ആദ്യമേ ‘ന്യൂനപക്ഷ രാഷ്ട്രീയം’ (Minority Politics) എന്ന സംജ്ഞയുടെ അർഥതലത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യയിലെ അക്കാദമികരംഗത്തും രാഷ്ട്രീയ സംവാദങ്ങളിലും ‘ന്യൂനപക്ഷ രാഷ്ട്രീയം’ എന്ന പ്രയോഗം പൊതുവേ ‘മുസ്ലിം രാഷ്ട്രീയം’ എന്നതിന്റെ പര്യായമായാണ് മനസ്സിലാക്കപ്പെടുന്നത്. അതിനാൽ, ‘ന്യൂനപക്ഷ രാഷ്ട്രീയം’ എന്ന വിഷയത്തെക്കുറിച്ചുള്ള ഏതു ചർച്ചയും വളരെ വേഗം ‘മുസ്ലിം രാഷ്ട്രീയം’ എന്ന വിഷയത്തിലേക്ക് ചുരുങ്ങുന്നു. ഹിന്ദുക്കളിലെ ന്യൂനപക്ഷമായ ചില ജാതിവിഭാഗങ്ങളുടെ പ്രത്യയശാസ്ത്രമാണ് ഹിന്ദു ദേശീയത. ഒരു പ്രത്യേക ജാതിന്യൂനപക്ഷത്തിന്റെ താല്പര്യങ്ങളിലേക്ക് ഹിന്ദു സമൂഹത്തെ മൊത്തം വലയിട്ട് പിടിക്കുന്ന ഏർപ്പാടാണത്.
എന്നാൽ, ന്യൂനപക്ഷ ഹിന്ദുത്വ / ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം പൊതുരാഷ്ട്രീയത്തിലും പൊതുസാംസ്കാരിക ജീവിതത്തിലും ദേശീയചിഹ്നങ്ങളിലുമുള്ള മുസ്ലിം സാന്നിധ്യത്തിന്റെ ദൃശ്യരൂപങ്ങളെ ഇല്ലാതാക്കുക മാത്രമല്ല. ചരിത്രം, വാസ്തുവിദ്യ, പൊതുജീവിതം എന്നിവയിലെ മുസ്ലിം സാന്നിധ്യം കുറയ്ക്കുന്നതോടൊപ്പം, ‘ഹിന്ദു രാഷ്ട്രം’ എന്ന പേരിൽ അധഃസ്ഥിതരായ ഹിന്ദു വിഭാഗങ്ങളെ സാംസ്കാരികമായി കീഴ്പെടുത്താത്താനുമാണ് ഈ പ്രത്യയശാസ്ത്രം ശ്രമിക്കുന്നത്.
ഹിന്ദു രാഷ്ട്രം എന്ന ആശയം പ്രധാനമായും വടക്കു - പടിഞ്ഞാറൻ ഇന്ത്യയിലെ ന്യൂനപക്ഷ സവർണ ഹിന്ദു വിഭാഗങ്ങളുടെ രാഷ്ട്രീയവാദമാണ്. അതിനാൽ, വിവിധ വംശീയ, സാംസ്കാരിക, മതപര, മതനിരപേക്ഷ സമൂഹങ്ങളിൽ നിന്നുയരുന്ന എല്ലാ വിമത ശബ്ദങ്ങളോടും- ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഉൾപ്പെടെ- ഇവർ സ്ഥിരമായ ഏറ്റുമുട്ടലിന്റെ നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്ത്യ വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും ഒരു വലിയ സംഘാതമാണ്. ശശി തരൂർ ഒരിക്കൽ പറഞ്ഞതുപോലെ, ഇന്ത്യയെക്കുറിച്ചു പറയാവുന്ന ഏതു പ്രസ്താവനയുടെയും നേർവിപരീതവും അതേപോലെ സത്യമാണ്. ആധുനികതയുമായുള്ള രണ്ടുനൂറ്റാണ്ടിലേറെ നീണ്ട സമ്പർക്കം സമൂഹത്തെ ഏകീകരിക്കാനും ഏകരൂപമാക്കാനും ശ്രമിച്ചിട്ടും, ഇന്ത്യ അനന്തമായ വൈവിധ്യങ്ങളോടെ നിലനിന്നു. ഇന്ത്യൻ സമൂഹത്തിന്റെ ഈ ബഹുസ്വരതയും വൈവിധ്യവും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ‘ഗ്രൂപ്പ് രാഷ്ട്രീയം’ അഥവാ ‘ന്യൂനപക്ഷ രാഷ്ട്രീയം’ ഇന്ത്യയിലെ ഏറ്റവും ശക്തവും നിയമസാധുതയുള്ളതുമായ രാഷ്ട്രീയ രൂപങ്ങളിലൊന്നായി മാറി.
അതിനാൽ, ‘ഹിന്ദു രാഷ്ട്രീയം’, ‘ദേശീയ രാഷ്ട്രീയം’, ‘മതനിരപേക്ഷ രാഷ്ട്രീയം’, ‘മുസ്ലിം രാഷ്ട്രീയം’ എന്നീ അഖിലേന്ത്യാ ചട്ടക്കൂടുകളേക്കാൾ ഇന്ത്യൻ രാഷ്ട്രീയ വേദിയിൽ യഥാർത്ഥത്തിൽ അരങ്ങേറുന്നത് ന്യൂനപക്ഷ രാഷ്ട്രീയമാണ്. കാരണം, സാമൂഹിക, ജാതീയ, വംശീയ, പ്രാദേശിക, മതപര വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യ അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങളുടെ രാജ്യമാണ്.

ഒരു കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇത്തരം വിവിധ വംശീയ- സാമൂഹിക വിഭാഗങ്ങളുടെ സഖ്യമായിരുന്നു. ഇന്ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി ശക്തമായ ഹിന്ദുത്വ ദേശീയവാദ പ്രചാരണവും ഭരണാധികാരവും ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ ഓരോ പ്രദേശത്തെയും പ്രത്യേക ജാതി-സാമൂഹിക ഘടകങ്ങളെ കണക്കിലെടുത്താണ് അതിന്റെ തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുന്നത്. എന്നിരുന്നാലും, ദേശീയതലത്തിൽ ബി ജെ പിയുടെ വോട്ടുശതമാനം 35 ശതമാനത്തിന് താഴെയാണ്. കൂടാതെ, ബി ജെ പി ഒരു ഹിന്ദു പാർട്ടിയാണെന്ന ധാരണയുള്ള സാഹചര്യത്തിൽ പോലും, ഹിന്ദു വോട്ടർമാരിൽ എത്ര ശതമാനമാണ് യഥാർത്ഥത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണച്ച് ബി ജെ പിക്ക് വോട്ട് ചെയ്തതെന്ന ചോദ്യവും നിലനിൽക്കുന്നു. അതായത്, ഭൂരിഭാഗം ഹിന്ദു വോട്ടുകളും ഹിന്ദു ഭൂരിപക്ഷവാദ രാഷ്ട്രീയത്തിന് ഇന്നും ലഭിക്കുന്നില്ല.
ഇവിടെ ഞാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിരീക്ഷണം ഇതാണ്: ‘ന്യൂനപക്ഷ രാഷ്ട്രീയം’ എന്നത് ‘മുസ്ലിം രാഷ്ട്രീയം’ എന്നതിന്റെ പര്യായമല്ല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയവും ആത്യന്തികമായ അർത്ഥത്തിൽ ന്യൂനപക്ഷരാഷ്ട്രീയമാണ്. മത- ജാതി ഭാഷാ പ്രദേശ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയം.
പുതിയ മുസ്ലിം രാഷ്ട്രീയം സ്വത്വസമർത്ഥനത്തിനുള്ള പ്രലോഭനത്തെ പ്രതിരോധിക്കുകയും പൗരത്വ സമർത്ഥനത്തിനുള്ളശ്രമങ്ങളിൽ നിരന്തമായി ഊന്നുകയും വേണം.
സമകാലികസന്ദർഭം
നാം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ സമകാലികസന്ദർഭം വിവരിച്ചുകൊണ്ട് തുടങ്ങാമെന്ന് വിചാരിക്കുന്നു.
1. വലതുപക്ഷതീവ്രവാദങ്ങളും അവ സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാചികവും ശാരീരികവുമായ ഹിംസയും നാനാവിധത്തിലുള്ള ധ്രുവീകരണങ്ങളും അധീശത്വം നേടിക്കഴിഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഒരു പക്ഷെ ചരിത്രത്തിലാദ്യമായി പാശ്ചാത്യ പൗരസ്ത്യ രാഷ്ട്രീയപ്രവണതകൾ പൂർണമായ സമാനത പുലർത്തുന്ന ഒരു കാലമാണിത്. ഡൊണാൾഡ് ട്രംപ്, നരേന്ദ്രമോദി, എർദോഗാൻ, വ്ളാഡിമിർ പുട്ടിൻ തുടങ്ങിയവരുടെ രാഷ്ട്രീയങ്ങൾ തമ്മിലുള്ള സാമ്യം അത്ഭുതകരമാണ്. അധികാരഭ്രഷ്ടരായെങ്കിലും ജൈർ ബോൾസനാരോ മുതൽ വിക്ടർ ഓർബാൻ വരെയുള്ളവരുടെ ആശയപരമായ അടിത്തറ ഇപ്പോഴും ശക്തമാണ്. സമകാലികലോകത്തെ നിർവചിക്കുന്ന രാഷ്ട്രീയയുക്തി വിഭജനവും വിദ്വേഷവും വിപ്രതിപത്തിയും അവയുടെ ഉപോല്പന്നമായ ഹിംസയുമാണെന്നർത്ഥം. സങ്കുചിതവും കുല്സിതവുമായ ദേശീയതാസങ്കൽപം, വംശം, മതം, ഭാഷ തുടങ്ങിയ മനുഷ്യരുടെ സ്വത്വത്തെ നിർണ്ണയിക്കുന്ന എല്ലാ ഘടകങ്ങളും അധികാരത്തിനായി ആയുധവൽക്കരിക്കാനുള്ള ശ്രമങ്ങൾ, അത്തരം നൃശംസതകളെ ആഘോഷിക്കുകയും അന്ധമായി ആശ്ലേഷിക്കുകയും ചെയ്യുന്ന ജനപദങ്ങൾ, ഭരണഘടനാപരവും ജനാധിപത്യപരവുമായ വ്യവസ്ഥകളുടെ നിലനില്പിനാധാരമായ സ്ഥാപനങ്ങളെ മുഴുവൻ (നീതിന്യായവ്യവസ്ഥ, മാധ്യമങ്ങൾ, പൗരസമൂഹസംഘടനകൾ തുടങ്ങിയവ) തകർക്കുകയും തനിക്കാക്കി വെടക്കാക്കുകയും ചെയ്യുന്ന പ്രവണത, മൈത്രിയുടെയും സമാധാനത്തിന്റെയും ശബ്ദങ്ങളോടുള്ള അവജ്ഞ, ഐക്യരാഷ്ട്രസഭയടക്കമുള്ള അന്തർദ്ദേശീയസ്ഥാപനങ്ങളുടെ തകർച്ച, അന്തർദ്ദേശീയനിയമങ്ങളോടുള്ള വെല്ലുവിളി - ഇവയൊക്കെയാണ് ഇന്നത്തെ ആഗോളസാഹചര്യത്തിന്റെ പൊതുസ്വഭാവം.

2. ഇന്ത്യയിലെ സ്ഥിതിയാകട്ടെ ഒട്ടും വ്യത്യസ്തമല്ല. അതിന്റെ വിശദമായ ഒരു വിവരണം പ്രബുദ്ധമായ ഈ സദസ്സിന് മുന്നിൽ ആവശ്യവുമില്ല. നമ്മുടെ ചർച്ചാവിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യം മാത്രം പറയാം. അല്ലാമാ ഇഖ്‌ബാൽ മുതൽ മുഹമ്മദാലി ജിന്ന വരെയുള്ളവർ പങ്കുവച്ച ആശങ്കകൾ അസ്ഥാനത്തല്ലെന്നും അവ പൂർണമായും ശരിയായിരുന്നുവെന്നും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം അനുദിനം ബോധ്യപ്പെടുത്തിയതാണ് നരേന്ദ്രമോദിയും കൂട്ടരും ചെയ്ത ഏറ്റവും ശ്രദ്ധേയമായ സംഗതി. ആൾക്കൂട്ടക്കൊലകൾ, വോട്ടർപട്ടികയിൽ നിന്നുള്ള കൂട്ടനിഷ്കാസനം, ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ നിന്നുള്ള പുറന്തള്ളൽ, കുറഞ്ഞുകൊണ്ടേയിരിക്കുന്ന പ്രതിനിധാനം, പ്രധാനമന്ത്രി മുതൽ സംഘപരിവാർ നേതാക്കൾ വരെയുള്ളവരുടെ നിരന്തരഭർത്സനങ്ങൾ, നിയമപരമായ വിവേചനങ്ങൾ, മുസ്ലിംകളെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് പുറന്തള്ളാനുള്ള ശ്രമങ്ങൾ, അഹോരാത്രം നടക്കുന്ന മാദ്ധ്യമവേട്ട, ബുൾഡോസർ രാജ് തുടങ്ങി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം ഇന്ത്യൻ മുസൽമാൻ നേരിടുന്ന പീഡനങ്ങൾ വിവരിക്കേണ്ടതില്ല. വംശഹത്യയുടെ തോത് മാറ്റിനിർത്തിയാൽ ഹിറ്റ്ലറുടെ ജർമനിയിലെ ജൂതരുടെ അവസ്ഥയോട് എല്ലാ നിലയ്ക്കും താരതമ്യമർഹിക്കുന്ന ഒരു പൗരസഞ്ചയമാണ് ഇന്ത്യൻ മുസ്ലിംകൾ.
3. മുകളിൽ പരാമർശിച്ച ദാരുണാവസ്ഥയുടെ നേർവിപരീതമാണ് കേരളത്തിലെ സ്ഥിതി. മുമ്പും ഇപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യപൗരത്വം പൂർണമായി അനുഭവിക്കുന്ന മുസ്ലിംകൾ കേരളത്തിൽ മാത്രമാണുള്ളത്. സാമ്പത്തിക സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക ശാക്തീകരണം ഏറെക്കുറെ സമഗ്രമായി കേരള മുസ്ലിംകൾക്ക് കരഗതമായിട്ടുണ്ട്. നമ്മുടെ വിഷയം രാഷ്ട്രീയശാക്തീകരണമായതിനാൽ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഏറ്റവും മൗലികമായ സംഭാവന മറ്റൊരു സമുദായത്തോടും വിദ്വേഷമോ കാലുഷ്യമോ ലവലേശം പുലർത്താതെ, കേരളത്തിലെ ബഹുസ്വരസമൂഹത്തിന്റെയും രാഷ്ട്രീയഘടനയുടെയും അവിഭാജ്യഘടകമായി നിലനിന്നുകൊണ്ട്, ഇവിടെയുള്ള മുസ്ലിംകൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യപൗരത്വം ഉറപ്പ് നല്കിയെന്നതാണ്. ദേശീയ മാധ്യമങ്ങളിൽ പലപ്പോഴും ഈ വിഷയത്തിൽ ഞാൻ ലീഗിനെക്കുറിച്ചു ലേഖനങ്ങളെഴുതിയത് ഈ അപൂർവ്വമായ, അഭൂതപൂർവ്വകമായ നേട്ടത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കാനാണ്. മറ്റേതൊരു രാഷ്ട്രീയകക്ഷിയെയും പോലെ ലീഗ് വിമർശനമർഹിക്കുന്ന പല സംഗതികളുണ്ടാവും. പക്ഷെ ഈ നേട്ടം ഇന്ത്യയിൽ മറ്റൊരു മുസ്ലിംസംഘടനക്കും അവകാശപ്പെടാനാവാത്ത ഒന്നാണ്. ഇതാണ് ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയ്ക്ക് ലീഗിന്റെ അനന്യത.
കേരളത്തിലൊഴികെ വേറെ ഒരു സംസ്ഥാനത്തും - സെക്യുലർ കക്ഷികൾ ഭരിക്കുന്നിടങ്ങളിലടക്കം - തങ്ങളുടെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയപ്രതിനിധ്യം മുസ്ലിംകൾക്കില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പ്
അതിന്റെ പ്രാധാന്യം ഏറ്റവും വാചാലമായി വെളിപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് ഇക്കൊല്ലം നടന്നത്. 140 എം എൽ എ മാരിൽ 35 മുസ്ലിംകൾ. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ ഏകദേശം പൂർണമായ ആനുപാതികപ്രതിനിധ്യം. ഇതിന്റെ പ്രസക്തി മനസ്സിലാക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യയിലുള്ള മുസ്‍ലിംകളുടെ എണ്ണവും നിയമസഭകളിലുള്ള മുസ്‍ലിം പ്രാതിനിധ്യവും തമ്മിൽ താരതമ്യം ചെയ്യണം.
34% മുസ്ലിംകളുള്ള ആസാം നിയമസഭയിൽ 17.5%.
19 ശതമാനമുള്ള യു.പിയിൽ 8.4%.
17.7 ശതമാനമുള്ള ബീഹാറിൽ 5%.
27 ശതമാനമുള്ള പശ്ചിമബംഗാളിൽ 13.65%.
6.57 ശതമാനമുള്ള മധ്യപ്രദേശിൽ 0.87%.
9.07 ശതമാനമുള്ള രാജസ്ഥാനിൽ 3.0%.
9.67 ശതമാനമുള്ള ഗുജറാത്തിൽ 0.55%.
11.54 ശതമാനമുള്ള മഹാരാഷ്ട്രയിൽ 3.47%.
4.88 ശതമാനമുള്ള ആന്ധ്രാപ്രദേശിൽ 1.71%.
12.69 ശതമാനമുള്ള തെലുങ്കാനയിൽ 5.88%.
5.86 ശതമാനമുള്ള തമിഴ്നാട്ടിൽ 3.85%.
12.92 ശതമാനമുള്ള കർണാടകയിൽ 4.02%.
16 ശതമാനമുള്ള ഉത്തരാഖണ്ഡിൽ 4.28%.
ഈ താരതമ്യത്തിൽ ഒരു കാര്യം നിസ്തർക്കമാണ്. കേരളത്തിലൊഴികെ വേറെ ഒരു സംസ്ഥാനത്തും - സെക്യുലർ കക്ഷികൾ ഭരിക്കുന്നിടങ്ങളിലടക്കം - തങ്ങളുടെ ജനസംഖ്യാനുപാതികമായ രാഷ്ട്രീയപ്രതിനിധ്യം മുസ്ലിംകൾക്കില്ല. പാർലമെന്റിലെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഇന്ത്യയുടെ മുസ്ലിം ജനസംഖ്യ 14 ശതമാനമാണ്. 543 അംഗങ്ങളുള്ള ലോകസഭയിൽ 24 മുസ്ലിം എം.പിമാരാണുള്ളത്, അതായത് 4.4%. സംസ്ഥാന മന്ത്രിസഭകളിലെ മുസ്ലിം പ്രാതിനിധ്യം നോക്കുകയാണെങ്കിലും കേരളം ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണെന്ന് പറയേണ്ടിവരും.

മുസ്ലിം രാഷ്ട്രീയത്തിന്റെ കേരളീയമാനങ്ങളെക്കുറിച്ചും അത് ദേശീയതലത്തിൽ പ്രാവർത്തികമാക്കുന്നതിനെക്കുറിച്ചും പറയുന്നതിനുമുമ്പ് ചില കാര്യങ്ങൾ പരമാവധി ഹ്രസ്വമായി സൂചിപ്പിക്കേണ്ടതുണ്ട്. ലീഗ് പോലുള്ള രാഷ്ട്രീയകക്ഷികളെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നവർ പൊതുവെ പറയാറുള്ള ഒരു വാദമുണ്ട്. ന്യൂനപക്ഷങ്ങളും ദലിതുകളുമൊക്കെ മുഖ്യാധാരാപാർട്ടികളിൽ അണിനിരന്ന് മതനിരപേക്ഷ കൂട്ടായ്മയെ ശക്തിപ്പെടുത്തുകയല്ലേ വേണ്ടത്? അവർ വേറിട്ടു നിൽക്കുന്നത് അവരെ ദേശീയധാരയിൽ നിന്ന് കൂടുതൽ അകറ്റുകയല്ലേ ചെയുന്നത്? കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളെയൊക്കെയാണ് മുഖ്യധാരയായി ഈ വിമർശകർ ചൂണ്ടിക്കാണിക്കാറുള്ളത്. ലീഗ് പോലുള്ള പാർട്ടികൾ വർഗ്ഗീയകക്ഷികളാണെന്ന് വാദിക്കുന്നവരും അല്ലാത്തവരും ഈ കൂട്ടത്തിലുണ്ട്. നിഷ്കളങ്കമെന്ന് തോന്നാവുന്ന ഈ വാദം കൃത്യമായ മറുപടി അർഹിക്കുന്നുണ്ട്. കഴിയുന്നത്ര ചുരുക്കി മൂന്ന് കാര്യങ്ങൾ പറയാം:
മൂന്നു സംഗതികൾ
1. വർഗ്ഗീയരാഷ്ട്രീയവും സാമുദായികരാഷ്ട്രീയവും (Communal Politics and Communitarian Politics) തമ്മിലുള്ള വ്യത്യാസം ഏറ്റവും വ്യക്തമായി സിദ്ധാന്തവൽക്കരിച്ചത് എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയായിരുന്ന മഹാനായ പ്രഫസർ ഇമ്തിയാസ് അഹമ്മദാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വർഗ്ഗീയരാഷ്ട്രീയത്തിന്റെ കേന്ദ്രസ്വഭാവങ്ങൾ ഇവയാണ്:
അത് അപരത്വത്തെ നിർമ്മിച്ച് അതിലൂന്നിയ രാഷ്ട്രീയധ്രുവീകരണവും വിദ്വേഷവും വെറുപ്പും നിരന്തരമായി ഉപയോഗിക്കുന്നു. മറ്റു വിഭാഗങ്ങളുടെ മേൽ അധീശത്വം പുലർത്താനുള്ള വ്യഗ്രത അതിന്റെ ജനിതകത്തിൽ തന്നെയുണ്ട്. തങ്ങൾ ഉൾക്കൊള്ളുന്ന സമുദായത്തെ, വിഭാഗത്തെ ഏകശിലാരൂപമാർന്ന, ആന്തരികവ്യത്യാസങ്ങൾ ഒട്ടുമില്ലാത്ത ഒറ്റത്തൂണായാണ് അത് കാണുന്നത്. അധികാരം തങ്ങളുടെ ആളുകളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപാധി എന്നതിനേക്കാൾ മറ്റുള്ളവരുടെ മേൽ കുതിര കയറാനുള്ള ഉപകരണമാണ്. വെറുപ്പാണ് മൈത്രിയല്ല അതിനെ നിർവചിക്കുന്നത്. സാമുദായികരാഷ്ട്രീയം ഒരു വിഭാഗത്തിന്റെ സാംസ്കാരികസ്വത്വം, മതപരമോ ചരിത്രപരമോ ആയ വ്യക്തിത്വവും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങളും, ന്യായമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അവകാശങ്ങൾ, തുല്യപൗരത്വം - ഇവയെല്ലാം സംരക്ഷിക്കാനുള്ള സംഘാടനമാണ്. അത് ഭരണഘടനാവ്യവസ്ഥയുടെ പരിധിക്കുള്ളിൽ, തങ്ങളൊഴികെയുള്ള മറ്റു വിഭാഗങ്ങൾ ഒരു ബഹുസ്വരരാഷ്ട്രത്തിന്റെ യുക്തിയും വൈകാരികാരികപാരസ്പര്യവും ഉൾക്കൊണ്ട് തങ്ങളുടെ ന്യായമായ അവകാശങ്ങളോട് മമതയും അനുതാപവും പുലർത്തുമെന്ന പ്രതീക്ഷയിൽ സംഘടിപ്പിക്കുന്നതാണ്. അതിന്റെ മർമ്മം പ്രഫസർ മുശീറുൽ ഹസ്സൻ living together separately എന്ന് വിളിച്ച, ബഹുത്വത്തിൽ സ്വത്വം നിലനിർത്തുന്ന സവിശേഷസമീപനമാണ്. മൈത്രിയും അനുരഞ്ജനത്തിന്റെ നൈരന്തര്യവുമാണതിനെ നിർവചിക്കുന്നത്. മുസ്ലിം ലീഗ് ആ അർത്ഥത്തിൽ പ്രതിനിധീകരിക്കുന്നത് തെളിമയുള്ള, ജാഗ്രതയുള്ള, ബഹുസ്വരോന്മുഖമായ, മുഖ്യധാരയിൽ നിന്ന് ഒട്ടും വേറിട്ട് നിൽക്കാത്ത, അതേ സമയം തങ്ങളുടെ സവിശേഷമായ സ്വത്വത്തിന്റെ വ്യതിരിക്തത മറച്ചുപിടിക്കാത്ത ന്യൂനപക്ഷസമുദായരാഷ്ട്രീയമാണ്.
ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്ക് വർഗ്ഗീയതയുടെ പ്രലോഭനങ്ങളിൽ വീഴാതെ നിൽക്കുമ്പോഴും അമിതമായ മതപരത പലപ്പോഴും ലീഗ് രാഷ്ട്രീയത്തെ വിമർശനങ്ങൾക്ക് ശരവ്യമാക്കാറുണ്ട്.
2. മേല്പറഞ്ഞത് മാത്രം പോരാ, മുമ്പ് പരാമർശിച്ച വിമർശനത്തിന് മറുപടി പറയുമ്പോൾ. ഇന്ത്യയിലെ സ്വാതന്ത്ര്യാനന്തര രാഷ്ട്രീയചരിത്രത്തിൽ നിസ്തർക്കം കാണാവുന്ന ഒരു വസ്തുതയുണ്ട്. അധഃസ്ഥിതവിഭാഗങ്ങൾ - വരേണ്യ സവർണ വിഭാഗങ്ങളൊഴികെയുള്ള സകലസമൂഹങ്ങളും - സ്വന്തമായി സംഘടിച്ചപ്പോഴല്ലാതെ അവർക്ക് ഒരിക്കലും രാഷ്ട്രീയ ശാക്തീകരണം ലഭിച്ചിട്ടില്ല. ഒരപവാദവും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരു കാര്യമാണിത്. യാദവർ ഉത്തർപ്രദേശിലും ബീഹാറിലും മുലായം സിംഗ് യാദവിന്റെയും ലാലു പ്രസാദ് യാദവിന്റെയും നേതൃത്വത്തിൽ സംഘടിച്ചപ്പോൾ മാത്രമാണ് യാദവർക്ക് ശാക്തീകരണം സിദ്ധിച്ചത്. യു.പി ഭരിച്ച 21 മുഖ്യമന്ത്രിമാരിൽ രണ്ടു പേർ മാത്രമാണ് മുലായത്തിന്റെ വരവിനുമുമ്പ് പിന്നാക്കവിഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിമാരായത്- ജാട്ട് വിഭാഗത്തിൽ നിന്നുള്ള ചരൺ സിംഗും രാം നരേഷ് യാദവും. അവരിരുവരും ആ സ്ഥാനത്തിരുന്നത് മൊത്തം നാല് കൊല്ലത്തോളം മാത്രം.
ബീഹാറിൽ സ്ഥിതി കുറേക്കൂടി ഭേദമായിരുന്നു. അധഃസ്ഥിതവിഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിമാർ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷെ അതുമൂലം അവരുടെ സമുദായങ്ങൾ ശാക്തീകരണം നേടിയെന്ന് പറയുക പ്രയാസമാണ്. കാൻഷിറാമിന്റെ നേതൃത്വത്തിൽ ദലിതുകൾ സംഘടിച്ചപ്പോൾ മാത്രമാണ് യു.പിയിൽ അവർക്ക് ശാക്തീകരണം ആദ്യമായി ലഭിച്ചത്. മായാവതി മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് കല്യാൺ സിംഗ് ചെറിയൊരു കാലയളവിൽ അധികാരത്തിൽ വന്നെങ്കിലും അത് ദലിത് ശാക്തീകരണത്തിന്റെ ഉദാഹരണമായി കാണാനാവില്ല. രണ്ടു വലിയ സംസ്ഥാനങ്ങളിലെ ഉദാഹരങ്ങളാണ് പരാമർശിച്ചത്.
ഇന്ത്യയിലെ ഏത് സംസ്ഥാനമെടുത്താലും ഏറെക്കുറെ ഈ നിരീക്ഷണം ശരിയാണ്. 35 കൊല്ലത്തോളം അന്ധമായി സി പി എമ്മിനെ പിന്തുണച്ച ബംഗാളിലെ മുസ്ലിംകളുടെ അവസ്ഥ സച്ചാർ കമ്മീഷൻ വിവരിച്ചതാണല്ലോ.
3. എന്റെ മൂന്നാമത്തെ പോയിന്റ് ലീഗുമായി വിയോജിക്കുന്ന സംഗതിയാണ്. ഒരു രാഷ്ട്രീയകക്ഷിയെന്ന നിലയ്ക്ക് വർഗ്ഗീയതയുടെ പ്രലോഭനങ്ങളിൽ വീഴാതെ നിൽക്കുമ്പോഴും അമിതമായ മതപരത പലപ്പോഴും ലീഗ് രാഷ്ട്രീയത്തെ വിമർശനങ്ങൾക്ക് ശരവ്യമാക്കാറുണ്ട്. ഇന്ത്യൻ മുസ്ലിംകൾ - കേരള മുസ്ലീംകളും - ഒരു രാഷ്ട്രീയ ഏകകമാണ് എന്ന നിലയ്ക്ക് സമീപിക്കുമ്പോൾത്തന്നെ അതിനെ ഒരു സാംസ്കാരികസ്വത്വമെന്ന നിലയ്ക്കാണ് മതകീയസ്വത്വമെന്ന നിലയ്ക്കല്ല കാണേണ്ടത്. മതകീയത ജീവിതത്തിൽ പുലർത്തുന്നവരും പുലർത്താത്തവരുമെല്ലാം ഉൾക്കൊള്ളുന്നതാണ് എല്ലാ സമുദായങ്ങളും. ഈ വൈവിധ്യവും വൈജാത്യങ്ങളും കൂടി സ്വാംശീകരിക്കുന്ന ഒരു കാഴ്ചപ്പാട് സാധ്യമാണോ എന്ന കാര്യം ആലോചിക്കേണ്ടതാണ്. ഞാനീ പറയുന്ന കാര്യം പ്രായോഗികമായി എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഏറ്റവും സങ്കുചിതവും കാലത്തോട് പുറം തിരിഞ്ഞുനിൽക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കുന്നതിനുമുമ്പ് കുറേക്കൂടി വിശാലമായ സമീപനങ്ങൾ സാധ്യമാണോ എന്ന ആലോചന തീർച്ചയായും ഇന്നത്തെ കാലത്ത് ആവശ്യമാണ്. തൊപ്പി ധരിക്കാതെ ദൈവനാമത്തിൽ ഇപ്രാവശ്യം ലീഗ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് ഇക്കാര്യത്തിൽ ചില ആലോചനകൾ നടക്കുന്നതിന്റെ സൂചനയായാണ് ഞാൻ മനസ്സിലാക്കുന്നത്. ലീഗിനിന്ന് ഒരു വനിതാ എം എൽ എ ഉള്ളതും അത്തരമൊരു മാറ്റത്തിന്റെ നാന്ദിയായി മനസ്സിലാക്കുന്നു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് മതവിരുദ്ധമാണെന്ന് ഇപ്പോഴും കരുതുന്ന മതനേതൃത്വം ആധിപത്യം ചെലുത്തുന്ന ഒരു സാഹചര്യത്തിൽ ഇത്തരം നേട്ടങ്ങൾ ശുഭോദാർക്കമാണെന്ന് - വിപ്ലവകരം പോലുമാണെന്ന് - തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്. ഇന്ത്യൻ മുസ്ലിംകളിൽ ഒരു മഹാഭൂരിപക്ഷം മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയനേതൃത്വം അംഗീകരിച്ചത് - അദ്ദേഹത്തിന്റെ വിഭാജകരാഷ്ട്രീയത്തോട് ഭാരതീയരെന്ന നിലയ്ക്ക് നാം വിയോജിക്കുമ്പോൾ തന്നെ - ഈ സന്ദർഭത്തിൽ സ്മരണീയമാണ്.

ഒരഖിലേന്ത്യാ മുസ്ലിം രാഷ്ട്രീയം സാധ്യമോ?
സാധ്യമെങ്കിൽ എങ്ങനെ?
ദൽഹിയിൽ 2020 ഫെബ്രുവരി അവസാനം നടന്ന വർഗീയ ഹിംസയും അതിൽ മുസ്ലിങ്ങൾ നേരിട്ട ഭീമമായ ജീവ-ഭൗതിക നഷ്ടങ്ങളും സംഭവം നടക്കുമ്പോൾ സകല രാഷ്ട്രീയ കക്ഷികളും പ്രകടിപ്പിച്ച നിസ്സംഗതയുമാണ് അഖിലേന്ത്യാതലത്തിലുള്ള മുസ്ലിം രാഷ്ട്രീയത്തിന്റെ സാധ്യതയെക്കുറിച്ചാലോചിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ആ ആലോചനകൾ ഒരു നീണ്ട ലേഖനമായി Outlook-ൽ പ്രസിദ്ധീകരിച്ചു. അത് വളരെയേറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും അന്ന് വഴിവച്ചു. (ആ ലേഖനത്തിന്റെ ഞാൻ തന്നെ ചെയ്ത മലയാളപരിഭാഷ ഡൂൾ ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു. അതിപ്പോഴും അവരുടെ വെബ്സൈറ്റിലുണ്ട്). അവയോട് പ്രതികരിച്ച് ഒരു മറുപടി Outlook-ൽ തന്നെ എഴുതേണ്ടിയുംവന്നു. ഇനി പറയുന്ന വാദങ്ങൾ ആ ലേഖനത്തിലെ പ്രധാന നിഗമനങ്ങളാണ്. അവയിൽ ഒരു പുനശ്ചിന്തനം ആവശ്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.
അന്നത്തെ ആലോചനകളിൽ ബോധ്യം വന്ന ഒരു കാര്യം, ഇന്ത്യൻ മുസ്ലിംകൾ സ്വയം സംഘടിക്കുന്നത് മാത്രമാണ് അവരുടെ മുമ്പിലുള്ള ഏക പോംവഴി എന്നതാണ്. അവർ ഇതുവരെ സ്വീകരിച്ച മറ്റുവഴികളെല്ലാം നിഷ്ഫലമായിരുന്നുവെന്നത് അവിതർക്കിതമാണ്. മുസ്ലിംകൾക്ക് വേണ്ടി അവർ തന്നെ സംഘടിപ്പിച്ച ഒരു രാഷ്ട്രീയകക്ഷി ദൽഹിയിൽ നിലവിൽ ഉണ്ടായിരുന്നെങ്കിൽ ഭ്രാന്ത വിദ്വേഷവുമായി നരനായാട്ടിനിറങ്ങിയ ഫാസിസ്റ്റ് ഗുണ്ടകളെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമായിരുന്നുവെന്നതുറപ്പാണ്.
‘മതനിരപേക്ഷ’ കക്ഷികളെന്ന് വിളിക്കപ്പെടുന്ന പാർട്ടികളെ ആശ്രയിക്കുകയും അവരുടെ വോട്ടിന് വേണ്ടി നടത്തുന്ന ചൂഷണത്തിന് നിരന്തരം വഴിപ്പെടുകയും ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് മുസ്ലിങ്ങൾ ഇനിയെങ്കിലും മാറിയേ തീരൂ.
പ്രതിരോധമെന്ന വാക്ക് ഞാനിവിടെ ഉപയോഗിക്കുന്നത് ശാരീരിക പ്രതിരോധമെന്ന പരിമിതമായ അർത്ഥത്തിലല്ല. അധികാരികളുടെ മേൽ സമ്മർദം ചെലുത്തൽ, ഇരകളുടെ വാസസ്ഥലങ്ങളിൽ ബഹുജനസാന്നിധ്യമുണ്ടാക്കി ഗുണ്ടകളെ ഭയപ്പെടുത്തൽ, മാധ്യമങ്ങളുമായി വ്യക്തവും കൃത്യവുമായ ആശയവിനിമയം നടത്തുവാൻ കഴിയുന്ന, പ്രദേശിക ദേശീയ പ്രാമുഖ്യമുള്ള വക്താക്കളും നേതാക്കളുമുണ്ടാവുക, ഇതെല്ലാം പ്രതിരോധത്തിന്റെ വിശാലാർത്ഥത്തിലുൾപ്പെടുന്നു. ‘മതനിരപേക്ഷ’ കക്ഷികളെന്ന് വിളിക്കപ്പെടുന്ന പാർട്ടികളെ ആശ്രയിക്കുകയും അവരുടെ വോട്ടിന് വേണ്ടി നടത്തുന്ന ചൂഷണത്തിന് നിരന്തരം വഴിപ്പെടുകയും ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് മുസ്ലിങ്ങൾ ഇനിയെങ്കിലും മാറിയേ തീരൂ. കലാപം നടന്ന ദൽഹിയിൽ മുസ്ലിങ്ങൾക്കുവേണ്ടി സംസാരിക്കാൻ കഴിയുന്ന പ്രാദേശികമായോ ദേശീയമായോ അറിയപ്പെടുന്ന ഒരൊറ്റ നേതാവ് പോലും അവർക്കിടയിലുണ്ടായില്ലെന്നത് നമ്മുടെ മുഖ്യധാരാ ‘മതനിരപേക്ഷ’ രാഷ്ട്രീയം എത്രമാത്രം ഉള്ളുപൊള്ളയാണെന്നതിന്റെ അവസാനത്തെ നിർദർശനമാണ്.
ഇന്ത്യൻ മുസ്ലിങ്ങളിലെ മഹാഭൂരിഭാഗത്തെയെങ്കിലും ഒരു രാഷ്ട്രീയ കുടക്കീഴിൽ കൊണ്ട് വരിക ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. ഇതിനനുകൂലമായി നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും.
ഒന്നാമതായി, പറയേണ്ട സംഗതി അതൊരമൂർത്തഘടകമാണെങ്കിലുംപ്പോലും സുപ്രധാനമാണ്. ജീവനും സ്വത്തിനും സ്വത്വത്തിന്റെ പേരിൽ മാത്രം ഏതു നിമിഷവും ഭീഷണി നേരിടാവുന്ന ഒരിന്ത്യൻ മുസ്ലിമിന്റെ കർത്തൃത്വം. അയാളെ എല്ലാ അർത്ഥത്തിലും പിന്തുണക്കുന്ന പൂർണ്ണമായും മതനിരപേക്ഷവാദിയായ അമുസ്ലിമിന്റെ കർത്തൃത്വത്തിൽ നിന്നു മനഃശാസ്ത്രപരമായി വ്യത്യസ്തമാണ്. ഇതിനർത്ഥം അവർ തമ്മിലുള്ള ഐക്യദാർഢ്യവും രാഷ്ട്രീയമായ ഇണക്കവും അപ്രസക്തമാണെന്നല്ല. സ്വന്തം പേരു മൂലം, അല്ലെങ്കിൽ വസ്ത്രധാരണത്തിന്റെ രീതിയോ ശരീരത്തിലെ അടയാളങ്ങളോ മൂലം കൊല്ലപ്പെടാവുന്ന ഒരാളുടെ മനോനില അങ്ങനെയല്ലാത്ത ഒരാളുടെ മനോനിലയിൽ നിന്നും മൗലികമായി വ്യതിരിക്തമാണ്. അത്തരം കൊലപാതകത്തിനും അക്രമത്തിനുമനുകൂലമായ നിലപാട് സ്വീകരിക്കുന്ന ഭരണകൂടവും, അതിന് ഓശാന പാടുന്ന നീതിന്യായ- മാധ്യമ-സാംസ്കാരിക ഘടനയും രൂഢമൂലമായ ഒരു രാജ്യത്ത് കർത്തൃത്വത്തെ സംബന്ധിച്ച ഈ നിരീക്ഷണം സവിശേഷമാം വിധം രാഷ്ട്രീയാർത്ഥപൂർണ്ണമാണ്.

ഇത് മനസ്സിലാക്കാൻ നല്ലൊരുദാഹരണമുണ്ട്. യോഗേന്ദ്രയാദവും നിധി രാസ്ദാനും ദൽഹി ഹിംസയുടെമൂർദ്ധന്യദശയിലെഴുതിയ സാമൂഹ്യമാധ്യമ (ട്വീറ്റ്) സന്ദേശങ്ങൾ നോക്കുക. ഇരുവരുടെയും മതനിരപേക്ഷപ്രതിബദ്ധതയിൽ എനിക്കൊരു സംശയവുമില്ല. ഒരു ബുദ്ധിജീവിയും ആദർശവാദിയായ രാഷ്ട്രീയക്കാരനുമെന്ന നിലയ്ക്ക് യാദവും സെക്യുലർ മാധ്യമപ്രവർത്തകയെന്ന നിലയ്ക്ക് രാസ്ദാനും മാതൃകാ വ്യക്തിത്വങ്ങളാണ്. അവരുടെ സന്ദേശങ്ങളുടെ മർമ്മം അമേരിക്കൻ പ്രസിഡണ്ട് ഇന്ത്യ സന്ദർശിക്കുമ്പോൾ നടക്കുന്ന കലാപം ഇന്ത്യയുടെ അന്തർദ്ദേശീയ പ്രതിച്ഛായക്കുണ്ടാക്കാവുന്ന ആഘാതത്തെക്കുറിച്ചായിരുന്നു. അതിൽ തെറ്റില്ലതാനും. ജീവനും സ്വത്തിനും നേർക്കുനേരെ ഭീഷണിനേരിടാത്ത അവരിരുവർക്കും വിശാലപ്രശ്നങ്ങളേക്കുറിച്ച് ബൗദ്ധികമായും രാഷ്ട്രീയമായും പ്രതികരിക്കാനുള്ള സൗകര്യമുണ്ട്.
പക്ഷേ ഒരു മുസ്ലിം പൗരനെ സംബന്ധിച്ച് അയാൾക്കത്തരം ആഡംബരങ്ങളില്ല. അതിജീവനവും ജീവരക്ഷയും മാത്രമേ അയാളുടെ മനസ്സിലുണ്ടാവൂ. ഒരു മുസ്ലിം പൗരനെ സംബന്ധിച്ചിടത്തോളം സംഘിഹിംസ അയാളുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും നേരെയുള്ള ഭീഷണിയാണ്. സാഹചര്യത്തിന്റെ ദാർശനിക രാഷ്ട്രീയമാനങ്ങളേക്കുറിച്ചോർക്കാനും പങ്കിടാനുള്ള പൗരസഹജമായ ബോധം അയാളുടെ മനോനിലയ്ക്കും കർത്തൃത്വത്തിനുമതീതമാണ്. ഇതേ കാര്യം പൗരത്വഭേദഗതിനിയമം, ദേശീയ പൗരത്വപ്പട്ടിക, ദേശീയജനസംഖ്യപ്പട്ടിക എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കർത്തൃത്വത്തിലെ മുസ്ലിം-അമുസ്ലിം വ്യത്യാസം പ്രസക്തമാണ്.
മുസ്ലിംകളുടെ ‘മതനിരപേക്ഷ’ രാഷ്ട്രീയകക്ഷികളോടുള്ള ആശ്രിതത്വം പ്രസ്തുതകക്ഷികൾക്ക് ധാരാളമായി ഗുണം ചെയ്തിട്ടുണ്ടെന്നല്ലാതെ മുസ്ലിംകൾക്ക് കാര്യമായ ഗുണമൊന്നുമുണ്ടായിട്ടില്ല.
മുസ്ലിം പൗരന് ഇവ അയാളുടെ ഭാരതീയ പൗരത്വത്തിനുനേരെയുള്ള അസ്തിത്വപരമായ ഭീഷണിയാണ്. അവയെ എതിർക്കുന്ന മറ്റുള്ളവർക്കാകട്ടെ അതൊരു രാഷ്ട്രീയ നൈതിക പ്രശ്നം മാത്രവും. കൊല്ലാൻ വരുന്ന സംഘീ ഗുണ്ടകളോട് ഒരു മുസ്ലിമിന് വാതിൽ തുറന്ന് ഇങ്ങനെ പറയാൻ കഴിയുമോ? ” സുഹൃത്തുക്കളേ... അമേരിക്കൻ പ്രസിഡണ്ട് ഇന്നിവിടെയുണ്ട്, ഇന്ന് നിങ്ങൾ ഞങ്ങളെ കൊല്ലുകയും വീട് കത്തിക്കുകയും ചെയ്താൽ നാടിന് ദുഷ്‌പേരാവും, രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് വരൂ”. ഇതൊരല്പം അതിശയോക്തി കലർന്ന താരതമ്യമാണ്. പക്ഷേ കർത്തൃത്വത്തിലെ മുസ്ലിം - മതനിരപേക്ഷമുസ്ലിമേതർ തമ്മിലുള്ള വ്യത്യാസം കൃത്യമായി വിശദീകരിക്കാൻ ഇത് വേണ്ടി വന്നു.
രണ്ടാമത്തെ കാരണം മുസ്ലിംകളുടെ ‘മതനിരപേക്ഷ’ രാഷ്ട്രീയകക്ഷികളോടുള്ള ആശ്രിതത്വം പ്രസ്തുതകക്ഷികൾക്ക് ധാരാളമായി ഗുണം ചെയ്തിട്ടുണ്ടെന്നല്ലാതെ മുസ്ലിംകൾക്ക് കാര്യമായ ഗുണമൊന്നുമുണ്ടായിട്ടില്ലെന്നതാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലുടനീളം ഇതിങ്ങനെ തന്നെയായിരുന്നു. അപൂർവ്വമായ അപവാദങ്ങൾ ഒഴിച്ചു നിർത്തിയാൽ വർഗീയകലാപങ്ങളിലൊന്നിൽപ്പോലും ‘മതനിരപേക്ഷ’ കക്ഷികൾ മുസ്ലിംകളുടെ ജീവനും സ്വത്തും രക്ഷിക്കാൻ രംഗത്തുണ്ടായിട്ടില്ല. (വർഗീയ കലാപം എന്നത് തന്നെ തെറ്റായ പ്രയോഗമാണ്. നെല്ലി, മുറാദാബാദ്, മലിയാന മുതൽ ഗുജറാത്ത്, വടക്ക് കിഴക്കൻ ദൽഹി വരെയുള്ളതെല്ലാം ഭരണകൂടപിന്തുണയോടെയുള്ള വംശഹത്യകളായിരുന്നു)

കലാപസമയത്ത് ‘മതനിരപേക്ഷ’ കക്ഷികളുടെ നേതാക്കൾക്കാർക്കു സംഘർഷസ്ഥലങ്ങൾ സന്ദർശിച്ച് ഇരകളെ പിന്തുണക്കാനും ആശ്വസിപ്പിക്കാനുമുള്ള ധൈര്യമുണ്ടായില്ല. ഇതിന് പ്രധാനകാരണം ഹിന്ദുവോട്ട് നഷ്ടപ്പെട്ടുപോകാമെന്ന ഭയമാണ്. ഹിന്ദുക്കൾ ഇരകളാണെന്ന സംഘപരിവാർ പ്രചാരണം ഗണ്യമായൊരു വിഭാഗം ഹിന്ദുക്കൾ വിശ്വസിച്ചു കഴിഞ്ഞുവെന്ന് അവർക്കുറപ്പുള്ളത് കൊണ്ടാണ് ഈ ഭയം. അതസ്ഥാനത്തല്ല താനും.
മുസ്ലിങ്ങൾക്ക് സ്വന്തമായി ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നെങ്കിൽ അവർക്ക് നിരുത്തരവാദപരമായി രംഗത്ത് നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നില്ല. അത്തരമൊരു നേതൃത്വം തങ്ങളുടെ ആൾക്കാർക്ക് പിന്തുണ നല്കുന്നതിനോടൊപ്പം മുസ്ലിങ്ങൾക്കിടയിലുള്ള മതഭ്രാന്തരെ തടയാനും മുന്നിട്ടിറങ്ങിയേനേ. നിരപരാധികളായ ഹിന്ദുക്കളെ പ്രതികാര വ്യഗ്രതയോടെ മുസ്ലിം ജനക്കൂട്ടങ്ങളക്രമിച്ച സംഭവങ്ങളും ദൽഹിയിലുണ്ടായിട്ടുണ്ട്. നല്ലൊരു സമുദായനേതൃത്വം ഉണ്ടായിരുന്നുവെങ്കിൽ അത് തടയപ്പെട്ടേനെ.
ശരിയായ രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യരാഷ്ട്രീയ നേതൃത്വം ഇന്ത്യൻ മുസ്ലിങ്ങളിലുണ്ടായാൽ തീവ്രവാദപ്രവണതകളും ചിന്താശൂന്യമായ ഏറ്റുമുട്ടലുകളും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. രാജ്യത്തെ സമകാലികരാഷ്ട്രീയ സാഹചര്യം എല്ലാനിലയ്ക്കും മുസ്ലിങ്ങളെ സംഘടിച്ചിടത്തോളം പ്രതികൂലമാണ്. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനാഗ്രഹിക്കുന്ന തീവ്രവാദകർക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്.
ഇന്ത്യൻ മുസ്ലിങ്ങൾ ഇതുവരെ ആഗോള ജിഹാദി സാഹസികതയുടെ ആകർഷണ വലയത്തിലകപ്പെടാതിരുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സ്വന്തം നാടാണിതെന്ന വൈകാരികബോധമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന തുല്യപൗരത്വം, അത് ഫലത്തിൽ അത്ര തുല്യമല്ലെങ്കിലുംപ്പോലും ഇന്ത്യൻ മുസ്ലിമിനെ വൈകാരികമായി ഈ രാജ്യത്തിന്റെ ഹൃദയത്തോടു ചേർത്ത്നിറുത്തിയിരുന്നു. ഇന്നതല്ല സ്ഥിതി. ഭരണഘടന മാറിയിട്ടില്ല, പക്ഷേ അത് നടപ്പാക്കേണ്ടവർ നാഴികക്കു നാല്പതുവട്ടം ഈ രാജ്യം നിങ്ങളുടേതല്ലെന്നും നിങ്ങളുടെ കൂട്ട് ഈ മണ്ണിനോടല്ലെന്നും നിരന്തരമായി, പച്ചയായി പറഞ്ഞ് കൊണ്ടിരിക്കുകയാണ്. മനഃശാസ്ത്രപരമായ പൗരത്വനിഷേധം പലവട്ടം സംഭവിച്ചുകഴിഞ്ഞു.
പൗരത്വഭേദഗതി നിയമവും ദേശീയപൗരത്വപ്പട്ടികയും അതിനെ മനഃശാസ്ത്രതലത്തിൽ നിന്ന് വാസ്തവികതയിലേയ്ക്ക് പരിണമിപ്പിക്കാനുള്ള നിഗൂഢ തന്ത്രങ്ങളാണെന്നവർ ന്യായമായും ഭയപ്പെടുന്നു. ഇതിനൊക്കപ്പുറമെ മിത്രങ്ങളും സഖ്യകക്ഷികളും - ‘മതനിരപേക്ഷ’ കക്ഷികൾ - തങ്ങളെ പരിപൂർണ്ണമായും വഞ്ചിക്കുകയും കയ്യൊഴിയുകയും ചെയ്തുവെന്നും അവർ മനസ്സിലാക്കുന്നു. ഇന്ത്യൻ ദേശീയ രാഷ്ട്രത്തിന്റെ സകല സംവിധാനങ്ങളിലും - ഭരണകൂടം, പോലീസ്, നീതിന്യായവ്യവസ്ഥ, മാധ്യമങ്ങൾ, രാഷ്ട്രീയകക്ഷികൾ, പൗരസമൂഹം --ഇന്ത്യൻ മുസ്ലിങ്ങൾക്ക് വിശ്വാസം നഷ്ടമായിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്.
അതിതീവ്ര ചിന്താഗതികളും റാഡിക്കൽ വിദ്വേഷഭാവനകളും എല്ലാ അർത്ഥത്തിലും കൊടികുത്തിവാഴുന്ന ഒരു രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്ന നാട്ടിൽ, നൈതികബോധവും ഭരണഘടനാത്മകമായ ആശയാദർശങ്ങളോട് അചഞ്ചലമായ പ്രതിബദ്ധതയുമുള്ള ഒരു രാഷ്ട്രീയ സാമൂഹ്യനേതൃത്വത്തിന് മാത്രമേ ഇന്ത്യൻ മുസ്ലിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാൻ സാധിക്കൂ. അത്തരമൊരു നേതൃത്വം ഉദയം ചെയ്തില്ലെങ്കിൽ ഇന്നത്തെ നേതൃശൂന്യതയിലേക്ക് വിജയശ്രീലാളിതരായി കടന്നുവരുന്നത് കടുത്ത മതഭ്രാന്തരും വികാരപ്രചാരകരുമായിരിക്കും. അതേ സമയം, പുതിയ നേതൃത്വവും രാഷ്ട്രീയ സംഘാടനവും എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടും വ്യക്തമായ ധാരണയും ഉണ്ടാകേണ്ടത് അനിവാര്യമത്രേ.
പുതിയ മുസ്ലിം രാഷ്ട്രീയം സമുദായത്തിനകത്തു പുറത്തുമുള്ള വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന കാര്യത്തിൽ ഗാന്ധിയൻ വിശാലത പുലർത്തണം. ഉൾക്കൊള്ളാനുള്ള സന്നദ്ധത മാത്രമല്ല പോരാ, നേത്യത്വത്തിലും അണികളിലും മുസ്ലിം സമുദായത്തിലെ സമസ്തധാരകളുടെയും സാന്നിധ്യവും സജീവ പ്രതിനിധാനമുള്ളതുമാവണം അതിന്റെ നേതൃത്വം
പുതിയൊരു മുസ്ലിം രാഷ്ട്രീയത്തിന്റെ
അഭിലഷണീയ ലക്ഷണങ്ങൾ
സമകാല ഇന്ത്യൻ മുസ്ലീം രാഷ്ട്രീയത്തിന്റെ അഭിലഷണീയലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പുതിയ മുസ്ലിം രാഷ്ട്രീയം സമുദായത്തിനകത്തു പുറത്തുമുള്ള വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന കാര്യത്തിൽ ഗാന്ധിയൻ വിശാലത പുലർത്തണം. ഉൾക്കൊള്ളാനുള്ള സന്നദ്ധത മാത്രമല്ല പോരാ, നേത്യത്വത്തിലും അണികളിലും മുസ്ലിം സമുദായത്തിലെ സമസ്തധാരകളുടെയും സാന്നിധ്യവും സജീവ പ്രതിനിധാനമുള്ളതുമാവണം അതിന്റെ നേതൃത്വം. മുസ്ലിം പേരുള്ളതുകൊണ്ട് സംഘപരിവാർ ആക്രമണത്തിനിരയാകേണ്ടി വരുന്ന എല്ലാവർക്കും തുല്യകക്ഷിത്വമുള്ള രാഷ്ട്രീയമാകണം ഇത്. മുസ്ലിം - എന്ന പദം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ‘ഇരത്വ’ത്തിന്റെ അടിസ്ഥാനത്തിലാകണം ഇവിടെ നിർവചിക്കപ്പെടേണ്ടത്.
ഇതിന്റെ നേത്യത്വത്തിൽ വലിയൊരു വിഭാഗം സ്ത്രീകളായിരിക്കണം. നമ്മുടെ രാഷ്ട്രീയത്തെ ഇത്രമേൽ നിരാശാജനകവും മനുഷ്യവിരുദ്ധവും മൂല്യനിരപേക്ഷവുമാക്കിയതിൽ ആൺകോയ്മക്ക് വലിയ പങ്കുണ്ട്.
ശഹീൻബാഗ് ഇതിനൊരനന്യമായ ഉദാഹരണവും അനുകരണീയമായ മാതൃകയുമാണ്. പെണ്ണുങ്ങളുടെ നേതൃത്വവും പങ്കാളിത്തവും ശഹീൻബാഗിനെ സാധാരണ രാഷ്ട്രീയ സമരങ്ങളിൽ നിന്ന് ഗുണപരമായി വ്യത്യസ്തമാക്കി. അനിർവചനീയമായ ഒരു കുലീനത, ഹിംസയോടുള്ള സ്വാഭാവികവും ജൈവികവും ഉദാത്തവുമായ വിമുഖത, അത്യസാധാരണമായ ക്ഷമയും സഹനശക്തിയും ഇഴചേർന്ന മനോഭാവം - ഇതെല്ലാം സാധ്യമാക്കിയത് നേതൃത്വത്തിലെ സ്ത്രീപങ്കാളിത്തമാണ്. പെണ്ണുങ്ങൾ നേത്യത്വത്തിലേക്ക് വരുന്നത് മുസ്ലിം സമുദായത്തിലെ ആന്തരിക പരിവർത്തനത്തിനും വലിയൊരു നിമിത്തവും പ്രേരകവുമായിമാറും. പുതിയ മുസ്ലിം രാഷ്ട്രീയം ലിംഗനീതിയിലധിഷ്ഠിതമായിരിക്കണം. പുതിയ മുസ്ലിംരാഷ്ട്രീയം മതചിഹ്നങ്ങളെയും മതാത്മകമുദ്രാവാക്യങ്ങളെയും പൂർണ്ണമായി ഒഴിവാക്കണം. ഇന്ത്യൻ ദേശീയതയുടെയും ദേശഭക്തിയുടെയും ചിഹ്നങ്ങളും മുദ്രാവാക്യങ്ങളുമാവണം അതിനെ നിർവചിക്കുന്നത്, ഇവിടെയും ശഹീൻബാഗ് ഉത്തമമാതൃകയാണ്. ദേശീയതയുടെ ചിഹ്നങ്ങളെ സ്വന്തമായി പ്രയോഗിക്കുന്നത് രാഷ്ട്രീയമായ അടവോ തന്ത്രമോ എന്ന നിലയ്ക്കല്ല, മറിച്ച് പൗരത്വാവകാശത്തെ സ്ഥാപിക്കുന്നതിനുള്ള ആവേശോദയകമായ ഒരു രാഷ്ട്രീയ നീക്കമെന്ന നിലയ്ക്കാണ്. ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന്റെ ചരിത്ര പ്രതീകങ്ങളെയും ഉദാത്തചിഹ്നങ്ങളെയും ഭരണഘടനയുടെ പീഠികയേയുമൊക്കെ വികാരഭരിതമായി ശഹീൻബാഗ് ആഘോഷിച്ചപ്പോൾ ഉദയം കൊണ്ടത് മതനിരപേക്ഷമായ, അതേസമയം സ്വത്വ നിരാസപരമല്ലാത്ത പുതിയൊരു രാഷ്ട്രീയ ഭാഷയും ശൈലിയുമായിരുന്നു.

ഇന്ത്യൻ മുസ്ലിങ്ങളുടെ പുതിയ രാഷ്ട്രീയം ഒരു കേന്ദ്രീകൃത മാതൃകയിലാവരുത്. അയഞ്ഞ ഘടനയുള്ള, ഒരു കുടക്കീഴിൽ വിവിധ പ്രദേശങ്ങളിലെയും സംഘടനകളിലെയും വൈവിധ്യമാർന്ന മുസ്ലിം ജനസാമാന്യത്തെ ഒരുമിപ്പിക്കുന്ന രീതിയാണ് പലകാരണങ്ങൾ കൊണ്ടും അഭികാമ്യം. ഇന്ത്യയിലെ മുസ്ലിംകളിലെ ബഹുസ്വരതയെയും വൈവിധ്യത്തെയും അതുൾക്കൊള്ളണം. ഓരോ സംസ്ഥാനത്തെയും വസ്തുനിഷ്ഠസാഹചര്യം മൗലികമായി വ്യത്യസ്തമാണ്. ഉത്തർപ്രദേശിലെ മുസ്ലിമിനാവശ്യമായ രാഷ്ട്രീയ സമീപനമല്ല കേരളത്തിലെ മുസ്ലിമിന് അനുയോജ്യം. ദേശീയതലത്തിലുള്ള ഒരൊറ്റക്കക്ഷിയിൽ പ്രാദേശികമോ ഭാഷാപരമോ ആയ ആന്തരിക അധീശത്വം രൂപപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. ഇങ്ങനെയുള്ള വൈവിധ്യമാർന്ന സംഘടനകളെ ദേശീയതലത്തിൽ ഏകോപിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ആവശ്യം. പൊതുവായ രണ്ട് ഘടകങ്ങൾ അതിന് അനിവാര്യമാണ്. ഭരണഘടനാത്മകവും സാർവ്വജനീനവുമായ ധാർമ്മിക നൈതികപ്രതിബദ്ധതയും, ഇന്ത്യയെ സമനില തെറ്റുന്നതിനു മുമ്പുള്ള അവസ്ഥയിലേയ്ക്ക് തിരിച്ചു കൊണ്ടു പോകുവാൻ കഴിയുന്ന സ്വപ്നവും വിശ്വാസവും. പൗരസമൂഹ കൂട്ടായ്മകളുമായി പുതിയ മുസ്ലിം രാഷ്ട്രീയം അടുത്ത ബന്ധം സ്ഥാപിക്കുകയും പരസ്പരസഹകരണം ഉറപ്പ് വരുത്തുകയും വേണം. വർഗീയത, പരിസ്ഥിതി നാശം, മനുഷ്യാവകാശ ലംഘനങ്ങൾ, പൗരസ്വാതന്ത്ര്യ നിഷേധങ്ങൾ എന്നിവക്കെതിരെ പ്രവർത്തിക്കുന്ന ധാരാളം പൗരസമൂഹങ്ങൾ ഇന്ത്യയിലുണ്ട്. അവയുടെ നേതാക്കളും പ്രവർത്തകരും സാമൂഹ്യ പ്രതിബദ്ധതയും നൈതികനിഷ്ഠയും പുലർത്തുന്നവരാണ്. രാഷ്ട്രീയകക്ഷികളെപ്പോലെ താൽക്കാലിക ലാഭത്തിനായി നയവഞ്ചനയും അവിഹിതമായ അനുരഞ്ജനങ്ങളും അവയുടെ പതിവല്ല.
ഒരു ഉദാഹരണം മതി ഇത് സമർത്ഥിക്കാൻ. ഇന്ത്യയിലെ മിക്ക ‘മതനിരപേക്ഷ’ രാഷ്ട്രീയ കക്ഷികളും ഒരിക്കലെങ്കിലും അധികാരത്തിനായി ബി.ജെ.പിയുമായി സഖ്യം സ്ഥാപിച്ചവരാണ്. കോൺഗ്രസാവട്ടെ ബി.ജെ.പി മൊത്തമായി ചെയ്യുന്നതെല്ലാം കാര്യലാഭത്തിനായി ചില്ലറയായി ചെയ്തിട്ടുണ്ട്. അതേസമയം പൗരസമൂഹകൂട്ടായ്മകളിൽ മിക്കവയും ഒരുതരത്തിലും അവിഹിത അനുരഞ്ജനങ്ങൾക്ക് മുതിർന്നിട്ടില്ല.
പുതിയ മുസ്ലിം രാഷ്ട്രീയം മുസ്ലിം പ്രശ്നങ്ങളിൽ മാത്രം ഇടപെടുന്ന പാർട്ടിരീതി മാറ്റി പൊതു സമൂഹത്തിന്റെ ജീവൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടണം.
ചുരുക്കിപ്പറഞ്ഞാൽ, പുതിയ മുസ്ലിം രാഷ്ട്രീയം ഇന്ത്യയിലെ അവശേഷിക്കുന്ന ആദർശവാദികളായ പൗരസമൂഹവുമായി ഗാഢമായ പങ്കാളിത്തം സ്ഥാപിക്കണം. മുസ്ലിം പ്രശ്നങ്ങളിൽ മാത്രം ഇടപെടുന്ന പാർട്ടിരീതി മാറ്റി പൊതു സമൂഹത്തിന്റെ ജീവൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെടണം.
നാം വിഭാവനം ചെയ്യുന്ന മുസ്ലിം രാഷ്ട്രീയം ഹൈന്ദവരെ അതിഹൈന്ദവരാക്കുന്ന, അവരെ സംഘപരിവാർ പാളയത്തിലേക്ക് നയിക്കാനിടയുള്ള ഒരു പ്രവർത്തിയിലും ഏർപ്പെടരുത്. ഹൈന്ദവനും ‘സംഘി’യും തമ്മിലുള്ള വ്യത്യാസം മുസ്ലിംകൾ കൃത്യമായി തിരിച്ചറിയുന്നത് അവരുടെ വാക്കിലും പ്രവൃത്തിയിലും വ്യക്തമായി പ്രതിഫലിക്കണം. പുതിയ മുസ്ലിം രാഷ്ട്രീയം സ്വത്വസമർത്ഥനത്തിനുള്ള പ്രലോഭനത്തെ പ്രതിരോധിക്കുകയും പൗരത്വ സമർത്ഥനത്തിനുള്ളശ്രമങ്ങളിൽ നിരന്തമായി ഊന്നുകയും വേണം.
ഹർഷ് മന്ദർ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞു: ‘ഇവിടെ സന്നിഹിതരായ മുസ്ലിം സഹോദരി സഹോദരന്മാരും കുട്ടികളും സ്വന്തം തീരുമാനപ്രകാരം ഇന്ത്യക്കാരായവരാണ്. എന്നെപ്പോലെയുള്ളവർ യാദൃച്ഛികമായി ഇന്ത്യക്കാരായവരാണ്. ഞങ്ങൾക്ക് തെരഞ്ഞെടുക്കാൻ മറ്റൊരു രാജ്യമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് ഈ രാജ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ നിങ്ങൾ മുസ്ലിംകൾക്ക് തെരഞ്ഞെടുക്കാൻ മറ്റൊരു രാജ്യമുണ്ടായിരുന്നു. പക്ഷേ നിങ്ങളുടെ പൂർവ്വപിതാക്കൾ ഈ രാജ്യത്ത് ജീവിക്കാനാണ് തീരുമാനിച്ചത്. ഇന്ന് ഈ രാജ്യം ഭരിക്കുന്നവർ പാകിസ്ഥാൻ സ്വപ്നം കണ്ട മുഹമ്മദലി ജിന്ന ശരിയായിരുന്നുവെന്നും മഹാത്മാഗാന്ധി തെറ്റായിരുന്നുവെന്നും തെളിയിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലിന്നു ജീവിക്കുന്ന മുസ്ലിംകളുടെ ധാർമ്മികവും ചരിത്രപരവുമായ കർത്തവ്യമാണ് ജിന്നയും സവർക്കറും തെറ്റായിരുന്നുവെന്ന് തെളിയിക്കൽ. ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച തങ്ങളുടെ പിതാമഹന്മാരോടുള്ള ആദരാഞ്ജലികൾ അർപ്പിക്കാൻ അവരുടെ മുമ്പിലുള്ള ഏറ്റവും ശ്രേഷ്ഠമായ മാർഗമാണത്’.

▮
(2026 ജൂലൈ രണ്ടിന് കോഴിക്കോട് സർവ്വകലാശാലയിലെ സി. എച്ച് ചെയറിൽ നടത്തിയ എം ഐ തങ്ങൾ സ്മാരക പ്രഭാഷണം. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് അപൂർവ്വമായ ഉൾക്കാഴ്ചയും കാഴ്ചപ്പാടും തന്റെ രചനകളിലൂടെ പ്രദർശിപ്പിച്ച എം ഐ തങ്ങൾ ദർശനവും ചരിത്രവും രാഷ്ട്രീയവും സമഞ്ജസമായി സമ്മേളിക്കുന്ന വിശകലനരീതിയാണ് പിന്തുടർന്നത്. 2019- ൽ അന്തരിച്ച അദ്ദേഹത്തിന്റെ ചിന്തയെ കേരളം വേണ്ടത്ര ശ്രദ്ധിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടില്ല.)
