സത്യം പറയാമല്ലോ, എനിക്ക് ഭയമുണ്ട്; എസ്​. ജോസഫ്​ തുറന്നെഴുതുന്നു

എനിക്ക് നിലമില്ല. ഞാൻ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാൽ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാൽ ഫാസിസ്റ്റ് ഇന്ത്യയിൽ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാൽ കേരളത്തിൽ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല. അതേ ഇതൊക്കെയാണ് സത്യമായും ഞാൻ. അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങൾക്ക് മനസിലാവില്ല. ഇന്നത്തെ കാലത്ത്​ കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള സംഘർഷാത്മക ജീവിതത്തെക്കുറിച്ച്​ കവി എസ്​. ജോസഫ്​ ​ട്രൂ കോപ്പി വെബ്​സീനിൽ തുറന്നെഴുതുന്നു.

Truecopy Webzine

‘‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവർക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാൻ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാൽ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാൽ ഫാസിസ്റ്റ് ഇന്ത്യയിൽ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാൽ കേരളത്തിൽ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല’’; ഇന്നത്തെ കാലത്ത്​ കേരളത്തിലും ഇന്ത്യയിലും ജീവിക്കുന്ന ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള സംഘർഷാത്മക ജീവിതത്തെക്കുറിച്ച്​ കവി എസ്​. ജോസഫ്​ ​ട്രൂ കോപ്പി വെബ്​സീനിൽ തുറന്നെഴുതുന്നു.

‘‘ഒരു മതത്തേയും ജാതിയേയും ദൈവങ്ങളേയും വിമർശിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇന്ത്യയിലെ ദലിതരും ആദിവാസികളും മുസ്​ലിംകളും അനുഭവിക്കുന്ന ഡിസ്‌ക്രിമിനേഷൻ വലുതാണ്. ഒരു ദലിതിനെ ആർക്കും തല്ലികൊല്ലാം. രാജസ്ഥാനിൽ ഒരു വിദ്യാർത്ഥിയെ സ്വന്തം അധ്യാപകൻ വെള്ളം കുടിച്ചതിന് മർദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. ഇത്തരം ആക്രമണം കിഴക്കൻ യൂറോപ്പിലെ ജിപ്‌സികൾക്കെതിരേയും ഉണ്ടായിട്ടുണ്ട്. ജിപ്‌സികൾ രാജ്യം ഇല്ലാത്തവരാണ്. എന്നാൽ ദലിതരുടേതു കൂടിയാണ് ഈ രാജ്യം.’’

‘‘സത്യം പറയാമല്ലോ, എനിക്ക് ഭയമുണ്ട്. റുഷ്ദിക്കെതിരേയുള്ള ആക്രമം നടന്നിട്ട് അധികമായില്ല. ഇന്ത്യയിൽ ഫാസിസത്തിനെതിരേ പ്രവർത്തിച്ചവർ കൊല്ലപ്പെട്ടു, ജയിലുകളിലായി. എനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ കാലത്ത് എന്നെ കാണാനും അവാർഡു കിട്ടിയതിൽ അഭിനന്ദിക്കാനും രണ്ടു കാറുകളിലായി ആർ.എസ്. എസുകാർ വീട്ടിൽ വന്നു. സാഹിത്യകാരന്മാരുടെ വീടുകൾ സന്ദർശിക്കുന്ന ഒരു പദ്ധതി അവർക്കുണ്ട്. അതിന്റെ പേരിലാണ് വന്നത് എന്നവർ പറഞ്ഞു. വളരെ മാന്യമായിട്ടാണവർ പെരുമാറിയത്. ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കൾ ആണെന്നവർ പറഞ്ഞു. തങ്ങൾക്ക് ഇതര മതസ്ഥരോട് ഒരു അവഗണനയും ഇല്ലെന്നവർ പറഞ്ഞു. 2040 ൽ ആർ എസ്. എസ് ഇന്ത്യ നേരിട്ടു ഭരിക്കുമെന്നവർ പറഞ്ഞു. 2040 ൽ ഞാൻ ഉണ്ടാവില്ലല്ലോ എന്നു ഞാനും പറഞ്ഞു. അവർ സന്തോഷപൂർവ്വം പിരിയുകയും ചെയ്തു.’’

‘‘ഞാൻ ദലിതനല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശരിക്കും ദലിതർ എന്നത് ജാതിപരവും മതപരവും ആയ ഒരു ഐഡന്റിറ്റിയായിട്ടാണ് അറിയപ്പെടുന്നത്. വംശീയസമൂഹമെന്ന നിലയിൽ ഒരു സ്വത്വം ദലിതർക്കുണ്ട്. ആ നിലയിൽ ദലിതർ മതാതീതമായി ഒരു വംശീയസമൂഹമാണ്. എന്നാൽ ഹിന്ദുഇന്ത്യയിൽ ദലിത് ഹിന്ദുവിന് മാത്രമായി സംവരണം പരിമിതപ്പെട്ടപ്പോൾ, ഹിന്ദുവിതര ദലിത് സമൂഹങ്ങൾ പുറത്തായി. പഠിക്കുന്നതിൽ നിന്നും ജോലി നേടുന്നതിൽ നിന്നും അവർ അന്യരാക്കപ്പെട്ടു.’’

‘‘ക്രിസ്തുമതത്തിൽ ജാതിയില്ലെന്നു പറഞ്ഞ ക്രിസ്ത്യാനികൾ ബ്രാഹ്മണരെന്ന് അവകാശപ്പെട്ടു. ഹിന്ദുമതത്തിലെ വർണജാതിവ്യവസ്ഥയെ ക്രിസ്തുമതം രണ്ടുതട്ടിലാക്കി. സവർണരും അവർണരും എന്ന രണ്ട് തട്ട്.
ദലിതരും ആദിവാസികളുമൊഴികേ ആര്​ ക്രിസ്ത്യാനിയായി മാറിയാലും സവർണ ക്രിസ്ത്യാനിയായി. ദലിത് ക്രൈസ്തവരാകട്ടെ, ദലിത് എന്ന ജാത്യാപമാനം ചുമക്കുകയും എന്നാൽ വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലൂടെ മെച്ചപ്പെടാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.’’

‘‘വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്ക, സവർണ ക്രൈസ്തവരുടെ അക്രൈസ്തവമായ വിവേചനം ഇതെല്ലാം കൊണ്ട്
ദലിത് ക്രൈസ്തവർ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരിൽ ഒരാളാണ്. എന്റെ ആളുകൾ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവർക്കും ദലിതർക്കും ആദിവാസികൾക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവർക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാൻ.’’

‘‘ഇതുകൊണ്ടെല്ലാമാണ് ഞാൻ ഇങ്ങനെ എഴുതിയത്: ‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവർക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാൻ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാൽ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാൽ ഫാസിസ്റ്റ് ഇന്ത്യയിൽ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാൽ കേരളത്തിൽ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.
അതേ ഇതൊക്കെയാണ് സത്യമായും ഞാൻ.
അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങൾക്ക് മനസിലാവില്ല.’’

എനിക്ക് നിലപാടുകളില്ല |
എസ്​. ജോസഫ്​
ട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 94
സൗജന്യമായി വായിക്കാം, കേൾക്കാം.

Comments