കെ.ഇ.എൻ / Photo: Muhammed Hanan

മലബാർ കലാപവും മുസ്‌ലിം അപരവൽക്കരണവും; ചില യാഥാർഥ്യങ്ങൾ

അപരവൽക്കരണത്തെ കേരളം രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്തി. അതേസമയം, അപരവൽക്കരണത്തിന്റെ സാംസ്‌കാരികതലം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ്, കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച വലിയ ഭീഷണി. രാഷ്ട്രീയമായി പരാജയപ്പെടുത്തപ്പെട്ട അപരവൽക്കരണത്തിന്റെ വൈറസ് നമ്മുടെ അബോധത്തിൽ അഭയം തേടിയിരിക്കുകയാണ്.

കെ. കണ്ണൻ: മലബാർ കലാപത്തിന്റെ നൂറാം വർഷമാണിത്. ഈ ചരിത്രസംഭവത്തെക്കുറിച്ച് നിരവധി ആഖ്യാനങ്ങൾ വന്നുകഴിഞ്ഞു. എന്നാൽ, നൂറാം വാർഷികം, ആ ആഖ്യാനങ്ങളുടെ തുടർച്ചയെ ഒരു വിവാദ സാഹചര്യത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. മലബാർ കലാപം ഒരു കാർഷിക കലാപമായിരുന്നുവെന്നും അത് ബ്രിട്ടീഷ് വിരുദ്ധമായതുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നുമുള്ള ആഖ്യാനങ്ങൾക്കപ്പുറം, കലാപത്തെ മതപരവും സാമുദായികവുമായ ഒരു ബോധം നയിച്ചിരുന്നു എന്ന വാദത്തിലൂന്നിയാണ് വിവാദം സൃഷ്ടിക്കപ്പെടുന്നത്. ഈ വിവാദത്തിനൊടുവിലാണ് ഐ.സി.എച്ച്.ആർ തയാറാക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽനിന്ന്, കലാപത്തിന് നേതൃത്വം നൽകിയ ആലി മുസ്‌ലിയാർ, വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരെ ഒഴിവാക്കുന്നത്. ഇന്ത്യൻ കോൺടെക്‌സ്റ്റിൽ, മതത്തിന്റെ ഇടപെടലുകൾ പല ചരിത്രഘട്ടങ്ങളെയും നിർണയിച്ചിട്ടുണ്ട്. ഹൈന്ദവതയിലൂന്നിയ ദേശീയവാദം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പല ധാരകളെയും ഗാന്ധി അടക്കമുള്ള നേതൃത്വങ്ങളെയും നേരിട്ടുതന്നെ സ്വാധീനിച്ചതിന്റെ അടയാളങ്ങൾ ചരിത്രത്തിൽ കാണാം. പുതിയ സാഹചര്യത്തിൽ, മലബാർ കലാപത്തിലെ മത ഉള്ളടക്കം പ്രശ്‌നവൽക്കരിക്കപ്പെടുന്നതിനുപുറകിലെ താൽപര്യങ്ങൾ എന്താണ്?

കെ.ഇ.എൻ: സത്യത്തിൽ മലബാർ വിപ്ലവത്തെ, 1792 മുതൽ തുടർന്നുവരുന്ന സാമൂഹിക- രാഷ്ട്രീയ- സംസ്‌കാരിക പ്രശ്‌നങ്ങളുടെ തുടർച്ചയായി തിരിച്ചറിയുന്നതാണ് നല്ലത്. 1792ലെ ശ്രീരംഗപട്ടണം ഉടമ്പടിയോടെയാണ് മലബാർ, ബ്രിട്ടീഷ് പ്രവിശ്യയായി മാറുന്നത്. അതുവരെ നിലനിന്ന ഭൂബന്ധങ്ങളിലും ജന്മി- കുടിയാൻ ബന്ധങ്ങളിലും അതോടെ മൗലികമായ മാറ്റമുണ്ടാകുകയാണ്. സാമ്രാജ്യത്വം, ഫ്യൂഡൽ പ്രഭുക്കളിൽ അതിന്റെ ഉറ്റ ബന്ധുക്കളെ കണ്ടെത്തി അധികാരം ദൃഢപ്പെടുത്താൻ നടത്തിയ ഒരു വലിയ രാഷ്ട്രീയനീക്കം കൂടിയായിരുന്നു ഇത്. ഭൂരിപക്ഷം വരുന്ന ജന്മി വിഭാഗം സവർണ ഹിന്ദുക്കളായിരുന്നു. അതുകൊണ്ടുതന്നെ പിൽക്കാലത്ത്, അസംതൃപ്തരായ കുടിയാന്മാരുടെ നേതൃത്വത്തിൽ, സവർണ മേൽക്കോയ്മയുടെയും സാമ്രാജ്യത്വ മേൽക്കോയ്മയുടെയും ജന്മിത്വ മേൽക്കോയ്മയുടെയും നുകങ്ങൾ വലിച്ചെറിയാൻ പലതരം സമരങ്ങൾ നടന്നു. 1800കളിൽ എളമ്പുലാശ്ശേരി ഉണ്ണി മൂപ്പൻ, അത്തൻ ഗുരുക്കൾ, ചെമ്പൻ പോക്കർ എന്നിവരുടെയൊക്കെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ഉദാഹരണം. അതിന്റെ തുടർച്ചയിൽ ചെറുതും വലുതുമായ നിരവധി സമരങ്ങളുണ്ടായി. ഇതിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്. അതായത്, മതപരിവർത്തനം ചെയ്ത അധഃസ്ഥിതരുൾപ്പെട്ട ജനവിഭാഗങ്ങളെ ജന്മിമാർ ഉപദ്രവിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

സമരത്തിനെതിരായ അപവാദ പ്രചാരണം, സാമ്രാജ്യത്വ വിരുദ്ധതയുടെയും നവോത്ഥാനത്തിന്റെയും മൂല്യബോധം സജീവമായിരുന്നതുകൊണ്ട് ഒരുപരിധി വരെ പ്രതിരോധിക്കാൻ കഴിഞ്ഞു. പക്ഷെ, ആ പ്രതിരോധം ശക്തമായി നടന്നത് തെക്കൻ മലബാറിൽ മാത്രമാണ്.

1852ലാണ് ഫസൽ പൂക്കോയ തങ്ങളുടെ ഫത്‌വ വരുന്നത്. ജന്മിത്വ- സവർണ പീഡനത്തിന്റെ ഫലമായി അധഃസ്ഥിതരിൽ ഒരു വിഭാഗം ഇസ്‌ലാം മതം സ്വീകരിച്ചു. മതം മാറിയെങ്കിലും പഴയ സവർണ ഫ്യൂഡൽ ആചാരങ്ങൾ അവർ നിലനിർത്തി. ഇത് അവസാനിപ്പിക്കപ്പെട്ടാലേ ഈ ജനതക്ക് ആത്മബോധമുണ്ടാകൂ എന്ന മട്ടിലാണ് ഫത്‌വ വരുന്നത്. ഉച്ഛിഷ്ടം ഭക്ഷിക്കരുത്, ചെയ്ത ജോലിക്ക് കൂലി ചോദിച്ചുവാങ്ങണം, നിവർന്നുനിൽക്കണം എന്നിവയൊക്കെയായിരുന്നു ഇതിന്റെ ഉള്ളടക്കം. യഥാർഥത്തിൽ സവർണ ​ പ്രത്യയശാസ്​ത്രത്തിനെതിരായ ഒരു സാമാന്യ പ്രസ്താവനയായി ഇതിനെ കാണാം. ഒപ്പം, മതം മാറി ഇസ്‌ലാമിലേക്കുവന്ന കീഴാള വർഗത്തോട്, അവർ ഇനിമുതൽ പുതിയ മനുഷ്യരാണ്, പഴയ ആചാരങ്ങൾ പാലിക്കരുത് എന്ന ഒരു പ്രഖ്യാപനവുമാണിത്. ഈ ഫത്‌വയെതുടർന്നും അക്കാലത്തെ കർഷക സമരങ്ങൾക്ക് പ്രചോദനമായി എന്നതുകൊണ്ടുമാണ് ഫസൽ പൂക്കോയ തങ്ങളെ നാടുകടത്തുന്നത്. സത്യത്തിൽ ഇന്നും വേണ്ടത്ര തിരിച്ചറിയപ്പെടാതെയിരിക്കുന്ന ഒരു ഭീകര ബ്രിട്ടീഷ് പ്രവർത്തനമായിരുന്നു അത്. ആ ഭീകരതയെ ഒരു പ്രതിഭീകരത അഴിച്ചുവിട്ട് നമ്മുടെ സാമൂഹിക ജീവിതത്തെ ഒരു രക്തക്കളമാക്കുന്നതിനെ പ്രതിരോധിച്ചത് മമ്പുറം തങ്ങൾ തന്നെയാണ്. അല്ലെങ്കിൽ അതൊരു വലിയ പ്രശ്‌നമായി മാറുമായിരുന്നു. എന്നിട്ടും അതിന്റെ തുടർച്ചയിലാണ് സംഘർഷങ്ങളുണ്ടാകുന്നത്.

ഇത്തരം സംഘർഷങ്ങളുടെ തുടർച്ചയെന്ന നിലയ്ക്ക് കുടിയാൻ സങ്കട നിവാരണ സംഘം ഉണ്ടാകുന്നു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിനുകീഴിലുള്ള പ്രാദേശിക കമ്മിറ്റിയായിരുന്നു ഇവിടുത്തെ ഖിലാഫത്ത് കമ്മിറ്റി. ഇതിന്റെയൊക്കെ തുടർച്ചയിലാണ് 1921 സംഭവിക്കുന്നത്. ഈ സമരം ജന്മിത്വ വിരുദ്ധമാണ്. സാമ്രാജ്യത്വ വിരുദ്ധമാണ്. സവർണ മേൽക്കോയ്മക്ക് എതിരെയുള്ള സമരവുമാണ്; ഒരുപക്ഷേ, വേണ്ടത്ര അടയാളപ്പെടുത്തപ്പെടാതെ പോയ ഒരു കാര്യം കൂടിയാണിത്.

ആനി ബസൻറ്

1921ലെ സമരം ആരംഭിച്ച സമയത്തുതന്നെ, അതിനോടുള്ള എതിർപ്പും ആരംഭിച്ചിട്ടുണ്ട്. 1921 കാലത്ത് നടന്ന കോൺഗ്രസിന്റെ മഞ്ചേരി സമ്മേളനത്തിൽ ആനി ബസൻറ്​ പങ്കെടുക്കുന്നുണ്ട്. നിസ്സകരണ പ്രസ്ഥാനത്തിനുതന്നെ അവർ എതിരായിരുന്നു. വ്യവസ്ഥാപിത സമരങ്ങളോടായിരുന്നു അവർക്ക് ആഭിമുഖ്യം. ജന്മിത്വ വിരുദ്ധ പ്രമേയം വന്നപ്പോൾ അവർ ഭേദഗതി നിർദേശിച്ചു. ഭേദഗതി തള്ളിപ്പോയപ്പോൾ അവർ മഞ്ചേരി സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുകയാണ് ചെയ്തത്. തുടക്കത്തിൽ തന്നെ ജന്മിമാർ ഈ സമരത്തിന് എതിരായിരുന്നു. സാമ്രാജ്യത്വവും എതിരായിരുന്നു. സവർണ മേധാവിത്തവും എതിരായിരുന്നു. ഈ മൂന്നുവിഭാഗവും അന്നുമുതൽ സമരത്തിനെതിരെ മർദ്ദനവും അപവാദ പ്രചാരണവും അഴിച്ചുവിട്ടിട്ടുണ്ട്. ബോധപൂർവം കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. അന്നത്തെ മാധ്യമങ്ങളും സാമ്രാജ്യത്വ- ജന്മിത്വ പക്ഷത്ത് ഉറച്ചുനിന്നവയായിരുന്നു. അന്നുതുടങ്ങിയ സമരത്തിനെതിരായ അപവാദ പ്രചാരണം സാമ്രാജ്യത്വ വിരുദ്ധതയുടെയും നവോത്ഥാനത്തിന്റെയും മൂല്യബോധം സജീവമായിരുന്നതുകൊണ്ട് ഒരുപരിധി വരെ പ്രതിരോധിക്കാൻ കഴിഞ്ഞു. പക്ഷെ, ആ പ്രതിരോധം ശക്തമായി നടന്നത് തെക്കൻ മലബാറിൽ മാത്രമാണ്. തിരുവിതാംകൂറിലും മറ്റും സമരത്തെക്കുറിച്ച് കെട്ടുകഥകളാണ് പ്രചരിച്ചത്. കേരളത്തിനുപുറത്ത്, ഉത്തരേന്ത്യയിൽ സമരത്തെക്കുറിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും ലഘുലേഖകളായി വ്യാപകമായി പ്രചരിപ്പിച്ച് വലിയ ആശങ്ക സൃഷ്ടിച്ചു. ഈ വലിയ ആശയപ്രചാരണം സ്വാതന്ത്ര്യാനന്തരവും നിലനിന്നു എന്നതാണ് ശ്രദ്ധേയം. ബ്രിട്ടീഷുകാർ പോയി, സാമ്രാജ്യത്വം പോയി, പക്ഷേ, അതിന്റെ ആശയലോകം പോയില്ല. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യാനന്തര ഭരണകൂടത്തിനുപോലും ഇതിനെ ഒരു സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാനോ സമര ഉള്ളടക്കം ഉൾക്കൊള്ളാനോ കഴിഞ്ഞില്ല.

കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ഇന്ത്യൻ നവ ഫാസിസത്തിന്റെ വലിയൊരു ആക്രമണമാണ്, രക്തസാക്ഷി നിഘണ്ടുവിൽനിന്ന് മലബാർ സമര രക്തസാക്ഷികളെ ഒഴിവാക്കാനുള്ള തീരുമാനം

എഴുപതുകളിലാണ്, ആശയസമരത്തിന്റെയൊക്കെ ഭാഗമായി മലബാർ സമരം അംഗീകരിക്കപ്പെടുന്നത്. തൊണ്ണൂറുകളിൽ നമ്മുടെ ആശയലോകം- അതായത് ജനാധിപത്യ മതനിരപേക്ഷ ആശയലോകം മാത്രമല്ല, അതിനെ എതിരിടുന്ന ആശയലോകവും- പുറകിലേക്ക് പോകുകയും ‘യെസ് നോ', ‘അതെ- അല്ല' എന്നു പറയുന്ന കമ്പോള ഭാഷ രൂപപ്പെടുകയുമാണ്. 1992ലെ ബാബരി മസ്ജിദ് തകർക്കൽ, 1999ലെ ഗ്രഹാം സ്റ്റെയിൻ വധം, 2002ലെ ഗുജറാത്ത് വംശഹത്യ, 2008ലെ കാന്ധമാൽ വംശഹത്യ, 2013ലെ മുസഫർ നഗർ കലാപം; ഇതിന്റെയൊക്കെ പാശ്ചാത്തലത്തിലാണ് മൂലധനാനുകൂലവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകളുടെ അടിസ്ഥാനത്തിൽ നരേന്ദ്രമോദി അധികാരത്തിൽ വരുന്നത്.

സംഘപരിവാർ മുന്നോട്ടു വെക്കുന്ന ചരിത്രാഖ്യാനങ്ങളെ പിന്തുണക്കാൻ 1960-ൽ ആരംഭിച്ച 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിങ്ങ് ഇന്ത്യൻ ഹിസ്റ്ററി' സ്ഥാപകൻ പി.എൻ ഓക്കിന്റെ പുസ്തകം

സംഘ്പരിവർ കൃതികളിൽ നേരത്തെ തന്നെ ഇന്ത്യൻ ജനാധിപത്യ- മതനിരപേക്ഷതക്ക് എതിരായ നിരവധി പരാമർശങ്ങളുണ്ട്. അത് നമ്മുടെ പതാകക്ക് എതിരാണ്, ഗാന്ധിക്ക് എതിരാണ്, മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരാണ്. സംഘപരിവാറിന്റെ ചരിത്രവിരുദ്ധ കാഴ്ചപ്പാടിന്റെ തുടർച്ചയിലാണ്, ഇതിനൊരു അർധ ഔദ്യോഗിക സ്വഭാവം നൽകാൻ പുരുഷോത്തം നാഗേഷ് ഓക്കിന്റെ നേതൃത്വത്തിൽ 1960കളിൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീറൈറ്റിങ് ഹിസ്റ്ററി രൂപപ്പെടുന്നത്. ഇതോടെയാണ്, താജ്മഹൽ തേജോ മഹൽ ക്ഷേത്രമാണ് എന്നൊക്കെ പറയുന്നത്. തങ്ങളുടെ കൃതികളിലെ ജനാധിപത്യവിരുദ്ധ ആശയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പുതിയ ചരിത്ര സമീപനവും 2014ലെ മോദി ഭരണത്തിൽ തന്നെ നമ്മുടെ ഔദ്യോഗിക കാഴ്ചപ്പാടാക്കാനുള്ള ശ്രമം തുടങ്ങി. പാഠപുസ്തകങ്ങളുടെ തിരുത്തലിലൂടെയും മറ്റും. അതിന്റെ തുടർച്ചയിലാണ് 2018 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്​ഥൻ കെ.എൻ. ദീക്ഷിതിന്റെ നേതൃത്വത്തിൽ 14 അംഗ സമിതി ചരിത്രം തിരുത്താൻ നിലവിൽ വന്നത്. അത് സത്യത്തിൽ, ഇന്ത്യൻ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. അത് പക്ഷേ, വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജനാധിപത്യ- മതനിരപേക്ഷ ആശയം പൊളിക്കാനുള്ള വലിയൊരു ശ്രമമായിരുന്നു ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കം. ഈ കമ്മിറ്റി നിലവിൽ വന്ന സമയത്തു തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവിന്റെ അഞ്ചാം വാള്യം മോദി പ്രകാശനം ചെയ്യുന്നത്. ഈ സന്ദർഭത്തിലാണ്​ 1921ലെ സമരത്തിന്റെ നൂറാം വാർഷികം മതനിരപേക്ഷ- ജനാധിപത്യ നിലപാടുയർത്തിപ്പിടിക്കുന്നവർ ആഘോഷിക്കുന്നത്​, അതിന്റെ അലയൊലികൾ ഉയർന്നുവരുന്നു. ഈ സമയത്തുതന്നെയാണ് 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർക്ക് വലിയ വിജയമുണ്ടാകുന്നത്. ഇന്ത്യയിലെ നവ ഫാസിസ്റ്റുകൾക്ക് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം കൈവന്ന സമയം.

ഇന്ത്യൻ സ്വാതന്ത്ര്യസമര (1857-1947) രക്തസാക്ഷികളുടെ നിഘണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു.

കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇതിന് വലിയ വെല്ലുവിളി ഉയർത്തുന്ന ഇടതുപക്ഷ കോട്ടയായി തുടരുകയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച്, 30 സീറ്റ് ജയിച്ചാൽ ഞങ്ങൾ ഭരിക്കുമെന്നൊക്കെ പ്രഖ്യാപിച്ച പാർട്ടിക്ക് ദയനീയ പരാജയം നൽകിയ സംസ്ഥാനമാണ് കേരളം. ഇന്ത്യൻ ഫാസിസത്തെ ചെറുക്കുന്ന വലിയൊരു കോട്ടയായി കേരളത്തിലെ ജനാധിപത്യ- മതനിരപേക്ഷ ഇടതുപക്ഷം വളർന്നു. ഇത്തരമൊരു പാശ്ചാത്തലത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ഇന്ത്യൻ നവ ഫാസിസത്തിന്റെ വലിയൊരു ആക്രമണമാണ്, രക്തസാക്ഷി നിഘണ്ടുവിൽനിന്ന് മലബാർ സമര രക്തസാക്ഷികളെ ഒഴിവാക്കാനുള്ള തീരുമാനം. പ്രത്യക്ഷത്തിൽ കരുതുന്നതുപോലെ അത് ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ എതിരായതുമാത്രമല്ല; അത് പ്രകടമാണ്, അത് സംഘ്പരിവാർ ഐഡിയോളജിയുടെ ഭാഗവുമാണ്. മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകാർ, ഗാന്ധിയന്മാർ, നെഹ്‌റുവിസ്റ്റുകൾ, സ്ത്രീപക്ഷവദികൾ ഇവരെയൊക്കെ ഔദ്യോഗിക ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളമാണല്ലോ മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ- മതനിരപേക്ഷ- ജനാധിപത്യ പ്രസ്ഥാനത്തെ തകർക്കാനുള്ള പല ശ്രമങ്ങളിൽ ഒരു ശ്രമം എന്ന നിലയ്ക്കണ് ഇതിനെ നോക്കിക്കാണേണ്ടത്.

സംഘ്പരിവാർ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഇതിനെ മതപരമായ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ, അവർക്ക് ചെയ്യാൻ കഴിയുന്നത്, ചരിത്രപരമായി തന്നെ വിവിധ സമൂഹങ്ങളുടെ രാഷ്ട്രീയ അബോധത്തിലുള്ള ചില ആകുലതകളെ മുതലെടുക്കുക. അതാണിപ്പോൾ സംഭവിക്കുന്നത്.

മാപ്പിളമാരുടെ പ്രതിരോധ സംസ്‌കാരം പുതിയ കാലത്ത് മുസ്‌ലിം അപരത്വത്തെ സ്വയം നിർമിക്കുന്ന സ്വത്വ കെണിയായി മാറുന്ന അവസ്ഥ, ഇപ്പോൾ നടക്കുന്ന രീതിയിലുള്ള കലാപത്തിന്റെ ആഘോഷ ആഖ്യാനങ്ങളിലുണ്ട് എന്ന് വിമർശനങ്ങളുയരുന്നുണ്ട്, മതപരിവർത്തന ലക്ഷ്യം വെച്ച് നടത്തിയ ലഹളയായിരുന്നുവെന്ന് സ്ഥാപിക്കാൻ സംഘ്പരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അത്തരത്തിൽ ഇസ്‌ലാമോഫോബിക് എന്നു പറയാവുന്ന ഒരു എലമെൻറ്​, അറിഞ്ഞോ അറിയാതെയോ നൂറാം വാർഷികാഘോഷങ്ങളെ വഴിതെറ്റിക്കുന്നുണ്ടോ?

ഇംപീരിയലിസത്തെ സംബന്ധിച്ചും ഇന്ത്യൻ ഫാസിസത്തെ സംബന്ധിച്ചും അന്നത്തെയും ഇന്നത്തെയും പാശ്ചാത്തലത്തിൽ അടിസ്ഥാനപരമായി ഇസ്‌ലാമോഫോബിക്കാണ്. ഇവിടുത്തെ ജന്മി- സവർണ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ഫാസിസവും അടിസ്ഥാനപരമായി ഇസ്‌ലാമോഫോബിക്കാണ്. മറ്റൊന്ന്, ലോകത്ത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെ തങ്ങൾക്ക് അനുകൂലമാക്കുന്ന ഒരു ആശയപ്രചാരണം കൂടി അവർ നടത്തുന്നുണ്ട്. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ തിരിച്ചുവരവ്. താലിബാൻ ഭീകരതക്ക് എല്ലാ ജനാധിപത്യവാദികളും എതിരാണ്. അങ്ങനെയിരിക്കേ, ഇന്ത്യൻ ഫാസിസം താലിബാനെ തന്നെ ഒരു പ്രചാരണായുധമാക്കുകയാണ്. താലിബാന്റെ ഭീകരാശയങ്ങളെ വിമർശിക്കാനല്ല, തങ്ങളുടെ ഭീകര ആശയങ്ങളെ താലിബാൻ ഭീകരതക്കകത്ത് ഒളിപ്പിച്ചുവെക്കാനുള്ള ശ്രമമാണ്. ഈ ഘടകങ്ങളെല്ലാം ചേർന്നാണ് ഇപ്പോൾ രംഗം കൊഴുപ്പിക്കുന്നത്.

എന്നാൽ, ഇതിനെയൊക്കെ ചെറുക്കുന്ന പ്രതിരോധ കേന്ദ്രമായി കേരളം തുടരുന്നു എന്ന ഒരങ്കലാപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, അന്ന് ബ്രിട്ടീഷുകാരും ജന്മിമാരുമൊക്കെ ചെയ്തപോലെ ഒരു മുസ്‌ലിം അപരത്വത്തെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്.
ഇപ്പോൾ, ഈ സമരത്തെക്കുറിച്ച് സംഘ്പരിവാർ ഒഴികെ, രാഷ്ട്രീയ കാഴ്ചപ്പാട് പുലർത്തുന്ന എല്ലാവരും വിശദാംശങ്ങളിൽ വ്യത്യാസം പുലർത്തിക്കൊണ്ടാണെങ്കിലും ജനാധിപത്യ- മതനിരപേക്ഷ നിലപാടാണ് എടുക്കുന്നത്. അതുകൊണ്ട്, സംഘ്പരിവാർ എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ഇതിനെ മതപരമായ അടിസ്ഥാനത്തിൽ വിഭജിക്കാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ, അവർക്ക് ചെയ്യാൻ കഴിയുന്നത്, ചരിത്രപരമായി തന്നെ വിവിധ സമൂഹങ്ങളുടെ രാഷ്ട്രീയ അബോധത്തിലുള്ള ചില ആകുലതകളെ മുതലെടുക്കുക. അതാണിപ്പോൾ സംഭവിക്കുന്നത്.

ഒരുപക്ഷേ, മറ്റുള്ള പ്രദേശങ്ങളിലേതിനേക്കാൾ അപരനിർമിതി സാധ്യമാണ് കേരളത്തിൽ. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങളിൽ സാധാരണക്കാരായ വിഭാഗമുണ്ടെങ്കിലും ശക്തമായ ഒരു മധ്യവർഗവും അതിനുമുകളിൽ ഒരു സമ്പന്നവർഗവും മുസ്‌ലിം സമൂഹത്തിൽ രൂപപ്പെട്ടുവന്നിട്ടുണ്ട്. അപ്പോൾ, സത്യത്തിൽ അപരവൽക്കരണ സാധ്യത കൂടുതലാണ്. ഒരു സാമൂഹിക വിഭാഗം വെള്ളംകോരികളായി കഴിയുകയാണെങ്കിൽ, ആ സാമൂഹിക വിഭാഗത്തിനെതിരെ വലിയ പ്രശ്‌നങ്ങളുണ്ടാകില്ല. എന്നാൽ, അവർ തലയുയർത്തുമ്പോഴാണ്, സാമൂഹിക- സാംസ്‌കാരിക- അധികാര മണ്ഡലങ്ങളിലേക്ക് അവർ പ്രവേശിക്കുമ്പോഴാണ് അപരവൽക്കരണം ഉണ്ടാകുന്നത്. കേരളത്തിലാണ് അപരവൽക്കണത്തിന് ഏറ്റവും സാധ്യത. എന്നാൽ, അപരവൽക്കരണത്തെ കേരളം രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്തി. അതേസമയം, അപരവൽക്കരണത്തിന്റെ സാംസ്‌കാരികതലം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ്, കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച വലിയ ഭീഷണി. രാഷ്ട്രീയമായി പരാജയപ്പെടുത്തപ്പെട്ട അപരവൽക്കരണത്തിന്റെ വൈറസ് നമ്മുടെ അബോധത്തിൽ അഭയം തേടിയിരിക്കുകയാണ്.

പൂക്കോട്ടൂർ സമര രക്തസാക്ഷികളുടെ സ്മരണാർത്ഥം സ്ഥാപിച്ച സ്മാരക കവാടം / Photo: Wikimedia Commons

വാസ്തവത്തിൽ, മലബാർ സമരത്തിന്റെ നൂറാം വാർഷികം ജനാധിപത്യ- മതനിരപേക്ഷ കാഴ്ചപ്പാടു പുലർത്തുന്ന എല്ലാവരും ഒരുമിച്ച് ആഘോഷിക്കേണ്ടതാണ്. ഈ കലാപത്തിന്റെ സന്ദേശം; ജന്മി- സാമ്രാജ്യത്വ- സവർണ വിരുദ്ധമായ സന്ദേശം ഉൾക്കൊള്ളാൻ കഴിയുന്ന ഏതു വ്യക്തിക്കും സംഘടനക്കും നൂറാം വാർഷികം ആഘോഷിക്കാവുന്നതാണ്.
സമരത്തിന്റെ തുടക്കത്തിൽ കോൺഗ്രസ് ഉണ്ടായിരുന്നുവെങ്കിലും ഒരു ഘട്ടമെത്തിയപ്പോൾ അവർ പിൻവലിയുകയാണ് ചെയ്തത്. ഈ സമരത്തെ ഉയർത്തിപ്പിടിച്ച ഏക രാഷ്ട്രീയ പാർട്ടി, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയാണ്. അതാണ്, 1946ൽ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ‘ആഹ്വാനവും താക്കീതും' എന്ന കുറിപ്പ്. മാത്രമല്ല, ബ്രിട്ടീഷുകാരെ ഏറ്റവും പരിഭ്രാന്തരാക്കിയ സമരം പൂക്കോട്ടൂർ സമരമാണ്. പൂക്കോട്ടൂർ ബാറ്റിൽ എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്. ആഗസ്റ്റ് 26 പൂക്കോട്ടൂർ അനുസ്മരണദിനമായി മനസ്സിൽ അൽപമെങ്കിലും ആത്മാഭിമാനമുള്ള മുഴുവൻ ജനതയും ആഘോഷിക്കണമെന്നു പറഞ്ഞത്​ എ.കെ.ജി ആണ്; 1946 ആഗസ്റ്റ് 25ലെ എ.കെ.ജിയുടെ പ്രസിദ്ധമായ പെരിന്തൽമണ്ണ പ്രസംഗത്തിൽ.
ഇടതുപക്ഷത്തിന്​ പെട്ടെന്നുണ്ടായ വെളിപാടല്ല ഇത് എന്നർഥം. ഒപ്പം, മറ്റു ചില കാര്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സമരത്തിൽ ചില വഴുക്കലുകൾ സംഭവിച്ചിട്ടുണ്ട്. അതിനെയാണ് ‘താക്കീത്' എന്നുപറയുന്നത്. എന്നാൽ, ഈ സമരത്തിന് നമ്മൾ ഏറ്റെടുക്കേണ്ട വലിയൊരു ആഹ്വാനമുണ്ട്. അത് ഇന്നും പ്രസക്തമാണ്.

മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഏറ്റവും വിധേയമാകുന്നത് ഇടതുപക്ഷമാണ്; ഇടതുപക്ഷവും ജിഹാദികളുമായുള്ള കൂട്ടുകെട്ട് എന്ന രീതിയിൽ.

ഈ സമരത്തെ മതപരമായി ചുരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ മതപരമായല്ല പ്രതിരോധിക്കേണ്ടത്. അങ്ങനെയാൽ, അത് സംഘ്പരിവാറിന്റെ വിഭജന കാഴ്ചപ്പാടിന് പരോക്ഷമായി പിന്തുണയായിത്തീരാനുള്ള സാധ്യതയുണ്ട്. അത് മുസ്‌ലിം സംഘടനകളുടെ മാത്രം ഉത്തരവാദിത്തമല്ല, മലയാളി സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണ്. ഇപ്പോൾ നടക്കുന്ന ആഘോഷങ്ങളെ സാമ്രാജ്യത്വത്തിനും നവ ഫാസിസത്തിനും എതിരായ ആശയപ്രചാരണത്തിന്റെ ഊർജസ്രോതസ്സായി ഉയർത്തിക്കൊണ്ടുവരണം. അതിൽ വീഴ്ച പറ്റാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പാലിക്കുക എന്നുമാത്രമേ ഈ സന്ദർഭത്തിൽ പറയാൻ പറ്റുകയുള്ളൂ.

മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സംഘ്പരിവാറിന്റെ ആക്രമണത്തിന് ഏറ്റവും വിധേയമാകുന്നത് ഇടതുപക്ഷമാണ്; ഇടതുപക്ഷവും ജിഹാദികളുമായുള്ള കൂട്ടുകെട്ട് എന്ന രീതിയിൽ. കേരളത്തിൽ ഇടതുപക്ഷവും ലിബറൽ സെക്യുലർ സംഘടനകളും മുസ്‌ലിം സംഘടനകളുമെല്ലാം അവരുടേതായ രീതിയിൽ ആശയപ്രചാരണം നടത്തുന്നുണ്ട്. ഇതെല്ലാം യോജിച്ചുവരുന്നതിനെ സംഘ്പരിവാർ ഭയക്കുന്നുണ്ട്. ഇതിനൊരു വിള്ളലുണ്ടാക്കണമെന്ന് സ്വഭാവികമായും അവർ ആഗ്രഹിക്കുന്നുമുണ്ട്. അതാണ് ഇപ്പോൾ കാണുന്നത്. എന്നാൽ, 1921ന്റെ ജ്വലിക്കുന്ന സ്മരണകളെ കെട്ടുകഥകൾ കൊണ്ട് കലക്കാനുള്ള നവ ഫാസിസ്റ്റ് ശ്രമങ്ങളെ കേരളം അതിജീവിക്കും. ആത്മബോധത്തോടെ ഒരു ജനസമൂഹം ജീവിക്കുന്നിടത്തോളം കാലം 1921ലെ ധീര രക്തസാക്ഷികളുടെ സമരജീവിതം അനാഥമാകുകയില്ല. അതിനെ വികൃതപ്പെടുത്താനുള്ള ശ്രമം വിജയിക്കുകയുമില്ല. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

കെ.ഇ.എൻ

​​​​​​​ഇടതുപക്ഷ സാംസ്​കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ

Comments