മനില സി. മോഹൻ: എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിത, എം.എസ്.എഫിന്റെ പുരുഷന്മാരായ നേതാക്കളിൽ നിന്ന് നേരിടേണ്ടി വന്ന അശ്ലീല പരാമർശങ്ങൾക്കെതിരെയും അതിനോട് മുസ്ലിം ലീഗ് നേതൃത്വം തുടരുന്ന സമീപനത്തെയും അതിശക്തമായി ചോദ്യം ചെയ്യുന്ന കാഴ്ച നമ്മൾ കാണുകയാണ്. ഇത്തരമൊരു കളക്റ്റീവ് ആയ പൊരുതൽ ശേഷി മറ്റ് പാർട്ടികളിൽ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. പാർടിയാർക്കിയ്ക്കെതിരെ ഹരിതയിലെ സ്ത്രീകൾ പാർട്ടിയ്ക്കുള്ളിൽ നടത്തുന്ന പോരാട്ടം ലോങ്ങ് ടേം പൊളിറ്റിക്സിനെ എങ്ങനെയാണ് ഗുണപരമായി സ്വാധീനിക്കുക?
ഷംഷാദ് ഹുസൈൻ കെ.ടി: മുസ്ലിം ലീഗ് പോലൊരു പാർട്ടി മുമ്പും സ്ത്രീകളുടെ വിഷയങ്ങളെ സംബന്ധിച്ച് പൊതുതലത്തിൽപ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. മതത്തെ വ്യാജമായി കൂട്ടുപിടിച്ച് സ്ത്രീകളെ മത്സര രംഗത്തുനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. അതിലൊന്നും പ്രതിഷേധങ്ങൾ പാർട്ടിക്ക് പുറത്തെത്തിയിട്ടില്ല.
ആഭ്യന്തരബഹളങ്ങൾ ഉണ്ടായോ എന്നറിയാൻ നിവൃത്തിയുമില്ല. കൃത്യമായി അധികാര സ്ഥാനത്തേക്കുള്ള പ്രവേശന വഴി ആയിരുന്നിട്ടുപോലും അതിൽ പ്രതികരിക്കാതിരുന്ന പാർട്ടിയിലെ സ്ത്രീ അംഗങ്ങൾ ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയെങ്കിൽ അതിനെ അധികാര മോഹം എന്ന് അവഗണിക്കാനോ പുറന്തള്ളാനോ പാർട്ടി നേതൃത്വത്തിനാവില്ല. ആ പാർട്ടിക്കുള്ള അമിത അധികാര കേന്ദ്രീകൃതത്വത്തെ ഇത് തകർക്കുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
വ്യക്തിപരമായ പരിഹാസങ്ങളെയും തേജോവധത്തെയും നേരിടാൻ ഉറച്ചുനിൽക്കുകയും ഇത്തരമൊരു വഴി സ്വീകരിക്കുകയും ചെയ്ത ഈ സഖാക്കൾ എല്ലാവർക്കും മാതൃകയാണ്. പാർട്ടിക്കകത്ത് മാത്രമല്ല, എല്ലാ ഇൻസ്റ്റിറ്റ്യൂഷൻസി നകത്തും ഇത്തരം ഒരു വഴി സാധ്യമാണ് എന്നവർ മാതൃക കാണിക്കുന്നു. ഒരുപക്ഷേ പാർട്ടി അവരെ തള്ളിക്കളഞ്ഞേക്കാം ഒരിക്കലും ഉയർന്നുവരാൻ പറ്റാതെ, പേരുപോലും അവശേഷിക്കാതെ പാർട്ടിയിൽ അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കിയേക്കാം. എന്നാൽ, അവർക്ക് അഭിമാനിക്കാം; പൊരുതി തോറ്റവർ എന്ന്. അതുകൊണ്ട് ഈ റെബലുകൾക്ക് ഇനി ഒന്നും സംഭവിക്കാനില്ല. ഇനി സംഭവിക്കാനുള്ളത് പാർട്ടിക്കാണ്. ഇതിൽ പൊതുജന മധ്യത്തിൽ എങ്ങനെ നിലനിൽക്കണമെന്ന നിർണായക ചോദ്യം തന്നെയാണ് മുസ്ലിം ലീഗിന് മുന്നിലുള്ളത്. നമ്മൾ ഉറ്റു നോക്കുന്നത് പാർട്ടി ഇതിൽ എന്ത് തീരുമാനം എടുക്കുന്നു എന്നുള്ളതു തന്നെയാണ്.
കുടുംബഘടനയ്ക്കുള്ളിൽ സ്ത്രീകൾ ആർജ്ജിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യബോധത്തെ മതനേതൃത്വവും കുടുംബഘടന തന്നെയും ഭയപ്പെടുന്നുണ്ട്. ആത്മബോധത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കിടയിൽ രൂപപ്പെടുന്ന കൂട്ടായ്മകളെ മത-സാമുദായിക നേതൃത്വങ്ങൾ ഭയക്കുന്നതിന്റെ ഉദാഹരണങ്ങളായിക്കൂടി ‘ലൗ ജിഹാദ്’, ‘നാർക്കോട്ടിക് ജിഹാദ്’ തുടങ്ങിയ വർഗ്ഗീയ പ്രചാരണത്തെ കാണാൻ സാധിക്കുമോ?
നേരത്തെ സൂചിപ്പിച്ചതുപോലെ ഹരിത ഉയർത്തിയ സമരം ഏത് ഇൻസ്റ്റിറ്റ്യൂഷനിലും സ്ത്രീകൾക്കുള്ള സ്ഥാനത്തെ പുനർ നിർണയിക്കാൻ പര്യാപ്തമാണെന്ന് ഞാൻ കരുതുന്നു. അത് അഭിമാനത്തിനുവേണ്ടിയുള സമരമാണ്, വ്യക്തിഹത്യക്കെതിരെയുള്ള സമരമാണ്. പൊതുരംഗത്തേക്ക് ഇത്തരം ആരോപണങ്ങളെത്തുമ്പോൾ തന്നെ അവർ വീടുകളിൽ ഇതുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ച് സൂചനകൾ തരുന്നുണ്ട്. ഇക്കാലത്ത് സ്ത്രീകളെന്ന നിലക്ക് അവരെ മാറ്റി നിർത്തിക്കളയാം എന്ന് സംഘടനകൾക്ക് വിചാരിക്കാൻ പറ്റാത്ത തരത്തിൽ അവരൊന്നിച്ച് നിൽക്കുന്നു. ഇത് മതത്തിനകത്തും സാധ്യമാണ്. അത്തരത്തിലുള്ള അക്കാദമിക നിലപാടുകൾ ലോക മുസ്ലിം സ്ത്രീകളെ ഒന്നിപ്പിച്ചിട്ടുണ്ട്. ലൗ ജിഹാദ് പോലെയുള്ള ആശയങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഇര എന്ന നിലക്കു മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. മുസ്ലിം സ്ത്രീകൾ ‘ലൗ ജിഹാദ്’ നടത്തുന്നതായി ആരോപണങ്ങൾ ഉണ്ടാവാത്തത് അതുകൊണ്ട് മാത്രമാണ്. മുസ്ലിം കമ്മ്യൂണിറ്റിയെ തന്നെ ഇവിടെ നിർവചിച്ചു വെച്ചിട്ടുള്ളത് പുരുഷഗണമായാണ്. അവർ ഏതുതരം ജിഹാദ് നടത്തിയാലും അതിന്റെ ഇര എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം മാത്രമേ സ്ത്രീകൾക്ക് ഉള്ളൂ എന്ന തരത്തിലാണ് മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള പരിഗണന. അതുകൊണ്ട് മുസ്ലിം സ്ത്രീകളുടെ എന്ന നിലക്ക് ഇപ്പോൾ ഉയർന്നു വരുന്ന ശബ്ദങ്ങൾ ഏത് മതവിഭാഗത്തിന് അകത്തായാലും ഉയർന്നു വരാൻ സാധ്യതയുള്ള സംഘ ശബ്ദം പോലെയാവും മത/സമുദായ നേതൃത്വങ്ങൾ ഭയപ്പെടുക എന്ന് ഞാൻ കരുതുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.