‘കരയാനും പറയാനും നീയല്ലാതെ ...’ എന്നു തുടങ്ങുന്ന വളരെ പ്രശസ്തമായ മാപ്പിളപ്പാട്ടുണ്ട്.‘കരയാനും പറയാനും മനം തുറന്നിരക്കാനും നീയല്ലാതാരുമില്ല, കോനെ കരളിന്റെയൊരുക്കങ്ങളറിഞ്ഞു നീയനുഗ്രഹം ചൊരിയണം, തമ്പുരാനേ... '
പല പല റീലുകളിൽ ആ പാട്ട് ഇപ്പോഴും അലയടിക്കുന്നുണ്ട്. ‘തല്ലുമാല ' എന്ന സിനിമയ്ക്ക് തഗ്ഗ് പാട്ടൊരുക്കിയ ഡബ്‌സീ (Dabzee) ഈ പാട്ട് മ്യൂസിക്കൽ വീഡിയോ ആയി ഒരു വർഷം മുന്നേ ചിത്രീകരിച്ചിട്ടുണ്ട്. ആ വീഡിയോയിൽ പാട്ടിനിടയിൽ അള്ളോ, പടച്ചോനെ, എന്ന വിളിയും കേൾക്കാം. ഒറിജിനൽ പാട്ടിൽ ആ വിളിയില്ല.
ഈ പാട്ട് സമകാലിക മുസ്ലിം രാഷ്ട്രീയാവസ്ഥയിൽ, ഒന്നു കേൾക്കാം. പാട്ടിലെ വരികൾ ചില ചോദ്യങ്ങളായി വീഴുന്നു.
ഒന്ന്
മുസ്ലിംകൾക്കുമാത്രമായി ഇന്ത്യയിൽ കരയാനും പറയാനും പല വിഷയങ്ങളുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ, അത് ‘മുസ്ലിം' മാത്രമായതു കൊണ്ടുള്ള മാറ്റിനിർത്തലാണോ? പൗരത്വ ഭേദഗതി ബില്ലാണ് വലിയൊരു മാനസികമായ അരക്ഷിതാവസ്ഥയിലേക്കും ഇന്ത്യയിൽ ‘ഞങ്ങൾ ആരാന്മാർ' എന്ന ചിന്തയിലേക്കും ഇന്ത്യൻ മുസ്ലിംകകളെ പ്രക്ഷോഭത്തിന്റെ തെരുവിലിറക്കിയത്. വാസ്തവത്തിൽ, സ്വാതന്ത്രത്തിന്റെ ആ രാവു തൊട്ടുള്ളതാണ് ഇന്ത്യൻ മുസ്ലിംകളുടെ തലയിൽ കെട്ടി വെച്ച ഈ ‘ആരാൻ ' ഭാരം. ചരിത്രം സ്വാതന്ത്ര്യത്തോടൊപ്പം, ഇന്ത്യൻ മുസ്ലിംകളുടെ തലയിൽ ‘ആരാൻ ' എന്ന വലിയൊരു ഭാരം കയറ്റി വെച്ചു. ‘ആര്യന്മാർക്കും ആരാൻമാർ 'ക്കും ഇടയിൽ, കാലം കഴിയുന്തോറും വിടവ് കൂടി വന്നു. കാലം പിന്നിടുന്തോറും വിസ്താരം കൂടുന്ന ഒരു വിള്ളലായി വിഭജനം നടന്നു. വിഭജനം തന്നെ, ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപ്പിച്ച അദൃശ്യമായ പൗരത്വഭേദഗതിയായിരുന്നു. രാഷ്ട്രവിഭജന നാളുകളിൽ ഗാന്ധിജി തന്റെ ഊന്നുവടിയുമായി നടന്നത്, ഭാവിയിൽ കരാളമായി പുലരുമെന്നുറപ്പുണ്ടായിരുന്ന, ഹിന്ദു / മുസ്ലിം മാനസിക വിഭജനരേഖയുടെ ദീർഘദർശനം പേറിയ ദുഃഖഭാരം പേറിയാണ്. ആ ഊന്നുവടി ചരിത്രത്തിലേക്കുള്ള ‘ഊന്ന 'ലായിരുന്നു. മൈത്രിക്കുവേണ്ടിയുള്ള ഊന്നലുകൾക്ക് ആ മഹാത്മാവിന്റെ ജീവൻതന്നെ വില നൽകേണ്ടി വന്നു. ഇന്ത്യൻ മുസ്ലിംകൾക്ക് ‘കരയാനും പറയാനുമുണ്ടായിരുന്ന ‘ഒരേയൊരാൾ ഗാന്ധിജിയായിരുന്നു, ജിന്നയായിരുന്നില്ല.
എന്നിട്ടും, ഇന്ത്യൻ മുസ്ലിംകൾ ഗാന്ധിജിയെ എങ്ങനെയാണ് ഓർക്കുന്നത്? മുസ്ലിംകളുടെ എത്ര മതപ്രഭാഷണങ്ങളിൽ ഗാന്ധിജി ഒരു വിഷയമായി കടന്നു വന്നിട്ടുണ്ട്? എത്ര ഖുതുബ (വെള്ളിയാഴ്ച പ്രസംഗം) കളിൽ ഗാന്ധിജിയെ ഖത്തീബുമാർ ഓർമിച്ചിട്ടുണ്ട്? ഗാന്ധിജി രാഷ്ട്രപിതാവായിരിക്കുമ്പോൾ തന്നെ ഹിന്ദുത്വവാദികൾക്കെന്ന പോലെ ഇന്ത്യൻ മുസ്ലിംകൾക്കും ‘ആരാൻ ' ആയിരുന്നു. അംബേദ്കർ, ഇന്ത്യൻ ഹിന്ദു കീഴാള ജനതയുടെ ‘ആരാൻ ' അവസ്ഥ എടുത്തുനീക്കി ,അവർക്കുമുന്നിൽ തുല്യതയുടെ ‘നിവരാൻ ' അവസ്ഥകൾക്കു വേണ്ടിയുള്ള പോരാട്ടമായി സ്വന്തം ജീവിതത്തെ മാറ്റി. അംബേദ്കറേക്കാൾ ഇന്ത്യയെ മനസ്സിലാക്കിയത് ഗാന്ധിജിയായിരുന്നു. ഇന്ത്യ എന്ന ബഹുതലമാർന്ന ആ ദീർഘപാരമ്പര്യമുള്ള ഉൾരൂപത്തെ.
ഗാന്ധിജിയും അംബേദ്ക്കറും മനസ്സിലാക്കിയ ഇന്ത്യയിൽ എന്നാൽ മനസ്സുകളുടെ വിഭജനമുണ്ടായിരുന്നു. ഹിന്ദു മനസ്സുകളുടെ ഉള്ളിൽ ആഴത്തിൽ വേരോടിയ ജാതി വിഭജനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ, മുസ്ലിംകളോടുള്ള അകാരണവും പക്ഷപാതപരവുമായ വെറുപ്പ് എല്ലാ ജാതിഹിന്ദുക്കളിലും പതുക്കെപ്പതുക്കെ ഒരു വികാരമായി, മിക്കവാറും, അതെ വലിയൊരു അടിവരയിട്ടു കൊണ്ടു തന്നെ പറയാവുന്ന ‘മിക്കവാറും’, രൂപപ്പെടാൻ തുടങ്ങി. ആഴത്തിലുള്ള വെറുപ്പിന്റെ ഈ വൈരുദ്ധ്യാത്മക പ്രതിഭാസം തുടങ്ങുന്നത് വിഭജനം തൊട്ടാണ്. മനസ്സുകളുടെ ഈ വിഭജനം തുടങ്ങിവെച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസായിരുന്നു. അതിൽ ദുഃഖിതനായിരുന്നു, ഗാന്ധിജി. വിഭജനത്തിൽ അതിർത്തിയിൽ, മനുഷ്യമുറിവുകൾക്കിടയിലൂടെ ഖിന്നനായി നടന്ന ഗാന്ധിജി.
ചരിത്രത്തിന്റെ നിർണായക നിമിഷങ്ങളിലെല്ലാം കോൺഗ്രസ് ഹിന്ദുത്വവുമായി ഒളിച്ചേം പാത്തീം കളിക്കുകയായിരുന്നു. ആ കളിയിൽ മുസ്ലിംകൾ മാത്രമല്ല, കീഴാളരും ആദിവാസികളും ഏറെ പിന്നാക്കാവസ്ഥയിൽ തന്നെ തുടർന്നു.
പാലം കെട്ടുമ്പോൾ മനുഷ്യക്കുരുതി കൊണ്ട് ഉറപ്പിക്കുക എന്ന നാടോടിക്കഥ പോലെ, ഭാവിയുടെ പാലം പണിയുന്ന ആ ചരിത്രസന്ദർഭത്തിൽ ഗാന്ധിജിയുടെ രക്തം ഒഴുകി.
പക്ഷെ, അത് നാം കേട്ട ഒരു നാടോടിക്കഥയല്ല, ചരിത്രമാണ്.
രണ്ട്
മുസ്ലിംകൾക്കുമീതെ ചരിത്രം കെട്ടിയേൽപിച്ച ഈ ‘ആരാൻ 'ഭാവം, സിനിമാ വ്യവസായത്തിലും അതിന്റെ ബഹുതലമാർന്ന തലങ്ങളിലും ഒട്ടും പ്രകടമായിരുന്നില്ല. ഹിന്ദി സിനിമകൾ മിക്കവാറും (വീണ്ടും, മിക്കവാറും) മുസ്ലിംകളുടെ ഒരു മേഖലയായിരുന്നു. നിർമിതിയിലും സംവിധാനത്തിലും എഴുത്തിലും പാട്ടിലും, വാണിജ്യപരമായ സമസ്ത മേഖലകളിലും. കല, ഇന്ത്യൻ മുസ്ലിംകളുടെ ‘തലവര' മാറ്റിയെഴുതി. കേരളത്തിലുമത് സംഭവിച്ചു. ആധികാരികമായി തന്നെ, ഇന്ത്യൻ സിനിമാ വ്യവസായം മുസ്ലിംകളോട് കടപ്പെട്ടിരിക്കുന്നു. അവർ ‘കരയാനും പറയാനും' മാത്രമല്ല, മുഖ്യധാരാ സമൂഹമായി വള‘രാൻ ' കൂടി മറ്റൊരു തലത്തിൽ കലയെ ഉപയോഗിച്ചു. അതൊരു ഉറപ്പുള്ള തീരുമാനമായിരുന്നു. ആരാൻ ഭാവം കുടഞ്ഞുതെറിപ്പിച്ചു നിവർന്നു. ആരാൻമാർക്ക് ‘നിവരാൻ' ആയി കലയുടെ ലോകം. ഇസ്ലാം വിഭാവനം ചെയ്യുന്ന ‘നരക ഭയ'ങ്ങളില്ലാതെ സിനിമ, സംഗീതം, അഭിനയം തുടങ്ങി എല്ലായിടത്തും മുസ്ലിംകൾ നിറഞ്ഞാടി. ആ നിറഞ്ഞാടൽ മുസ്ലിംകൾക്കുമീതെ ഒരു തലപ്പാവ് പോലെ ചരിത്രം കെട്ടി വെച്ച ‘ആരാൻ 'ഭാവത്തെ വലിയൊരു പരിധിവരെ സാമൂഹ്യ ജീവിതത്തിൽ നിന്ന് നിർമാർജ്ജനം ചെയ്തു. ആലീമിങ്ങളേക്കാൾ ഇന്ത്യൻ മുസ്ലിംകൾ കടപ്പെട്ടിരിക്കുന്നത് സിനിമാതാരങ്ങളോടാണ്.
എന്നാൽ, സിനിമാതാരങ്ങളും പിന്നീട് ഇസ്ലാമോഫോബിയയുടെ ഇരകളായി. മുസ്ലിംകളെ മാത്രം സ്വാധീനിക്കുന്ന ആലിമീങ്ങളേക്കാൾ, ജനഹൃദയങ്ങളിൽ നിത്യം നിത്യം പ്രചോദനമായി നിറയുന്ന സിനിമാതാരങ്ങളെ ഹിന്ദുത്വവാദികൾ വെറുപ്പിന്റെ ആ മഞ്ഞക്കണ്ണിലൂടെ കാണാൻ തുടങ്ങി. അങ്ങനെ, സിനിമക്കാർക്കിടയിലും ‘ആരാൻ 'ചിന്ത പടരാൻ തുടങ്ങി. കരയാനും പറയാനും പടച്ചോനല്ലാതെ ആരുമില്ലെന്ന ദർശനത്തിൽ അവരുമെത്തി. Dazbee യുടെ പാട്ടിൽ ഇടക്ക് ‘പടച്ചോനെ' എന്ന വിളി വരുന്നത് അങ്ങനെയാണ്. എ.ആർ. റഹ്മാൻ ഖവാലികളിലൂടെ അള്ളാഹുവിൽ അഭയം തേടി. മമ്മൂട്ടിയുടെ പെരുന്നാൾ നിസ്‌കാരങ്ങൾ നമുക്കൊരു വാർത്തയും കാഴ്ചയുമാണ്.
സർവ്വശക്തനായ അള്ളാഹുവിൽ ഓരോ മുസ്ലിമും അഭയം കണ്ടെത്തി. ഒരർഥത്തിൽ, ആ പാട്ടിലുള്ളതുതന്നെ, കരയാനും പറയാനും നീയല്ലാതെ ആരുമില്ല കോനെ.
മൂന്ന്
ഇന്ത്യയുടെ സമകാലിക അവസ്ഥയിൽ, മുസ്ലിംകൾക്ക് മാത്രമായി കരയാനും പറയാനുമായി എന്താണുള്ളത്? ഈ ആരാൻ ഭാവം വിധ്വംസകമായ തുടർച്ചകളിലൂടെ ഇന്ത്യൻ മുസ്ലിംകൾ കണ്ടുകൊണ്ടിരുന്നു. ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്, ഗുജറാത്ത് കലാപം... എന്നാൽ, മുസ്ലിംകൾ മാത്രമല്ല, ജനാധിപത്യം തന്നെ സ്തംഭിച്ചുപോയ സന്ദർഭങ്ങളായിരുന്നു. അവ. ഡോ. ടി.കെ.രാമചന്ദ്രൻ ആ കാലത്തുതന്നെ എഴുതിയ ശ്രദ്ധേയമായ ലേഖനത്തിൽ നരവംശ ശാസ്ത്രജ്ഞനായ ലെവിസ്‌ട്രോസിനെ ഉദ്ധരിക്കുന്നുണ്ട്: ‘പ്രകൃതിയേയും സംസ്‌കാരത്തെയും ഇടകലർത്തിയാണ് മിത്തുകൾ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത്'. ഇത്തരം സന്ദർഭങ്ങളിൽ രൂപപ്പെടുന്ന സംഘർഷങ്ങളിലെ കുറ്റവാളികൾ എല്ലാത്തരം വിചാരണകളിൽ നിന്നും രക്ഷപ്പെടുന്നുവെന്നും ഡോ. ടി.കെ. രാമചന്ദ്രൻ തുടർന്ന് നിരീക്ഷിക്കുന്നുണ്ട്. അത് വാസ്തവമായി പുലർന്നു.
ഏറെ കാലുഷ്യം നിറഞ്ഞതും വേദനാജനകവും നിരാശപ്പെടുത്തുന്നതുമായ ആ ഇരുണ്ട വഴിത്തിരിവുകൾ പിന്നിട്ടുകൊണ്ടു തന്നെ ജനാധിപത്യം മുന്നോട്ടുപോയി. തിരഞ്ഞെടുക്കാനും തിരസ്‌കരിക്കരിക്കാനുമുള്ള ആ വിരൽ നമ്മുടെ കൈയിൽ തന്നെയായിരുന്നു. ചരിത്രത്തിന്റെ നിർണായക നിമിഷങ്ങളിലെല്ലാം കോൺഗ്രസ് ഹിന്ദുത്വവുമായി ഒളിച്ചേം പാത്തീം കളിക്കുകയായിരുന്നു. ആ കളിയിൽ മുസ്ലിംകൾ മാത്രമല്ല, കീഴാളരും ആദിവാസികളും ഏറെ പിന്നാക്കാവസ്ഥയിൽ തന്നെ തുടർന്നു.
വടക്കേയിന്ത്യയിൽ മുസ്ലിംകളുടെ അവസ്ഥ ഏറെ പിന്നാക്കമാണ് എന്ന് സച്ചാർ കമ്മീഷൻ റിപ്പോർട്ട് എണ്ണിയെണ്ണി പറയുന്നുണ്ട്. മതം കൊണ്ടു മാത്രമായി മാറ്റി നിർത്തപ്പെട്ടതല്ല ആ അവസ്ഥ. കേരളത്തിലേതു പോലെ, കടൽ കടന്ന് ‘ഭാവിയുടെ സുരക്ഷിതമായ ഉറപ്പി' നെ കണ്ടെത്താൻ അവർ ശ്രമിച്ചില്ല.
ഇന്ത്യ ഈയിടെ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം, കർഷക സമരം, മുസ്ലിംകളുടെ പ്രശ്‌നമല്ല. ആ സമരത്തോടുള്ള കേന്ദ്രനയം എന്തായിരുന്നു? പൗരത്വ പ്രക്ഷോഭത്തേക്കാൾ കർക്കശമായാണ് ആ പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ നേരിട്ടത്. വടക്കേയിന്ത്യയിൽ മുസ്ലിംകളുടെ അവസ്ഥ ഏറെ പിന്നാക്കമാണ് എന്ന് സച്ചാർ കമ്മീഷൻ റിപ്പോർട്ട് എണ്ണിയെണ്ണി പറയുന്നുണ്ട്. മതം കൊണ്ടു മാത്രമായി മാറ്റി നിർത്തപ്പെട്ടതല്ല ആ അവസ്ഥ. കേരളത്തിലേതു പോലെ, കടൽ കടന്ന് ‘ഭാവിയുടെ സുരക്ഷിതമായ ഉറപ്പി' നെ കണ്ടെത്താൻ അവർ ശ്രമിച്ചില്ല. മലയാളികൾ ലാഞ്ചിയിൽ കയറി, ഖോർഫുക്കാൻ വഴി, മരുഭൂമിയിലേക്കുള്ള സഞ്ചാരപഥങ്ങൾ കണ്ടെത്തി. അവർ മരുഭൂമിയെ ജീവിതത്തിനു വേണ്ടി പ്രണയിച്ചു. പിറന്നനാട്ടിൽ അവർ ഭാവിക്കുവേണ്ടി ഉറപ്പുള്ള കെട്ടിടങ്ങൾ പണിതു. പണ്ട് പ്രവാസി കളായ മാപ്പിളമാർ കേട്ട പരിഹാസമുണ്ട്: ‘സ്‌കൂൾ സർട്ടിഫിക്കറ്റിനു പകരം മണ്ടേം കൊയലപ്പവും പെട്ടിയിൽ കൊണ്ടുപോകുന്നവർ...'
എന്നാലും, പരിഹാസത്തിന്റെ മുള്ളുകൾ തറച്ചെങ്കിലും, സുഗന്ധവും സൗന്ദര്യവുള്ള ഇതളുകൾ കൊണ്ട് അവർ ജീവിതത്തെ മനോഹരമാക്കി. കൽപ്പത്തൂര് പോലെയുള്ള ഉൾഗ്രാമങ്ങളിലും മനോഹരമായ എടുപ്പുകൾ വന്നു, മാർക്കറ്റുകളിൽ കച്ചവടം പൊടിപൊടിച്ചു, മീൻകൊട്ടയുമായി ഗൾഫ് വീടുകൾക്കു മുന്നിൽ വന്ന വിൽപ്പനക്കാർ നിരാശരായില്ല, പ്രവാസിയായി നാടുകടത്തപ്പെട്ട മാപ്പിള, കേരളത്തിൽ എല്ലാ ദിവസവും ഓണമുണ്ടാക്കി.
മണ്ടയും കൊയലപ്പവും ഇറച്ചിപ്പത്തിരിയും അവർ ഇപ്പോഴും പെട്ടിയിൽ കൊണ്ടു പോകുന്നു. എന്നാൽ, പെട്ടിക്കടയുടെ ചെറിയ വൃത്തത്തിൽനിന്ന് വലിയ വാണിജ്യ മാളുകളിലേക്ക് അവർ ഒഴുകിപ്പരന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലായങ്ങളും പണിതു കൊണ്ട് അത്ഭുതകരമായ ആത്മശേഷിയിലൂടെ ചരിത്രമേൽപിച്ച ‘ആരാൻ 'ഭാരം അവർ സ്വന്തം തലയിൽ നിന്ന് എടുത്തു മാറ്റി. ഈ കൂടിപ്പരങ്ങൽ മലയാളി മൈത്രിയെ കൂടി പ്രചോദിപ്പിച്ചു, സമൃദ്ധമാക്കി.
നാല്
അസൂയാവഹമായിരുന്നു, കേരളത്തിൽ മുസ്ലിംകൾ മുഖ്യാധാരയുടെ ഭാഗമായി അലിഞ്ഞുചേർന്നു നേടിയ വാണിജ്യ / വിദ്യാഭ്യാസ ഉണർവ്വുകൾ. ഒരു കാലത്ത് മിഷണറി ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാത്രം ആശ്രയിച്ച മുസ്ലിംകൾ സ്വന്തം നിലയിൽ അവ കെട്ടിപ്പൊക്കി. ഏതിടത്തും അവർ സ്വന്തം വിജയങ്ങൾ കണ്ടെത്തി. ആ വളർച്ചക്കിടയിലാണ് ആപൽക്കരമായ മുദ്രാവാക്യങ്ങൾ ചുവരെഴുത്തുകളായി പ്രത്യക്ഷപ്പെടുന്നത്. ‘പൊളിറ്റിക്കൽ ഇസ്ലാമിന്റെ ' ആ ചുവരെഴുത്തുകൾ, ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ തുടങ്ങിയ പോസ്റ്ററുകൾ, കേരളീയ സന്ദർഭങ്ങളിൽ, അതിനകം രൂപപ്പെട്ട മൈത്രികൾക്കിടയിൽ വിള്ളലുകൾ വീഴ്ത്തി.
മാടായിയിൽ നിന്ന് കണ്ണൂരിലേക്കുള്ള അന്നപൂർണ ബസിലിരുന്ന്, ഏതോ ചുവരിൽ ആ പോസ്റ്റർ കണ്ട കരീമാജിക്ക അടുത്തിരിക്കുന്ന ഗോപാലേട്ടനോട് അമർഷത്തോടെ പറഞ്ഞു; ‘ഒലക്ക.’
എന്നാൽ, ഗോപാലേട്ടന്റെ മറുപടി ശാന്തപ്രകൃതത്തിലായിരുന്നു: ‘പുതിയ പുളളറെ (കുട്ടികൾ) ഴുതുന്നതല്ലേ, ഹാജിക്ക, ങ്ങ സബൂറാക്ക്.'
ഗോപാലേട്ടൻ പറഞ്ഞ സബൂറാക്ക്, എന്ന ശൈലി മാപ്പിളശൈലിയാണ്.
മലയാള മാപ്പിള / ഹിന്ദു മൈത്രി അന്യോന്യം ‘സബൂറാക്കുന്ന'തായിരുന്നു.
അന്തർദേശീയ തലത്തിൽ നിന്നുനോക്കുമ്പോൾ കാണുന്ന ‘ഇരയാ'ക്കപ്പെടുന്ന മുസ്ലിം, കേരളത്തിലെങ്കിലും യാഥാർഥ്യമായിരുന്നില്ല. ഉൽപാദനത്തിന്റെയും വിനിമയത്തിന്റെയും വഴികളിലുള്ള പ്രശ്‌നങ്ങൾ മലയാളിമുസ്ലിംകൾ അവരുടേതായ രീതിയിൽ പരിഹരിച്ചു കൊണ്ടിരുന്നു. മുസ്ലിംലീഗ് സംഘടിത രാഷ്ട്രീയപ്രസ്ഥാനമായി അധികാരത്തിലുണ്ടായിരുന്നു. മധ്യവർഗ മലയാളി മുസ്ലിംകളുടെ ചരിത്രാനുഭവത്തെ മുസ്ലിംലീഗ് സ്വച്ഛമാക്കി. അധികാരത്തിന്റെ ശുഭകരമായ വഴികളിലൂടെ മുസ്ലിംലീഗ് കേരളത്തിന്റെ ചരിത്രഗതിയിൽ നിർണായക ശക്തിയായി.
രാഷ്ട്രീയമായി, കരയാനും പറയാനും കാരണങ്ങൾ കുറഞ്ഞുകൊണ്ടിരുന്ന അവസ്ഥയിൽ, മലയാളീ ഹിന്ദു- മുസ്ലിം പൈതൃകങ്ങൾക്കിടയിൽ, പൊളിറ്റിക്കൽ ഇസ്ലാമിന്റെ ചുവരെഴുത്തുകൾ, പ്രകടനങ്ങൾ, കാമ്പയിനുകൾ - ആഴത്തിലുള്ള ആഘാതമുണ്ടാക്കി. ‘അക്രമോത്സുക ഹിന്ദുത്വം' കേരളത്തിലെങ്കിലും ഒരു യാഥാർഥ്യമായിരുന്നില്ല. സാംസ്‌കാരികമായി ഒരു സവർണധാരയുണ്ടായിരുന്നു. ചിഹ്നങ്ങളിലും പ്രതീകങ്ങളിലും മാത്രമല്ല, തൊണ്ടയനക്കലിൽ പോലും.
പൊളിറ്റിക്കൽ ഇസ്ലാം, തെരുവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മിക്കവാറും ‘ഇസ്ലാം' കേന്ദ്രബിന്ദുവാകുന്നതായിരുന്നു. അത് വേറൊരു തലത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് മതേതര ഹിന്ദുമനസ്സുകളിൽ നുഴഞ്ഞു കയറാൻ ഗൂഢവഴികളുണ്ടാക്കി.
എന്നാൽ, മുസ്ലിംകൾ സാംസ്‌കാരികമായി തന്നെ അതിനെ മറികടന്നു കൊണ്ടിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്, ബഷീർ കൃതികളാണ്. സുനിൽ പി. ഇളയിടം പോലെ, സമദാനിയും വേദികളിൽ നിറഞ്ഞു നിൽക്കുന്നു. രണ്ടുപേരും മലയാളവും ഇംഗ്ലീഷും സംസ്‌കൃതവും പറയുന്നു. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളും നബിദിനവും അന്നദാനവും രസകരമായി കൊണ്ടാടുന്നു.
പൊളിറ്റിക്കൽ ഇസ്ലാം, തെരുവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മിക്കവാറും (വീണ്ടും മിക്കവാറും) ‘ഇസ്ലാം' കേന്ദ്രബിന്ദുവാകുന്നതായിരുന്നു. അത് വേറൊരു തലത്തിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് മതേതര ഹിന്ദുമനസ്സുകളിൽ നുഴഞ്ഞു കയറാൻ ഗൂഢവഴികളുണ്ടാക്കി.
പലസ്തീൻ മുസ്ലികളുടെ മാത്രമല്ല, ലോകജനതയുടെ വിഷയമാണ്. എന്നാൽ, ഇസ്രായേലിനെ സാംസ്‌കാരികമായി വെറുക്കുന്നതെന്തിന്? പൊളിറ്റിക്കലി പലസ്തീൻ ഇരമ്പുന്ന വിഷയമാണ്. സാംസ്‌കാരികമായി ഇസ്രായേൽ പൗരരെ വെറുക്കാൻ എന്നാൽ, അത് കാരണമാകരുത്. ഇറാനോടൊപ്പം, ഇതിനകം പ്രശസ്തമായ അടഞ്ഞ അവസ്ഥയത്തോടൊപ്പം നിൽക്കാൻ ഒരു മലയാളി മുസ്ലിമിന് സാധിക്കുമോ? പൊളിറ്റിക്കൽ മുസ്ലിമിന് സാധിക്കും, കൾച്ചറൽ മുസ്ലിമിന് ഒരിക്കലും സാധിക്കില്ല. ‘കരയാനും പറയാനും നീയല്ലാതാര് കോനേ...’ എന്ന് മുസ്ലിംകൾ അവിടെയിരുന്ന്, അക്രമോത്സുക മതവൈരം കൊണ്ട് അന്യോന്യം വിലപിക്കുന്നു. അവിടങ്ങളിൽ ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ ഇരയായി മാറുന്നു.
അപ്പോൾ, മലയാളീ മുസ്ലിം മനോഹരമായ ഒരു ലോകചിത്രം അവതരിപ്പിച്ചിട്ടുണ്ട്. കൂടിപ്പരങ്ങലിന്റെ മനോഹര രൂപം. ‘ഓത്തുപള്ളിയിൽ നമ്മളന്നു പോയിരുന്ന കാലം.....' എന്ന പി.ടി. അബ്ദുറഹ്മാൻ എഴുതിയ, ഭൂതകാലക്കുളിരുള്ള ആ പാട്ടിന് ഈണം കൊടുത്തത് ആരാ?
വടകര കൃഷ്ണദാസ്, മദ്രസയിൽ പോകാത്ത കൃഷ്ണദാസ്.
എഴുതിയ ആൾക്കും ഈണം കൊടുത്ത ആൾക്കും പരസ്പരം ‘ആരാന്മാരായി’ തോന്നിയിരുന്നില്ല.
ഇന്ത്യയെ ഗ്രസിച്ച അധികാര രൂപമാർന്ന ഹിന്ദുത്വം, മുസ്ലിമിനേക്കാൾ, സെക്യുലർ ഹിന്ദുവിന്റെ, കീഴാള സമൂഹത്തിന്റെ, ആദിവാസികളുടെ ഉത്ക്കണ്ഠയാണ്. തീവ്രഹിന്ദുത്വത്തിന്റെ ഓട്ട തീവ്ര ഇസ്ലാംവാദം കൊണ്ട് അടക്കാനാവില്ല.
അഞ്ച്
തീർച്ചയായും ഇന്ത്യയിൽ ഹിന്ദുത്വത്തിന്റെ അധികാരരൂപം മുമ്പൊന്നുമില്ലാത്ത വിധം പ്രബലമാണ്. അത്, ബ്രെഹ്തിന്റെ ഭരണകൂടത്തിന്റെ ഉത്ക്കണ്ഠകൾ എന്ന കവിതയിലുള്ളതുപോലെ ഭരിക്കുന്നത്, ഭയമാണ്. എന്നാൽ, അതിനെ പ്രതിരോധിക്കേണ്ടത് മതാത്മകമായ ഒരു നിലപാട് തറയിൽനിന്നുകൊണ്ടല്ല. മതം ഉത്പാദിപ്പിക്കുന്നതും ഭയമാണ്. ഇറാനിലും അഫ്ഘാനിസ്ഥാനിലും അത് ഉള്ളിലെ വെളിച്ചങ്ങൾ കെടുത്തുന്നുണ്ട്. വെളിച്ചത്തിനെന്തു വെളിച്ചം എന്ന തലത്തിലേക്ക് മതം അവിടെ ഒരു തുറവിയായി കാണുന്നില്ല. ഒരു ജനാധിപത്യ സമൂഹത്തിൽ വിശ്വാസികൾക്കെങ്കിലും മതം വെളിച്ചമാണ്. മതാത്മകരാജ്യത്ത് മതം ഇരുൾ പടർത്തുന്നു. ഇന്ത്യയെ ഗ്രസിച്ച അധികാര രൂപമാർന്ന ഹിന്ദുത്വം, മുസ്ലിമിനേക്കാൾ, സെക്യുലർ ഹിന്ദുവിന്റെ, കീഴാള സമൂഹത്തിന്റെ, ആദിവാസികളുടെ ഉത്ക്കണ്ഠയാണ്. തീവ്രഹിന്ദുത്വത്തിന്റെ ഓട്ട തീവ്ര ഇസ്ലാംവാദം കൊണ്ട് അടക്കാനാവില്ല.
അതായത്, മതേതര ക്യൂവിൽ മതാത്മകതയ്ക്കും നിൽക്കാനിടമുണ്ട്, തിരിച്ചില്ല. ▮