ജെനി റൊവേന

നമ്മൾതന്നെ മെനഞ്ഞെടുത്ത സ്വത്വരാഷ്ട്രീയങ്ങൾ
​നമ്മൾക്കെതിരെ ഉപയോഗിക്കപ്പെടാം

ബി.ജെ.പി എന്ന ഹിന്ദു സവർണ രാഷ്ട്രീയ പദ്ധതി പ്രവർത്തിക്കുന്നത് കീഴാളരുടെ ഉണർവിന്റെ കാലത്താണ്, മണ്ഡലിനുശേഷമാണ്. ബി.ജെ.പിക്ക് ഹിന്ദു എന്നതിനെ നിലനിർത്താൻ, അതിനൊരു അടിത്തറ നൽകാൻ കീഴ്ജാതി കാഴ്ചാപരമായ പ്രതിനിധാനം നൽകാതെ വയ്യ എന്നത് വ്യക്തമാണ്. അതുകൊണ്ടാണവർ ഇങ്ങനെയൊരു രാഷ്ട്രീയം കരുതിക്കൂട്ടി തെരഞ്ഞെടുക്കുന്നത്.

ഷഫീഖ് താമരശ്ശേരി: ബി.ജെ.പി നേതാവ് നുപുർ ശർമ നടത്തിയ പ്രവാചക നിന്ദക്കെതിരായി യു.പിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളെ സംഘപരിവാർ ഭരണകൂടം നേരിട്ടത് ഇന്ത്യയിലിന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും തീവ്രമായ മാർഗങ്ങളിലൂടെയാണല്ലോ. പ്രതിഷേധക്കാരുടെ വരുമാനമാർഗങ്ങൾ സ്തംഭിപ്പിക്കുക, സ്വത്ത്​ കണ്ടുകെട്ടുക, വീടുകൾ ഇടിച്ചുനിരത്തുക തുടങ്ങിയ നടപടികളാണല്ലോ നടന്നുവരുന്നത്. ആദ്യം മധ്യപ്രദേശിൽ പരീക്ഷിച്ച് പിന്നീട് ജഹാംഗീർപുരിയിൽ ആവർത്തിച്ച ബുൾഡോസർ രാഷ്ട്രീയം ക്രൂരമായ രീതിയിലാണ് ഒടുവിൽ യു.പിയിലും അരങ്ങേറിയത്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ജെനി റൊവേന: തീർത്തും ഭയാനക സാഹചര്യം തന്നെയാണിത്. ഉദ്യോഗസ്ഥരും പൊലീസും മാധ്യമങ്ങളും, എന്തിന് കോടതികൾ പോലും ചേർന്ന്, ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ മോഡൽ നടപ്പിലാക്കാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവരെ തടയാൻ പാകത്തിൽ ഇവിടെ ശക്തമായ ഒരു ബഹുജന/കീഴാള രാഷ്ട്രീയമില്ല എന്നതാണ് അതിലും ഭയാനകം.

കീഴാളർ തങ്ങളുടെ സ്ഥിരം രീതികൾ വെടിഞ്ഞ് ചരിത്രം പുനഃപരിശോധിച്ച്, പുതിയ കൂട്ടായ്മകൾ നിർമിച്ച്​, ഒരുമിച്ചുവരാത്ത കാലത്തോളം, നമ്മൾതന്നെ മെനഞ്ഞെടുത്ത സ്വത്വരാഷ്ട്രീയങ്ങൾ നമ്മൾക്കെതിരെ ഉപയോഗിക്കപ്പെടാം

വാസ്തവത്തിൽ ഇങ്ങനെയൊരു കാര്യം മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുമ്പോൾ ഉണ്ടായിവരുന്ന ഈ കാഴ്ച, അതുകണ്ട് രസിക്കാൻ മാത്രം, മുസ്​ലിം ജനതയോട് അത്രയ്ക്കധികം വെറുപ്പ് ഉള്ളിൽ കരുതുന്ന ഒരു സമൂഹത്തെക്കൂടിയാണ് നിർമിച്ചെടുക്കുന്നത്. പലതും ആസ്വദിക്കാൻ മാധ്യമങ്ങൾ നമ്മളെ ശീലിപ്പിക്കുന്നത് പോലെ, ഇതും ഒരു പരിശീലനമാണ്. എന്നാൽ എളുപ്പത്തിലിത് സാധ്യമാകുന്നത്, ഇന്ത്യൻ ആധുനികതയുടെ സാംസ്‌കാരിക വ്യവഹാരങ്ങളെല്ലാം തന്നെ ഇങ്ങനെയൊരു പരിശീലനമാണ് ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങൾക്ക് കൊടുത്തിട്ടുള്ളത് എന്നതുകൊണ്ടാണ്. കാരണം, ജാതികൊണ്ട് പലതായി ചിതറിയ ഒരു ‘ഹിന്ദു' വിഭാഗത്തെ സങ്കൽപിക്കാൻ (അതു നിലനിർത്താൻ) മുസ്​ലിം ജനതയോടുള്ള അകൽച്ചയും വെറുപ്പും, ഹിംസയും പ്രധാനമാണ്.

ഇന്ന് ബുൾഡോസറിന്റെ മുന്നിലെത്തി നിൽക്കുന്ന ഈ വെറുപ്പിന്റെ ജാതി - മത - ചരിത്രം, കോൺഗ്രസ് ദേശീയതയിലും, ഇന്ത്യൻ ഭരണഘടന സംവാദങ്ങളിലും (Constituent Assembly Debates), ഇവിടുത്തെ സാംസ്‌കാരിക - അക്കാദമിക വ്യവഹാരങ്ങളിലും വളരെ വ്യക്തമായി കാണാം. ഇങ്ങനെയൊരു ചരിത്രമാണിന്ന് ബുൾഡോസറായി പരിണമിച്ചിരിക്കുന്നത്. ഇതിനെ മുന്നോട്ടുപോകാൻ, പുതിയ സാമ്പത്തിക- സാംസ്‌കാരിക വ്യവസ്ഥയും മാധ്യമങ്ങളും, പൊലീസ് - കോടതി എന്നിവയുടെ പൂർണമായ തകർച്ചയുമെല്ലാം സഹായിക്കുമ്പോൾ, അവയെ തടയാൻ പാകത്തിലിവിടെയൊരു കീഴാള രാഷ്ട്രീയമില്ല എന്നതാണ് വാസ്തവം.

മധ്യപ്രദേശിലെ ഖർഗോണിൽ ഭരണകൂടം പൊളിച്ചു മാറ്റുന്ന വീട്. / Photo: Scroll.in
മധ്യപ്രദേശിലെ ഖർഗോണിൽ ഭരണകൂടം പൊളിച്ചു മാറ്റുന്ന വീട്. / Photo: Scroll.in

കാരണം, എല്ലാതരം രാഷ്ട്രീയങ്ങളെയും ഇല്ലാതാക്കിയും, ഏതുരംഗത്തായാലും പ്രതികരിക്കുന്നവരെ പോലും ജയിലിലടച്ചുമാണ് ബുൾഡോസറുകൾക്ക് മുന്നോട്ടുനീങ്ങാൻ കഴിയുന്നത്. ഇങ്ങനെയൊരു അടിച്ചമർത്തലിനെതിരെ ഒരു ജനരോഷവും ഇന്നുണ്ടായി വന്നിട്ടില്ല. ചിലപ്പോഴിത് ഇന്ത്യൻ ദേശീയതയുടെ തന്നെ അവസാനത്തെ അധ്യായമായിരിക്കാൻ സാധ്യതയുണ്ട്. കാരണം ബുൾഡോസറുകൾ തകർക്കുന്നത് ദേശം, അവകാശം, ജനാധിപത്യം എന്നിങ്ങനെയുള്ള വിശ്വാസങ്ങളുടെ അടിത്തറ കൂടിയാണ്. ഇതിനപ്പുറം എന്താണെന്ന് ഇപ്പോൾ കാണാൻ പ്രയാസമാണ്. എന്തു തന്നെയായാലും, അത് ഭീതിയിലാഴ്ത്താൻ പോകുന്നത് കീഴാളരെ മാത്രമല്ല എന്നുറപ്പിച്ചുപറയാം.

പാർശ്വവൽകൃത സമൂഹങ്ങളുടെ പൗരസമരങ്ങൾ, ഇപ്പോൾ നടക്കുന്ന യുവാക്കളുടെ സമരങ്ങൾ തുടങ്ങിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കെതിരെ ഹിംസാത്മകമായ ഒരു ഭരണകൂടനീതി പ്രവർത്തിക്കുമ്പോൾ തന്നെ, ഈ വിഭാഗങ്ങളെയെല്ലാം സ്വാംശീകരിക്കാനുള്ള ഒരു രാഷ്ട്രീയതന്ത്രം കൂടി സംഘ്പരിവാറിനും അതിന്റെ ഭരണകൂടത്തിനും കഴിയുന്നുണ്ട്. യു.പിയിൽ ബി.ജെ.പിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ ദലിത്- പിന്നാക്ക- മുസ്​ലിം വോട്ടുബാങ്കും ഇപ്പോൾ ചരിത്രത്തിലാദ്യമായി ഒരു ഗോത്രവനിതയെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണല്ലോ. ഇത്തരമൊരു ‘ഇൻക്ലൂസീവ്' രാഷ്ട്രീയം എങ്ങനെയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ ബാധിക്കുക?

ഇത് ബി.ജെ.പിയുടെ ഒരു രാഷ്ട്രീയതന്ത്രമാണ് എന്ന് തിരിച്ചറിയുന്നത് പ്രധാനമാണ്. ഏകദേശം പത്തുപതിനഞ്ച് കൊല്ലം മുമ്പ് കാഞ്ച ഐലയ്യ ബി.ജെ.പി, ഒ.ബി.സി.കളെ സ്വാംശീകരിക്കുന്നതിനെ കുറിച്ചെഴുതിയിരുന്നു. പേരിനുപോലും കോൺഗ്രസിനിങ്ങനെ ഒരു രാഷ്ട്രീയം മുന്നോട്ട് വെയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇതിപ്പോൾ എല്ലാവരും പറയുന്നതുപോലെ, കോൺഗ്രസിന്റെ സവർണത കാരണം മാത്രമല്ല. പകരം, കോൺഗ്രസ് ദേശീയത തങ്ങളുടെ രാഷ്ട്രീയനിലനിൽപ്പിനുവേണ്ടി ‘ഹിന്ദു' എന്ന കാറ്റഗറിയെയാണ് നിർമിച്ചെടുത്തത്. മുസ്​ലിമിനെ അപരപക്ഷത്ത് വെച്ചുകൊണ്ടുകൂടി (മറ്റനേകം രീതികളുപയോഗിച്ചും) ഉണ്ടാക്കിയെടുത്ത ഈ നിർമിതിയിലൂടെയാണ് അവർ ഇന്ത്യൻ ദേശീയതയെ തന്നെ ജാതി മത പ്രതിഷേധങ്ങൾക്കെതിരെ തിരിച്ചുകൊണ്ട്, അവയെ പൂർണമായും ഇല്ലാതാക്കിക്കൊണ്ട്, ഇന്ത്യൻ സമൂഹത്തെ സവർണ ഹിന്ദുക്കളുടെ പരിപൂർണമായ കുത്തകയാക്കി മാറ്റിയെടുത്തത്.

കാഴ്ചയുടെ മണ്ഡലത്തിലാണ് ഇന്ന് സംസ്‌കാരങ്ങൾ പ്രവർത്തനക്ഷമമാകുന്നത് എന്നത് ഇന്നും കൂടുതൽ പ്രധാനമാണ്. അതുകൊണ്ടാണവർ ഇങ്ങനെയൊരു രാഷ്ട്രീയം കരുതിക്കൂട്ടി തെരഞ്ഞെടുക്കുന്നത്.

എന്നാൽ ബി.ജെ.പി എന്ന ഹിന്ദു സവർണ രാഷ്ട്രീയ പദ്ധതി പ്രവർത്തിക്കുന്നത് കീഴാളരുടെ ഉണർവിന്റെ കാലത്താണ്, മണ്ഡലിനുശേഷമാണ്. ഇവിടെ ബി.ജെ.പിക്ക് ഹിന്ദു എന്നതിനെ നിലനിർത്താൻ, അതിനൊരു അടിത്തറ നൽകാൻ കീഴ്ജാതി കാഴ്ചാപരമായ പ്രതിനിധാനം നൽകാതെ വയ്യ എന്നത് വ്യക്തമാണ്. കാഴ്ചയുടെ മണ്ഡലത്തിലാണ് ഇന്ന് സംസ്‌കാരങ്ങൾ പ്രവർത്തനക്ഷമമാകുന്നത് എന്നത് ഇന്നും കൂടുതൽ പ്രധാനമാണ്. അതുകൊണ്ടാണവർ ഇങ്ങനെയൊരു രാഷ്ട്രീയം കരുതിക്കൂട്ടി തെരഞ്ഞെടുക്കുന്നത്. ഇത് കീഴാളർക്ക് ഒന്നും നേടി കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ കീഴാളരും തങ്ങളുടെ സ്ഥിരം രീതികൾ വെടിഞ്ഞ് ചരിത്രം പുനഃപരിശോധിച്ച്, പുതിയ കൂട്ടായ്മകൾ നിർമിച്ച്​, ഒരുമിച്ചുവരാത്ത കാലത്തോളം, നമ്മൾതന്നെ മെനഞ്ഞെടുത്ത സ്വത്വരാഷ്ട്രീയങ്ങൾ നമ്മൾക്കെതിരെ ഉപയോഗിക്കപ്പെടാം. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments