പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻ.ഐ.എ. റെയിഡിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർ

വർഗീയരാഷ്​ട്രീയത്തിന്റെപാരസ്​പര്യങ്ങൾ

മതചിന്തകളെ മതസങ്കുചിതവാദമാക്കാനും മതവിശ്വാസികളെ മതമൗലികവാദികളാക്കാനുമുള്ള നിരന്തര പരിശ്രമം ലോകത്താകെ നടത്തുന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ അധിനിവേശം ലക്ഷ്യവെക്കുന്ന സാമ്രാജ്യത്വശക്തികളുടെ പിൻതുണയോടെയാണ്.

പോപ്പുലർ ഫ്രണ്ട് എന്ന തീവ്രവാദസംഘടനയും അനുബന്ധപ്രസ്ഥാനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വർഗീയരാഷ്ട്രീയത്തിന് കൂടുതൽ സമ്മതി നേടിയെടുക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷസമുദായം അപകടത്തിലാണെന്ന പ്രതീതി ജനിപ്പിച്ച് ഭൂരിപക്ഷവർഗീയതയും, ന്യൂനപക്ഷവിഭാഗത്തിൽ രൂപപ്പെടുന്ന അരക്ഷിതാവസ്ഥ മുതലെടുത്ത് ന്യൂനപക്ഷവർഗീയതയും ശക്തിപ്പെടുത്താനുള്ള അവസരം സൃഷ്ടിക്കുന്നതാണ് ഇരുകൂട്ടരുടെയും രാഷ്ട്രീയപദ്ധതി.

പോപ്പുലർ ഫ്രണ്ട് തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തുന്നതും എതിരാളികൾക്കെതിരെ നിഷ്​ഠൂരമായ അക്രമങ്ങൾ നടത്തുന്നതുമായ സംഘടനയാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ അക്രമണത്തിന് കൂടുതൽ വിധേയരായിട്ടുള്ളത് സി.പി.ഐ.എമ്മും, ഇടതുപക്ഷ പ്രവർത്തകരും ആണ്, കേരളത്തിൽ മാത്രമല്ല പുറത്തും എന്നുകാണാൻ കഴിയും. കമ്യൂണിസ്റ്റ് ആശയങ്ങളോട് അവർ പുലർത്തുന്ന അസഹിഷ്ണുതയും നമുക്കറിയാം. ആർ.എസ്.എസ്., മവോയിസ്റ്റ് സംഘടനയുടെ നിരോധനത്തിന്റെ മുൻകാല അനുഭവങ്ങൾ കൂടി കണക്കിലെടുത്ത്​ ഈ തീവ്രസംഘടനയുടെ നിരോധനം എത്രമാത്രം ഫലപ്രദമാകും എന്ന് പരിശോധിക്കേണ്ടതാണ്.

മതവിശ്വാസികളിൽ ഒരുവിഭാഗത്തെ നിരന്തരം തെറ്റിദ്ധരിപ്പിച്ച് മതമൗലികവാദത്തിന്റെയും സങ്കുചിതതാത്പര്യങ്ങളുടെയും തടവറയിലെത്തിച്ച്, അതിന് രാഷ്ട്രീയ ഉള്ളടക്കം നല്കി, രാഷ്ട്രവും ലോകവും ഭരിക്കേണ്ടത് തങ്ങളാണെന്ന തെറ്റിദ്ധാരണ പടർത്തി, രാഷ്ട്രീയലക്ഷ്യത്തോടെ മതത്തെ ഉപയോഗിക്കുന്നതാണ് വർഗീയത.

നിലനിൽക്കുന്ന കർശനമായ നിയമനടപടിക്രമങ്ങളുടെ പിൻബലത്തിൽ ഈ വിപത്തിനെ നേരിടുന്നതോടൊപ്പം, ആശയതലത്തിൽ വർഗീയ തീവ്രവാദത്തിന്റെ ചതിക്കുഴിയിൽ പെട്ടുപോകുന്നവരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വിശാലതയിലേക്ക് തിരികെക്കൊണ്ടുവരാനും സാഹചര്യം സൃഷ്ടിക്കപ്പെടണം. അത്തരത്തിൽ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടണമെങ്കിൽ മതം, ഭാഷ, ഭക്ഷണം, വസ്ത്രം, മറ്റ് സാംസ്‌കാരികസവിശേഷതകൾ തുടങ്ങിയ ബഹുസ്വരതകളില്ലാതാക്കി സങ്കുചിത ഏകമതരാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ ശ്രമിക്കുന്ന ആർ.എസ്.എസിനെയും നിയന്ത്രിക്കുകയും നിരോധിക്കുകയും വേണം. അവരുടെ ആശയാടിത്തറ രാജ്യത്ത് നടപ്പിലാക്കാൻ പരിശ്രമിക്കുന്ന ബി.ജെ.പി. ഗവൺമെന്റിനെ അധികാരഭ്രഷ്ടമാക്കണ്ടതും വർത്തമാനകാല ഇന്ത്യയുടെ അനിവാര്യതയാണ്.

ഫാസിസം ആൾക്കൂട്ടത്തിന്റെ പ്രത്യയശാസ്ത്രമാണ്. ആളുകൾ കൂടുതലുണ്ടാവും. അതുകൊണ്ട് ആയുധം കുറച്ചുമതി. ഭീഷണിയും ഭയവും ജനിപ്പിക്കുന്നതിലൂടെ കീഴ്‌പ്പെടുത്തുകയാണ് അവരുടെ രീതി. / Photo: Wikimedia Commons

മതചിന്തകളെ മതസങ്കുചിതവാദമാക്കാനും മതവിശ്വാസികളെ മതമൗലികവാദികളാക്കാനുമുള്ള നിരന്തര പരിശ്രമം ലോകത്താകെ നടത്തുന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ അധിനിവേശം ലക്ഷ്യവെക്കുന്ന സാമ്രാജ്യത്വശക്തികളുടെ പിൻതുണയോടെയാണ്. മതവിശ്വാസികളിൽ ഒരുവിഭാഗത്തെ നിരന്തരം തെറ്റിദ്ധരിപ്പിച്ച് മതമൗലികവാദത്തിന്റെയും സങ്കുചിതതാത്പര്യങ്ങളുടെയും തടവറയിലെത്തിച്ച്, അതിന് രാഷ്ട്രീയ ഉള്ളടക്കം നല്കി, രാഷ്ട്രവും ലോകവും ഭരിക്കേണ്ടത് തങ്ങളാണെന്ന തെറ്റിദ്ധാരണ പടർത്തി, രാഷ്ട്രീയലക്ഷ്യത്തോടെ മതത്തെ ഉപയോഗിക്കുന്നതാണ് വർഗീയത. വർഗീയശക്തികൾ അധികാരത്തിലെത്തിയാൽ ആദ്യം സന്ധിചെയ്യുന്നത് സാമ്രാജ്യത്വനയങ്ങളോടാണ് എന്ന് ലോകസാഹചര്യങ്ങളിൽ നിന്നും ഇന്ത്യയിലെ ബി.ജെ.പി. ഗവൺമെൻറിന്റെ സാമ്പത്തികനയങ്ങളിൽ നിന്നും നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.

മതത്തെ വർഗീയവത്കരിച്ചാൽ വർഗീയത രണ്ടുവഴിക്ക് പിരിയും. ഭൂരിപക്ഷമാണെങ്കിൽ ഫാസിസ്റ്റ് രീതികളിലേയ്ക്കും ന്യൂനപക്ഷമാണെങ്കിൽ തീവ്രവാദരീതികളിലേയ്ക്കും. ഫാസിസം ആൾക്കൂട്ടത്തിന്റെ പ്രത്യയശാസ്ത്രമാണ്. ആളുകൾ കൂടുതലുണ്ടാവും. അതുകൊണ്ട് ആയുധം കുറച്ചുമതി. ഭീഷണിയും ഭയവും ജനിപ്പിക്കുന്നതിലൂടെ കീഴ്‌പ്പെടുത്തുകയാണ് അവരുടെ രീതി. തീവ്രവാദത്തിന് ആളു കുറവായിരിക്കും. അതുകൊണ്ട് ആയുധത്തിന്റെ പിൻബലം വേണം. സ്‌ഫോടനങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് വളരാനാണവർ പരിശ്രമിക്കുക. ഫാസിസത്തിന്റെ കൊലപാതകങ്ങൾ ഭീതി ജനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നുമായിരിക്കും. തീവ്രവാദികൾ ലക്ഷ്യം പൂർത്തിയാക്കുമ്പോൾ പരിക്കുകൾപോലും കുറവായിരിക്കും. രാസായുധങ്ങളും ജൈവായുധങ്ങളും വരെ അവർ ഉപയോഗിക്കും. വൈരുദ്ധ്യങ്ങളേക്കാളേറെ സമാനചിന്താഗതികളും ഇരു വർഗീയതയിലും കാണാം. അതിലൊന്ന്​, ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ശക്തമായ വെറുപ്പും വിദ്വേഷവുമാണ്. കൂടാതെ പൗരരെ രാഷ്ട്രത്തിന് കീഴ്‌പെടുത്തൽ, മതരാഷ്ട്രനിർമാണം, സാമ്രാജ്യത്വമോഹവും യുദ്ധവെറിയും, സോഷ്യലിസത്തോടുള്ള കടുത്ത വിരോധം, മറ്റിതര മതസ്ഥർ, കമ്യൂണിസ്റ്റുകൾ, മതനിരപേക്ഷവാദികൾ എന്നിവരോടുള്ള പക തുടങ്ങിയവയാണ്.

വ്യവസായികളും ഭൂപ്രഭുക്കന്മാരും നിയന്ത്രിച്ചിരുന്ന ജർമൻ വലതുപക്ഷ ഭരണകൂടം തികച്ചും ജനവിരുദ്ധമായിമാറിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുകയും അവരെ വേട്ടയാടാൻ വലതുപക്ഷം ഹിറ്റ്‌ലറെ കൂട്ടുപിടിക്കുകയും ചെയ്തു. ഉജ്വല വാഗ്മിയായ ഹിറ്റ്‌ലർ ആര്യൻ വംശമഹിമ ആളിക്കത്തിച്ചു.

ഫാസിസത്തിലേക്കും തീവ്രവാദത്തിലേയ്ക്കും ലോകത്തിലെ പലരാജ്യങ്ങളും നീങ്ങിയത് മുതലാളിത്തത്തിന്റെ കൃത്യമായ സഹായത്തിലൂടെയാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതികളിൽ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലിയിലും ജർമനിയിലും വളർന്നുവന്ന ഭീകര ആശയമാണ് ഫാസിസം. 1919 മാർച്ച് 23-ന് ഇറ്റലിയിൽ പിയാസ എന്ന സ്ഥലത്ത് ബെനിറ്റോ മുസോളിനിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഫാസിസം എന്ന പദം അവിടെ ചേർന്നവർ തങ്ങളുടെ സംഘടനയ്ക്ക് സ്വീകരിച്ചത്. ഇറ്റലിയിലും ജർമനിയിലും ഫാസിസ്റ്റുകൾ അധികാരത്തിൽ വന്നത് ഭൂരിപക്ഷ പിന്തുണയോടെയായിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ സാമ്പത്തികതകർച്ചയും ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇറ്റലിയെ നരകതുല്യമാക്കി. ഈ സാഹചര്യം സൃഷ്ടിച്ച അന്നത്തെ വലതുപക്ഷ ഗവൺമെന്റിന്റെ പാപ്പരത്തത്തെ തുടർന്ന് ഇറ്റലിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്രാപിക്കാൻ ഇടനല്കി. ലോകത്തിൽ ഏറ്റവും അംഗങ്ങളുള്ള കമ്യൂണിസ്റ്റ് പാർട്ടിയായി ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി വളർന്നു. ഇറ്റാലിയൻ തെരുവുകൾ ചെങ്കൊടികളാൽ മുഖരിതമായി. ഈ ഘട്ടത്തിൽ അവിടുത്തെ ഭൂപ്രഭുക്കളും മുതലാളിമാരും മുസോളിനിയെ കൂട്ടുപിടിച്ച് കരിങ്കുപ്പായക്കാർ (Black shirters) എന്ന സ്വകാര്യസേനയെ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാർക്കെതിരെയും സോഷ്യലിസ്റ്റുകൾക്കെതിരെയും ഭീകര അക്രമം അഴിച്ചുവിട്ടു. തെരഞ്ഞെടുപ്പിൽ ഭീകരതാണ്ഡവമാടിയെങ്കിലും ഫാസിസ്റ്റുകൾക്ക് 35 സീറ്റേ നേടാൻ കഴിഞ്ഞുള്ളൂ. 138 സീറ്റ്​ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും നേടി. അധികാരം പിടിച്ചെടുക്കുന്നതിനെപ്പറ്റി മുസോളിനി പ്രസ്താവനകൾ ആരംഭിച്ചു. 1922 ഒക്ടോബർ 28-ന് ഇറ്റലിയുടെ തലസ്ഥാനമായ റോമിലേയ്ക്ക് ഫാസിസ്റ്റുകൾ ഭീകരറാലി നടത്തി. ഒരു വെടിയുണ്ടപോലും ചെലവഴിക്കാതെ മുതലാളിമാരും ഭൂപ്രഭുക്കളും മുസോളിനിയെ അധികാരത്തിലെത്തിച്ചു. ഇതേ ബ്ലാക് ഷർട്ട്​സിന്റെ സൈനിക പാഠശാല സന്ദർശിച്ചുകൊണ്ടാണ് ബി.എസ്. മൂഞ്ചേയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെ ആർ.എസ്​.എസിന്റെ അടിത്തറ സ്ഥാപിച്ചത് എന്നതും ഓർക്കേണ്ടതാണ്.

മുസ്സോളിനിയും ഹിറ്റ്‌ലറും / Photo: Flickr

ഇറ്റാലിയൻ ഫാസിസത്തിന്റെ ജർമൻ പതിപ്പാണ് നാസിസം. 1921-ൽ അഡോൾഫ് ഹിറ്റ്‌ലർ നാസി പാർട്ടി രൂപകീരിച്ചു. ഒന്നാം ലോകമാഹായുദ്ധത്തിന്റെ പരിണിതഫലമായി പ്രതിസന്ധികൾതന്നെയാണ് നാസിസത്തിനും വഴിയൊരുക്കിയത്. വ്യവസായികളും ഭൂപ്രഭുക്കന്മാരും നിയന്ത്രിച്ചിരുന്ന ജർമൻ വലതുപക്ഷ ഭരണകൂടം തികച്ചും ജനവിരുദ്ധമായിമാറിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുകയും അവരെ വേട്ടയാടാൻ വലതുപക്ഷം ഹിറ്റ്‌ലറെ കൂട്ടുപിടിക്കുകയും ചെയ്തു. ഉജ്വല വാഗ്മിയായ ഹിറ്റ്‌ലർ ആര്യൻ വംശമഹിമ ആളിക്കത്തിച്ചു. തന്റെ ആത്മകഥയായ ‘മെയിൻകാംഫ്' അഥവാ ‘എന്റെ പോരാട്ടം' വിനാശകരമായ ആശയപ്രചരണത്തിന് ഹിറ്റ്‌ലർ ഉപയോഗിച്ചു. 1932-ൽ ജർമനിയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഹിറ്റ്‌ലർ പാരജയപ്പെട്ടെങ്കിലും വിജയം നേടിയ ഹിൻഡൻ ബർഗിനെ ഹിറ്റ്‌ലർ ഭയപ്പെടുത്തുകയും 1933 ജനുവരി 30-ന് ഹിറ്റ്‌ലർ ജർമനിയുടെ ചാൻസലറായി നിയമിക്കപ്പെടുകയും ചെയ്തു. തനിക്ക് ഭൂരിപക്ഷമില്ലാത്ത ജർമൻ പാർലമെൻറ്​ റിഷ്റ്റാഗിൽ ഹിറ്റ് ലർ തീവെയ്ക്കുകയും അതിന്റെ ഉത്തരവാദിത്വം കമ്യൂണിസ്റ്റുകാരുടെമേൽ കെട്ടിവെക്കുകയും, നിരന്തരനുണകൾ സത്യമാകും എന്ന തന്റെ പുതിയ സിദ്ധാന്തത്തിലൂടെ ഫാസിസത്തിന്റെ തേരോട്ടം ജർമനയിൽ ആരംഭിക്കുകയും ചെയ്തു.

വലതുപക്ഷ മുതലാളിത്തശക്തികളുടെ ലാഭക്കൊതിയും സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക -രാഷ്ട്രീയ അധിനിവേശത്വരയുമാണ് ലോകത്തെല്ലായിടത്തും മതവർഗീയ രാഷ്ടവാദികൾക്ക് അധികാരത്തിലെത്താനും പരസ്പരം പോരടിച്ച് വളരാനുമുള്ള സാഹചര്യമൊരുക്കിയത്. ഇന്ത്യൻ പശ്ചാത്തലം പരിശോധിച്ചാലും സമാനത കാണാം.

തീവ്രവാദത്തിന്റെ വഴികളും വ്യത്യസ്തമായിരുന്നില്ല. മതനിരപേക്ഷതയോടും സോഷ്യലിസത്തോടും കമ്യൂണിസത്തോടും അവർ കാട്ടിയ അസഹിഷ്ണുത ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. വർത്തമാനകാലത്തെ തീവ്രവാദികളുടെ പട്ടികയിൽ ആദ്യം ഇടംപിടിക്കുന്ന ബിൻ ലാദന്റെ സ്‌പോൺസർ അമേരിക്കൻ സാമ്രാജ്യത്വമാണ്.

അഫ്ഗാനിസ്ഥാനിലെ നജീബുള്ളയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവൺമെൻറ്​ ജീവിതനിലവാരത്തിലും മാനവവികസന സൂചികകളിലും ഉണ്ടാക്കിയ അഭൂതപൂർവ മുന്നേറ്റം അലോസരപ്പെടുത്തിയ അമേരിക്കൻ സാമ്രാജ്യത്വം ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഒരുലക്ഷത്തോളം മുജാഹിദീനുകളെ സംഘടിപ്പിച്ച് അമേരിക്കൻ സി.ഐ.എ.യുടെ നേതൃത്വത്തിൽ ആയുധവും പരിശീലനവും പണവും നല്കി രൂപീകരിച്ച സേനയാണ് താലിബാൻ. അതിന്റെ തലവനായി സൗദിയിലെ കോടീശ്വരനായ വ്യവസായി ബിൻലാദനെ നിയമിച്ചതും അമേരിക്കയാണ്. തുടർന്ന് കമ്യൂണിസ്റ്റ് ഗവൺമെന്റിനെ അട്ടിമറിച്ച് നജീബുള്ളയെ ഭീകരമായി കൊലപ്പെടുത്തി വിളക്കുകാലിൽ തൂക്കിയ ചിത്രവും നമ്മൾ മറന്നിട്ടില്ല. ഇപ്പോൾ അമേരിക്കൻ പാവഗവൺമെന്റിനെ മാറ്റി താലിബാൻ അധികാരം പിടിച്ചെടുക്കുമ്പോൾ ലളിതമായ പിന്മാറ്റത്തിലൂടെ അമേരിക്ക നല്കിയ സഹായവും തുടർന്ന് മതവിശ്വാസികൾപോലും അഫ്ഗാനിസ്ഥാനിൽ വീർപ്പുമുട്ടി ജീവിക്കുന്ന വർത്തമാനകാല സാഹചര്യവും നമുക്കറിയാം.

രാജ്യത്തിന് അപകടമായ വർഗീയതയെ പ്രതിരോധിക്കാൻ നമ്മൾ എന്ന വികാരത്തിൽ ഇന്ത്യ ഒരുമിക്കണം. എങ്ങനെയാണോ അറുന്നൂറിലധികം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഈ ഭൂപ്രദേശം വൈവിധ്യങ്ങളുടെ ഏകത്വത്തിൽനിന്ന് നമ്മൾ എന്നുപറഞ്ഞ് ഇന്ത്യയായി മാറിയത് എന്നപോലെ / Photo: Flickr

വലതുപക്ഷ മുതലാളിത്തശക്തികളുടെ ലാഭക്കൊതിയും സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക -രാഷ്ട്രീയ അധിനിവേശത്വരയുമാണ് ലോകത്തെല്ലായിടത്തും മതവർഗീയ രാഷ്ടവാദികൾക്ക് അധികാരത്തിലെത്താനും പരസ്പരം പോരടിച്ച് വളരാനുമുള്ള സാഹചര്യമൊരുക്കിയത്. ഇന്ത്യൻ പശ്ചാത്തലം പരിശോധിച്ചാലും സമാനത കാണാം. പതിറ്റാണ്ടുകൾ ഭരിച്ചുമുടിച്ച് പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ജീവിതദുരിതങ്ങളും ജനതക്ക് സമ്മാനിച്ച കോൺഗ്രസ്​ നേതൃത്വം നല്കിയ ഇന്ത്യൻ വലതുപക്ഷത്തിന് ബദലായി ഇടതുപക്ഷ ജനാധിപത്യശക്തികൾ വരാതിരിക്കാനും അവരുടെ നിയന്ത്രണത്തിലുള്ള ഒന്നാം യു.പി.എ. ഗവൺമെൻറ്​ പോലെയുള്ള സംവിധാനങ്ങൾ വരാതിരിക്കാനുമുള്ള ഇന്ത്യൻ കോർപറേറ്റുകളുടെയും മുതലാളിത്തത്തിന്റെയും ഇടപെടലാണ് ബി.ജെ.പി. എന്ന തീവ്ര വലതുപക്ഷ വർഗീയതയ്ക്ക് അധികാരത്തിലെത്താൻ വഴിയൊരുക്കിയത് എന്ന് മോദി ഗവൺമെന്റിന്റെ സാമ്പത്തികനയങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. തീവ്രവർഗീയത ആളിക്കത്തിച്ച് കൂടുതൽ വളരാൻ ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയ്ക്ക് വഴിയൊരുക്കുകയാണ് തീവ്രവർഗീയ രാഷ്ട്രീയത്തിലൂടെ ചെയ്യുന്നത് എന്ന് തിരിച്ചറിയണം.

രാജ്യത്തിന് അപകടമായ വർഗീയതയെ പ്രതിരോധിക്കാൻ നമ്മൾ എന്ന വികാരത്തിൽ ഇന്ത്യ ഒരുമിക്കണം. എങ്ങനെയാണോ അറുന്നൂറിലധികം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഈ ഭൂപ്രദേശം വൈവിധ്യങ്ങളുടെ ഏകത്വത്തിൽനിന്ന് നമ്മൾ എന്നുപറഞ്ഞ് ഇന്ത്യയായി മാറിയത് എന്നപോലെ, നമ്മുടെ ഭരണഘടനയിൽ we the people of India എന്ന് നമ്മൾ ഇന്ത്യക്കാർ പറഞ്ഞ് തുടങ്ങിയതുപോലെ. ഭരണഘടനയുടെ ഫെഡറൽ മൂല്യങ്ങളുയർത്തിപ്പിടിച്ച് ഓരോ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും വർഗീയതയെ തോൽപ്പിക്കാൻ എന്ന വികാരത്തോടെ ഉയർന്നുവരണം. അവിടെ ഞങ്ങളാണ് എന്ന് കേമത്തരം പറഞ്ഞ് നടത്തുന്ന നാടകങ്ങൾക്കപ്പുറത്തേക്ക് നമ്മൾ എന്ന പൊതുവികാരത്തിലേയ്ക്ക് നാം ഉയരണം. പരസ്പരം വളമിട്ട് വളരുന്ന വർഗീയരാഷ്ട്രീയത്തിനുമുന്നിൽ മതനിരപേക്ഷതയുടെ വൻമതിൽ തീർക്കലാണ് വർത്തമാനകാല ഇന്ത്യൻജനാധിപത്യം നമ്മളോട് ആവശ്യപ്പെടുന്നത്. ▮

Comments