ഷുക്കൂർ - ഷീന വിവാഹം ; യുവർ ഓണർ, പഴയ ക്ലാസ്‌മുറിയിലേക്ക് തിരിച്ചു പോകൂ

മുമ്പ് ആചാരപരമായി കഴിച്ച വിവാഹം സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്ത് മാര്യേജ് രജിസ്‌ട്രേഷൻ ബുക്കിൽ ചേർക്കുന്ന തീയ്യതി തൊട്ട്, സെക്ഷൻ 4- പ്രകാരം നടക്കുന്ന വിവാഹത്തിന്റെ അതേ അവകാശങ്ങൾ ആചാരപരമായി മുന്നേ വിവാഹിതരായതിനുശേഷം വിവാഹം രജിസ്ട്രർ ചെയ്യുന്നവർക്കും വന്നു ചേരുന്നു എന്നാണ് സെക്ഷൻ 18 ൽ അസന്നിഗ്ധമായി പറയുന്നത്. അതുകൊണ്ട്​, ഷുക്കൂർ വക്കീലും ഡോ. ഷീനയും നടത്തിയ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്നതല്ല.

പെൺമക്കൾക്ക് അനന്തരാവകാശം പൂർണമായും ലഭിക്കുന്നതിന് ഷുക്കൂർ വക്കീലും ഡോ. ഷീനയും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത് വിവാദമായിരിക്കുകയാണ്. അവർ ഉദ്ദേശിച്ച കാര്യം ഇതിലൂടെ നടക്കില്ല എന്നാണ് ചില വലിയ അഭിഭാഷകർ വാദിക്കുന്നത്.

സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തവർക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവും മതം അനുശാസിക്കുന്ന ആചാരപ്രകാരം വിവാഹം ചെയ്തവർക്ക് മതം മുന്നോട്ടുവെക്കുന്ന ദായക്രമവും ആണ് പിന്തുടരേണ്ടത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സെക്ഷൻ 15 പ്രകാരം ഷുക്കൂർ വക്കീലും ഡോ. ഷീനയും നടത്തിയത് സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമല്ലെന്നും അത് നേരത്തേ നടത്തിയ ആചാരവിവാഹത്തിന്റെ കേവല രജിസ്‌ട്രേഷൻ മാത്രമാണ് എന്നും, എഫക്ട് ഓഫ് രജിസ്‌ട്രേഷൻ ഓഫ് മാര്യേജ് എന്ന തലവാചകം നൽകിയിട്ടുള്ള സെക്ഷൻ 18-ൽ നേരത്തെ ജനിച്ചിട്ടുള്ള കുട്ടികളുടെ കാര്യം പ്രതിപാദിച്ച്, മേൽക്കാര്യത്തിൽ ഈ വകുപ്പ് പ്രകാരമുള്ള ആചാരവിവാഹമായി കണക്കാക്കും എന്ന് പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട് എന്നുമാണ് ഒരു അഭിഭാഷകൻ പറയുന്നത്. സെക്ഷൻ 18ൽ രജിസ്‌ട്രേഷന്റെ അനന്തരഫലം എന്ന നിലയിൽ ദായക്രമം ബോധപൂർവ്വം ഉൾപ്പെടുത്തിയിട്ടില്ല എന്നും, സെക്ഷൻ 18-ന്റെ അനന്തരഫലത്തിൽ ദായക്രമം കൂടി ഉണ്ട് എന്നും സെക്ഷൻ 21 ബാധകമാണ് എന്നും പറയുന്നത് നിരർത്ഥകമാണ് എന്നും ഇദ്ദേഹം വാദിക്കുന്നു.

സെക്ഷൻ 18 ൽ എന്താണ് പറയുന്നത് എന്ന് നിയമത്തിൽ നിന്നു തന്നെ ഉദ്ധരിക്കാം: Section 18 Effect of Registration of Marriage under this chapter: - Subject to the provision contained in Sub Section (2) of Section 24, when a certificate of marriage has been finally entered in the Marriage certificate book under this chapter, The marriage shall, as from the date of such entry, be to be deemed as marriage solemnized under this act, and all children born after the date of the ceremony of marriage (Whose names shall also entered in the Marriage Certificate Book) shall in all respects be deemed to be and always to have been the legitimate children of their parents.

Provided that nothing Contained in this Section shall be construed as conferring up on any such children any such rights in or to the property of any Person other than their Parents in any case, where ,but for the passing of this act, such children would have been incapable of possessing or acquiring any Such rights by reason of their not being the legitimate children of their parents.

ഈ അഭിഭാഷകൻ സെക്ഷൻ 18 ൽ ഉണ്ട് എന്ന് പറഞ്ഞതിന് തീർത്തും വിരുദ്ധമായ കാര്യങ്ങളാണ് യഥാർഥത്തിൽ അതിൽ പറയുന്നത്. മുമ്പ് ആചാരപരമായി കഴിച്ച വിവാഹം സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്​റ്റർ ചെയ്ത് മാര്യേജ് രജിസ്‌ട്രേഷൻ ബുക്കിൽ ചേർക്കുന്ന തീയ്യതി തൊട്ട് സെക്ഷൻ 4- പ്രകാരം നടക്കുന്ന വിവാഹത്തിന്റെ അതേ അവകാശങ്ങൾ ആചാരപരമായി മുന്നേ വിവാഹിതരായതിനുശേഷം വിവാഹം രജിസ്​റ്റർ ചെയ്യുന്നവർക്കും വന്നു ചേരുന്നു എന്നാണ് സെക്ഷൻ 18 ൽ അസന്നിഗ്ധമായി പറയുന്നത്.

സ്‌പെഷൽ മാര്യേജ് ആക്ടിന്റെ രണ്ടാം അധ്യായം വിവാഹത്തിന്റെ അനന്തരഫലങ്ങൾ (Consequence of marriage) പ്രതിപാദിക്കുന്ന അധ്യായമാണെന്നും രജിസ്‌ട്രേഷൻ ഓഫ് മാര്യേജ് എന്നല്ല ആക്ട് പ്രകാരം പറഞ്ഞിരിക്കുന്നത് എന്നുമാണ് മറ്റൊരു വാദം. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം എന്തെന്ന് ആക്ടിന്റെ രണ്ടാം അധ്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. സെക്ഷൻ 21 ബാധകമാകുന്നത് രണ്ടാം അധ്യായത്തിലെ സെക്ഷൻ 4 പ്രകാരം വിവാഹം ചെയ്തവർക്കു മാത്രമാണ് എന്നും ഇവർ വാദിക്കുന്നു. സെക്ഷൻ 21 ന്റെ തലവാചകം Succession of properties married under this act എന്നാണെന്നും ഇവിടെ സെക്ഷൻ 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിന്റെ പേരിൽ സെക്ഷൻ 21 പ്രകാരമുള്ള ദായക്രമം ബാധകമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഇവർ വാദിക്കുന്നു. ചാപ്റ്റർ രണ്ടിന്റെ പേര് Solemnization of Special marriages എന്നാണ്. സെക്ഷൻ 18ന്റെ പേര് Effects of Registration of Marriages under this Chapterഎന്നാണ്.

ഇനി, ഈ വാദങ്ങളിലെ വസ്തുത പരിശോധിക്കണം. സ്‌പെഷ്യൽ മാര്യേജ് ആക്ടിന്റെ സെക്ഷൻ 18 എന്താണ് പറയുന്നത് എന്ന് നോക്കാം. സ്‌പെഷൽ മാര്യേജ് ആക്ട് സെക്ഷൻ 24 ന്റെ സബ്‌സെക്ഷൻ 2ന് വിധേയമായി എപ്പോഴാണോ അന്തിമമായി മാര്യേജ് സർട്ടിഫിക്കറ്റ് മാര്യേജ് സർട്ടിഫിക്കറ്റ് ബുക്കിൽ രേഖപ്പെടുത്തുന്നത്, ആ തീയതി തൊട്ട് ഈ വിവാഹം സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമായി സോളംനൈസ് ചെയ്യും എന്നാണ് അതിൽ പറയുന്നത്. സോളംനൈസേഷൻ അല്ല രജിസ്‌ട്രേഷൻ മാത്രമാണ് ഷുക്കൂർ വക്കീൽ നടത്തിയിട്ടുള്ളത് എന്ന് വാദിക്കുന്ന ആളുകൾ കഥയറിയാതെ ആട്ടം കാണുകയാണ്. സർട്ടിഫിക്കറ്റ് ബുക്കിൽ രേഖപ്പെടുത്തുന്ന തീയതി തൊട്ട് അതിന് സെക്ഷൻ 4 അനുസരിച്ചുള്ള സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ അതേ പ്രാബല്യം വരുന്നു. എന്നാണ് സെക്ഷൻ 18ൽ പറയുന്നത്.

അങ്ങനെ വരുമ്പോൾ സെക്ഷൻ 21 സക്‌സഷൻ ഓഫ് പ്രോപ്പർട്ടീസ് ഓഫ് പാർട്ടീസ് മാരീഡ് അണ്ടർ ദിസ് ആക്ട് പ്രകാരം സെക്ഷൻ നാലു പ്രകാരം വിവാഹിതരായ ആളുകൾക്ക് ലഭിക്കുന്ന ദായക്രമം സംബന്ധിച്ച ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ അവകാശങ്ങൾ സെപഷൽ മാര്യേജ് ആക്ട് സെക്ഷൻ 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത ആളുകൾക്കും ലഭിക്കും എന്നത്​വ്യക്തമാണ്.

Comments