സർവകലാശാലകളിൽ സംവരണ അട്ടിമറി; ആർക്കുവേണ്ടിയാണ് എസ്.സി, എസ്.ടി സീറ്റുകൾ കൺവേർട്ട് ചെയ്യുന്നത്?

സർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരുടെ സംവരണ വിരുദ്ധ സമീപനം എങ്ങനെയാണ് ഇ- ഗ്രാന്റും സ്കോളർഷിപ്പുകളും അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിലേക്ക് നയിക്കുന്നതെന്ന അന്വേഷണം. അഡ്മിഷൻ സമയത്തും മറ്റും നേരിട്ടുതന്നെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന അധികാരികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന തുറന്നുപറച്ചിലും വിദ്യാർഥികൾ നടത്തുന്നു.

ജാതീയമായ അതിക്രമങ്ങൾക്കും അയിത്തത്തിനും ചൂഷണങ്ങൾക്കും വിധേയമായ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംവരണ പദ്ധതികൾ പലവിധത്തിൽ അട്ടിമറിക്കപ്പെടുന്നുണ്ട്. സംവരണത്തിനെക്കുറിച്ച് ആശയതലത്തിലുള്ള ചർച്ചകൾ നടക്കാറുണ്ടെങ്കിലും അർഹർക്ക് അത് നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കാറില്ലെന്നു മാത്രമല്ല, ഈ പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ശ്രമം അധികാരികളുടെ പക്ഷത്തുനിന്ന് ഉണ്ടാകുന്നുമില്ല. സർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഈ അവകാശനിഷേധം ഏറ്റവും രൂക്ഷം. സംവരണ നിഷേധത്തിന്റെ അനുബന്ധമെന്നോണം, ദലിത്- ആദിവാസി വിരുദ്ധ നടപടികളും അധിക്ഷേപിക്കലുകളും വർധിച്ചുവരുന്നതായും വ്യാപക പരാതികളുണ്ട്.

നിയമവിരുദ്ധമായി എസ്.സി- എസ്.ടി സീറ്റുകൾ കൺവർട്ട് ചെയ്യുന്നു

പല സർവകാലശാലകളിലും സർവകലാശാലാ നിയമങ്ങൾക്ക് വിരുദ്ധമായി എസ്.ടി, എസ്.സി സീറ്റുകൾ കൺവർട്ട് ചെയ്യുന്നുവെന്നതാണ് ഒരു ഗുരുതര പ്രശ്‌നം. സീറ്റുകൾ കൺവർട്ട് ചെയ്യുന്നതിന് മുമ്പായി പരസ്യം നൽകണമെന്നാണ് നിയമം. അത് പാലിക്കാത്തതുവഴി എസ്.ടി, എസ്.സി വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ നിഷേധിക്കപ്പെടുന്നു. ഇത് പ്രവേശനത്തിൽ മാത്രമല്ല അധ്യാപന നിയമനങ്ങളിലുമുണ്ട്.

ഇ-ഗ്രാന്റുകൾ മുടങ്ങിയതിനെതുടർന്ന് ഹോസ്റ്റൽ ഫീസ് നൽകാൻ കഴിയാതിരുന്ന ആദിവാസി - ദലിത് വിദ്യാർഥികളെ, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഹോസ്റ്റൽ വാർഡൻ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി വിദ്യാർഥികളുയർത്തിയ ആവശ്യങ്ങളിൽ ഒന്ന്, എസ്.ടി- എസ്.സി സീറ്റുകൾ കൺവർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഹോസ്റ്റൽ വാർഡൻ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയിരുന്നു.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഹോസ്റ്റൽ വാർഡൻ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയിരുന്നു.

സർവകലാശാലകളും അനു​ബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടരുന്ന സംവരണവിരുദ്ധ സമീപനം ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും അതുവഴി നഷ്ടപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്ന ഒന്നാം തലമുറ വിദ്യാർഥികളുടെ അവസരമാണെന്നും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥി രേവതി ചൂണ്ടിക്കാട്ടുന്നു. ചോദ്യങ്ങൾ ഉയർത്തുമ്പോൾ അറിവല്ലായ്മയാണെന്ന് വരുത്തി കയ്യൊഴിയുന്ന സമീപനമാണ് സ്ഥാപനം തുടരുന്നതെന്നും അവർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“സ്‌കൂൾ ഓഫ് ഡ്രാമയിൽ എസ്.സി, എസ്.ടി സീറ്റുകൾ കൺവർട്ട് ചെയ്യുന്ന സമയത്ത് പത്രത്തിൽ പരസ്യം നൽകി സ്‌പോർട്ട് അഡ്മിഷൻ നടത്തുക എന്ന മാനദണ്ഡം പാലിക്കപ്പെടുന്നില്ല. വർഷങ്ങളായി ഇതാണ് അവസ്ഥ. ഈ വിഷയത്തെ കുറിച്ച് സ്‌കൂൾ ഓഫ് ഡ്രാമയിൽ അന്വേഷിച്ചപ്പോൾ, ഇങ്ങനെയുള്ള നിയമങ്ങളെ കുറിച്ചൊന്നും തങ്ങൾക്കറിയില്ലെന്നും യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇത്തരത്തിലൊരു നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ഒരു തവണയല്ല മൂന്നുതവണ പരസ്യം നൽകണമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനുശേഷം മാത്രമേ കൺവർട്ട് ചെയ്യാവൂ എന്നാണ് അവിടെ നിന്ന് അറിഞ്ഞത്. എന്നാൽ ഇവിടെ നിന്ന് പറയുന്നത്, യൂണിവേഴ്‌സിറ്റി നിർദേശം ലഭിച്ചിട്ടില്ലെന്നു. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണവർ. മാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്ന് രേഖാമൂലം എഴുതിത്തരണമെന്നാണ് ഞങ്ങൾ ക്യാമ്പസ് ഡയറക്ടരോട് രേഖാമൂലം ആവശ്യപ്പെട്ടത്. യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചുവെന്ന് അവർ പറയുന്നുണ്ടെങ്കിലും ഞങ്ങൾക്ക് മറുപടിയൊന്നും കിട്ടിയിട്ടില്ല’’.

ഇ-ഗ്രാന്റുകൾ മുടങ്ങിയതിനെതുടർന്ന് ഹോസ്റ്റൽ ഫീസ് നൽകാൻ കഴിയാതിരുന്ന ആദിവാസി - ദലിത് വിദ്യാർഥികളെ, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഹോസ്റ്റൽ വാർഡൻ ജാതീയമായി അധിക്ഷേപിച്ചതിനെ തുടർന്ന് വിദ്യാർഥികൾ സമരവുമായി രംഗത്തെത്തിയിരുന്നു.

‘‘എസ്.ടി, എസ്.സി സീറ്റുകൾ കൺവർട്ട് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടായിരിക്കാം. നീതി തുല്യമായി വിതരണം ചെയ്യപ്പെടണം എന്നുള്ളതുകൊണ്ടാണല്ലോ ഇത്തരത്തിലൊരു പ്രക്രിയ നടത്തുന്നത്. എസ്.ടി, എസ്.സി കുട്ടികളിൽ നിന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നിട്ടുള്ള ആദ്യതലമുറക്കാരാണ് ഞങ്ങൾ. ഞങ്ങളടക്കമുള്ളവർക്ക് സാഹചര്യങ്ങൾ വിരളമായതുകൊണ്ടാണല്ലോ ഇത്തരം നിയമങ്ങളുണ്ടാക്കിയത്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർഥികളെ മുന്നോട്ടുകൊണ്ടുവരാനുള്ള നിയമങ്ങളെക്കുറിച്ച് അറിയില്ല എന്നു പറഞ്ഞ് കയ്യൊഴിയുമ്പോൾ ആരുടെ അവകാശങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്ന ചോദ്യം പ്രധാനമാണ്. ഞങ്ങളുടെ ക്യാമ്പസിലെ മാത്രം പ്രശ്‌നമായിട്ട് ഇതിനെ കാണുന്നില്ല. എവിടെയല്ലാം ഈ പ്രശ്‌നമുണ്ടോ അവിടെയെല്ലാം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് നിഷേധിക്കപ്പെടുന്നത്.”

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥി രേവതി.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥി രേവതി.

കൺവർഷനുമായി ബന്ധപ്പെട്ട പ്രശ്നമുയർത്തുമ്പോൾ അത്തരം നിയമങ്ങൾ യൂണിവേഴ്‌സിറ്റിയിൽ നിലനിൽക്കുന്നില്ലെന്ന വാദമാണ് സ്‌കൂൾ ഓഫ് ഡ്രാമ ഉയർത്തുന്നതെന്നും എന്നാൽ യൂണിവേഴ്‌സിറ്റി സർക്കുലർ പരിശോധിക്കുമ്പോൾ നിയമാവലിയിൽ ഇത് വ്യക്തമായി പറയുന്നുണ്ടെന്നും സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർഥി ജിഷ്ണു എ.ഡി ട്രൂകോപ്പിയോട് പറഞ്ഞു:

“യൂണിവേഴ്‌സിറ്റി സർക്കുലർ അനുസരിച്ച് എസ്.സി സീറ്റ് എസ്.ടി സീറ്റിലേക്ക് മാറ്റണമെങ്കിലോ എസ്.ടി സീറ്റ് എസ്.സി സീറ്റിലേക്ക് മാറ്റണമെങ്കിലോ പത്രത്തിൽ പരസ്യം നൽകണം. അതോടൊപ്പം സ്‌പോട്ട് അഡ്മിഷനും നടത്തണം. എന്നാൽ വർഷങ്ങളായി സ്‌കൂൾ ഓഫ് ഡ്രാമയിൽ ഈ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. അങ്ങനെയൊരു മാനുവൽ യൂണിവേഴ്‌സിറ്റിയിൽ ഇല്ലെന്നാണ് ഇവിടെയുള്ള അധികൃതർ പറയുന്നത്. അഡ്മിഷുമായി ബന്ധപ്പെട്ട സർക്കുലറിൽ ഇതൊക്കെ വ്യക്തമായി കാണാം.”

കേരളത്തിലെ സർവകലാശാലകൾ വ്യക്തമായൊരു സംവരണ നയം പിന്തുടരുന്നില്ലെന്നും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടിയിൽ ഒ.ബി.സി സംവരണം പോലും നിലനിൽക്കുന്നില്ലെന്നും അവിടുത്തെ ഗവേഷക വിദ്യാർഥി ഉണ്ണികൃഷ്ണൻ കെ.പി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“കേരളത്തിലെ സർവകലാശാലകളിൽ കൃത്യമായൊരു സംവരണ പോളിസിയുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. എസ്.ടി, എസ്.സി വിഭാഗത്തിന്റെ മാത്രം കാര്യത്തിലല്ല, മൊത്തത്തിൽ സംവരണ പോളിസിയുടെ കാര്യത്തിൽ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. കേരളാ യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി അഡ്മിഷന് സംവരണമേയില്ല. ഞാൻ ഗവേഷണം ചെയ്യുന്ന സംസ്‌കൃത സർവകലാശാലയിൽ ഒ.ബി.സി സംവരണം നിലവിലില്ല. അവിടെ എസ്.സി, എസ്,ടി സംവരണം മാത്രമാണുള്ളത്. യു.ജി.സി നിർദേശപ്രകാരം സംവരണത്തിന്റെ കാര്യത്തിൽ ഒന്നുകിൽ യൂണിവേഴ്‌സിറ്റിയുടേതായ പോളിസി ഉണ്ടായിരിക്കണം അല്ലെങ്കിൽ സംസ്ഥാന തലത്തിലോ യൂണിയൻ തലത്തിലോ നയം വേണം. എന്നാൽ ഇത് കേരളത്തിൽ നടപ്പിലാക്കപ്പെടുന്നില്ല’’.

ഉണ്ണികൃഷ്ണൻ കെ.പി
ഉണ്ണികൃഷ്ണൻ കെ.പി

‘‘ഇപ്പോൾ, സുപ്രീംകോടതി വിധിയിലൂടെ മുന്നോട്ടുവക്കപ്പെട്ട എസ്.സി- എസ്.ടി വിഭാഗങ്ങളിലെ ഉപ വർഗീകരണം- സബ് കാറ്റഗറൈസേഷൻ- എന്നത് ഭരണഘടനാ വിരുദ്ധവും സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ റദ്ദ് ചെയ്യുന്നതുമാണ്. പുതുതായി പുറത്തുവന്ന ജ്ഡജ്‌മെന്റിൽ ക്രീമിലെയർ വേണമെന്നടക്കമുള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവിലൊരു ഡാറ്റയുമില്ല, അത് ഇനി ശേഖരിക്കണമെന്നാണ് പറയുന്നത്. ക്രീമിലെയറും സബ് കാറ്റഗറൈസേഷനും വേണമെന്ന് ആദ്യം തന്നെ വിധിക്കുകയും എന്നാൽ ഡാറ്റ കൈവശമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതിലൊരു വിരോധാഭാസമുണ്ട്. ഇടതുപക്ഷത്തുള്ളവർ പോലും സബ് കാറ്റഗറൈസേഷനെ തത്വത്തിൽ അംഗീകരിക്കുകയാണ് എന്ന പ്രശ്നവുമുണ്ട്’’- ഉണ്ണികൃഷ്ണൻ കെ.പി പറയുന്നു.

‘‘എല്ലാ വിഭാഗത്തിനും പ്രതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അവർ പറയുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന പഞ്ചാബിലെ വാത്മീകി വിഭാഗത്തിന് സംവരണം ലഭിക്കാതെ വരുന്നിടത്ത് നിന്നുമാണല്ലോ ഈ പ്രശ്‌നം ഉടലെടുക്കുന്നത്. അവർക്ക് പ്രതിനിധ്യം ഉറപ്പുവരുത്താനുള്ള ശ്രമമാണെന്നാണ് പറയുന്നത്. എന്നാൽ ഇത് നടപ്പിലാക്കുന്നതുവഴി തത്വത്തിൽ നിലവിൽ സംവരണം വഴി പ്രതിനിധ്യം ലഭിക്കുന്ന ജനങ്ങളുടെ പ്രാതിനിധ്യം കുറയുകയാണ് ചെയ്യുക. ഇതൊക്കെ നടപ്പിലാക്കപ്പെടുമ്പോഴുള്ള പ്രശ്‌നമാണ്. അതല്ലാതെ തന്നെ ജഡ്ജ്‌മെന്റിന് ചില പ്രശ്‌നങ്ങളുണ്ട്. ഗീതയിലെ വാചകങ്ങളെ പരാമർശിക്കുന്നതടക്കം ചില പ്രശ്‌നങ്ങൾ അതിൽ കാണാം.”

സർവകലാശാലകളിലെ ജാതി

സർവകലാശാലാ തലങ്ങളിൽ പല തരത്തിൽ ജാതീയത നിലനിൽക്കുന്നുണ്ടെന്ന പ്രത്യക്ഷ അനുഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്. മുടങ്ങി പോയ സ്‌കോളർഷിപ്പുകളെ കുറിച്ച് സംസാരിക്കാനെത്തിയ സർവകലാശനൊ വിദ്യാർഥികളോട് മറ്റ് ജോലികൾ ചെയ്തും ജീവിക്കാമെന്ന സൂചനയോടെ സംസാരിച്ച മുൻ മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ ഇതിന്റെ മറ്റൊരു ഉദാഹരണമാണ്.

തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ സംവരണവിരുദ്ധ സമീപനത്തെക്കുറിച്ചും വിദ്യാർഥികളുടെ പരാതികളുണ്ട്. ഇ-ഗ്രാന്റ്‌സ് ഔദാര്യമാണെന്ന തരത്തിൽ അതികൃതർ പെരുമാറിയിട്ടുണ്ടെന്ന് ട്രൂകോപ്പി തിങ്കിനോട് തുറന്നുപറയുകയാണ് മലയാള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി:

“എത്ര സീറ്റുകളാണെന്ന് കൃത്യമായി അറിയില്ല. എങ്കിലും പ്രാതിനിധ്യത്തിൽ കുറവുണ്ട് എന്നത് സത്യമാണ്. 2019-ൽ റിസർവേഷൻ വഴി അഡ്മിഷൻ കിട്ടിയത് ആകെ രണ്ട് പേർക്കാണ്. കോവിഡിന് ശേഷം വന്ന ബാച്ചിൽ ഒരാളോ മറ്റോ ആണ് ആകെയുള്ളത്. ഇ-ഗ്രാന്റിന് യോഗ്യരായ വിദ്യാർത്ഥികളെ അപമാനിച്ചെന്നും ഇ-ഗ്രാന്റ്സ് സ്‌കോളർഷിപ്പ് ഔദാര്യമാണെന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ സർവകലാശാലയിലെ ഓഫീസ് ഉദ്യോഗസ്ഥരിൽനിന്ന് നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിദ്യാർത്ഥികളിൽ തന്നെ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എല്ലാ മാസവും ഗൈഡിന്റെ ഒപ്പ് വാങ്ങി വേണം ഇ-ഗ്രാന്റ്സ് പ്രോസസ് ചെയ്യാൻ. എന്നാൽ എല്ലാ അധ്യാപകരും ഇത് ഒപ്പിട്ടുനൽകണമെന്നില്ല. ഇത് ഒരുതരം ചൂഷണത്തിനിടയാക്കിയേക്കാം. ഇത് മനസിലാക്കിത്തന്നെ ഒരുകൂട്ടം വിദ്യാർത്ഥികൾ അന്നത്തെ രജിസ്ട്രാറെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, രജിസ്ട്രാറുടെ ഭാഗത്ത് നിന്ന് വിദ്യാർത്ഥികൾക്ക് അനുകൂലമായ നടപടിയല്ല ഉണ്ടായത്. യൂണിവേഴ്സിറ്റിയിൽ എന്നല്ല, ലോകത്ത് തന്നെ കാസ്റ്റിസം ഇല്ലെന്നും നിങ്ങൾ അത്തരത്തിൽ ചിന്തിക്കരുതെന്നുമുള്ള തരത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്. രജിസ്ട്രാറുടെ ഈ പ്രതികരണത്തിൽ പ്രതിഷേധിച്ച് ഗൈഡിന്റെ ഒപ്പ് വാങ്ങില്ല എന്ന് തീരുമാനിക്കുകയായിരുന്നു ഞങ്ങൾ.”

അധികാരികളിൽ സംവരണവിരുദ്ധ സമീപനം ശക്തമായി വരുന്നതിന്റെ വ്യാപക പരാതികൾ വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്.
അധികാരികളിൽ സംവരണവിരുദ്ധ സമീപനം ശക്തമായി വരുന്നതിന്റെ വ്യാപക പരാതികൾ വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്.

അധികാരികളിൽ സംവരണവിരുദ്ധ സമീപനം ശക്തമായി വരുന്നതിന്റെ വ്യാപക പരാതികൾ വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ട്. രക്ഷിതാവിന്റെ മുന്നിവെച്ച് തനിക്കുണ്ടായ ജാതി അധിക്ഷേപത്തെ കുറിച്ച് തുറന്നുപറയുകയാണ് മലയാളം സർവകലാശാലയിലെ ഗവേഷക വിദ്യാർഥി അഖിൽ തങ്കപ്പൻ:

“മലയാളം യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പി.ജി ചെയ്തത്. പിന്നീട് പി.എച്ച്.ഡിക്ക് ജോയിൻ ചെയ്യാൻ ചെന്നപ്പോൾ രജിസ്ട്രാർ ഇൻ ചാർജ് രക്ഷിതാവിന്റെ മുന്നിൽവെച്ച് എന്നെ അപമാനിച്ചു. പി.ജി കാലത്ത് ഞാൻ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അത് മുൻനിർത്തി നേതാവാകാനാണോ വന്നതെന്ന് ചോദിച്ചു. പഠിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വന്നതെന്ന് ഞാൻ പറയുകയും ചെയ്തു. അത് മനസിലാകണമെന്നും എസ്.സി ആയതുകൊണ്ട് മാത്രമാണ് തനിക്ക് അഡ്മിഷൻ കിട്ടിയതെന്നും അവർ എന്നോട് പറയുകയും ചെയ്തു. എനിക്ക് എസ്.സി സീറ്റിൽ തന്നെയാണ് അഡ്മിഷൻ കിട്ടിയത്. എന്നാൽ അതവർ അവിടെവെച്ച് പറഞ്ഞുവെന്നുള്ളതാണ്. ആ സമയത്ത് ഞാനൊന്നും പ്രതികരിച്ചില്ല. പിന്നീട് പലതരം അവഗണന എനിക്കുണ്ടായിട്ടുണ്ട്. അതേസമയം പ്രതികരിക്കുന്നവരോട് അവർ അധികമൊന്നും പറയില്ല. ബഹുമാനം കാണിക്കുന്നവരോട് ഈ രീതിയിലുള്ള സമീപനമായിരിക്കും”

'ഞാൻ എസ്.സി- എസ്.ടി
വിദ്യാർഥിയാണ്'

ഇ- ഗ്രന്റ്‌സ് മുടങ്ങുന്നതിനെക്കുറിച്ച് അതുമായി ബന്ധപ്പെട്ട തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള വിവേചനങ്ങളെക്കുറിച്ചും പ്രതിസന്ധികളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർഥിയായ രാഹുൽ പി

“ഞാൻ ആദ്യ വർഷം ഈ ഗ്രൻ്റിൻ അപ്ലൈ ചെയ്തപ്പോൾ സൈറ്റ് ഓപ്പൺ ആകുന്നുണ്ടായിരുന്നില്ല. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നമ്മൾ അതിനെക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി അന്നത്തെ മന്ത്രിയെ ഒക്കെ പോയി കണ്ടു. അത് കഴിഞ്ഞ് ആറുമാസത്തിന് ശേഷമാണ് എനിക്ക് അപ്ലൈ ചെയ്യാൻ സാധിച്ചത്. ഡിസംബറിൽ ഒക്കെയാണ് ഞാൻ അപ്ലൈ ചെയ്തത് അതുകഴിഞ്ഞ് എനിക്ക് കുറച്ചു പൈസ കിട്ടാനുണ്ടായിരുന്നു. അത് കഴിഞ്ഞ് മാർച്ചിൽ അന്നത്തെ മന്ത്രിയെ പോയി കണ്ട് കാര്യങ്ങളൊക്കെ ചെയ്തതിനുശേഷം ആണ് മാർച്ചിൽ ഫെലോഷിപ്പ് കിട്ടിയത്. വർക്ക്ഷോപ്പിന് വേണ്ടിയുള്ള ക്ലാസിനു പോലും പണമില്ലാത്തതുകൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പേപ്പർ പ്രസന്റ് ചെയ്യാൻ പോലും എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം പോലെയുള്ള ഒരു പട്ടണത്തിൽ എങ്ങനെയാണ് പൈസയില്ലാതെ നിൽക്കാൻ കഴിയുക ഹോസ്റ്റൽ പോലും എനിക്ക് ഉണ്ടായിരുന്നില്ല. മന്ത്രിയോട് തല്ലുകൂടി വാങ്ങിച്ചിട്ടാണ് എനിക്ക് ഹോസ്റ്റൽ സൗകര്യം ലഭിച്ചത്. എന്റെ കാര്യം വളരെ മോശമാണ്. ഞാൻ തൃശ്ശൂരിൽ നിന്നും വേണം റിസർച്ച് ചെയ്യുന്ന കോളേജിലെത്താൻ. നമ്മൾ വേറൊരു സ്ഥലത്തുനിന്ന് ഇങ്ങോട്ട് വരുമ്പോൾ കഷ്ടപ്പാടും കാര്യങ്ങളൊക്കെയുണ്ട്. എന്നാൽ ഇവിടുത്തെ ഗവൺമെന്റ് തന്നെ നമ്മുടെ ട്രാവലിംഗ് കാര്യങ്ങളൊക്കെ നിഷേധിച്ചു. നമ്മൾ പി.എച്ച്ഡി ചെയ്യുന്നവർക്ക് കൺസെക്ഷൻ ഗവൺമെന്റ് അനുവദിക്കുന്നില്ല. അതിന്റെ. ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ വേറെ നമ്മൾ ചെലവഴിക്കണം. എന്നും കോളേജിലേക്ക് വരികയും വേണം. ഞാൻ എംജി കോളേജിലാണ് പി.എച്ച്ഡി ചെയ്യുന്നത്. അവിടെ ലൈബ്രറി സൗകര്യമൊന്നുമില്ല. പരിമിതമായ പുസ്തകങ്ങളെയുള്ളൂ. അപ്പോൾ നമ്മൾ യൂണിവേഴ്സിറ്റി യിലോട്ട് പോകണം. യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവിടെ ലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കണം. അതിനു വേറെ പൈസ കൊടുക്കണം. ഓരോ ലൈബ്രറിയിൽ പോകുമ്പോൾ ഓരോ രീതിയാണ്. കേരള യൂണിവേഴ്സിറ്റി ആകുമ്പോൾ ഓരോന്നിനും ഓരോ റിക്വസ്റ്റ് വേണം. അതിനുവേണ്ടി നമ്മൾ നമ്മുടെ ഗൈഡിനെ സമീപിക്കണം. നിലവിൽ എൻറെ ​ഗൈഡ് കൊല്ലത്താണ്. മിസ്സിന്റെ അടുത്ത് പോകണമെങ്കിൽ മിനിമം ഒരു 200 രൂപ എങ്കിലും ചെലവാകും. അതുപോലും എടുക്കാൻ കഴിയാത്ത സാഹചര്യങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ഫെലോഷിപ്പ് ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇപ്പോഴും ഞാൻ ലൈബ്രറിയിലെ റിന്യൂവൽ ചെയ്തിട്ടില്ല. കയ്യിൽ പൈസയില്ല അതുപോലും എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. നമ്മൾ എപ്പോഴും മന്ത്രിയുടെ അടുത്ത് പോയി കാര്യങ്ങളൊക്കെ പറയാറുണ്ട്. ഈയടുത്തുപോലും ഞങ്ങൾ മന്ത്രിയുടെ അടുത്ത് പോയി കാര്യങ്ങൾ പറഞ്ഞതേയുള്ളൂ. അവിടെ നിന്നും കാര്യങ്ങൾ ശരിയാക്കാം എന്ന് പറഞ്ഞിട്ടുള്ളൂ. അതുപോലെ ഓഫീസിൽ ഇരിക്കുന്ന ആളുകൾ കറക്റ്റ് ആയിട്ട് കൃത്യമായിട്ട് കാര്യങ്ങൾ ചെയ്യുന്നില്ല. ഞാൻ ഡയറക്ടറേറ്റിൽ പോയി ചോദിക്കുമ്പോൾ അവിടെ ഞങ്ങൾക്ക് വേണ്ടി ചെയ്യാൻ ഉള്ള ആൾ അവിടെയില്ല. 2024, 2025 സൈറ്റ് ഇതുവരെ ഓപ്പൺ ആയിട്ടില്ല. അതുമാത്രമല്ല എനിക്ക് ഒരു വർഷത്തെ കുടിശിക കിട്ടാനുണ്ട്. 2023, 2024 കുടിശ്ശിക എനിക്ക് കിട്ടാനുണ്ട്. അതുപോലും അപ്ലൈ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ഇരിക്കുന്നത്. മൂന്നുമാസത്തെ കിട്ടാനുണ്ട് അതുപോലെ മൂന്നുമാസത്തെ അപ്ലൈ ചെയ്യാൻ ഉണ്ട് കുടിശ്ശിക ഒരു കൊല്ലത്തെ അപ്ലൈ ചെയ്യാനുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാ​ഗത്തെ സഹായിക്കേണ്ടതുണ്ട്. ഒരു വിഭാഗത്തെ അവഗണിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലും ഇവിടുത്തെ ഗവൺമെന്റിന് കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. കഴിഞ്ഞ ഒരു വർഷമായി സ്കോളർഷിപ്പ് കിട്ടാത്ത ആളുകളെ എനിക്കറിയാം. എസ്എസി എസ്ടി വിഭാഗത്തിലെ റിസർച്ച് സ്കോളേഴ്സിന് ഹോസ്റ്റൽ ഫെസിലിറ്റി പോലും കിട്ടാത്ത ആളുകളുണ്ട്.

അവർക്ക് 3000 രൂപയോളം ഹോസ്റ്റൽ ഫീസ് കൊടുത്ത് പുറത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. ഹോസ്റ്റൽഫീസിന് പുറത്തുള്ള മറ്റു ചിലവുകൾ പോലും പുറത്തുനിന്ന് കടം വാങ്ങി ചെലവാക്കേണ്ട അവസ്ഥയുണ്ട്. കിട്ടുന്ന ഫണ്ടുകൾ ഒക്കെ കടം കൊടുത്തു തീർക്കാൻ മാത്രമേ ഉണ്ടാവുകയുള്ളൂ. സർക്കാരിൽ നിന്ന് അടുത്ത ഫണ്ട് കിട്ടുമ്പോൾ കയ്യിലുള്ള പൈസ മുഴുവൻ കഴിയും 27, 28 വയസ്സായ ആളുകൾ ആണല്ലോ ഞങ്ങൾ വീട്ടിലെ കാര്യങ്ങൾ നോക്കേണ്ട സമയമായല്ലോ. ഇത്തരത്തിലുള്ള ധാരാളം മാനസിക പ്രശ്നങ്ങളിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. ഞാൻ എംജി കോളേജിലാണ് പഠിക്കുന്നത് അവിടെ നിന്നും ജാതീയമായ നിരവധി പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് പുറത്തു പറയാൻ പറ്റാത്ത സാഹചര്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഫണ്ട് വൈകുന്നേരം കാരണമെന്നാണ് പറഞ്ഞത്. എന്നാൽ ഞങ്ങൾ മാസം കൃത്യമായി ആപ്ലിക്കേഷൻ കൊടുത്തിട്ട് പോലും ഇത് നടക്കുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റിനോട് സംസാരിക്കുമ്പോൾ ജില്ലാ ഓഫീസിൽ പറയാനും ജില്ലാ ഓഫീസിൽ പറയുമ്പോൾ ഡയറക്ടറേറ്റിനോട് പറയാനുമൊക്കെയാണ് പറയുന്നത്. അതായത് ഇവർക്ക് തന്നെ കൃത്യമായ ഒരു ധാരണ ഈ വിഷയത്തിലില്ല.”

എസ്.ടി, എസ്.സി വിദ്യാർഥികൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി മുടങ്ങിയ ഗ്രാന്റുകളാണ്. ഇ-ഗ്രാന്റടക്കമുള്ള ഫെലോഷിപ്പുകൾ മുടങ്ങിയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ നിരവധി വിദ്യാർഥികളുണ്ട്. രണ്ട് വർഷമായി ഇ-ഗ്രാന്റ്സ് പോലുള്ള സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും മുടങ്ങിക്കിടക്കുകയാണ്.

ഇ-ഗ്രാന്റടക്കമുള്ള ഫെലോഷിപ്പുകൾ മുടങ്ങിയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ നിരവധി വിദ്യാർഥികളുണ്ട്.
ഇ-ഗ്രാന്റടക്കമുള്ള ഫെലോഷിപ്പുകൾ മുടങ്ങിയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ നിരവധി വിദ്യാർഥികളുണ്ട്.

പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് രണ്ട് ഘട്ടങ്ങളിലായാണ് വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുന്നത്. ആദ്യത്തേത് കംപൾസറി നോൺ റീ ഫണ്ടബിൾ ഫീ, രണ്ടാമത്തേത് സ്റ്റേറ്റ് അക്കാദമിക് അലവൻസ്. സംസ്ഥാന സർക്കാർ, യൂണിവേഴ്സിറ്റി, സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികൾ, ഫീ ഫിക്സേഷൻ കമ്മിറ്റി തുടങ്ങിയവ നിശ്ചയിച്ച നിരക്കിലുള്ള ട്യൂഷൻ ഫീസ്, പരീക്ഷാഫീസ്, സ്പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെടുന്ന തുകയാണ് കംപൾസറി നോൺ റീ ഫണ്ടബിൾ ഫീ. പഠനത്തിന് നൽകുന്ന ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപന്റ്, പോക്കറ്റ് മണി, ഹോസ്റ്റൽ അലവൻസ് തുടങ്ങിയവക്കായി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കാണ് സ്റ്റേറ്റ് അക്കാദമിക് അലവൻസ്. ആദ്യത്തേത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും രണ്ടാമത്തേത് പഠനത്തിന് സപ്പോർട്ടിങ്ങ് സിസ്റ്റമായും ലഭിക്കുന്ന ഫണ്ടുകളാണ്.
കോളേജിൽ അഡ്മിഷനെടുത്ത ശേഷം പഠിക്കാൻ നൽകുന്ന അലവൻസാണ് ലംപ്സം ഗ്രാന്റ്. യു.ജി വിഭാഗത്തിന് 1400 രൂപയും പി.ജി വിഭാഗത്തിന് 1900 രൂപയുമാണ്.

വിദ്യാർഥികളുടെ അക്കമഡേഷൻ കാറ്റഗറികളെ പുതുക്കിയ കേന്ദ്ര സർക്കാർ വിജ്ഞാപനമനുസരിച്ച് ഇ ഗ്രാന്റസ് സൈറ്റിൽ ഡേ സ്‌കോളർ, ഹോസ്റ്റലർ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. സർക്കാർ / പ്രൈവറ്റ് കോളേജുകളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസായി പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകുന്നത്. സർക്കാർ കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത പട്ടികജാതി വിദ്യാർഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് 1500 രൂപയും പട്ടികവർഗ വിദ്യാർഥികൾക്ക് 3000 രൂപയുമാണ് നൽകുന്നത്. ഡേ സ്‌കോളേഴ്സിന് യാത്രാ ചെലവിനും മറ്റും 800 രൂപയാണ് നൽകുന്നത്. മെഡിക്കൽ, എഞ്ചിനിയറിങ്ങ് വിദ്യാർഥികൾക്ക് പ്രതിമാസം ഹോസ്റ്റൽ അലവൻസായി 4500 രൂപ നൽകുന്നു. ദുർബല സമുദായത്തിൽപ്പെട്ട വേടൻ, അരുന്തതിയാർ, ചക്കിളിയൻ, കല്ലടി, നായാടി സമുദായട്ട വിദ്യാർത്ഥികൾക്ക് നിശ്ചിത തുകയും സ്‌റ്റൈപ്പന്റ് നൽകുന്നുണ്ട്.

എസ്.ടി, എസ്.സി വിദ്യാർഥികൾ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി മുടങ്ങിയ ഗ്രാന്റുകളാണ്. ഇ-ഗ്രാന്റടക്കമുള്ള ഫെലോഷിപ്പുകൾ മുടങ്ങിയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ നിരവധി വിദ്യാർഥികളുണ്ട്. രണ്ട് വർഷമായി ഇ-ഗ്രാന്റ്സ് പോലുള്ള സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും മുടങ്ങിക്കിടക്കുകയാണ്.

എന്നാൽ ഇവ രണ്ട് വർഷമായി മുടങ്ങികിടക്കുകയാണ്. ഇത്തരം വൈകിപ്പിക്കലുകളിലൂടെ വിദ്യാർഥികൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു. ട്യൂഷൻ- പരീക്ഷാ ഫീസുകൾ അടക്കാൻ കഴിയാത്തതിനാൽ, 'ഞാൻ എസ്.സി- എസ്.ടി വിദ്യാർഥിയാണ്' എന്ന് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകൾ എഴുതികൊടുത്ത്, കോളജിൽ നിന്ന് അംപ്രൂവൽ വാങ്ങിയാണ് പല വിദ്യാർഥികളും പരീക്ഷ എഴുതുന്നത്. ഗ്രാന്റ് ലഭിക്കാത്ത അത്രയും കാലം ഈ അപേക്ഷിക്കൽ ഇവർക്ക് തുടരേണ്ടിവരുന്നു. പല എയ്ഡഡ് / സാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പരീക്ഷാ ഫീസിനത്തിൽ വരുന്ന ചെലവുകൾ വിദ്യാർഥികളെകൊണ്ട് നിർബന്ധിതമായി അടപ്പിക്കുന്നുണ്ട്.

എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് നൽകുന്ന ലംപ്‌സംഗ്രാൻ്റ്, ഹോസ്റ്റൽ അലവൻസ്, പോക്കറ്റ് മണി, ഡേ സ്കോളർ അലവൻസ് എന്നിവ തുച്ഛമായ നിരക്കിലാണ്. ലംപ്‌സംഗ്രാൻ്റ് ഇനത്തിൽ യു.ജി. വിഭാഗത്തിന് 1400 രൂപയും പി.ജി. വിഭാഗത്തിന് 1900 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / സർക്കാർ ഇതര കോളേജുകളിൽ യു.ജി./പി.ജി. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് (SC & ST) പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകേണ്ടത്. സർക്കാർ / കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത എസ്.സി. വിദ്യാർത്ഥികൾ സ്വകാര്യഹോസ്റ്റലുകളിൽ താമസിക്കുകയാണെങ്കിൽ 1500 രൂപ യും, എസ്.ടി. വിദ്യാർത്ഥികൾക്ക് 3000 രൂപയുമാണ് പ്രതിമാസം നൽകേണ്ടത്. ഡേ സ്കോളേഴ്‌സിന് പ്രതിമാസം 800 രൂപയും നൽകേണ്ടതാണ്. പ്രൊഫഷണൽ കോളേജുകളിൽ (മെഡിക്കൽ, എഞ്ചിനീയറിംഗ്) പ്രതിമാസം ഹോസ്റ്റൽ അലവൻസ് 4500 രൂപ എന്ന നിരക്കിലാണ് വർഷങ്ങളായി നിലനിൽക്കുന്നത്. പ്രതിമാസം 3500 രൂപ മാത്രമേ കിട്ടൂ എന്നതിനാൽ മിക്കവാറും എയ്‌ഡഡ് / സ്വകാര്യ കോളേജുകൾ ഹോസ്റ്റലുകളുണ്ടെങ്കിലും എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകില്ല. ശരാശരി 6500 - 8000 രൂപയാണ് ഹോസ്റ്റൽ ചെലവ്. പേയിംഗ് ഗസ്റ്റ് ഹോസ്റ്റലുകളിലും ഇത്രതന്നെ ചെലവ് വരും. ഇപ്പോൾ നൽകുന്ന തുക കൊണ്ട് ഒരു വിദ്യാർഥിക്ക് നഗരത്തിൽ ജീവിക്കാൻ കഴിയില്ല എന്ന് എസ്‌.സി./എസ്.ടി. വകുപ്പിന് അറിയാം. ബോർഡിംഗ് & ലോഡ്‌ജിംഗ് ചെലവ് 6000 - 6500 രൂപ ആക്കണമെന്ന് എസ്.സി. / എസ്.ടി. വകുപ്പ് ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു. 3500- ൽ നിന്ന് 4000 രൂപയാക്കിയാൽ പോരേ എന്നാണ് ധനകാര്യവകുപ്പിന്റെ ആലോചന. എന്നാൽ വർദ്ധിപ്പിക്കാത്ത തുച്ഛമായ തുകയും ഇപ്പോൾ നൽകേണ്ടതില്ല എന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ‘ഞങ്ങൾ വല്ലപ്പോഴും നൽകുന്ന തുക കൊണ്ട് പഠിക്കുകയും ജീവിക്കുകയും ചെയ്‌താൽ മതി’ എന്ന സമീപനം ഫ്യൂഡൽ ജാതിചിന്തയുടേതാണ്. എസ്.സി. / എസ്.ടി. വിദ്യാർത്ഥികൾക്ക് വരുമാനപരിധി അടിച്ചേൽപ്പിക്കാൻ യാതൊരു മടിയുമില്ല. EWS- കാരുടെ സാമ്പത്തിക പരിധി എട്ടു ലക്ഷമാണെങ്കിൽ, എസ്.സി./എസ്.ടി. കാർക്ക് രണ്ടര ലക്ഷമാണ്. ഇതിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ ഇപ്പോൾ കിട്ടേണ്ട തുച്ഛമായ തുകയും ലഭിക്കില്ല.

പല എയ്ഡഡ് / സാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പരീക്ഷാ ഫീസിനത്തിൽ വരുന്ന ചെലവുകൾ വിദ്യാർഥികളെകൊണ്ട് നിർബന്ധിതമായി അടപ്പിക്കുന്നുണ്ട്.
പല എയ്ഡഡ് / സാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പരീക്ഷാ ഫീസിനത്തിൽ വരുന്ന ചെലവുകൾ വിദ്യാർഥികളെകൊണ്ട് നിർബന്ധിതമായി അടപ്പിക്കുന്നുണ്ട്.

ഫിഷർമാൻ വിദ്യാർഥികൾക്കും ഗ്രാന്റില്ല

ഫിഷർമാൻ വിഭാഗ വിദ്യാർഥികൾക്കും രണ്ട് വർഷമായി ഗ്രാന്റുകൾ ലഭിക്കുന്നില്ലെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർഥി ശ്രുതി പറയുന്നു:

“പുതിയ പരിഷ്‌കരണങ്ങളിലൂടെ എല്ലാ കോഴ്‌സുകളുടെയും ഫീസ് ഉയർത്തിയിട്ടുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള ഇ-ഗ്രാന്റ്‌സല്ല യു.ജി കുട്ടികൾക്ക് കിട്ടുന്നത്. പോക്കറ്റ് മണി 200 രൂപയാണ്. നേരത്തെയുണ്ടായിരുന്ന അഡ്മിഷൻ ഫീസല്ല ഇപ്പോൾ. പുതിയ വിദ്യാഭ്യാസനയം വന്നപ്പോൾ പല കോഴ്‌സിനും 6000, 12000 രൂപ വീതമാണ് ഫീസ്. ഇ-ഗ്രാന്റ്‌സിന്റെ അതേ സ്വഭാവത്തിൽ മുക്കുവ വിഭാഗത്തിൽപ്പെടുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. ഇതേ വിഭാഗത്തിൽപ്പെടുന്ന മുസ്‍ലിം, ക്രൈസ്തവ ഹിന്ദു വിഭാഗങ്ങൾക്ക് നൽകുന്നതാണിത്. ഗവേഷക വിദ്യാർഥികൾക്ക് നൽകുന്ന ഇ-ഗ്രാന്റ്‌സ് തുകയുടെ സമാനമായ തുകയാണിത്. എന്നാൽ ഇ-ഗ്രാന്റ്‌സ് പോലെ മാസത്തിലല്ല, വർഷത്തിലൊന്ന് എന്ന നിലയിലാണ് നൽകുന്നത്. അത് രണ്ട് വർഷമായി മുടങ്ങി കിടക്കുകയാണ്. 2023 ഒക്ടോബർ മുതലുള്ള സ്‌കോളർഷിപ്പ് പലർക്കും കിട്ടാനുണ്ട്. 2023 ഒക്ടോബറിൽ പൊന്നാനി സബ് ഓഫീസിൽ സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ജൂലൈയിലോ മറ്റോ ആണ് ആലുവയിലുള്ള ഹെഡ് ഓഫീസിലെത്തുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയൽ ഗവേഷണം ചെയ്യുന്ന എന്റെയൊരു സുഹൃത്തിന്റെ അനുഭവമാണിത്. ആറേഴ് മാസം അവന്റെ അപേക്ഷ ജില്ലാ ഓഫീസിൽ പിടിച്ചുവെച്ചു. സ്‌കോളർഷിപ്പ് തുക കയ്യിൽ കിട്ടാൻ അത്രയും താമസം നേരിടുന്നുണ്ട്. ഞാൻ ആലുവയിലെ ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ മാർച്ച് 31 വരെ നൽകിയ അപേക്ഷയെ പരിഗണിക്കൂ എന്നാണ് പറഞ്ഞുകേട്ടത്. അതിനുശേഷമുള്ളത് അടുത്തതിലെ പരിഗണിക്കൂ എന്നാണ് പറഞ്ഞത്.

ശ്രുതി
ശ്രുതി

മറ്റൊരു പ്രശ്‌നവുമുണ്ട്. 2023 ജനുവരി മുതൽ യു.ജി.സി വർധിപ്പിച്ച തുകയുടെ 75 ശതമാനം ഇ-ഗ്രാന്റ്‌സിൽ നമുക്ക് ലഭിക്കേണ്ടതാണ്. ഇതറിയാതെ പലരും പഴയ തുക കൊടുത്തതുകൊണ്ട് പിന്നീട് അരിയറായി അപേഷിച്ചിരുന്നു. എന്നാൽ അത് പലർക്കും കിട്ടിയിട്ടില്ല. 75 ശതമാനം ആളുകൾക്കും കിട്ടിയിട്ടില്ല. ഒരു മാസത്തിൽ ഏകദേശം 4500 രൂപയോളമാണ് കിട്ടേണ്ടത്. ഏകദേശം പത്ത് മാസത്തെ തുക കിട്ടേണ്ടതാണ്.”

സംവരണം ജനറൽ കാറ്റഗറിയിൽപ്പെടുന്നവരുടെ അവസരം ഇല്ലാതാക്കുന്നുവെന്ന പൊതുബോധത്തിന് ഇതുവരെയും മാറ്റം സംഭവിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളും പിന്നാക്ക- ദലിത് വിദ്യാർഥികളോട് പുലർത്തുന്ന സമീപനം ഈയൊരു പൊതുബോധത്തിൽനിന്നുള്ളതാണ്. അത് മാറാത്തിടത്തോളം, എസ്.സി- എസ്.ടി- ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിന് അറുതിയുണ്ടാകില്ല.

Comments