ഓരോ കുടുംബത്തിനും 50 സെന്റ്, നിലമ്പൂരിലെ ആദിവാസി ഭൂസമരം ഒത്തുതീർന്നു

‘‘ആദിവാസികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഈ സമരം മുന്നറിയിപ്പാണ്, നിഷേധിക്കപ്പെടുന്ന അവകാശത്തിനുവേണ്ടി സമരം ചെയ്യാനുള്ള ഊർജ്ജം ഈ ഭൂസമരം കൊണ്ട് ലഭിച്ചു’’- നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിന് നേതൃത്വം നൽകിയ ബിന്ദു വൈലാശ്ശേരി ട്രൂകോപ്പി തിങ്കിനോട്.

Think

ലപ്പുറം നിലമ്പൂരിലെ ആദിവാസികൾ ഒരു വർഷത്തോളമായി നടത്തിവന്ന ഭൂസമരം ഒത്തുതീർന്നു. 18 ആദിവാസി കോളനികളിൽ നിന്നുള്ള പണിയർ, നായ്ക്കർ, കുറുമർ, ആളന്മാർ തുടങ്ങിയ വിഭാഗങ്ങളിലെ 200 ഓളം കുടുംബങ്ങൾ 314 ദിവസമായി നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിനു മുൻപിൽ നടത്തിവന്ന സമരം കലക്ടർ വി.ആർ. വിനോദ് നടത്തിയ ചർച്ചയെത്തുടർന്നാണ് അവസാനിച്ചത്. ഓരോ കുടുംബത്തിനും 50 സെന്റ് വീതം സ്ഥലം നൽകാമെന്ന കരാറിൽ സമരക്കാരും കലക്ടറും ഒപ്പിട്ടു.

നെല്ലിപ്പൊയിലിൽ വനംവകുപ്പ് റവന്യൂവകുപ്പിന് കൈമാറിയ ഭൂമിയിൽനിന്നാണ് ഭൂരഹിത കുടുംബങ്ങൾക്ക് സ്ഥലം നൽകുക. 20 സെന്റ് വീതം നൽകാനായിരുന്നു ആദ്യ തീരുമാനം. സമരത്തെത്തുടർന്ന് 40 സെന്റ് വീതം നൽകി. 2009-ലെ സുപ്രീംകോടതി വിധിപ്രകാരം ഒരേക്കർ ഭൂമി നൽകണമെന്ന ആവശ്യമുന്നയിച്ച് സമരം തുടർന്നു. ഒടുവിൽ 50 സെന്റെങ്കിലും വേണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഇത് ഒടുവിൽഅധികാരികൾക്ക് അംഗീകരിക്കേണ്ടി വന്നു.

ആദിവാസികളുടെ നഷ്ടപ്പെട്ട കൃഷിഭൂമി തിരിച്ചുനൽകണമെന്ന 2009- ലെ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സുപ്രീംകോടതി വിധിയനുസരിച്ച്, നഷ്ടപ്പെട്ട കൃഷിഭൂമി ആദിവാസികൾക്ക് തിരിച്ചുകൊടുക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്നും ഭൂമി കണ്ടെത്താനാവുന്നില്ലെങ്കിൽ, ലാൻഡ് അക്വിസിഷൻ നിയമപ്രകാരം കൃഷിയുക്തമായ ഭൂമി തിരിച്ചുപിടിച്ച് കൊടുക്കണമെന്നുമായിരുന്നു ആദിവാസികളുടെ ആവശ്യം. കൃഷിയോഗ്യമായ ഒരേക്കർ ഭൂമി ഓരോ കുടുംബത്തിനും എന്നതായിരുന്നു സമരക്കാരുടെ ആവശ്യം.

ആദിവാസികളുടെ ന്യായമായ അവകാശം ഒടുവിൽ ഭരണകൂടം അംഗീകരിച്ചെന്നും ഇത് ഐതിഹാസികമായ സമരവിജയമാണെന്നും സമരത്തിന് നേതൃത്വം കൊടുത്ത ബിന്ദു വൈലാശ്ശേരി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ആദിവാസികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഈ സമരം മുന്നറിയിപ്പാണെന്നും നിഷേധിക്കപ്പെടുന്ന അവകാശത്തിനുവേണ്ടി സമരം ചെയ്യാനുള്ള ഊർജ്ജം ഈ ഭൂസമരം കൊണ്ട് ലഭിച്ചെന്നും ബിന്ദു പറഞ്ഞു.

Comments