അസദുദ്ദീൻ ഒവൈസിയെന്ന രാഷ്ട്രീയനേതാവിനും അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കും മുഖ്യധാരാ മാധ്യമങ്ങൾ കൊടുക്കുന്ന സമയവും ഇടവും പലപ്പോഴും ആശ്ചര്യകരമാണ്. രാജ്യത്തുടനീളം നോക്കിയാൽ 0.20% വോട്ട് മാത്രമുള്ള ഒരു പാർട്ടിയും അവരുടെ നേതാവും പലപ്പോഴും ദേശീയപാർട്ടികളെക്കാൾ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത് കാണാം. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകാലങ്ങളിൽ, മതേതര പാർട്ടികളെയും സർക്കാരുകളെയും ആക്രമിക്കുന്ന, ‘മുസ്ലിം പ്രശ്നങ്ങൾ' ഉയർത്തുകയും ‘മതേതരത്വത്തെ' തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒവൈസി പ്രസ്താവനകൾ കൂടുതൽ സജീവമാവും. മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയെന്ന മട്ടിലാണ് ഇതെല്ലാം സാധാരണ അരങ്ങേറാറുള്ളത്.
പ്രധാനമായും മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയും, മുൻകാല സർക്കാരുകൾ അവരെ പരിഗണിച്ചില്ലെന്നാവർത്തിച്ച് വോട്ടഭ്യർഥിക്കുകയും ചെയ്യുന്ന അസദുദ്ദീൻ ഒവൈസിയും അദ്ദേഹത്തിന്റെ എ.ഐ.എം.ഐ.എം. (AIMIM) പാർട്ടിയും, ബി.ജെ.പി.യെ വിമർശിക്കാറുണ്ടെങ്കിലും, കോൺഗ്രസും മതേതരത്വവുമാണ് ഒട്ടുമിക്ക ഇടങ്ങളിലെയും പ്രധാന എതിരാളിയായി വരാറ്.രാജ്യത്തിന്റെ ഗതിവിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, തെരഞ്ഞെടുപ്പുകളും വിഭാഗീയതയും ഭാവിയിലേക്ക് കളമൊരുക്കുന്ന കാലത്ത് ഒവൈസിയുടെ പാർട്ടി എന്നതിലപ്പുറം, ഇത്തരം മത-സാമുദായികാടിസ്ഥാനത്തിലുയരുന്ന പ്രസ്താവനകൾക്കും വോട്ട് ബാങ്കുകൾ ലക്ഷ്യംവച്ചും മുറിച്ചുമാറ്റിയുമൊരുങ്ങുന്ന കണക്കിലെ കളികൾക്കും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചില ചോദ്യങ്ങളുമുയരുന്നു.
മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗത്തിന്റെയും സാമൂഹ്യ പിന്നാക്കാവസ്ഥയും രാഷ്ട്രീയമായി അവർ നേരിട്ട അവഗണനകളും യാഥാർഥ്യം തന്നെയാണെന്നിരിക്കെ, മതേതരത്വത്തെ തന്നെ വില്ലനാക്കി ഒവൈസി നടത്തുന്ന രാഷ്ട്രീയമത്സരങ്ങളും പ്രസ്താവനകളും അത് പരിഹരിക്കാൻ വേണ്ടിയുള്ളതുതന്നെയാണോ? രാജ്യത്തുടനീളമുള്ള മുസ്ലിംകൾക്കുവേണ്ടി സംസാരിക്കുന്നു, പ്രതിനിധീകരിക്കുന്നു, ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്ന അദ്ദേഹത്തിന്റെ അവകാശവാദത്തിൽ എത്രത്തോളം വസ്തുതയുണ്ട്? സഖ്യകക്ഷിയായ ടി.ആർ.എസ്. അധികാരത്തിലുള്ള, എ.ഐ.എം.ഐ.എം. ശക്തികേന്ദ്രമായ തെലങ്കാനയിലെ, 1984 മുതൽ ഒവൈസി കുടുംബം പ്രതിനിധീകരിക്കുന്ന ഹൈദരാബാദിലെ മുസ്ലിം സമൂഹത്തിന്റെ അവസ്ഥയെന്താണ്?
ഒരുപരിധിവരെ അതിനുത്തരം കണ്ടെത്താൻ, ഇത്രയും കാലത്തെ സാമുദായിക രാഷ്ട്രീയ പ്രവർത്തനത്തിൽ ഒവൈസിയും പാർട്ടിയും എന്തു ചെയ്തുവെന്ന, എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവന്നു എന്ന അന്വേഷണത്തിന് സാധിക്കും.
ഒവൈസിയുടെ തട്ടകത്തിലെ മുസ്ലിംകളുടെ അവസ്ഥ
തെരഞ്ഞെടുപ്പുകൾ നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മോശം ജീവിതസാഹചര്യങ്ങളെക്കുറിച്ചും മുസ്ലിംകളുടെ പാർശ്വവത്കരണത്തെക്കുറിച്ചും സംസാരിക്കുന്ന ഒവൈസി, സ്വന്തം തട്ടകമായ, സഖ്യകക്ഷിയായ ടി.ആർ.എസ്. അധികാരത്തിലുള്ള തെലങ്കാനയെക്കുറിച്ച് അധികം സംസാരിച്ചുകേട്ടിട്ടില്ല എന്നതാണ് വസ്തുത. മതേതരകക്ഷികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തന്നെ ‘വിമർശനങ്ങൾ' പരിഗണിക്കുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടിക്ക് ശക്തമായ സാന്നിധ്യവും അധികാരപങ്കാളിത്തവുമുള്ള സംസ്ഥാനത്തെ മുസ്ലിംകളുടെ അവസ്ഥ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാവേണ്ടതാണല്ലോ - പക്ഷേ, കണക്കുകൾ നേരെ തിരിച്ചാണ് പറയുന്നത്.
2021 സെപ്തംബറിൽ നടന്ന ‘മുസ്ലിംസ് ഇൻ തെലങ്കാന' എന്ന ചർച്ചയിൽ, സംസ്ഥാനത്ത് ദാരിദ്ര്യത്തിലേക്ക് വീഴുന്ന മുസ്ലിംകളുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ 20% സമൂഹത്തിൽ വലിയൊരു വിഭാഗം മുസ്ലിംകളാണെന്നും പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ അമീറുള്ളാ ഖാൻ ചൂണ്ടിക്കാട്ടിയിരുന്നു. തെലങ്കാനയിലെ മുസ്ലിംകൾക്കിടയിൽ ദാരിദ്ര്യം വർധിച്ചുവരികയാണെന്ന് ആ ചടങ്ങിൽ പങ്കെടുത്ത അസദുദ്ദീൻ ഒവൈസിയും അംഗീകരിച്ചു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി ഇക്കാര്യം അടിയന്തരമായി ചർച്ച ചെയ്യുമെന്നും ഉടനെ നടപടിയെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നുമായിരുന്നു ഒവൈസിയുടെ മറുപടി. ഇക്കാലമത്രയും ഈ വസ്തുതയും സ്വന്തം മണ്ഡലത്തിലെ സ്ഥിതിവിവരക്കണക്കുകളും അറിഞ്ഞിട്ടില്ലാത്തപോലെ.
തെലങ്കാനയിലെ മുസ്ലിം സമുദായത്തിന്റെ മോശം ജീവിതസാഹചര്യങ്ങളെ കുറിച്ച് വന്ന ആദ്യത്തെ റിപ്പോർട്ടായിരുന്നില്ല അത്. ‘സതേൺ റീജിയണൽ സെന്റർ കൗൺസിൽ ഫോർ സോഷ്യൽ ഡെവലപ്മെൻറ്’ 2018-ൽ നടത്തിയ മറ്റൊരു പഠനം ഹൈദരാബാദ് നഗരത്തിലെ (അസദുദ്ദീൻ ഒവൈസി പ്രതിനീധികരിക്കുന്ന ലോക്‌സഭാമണ്ഡലം) ചേരികളിലെ മുസ് ലിംകളുടെ സ്ഥിതി ‘ദയനീയ'മാണെന്നാണ് അടയാളപ്പെടുത്തിയത്.
നഗരത്തിലെ 19 ചേരികളിലായുള്ള 2,354 വീടുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനം അനുസരിച്ച്, ചേരികളിലെ മുസ്ലിംകളുടെ ജീവിതസാഹചര്യം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വളരെ മോശമായിരുന്നു. സാക്ഷരതാ നിലവാരം, തൊഴിലവസരങ്ങൾ, പാർപ്പിടസൗകര്യങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങളിൽ അതേ പ്രദേശത്തുനിന്നുള്ള ഹിന്ദു സമൂഹവുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ വിടവുണ്ടായിരുന്നു.
ഉദാഹരണത്തിന്, ഹൈദരാബാദ് ചേരികളിൽ താമസിക്കുന്ന മുസ്ലിംകളിൽ 6.1 ശതമാനം പേർ മാത്രമാണ് ശമ്പളമുള്ള ജോലികൾ ചെയ്തിരുന്നതെങ്കിൽ 28 ശതമാനം ഹിന്ദുക്കൾക്ക് സ്ഥിരവരുമാനമുള്ള ജോലിയുണ്ട്. 19 ചേരികളിൽ നിന്നുള്ള 43.1 ശതമാനം മുസ്ലിംകളും താത്കാലിക വീടുകളിൽ താമസിക്കുന്നതായി കണ്ടെത്തി. മിക്ക വീടുകളും 100 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ളവയാണ്. വീട്ടുജോലി, മാലിന്യം വൃത്തിയാക്കൽ, റിക്ഷ വലിക്കൽ തുടങ്ങിയ താഴ്ന്ന വരുമാനമുള്ള ജോലികളാണ് കൂടുതൽ പേരും ചെയ്യുന്നത്.
2020 ഏപ്രിലിൽ ഒരു എൻ.ജി.ഒ. നടത്തിയ മറ്റൊരു സർവേയിൽ നഗരത്തിലെ 63% മുസ്ലിംകളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നും കൂടുതലും സർക്കാർ തുച്ഛമായ ദൈനംദിന വരുമാനത്തിലും ജീവകാരുണ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരാണെന്നും വെളിപ്പെടുത്തുന്നു. മുസ്ലിംകളുടെ അല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദികൾ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളുടെ പ്രതിനിധാനക്കുറവുമാണെന്ന അസദുദ്ദീൻ ഒവൈസിയുടെ തന്നെ വിമർശനങ്ങൾ അടിസ്ഥാനമാക്കിയാൽ, ഈ സാഹചര്യങ്ങൾക്ക് ഒവൈസിയും എ.ഐ.എം.ഐ.എമ്മും ഉത്തരവാദിത്വമേറ്റെടുക്കേണ്ടിവരും.
നാല് പതിറ്റാണ്ടായി അധികാരം കയ്യാളുന്ന ഒവൈസി കുടുംബം
38 വർഷമായി എ.ഐ.എം.ഐ.എം., അഥവാ ഒവൈസിയുടെ കുടുംബമാണ് ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം പ്രതിനിധീകരിക്കുന്നത്. 1984 മുതൽ 2004-ൽ വിരമിക്കുന്നതുവരെ അസദുദ്ദീൻ ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസിയും ശേഷം 2004 മുതൽ
അസദുദ്ദീൻ ഒവൈസിയുമാണ് നഗരത്തെ പ്രതിനിധീകരിക്കുന്ന എം.പി.മാർ. ഏകദേശം നാല് പതിറ്റാണ്ടായുള്ള അധികാരം. (ഇതേ ഒവൈസി കോൺഗ്രസിനെ ഒരു ‘കുടുംബ ബിസിനസ്' എന്നു പരിഹസിക്കാറുണ്ട് എന്നത് വേറെ കാര്യം.)
നിയമസഭയിൽ ഏഴ് എം.എൽ.എ.മാരുള്ള ഒവൈസിയുടെ പാർട്ടി, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയുടെ സഖ്യകക്ഷി കൂടിയാണ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായി അടുത്ത ബന്ധം പങ്കിടുകയും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പരസ്പരം പ്രചാരണത്തിനെത്താറുമുണ്ട്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 119 നിയമസഭാ മണ്ഡലങ്ങളിൽ എട്ടിടത്ത് മാത്രമാണ് എ.ഐ.എം.ഐ.എം. സ്ഥാനാർഥികളെ നിർത്തിയിരുന്നത്, മറ്റിടങ്ങളിലെല്ലാം ടി.ആർ.എസിനെ പിന്തുണച്ചു.
തദ്ദേശതലത്തിൽ, മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഹൈദരാബാദും (എം.സി.എച്ച്.) സമീപമുള്ള മുനിസിപ്പാലിറ്റികളും ലയിപ്പിച്ച് 2007-ൽ രൂപീകരിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജി.എച്ച്.എം.സി.) 44 സീറ്റുകളുമായി എ.ഐ.എം.ഐ.എമ്മിന് ശക്തമായ സാന്നിധ്യമുണ്ട്. 2021-ൽ ടി.ആർ.എസ്. മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും നേടിയതും ഒവൈസിയുടെ പിന്തുണയോടെയാണ്. സമീപകാലത്തു മാത്രമല്ല, 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പുതന്നെ എ.ഐ.എം.ഐ.എമ്മിന് പ്രാദേശിക അധികാരതലങ്ങളിൽ നല്ലൊരു പങ്കുണ്ടായിരുന്നു. 1986-1991 കാലഘട്ടത്തിലും 2012 - 2014 വരെയും തുടർച്ചയായി മേയർ സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
അധികമാർക്കും അറിയാത്ത അല്ലെങ്കിൽ ഓർക്കാത്തൊരു കാര്യം, ഇപ്പോൾ കോൺഗ്രസിന്റെ നിശിതവിമർശകനായ അസദുദ്ദീൻ ഒവൈസിയും പാർട്ടിയും 2012 വരെ കേന്ദ്രത്തിലും ആന്ധ്രപ്രദേശിലും ഭരിക്കുന്ന കോൺഗ്രസിനെ പിന്തുണച്ചിരുന്നു എന്നതാണ്. 2009-ലെ ഹൈദരാബാദ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം. 150-ൽ 43 സീറ്റും നേടിയപ്പോൾ, 2010-ൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് കോൺഗ്രസ് - എ.ഐ.എം.ഐ.എം. സഖ്യം തൂത്തുവാരിയിരുന്നു.
ചുരുക്കിയാൽ, ഹൈദരാബാദിന്റെ, അല്ലെങ്കിൽ തെലങ്കാനയുടെ, അതിനും പിന്നോട്ടുപോയാൽ ആന്ധ്രപ്രദേശിന്റെ തന്നെ അധികാര ഇടനാഴിയിൽ, എ.ഐ.എം.ഐ.എം. എന്ന മുസ്ലിം പാർട്ടിക്ക് എല്ലാ തലത്തിലും, ദീർഘകാലമായി നല്ല ഇടവും പ്രാതിനിധ്യവും സ്വാധീനവുമുണ്ട്. പ്രാദേശിക, നിയമനിർമാണ, ലോക്‌സഭാ തലങ്ങളിൽ, ഇത്രയും വർഷമായി അധികാരവിഹിതമുണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും അവിടത്തെ മുസ്ലിം സമുദായം കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് പോകുന്നത്? ഇത്രയും ദീർഘകാലമായിട്ടും, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കുന്ന, അവിടെ മത്സരിച്ച് വലിയ മാറ്റമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന ഒവൈസിക്ക് എന്തുകൊണ്ടാണ് തെലങ്കാനയിലെ, സ്വന്തം മണ്ഡലത്തിലെ, മുസ്ലിം സമുദായത്തെ സാമ്പത്തികമായും സാമൂഹ്യമായും ഒരു മാതൃകാന്യൂനപക്ഷ സമുദായമായി ഉയർത്തിക്കൊണ്ടുവരാനാവാത്തത്?
നാലു പതിറ്റാണ്ടോളമായി പ്രതിനിധീകരിക്കുന്നവർക്ക്, സംസ്ഥാന അധികാരത്തിൽ നിർണായക സ്വാധീനമുള്ളവരല്ലെങ്കിൽ, വേറെയാരാണ് ഹൈദരാബാദിലെ മുസ്ലിംകളുടെ ശോചനീയാവസ്ഥയ്ക്ക് ഉത്തരവാദികൾ?
പാവപ്പെട്ട മുസ്ലിംകളുടെ കോടിപതികളായ നേതാക്കൾ
പ്രതിനിധീകരിക്കുന്ന ജനസമൂഹത്തിന്റെ സാമൂഹ്യ-സാമ്പത്തികാവസ്ഥ കൂടുതൽ തകർച്ചയിലേക്ക് പതിച്ചപ്പോഴും പക്ഷേ എ.ഐ.എം.ഐ.എം. പാർട്ടിയുടെയും ഒവൈസി കുടുംബത്തിന്റെയും ആസ്തി എന്നും വളർച്ചയിലായിരുന്നു.
തെലങ്കാന നിയമസഭയിലെ എ.ഐ.എം.ഐ.എമ്മിന്റെ നേതാവും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസ്താവന പ്രകാരം, പാർട്ടിക്ക് 5000 കോടി രൂപയിലേറെ രൂപയുടെ ആസ്തിയുണ്ട്.
2004-ൽ വെറും 39.02 ലക്ഷവും 2014ൽ 4.06 കോടിയും ആസ്തി വെളിപ്പെടുത്തിയ അസദുദ്ദീൻ ഒവൈസിക്ക് 2019 ആയപ്പോഴേക്കും അത് 13 കോടിയായി വർധിച്ചു. സഹോദരൻ അക്ബറുദ്ദീൻ ഒവൈസിയുടെ വരുമാനം 2004-ൽ 4 കോടിയായിരുന്നത് 2014-ൽ 17.50 കോടിയായും 2019-ൽ 24 കോടിയായും ഉയർന്നു. ഒവൈസി കുടുംബം ശാസ്ത്രിപുരത്ത് നാലേക്കറിൽ 36,250 ചതുരശ്ര അടിയിൽ നിർമിച്ച കൊട്ടാരസമാനമായ വീടിനെക്കുറിച്ചും വാർത്തകളുണ്ടായിരുന്നു.
ഒരു രാഷ്ട്രീയനേതാവിന് പ്രഖ്യാപിത സ്വത്തുക്കളുണ്ടാവുന്നത് പുതിയ വാർത്തയോ നിയമവിരുദ്ധമോ അല്ല; എന്നാൽ, പിന്നാക്ക സമുദായത്തിന്റെ മിശിഹയാണെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയക്കാരന്റെ ആസ്തി കുറച്ചു വർഷങ്ങൾ കൊണ്ട് ക്രമാതീതമായി വർധിക്കുന്നത്, പ്രത്യേകിച്ചും, പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന മനുഷ്യർ കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുക്കുത്തുമ്പോഴുണ്ടാവുന്ന ഈ കുതിപ്പിൽ അസ്വാഭാവികതയുണ്ട് എന്നാരോപിച്ചാൽ, അതിനെ പാടേ തള്ളിക്കളയാനാവില്ല.
മുസ്ലിം പ്രാതിനിധ്യം: ഒവൈസി വാദങ്ങളുടെ ആത്മാർഥത
തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴുമെല്ലാം, മുസ്ലിം വോട്ടർമാർക്കിടയിൽ ഒവൈസി ഉയർത്തുന്ന പ്രധാനപ്പെട്ട വാദങ്ങളിലൊന്നാണ് മുസ്ലിം സമുദായത്തിന്റെ സംവരണവും കൂടുതൽ രാഷ്ട്രീയപ്രതിനിധാനവും. കോൺഗ്രസിനെയും മറ്റ് മതേതരപാർട്ടികളെയും വിമർശിക്കാനുള്ള പ്രധാന ആയുധവും ഇതുതന്നെയാണ്.
മഹാവികാസ് അഘാടിയുടെ ഭരണകാലത്ത്, മഹാരാഷ്ട്രയിലെ മുസ്ലിം സമുദായത്തിന് 8% സംവരണം നൽകണമെന്നും സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം. മഹാരാഷ്ട്രയിൽ ഒരു റാലി സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിന്റെയും എൻ.സി.പി.യുടെയും ശിവസേനയുടെയും ഭരണം ‘മറാത്തികൾക്കുവേണ്ടി മാത്രമാണെന്നും' ‘മഹാരാഷ്ട്രയിലെ മുസ്ലിംകളെ അപേക്ഷിച്ച് മറാത്തികളുടെ ജീവിതനിലവാരം വളരെ ഉയർന്നതാണ്' എന്നുമുള്ള വാദങ്ങളുമുന്നയിച്ചു.
അതേസമയം, ഒവൈസിയുടെ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള തെലങ്കാനയുടെ കാര്യം വീണ്ടും നോക്കിയാൽ, അവിടെ മുസ്ലിം സംവരണത്തിന്റെയും പ്രാതിനിധ്യത്തിന്റെയും സ്ഥിതിയെന്താണ്?
2004-05 മുതൽ തെലങ്കാനയിൽ 4% മുസ്ലിം സംവരണമുണ്ട്. അന്നത്തെ കോൺഗ്രസ് സർക്കാരാണ് അത് നടപ്പിലാക്കിയത്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മുഹമ്മദ് അലി ഷബീറിന്റെ പ്രസ്താവനയനുസരിച്ച്, തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി 25 ലക്ഷത്തോളം പാവപ്പെട്ട മുസ്ലിംകൾക്ക് ഈ പദ്ധതി ഇതുവരെ പ്രയോജനം ചെയ്യുകയും ചെയ്തു.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) 2014-ലെ തെരഞ്ഞെടുപ്പിൽ ഇത് 12 ശതമാനമായി വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും 2017 ഏപ്രിലിൽ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്രം അനുമതി നൽകാത്തതിനാൽ അത് നടപ്പാക്കിയില്ല. 12 ശതമാനമെന്നത് അപ്രായോഗികമാണെന്നും നിശ്ചിത സംസ്ഥാന സംവരണ ശതമാനം മറികടക്കുകയും ചെയ്യുന്നതാണെന്നുമായിരുന്നു വിദഗ്ധരുടെ അഭിപ്രായം. അത്തരത്തിലുള്ള മറികടക്കലുകൾ സമുദായത്തിന് ഉപകാരത്തിലേക്കാളേറെ ഭാവിയിൽ മറ്റ് ആനുകൂല്യങ്ങൾ കിട്ടുന്നതിന് തടസ്സമാവുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം, തെലങ്കാന വഖഫ് ബോർഡിന്റെ റെക്കോർഡ് റൂം 2017 മുതൽ സീൽ ചെയ്തിരിക്കുകയാണ്. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഇത്തരമൊരു സാഹചര്യമുള്ള ഏക സംസ്ഥാനമാണ് തെലങ്കാന. വഖഫ് ഭൂമി കൈയേറ്റം, പള്ളികൾ തകർക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ വേറെയുമുണ്ട്. പക്ഷേ, തെലങ്കാനയിലെ ഈ ന്യൂനപക്ഷപ്രശ്‌നങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിനോ അതൊരു വിഷയമാക്കി ഉയർത്തുന്നതിലോ അസദുദ്ദീൻ ഒവൈസിയെയോ പാർട്ടിയെയോ കാര്യമായി കാണാറില്ല. ഇതര സംസ്ഥാനങ്ങളിലെ മുസ്ലിം സമൂഹത്തെക്കുറിച്ച്, പ്രതിനിധാനത്തെക്കുറിച്ച് ആഴത്തിൽ അപഗ്രഥനം നടത്തുന്ന ഒവൈസിയുടെ പ്രസംഗങ്ങൾ സ്വന്തം നാട്ടിലുള്ളവരെക്കുറിച്ച് മിണ്ടാതെ പോകുന്നത് വിരോധാഭാസം തന്നെ!
സംസ്ഥാനത്ത് 14% മുസ്ലിം ജനസംഖ്യയുണ്ടായിട്ടും തെലങ്കാന കെ.സി.ആർ. സർക്കാരിൽ ഒരു മുസ്ലിം മന്ത്രി മാത്രമാണുള്ളത്. 9% മുസ്ലിം ജനസംഖ്യയുള്ള രാജസ്ഥാനിൽ നിന്ന് രണ്ട് മുസ്ലിം മന്ത്രിമാരുണ്ട്. 11.54% ശതമാനം മുസ്ലിംകളുള്ള മഹാരാഷ്ട്രയിൽ, മഹാ വികാസ് അഘാടി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്, എൻ.സി.പി., ശിവസേന എന്നീ പാർട്ടികളിൽ നിന്നായി നാല് മന്ത്രിമാരുണ്ടായിരുന്നു. പ്രാതിനിധ്യത്തിന്റെ അഭാവം മാത്രമല്ല, എ.ഐ.എം.ഐ.എം. സഖ്യകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി പാർട്ടി, ഒരുപാടവസരങ്ങളിൽ പ്രത്യക്ഷമായി തന്നെ ബി.ജെ.പി.യെ സഹായിക്കാൻ രംഗത്തുവന്നിട്ടുണ്ട് എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
രാജ്യസഭയിൽ ബി.ജെ.പി.ക്ക് അംഗബലം കുറവായിരുന്ന സമയത്ത് വിവരാവകാശ നിയമ ഭേദഗതി ബില്ലും മുത്തലാഖ് ബില്ലും പാസാക്കാൻ അവർക്ക് ടി.ആർ.എസ്. പിന്തുണ ലഭിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ജമ്മു കശ്മീർ പുനഃസംഘടനാ ബില്ലിന്റെ വോട്ടെടുപ്പിലും ചന്ദ്രശേഖർ റാവുവിന്റെ പാർട്ടി ബി.ജെ.പി.യോടൊപ്പം നിന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും സംബന്ധിച്ച നരേന്ദ്ര മോദിയുടെ തീരുമാനങ്ങളെ പിന്തുണച്ച ടി.ആർ.എസ്., ഇതിനുമുൻപത്തെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു.
‘വിഷയാധിഷ്ടിതമായി ബി.ജെ.പി.യെ പിന്തുണയ്ക്കും' എന്ന ചന്ദ്രശേഖർ റാവുവിന്റെ തന്നെ തുറന്ന പ്രസ്താവനയും, മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാമുണ്ടായിട്ടും ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയും നിശബ്ദത പാലിക്കുകയും തെലങ്കാനയിൽ ഇപ്പോഴും ടി.ആർ.എസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ എ.ഐ.എം.ഐ.എം. ഉന്നയിക്കുന്ന അതേ സാമുദായിക ആശങ്കകളും ബി.ജെ.പി. വിരുദ്ധതയിലെ വ്യക്തതയും അധികാരം പങ്കിടുന്ന അവരുടെ കോട്ടയിൽ ബാധകമല്ലാത്തവിധം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സഖ്യം തുടരുന്നു!
ഒവൈസിയുടെ മത്സരമോഹങ്ങൾ
‘എല്ലാ പിന്നാക്ക സമുദായങ്ങളെയും' ഉൾപ്പെടുത്തുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു എന്നുപറയുമ്പോൾ തന്നെ, ഇത്രയും തലക്കെട്ടുകളും വാർത്തകളുമാവുമ്പോൾ തന്നെ, ഒരു മുസ്ലിം വലതുപക്ഷ പാർട്ടിയെന്നതിലപ്പുറം എ.ഐ.എം.ഐ.എമ്മോ ഒവൈസിയോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല. 2019 തെരഞ്ഞെടുപ്പനുസരിച്ച് രാജ്യത്തുടനീളം വെറും 0.20% വോട്ട് മാത്രമേയുള്ളൂ ഈ പാർട്ടിക്ക് എന്നത് ഇത് അടിവരയിടുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിൽ വിപ്ലവകരമായ വിജയമൊന്നുമുണ്ടാവില്ല, അവരത് ലക്ഷ്യമിടുന്നുമില്ല. പക്ഷേ, ഉയർത്തുന്നത് മതമടിസ്ഥാനമാക്കിയുള്ള വാദങ്ങളാണുള്ളത് എന്നതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ എളുപ്പം സ്വാധീനമുണ്ടാക്കാനാവും എന്നത് വസ്തുതയാണ്. കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ലക്ഷ്യമിട്ട് അവർ നടത്തുന്ന പ്രസ്താവനകൾക്കും മത്സരങ്ങൾക്കും ലഭിക്കുന്ന ദൃശ്യപരതയും ഇടവും കണക്കിലെടുക്കുമ്പോൾ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാനും ഹിന്ദു വലതുപക്ഷത്തിന് ബൂസ്റ്റർ ഡോസ് നൽകാനും ഇവർക്ക് സാധിക്കും.
വിവിധ സംസ്ഥാനങ്ങളിൽ ‘മുസ്ലിം' ഘടകം ആവർത്തിക്കുന്ന ഒവൈസിയുടെ ‘ഹേയ് മുസൽമാനോ' പ്രസംഗങ്ങൾ, ‘മതേതരത്വ'ത്തോടുള്ള നിരന്തര വിമർശനങ്ങൾ, ‘എല്ലാവരും മുസ്ലിംകളായി ജനിച്ചവരാണ്' തുടങ്ങിയ വിവാദ പ്രസ്താവനകൾ, അപരവത്കരണവും മുസ്ലിം വിരുദ്ധതയും അടിസ്ഥാനമാക്കിയുള്ള ആർ.എസ്.എസിന്റെയും ഹിന്ദു വലതുപക്ഷത്തിന്റെയും രാഷ്ട്രീയ അജണ്ടകൾക്ക് സഹായകരമാന്നെതിൽ സംശയമില്ല. പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ എ.ഐ.എം.ഐ.എം. നേതാവ് വാരിസ് പത്താൻ നടത്തിയ ‘15 കോടി മുസ്ലിംകൾക്ക് 100 കോടി ഹിന്ദുക്കളെ മറികടക്കാൻ കഴിയും' എന്ന പ്രസ്താവന എങ്ങനെയാണ് ഹിന്ദുത്വശക്തികളുടെ വാട്സാപ് പ്രചരണങ്ങൾക്ക് ആക്കം പകർന്നതെന്നോർക്കുക.
മുസ്ലിം പോക്കറ്റുകളുള്ള സംസ്ഥാനങ്ങളിലെല്ലാം മത്സരിക്കുമെന്നതാണ് ഒവൈസിയുടെ ഇപ്പോഴത്തെ നിലപാട്. ഏതൊരു രാഷ്ട്രീയപാർട്ടിയും സ്വന്തം അടിത്തറ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ, രാഷ്ട്രീയാഭിലാഷമുണ്ടാവുന്നത് തെറ്റാണോ എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കുകയും ചോദിക്കുകയും ചെയ്യാം. പക്ഷേ സാമാന്യം അധികാരപങ്കാളിത്തവും അടിത്തറയുമുള്ള തെലങ്കാനയിലെ 119 സീറ്റിൽ എട്ടു സീറ്റുകളിൽ മാത്രമേ ഈ പാർട്ടി മത്സരിക്കുന്നുള്ളൂ.
അതോടൊപ്പം അതെന്താ, തെലങ്കാനയിൽ രാഷ്ട്രീയ അഭിലാഷങ്ങളോ ‘സാമുദായിക പ്രാതിനിധ്യ ആവശ്യകതകളോ' ഇല്ലേ? എന്ന മറുചോദ്യവുമുയരും. ആ ഫ്രയിമിലൂടെ നോക്കുമ്പോൾ തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറമുള്ള ചില ലക്ഷ്യങ്ങൾ തന്നെയാവും എ.ഐ.എം.ഐ.എമ്മിലും ഒവൈസിയിലും കാണാനാവുന്നതും.
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 94 ൽ പ്രസിദ്ധീകരിച്ച ലേഖനം