പെൺമക്കൾ മാത്രമുള്ള മുസ്‌ലിം ദമ്പതികൾക്ക് വീണ്ടും വിവാഹം കഴിക്കേണ്ടി വരുന്നതിന്റെ കാരണങ്ങൾ

1994 ഒക്ടോബറിൽ ആണ് എന്റെ വിവാഹം കഴിയുന്നത്. ആ ഘട്ടത്തിൽ ഒന്നും എനിക്കിതിന് തോന്നിയിരുന്നില്ല. ഇപ്പോൾ 2023 ലാണ് ഇങ്ങനെ തോന്നുന്നത്. സമൂഹത്തിൽ വലിയ ഗൗരവമുള്ളൊരു വിഷയമായി ഇത് ചർച്ച ചെയ്യപ്പെടുകയാണ്. അത് ഒരു മൂവ്‌മെന്റ് ആയി വരണം. ഈ കുട്ടികളെ ഹ്യുമിലിയേറ്റ് ചെയ്യാൻ പാടില്ല. അവരുടെ അന്തസ്സ് ഇടിയുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. ഇത് സ്വത്തിന്റെ മാത്രം കാര്യമല്ല.

ഭിഭാഷകനും സിനിമാ താരവുമായ ഷുക്കൂർ വക്കീലിന്റെ രണ്ടാം വിവാഹം വലിയ രീതിയിലുള്ള ചർച്ചക്ക് കാരണമായി. 1994 ൽ മുസ്​ലിം വ്യക്തിനിയമപ്രകാരം വിവാഹിതരായ ഷുക്കൂർ വക്കീൽ, ഡോ. ഷീന ഷുക്കൂർ എന്നിവർ തങ്ങളുടെ പെൺമക്കളുടെ സാമ്പത്തിക സുരക്ഷയെ മുൻനിർത്തി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാർച്ച് 8 ന് വീണ്ടും വിവാഹിതരാകുന്നത് മുസ്​ലിം പിന്തുടർച്ചാവകാശ നിയമത്തിലെ ലിംഗപരമായ വിവേചനങ്ങളെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നു. തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്​ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി ഭരണഘടനയിൽ അഭയം പ്രാപിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഷുക്കൂർ വക്കീൽ അറിയിച്ചത്. ഭരണഘടനാ സാധ്യതകളെ ഒരു സമരായുധമെന്ന നിലയിൽ വിനിയോഗിക്കാൻ തീരുമാനിച്ച ഷുക്കൂർ വക്കീൽ തന്റെ രണ്ടാം വിവാഹ പ്രഖ്യാപനത്തിന്റെ സാമൂഹിക- രാഷ്ട്രീയ മാനങ്ങൾ ട്രൂകോപ്പി തിങ്കുമായി പങ്കുവെക്കുന്നു.

സൽവ ഷെറിൻ: മതനിയമങ്ങളുടെ പേരിലുള്ള വിവേചനങ്ങളെ നേരിടാൻ ഇന്ത്യൻ ഭരണഘടന ഉപയോഗിക്കാം എന്ന തീരുമാനത്തിലേക്ക്​വന്നതെങ്ങെനെയാണ്? ഇത്തരത്തിലുള്ള മത നിയമങ്ങൾ പ്രാക്ടീസ് ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ പൗരർക്ക്​ ഭരണഘടന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും പരിമിതപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?

ഷുക്കൂർ വക്കീൽ: മതമുള്ളവരും മതത്തിൽ വിശ്വസിക്കാത്തവരും വ്യത്യസ്ത മതങ്ങൾ വിശ്വസിക്കുന്നവരുമുള്ള ബഹുസ്വര സമൂഹമാണ് നമ്മുടേത്.​ഭരണഘടന പ്രകാരം ഒരു ഡെമോക്രാറ്റിക് സെക്യുലർ റിപ്പബ്ലിക്. സെക്യുലർ എന്ന ആസ്‌പെക്റ്റ് വിശാലമായി കാണണം. അങ്ങനെയുള്ള സമൂഹത്തിൽ നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ജീവിതം നമ്മെ സ്വാധീനിക്കും. ഇസ്​ലാം വിശ്വാസിയായതുകൊണ്ട് ഏതെങ്കിലും ഒരു അവകാശം നമുക്ക് ഹനിക്കപ്പെടുമ്പോഴും, നമ്മുടെ അതേ സോഷ്യൽ സ്റ്റാറ്റസുള്ള ഇസ്​ലാം മതവിശ്വാസി അല്ലാത്ത ഒരാൾക്ക് ആ അവകാശം കിട്ടുമ്പോഴും അത് നമ്മുടെ മതത്തെക്കുറിച്ച് അപകർഷതാബോധം ഉണ്ടാക്കാൻ കാരണമാകും.

മതം എന്നത് മതഅഭിമാനമല്ല. നമുക്ക് ഒരു ഐഡന്റിറ്റി ഉണ്ട്, ഇന്ത്യയിൽ ജനിക്കുന്ന എല്ലാവർക്കുമുണ്ട്. മതം ഉപേക്ഷിച്ചാൽ പോലും നമ്മുടെ ഐഡന്റിറ്റി മാറില്ല. കാരണം, നമ്മുടെ ജാതി- മത സർട്ടിഫിക്കറ്റ് നൽകുന്നത്​ വില്ലേജ് ഓഫീസറാണ്. മതം ഉപേക്ഷിച്ചാലും അത് രേഖപ്പെടുത്താൻ ഒരു സംവിധാനം ഇല്ല. അതുകൊണ്ട് സ്വാഭാവികമായും മതം ഉപേക്ഷിച്ച ആൾക്ക് അവരുടെ സോഷ്യൽ സ്റ്റാറ്റസ് എന്നത് അവർ പിറന്ന മതം ആണ്. അത് സർട്ടിഫൈ ചെയ്യുന്ന അധികാരി വില്ലേജ് ഓഫീസറും തഹസിൽദാറുമാണ്.

ഒരാളുടെ മരണത്തോടെയാണ്​ ആരാണ് അവകാശികൾ എന്ന ചോദ്യം ഉയരുന്നത്​. ആ സമയത്ത് ലീഗൽ ഹെയർഷിപ്പിന്​ നിയമമനുസരിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ വില്ലേജ് ഓഫീസർക്കോ താലൂക്ക് ഓഫീസർക്കോ അപേക്ഷ നൽകണം. പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിലെ ഉപ്പയോ ഉമ്മയോ മരിച്ചാൽ അവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ സഹോദരങ്ങൾ കൂടി കടന്നുവരും. എന്നാൽ ഇതേ ആളുടെ സഹോദരനാണ് മരിക്കുന്നത്, സഹോദരന് ആൺകുട്ടി മാത്രമാണ് ഉള്ളത് എങ്കിൽ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആൺകുട്ടികൾ ഉണ്ടെങ്കിൽ, അവരുടെ ലീഗൽ ഹെയർ സർട്ടിഫിക്കറ്റിൽ തഹസിൽദാർ ആ കുട്ടികളുടെ പേര് മാത്രമേ എഴുതൂ. അത് ലിംഗപരമായ വിവേചനമാണ്. ഇതേ സോഷ്യൽ സ്റ്റാറ്റസുള്ള മുസ്​ലിം അല്ലാത്ത ഒരാളുടെ ലീഗൽ ഹെയർ സർട്ടിഫിക്കറ്റിൽ മകൾ മാത്രമേ അവകാശിയായി ഉണ്ടാകൂ. അതുകൊണ്ട്​, ഈ നിയമം ഇസ്​ലാം പിന്തുടരുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ച്​ ലിംഗപരമായും മതപരമായുമുള്ള വിവേചനമാണ്​. ഈ സാഹചര്യത്തെ ഇസ്​ലാമിൽ നിന്നുകൊണ്ട് മറികടക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.

ഇതിന് പരിഹാരം ഏക സിവിൽ കോഡ് അല്ല. കാരണം ഏക സിവിൽ കോഡ് എന്നത് ഇന്ത്യയുടെ വൈവിധ്യങ്ങൾ ഇല്ലാതാക്കുന്ന ഒന്നാണ്​. ഇവിടെ പിന്തുടർച്ചാവകാശ പ്രശ്​നം മാത്രമല്ല മറ്റ് ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഹിന്ദു- ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ വന്ന സമയത്ത് കോടതിവിധി കൊണ്ടും നിയമനിർമ്മാണം കൊണ്ടുമാണ്​ അത് മറികടന്നത്. ഹിന്ദു സ്ത്രീകൾക്ക് 2015 വരെ തുല്യസ്വത്തവകാശം കിട്ടിയിരുന്നില്ല. അതിൽ സുപ്രീംകോടതി വിധി വന്നു. മേരി റോയ് കേസ് വരുന്നതുവരെ ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. അതിലും സുപ്രീംകോടതി വിധി വന്നു. അങ്ങനെ, ജുഡീഷ്യൽ ഇടപെടലുകൊണ്ടും നിയമനിർമ്മാണം കൊണ്ടുമാണ്​ മാറ്റം വന്നത്.

മേരി റോയ്

അതുകൊണ്ടാണ് ഈ കാര്യത്തിൽ ഭരണഘടനയിലേക്ക് ഞങ്ങൾ എത്തുന്നത്. ഭരണഘടന എന്നത് ആധുനിക ലോകത്തിന് മനുഷ്യൻ നൽകിയ മികച്ച സംഭാവനയാണ്. ആ സംഭാവനയുടെ അടിസ്ഥാന ഘടകം എല്ലാ മനുഷ്യരെയും തുല്യരായി കാണണം എന്നതാണ്. ജാതിയുടെയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ ലിംഗത്തിന്റെയോ വ്യത്യാസമില്ലാതെ ഇന്ത്യയിലുള്ള മുഴുവൻ മനുഷ്യർക്കും തുല്യത എന്ന കോൺസെപ്റ്റാണ് ഭരണഘടന നൽകുന്നത്​. 1948 ൽ ഹ്യൂമൻ റൈറ്റ്‌സ് ഡിക്ലറേഷൻ (The Universal Declaration of Human Rights) ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയും നമ്മുടെ രാജ്യം അതിന്റെ ഭാഗമാവുകയും ചെയ്തപ്പോൾ എല്ലാ മനുഷ്യരെയും തുല്യരായി കാണണമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഹ്യൂമൻ റൈറ്റ്‌സ് ഡിക്ലറേഷൻ ആക്ടിൽ ആണിനും പെണ്ണിനും വ്യത്യാസമില്ല.

ഹ്യൂമൻ റൈറ്റ്സ് ഡിക്ലറേഷന്റെ പത്തുകൊല്ലം മുമ്പാണ് 1937 ലെ ശരിയത്ത് അപ്ലിക്കേഷൻ ആക്ട് (Muslim Personal Law (Shariat) Application Act, 1937) വരുന്നത്. ആ നിയമമാണ് വലിയൊരു ഡിഫക്ട് കൊണ്ടുവരുന്നത്. അത് തിരുത്തുക എന്നത് ഞാനോ എന്റെ പങ്കാളിയോ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ജുറിസ്ഡിക്ഷൻ (jurisdiction) വിചാരിക്കണം, അല്ലെങ്കിൽ സുപ്രീംകോടതി. 1994ലെ നിയമപ്രകാരം ഇത്തരം കാര്യങ്ങൾ പാർലമെൻറ്​ തീരുമാനിക്കട്ടെ എന്നാണ് ഇപ്പോൾ സുപ്രീംകോടതി എടുത്ത നിലപാട്. ഇപ്പോൾ പാർലമെൻറ്​ എന്നത് ബി.ജെ.പിയുടെ അല്ലെങ്കിൽ ഹിന്ദുത്വ രാഷ്ട്രം ആഗ്രഹിക്കുന്ന ഒരു സംവിധാനത്തിന്റെ ഭാഗമാണ്. അവരോട് നമുക്ക് ആവശ്യപ്പെടാൻ കഴിയില്ല. പിന്നെയുള്ളത് നിയമമനുസരിച്ച് നമ്മുടെ കുട്ടികളുടെ അന്തസ്സുയർത്തിപ്പിടിക്കുന്ന രീതിയിൽ എന്ത് നിലപാട് എടുക്കാൻ കഴിയും എന്നതാണ്. അത് സമൂഹത്തിൽ ബാക്കിയുള്ളവർക്ക് ഉപകാരപ്രദമാകുന്ന, വഴികാട്ടിയാകുന്ന സാഹചര്യത്തിലേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഭരണഘടനയെ ഞങ്ങൾ ആശ്രയിച്ചത്.

മതനിയമങ്ങൾ പ്രാക്ടീസ് ചെയ്യപ്പെടുന്ന സന്ദർഭങ്ങളിൽ പൗരർക്ക്​ ഭരണഘടന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ സാമൂഹിക സാഹചര്യത്തിൽ സാധ്യമല്ല എന്നത് തീർച്ചയായും തെറ്റായ ധാരണയാണ്. ‘ഇതുപോലെത്തന്നെ ചെയ്യണം’ എന്ന് കാർക്കശമുള്ള ഒരു കമ്മ്യൂണിറ്റി അല്ല മുസ്​ലിംകൾ. അടിസ്ഥാനപരമായി മുസ്​ലിം സമുദായം പോസിറ്റീവായ തിങ്കിനോടൊപ്പം ആണ്. അത് ഒരുപാട് ഘട്ടങ്ങളിൽ നമ്മൾ കണ്ടതാണ്. വേൾഡ് കപ്പ് വന്ന സമയത്ത്, ചില മതനേതാക്കൾ അത് കാണുന്നത് ഭയങ്കരമായ കുറ്റകൃത്യമാണ്, ഇസ്​ലാമിക വിരുദ്ധമാണ് എന്നൊക്കെ പറഞ്ഞ്​ സോഷ്യൽ മീഡിയയിലും ടി.വി ചാനലിലും സംസാരിച്ചു. എന്തായിരുന്നു അതിന്റെ റിസൾട്ട്? മുസ്​ലിംകൾ മഹാഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ രാത്രി വലിയ സ്‌ക്രീൻ വച്ച് ചെറുപ്പക്കാർ ഫുട്‌ബോളിനെ ആഘോഷിച്ചു. അത് തെറ്റായ കാര്യമാണെന്ന് മതനേതാക്കൾ പറഞ്ഞാലും സമൂഹം അംഗീകരിക്കില്ല. സമുദായത്തിന് അവരുടേതായ രീതിയുണ്ട്. അത് വളരെ പോസിറ്റീവായി കാണുന്നവരാണ്. സമൂഹത്തിന്റെ മുന്നേറ്റം അവർ മനസ്സിലാക്കുന്നുണ്ട്. 1927 ൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ല എന്ന് തീരുമാനിച്ച ഒരു പ്രധാനപ്പെട്ട പണ്ഡിത സഭ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന കോളേജ് നടത്തുന്നുണ്ട് കേരളത്തിൽ. അതിനർത്ഥം സാമൂഹിക സമ്മർദ്ദം അതിജീവിക്കാൻ ഒരാൾക്കും കഴിയില്ല എന്നാണ്​. സാമൂഹിക സമ്മർദ്ദത്തിന് നമ്മളെല്ലാവരും വിധേയരാണ്.

Photo : sajid Mohammedd

1994 ഒക്ടോബറിലായിരുന്നു എന്റെ വിവാഹം. ആ ഘട്ടത്തിൽ എനിക്കിതിന് തോന്നിയിരുന്നില്ല. സമൂഹത്തിൽ ഗൗരവമുള്ളൊരു വിഷയമായി ഇത് ചർച്ച ചെയ്യപ്പെടുകയാണ്. അത് ഒരു മൂവ്‌മെൻറായി വരണം. ഈ കുട്ടികളുടെ അന്തസ്സ് ഇടിക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. ഇത് സ്വത്തിന്റെ മാത്രം കാര്യമല്ല. പെൺകുട്ടികളായതുകൊണ്ടുമാത്രം അവർക്ക്​ അർഹമായത്​ നിഷേധിക്കാൻ പാടില്ല. സ്ത്രീകൾക്കെതിരെയുള്ള/ പെൺകുട്ടികൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുക എന്നതാണ് ഇതുകൊണ്ട്​ ലക്ഷ്യമാക്കുന്നത്​.

എന്റെ ഉമ്മ മരിച്ചിട്ട് പത്ത് പന്ത്രണ്ട് വർഷമായി. ഞങ്ങൾ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ്. ഉമ്മ മരിച്ചപ്പോൾ മുസ്​ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം ഞങ്ങൾ മൂന്ന് ആൺകുട്ടികൾക്കും കിട്ടേണ്ടതിന്റെ പകുതി മാത്രമേ ഞങ്ങളുടെ സഹോദരിമാർക്ക് കൊടുക്കേണ്ടതുള്ളൂ. എന്നാൽ, പതിമൂന്ന് വർഷങ്ങൾക്കുമുമ്പ് ഞങ്ങൾ എടുത്ത തീരുമാനം, ഞങ്ങളുടെ സഹോദരിമാർക്കും തുല്യ സ്വത്ത്​ കൊടുക്കുക എന്നതാണ്.

മക്കളോടൊപ്പം ഷുക്കൂർ വക്കീൽ

പിന്നെയുള്ളൊരു ചോദ്യം, സ്വത്ത് ആദ്യമേ കുട്ടികളുടെ പേരിൽ എഴുതിവെച്ചുകൂടേ എന്നതാണ്. അത്​ കഴിയില്ല. നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയതും പാരമ്പര്യമായി കിട്ടിയതുമായ പ്രോപ്പർട്ടിയുടെ സമ്പൂർണ അവകാശം നമുക്ക് വേണം. നമുക്ക് സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കാൻ കഴിയുന്ന, നമ്മുടെ ബുദ്ധി വർക്ക് ചെയ്യുന്ന കാലംവരെ അതിന്റെ അവകാശിയും അധികാരിയും (Absolute right owner) നമ്മൾ തന്നെയായിരിക്കണം. അതാണ് സ്വത്തിന്റെ അടിസ്ഥാനം. എന്റെ കുട്ടികളുടെ പേരിൽ എഴുതിവെച്ചാൽ, അവർ മൈനറാണെങ്കിൽ, 18 വയസ്സ് ആകുന്നതുവരെ ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ കുട്ടികളുടെ പേരിൽ എഴുതിവെക്കുക എന്നത് പരിഹാരമല്ല. നമ്മൾക്ക് സമ്പൂർണ അവകാശമുണ്ടാവുക, നമ്മുടെ കാലശേഷം കുട്ടികൾക്ക് കിട്ടുകയും ചെയ്യുക എന്നതാണ് ആവശ്യം. ഇത്തരമൊരു വ്യവസ്​ഥ കൊണ്ട്​ ആരുടെ ഇടയിലും നമ്മുടെ പെൺമക്കൾ ചെറുതാകാൻ പാടില്ല. ഏതെങ്കിലും ഒരു ആവശ്യത്തിന്, വിദേശത്തോ മറ്റോ ഉള്ള എന്റെ സഹോദരന്റെ അടുത്തേക്ക് ഒരു ഒപ്പ് വാങ്ങാൻ പോകേണ്ട അവസ്ഥ എന്റെ കുട്ടികൾക്കുണ്ടാവാൻ പാടില്ല. എന്റെ തൊട്ടു താഴെയുള്ള സഹോദരന് ആൺമക്കളാണ്. എന്റെ മകൾക്ക് അവളുടെ കസിൻ ബ്രദറുടെ സ്വാതന്ത്ര്യം തനിക്കില്ലല്ലോ എന്ന തോന്നലുണ്ടാവരുത്. അത്തരം ഡിഗ്രേഡിങ്ങും ഹ്യൂമിലിയേഷനും നമ്മുടെ പെൺകുട്ടികൾക്ക് ഉണ്ടാവാൻ പാടില്ല. അവർ വിദ്യാഭ്യാസം ലഭിച്ചവരും തല ഉയർത്തി സംസാരിക്കാൻ കഴിയുന്നവരും അനീതിക്കെതിരെ പോരാടാൻ പ്രാപ്തി ഉള്ളവരുമായി മാറണം എന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

സ്വത്തവകാശവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ശരീഅത്ത് നിയമങ്ങൾ കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ടതല്ലേ? പ്രത്യേകിച്ചും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത പൂർണമായും പുരുഷന് എന്നതിൽ നിന്ന് സ്ത്രീക്കും കൂടി പങ്കാളിത്തമുള്ള കുടുംബാന്തരീക്ഷത്തിലേക്ക് നമ്മുടെ സമൂഹം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.

ശരീഅത്ത് നിയമങ്ങളിലെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാൽ, 1937 ൽ നിയമം വരുന്ന സമയത്ത് കൃത്യമായ ശരിഅ എന്താണെന്ന് ഡിസൈൻ ചെയ്തിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്തെ പ്രവി കൗൺസിൽ, സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള കോടതികളിലെ വ്യാഖ്യാനങ്ങൾ, Dinshah Fardunji Mulla എഴുതിയ "പ്രിൻസൽസ് ഓഫ് മുഹമ്മദൻ ലോ' (Principles of Mahomedan law) എന്ന പുസ്തകം അടിസ്ഥാനപ്പെടുത്തി നടത്തിയ വ്യാഖ്യാനങ്ങൾ എന്നിവയെ അടിസ്​ഥാനമാക്കിയുള്ളതാണ്​ ഇപ്പോഴുള്ള നിയമങ്ങൾ. അതിന്​ കൃത്യമായ ടെക്​സ്​റ്റ്​ ഇല്ല, ഒരു enactment ഉം ഇല്ല. പാർലമെൻറ്​ പാസാക്കിയ നിയമമില്ല. അതുപോലെ, ഒരുപാട് അപാകതകളുമുണ്ട്. ഓരോ ആൾക്കും തോന്നിയപോലെ ഓരോ ന്യായീകരണങ്ങളും വിശദീകരണങ്ങളുമാണ് വരുന്നത്.

സോഴ്‌സ് ഓഫ് ലോ എന്നത് നാല് കാറ്റഗറിയാണ്. ഒന്ന്, ഖുർആൻ, രണ്ട് പ്രവാചകന്റെ സുന്നത്ത് (പ്രവാചകൻ പറഞ്ഞ കാര്യങ്ങൾ), മൂന്ന് ഇജ്മാഅ് (പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ), നാല് ഖിയാസ് (ഗവേഷണം). അപ്പോൾ ഇത്തരം കാര്യങ്ങൾ എന്ന് പറയുന്നത് enactment അല്ല. അതുപോലെ, ഹനഫി ലോയും ശാഫി ലോയും രണ്ടാണ്. ശിയാ ലോയും സുന്നി ലോയും രണ്ടാണ്. മുസ്​ലിംകൾക്കിടയിൽ ശിയാക്കൾക്ക് ബാധകമായ നിയമങ്ങൾ സുന്നികൾക്ക് ബാധകമല്ല. എന്നാൽ പേരിൽ എല്ലാവരും മുസ്​ലിംകളാണുതാനും. സുന്നികളിൽ തന്നെ ശാഫി, ഹനഫി, ഹമ്പലി, മാലിക്കി എന്നിങ്ങനെ സ്‌കൂളുകൾ (മദ്ഹബുകൾ) ഫോളോ ചെയ്യുന്നവരുണ്ട്. ഇവരെല്ലാം പല കാര്യങ്ങളിലും വ്യത്യസ്​തരാണ്​. ഏകീകൃത നിയമമല്ല ഉള്ളത്.

അതുകൊണ്ടുതന്നെ 1937 നു ശേഷം വ്യക്തി നിയമവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മൂന്നു നിയമങ്ങൾ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. ഒന്ന്, 1939 ലെ മുസ്​ലിം സ്ത്രീകളുടെ വിവാഹമോചന അവകാശം. രണ്ടാമത്തേത്, 1986-ൽ രാജീവ് ഗാന്ധിയുടെ കാലത്ത് വന്ന മുസ്​ലിം സ്ത്രീ വിവാഹമോചന സംരക്ഷണ നിയമം, പിന്നെ, 2019-ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ഉണ്ടായ വിവാഹ സംരക്ഷണ നിയമം അഥവാ മുത്തലാഖ് നിയമം. അതായത് 1937 ൽ ഒരു ബേസിക് നിയമം ഉണ്ടെങ്കിലും 1939ലും 1956ലും 2019ലും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിർമ്മാണസഭയാണ്​ നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ അർത്ഥം സ്ത്രീകളുടെ അവകാശങ്ങൾക്ക് ഇനിയും നിയമങ്ങൾ ഉണ്ടാക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്നാണ്. ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക് മുസ്​ലിം വിദ്വേഷം അഥവാ ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ഒരു ടൂൾ ആയി ഇത്​ മാറാതിരിക്കാനും ശ്രദ്ധിക്കണം.

Comments