സലാം പറയുന്ന മാവേലി

ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ആചാരങ്ങൾ, കലാവിഷ്‌കാരങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ, ആഘോഷങ്ങൾ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും 'മലബാർ മുസ്ലിംകൾക്ക്' തദ്ദേശീയമായ ഒരു സാംസ്‌കാരിക അസ്തിത്വം നില നിന്നിരുന്നു.

ലാം പറയുന്ന മാവേലി!
പൂക്കളത്തിന് ചുറ്റും ബിസ്മിയും ഹംദും ചൊല്ലിയുള്ള ഒപ്പന, മാപ്പിള കോൽക്കളി. സ്‌കൂൾ, കോളജ് ഓണാഘോഷത്തിൽ മക്കനയണിഞ്ഞ പെൺകുട്ടികളുടെ നൃത്തം. സാദിഖലി തങ്ങളുടെ ഓണപ്പാട്ടും പാണക്കാട് കുടുംബത്തിന്റെ ഓണാശംസകളും. ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ചില ദൃശ്യങ്ങളാണിവ. ഈ ചിത്രങ്ങൾ മലബാറിന്റെ സാമൂഹിക ജീവിതത്തിൽ ഇതിനോടകം സംഭവിച്ച മാറ്റത്തിന്റെ പ്രത്യക്ഷങ്ങളാണ്.

എൺപതുകളോടെ കേരളത്തിൽ വലിയ തോതിലുള്ള അറബ്വൽക്കരണം സംഭവിച്ചിട്ടുണ്ടായിരുന്നു. പ്രാദേശികമായ സവിശേഷതകൾ ഉൾക്കൊണ്ട് കൊണ്ടുള്ള തദ്ദേശിയ ഇസ്ലാമിന്ന് മേൽ ഗ്ലോബൽ ഇസ്ലാമിസത്തിന്റെ അധിനിവേശം "മാപ്പിള ഇസ്ലാമിനെ' പതുക്കെ അപ്രത്യക്ഷമാക്കിയിരുന്നു. ഈ നാട്ടിലെ സംസ്‌കാരങ്ങളുമായി നൂറ്റാണ്ടുകളായി ആദാന പ്രദാനം നടത്തിയായിരുന്നു "മലബാർ ഇസ്ലാം' അതിന്റെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തിയത്. അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിംകളിൽ നിന്നും ലോകത്തെ ഇതര മുസ്ലിംകളിൽ നിന്നും വ്യതിരിക്തമായ ഒരു സംസ്‌കാരമായിരുന്നു.

ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ആചാരങ്ങൾ, കലാവിഷ്‌കാരങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ, ആഘോഷങ്ങൾ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും "മലബാർ മുസ്ലിംകൾക്ക്' തദ്ദേശീയമായ ഒരു സാംസ്‌കാരിക അസ്തിത്വം നില നിന്നിരുന്നു. എന്നാൽ ആഗോളവൽകരണം, ഗൾഫ് കുടിയേറ്റം, ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ജാഗരണം, പുനരുദ്ധാനവാദ സലഫിസത്തിന്റെ സ്വാധീനം, തുടങ്ങിയ പല കാരണങ്ങളാൽ ശക്തിപ്പെട്ട പ്യൂരിറ്റനിസം സാംസ്‌കാരികമായ അറബിവൽകരണം ത്വരിതപ്പെടുത്തി. മാപ്പിള മലബാറിനെ അറബിവത്കരിക്കുന്നതിൽ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ പ്രധാന മുസ്ലിം സംഘടനകൾക്കും ഏറിയും കുറഞ്ഞുമുള്ള പങ്കുണ്ട്.

ഈ ഘട്ടത്തിൽ ഇസ്ലാമിക പ്രഭാഷകരുടെ പ്രഭാഷണ വിഷയങ്ങൾ കേന്ദ്രീകരിച്ചത് മുസ്ലിംകളുടെ സാംസ്‌കാരികമായ ഏകതയെ ഊന്നിപ്പറയാനാണ്. ലോകത്ത് എല്ലായിടത്തുമുള്ള മുസ്ലിംകൾക്ക് ഒരേ ഒരു സംസ്‌കാരമേ പാടുള്ളൂ, തദ്ദേശീയമായ ആദാന പ്രദാനങ്ങളിലൂടെ സംഭവിച്ച സാംസ്‌കാരികമായ കലർപ്പുകൾ ഇസ്ലാമിന്റെ മൗലികതയെ തകർക്കുന്നു എന്ന ആശയമാണ് പ്രഭാഷണ വേദികളിൽ നിന്ന് ഉയർന്നത്.

കേരള മുസ്ലിംകളിൽ സാർവ്വത്രികമായ സാരിയും പ്രായമായ സ്ത്രീകൾ ധരിച്ച പെൺകുപ്പായവും തട്ടവും മാറി തൽസ്ഥാനത്ത് പർദ്ദയും ഛാദർ പോലുള്ള നീളൻ ശിരോവസ്ത്രവും കടന്നു വന്നത് വളരെ പെട്ടെന്നാണ്. വ്യാപകമായി ഉണ്ടായില്ലെങ്കിലും അറബികളുടെ നീളൻ കുപ്പായവും തൊപ്പിയും മുസ്ലിം പുരുഷന്മാരും അണിയാൻ തുടങ്ങി. തലപ്പാവും തൊപ്പിയും നിരുത്സാഹപ്പെടുത്തിയ സലഫികളും പിന്നീട് അത് അണിയുന്നതാണ് നാം കാണുന്നത്.

മതപരമായ മഹത്വം കൽപ്പിക്കപ്പെട്ടാണ് ഈ വേഷ മാറ്റം, വിശിഷ്യാ പർദ്ദ വ്യാപകമായതെങ്കിൽ അറബ് സംസ്‌കാരത്തോടുള്ള ആരാധനയുടെ പേരിലാണ് തീൻമേശയിലെ മാറ്റങ്ങൾ. ഇന്ന് കേരളത്തിന്റെ ഏത് മുക്കു മൂലകളിലും കുഴിമന്തിയും കബ്‌സയും കബാബും മജ്ബൂസും മറ്റനേകം അറബ് വിഭവങ്ങളും സുലഭമായി. വേഷത്തിൽ സംഭവിച്ച പരിണാമങ്ങളെയും രുചികളിൽ വന്ന മാറ്റങ്ങളെയും നിഷേധാത്മകമായി കാണേണ്ടതില്ല എന്ന അഭിപ്രായമാണ് ഈ ലേഖകന്. പർദ്ദ ഒരാൾക്ക് കംഫർട്ട് ആയി തോന്നുന്നുവെങ്കിൽ അതണിയാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ട്. കെന്റക്കി ചിക്കണും പാസ്തയും പോലെ നമ്മുടെ തീൻമേശയിലെത്തിയ വിദേശി രുചികളാണ് കുഴിമന്തിയും കബ്സയും. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്ന ആ രുചികളും എതിർക്കപ്പെടേണ്ടതല്ല. എന്നാൽ സാരി മത വിരുദ്ധമാണെന്ന് ഫത്വ നൽകി അതുപേക്ഷിക്കാൻ ആവശ്യപ്പെടുന്നതും മതപരമായ കാരണങ്ങൾ നിരത്തി പർദ്ദ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും
അംഗീകരിക്കാനാകില്ല. പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സാരിയോ അവനവന്/ അവളവൾക്ക് ഇഷ്ടമുള്ള മറ്റു വേഷമണിയാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം.

തൊണ്ണൂറുകളോടെ മത രംഗത്തെ തീവ്രത ഏറ്റവും രൂക്ഷമായി തീർന്നു. പോകെ പോകെ, സാംസ്കാരിക ബഹുത്വത്തെ അസഹിഷ്ണുതയോടെ കാണുന്ന സ്ഥിതി അതിവേഗം പ്രചരിപ്പിക്കപ്പെട്ടു. സോഷ്യൽ മീഡിയകളിൽ താരങ്ങളായ തീവ്ര മത പ്രഭാഷകർ, കടുത്ത പ്യൂരിറ്റൻ വാദങ്ങളാണ് അഴിച്ച് വിട്ടത്. നമ്മൾ/ അന്യർ എന്ന ഒരു ദ്വന്ദം മുസ്ലിം ചെറുപ്പക്കാരുടെ മനസ്സിൽ അവർ സൃഷ്ടിച്ചു. അന്യ മതസ്ഥരോട് ചിരിക്കരുത്, മറ്റ് മതക്കാരായ ഡോക്ടറെ സമീപിക്കരുത്, അവർക്ക് അഭിവാദ്യം അർപ്പിക്കരുത്, അവരുടെ ആരാധനാലയങ്ങൾക്ക് സംഭാവന ചെയ്യരുത്, അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത്, ആഘോഷത്തിന്റെ ഭാഗമായ ഭക്ഷണം കഴിക്കരുത്, ആഘോഷ വേളകളിൽ ആശംസ നേരരുത്, മറ്റ് മതക്കാർക്ക് അവയവങ്ങൾ ദാനം ചെയ്യരുത് എന്ന് തുടങ്ങി നമ്മുടെ സെക്യുലർ ഫാബ്രിക്കിന് മാരകമായ പ്രഹരമേൽപ്പിക്കുന്ന "ഹറാം' (നിഷിദ്ധ) ഫത്വാക്കാരുടെ കേളീ രംഗമായി ഇസ്ലാം മത പ്രഭാഷണ വേദികൾ. മാത്രമല്ല, സിനിമയും സംഗീതവും അടക്കം മനുഷ്യർക്ക് സന്തോഷം നൽകുന്ന എല്ലാ കലാവിഷ്‌കാരങ്ങളോടും വിനോദങ്ങളോടും നിഷേധാത്മക സമീപനമാണിവർ പുലർത്തിയത്.

മനുഷ്യർ സാമൂഹിക സഹവർത്തനത്തിന് വേണ്ടി കണ്ടെത്തിയ മികച്ച മാർഗമാണ് ആഘോഷങ്ങൾ. പല വിഭാഗങ്ങളായി ചിതറപ്പെട്ട മനുഷ്യരെ വിഭാഗീയതകൾ മറന്ന് ഒരുമിക്കാനാണ് ആഘോഷങ്ങൾ ആഹ്വാനം ചെയ്യുന്നത്. നാം കൊണ്ടാടുന്ന ഒട്ടുമിക്ക ആഘോഷങ്ങളും ഏതെങ്കിലും മത പശ്ചാത്തലമുള്ളവയാണ് എന്നത് ഒരു വാസ്തവമാണ്. ഓണവും വിഷുവും ഈദും ക്രിസ്മസുമെല്ലാം മതപരമായ വിശ്വാസങ്ങളും ആചാരങ്ങളുമായി പിണഞ്ഞ് നിൽക്കുന്നവയാണ്. എന്നാൽ ആഘോഷങ്ങൾക്ക് മതപരമല്ലാത്ത, സാമൂഹിക പ്രധാനമായ ഒരു തലവുമുണ്ട്. ഏത് ആഘോഷമായാലും അതിന്റെ മതപരമായ വശങ്ങൾ അതാത് മത വിശ്വാസികൾക്ക് പ്രസക്തമാണ്. എന്നാൽ സാമൂഹ്യ വശങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രസക്തമാണ്. സാമൂഹിക ഒരുമയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികൾ, ഭക്ഷ്യ വിഭവങ്ങൾ, സമ്പർക്കങ്ങൾ, വിനോദങ്ങൾ തുടങ്ങിയവ ആഘോഷങ്ങളുടെ സാംസ്‌കാരിക പ്രധാനമായ വശങ്ങളാണ്.

നൂറ്റാണ്ടുകളായി കേരളത്തിൽ ഓണവും വിഷുവും ക്രിസ്തുമസുമെല്ലാം ആഘോഷിക്കുന്നുണ്ട്. അതിന്റെ സാമൂഹികവും സാംസ്‌കാരിക പ്രധാനവുമായ തലങ്ങളിൽ മുസ്ലിംകൾ പങ്കെടുത്ത് പോരുകയും ചെയ്തിരുന്നു. തൊണ്ണൂറുകൾ വരെ അതിൽ പങ്കെടുക്കാമോ ഇല്ലയോ എന്ന ഒരു ചർച്ച തന്നെ മലബാർ മുസ്ലിംകളിൽ ഉണ്ടായിരുന്നില്ല. എന്നാൽ തൊണ്ണൂറുകൾക്ക് ശേഷം ഓണ സദ്യയും ക്രിസ്മസ് കേക്കും വരെ "ഹറാം' ആയി പ്രഖ്യാപിക്കപ്പെട്ടു. ഓണാശംസ നേരുന്നതും സദ്യയുണ്ണുന്നതും പൂക്കളം ഒരുക്കുന്നതുമെല്ലാം വിമർശന വിധേയമാകുകയും അതിനെ പിന്തുണയ്ക്കുന്നവരെ ആക്ഷേപിക്കുകയും ചെയ്യാൻ തുടങ്ങി.

ഓണം അതിന്റെ മതപരമായ ചിട്ടകളോടെ ആഘോഷിക്കുന്ന മലയാളികൾ നന്നേ കുറവാണ്. മറിച്ച് കേരളത്തിന്റെ സാംസ്‌കാരിക ഉത്സവമായാണതിനെ കാണുന്നത്. സ്റ്റേറ്റ്, ഓണം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഉൽസവമാക്കിയതോടെ അതിന്റെ പുരാവൃത്തങ്ങൾക്കും മിത്തുകൾക്കുമെല്ലാം മത നിരപേക്ഷമായ ഒരു മാനം വരുകയും ചെയ്തു.

മിത്തുകളെ ചരിത്ര യാഥാർത്ഥ്യമായി കാണാത്തേടത്തോളം അതിന്ന് കാല, ദേശ സഞ്ചാരത്തിലൂടെ പുതിയ അർത്ഥങ്ങൾ വന്നു ചേരും. മാനുഷരെല്ലാരും ഒന്നാണെന്ന മഹത്തായ ഭാവനയെ മാവേലി മിത്തിലൂടെ പുനരാവിഷ്‌കരിക്കുന്നതിൽ മതപരമായ വിലക്കുകൾ കൊണ്ടു വരേണ്ട കാര്യമില്ല. ഇനി മതപരമായ ശുദ്ധിവാദം കൈക്കൊള്ളുന്നവർക്ക് ഓണാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കാം; ആഘോഷിക്കുന്നവരെ ഭ്രഷ്ടരാക്കാൻ മുതിരാതിരുന്നാൽ മതി.

മനുഷ്യർക്ക് കേവല യുക്തിയിൽ മാത്രം ജീവിക്കാനാകില്ല. സങ്കൽപ്പവും മിത്തും ഭാവനകളുമെല്ലാം, ഭൗതിക ജീവിതത്തിലെ സന്തോഷവും സഫലമാകാത്ത മോഹങ്ങളുടെ സായൂജ്യവും അനുഭവിക്കാൻ മനുഷ്യർ തന്നെ കണ്ടുപിടിച്ച വഴികളാണ്. എല്ലാ മതങ്ങൾക്കും അവരവരുടെ പുരാവൃത്തങ്ങളും ഐതീഹ്യങ്ങളും ഭാവനകളും ഉണ്ട്. അതിനെ പോസിറ്റീവ് ആയി സമീപിക്കാവുന്നതെയുള്ളൂ. അങ്ങനെ സാധിക്കാത്തവർക്ക് മറ്റുള്ളവരെ വിധിക്കാതെയിരിക്കുകയും നിഷിദ്ധ ഫത്വകളുമായി ഇറങ്ങാതിരിക്കുകയും ചെയ്യാം.

ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാ സംസ്‌കരങ്ങളുമായും സഹ ജീവിതം സാധിക്കണം. ബഹുസ്വര സംസ്‌കാരം കൊടുക്കൽ വാങ്ങലുകളുടെ സംസ്‌കാരമാണ്. ഓരോ മത വിഭാഗവും തങ്ങളുടെ മതക്കാർക്ക് വേണ്ടി പ്രത്യേകം മതിൽ കെട്ടി മറച്ച് ഒന്ന് മറ്റൊന്നുമായി സമ്പർക്കപ്പെടുന്നത് തടഞ്ഞാൽ ഫലത്തിൽ ബഹുസ്വരത എന്ന ആശയം ഇല്ലാതാകും.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആഘോഷിക്കാനും ആഹ്ലാദിക്കാനുമുള്ള സ്വാഭാവിക മോഹങ്ങളെ അടക്കി വെച്ചാണ് മലയാളികൾ ജീവിച്ചത്. വിലക്കുകൾ നീങ്ങി ആഘോഷിക്കാനുള്ള അവസരം കൈവന്നപ്പോൾ എല്ലാം മറന്ന് അസ്വദിക്കാൻ വെമ്പുകയായിരുന്നു അവർ. ഏകശരി വാദവും ശുദ്ധിവാദവും സ്വയം പുനപരിശോധിക്കാനുള്ള അവസരമായി കോവിഡ് കാലം മാറിയതും ഫത്വകൾ വില വെക്കാതെ കളത്തിലിറങ്ങാൻ അവർക്ക് പ്രേരണയായിട്ടുണ്ടാകാം. "മുടക്ക് പ്രഭാഷകർക്ക്' തടഞ്ഞ് നിർത്താൻ പറ്റാത്ത വിധം കേരളത്തിലെ മുസ്ലിം സമൂഹം മാറിക്കഴിഞ്ഞു. സ്ത്രീകളാണ് ഈ മാറ്റത്തിന്റെ പതാക വാഹകർ എന്നാണു ഇക്കഴിഞ്ഞ ഓണക്കാല അനുഭവങ്ങൾ വിളിച്ചറിയിക്കുന്നത്.


Summary: ഭാഷ, വേഷം, ഭക്ഷണം, വിശ്വാസം, ആചാരങ്ങൾ, കലാവിഷ്‌കാരങ്ങൾ, മിത്തുകൾ, പുരാവൃത്തങ്ങൾ, ആഘോഷങ്ങൾ തുടങ്ങി സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും 'മലബാർ മുസ്ലിംകൾക്ക്' തദ്ദേശീയമായ ഒരു സാംസ്‌കാരിക അസ്തിത്വം നില നിന്നിരുന്നു.


മുജീബ് റഹ്​മാൻ കിനാലൂർ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ഇസ് ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം, പൗരോഹിത്യം വേണ്ട; വക്കം അബ്ദുൽ ഖാദർ മൗലവി എന്നിവ പ്രധാന കൃതികൾ

Comments