ്ങൾക്കിടയിൽ സംവാദങ്ങൾ ഉണ്ടായതേയില്ല. എന്റെ പല സുഹൃത്തുക്കളും സി.എ.എ ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിൽനിന്ന് വന്ന മുസ്​ലിംകളെയും മാത്രമേ ബാധിക്കുന്നുള്ളൂ എന്നുപറഞ്ഞ് എന്നോട് തർക്കിക്കാൻ വരാറുണ്ട്. എന്നാൽ ഇന്ത്യയിലുള്ള മുസ്​ലിംകൾ ആരൊക്കെയാണ് എന്ന കണക്കെടുപ്പിനുവേണ്ടിയാണ് എൻ.ആർ.സി (National Register of Citizens). ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും എൻ.ആർ.സി നടത്തുന്നതിന്​ നടപടി തുടങ്ങുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചു. എൻ.ആർ.സിയിൽ 1950നുശേഷം നമ്മൾ ഇന്ത്യയിൽ ഉണ്ടായിരുന്നെന്ന് തെളിയിക്കണം. പല സംസ്ഥാനങ്ങളും എൻ.ആർ.സി നിഷേധിച്ചു എന്നത് പ്രതീക്ഷയുണ്ടാക്കുന്നതായിരുന്നു എനിക്ക്. എങ്കിലും ഗോൾവാക്കറിന്റെ ഉന്മൂലനസിദ്ധാന്തം ഇന്ത്യയിൽ നടപ്പിലാവുമെന്ന പേടി അലട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളായിരിക്കുന്നു. ജീവിതത്തെ ഏറ്റവും സന്തോഷത്തോടെയും, ആത്മവിശ്വാസത്തോടെയും സമീപിച്ചിരുന്ന ഞാൻ, സി.എ.എയെക്കുറിച്ചും എൻ.ആർ.സിയെക്കുറിച്ചുമുള്ള വേവലാതി കാരണം ശുഭാപ്തി വിശ്വാസമില്ലാത്ത ആളായി മാറി. എത്ര സന്തോഷം വന്നാലും ഇതെല്ലാം പെട്ടെന്ന് ഇല്ലാതാവുക എന്ന തോന്നൽ എല്ലാ സമയത്തും മനസ്സിനെ അലട്ടാൻ തുടങ്ങിയിരിക്കുന്നു.

എന്റെ ചിന്തകൾ പലപ്പോഴും സ്വപ്നങ്ങളുടെ ട്രോമകളിൽനിന്ന് ഡിപ്രഷൻ എന്ന മാരകാവസ്ഥയിലേക്ക് വരിഞ്ഞുമുറുക്കിയിരുന്നു. മുമ്പ് ഡിപ്രഷൻ പ്രശ്‌നങ്ങളുണ്ടായപ്പോൾ, ജീവിതത്തിന്റെ നല്ല സമയങ്ങൾ നഷ്ടപ്പെടാൻ തുടങ്ങി. ആദ്യ ഡിപ്രഷൻ എപ്പിസോഡിൽ ഞാൻ കൂടുതൽ സമയം സി.എ.എയെ കുറിച്ചാണ് സംസാരിച്ചിരുന്നതെങ്കിൽ അടുത്ത ഡിപ്രഷൻ വന്നപ്പോൾ ഞാൻ കർഷക സമരവുമായി ബന്ധപ്പെട്ട ചിന്തകളിലും അതുണ്ടാക്കുന്ന അസ്വസ്ഥകളിലുമായിരുന്നു.

പൗരത്വഭേദതി നിയമത്തിനെതിരെ നടന്ന പ്രതിഷേധം / Photo: Altaf Qadri

ഉറക്കം വളരെ കുറഞ്ഞിരുന്ന ഞാൻ രാത്രി അരക്ഷിതാവസ്ഥകളെ കുറിച്ചോർത്ത് നേരം വെളുപ്പിച്ചു. സച്ചിദാനന്ദൻ മാഷിന്റെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കവിത മാതൃഭൂമിയിൽ വായിച്ചതോർക്കുന്നു. ആ കവിതയിൽ ഗർഭിണിയായ ഒരു സ്ത്രീയുടെ അടിവയർ പിളർത്തി കുഞ്ഞിനെ പുറത്തെടുത്ത് കത്തിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഡൽഹി കലാപസമയത്ത് മനുഷ്യർ കത്തിക്കരിഞ്ഞതോർത്ത് എനിക്ക് പഴയ പേടി വന്നു. എന്തോ ഭാഗ്യത്തിന് ഞാൻ ഡിപ്രഷനിലേക്ക് പോയില്ല. ഇടക്ക് മനുഷ്യർ കത്തിക്കരിഞ്ഞ വാർത്തകൾ കേട്ട് ഞാൻ ഉറക്കെ നിലവിളിച്ചു. പുതിയ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും എത്രകാലം ഈ മനോബലം ഉണ്ടാവുമെന്നറിയില്ല എന്നതാണ് വാസ്തവം. ഡിപ്രഷൻ സമയത്ത് ഞാൻ ഗർഭിണിയാണെന്നും എനിക്ക് വലിയ വയറുണ്ടെന്നുമുള്ള വിചിത്രചിന്ത എനിക്കുണ്ടായി. വീട്ടിൽ വരുന്ന ഓരോ ആളുകളെയും ഞാൻ സൂക്ഷിച്ചുനോക്കാൻ തുടങ്ങി. ഓരോ കോളിങ്ങ്‌ബെൽ അടിയുമ്പോഴും ഞാൻ നടുങ്ങി.

വിഷാദമൂറ്റിയ മനസ്സുമായി ജീവിക്കേണ്ടിവരുന്നത് എത്ര ദുരന്തമാണ്. സാമൂഹികമായ കാരണങ്ങളിൽ ജീവിതത്തിന്റെ തുടർച്ച വറ്റിയ ഒരു മുസ്​ലിം പെൺകുട്ടിയാണ് ഞാൻ. പ്ലസ്ടുവിന് പഠിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വന്ന ഒരു ആൾക്കൂട്ടവിചാരണയിൽ നഷ്ടപ്പെട്ട ഒരു കൗമാരക്കാരിയുടെ ഓർമകളുടെ ഒഴുക്ക് നിന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. മോറൽ പൊലീസിംഗിന് വിധേയയായ ഞാൻ അതേ മോറൽ കോഡുകളെ തന്നെ തകർത്തുകൊണ്ടുള്ള ജീവിതം ജീവിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ആദ്യമായി അടിവയറ്റിലുണ്ടായ ഭയം കൊണ്ട് തുടർച്ചയായി മൂന്നുദിവസം പുതച്ചുകിടന്നത് ഓർക്കുന്നു. പിന്നീട് ലോകത്തെ അറിയാനുള്ള ശ്രമമായിരുന്നു. വിദ്യാഭ്യാസം നേടുക എന്നത് സ്വയമേ അറിയാനും നമുക്കു ചുറ്റുമുള്ള ലോകത്തെ അറിയാനും കൂടിയുള്ള ഒന്നാണെന്ന ചിന്തയിൽ ഡിഗ്രിക്കുശേഷം പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ എം.എം. ലിറ്ററേച്ചറിന് ചേർന്നു. നാട്ടിൽനിന്ന് വണ്ടി കയറുമ്പോൾ സുന്ദരമായ ഒരു അക്കാദമിക് സ്പേസിലുള്ള ജീവിതവും, കോഴ്‌സ് കഴിഞ്ഞ് ഇന്ത്യയിലെ ഏതെങ്കിലും കോളേജിൽ ​പ്രൊഫസറായി കയറുന്ന എന്നെയുമായിരുന്നു സങ്കൽപിച്ചത്. എന്നാൽ ജീവിതം കൈവിട്ടുപോയി എന്ന് മനസ്സിലായതോടെ കോഴ്‌സ് നിർത്തി പോരേണ്ടിവന്നു. ട്രീറ്റ്‌മെൻറ്​ എടുത്ത് വീണ്ടും പോണ്ടിച്ചേരിയിലേക്ക് പോയെങ്കിലും രണ്ടാമതുതവണയും കോഴ്‌സ് നിർത്തി. പിന്നീട് കാലടി യൂണിവേഴ്‌സിറ്റിയിൽ എം.എ. ചെയ്തു.

എന്നെപ്പോലെ ഇരയാക്കപ്പെടാൻ കുറെ മനുഷ്യർ. ടാർഗറ്റ് ചെയ്യപ്പെടുന്ന മുസ്​ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങിയിരുന്നു.

കോഴ്‌സ് കഴിഞ്ഞ് സർട്ടിഫിക്കറ്റുമായി പാർട്ട്ണറുടെ അടുത്ത് ചെന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ തന്നതോർക്കുന്നു. എല്ലാം വിഷമഘട്ടങ്ങളിലും കൂടെയുണ്ടായിരുന്നവൻ. കേരള യൂണിവേഴ്‌സിറ്റിയിൽ എം.ഫിലിന് അഡ്മിഷൻ കിട്ടിയപ്പോൾ ഞാൻ അതിരറ്റ് സന്തോഷിച്ചതോർക്കുന്നു. എന്നാൽ വിഷാദം എന്നെ വിട്ടുപോകാത്തതുകൊണ്ടും, മരുന്നിന്റെ ക്ഷീണം കൊണ്ടും ഞാൻ കോഴ്‌സ്​ നിർത്തി​പ്പോരുകയാണ് ചെയ്തത്. ഒമ്പതുമണിക്ക് ക്ലാസിലെത്തി ക്ലാസ്​ ശ്രദ്ധിക്കാൻ കഴിയാതെ ഉറങ്ങിവീഴുന്ന എന്നോട് എനിക്കുതന്നെ സഹതാപം തോന്നിയിരുന്നു. കോഴ്‌സ് വീണ്ടും ഡിസ്കണ്ടിന്യൂ ചെയ്തു. ഒന്നും ആലോചിക്കാതെ പെട്ടിയും കിടക്കയുമെടുത്തിട്ട് നാട്ടിലേക്ക് പോന്നു.

എന്റെ അക്കാദമിക്‌സിന്റെ ചരിത്രം എന്നത് പരാജയങ്ങളുടെ ഒരു തുടർച്ചയായിരുന്നു. ഈ കാലഘട്ടങ്ങളിലൊക്കെ സമൂഹം എന്നോടുചെയ്ത ഹിംസയെ കുറിച്ചാലോചിച്ച് ദേഷ്യവും സങ്കടവുമൊക്കെ തോന്നിയിരുന്നു. എന്റെ ജീവിതത്തിന്റെ ദുരന്തങ്ങൾ എന്നത് ചരിത്രം എന്നോടുകാണിച്ച അനീതിയാണ്. ആ സമയത്ത് ഫാസിസം വരുന്നു എന്ന ചർച്ചകളുണ്ടാകുമ്പോൾ എനിക്ക് ചെറിയ തോതിൽ ഭയം തോന്നാൻ തുടങ്ങിയിരുന്നു. എന്നെപ്പോലെ ഇരയാക്കപ്പെടാൻ കുറെ മനുഷ്യർ. ടാർഗറ്റ് ചെയ്യപ്പെടുന്ന മുസ്​ലിം ഐഡന്ററി. അങ്ങനെ സ്വകാര്യജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾക്കുപരി സാമൂഹിക, രാഷ്ട്രീയ ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് വായനകളും, എഴുത്തുമാണ് ആശ്വസിപ്പിച്ചത്. എന്നാൽ സമൂഹത്തെക്കുറിച്ചും, നിലനിൽക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുമുള്ള രാഷ്ട്രീയ വായനകൾ അസ്വസ്ഥതകളിലേക്ക് കൊണ്ടുപോയി. ഞാൻ ഈ ലോകത്തെ വെറുത്തു. എങ്കിലും മനുഷ്യരിൽ എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.

Photo: Muhammed Fasil

ഓരോ എപ്പിസോഡ് ഡിപ്രഷൻ സമയത്തും ഏറ്റവും അടുത്ത സുഹൃത്തായ ഇന്ദുവിനോട് ഞാൻ പങ്കുവെച്ചപ്പോൾ അവളും കരഞ്ഞു. എന്റെ തോന്നലുകളെല്ലാം സത്യമാണെന്ന് അവൾ ഉറക്കെ പറഞ്ഞു. പല സമയത്തും എന്റെ ചിന്തകൾക്ക് കൂട്ടായി അവൾ കൂടെനിന്നു. രാജ്യത്തുള്ള അരക്ഷിതാവസ്ഥയെക്കുറിച്ചും, കർഷക സമരത്തെക്കുറിച്ചും ഉപ്പയോട് സംസാരിക്കുമായിരുന്നു. സമാധാനമായി ഉറങ്ങൂ എന്ന് ഉപ്പ എന്നോട് പറയുന്നുണ്ടെങ്കിലും ചിന്തകൾ ഏറ്റവും ട്രോമാറ്റിക്കായിതന്നെ എന്നെ തളർത്തി. കർഷകനായിരുന്ന ഉപ്പയോട് ഞാൻ മണിക്കൂറുകൾ കർഷക സമരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. കാഴ്ചക്കുറവായിട്ടുപോലും ദിവസവും വാർത്ത കാണുന്ന ഉപ്പ എന്നോട് തിരിച്ചും സംസാരിച്ചു. ഈ ലോകം ഇങ്ങനെയൊക്കെയാണെന്നുപറഞ്ഞ് ഉപ്പ സമാധാനിപ്പിച്ചതോർക്കുന്നു.

ഒരുപക്ഷേ നമ്മൾ ജീവിക്കുന്ന രാജ്യത്തിൽ, നമ്മുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കിയാൽ പിന്നീട് സമാധാനത്തോടെ ജീവിക്കുക എന്നത് ദുരന്തപൂർണവും അസാധ്യവുമാണ്.

ഡിപ്രഷൻ സമയത്ത് ദിവസേന രാവിലെയും രാത്രിയിലുമെന്നപോലെ അടുത്ത കൂട്ടുകാരി ഇന്ദു എന്നെ വിളിച്ച് സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു. എല്ലാ അവസ്ഥകളും മാറുമെന്നും അവളുടെ പ്രശ്‌നങ്ങളിൽ ഒരു കേൾവിയായിരുന്ന എന്നെ തിരിച്ചുവേണമെന്നും അവൾ ഇടയ്ക്കിടെ ഓർമിപ്പിച്ചു. ഇടയ്ക്ക് അവൾ എനിക്ക് പാട്ടുകൾ അയച്ചുതന്നു. എല്ലാം മാറി ഞങ്ങൾ പോകുന്ന യാത്രകളെക്കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു.

എന്റെ നെഞ്ചിൽ പച്ച മുളക്കുന്നതായി എനിക്കനുഭവപ്പെട്ടു തുടങ്ങി. എല്ലാം പഴയതുപോലെയാവുമെന്ന് കുറച്ചു സമയത്തേക്ക് ഞാനും വിശ്വസിച്ചു. പക്ഷേ സമാധാനം എന്നതിന് ഒരു തുടർച്ചയില്ല എന്നു ഞാൻ മനസ്സിലാക്കി. എന്റെ രാജ്യത്ത് നടന്ന, നടക്കാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ചേർത്ത്​ വീണ്ടും ട്രിഗർ ആവാൻ തുടങ്ങി. ആ സമയത്ത് സ്വന്തം സഹോദരി നാസി കോൺസൺട്രേഷൻ ക്യാമ്പിൽ, തന്റെ മുമ്പിൽ മരിച്ചുവീഴുന്നതു കണ്ട് മനോബലം നഷ്ടപ്പെട്ട ആൻ ഫ്രാങ്കിനെ ഞാനോർത്തു. ലോകം മുഴുവൻ സമാധാനം പുലരണമെന്ന് വിശ്വസിച്ച പ്രകാശം പരത്തുന്ന പെൺകുട്ടി- അതായിരുന്നു എനിക്ക് ആൻ ഫ്രാങ്ക്.

സി.എ.എ​ക്കെതിരെയുള്ള സമരത്തിൽ Modi you gave us depression എന്ന പ്ലക്കാർഡുമായി നിൽക്കുന്ന ഒരു പെൺകുട്ടിയെ ഓർക്കുന്നു. ഒരുപക്ഷേ നമ്മൾ ജീവിക്കുന്ന രാജ്യത്തിൽ, നമ്മുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കിയാൽ പിന്നീട് സമാധാനത്തോടെ ജീവിക്കുക എന്നത് ദുരന്തപൂർണവും അസാധ്യവുമാണ്. നമുക്കുചുറ്റും നടക്കുന്ന അനീതിയോർത്ത് നമ്മുടെതന്നെ ജീവിതത്തെ ബാധിക്കുന്നതോർത്ത്, നാനാത്വത്തിൽ ഏകത്വം എന്ന ജനാതിപത്യ ശരികൾ മാറ്റിത്തുടങ്ങുന്ന ഫാസിസം രാജ്യത്തെ പിടിമുറുക്കുന്നതു കണ്ട് എനിക്കെങ്ങനെ സമാധാനായി ഉറങ്ങാൻ പറ്റും?.

പട്ടാളക്കാർക്ക് റോസാപൂ കൊടുത്ത് അഭിവാദനം ചെയ്യുന്ന പെൺകുട്ടിയെ ഞാൻ ഏറെ പ്രതീക്ഷയോടെ തന്നെയാണ് നോക്കുന്നത്. ഒരുപക്ഷേ പ്രതീക്ഷകൾ നഷ്ടപ്പെടാതെ ഞാൻ വീണ്ടും ചിരിക്കുന്നതും നന്മ വറ്റാത്ത ലോകത്തെ കുറിച്ചോർത്താണ്. എങ്കിലും പലപ്പോഴും മനുഷ്യർ തമ്മിൽ അനീതി കാണിക്കുന്നതിൽ ഞാൻ വേദനിച്ചു. രാജ്യത്ത് നടക്കുന്ന ഓരോ സംഘർഷത്തിലും സംഘട്ടനത്തിലും ജീവൻ നഷ്ടപ്പെടുന്ന നിരപരാധികൾ, ആൾക്കൂട്ട വിചാരണക്ക് ബലിയാടാവുന്ന മനുഷ്യർ, ജാതിയുടെയും മതത്തിന്റെയും പേരിലും സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിലും ദുരന്തപൂർണമായ ജീവിതം ജീവിക്കുന്നവർ... ഇവരെക്കുറിച്ചോർത്ത്​ ഞാൻ വേദനിച്ചു.

സ്വന്തം രാജ്യത്തുനിന്ന് തുടച്ചുമാറ്റുമെന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്നത് എന്ത് ദുരന്തമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Comments