പിന്നാക്ക സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങളെയും അവസരങ്ങളെയും ഇല്ലാതാക്കാൻ രണ്ടു തരത്തിലുള്ള ഘടനാപരമായ കൗശലങ്ങളാണ് ഇന്ത്യയിൽ പൊതുവെ പിന്തുടരുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളിൽ, പ്രത്യേകിച്ചും സംവരണം പോലുള്ളവയിൽ വെള്ളം ചേർക്കലാണ് ഒന്നാമത്തെ കൗശലം. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങളും അവസരങ്ങളും നിഷേധിക്കുക, നടപടിക്രമങ്ങൾ ദുരൂഹവും ദുർഗ്രഹവും ആക്കുക വഴി ഗുണഭോക്താക്കളുടെ മനം മടുപ്പിക്കുക, ജനറൽ കാറ്റഗറിയിൽ അവസരങ്ങൾ കിട്ടേണ്ടവരെ സംവരണ വിഭാഗത്തിലേക്ക് മാറ്റി വെക്കുക, സംവരണ ഒഴിവുകൾ നികത്താതിരിക്കുക തുടങ്ങി നാനാവിധം സൂത്രപ്പണികളാണ് ഇതിനു വേണ്ടി ചെയ്തുപോരാറുള്ളത്. ഇതിനു സമാന്തരമായി പിന്നാക്ക വിഭാഗങ്ങൾക്ക് മാത്രം അവകാശപ്പെട്ട സംവരണം ഉൾപ്പടെയുള്ള അവകാശങ്ങളിൽ പുറത്തുള്ളവരെ കൂടി പങ്കാളികൾ ആക്കലാണ് രണ്ടാമത്തെ കൗശലം. ഇതു രണ്ടും സാധിച്ചെടുക്കാൻ ആവശ്യമായ, പലതരത്തിലും തലത്തിലുമുള്ള മൂലധനങ്ങൾ സ്വമേധയാ തന്നെ ഉള്ളവരാണ് ഇന്ത്യയിലെ സംവരണ വിരുദ്ധ ലോബി. പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്താൻ ഈ വിഭാഗങ്ങൾ മേൽക്കോയ്മയുടെ ഭാഷയും നടപടികളും ആണ് സ്വീകരിച്ചതെങ്കിൽ, സംവരണത്തിന്റെ പരിധിക്കുള്ളിൽ കയറിപ്പറ്റാൻ അധസ്ഥിതാവസ്ഥയുടെ ഭാഷയാണ് ഉപയോഗപ്പെടുത്തിയത്. അങ്ങിനെ ഒരേ സമയം മേൽക്കോയ്മായുടെയും അധസ്ഥിതാവസ്ഥയുടെയും ഭാഷ ഉപയോഗിക്കാൻ ഇക്കൂട്ടർക്ക് കഴിയുന്നു.
ഇന്ത്യയിലെ മുസ്‌ലിം പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ചു പരിഹാരങ്ങൾ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് നിയമിച്ച, ജസ്റ്റിസ് രജീന്ദർ സച്ചാർ ചെയർമാനായ പ്രൈം മിനിസ്റ്റേഴ്‌സ് ഹൈ ലെവൽ കമ്മറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ സംഭവിച്ചതും മറ്റൊന്നല്ല. ജസ്റ്റിസ് രജീന്ദർ നിർദേശിച്ച പരിഹാര നിർദേശങ്ങളിൽ ചിലതൊക്കെ ചിലയിടങ്ങളിൽ നടപ്പിലാക്കിയെങ്കിലും, അതൊന്നും തന്നെ പ്രൈം മിനിസ്റ്റേഴ്‌സ് ഹൈ ലെവൽ കമ്മറ്റിയുടെ ടേംസ് ഓഫ് റഫറൻസിന്റെ അന്തസത്തയെ ഉൾകൊണ്ടുകൊണ്ടായിരുന്നില്ല. സച്ചാർ കമ്മീഷൻ നിർദേശത്തെ തുടർന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് ആദ്യമായി രൂപം കൊടുത്ത, ഗവേഷക വിദ്യാർഥികൾക്ക് വേണ്ടിയുള്ള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പിന്റെ കാര്യത്തിൽ തുടക്കത്തിൽ ഉണ്ടായ അനിശ്ചിതാവസ്ഥയും ഫെല്ലോഷിപ്പ് പങ്കിടുന്ന കാര്യത്തിൽ പിന്നീട് വരുത്തിയ മാറ്റങ്ങളും ഈ സന്ദിഗ്ധതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇന്ത്യയിലെ മുസ്‌ലിംകൾ അതിരൂക്ഷമായ അസമത്വം നേരിടുന്നുണ്ട് എന്ന കാര്യം വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു മുസ്‌ലിംകൾക്ക് അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ തുല്യാവസരാവകാശ കമ്മീഷനെ നിയമിക്കണം എന്നത്. പ്രൈം മിനിസ്റ്റേഴ്‌സ് ഹൈ ലെവൽ കമ്മറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള സ്ഥിരം സംവിധാനം എന്ന നിലക്കാണ് ജസ്റ്റിസ് സച്ചാർ തുല്യാവസരാവകാശ കമ്മീഷനെ വിഭാവനം ചെയ്തത്. അങ്ങിനെയൊരു കമ്മീഷന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ച് പഠിക്കാൻ മറ്റൊരു വിദഗ്ധ സമിതിയെ (പ്രൊഫ. എൻ.ആർ. മാധവ മേനോൻ ചെയർമാനും പ്രൊഫ. ജാവേദ് ആലം, പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പ്രൊഫ. യോഗേന്ദ്ര യാദവ്, പ്രൊഫ. ഗോപാൽ ഗുരു, ആർ. വെങ്കടരമണി, പ്രൊഫ. കല്പന കണ്ണാഭിരാൻ എന്നിവർ അംഗങ്ങളും) ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം 2007ൽ നിയമിക്കുകയും അവർ 2008 ഫെബ്രുവരിയിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
പക്ഷെ, ഈ റിപ്പോർട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് രണ്ടാം യു പി എ സർക്കാറിനുള്ളിൽ വലിയ അനിശ്ചിതത്വങ്ങൾ ഉടലെടുക്കുകയും രണ്ടാം യു പി എ യുടെ തുടക്കകാലത്തു (2010) തന്നെ ഒരു മന്ത്രിതല സമിതിയെ ഇക്കാര്യങ്ങൾ പഠിക്കാൻ നിശ്ചയിക്കുകയും ചെയ്തു. പക്ഷേ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ ബി. ജെ. പി അധികാരത്തിൽ എത്തിയ 2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു മാത്രമാണ് (ഫെബ്രുവരി മാസത്തിൽ) തുല്യാവസരാവകാശ കമ്മീഷനെ നിയമിക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകുന്നത്. അങ്ങിനെ ഒരു കമ്മീഷൻ ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുകയാണ് കാര്യങ്ങൾ നാല് വർഷത്തോളം വൈകിപ്പിക്കുക വഴി ഫലത്തിൽ സംഭവിച്ചത്. സച്ചാർ കമ്മറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നു എന്നു ഉറപ്പുവരുത്താനുള്ള മികച്ച അവസരം രണ്ടാം യു.പി. എ. സർക്കാർ നഷ്ടപ്പെടുത്തി. നിർഭാഗ്യകരം എന്നു പറയട്ടെ, ഒരുപക്ഷെ ഇന്ത്യയിലെ മുസ്‌ലിംകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥകളെ, അസമത്വങ്ങളെ, നീതി നിഷേധങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും വിധത്തിലുള്ള വ്യവസ്ഥാപിതമായ സംവിധാനം ഏർപ്പെടുത്താനുള്ള അവസാനത്തെ അവസരം യു.പി.എ. സർക്കാർ നഷ്ടപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെയും പദ്ധതി നടത്തിപ്പുകളുടെയും പൊതു സ്വഭാവം എന്താണെന്ന് മേൽ ഉദാഹരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയും. നിർലോഭമായ പദ്ധതികളും നിർദേശങ്ങളും ഒരുഭാഗത്ത് ഉണ്ടാവുക. മറുഭാഗത്ത് ഇവയൊന്നും നടക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തുന്ന വിധത്തിലുള്ള ഘടനാപരമായ ഉദാസീനത കൊണ്ടുനടക്കുക.
പ്രൈം മിനിസ്റ്റേഴ്‌സ് ഹൈ ലെവൽ കമ്മറ്റി സമർപ്പിച്ച നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായ നടപടിക്രമങ്ങളും മേൽ പരാമർശിച്ച പൊതു സ്വഭാവത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ല. മേൽ കമ്മറ്റിയുടെ നിർദേശങ്ങൾ കേരളത്തിൽ എങ്ങിനെ നടപ്പിലാക്കണം എന്നതിനെ കുറിച്ചു പഠിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി ചെയർമാനായ ഒരു സമിതിയെയാണ് കേരള സർക്കാർ നിയോഗിച്ചത്. മുസ്‌ലിം പിന്നാക്കാവസ്ഥ വിലയിരുത്തി നിർദേശങ്ങൾ സമർപ്പിക്കുക എന്നതായിരുന്നു അവരുടെ ഉത്തരവാദിത്വം. 2008 ൽ സമിതി, റിപ്പോർട്ടും സമർപ്പിച്ചു. ഖേദകരമെന്നു പറയട്ടെ, മുസ്‌ലിംകളുടെ സവിശേഷമായ പ്രശ്നങ്ങളെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കിയത് ന്യൂനപക്ഷ ക്ഷേമം എന്ന പേരിലാണ്.
എന്തുകൊണ്ട് മുസ്‌ലിംകളുടെ പ്രശ്നങ്ങൾ സവിശേഷമാകുന്നു എന്നു മനസ്സിലാക്കിയാലേ ഈ പേരിടലിലെയും വർഗ്ഗീകരണത്തിലെയും അപകടവും പഴുതുകളും പിടികിട്ടുകയുള്ളൂ.
കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങളിൽ കേരളത്തിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിൽ (ഒ.ബി.സി) വരുന്നവരാണ് മുസ്‌ലിംകൾ എന്നതാണ് ഒരു സവിശേഷത. അതായത് ഒരേ സമയം ന്യൂനപക്ഷാവസ്ഥയും പിന്നാക്കാവസ്ഥയും നേരിടുന്നവരാണ് മുസ്‌ലിംകൾ. ന്യൂനപക്ഷം എന്ന നിലയിലല്ല, മറിച്ച് സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ എന്ന നിലയിലാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഹൈ ലെവൽ കമ്മറ്റിയും പാലോളി സമിതിയും മുസ്‌ലിംകളെ പഠിച്ചത്. രണ്ടാമത്തേത്, പ്രൈം മിനിസ്റ്റേഴ്‌സ് ഹൈലെവൽ കമ്മറ്റിയോ, പാലോളി മുഹമ്മദ് കുട്ടി സമിതിയോ ഏതെങ്കിലും ക്ഷേമ പ്രവർത്തനനത്തെക്കുറിച്ചുള്ള (welfare measures) മാർഗ്ഗ നിർദേശങ്ങൾ നൽകാനല്ല നിയോഗിക്കപ്പെട്ടത്. മറിച്ച്, ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞ അന്യായങ്ങൾക്കുള്ള പരിഹാരക്രിയക ളും (remedial measures) അത്തരം ഒരവസ്ഥ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ നിർദ്ദേശിക്കാനും ആണ്. ന്യൂനപക്ഷ സമുദായങ്ങളിൽ ഇങ്ങിനെ സവിശേഷമായ പതിതാവസ്ഥ നേരിടുന്നത് മുസ്‌ലിംകൾ മാത്രമാണ്. ആ സവിശേഷാവസ്ഥയെ ഏതൊരാൾക്കും ബോധ്യപ്പെടുന്ന വസ്തുതകളുടെ പിൻബലത്തോടെ ശക്തമായി പുറത്തുകൊണ്ടുവന്നു എന്നതാണ് ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ ഏറ്റവും വലിയ സംഭാവന. പക്ഷെ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, പാലോളി സമിതിയുടേത് ഉൾപ്പടെ, ജസ്റ്റിസ് സച്ചാറിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ ആ സവിശേഷാവസ്ഥയെ മറച്ചു പിടിക്കുന്നതിലാണ് കലാശിച്ചത്. ഇതുപക്ഷേ ആകസ്മികമായി സംഭവിച്ച ഒരു മറച്ചുപിടിക്കൽ അല്ല. പ്രത്യുത, പദ്ധതികളുടെ രൂപകൽപനയുടെ പ്രധാന ഊന്നൽ തന്നെ ഈ മറച്ചു പിടിക്കൽ ആയിരുന്നു. പിന്നാക്ക ന്യൂനപക്ഷം എന്ന സൂക്ഷ്മാവസ്ഥയിലൂന്നി മുസ്‌ലിം പ്രശനങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം, ന്യൂനപക്ഷം എന്ന പൊതുവായ ഒറ്റ സംസർഗ്ഗത്തിലൂടെ മാത്രം അവയെ കണ്ടാൽ മതി എന്ന സ്ഥിതിയിലേക്ക് ഇതു കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചു. മുസ്‌ലിംകളുടെ ഈ സവിശേഷാവസ്ഥ പ്രധാനപ്പെട്ട ഒരു ഘടകമായി കേരളത്തിലെ ചർച്ചകളിലോ, നയപരിപാടികളിലോ പൊതുവെ വരാറുമില്ല എന്നതാണ് യാഥാർഥ്യം. കേരളത്തിലെ മുസ്‌ലിംകൾക്ക് അങ്ങിനെ ഒരു പിന്നാക്കാവസ്ഥ ഇല്ല എന്ന പൊതുബോധത്തിൽ നിന്നാണ് ആ അഭാവം ഊർജ്ജം കൈവരിക്കുന്നത്. മുസ്‌ലിം സംഘടനകളുടെ, പ്രത്യേകിച്ചും മുസ്‌ലിം ലീഗിന്റെ, പ്രധാന തുരുപ്പു ചീട്ടായ, കേരളത്തിലെ മുസ്‌ലിംകൾ വലിയ പുരോഗതി കൈവരിച്ചവരാണ് എന്ന കേരള മുസ്‌ലിം എക്‌സപ്ക്ഷണലിസ്റ്റ് വാദങ്ങൾക്കും ഈ പൊതുബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുണ്ട്.
പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതികൾ എങ്ങിനെ പ്രാഥമികമായ ലക്ഷ്യങ്ങളിൽ നിന്നും ഊന്നലുകളിൽ നിന്നും വഴുതിമാറിപ്പോകുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ. അഫർമേറ്റിവ് ആക്ഷൻസുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങൾക്ക് പ്രായോഗിക തലത്തിൽ എത്തുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ദളിത്/ആദിവാസി അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും വന്നിട്ടുണ്ട്. അതിനേക്കാൾ ശോചനീയമായ അവസ്ഥയാണ് മുസ്‌ലിംകളെ ലക്‌ഷ്യം വെച്ചുള്ള പോളിസികൾക്ക് ആക്ഷൻ തലത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത് എന്ന ഖേദകരമായ വസ്തുതയിലേക്കാണ് ഈ വിവാദങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. "ഞങ്ങളുടെ കണ്ടെത്തലുകളും ശിപാർശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകൾക്ക് അനുകൂലമായ മാറ്റം ഉണ്ടാക്കും' എന്ന പ്രതീക്ഷയോടെ സമർപ്പിക്കപ്പെട്ട ഒരു റിപ്പോർട്ടാണ് പാലോളി കമ്മറ്റിയുടേത്. ആ റിപ്പോർട്ടിന്റെ ഗുണഭോക്താക്കളിലേക്ക് 2011 ജനുവരിയിൽ ഇറങ്ങിയ ഉത്തരവിലൂടെയാണ് ആദ്യമായി മുസ്‌ലിമേതര വിഭാഗങ്ങളെ ഗുണഭോക്താക്കൾ ആയി കൂട്ടിച്ചേർക്കുന്നത്. അതോടെ മുസ്‌ലിംകൾക്കു വേണ്ടി മാത്രം ആരംഭിച്ച മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലെ പ്രവേശനത്തിന് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് 10 മുതൽ 20 ശതമാനം വരെ സീറ്റുകൾ നൽകി പങ്കുകാരാക്കി. കോച്ചിങ്ങ് സെന്റർ ഫോർ മുസ്‌ലിം യൂത്ത് പിന്നീട് കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി ആയി മാറി. 2011 ഫെബ്രുവരിയിലെ തന്നെ മറ്റൊരു ഉത്തരവിലൂടെ ബിരുദ/ബിരുദാനന്തര, പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന മുസ്‌ലിം വിദ്യാർഥിനികൾക്ക് നൽകി വരുന്ന സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവ ലത്തീൻ-പരിവർത്തിത ക്രിസ്ത്യാനി വിഭാഗത്തിലെ വിദ്യാർഥികൾക്കും ബാധകമാക്കി. 2015 ൽ മൂന്നു കോഴ്‌സുകളുടെ (CA, ICWA, CS) പഠനത്തിനു വേണ്ടി രൂപീകരിച്ച ഒരു സ്‌കോളർഷിപ്പ് പദ്ധതി ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവതരിപ്പിച്ചു. കൂടുതൽ ആളുകൾ തിരഞ്ഞെടുക്കാത്ത കോഴ്‌സുകൾ ആണ് ഇവയെന്ന് ആ ഓർഡറിൽ തന്നെ പറയുന്നുണ്ട്. മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്കും ഇടയിൽ 80 :20 എന്ന തോതിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യണം എന്ന അനുപാതം കൊണ്ടുവരുന്നത് ഈ ഓർഡറിലാണ്.
പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ഈ മൂന്ന് ഓർഡറുകളിലൂടെ സംഭവിച്ചത്. ഒന്ന്, പിന്നാക്ക ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകളിൽ നിന്നും പാലോളി കമ്മറ്റിയുടെ നിർദേശിച്ച പദ്ധതികളുടെ ഗുണഭോക്താക്കളായി ആദ്യം ലത്തീൻ-പരിവർത്തിത കൃസ്ത്യാനികളെയും പിന്നീട് ന്യൂനപക്ഷ വിഭാഗങ്ങളിലെ മറ്റു സമുദായക്കാരെയും കൂട്ടിച്ചേർത്തു. രണ്ടാമതായി, 100 ശതമാനവും മുസ്‌ലിംകൾക്കു വേണ്ടി മാത്രം ആസൂത്രണം ചെയ്ത പദ്ധതികളിൽ 80 : 20 എന്ന ദുരൂഹമായ അനുപാതം കൊണ്ടുവന്നു. മൂന്നാമതായി, പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ തുടങ്ങിയ ഈ കൂട്ടിച്ചേർക്കൽ പിന്നീട് മറ്റെല്ലാ പദ്ധതികളിലേക്കും വ്യാപിപ്പിച്ചു. ഈ കൂട്ടിചേർക്കലുകളെയെല്ലാം തന്നെ സ്വാഭാവികവത്കരിക്കുന്ന നീക്കങ്ങളാണ് പിന്നീട് നാം കാണുന്നത്. അതിന്റെ തുടർച്ചയാണ് മുസ്‌ലിംകൾക്ക് വേണ്ടി തുടങ്ങിയ പദ്ധതികൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി നൽകണമെന്ന ആവശ്യം. പാലോളി കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ടു വന്ന ഉത്തരുവുകളുടെ സഞ്ചാരപഥം പരിശോധിച്ചാൽ ഈ ദുരൂഹത കൂടുതൽ വ്യക്തമാകും.
മുസ്‌ലിംകൾക്ക് മാത്രമായി തുടങ്ങിയ ഒരു പദ്ധതിയിലേക്ക് പിന്നീട് ലത്തീൻ-പരിവർത്തിത ക്രിസ്ത്യാനി വിഭാഗങ്ങളെ കൂട്ടി ചേർക്കുകയും (2011) ആ കൂട്ടിച്ചേർക്കലിന് പിന്നീട് ഒരനുപാതവും (2015) തീരുമാനിക്കുകയായിരുന്നു എന്നതാണ് രസകരമായ കാര്യം. ഇതിൽ രണ്ടാമത്തേത് ആദ്യത്തേതിന് എതിരാണ്, അതിനാൽ 80:20 എന്ന അനുപാതം റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോഴത്തെ വിധിക്ക് കാരണമായ പൊതുതാത്പര്യ ഹരജി ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. മുസ്‌ലിംകൾക്കു വേണ്ടി മാത്രമായി തുടങ്ങിയ പദ്ധതിയിലേക്ക് മറ്റുള്ളവരെ കൂട്ടിച്ചേർത്ത തീരുമാനം ഒരു ഭാഗത്ത് മുസ്‌ലിംകളുടെ വിശാല മനസ്കതയായും, മറുഭാഗത്ത് മതേതരത്വത്തിന്റെ സ്വാഭാവികമായ ബാധ്യതയായും ആണ് അവതരിക്കപ്പെട്ടത്.
ഒരു വാദത്തിനു വേണ്ടി ഈ ഉത്തരവിനെ നാം അംഗീകരിക്കുന്നുവെന്നു തന്നെ കരുതുക. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെ മുസ്‌ലിം, ലത്തീൻ-പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമായി പങ്കുവെച്ചാൽ പോലും മുസ്‌ലിംകൾക്ക് എൺപതുശതമാനത്തിലും അധികം ലഭിക്കേണ്ടതുണ്ട് എന്നതാണ് യാഥാർഥ്യം. കേരളത്തിലെ മുസ്‌ലിം, ലത്തീൻ-പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചുള്ള സാമാന്യ ധാരണ മതി ഈ യാഥാർഥ്യത്തെ അംഗീകരിക്കാൻ. പക്ഷെ, ഈ അടിസ്ഥാന യാഥാർഥ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള, കേവലം പൊതുബോധത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് ഈ വിഷയത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നതാണ് ഖേദകരം. ഉദാഹരണത്തിന്, ക്രിസ്ത്യൻ ജനസംഖ്യയിൽ 16 ശതമാനം മാത്രം വരുന്ന ലത്തീൻ-പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ 20 ശതമാനം ബാധകമാകുന്നത്. ബാക്കി വരുന്ന 84 ശതമാനം മുന്നാക്ക ക്രിസ്ത്യനികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളേ അല്ല. പക്ഷെ മുസ്‌ലിംകളുടെ 80 ശതമാനത്തെ പൊലിപ്പിക്കാനും ലത്തീൻ-പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിനു നൽകി വരുന്ന 20 ശതമാനം തുലോം കുറവാണ് എന്നു വരുത്താനും അതുവഴി മുസ്‌ലിംകൾ അന്യായമായി പലതും നേടുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും വേണ്ടിയാണ് ഈ പദ്ധതികളുടെ ഭാഗമേ അല്ലാത്ത മുന്നാക്ക ക്രിസ്ത്യാനികളെ കൂടി ഈ അനുപാതത്തിന്റെ കണക്കിലേക്കു കൊണ്ടുവരുന്നത്. അതിന്റെ തുടർച്ചയായാണ് 80:20 നു പകരം 59 : 41 എന്ന അനുപാതമാണ് വേണ്ടത് എന്ന നിർദേശം മുന്നോട്ടു വെക്കുന്നതും. അതായത്, ലത്തീൻ-പരിവർത്തിത ക്രിസ്ത്യാനികളുടെ മറപറ്റിയാണ് മുന്നാക്ക ക്രിസ്ത്യാനികൾ കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കു പീഡനത്തെ കുറിച്ചുള്ള ഇല്ലാ കഥകൾ പറയുന്നത്. നിലവിലുള്ള 80 : 20 എന്ന അനുപാതം മാറുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തിനകത്ത് ഏറ്റവും അധികം അവസരങ്ങൾ നഷ്ടപ്പെടാൻ പോകുന്നതും പിന്നാക്കക്കാരായ ഈ ലത്തീൻ-പരിവർത്തിത ക്രിസ്ത്യാനികൾക്കായിരിക്കും. വ്യത്യസ്തമായ സമൂഹിക വിദ്യാഭ്യാസ സാമ്പത്തിക അനുഭവങ്ങൾ ഉള്ളവരെ ഒരുമിച്ചും ഒന്നായും പരിഗണിക്കുന്നത് നീതിയുക്തമല്ലാത്ത മത്സരങ്ങൾക്കായിരിക്കും വഴിയൊരുക്കുക. നീതിയുക്തമല്ലാത്ത അത്തരം മത്സരങ്ങൾ അവസാനിപ്പിക്കുക എന്നതാണ് സവിശേഷ ആനുകൂല്യങ്ങളും അവസരങ്ങളും നൽകുന്നതിന്റെ പൊതു താൽപര്യം തന്നെ.
ന്യൂനപക്ഷങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ മാനദണ്ഢം കേരളത്തിൽ മാറ്റുന്നു എന്ന അടിസ്ഥാന രഹിതമായ ആരോപണവും ഹരജി ഉന്നയിക്കുന്നുണ്ട്. ഹരജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിച്ച കോടതി, 2008, 2011, 2015 വർഷങ്ങളിലെ ഉത്തരവുകൾ റദ്ദാക്കുകയും, മെറിറ്റ് കം സ്‌കോളർഷിപ്പ് നോട്ടിഫൈ ചെയ്ത എല്ലാ ന്യൂനപക്ഷ സമുദായങ്ങൾക്കും ഇടയിൽ ഏറ്റവും പുതിയ ജനസംഖ്യാനിരക്കിന് ആനുപാതികമായി വിതരണം ചെയ്യുന്ന വിധത്തിൽ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായി പരിഗണിക്കണമെന്നും അവരെ സബ് ക്‌ളാസ്സിഫൈ ചെയ്യാൻ പാടില്ലെന്നും അത് അവസര സമത്വം ഇല്ലാതാക്കും എന്നുമാണ് കോടതി നിരീക്ഷിച്ചത്. നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്ട് 1992, സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്ട്, 2014 എന്നിവയിലെ വിവിധ വകുപ്പുകളും, ഭരണഘടനയുടെ 14, 15, 29 വകുപ്പുകളും ഉദ്ധരിച്ചാണ് കോടതി ഈ അനുമാനത്തിലേക്ക് എത്തിയത്. ഒപ്പം ഭരണഘടനയുടെ വിശാല ബഞ്ചിനു മുന്നിൽ പരിഗണനയിലുള്ള എസ്.സി, എസ്.ടി. വിഭാഗങ്ങൾക്കിടയിൽ സബ് ക്ലാസ്സിഫിക്കേഷൻ കൊണ്ടുവരുന്നത് സംബന്ധിച്ച 2005 ലെ ചിന്നയ്യ VS ആന്ധ്ര ഗവ. കേസിലെ പരാമർശങ്ങളും. ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായി പരിഗണിക്കണം എന്ന് പറയുമ്പോഴും തുല്യ നീതി ഉറപ്പുവരുത്താൻ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനം ഉറപ്പുവരുത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വവും കടമയും ഉണ്ടെന്നും വിധിയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ആവർത്തിക്കുന്നുണ്ട്. കോടതി തന്നെ ആവർത്തിച്ചുപറയുന്ന ഈ കാര്യത്തെ റദ്ദ് ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ വിധി.
അങ്ങിനെയെങ്കിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്നങ്ങളെ സവിശേഷമായി പഠിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ടതില്ല എന്നുകൂടിയാണോ ഈ വിധി പറഞ്ഞു വെക്കുന്നത്. അതോ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും ഒരേ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ നിലവാരത്തിൽ ആണ് എന്ന നിലപാടിൽ നിന്നാണോ ഇങ്ങിനെയൊരു തീർപ്പിലേക്ക് കോടതി എത്തുന്നത്? നമ്മുടെ സാമൂഹിക യാഥാർഥ്യങ്ങളുമായി ഇത്തരം നിരീക്ഷണങ്ങൾ ഒത്തുപോകുമോ? ക്രിസ്ത്യൻ സമൂഹത്തിലെ സിറിയൻ ക്രിസ്ത്യാനികളുടെയും ലത്തീൻ ക്രിസ്ത്യാനികളുടെയും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തികാനുഭവങ്ങൾ ഒരുപോലെ ഉള്ളതാണോ? ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്‌ലിംകളും ലത്തീൻ-പരിവർത്തിത ക്രിസ്ത്യാനികളും മറ്റു പിന്നാക്ക വിഭാഗങ്ങൾ കൂടിയാണ് എന്ന വസ്തുത ഈ വിധി പ്രഖ്യാപനത്തിൽ കോടതി പരിഗണിച്ചിട്ടില്ലേ? സമത്വം എന്ന പരികല്പനയെ തീർത്തും ഔപചാരികമായി മാത്രമാണോ (formal equality) ഈ വിധി സമീപിച്ചിരിക്കുന്നത്, അങ്ങിനെയെങ്കിൽ സന്തുലിത സമത്വം (substantive equality) എന്ന അടിസ്ഥാനപരമായ ആശയത്തെ എങ്ങിനെയാണ് നമുക്ക് ഉൾവഹിക്കാനാവുക? കേരളത്തിൽ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ മാത്രം പരിഹരിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനവും പദ്ധതികളും പരിവർത്തിത ക്രിസ്ത്യൻ വിഭാഗ വികസന കോർപ്പറേഷന്റേതാണ്. പുതിയ വിധിയുടെ പശ്ചാത്തലത്തിൽ എന്തായിരിക്കും ആ സ്ഥാപനത്തിന്റെ ഭാവി? മുസ്‌ലിംകളുടെ സവിശേഷ പ്രശ്നങ്ങളെ പഠിച്ച പാലോളി കമ്മറ്റിയുടെ സാധുതയെ തന്നെയല്ലേ ഈ വിധി റദ്ദ് ചെയ്യുന്നത്? ക്രിസ്ത്യൻ മത വിഭാഗത്തിന്റെ ആവശ്യങ്ങൾ പഠിക്കാൻ ജസ്റ്റിസ് കോശി കമ്മീഷനെ ഈ വർഷമാണ് കേരളം സർക്കാർ നിയമിച്ചത്. ആ കമ്മീഷന് ഇനി നിയമ സാധുത ഉണ്ടാകുമോ? ഇങ്ങിനെ ഒട്ടനവധി ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ ഇപ്പോഴത്തെ വിധി കാരണമാകും.
ന്യൂനപക്ഷ വിഭാഗങ്ങളെ ഉപവിഭാഗങ്ങളാക്കി തരംതിരിച്ച സർക്കാർ നടപടി നിയമപരമായി നിലനിൽക്കില്ലെന്നു പറയാൻ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നതുമായ ബന്ധപ്പെട്ട ചിന്നയ്യ കേസിലെ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവാണ് ഹൈക്കോടതി എടുത്തുദ്ധരിച്ചത്. സമാനമായ ഒരു കേസ് ഇപ്പോഴും ഇപ്പോൾ വിശാല ബഞ്ചിന്റെ പരിഗണനയിലാണ്. എന്നാൽ അവസര സമത്വവും തുല്യതയും ഉറപ്പുവരുത്താൻ സംവരണ സമുദായങ്ങളെ ഉപവിഭാഗങ്ങളാക്കി തിരിക്കണമെന്ന നിർദേശത്തെ ഇന്ദിരാ സാഹ്നി കേസിന്റെ വിധിയിൽ സുപ്രീം കോടതി തന്നെ പിന്തുണച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പിന്തുടരേണ്ട പൊതു തത്വമായി പരിഗണിച്ചു പോരുന്ന മാർഗ്ഗ നിർദ്ദേശം കൂടിയാണിത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയതിനു ശേഷം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ അവകാശങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തതിൽ വലിയ അസമത്വം ഉണ്ടായിട്ടുണ്ട് എന്നും, ചെറിയ ചില സമുദായങ്ങളിലേക്കു മാത്രമായി അവസരങ്ങൾ ഒതുങ്ങിപ്പോയിട്ടുണ്ട് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ്, ഇതേ കുറിച്ച് പഠിച്ച്, ഓ ബി സി യെ ഉപവിഭാഗങ്ങൾ ആക്കി തിരിക്കാൻ, കേന്ദ്ര സർക്കാർ 2017 ൽ ജസ്റ്റിസ് രോഹിണി കമ്മീഷനേ തന്നെ നിയമിച്ചത്. ഒരു സംവരണ വിഭാഗത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്നത് ശരിയല്ല എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരം ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഓ ബി സി വിഭാഗത്തെ ഓരോ സംസ്ഥാനങ്ങളിലും വെവ്വേറെ ഉപവിഭാഗങ്ങൾ ആക്കി തിരിക്കണം എന്നതാണ് രോഹിണി കമ്മീഷന് മുന്നിലുള്ള ഒരു പ്രധാന നിർദേശം തന്നെ. അതായത് വിശാലവും മൗലികവുമായ സാമൂഹിക നീതി ഉറപ്പുവരുത്താൻ ഓരോ വിഭാഗങ്ങളിലും കൂടുതൽ ഉപവിഭാഗങ്ങളെ കണ്ടെത്തലാണ് പോംവഴി. ജസ്റ്റിസ് രോഹിണി കമ്മീഷൻ താമസിയാതെ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.
അതേ സമയം, ന്യൂനപക്ഷ - പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ സവിശേഷമായ പ്രശ്നങ്ങളെ എങ്ങനെ ഉന്നയിക്കണം എന്നതിനെക്കുറിച്ച് ചില പുനരാലോചനകൾ നടത്താൻ ഈ വിധി കേരളത്തിലെ മുസ്‌ലിം സമൂഹത്തെയും പ്രേരിപ്പിക്കേണ്ടതുണ്ട്. അങ്ങിനെയൊരു രാഷ്ട്രീയ ഭാഷ രൂപപ്പെടുത്താനുള്ള വിഭവങ്ങൾ ആർജ്ജിച്ചെടുക്കാനും ഫലപ്രദമായി ഉപയോഗിക്കാനും ഈ സമുദായം ഇനിയും പഠിക്കേണ്ടതുണ്ട്. ഒരു ബഹുസ്വര സമൂഹത്തിൽ സാംസ്കാരികാവകാശ വാദങ്ങൾക്കാണോ, പൗരാവകാശ വാദങ്ങൾക്കാണോ പ്രാമുഖ്യം നൽകേണ്ടത് എന്നതിനെക്കുറിച്ചുള്ള മുൻഗണനകൾ രൂപപ്പെടുത്തിയെങ്കിൽ മാത്രമേ, അത്തരം വിശാലമായ താല്പര്യങ്ങളെ ഈ സമുദായത്തിന് ഉയർത്തിപ്പിടിക്കാൻ കഴിയൂ. അതിനാദ്യം വേണ്ടത്, മുസ്‌ലിം എന്നത് അടിസ്ഥാനപരമായി, ദൈവശാസ്ത്രപരമായ ഒരു സംജ്ഞ ആയിരിക്കുമ്പോൾ തന്നെ മാപ്പിള എന്ന അവസ്ഥയെ മലയാളിയായ ഒരു മുസ്‌ലിമിന്റെ പൗരാവകാശവുമായി ബന്ധപ്പെട്ട സംജ്ഞയാക്കി ഉയർത്തിക്കൊണ്ടുവരികയാണ്. അത്തരമൊരു ഉയർത്തിക്കൊണ്ടുവരൽ സാധ്യമാകണമെങ്കിൽ എന്തായിരിക്കണം മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഭവവും ഭാവവും എന്നതിനെ ചുറ്റിപ്പറ്റി ഗൗരവതരമായ ആലോചനകൾ ഉണ്ടാകണം. മറുഭാഗത്ത്, ന്യൂനപക്ഷ- പിന്നാക്ക സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങളെ സവിശേഷമായി അഭിമുഖീകരിച്ച ദീർഘകാല അനുഭവവം ഉള്ള കേരളം, പ്രത്യേകിച്ചും ഇടതുപക്ഷം പുതിയ സംഭവ വികാസങ്ങളോട് എന്തു നിലപാട് സ്വീകരിക്കുന്നു എന്നതും പ്രധാനമാണ്. ആ അർഥത്തിൽ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ എങ്ങിനെ അഭിമുഖീകരിക്കണം എന്നതിന് വ്യക്തമായ ഒരു കേരളീയ മാതൃക തന്നെ രൂപപ്പെടുത്താനുള്ള അവസരമാണ് ഇടതുപക്ഷത്തിനും കൈവന്നിരിക്കുന്നത്. മുസ്‌ലിം ലീഗിന് ഉൾപ്പടെ ഇല്ലാതെ പോയ, മുസ്‌ലിം സാമൂഹികാനുഭവങ്ങളെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ടാകുമോ എന്നതാണ് ആ മാതൃകയുടെ കാതൽ. കേരളത്തിൽ രൂപപ്പെട്ടുവരുന്ന സവിശേഷമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിൽ മുസ്‌ലിം പൗരനെ ഇടതുപക്ഷവും തിരിച്ചും എങ്ങിനെയാണ്, എവിടെയാണ് സ്ഥാനം നിർണ്ണയിക്കാൻ പോകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരിക്കും അത്. മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാൻ ഒരു ഹൈപവർ സമിതിയെ നിയമിക്കാൻ തീരുമാനിച്ച കോൺഗ്രസ്, ആ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാകുന്നുണ്ട് എന്നുറപ്പ് വരുത്താൻ എന്തു ചെയ്യുന്നു എന്നറിയാനുള്ള അവസരവും കൂടിയാണിത്.