തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ട ബംഗാളിലെ ഒരു ഗ്രാമത്തിലെ ബി.ജെ.പി പ്രവർത്തകർ / Photo : bjp west bengal

ബംഗാളിൽ വിജയം രചിച്ചത് ‘ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം'

ബംഗാൾ തെരഞ്ഞെടുപ്പ് ചിത്രം ആശയോളം തന്നെ, ഒരുവേള അതിലേറെ ആശങ്കയ്ക്ക്ക്കും വക നൽകുന്നതുമാണ്. കാരണം, 38 ശതമാനം വോട്ടും 77 സീറ്റുമായി ഏക പ്രതിപക്ഷ കക്ഷിയായി, പ്രബലമായിത്തന്നെ ബി. ജെ. പി അവിടെയുണ്ട്.

ബി.ജെ.പിയുടെ സർവസന്നാഹങ്ങളും പരമാവധി ആളും അർഥവും പ്രചണ്ഡ പ്രചാരണ സംവിധാനങ്ങളും ആവനാഴിയിലെ പരമവിഷാസ്ത്രമായ തീവ്രവർഗീയതയും നിർലജ്ജ നാരീവിദ്വേഷവും പൗരുഷ പ്രകടനത്തിന്റെ ഹുങ്കാരവും എല്ലാം തരാതരം പോലെ ഇറക്കിയിട്ടും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി യെ ബംഗാളിൽ തൃണമൂല തലത്തിൽ തന്നെ മലർത്തിയടിച്ചതിനു പിന്നിൽ പ്രവർത്തിച്ചത് പല കാരണങ്ങളാണ്. ഈ കാരണങ്ങളെ സാമാന്യവത്കരിച്ച് ഒരു കള്ളിയിലാക്കിയാൽ തൃണമൂൽ കോൺഗ്രസിനെ വിജയിപ്പിച്ചത് "ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം' ആണെന്നു കാണാം.

മമതാ ബാനർജിയുടെ ഏകാധിപത്യ സ്വഭാവമുള്ള ഭരണ നിർവഹണശൈലിയും മേൽത്തട്ടിൽ നിന്ന് അടിത്തട്ട് വരെ പടർന്ന അഴിമതിയും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഭരണവിരുദ്ധ വികാരം സാമാന്യേന ബംഗാളിൽ ഉണ്ടായിരുന്നുവെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ ജനസ്വാധീനം കുറയുന്നതാണ് കണ്ടത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 120 ഓളം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ക്ക് ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിൽ 2021 ൽ 77 സീറ്റിലേ ഈ ദേശീയ പാർട്ടിക്ക് ജയിക്കാനായുള്ളു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ മൂന്ന് സീറ്റിൽ നിന്നുള്ള വൻ കുതിച്ചുചാട്ടമാണ് ഇത്തവണ ബി.ജെ.പി നടത്തിയത് എന്ന് സമ്മതിക്കാതെ തരമില്ലെങ്കിലും എട്ട് ഘട്ടങ്ങളായി കൗശലത്തോടെ തെരഞ്ഞെടുപ്പ് സംവിധാനം ചെയ്യുകയും മോദിയും അമിത്ഷായുമുൾപ്പെടെയുള്ള നേതാക്കൾ കൈമെയ് മറന്ന് വംഗദേശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാക്കൾ പേർത്തും പേർത്തും ബംഗാൾ തങ്ങൾ പിടിക്കുകതന്നെ ചെയ്യുമെന്ന് പറഞ്ഞിരുന്നു. അത് പൊള്ളയായ വീരവാദമായിരുന്നില്ല.

മമതാ ബാനർജിയോടും തൃണമൂൽ കോൺഗ്രസിന്റെ ഒരു പതിറ്റാണ്ടു നീണ്ട ഭരണത്തോടുമുള്ള മമതയേക്കാൾ ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് കളമൊരുക്കിയത് ബംഗാളിലെ "ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം' മോദി ഭരണത്തിനെതിരെയും അതിന്റെ ആരൂഢമായ ഹിന്ദുത്വത്തിനെതിരെയും നൽകിയ വോട്ടുകളാണ്​

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് 40 ശതമാനം വോട്ടും 42 ൽ 18 ലോകസഭാ സീറ്റുകളും ലഭിച്ചിരുന്നു. അതിൽ 5-6 ശതമാനം വോട്ട് വർധനയുണ്ടായാൽ വംഗനാട് വരുതിയിൽ വരുമെന്ന അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. കൂടാതെ, സുവേന്ദു അധികാരിയെപ്പോലുള്ള മുതിർന്ന തൃണമൂൽ നേതാക്കളെയും ഇടനിരയിലുള്ള പല തൃണമൂൽ നേതാക്കളെയും ബി.ജെ.പി അടർത്തിയെടുത്തിട്ടുമുണ്ടായിരുന്നു. എന്നിട്ടും 48 ശതമാനം വോട്ടുനേടി തൃണമൂൽ അധികാരത്തിൽ വന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് 10 ശതമാനം വോട്ടും 3 സീറ്റുമാണ് കിട്ടിയത്. 2021 ൽ ബി.ജെ.പി ക്ക് 38 ശതമാനം വോട്ട് കിട്ടി. സി.പി.എമ്മും കോൺഗ്രസും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടും ചേർന്ന സംയുക്ത മോർച്ചയ്ക്ക് കിട്ടിയത് അബ്ബാസ് സിദ്ദിഖിയുടെ ജയത്തോടെ ഒരൊറ്റ സീറ്റ് മാത്രം. സി.പി.എം ഉം കോൺഗ്രസും സംപൂജ്യരാവുകയും ചെയ്തു.

അബ്ബാസ് സിദ്ദിഖി
അബ്ബാസ് സിദ്ദിഖി

മമതാ ബാനർജിയോടും തൃണമൂൽ കോൺഗ്രസിന്റെ ഒരു പതിറ്റാണ്ടു നീണ്ട ഭരണത്തോടുമുള്ള മമതയേക്കാൾ ബംഗാളിൽ ഭരണത്തുടർച്ചയ്ക്ക് കളമൊരുക്കിയത് ബംഗാളിലെ "ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം' മോദി ഭരണത്തിനെതിരെയും അതിന്റെ ആരൂഢമായ ഹിന്ദുത്വത്തിനെതിരെയും നൽകിയ വോട്ടുകളാണെന്ന് കാണാം. ഭൂരിപക്ഷ വോട്ടുകളായി മാറിയ ഈ വ്യത്യസ്ത ന്യൂനപക്ഷങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കുന്നതിനു മുമ്പ് "majority of minorities' എന്ന രാഷ്ട്രീയ പ്രയോഗത്തിന്റെ സാരാംശം നോക്കാം.

സുപ്രീംകോടതിയിലെ സീനിയർ അഡ്വക്കറ്റായ മേനക ഗുരുസ്വാമി ഇന്ത്യയെപ്പറ്റി മുന്നോട്ടുവെച്ച ഒരു പ്രശസ്ത നിരീക്ഷണമുണ്ട് : "ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷമാണ് യഥാർഥ ഇന്ത്യ'. (മേനക ഗുരുസ്വാമിയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊളോണിയൽ കാലത്ത് ചേർത്ത 377 ാം വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുകയും 2018 ലെ ചരിത്ര പ്രസിദ്ധമായ സുപ്രീംകോടതിവിധിയിലൂടെ എൽ.ജി.ബി.റ്റി ഇന്ത്യക്കാരുടെ മൗലികാവകാശങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്ത അഭിഭാഷകസംഘത്തെ നയിച്ചവരിലൊരാൾ). ഈ ന്യൂനപക്ഷത്തിൽ എത്നിക്- മതസമുദായ- ജാതി- ഭാഷാ- ലൈംഗിക ന്യൂനപക്ഷങ്ങളെല്ലാം പെടും. സംഖ്യാപരമായി മാത്രമല്ല, രാഷ്ട്രീയമായും സാമൂഹികമായും വർഗ- ലിംഗ പദവിപരമായും എത്നിക്കായും അരുക്കാക്കപ്പെട്ട, വിവേചനം നേരിടുന്ന, എളുപ്പത്തിൽ ആക്രമിക്കാൻ പാകത്തിലുള്ള വ്യത്യസ്ത ജനവിഭാഗങ്ങളെയാണ് മേനക ഗുരുസ്വാമി ന്യൂനപക്ഷങ്ങളായി കണ്ടത്. "ഹിന്ദു' എന്ന ജനസ്ഥിതിവിവര സംവർഗത്തിലേക്ക് കൊളോണിയൽ സെൻസസിലൂടെ ആപൂരണം ചെയ്യപ്പെട്ട ഗോത്രജനവിഭാഗങ്ങളും വ്യത്യസ്ത കീഴ്ജാതികളിൽ പെട്ട ദളിതരുമെല്ലാം ഈ "ഭൂരിപക്ഷ ന്യൂനപക്ഷ'ത്തിന്റെ അവിച്ഛിന്നഭാഗമത്രെ. സംഖ്യാപരമായും അതിലേറെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ തലങ്ങളിൽ കീഴാളരുമായ മുസ്‌ലീങ്ങളും
പിതൃമേധാവിത്വ വ്യവസ്ഥിതിയിൽ കീഴ്പ്പെട്ട സ്ത്രീകളും ഈ ന്യൂനപക്ഷത്തിൽ വരും.

"സാമൂഹിക-സാമ്പത്തിക നില വെച്ച് നോക്കിയാൽ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിതാവസ്ഥ മറ്റേതൊരു സമുദായത്തെക്കാളും, ദളിതരെക്കാൾ പോലും മോശമാണ്' എന്നത്രെ സച്ചാർ കമ്മിറ്റി മറയേതുമില്ലാതെ രേഖപ്പെടുത്തിയത്.

2014 ൽ നിലവിൽ വന്ന എൻ.ഡി.എ മന്ത്രിസഭയിൽ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന നജ്മ ഹെപ്ത്തുള്ള "മുസ്‌ലിം ഇന്ത്യയിൽ ന്യൂനപക്ഷമല്ല. പക്ഷേ, പാഴ്സികൾ ആണ്' എന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ ജനസംഖ്യയുടെ 14 ശതമാനവും 17 കോടിയോളവും വരുന്ന മുസ്‌ലിം സമുദായമല്ല ന്യൂനപക്ഷ പദവി അർഹിക്കുന്നതെന്നും വെറും 69000 പേരുള്ള പാഴ്സികളാണ് അതിന് സർവഥാ യോഗ്യർ എന്നുമായിരുന്നു വിവക്ഷ. ന്യൂനപക്ഷ നിർവചനത്തെ ഹിന്ദുത്വത്തിന്റെ കുടിലയുക്തിക്കനുസൃതമായി തലകുത്തനെ നിർത്തിയ നജ്മ, 2006 ൽ പുറത്തുവന്ന സച്ചാർ കമ്മറ്റി റിപ്പോർട്ട് മറിച്ചുനോക്കുകയോ അതിൽ ഇന്ത്യയിലെ മുസ്‌ലിംകളുടെ പരിതാപകര പരിതോവസ്ഥയെപ്പറ്റി പറയുന്ന ഭാഗം ഒന്നുകിൽ വായിക്കുകയോ ഉണ്ടാവില്ല. അല്ലെങ്കിൽ ഹിന്ദുത്വ യജമാനൻമാരെ പ്രീതിപ്പെടുത്താൻ ബോധപൂർവം തമസ്‌കരിക്കുകയായിരുന്നു. "സാമൂഹിക-സാമ്പത്തിക നിലവെച്ച് നോക്കിയാൽ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിതാവസ്ഥ മറ്റേതൊരു സമുദായത്തെക്കാളും, ദളിതരെക്കാൾ പോലും മോശമാണ്' എന്നത്രെ സച്ചാർ കമ്മിറ്റി മറയേതുമില്ലാതെ രേഖപ്പെടുത്തിയത്.

 നജ്മ ഹെപ്ത്തുള്ള
നജ്മ ഹെപ്ത്തുള്ള

ന്യൂനപക്ഷങ്ങളെ സംഖ്യാപരമായി നിർവചിക്കുന്നതിന് ഊന്നൽ നൽകുന്ന പഴഞ്ചൻ സമീപനം സാമൂഹികശാസ്ത്ര പഠിതാക്കൾ കൈയൊഴിഞ്ഞിട്ട് കാലമേറെയായി. ബ്രിട്ടീഷ് രാഷ്ട്രമീമാംസകനായ ആന്ദ്രെ ലെബിച്ച് "മൈനോറിറ്റി ആസ് ഇൻഫീരിയോറിറ്റി : മൈനോറിറ്റി റൈറ്റ്സ് ഇൻ ഹിസ്റ്റോറിക്കൽ പെഴ്സ്പെക്റ്റീവ്' (2008) എന്ന പ്രബന്ധത്തിൽ ന്യൂനപക്ഷത്തെ നിർവചിക്കുന്നത് ഇങ്ങനെയാണ് : "ഒരു ജനവിഭാഗത്തെ ന്യൂനപക്ഷമാക്കുന്ന സുപ്രധാന ഘടകങ്ങൾ അസമത്വവും കീഴ്പ്പെട്ട അവസ്ഥയുമാണ്. വെറുതെ സംഖ്യാപരമായി മാത്രമല്ല, സാക്ഷാലുള്ള തരംതാണ കീഴവസ്ഥയാണത്.'

ബി.ജെ.പിക്ക് വോട്ടു ചെയ്യുന്ന ബംഗാളി ഹിന്ദുക്കൾ പോലും അതിന്റെ രണോൽസുക പ്രത്യയശാസ്ത്രത്തെ അപ്പടി പിൻപറ്റുന്നവരല്ല. ബംഗാൾ ഒരു "മിനി പാകിസ്താൻ' ആയിത്തീരുമെന്ന ബി.ജെ.പി യുടെ ഉദീരണവും അവരിൽ പലരും മുഖവിലയ്ക്കെടുത്തില്ല. അങ്ങനെ രണ്ടു വഴിക്കും തൃണമൂൽ നേട്ടമുണ്ടാക്കി.

ഇനി ബംഗാളിലെ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരാം. തൃണമൂൽ ഭരണവിരുദ്ധ മനോഭാവത്തേക്കാൾ മോദി ഭരണ വിരുദ്ധവികാരം വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ ഏറിയും കുറഞ്ഞും മേൽക്കൈ നേടുന്നതാണ് 2021 ലെ ബംഗാൾ തെരഞ്ഞെടുപ്പിൽ കണ്ടത്. കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ കാണിച്ച ക്രിമിനലായ അനാസ്ഥയും കെടുകാര്യസ്ഥതയും സൃഷ്ടിച്ച ദുരന്തഫലങ്ങൾ ബംഗാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോഴും തിക്താനുഭവമാണ്. രണ്ടാം തരംഗത്തിൽ ബംഗാളികൾ കോവിഡ് കാര്യത്തിൽ കേന്ദ്രത്തിനെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകപ്രക്ഷോഭം, ഉത്തരോത്തരം ഉയരുന്ന ഇന്ധനവില, എൻ.ആർ.സി- എൻ.പി.ആർ- സി.എ.എ ത്രയം (ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ പട്ടിക, പൗരത്വ ഭേദഗതി നിയമം) ലക്ഷക്കണക്കിന് അഭയാർഥികളിലും മുസ്‌ലിം ന്യൂനപക്ഷങ്ങളിലും സൃഷ്ടിച്ച അരക്ഷിതാവസ്ഥ, പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ‘ഐ- പാക്ക്’ സംഘവും ഗ്രാസ്റൂട്ട് ലെവലിൽ ഇറങ്ങി ജനമനസ് വായിച്ച് മമതയോട് നടപ്പാക്കാൻ ആവശ്യപ്പെട്ട പരാതി പരിഹാരങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ, തൃണമൂലിൽ നിന്നുള്ള കൂറുമാറ്റവും വർഗീയ ധ്രുവീകരണ യത്നവും ബി.ജെ.പിക്ക് തിരിച്ചടിയായത്, കേന്ദ്ര ഏജൻസികളുടെ അധിനിവേശത്തിന് തുല്യമായ താണ്ഡവം, വംഗദേശത്തനിമയുടെ ഊന്നൽ, ഹിന്ദുത്വത്തോട് ബംഗാളിലെ ഒരു വലിയ വിഭാഗം ഉയർന്ന ജാതിക്കാർക്കും ഉയർന്ന വർഗക്കാർക്കും ("ഭദ്രലോക്') ഉള്ള താൽപര്യത്തേക്കാൾ ഇല്ലായ്മയുടെയും ദാരിദ്യത്തിന്റെയും പ്രാന്തവത്കരണത്തിന്റെയും പിടിയിലമർന്ന വലിയൊരു ജനസാമാന്യത്തിനുള്ള എതിർപ്പും അവമതിപ്പും എന്നിങ്ങനെ പല കാരണങ്ങൾ തൃണമൂലിനെ സഹായിച്ചു. ഏതൊക്കെ വിഭാഗങ്ങൾ തൃണമൂലിനൊപ്പം അടിയുറച്ചുനിന്നു, മുൻപ് ബി.ജെ.പി വലവീശിപ്പിടിച്ച ഏതെല്ലാം വിഭാഗങ്ങൾ തൃണമൂലിലേക്ക് തിരിച്ചുവന്നു എന്നുനോക്കിയാൽ നേരത്തേ പറഞ്ഞ "ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം' എന്ന ജനസഞ്ചയം ഏതെന്ന് വ്യക്തമാവും.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി

ഒന്നാമതായി, ബംഗാളിലെ മുസ്‌ലിം സമുദായത്തിന്റെ സുദൃഢമായ ഘനീകരണം തൃണമൂലിന് വലിയ തുണയായി. ബി.ജെ.പി യുടെ അധികാരാരോഹണത്തെ പേടിസ്വപ്നമായി കണ്ട മുസ്‌ലിം സമുദായം അത് ആസന്ന യാഥാർഥ്യമാണെന്ന് മനസ്സിലാക്കുകയും തൃണമൂലിനെ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്തുവന്ന ലിബറൽ ഹിന്ദുക്കളിൽ നല്ലൊരു ശതമാനവും മമതക്കൊപ്പം നിന്നു. തൃണമൂൽ ഭരണത്തെക്കുറിച്ച് അവർക്ക് പരാതികളില്ലാഞ്ഞിട്ടല്ല. "വലിയ തിന്മയെ ചെറുക്കാൻ ചെറിയ തിന്മയ്ക്ക് വോട്ടു ചെയ്യുക'യായിരുന്നു ഇക്കൂട്ടർ. ബംഗാളി ഹിന്ദുവിന്റെ സൈക്കി ഉത്തരേന്ത്യയിലെ ബി.ജെ.പി അനുഭാവമുള്ള സാധാരണ ഹിന്ദുവിന്റെ അതേ സൈക്കിയാണ് എന്ന മതിഭ്രമത്തിന് ബി.ജെ.പി അടിപ്പെട്ടു. ബി.ജെ.പിക്ക് വോട്ടു ചെയ്യുന്ന ബംഗാളി ഹിന്ദുക്കൾ പോലും അതിന്റെ രണോൽസുക പ്രത്യയശാസ്ത്രത്തെ അപ്പടി പിൻപറ്റുന്നവരല്ല. ബംഗാൾ ഒരു "മിനി പാകിസ്താൻ' ആയിത്തീരുമെന്ന ബി.ജെ.പി യുടെ ഉദീരണവും അവരിൽ പലരും മുഖവിലയ്ക്കെടുത്തില്ല. അങ്ങനെ രണ്ടു വഴിക്കും തൃണമൂൽ നേട്ടമുണ്ടാക്കി.

യാദവർ, കുർമി, കുംഹർ, ലോഹർ, തേലി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി ക്കുണ്ടായിരുന്ന പിന്തുണ 68 ശതമാനത്തിൽ നിന്ന് 49 ശതമാനമായി കുറഞ്ഞു. ആദിവാസികളുടെ പിന്തുണ 62 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ബി.ജെ.പിക്ക് കുറഞ്ഞു.

അക്കാദമിക- ജേണലിസ്റ്റ് വൃത്തങ്ങളിൽ ചർവിതചർവണം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയവാക്യമാണ് "കീഴാള ഹിന്ദുത്വം'. ഗ്രാമീണ ദരിദ്രരും ദളിതരും ആദിവാസികളും പിന്നാക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന ഒരു വലിയ വിഭാഗം, സാംസ്‌കാരിക- രാഷ്ട്രീയ ആദർശ ഐക്യത്തിന്റെ ആകർഷണത്തിൽ ബി.ജെ.പി യിലേക്ക് മാറി എന്നും ഇതോടൊപ്പം ഈ വിഭാഗങ്ങളിൽ ഭദ്രലോക് വിരുദ്ധ വികാരമുണ്ടെന്നും കീഴാള ഹിന്ദുത്വത്തിന്റെ പ്രണേതാക്കൾ ഉറപ്പിച്ചു പറഞ്ഞു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഈ പ്രവണതയുണ്ടായിരുന്നെങ്കിലും 2021 ൽ തൃണമൂൽ കോൺഗ്രസിന് ഇവരിൽ പലരേയും ബി.ജെ.പി യിൽ നിന്ന് അടർത്തിമാറ്റാൻ സാധിച്ചു. യാദവർ, കുർമി, കുംഹർ, ലോഹർ, തേലി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി ക്കുണ്ടായിരുന്ന പിന്തുണ 68 ശതമാനത്തിൽ നിന്ന് 49 ശതമാനമായി കുറഞ്ഞു (ലോക് നീതി-സി.ഡി.എസ് പോസ്റ്റ് പോൾ സർവേ). ആദിവാസികളുടെ പിന്തുണ 62 ശതമാനത്തിൽ നിന്ന് 46 ശതമാനമായി ബി.ജെ.പിക്ക് കുറഞ്ഞു.

ഇടതു കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ഇടതു കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ബി.ജെ.പി ഏറെ സമയവും ഊർജവും വിനിയോഗിച്ച ദളിത് സമുദായങ്ങളിലും ബി.ജെ.പി പ്രഭാവം മങ്ങി. ഉദാഹരണത്തിന് 2019 ൽ രാജബൻഷി ദളിതുകളിൽ നാലിൽ മൂന്നുഭാഗം ബി.ജെ.പി യെ പിന്തുണച്ചിരുന്നുവെങ്കിൽ ഇത്തവണ അത് അഞ്ചിൽ മൂന്നായി കുറഞ്ഞു. ബി.ജെ.പി ക്ക് പിന്തുണ നിലനിർത്താൻ കഴിഞ്ഞ ഏക ദളിത് വിഭാഗം നാമശൂദ്രരും മത്വ അഭയാർഥികളുമാണ്. ബ്രാഹ്‌മണർ, കായസ്ഥർ, ബൈദ്യാസ് തുടങ്ങിയ ഉയർന്ന ജാതികളിൽ നിന്നുള്ള പിന്തുണയും ലേശം കുറഞ്ഞു. 50 ശതമാനത്തിൽ നിന്ന് 46 ശതമാനം.

സ്ത്രീ വോട്ടർമാർ തൃണമൂലിനെയാണ് പിന്തുണച്ചത്. ബി.ജെ.പി ക്ക് വോട്ട് ചെയ്തതിനേക്കാൾ 13 ശതമാനത്തിലധികം സ്ത്രീ വോട്ടർമാർ തൃണമൂലിന് വോട്ടു ചെയ്തു. കന്യാശ്രീ, രൂപശ്രീ, പെൺ വിദ്യാർഥികൾക്ക് സൈക്കിൾ, ജനറൽ കാറ്റഗറിയിലെ വീട്ടമ്മമാർക്ക് 500 രൂപയും പട്ടിക വർഗ-പട്ടിക ജാതി - ഇതര പിന്നാക്ക വിഭാഗ വീട്ടമ്മമാർക്ക് 1000 രൂപ വീതവും പ്രതിമാസം നൽകുമെന്ന വാഗ്ദാനവും 45 വയസ്സിനു മുകളിലുള്ള ഗ്രാമീണരും ദരിദ്രരുമായ വീട്ടമ്മമാരും തൃണമൂലിന് പിന്നിൽ ഉറച്ചു നിന്നതും ശ്രദ്ധേയമായ വഴിത്തിരിവുണ്ടാക്കി. അതേസമയം ഉപരിവർഗ-മേൽജാതി സ്ത്രീ വോട്ടർമാർ ബി.ജെ.പി ക്ക് ഒപ്പമാണ് പൊതുവിൽ നിന്നത്.

ഇടതുപക്ഷവും കോൺഗ്രസ്സും ഈ മട്ടിൽ ജീവച്ഛവമായി ബംഗാളിൽ തുടരുകയും മമതയും തൃണമൂലും മുൻ ഭരണശൈലിയുടെ അലകും പിടിയും മാറ്റാതിരിക്കുകയും ചെയ്താൽ വരും തെരഞ്ഞെടുപ്പുകളിൽ ബി. ജെ. പി യുടെ ബംഗാൾ വഴി കൂടുതൽ സുഗമമായിത്തീരും.

ഇതാണ് പറഞ്ഞു വരുന്ന ന്യൂനപക്ഷങ്ങളുടെ ഭൂരിപക്ഷം. ബി.ജെ.പി യുടെ ഹിന്ദുത്വ തേരോട്ടത്തെ ചെറുക്കാൻ അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഇരകളും എതിർമുഖത്തു നിൽക്കുന്നവരുമായ എല്ലാ വിഭാഗങ്ങളെയും ബി.ജെ,പി യെ നേർക്കുനേർ നേരിടാൻ കഴിയുന്ന ഒരു മതേതര പ്ലാറ്റ്ഫോമിൽ (അത് ഒരു സംസ്ഥാന പാർട്ടിയാണെങ്കിലും) അണിനിരത്തുകയാണ് അഭികാമ്യം എന്ന കാര്യമാണ് ബംഗാളിലെ ഫലം വ്യക്തമാക്കുന്നത്.

ബി.ജെ.പി ക്കെതിരെ പൊരുതാൻ ശേഷിയുള്ള ഒരേയൊരു രാഷ്ട്രീയശക്തി തൃണമൂലാണെന്ന ഉറച്ച ബോധ്യം വോട്ടർമാരിൽ ഉറപ്പിക്കാൻ സി.പി.എം മുൻകൈയെടുത്ത് ഉണ്ടാക്കിയ "സംയുക്ത മോർച്ച' എന്ന സംശയാസ്പദ കൂട്ടായ്മയും പങ്കുവഹിച്ചു എന്ന് പ്രസേനജിത്ത് ബോസ് എഴുതുന്നു. (The Hindu, May 3, 2021). ഈ മോർച്ചയിൽ കോൺഗ്രസിനുപുറമെ അബ്ബാസ് സിദ്ദിഖി എന്ന ആത്മീയ നേതാവ് നേതൃത്വം നൽകുന്ന ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്ന പാർട്ടിയുമുണ്ടായിരുന്നു. 2020 ൽ ഫ്രാൻസിൽ ഐ.എസ് തീവ്രവാദി ഒരു അധ്യാപകന്റെ തലവെട്ടിയപ്പോൾ പരസ്യമായി പിന്തുണച്ചയാളാണ് സിദ്ദിഖി. അഭിനേതാവും തൃണമൂൽ എം.പി യുമായ നുസ്രത്ത് ജഹാൻ ബിസിനസുകാരനായ നിഖിൽ ജയിനിനെ വിവാഹം കഴിച്ചപ്പോൾ "നുസ്രത്ത് ജഹാൻ തുണിയുരിഞ്ഞ് പണം ഉണ്ടാക്കുന്ന കൂട്ടത്തിലാണെന്നും അവരെ മരത്തിൽ കെട്ടി അടിക്കുകയാണ് വേണ്ടതെന്നും' ഒരു പൊതുയോഗത്തിൽ അബ്ബാസ് സിദ്ദിഖി പറഞ്ഞിരുന്നു. മുസ്‌ലീങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിക്കാൻ അബ്ബാസ് സിദ്ദിഖിയെ കൂട്ടുകവഴി ഇടതുപക്ഷത്തിന് പ്രതിച്ഛായ പോയി എന്നുമാത്രമല്ല, 2016 ലെ 26 സീറ്റിൽ നിന്ന് പൂജ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു; ഇതു മാത്രമല്ല ഈ വൻ പതനത്തിന് കാരണമെങ്കിലും.

 നുസ്രത്ത് ജഹാൻ
നുസ്രത്ത് ജഹാൻ

ബംഗാൾ തെരഞ്ഞെടുപ്പ് ചിത്രം ആശയോളം തന്നെ, ഒരുവേള അതിലേറെ ആശങ്കയ്ക്ക്ക്കും വക നൽകുന്നതുമാണ്. കാരണം, 38 ശതമാനം വോട്ടും 77 സീറ്റുമായി ഏക പ്രതിപക്ഷ കക്ഷിയായി, പ്രബലമായിത്തന്നെ ബി. ജെ. പി അവിടെയുണ്ട്. 2011 മുതലുള്ള ബംഗാൾ തെരഞ്ഞെടുപ്പുകൾ നോക്കിയാൽ ബി. ജെ. പി യുടെ ഗ്രാഫ് ക്രമമായി ഉയരുകയാണ്, ബംഗാളിൽ. മമത ബാനർജിയുടെ വ്യക്തിപ്രഭാവത്തിൽ അമിതമായി ഊന്നുന്നതും അവർക്കുചുറ്റും ഭ്രമണം ചെയ്യുന്നതുമായ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. മമതയില്ലെങ്കിൽ ആ പാർട്ടിയുടെ സ്ഥിതി ജയലളിതയില്ലാത്ത എ. ഐ. എ. ഡി. എം. കെ യെക്കാൾ കഷ്ടമാകാനാണ് എല്ലാ സാധ്യതയും. പോരാത്തതിന് തൃണമൂൽ കോൺഗ്രസ് ഒരു Ideological coherence ഉള്ള പാർട്ടിയുമല്ല. 1999 ലും 2003 ലും എൻ. ഡി. എയുടെയും 2009-2012 കാലത്ത് യു. പി. എ യുടെയും ഭാഗമായിരുന്നു തൃണമൂൽ. ഇടതുപക്ഷവും കോൺഗ്രസ്സും ഈ മട്ടിൽ ജീവച്ഛവമായി ബംഗാളിൽ തുടരുകയും മമതയും തൃണമൂലും മുൻ ഭരണശൈലിയുടെ അലകും പിടിയും മാറ്റാതിരിക്കുകയും ചെയ്താൽ വരും തെരഞ്ഞെടുപ്പുകളിൽ ബി. ജെ. പി യുടെ ബംഗാൾ വഴി കൂടുതൽ സുഗമമായിത്തീരും. ▮


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments