കേരളത്തിലെ എയ്ഡഡ് കോളജുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലെ പട്ടിക ജാതി, പട്ടിക വർഗ സംവരണം സംബന്ധിച്ച കേസ് ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞു. 2010- ൽ ആരംഭിച്ച കേസ് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതിയിലെത്തിയിരിക്കുകയാണ്.
നിയമനത്തിൽ സംവരണം വേണമെന്നാവശ്യപ്പെട്ട് എസ് സി / എസ് ടി വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംവരണം പാലിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും നായർ സർവീസ് സൊസൈറ്റിയുടെയും എസ്.എൻ ട്രസ്റ്റിന്റെയും എതിർവാദത്തെ തുടർന്ന് ഈ സംവരണ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.
2010- ൽ ആരംഭിച്ച അർഹമായ സംവരണത്തിനു വേണ്ടിയുള്ള പോരാട്ടം അന്തിമ വിധിയിലേക്ക് അടുത്തിരിക്കുകയാണ്. സുപ്രീം കോടതി കേസ് ഫയലിൽ സ്വീകരിച്ചതോടെ വൈകാതെ വിചാരണ ആരംഭിക്കുകയും അർഹമായ സംവരണം ലഭിക്കുകയും ചെയ്യുമെന്ന് തന്നെയാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്.
സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന, സംസ്ഥാന ബജറ്റിന്റെ 30 ശതമാനത്തോളം നീക്കിവെക്കുന്ന എയ്ഡഡ് മേഖലയിലാണ് ഇപ്പോഴും സംവരണം തീർപ്പാക്കാനാവാതെ കോടതി വിധി കാത്തുനിൽക്കുന്നത്. കണക്ക് പരിശോധിക്കുകയാണെങ്കിൽ 2023 - 24 ൽ മാത്രം 1,39,993 പേരാണ് എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്നത്. 11,622 കോടി രൂപയാണ് ഇത്രയും പേരുടെ ശമ്പള ഇനത്തിൽ മാത്രം സർക്കാർ ചെലവാക്കുന്നത്. ശമ്പളത്തിനും പെൻഷനും പുറമെ വാർഷിക ഗ്രാന്റ്, ലൈബ്രറി ഗ്രാന്റ്, ലാബുകൾക്കുള്ള ഗ്രാന്റ്, എം.എൽ.എ ഫണ്ട്, സർക്കാർ പ്രത്യേക ഘട്ടങ്ങളിൽ നൽകുന്ന ഫണ്ട് തുടങ്ങിയവയെല്ലാം എയ്ഡഡ് സ്ഥാപനങ്ങൾക്ക് ലഭിക്കുന്നുമുണ്ട്.
കേരളത്തിലെ പ്രബല സമുദായങ്ങൾ നടത്തുന്ന ഇത്തരം എയ്ഡഡ് സ്ഥാപനങ്ങൾ കോഴ വാങ്ങി അതാത് സമുദായത്തിലുള്ളവരെ തന്നെ നിയമിക്കുകയും ഇതുമൂലം പട്ടിക ജാതി പട്ടിക വർഗ ഉദ്യോഗാർഥികൾ പുറത്താവുകയും ചെയ്യുന്നു.
1997- ൽ കേരളത്തിലെ കോളജുകളിൽ നിന്ന് പ്രീ-ഡിഗ്രി നീക്കം ചെയ്തപ്പോൾ ഒഴിവുവന്ന 1599 അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിന് 2010 ഓഗസ്റ്റിൽ അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ അനുവാദം നൽകിയതോടെയാണ് എയ്ഡഡ് മേഖലയിൽ സംവരണം ആവശ്യപ്പെട്ടുള്ള കേസിന്റെ ആരംഭം. ന്യൂനപക്ഷേതര എയ്ഡഡ് കോളേജുകളിൽ അധ്യാപക അനധ്യാപക നിയമനങ്ങൾ നടത്തുമ്പോൾ എസ്.സി- എസ്.ടി സംവരണം പാലിക്കണമെന്ന 2005 മുതൽ നിലവിലുള്ള യു ജി സി ഉത്തരവ് പാലിക്കാതെയായിരുന്നു 2010- ലെ നിയമന ഉത്തരവ്. ഇത് ചോദ്യം ചെയ്ത് എം.ഫിൽ, പി.എച്ച്.ഡി, ജെ.ആർ.എഫ്, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന, സംസ്ഥാന ബജറ്റിന്റെ 30 ശതമാനത്തോളം നീക്കിവെക്കുന്ന എയ്ഡഡ് മേഖലയിലാണ് ഇപ്പോഴും സംവരണം തീർപ്പാക്കാനാവാതെ കോടതി വിധി കാത്തുനിൽക്കുന്നത്.
എയ്ഡഡ് കോളജ് അധ്യാപക നിയമനത്തിലേക്കുള്ള 1599 ഒഴിവുകളിലേക്ക് സർക്കാർ ഇറക്കിയ ഉത്തരിൽ യു.ജി.സി മാനദണ്ഡം പാലിക്കാത്തതിനാൽ ഉത്തരവ് പിൻവലിക്കുകയും യു.ജി.സി മാനദണ്ഡപ്രകാരം sc/st സംവരണം ഉൾപ്പെടുത്തി റീ നോട്ടിഫിക്കേഷൻ പുറത്തിറക്കുകയും ഇത് പാലിക്കാത്ത കോളജുകൾക്ക് സർക്കാർ നൽകിവരുന്ന ധനസഹായം നിർത്തലാക്കാനുള്ള നടപടികളിൽ തീർപ്പ് കൽപ്പിക്കുകയും വേണമെന്നായിരുന്നു കേസിലെ പ്രധാന വാദങ്ങൾ. കേസിന്റെ ന്യായം കോടതിക്ക് ബോധ്യപ്പെടുകയും ഇടക്കാല വിധി പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും എയ്ഡഡ് സ്ഥാപനങ്ങൾ കേസ് നടക്കുമ്പോൾ തന്നെ സംവരണം പാലിക്കാതെ മുഴുവൻ നിയമനങ്ങളും നടത്തുകയുണ്ടായി.
2010 - 11 അധ്യായന വർഷത്തെ കണക്കുകളിൽ മാത്രം പട്ടിക ജാതി പട്ടിക വർഗ ഉദ്യോഗാർഥികളോടുള്ള കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടുത്ത അവഗണന ബോധ്യപ്പെടും. ആകെയുള്ള 1,12,127 എയ്ഡഡ് അധ്യാപകരിൽ 361 പട്ടികജാതി അധ്യാപകരും 97 പട്ടിക വർഗ അധ്യാപകരുമടക്കം 458 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. അതായത് 0.40 ശതമാനം മാത്രമാണ് 2010 - 11 അധ്യായന വർഷത്തെ എസ്.സി / എസ്.ടി അധ്യാപക പ്രാതിനിധ്യം.
എയ്ഡഡ് കോളജുകളുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ, യു.ജി.സി ചട്ടം കാറ്റിൽ പറത്തിയുള്ള കടുത്ത അനീതിയുടെ ചിത്രം വ്യക്തമാകും. 2010 - 11 അധ്യായന വർഷം 7199 അധ്യാപകരുള്ള എയ്ഡഡ് കോളജുകളിൽ എസ്.സി വിഭാഗത്തിൽ നിന്ന് ആകെ പത്ത് പേരും എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാളും മാത്രമാണ് ജോലി ചെയ്യുന്നത്. അതായത് 0.15 ശതമാനം മാത്രമാണ് ആ വർഷത്തെ എസ്.സി, എസ്.ടി അധ്യാപക പ്രാതിനിധ്യം.
എയ്ഡഡ് കോളജുകളുടെ കണക്കുകൾ മാത്രം പരിശോധിച്ചാൽ, യു.ജി.സി ചട്ടം കാറ്റിൽ പറത്തിയുള്ള കടുത്ത അനീതിയുടെ ചിത്രം വ്യക്തമാകും. 2010 - 11 അധ്യായന വർഷം 7199 അധ്യാപകരുള്ള എയ്ഡഡ് കോളജുകളിൽ എസ്.സി വിഭാഗത്തിൽ നിന്ന് ആകെ പത്ത് പേരും എസ്.ടി വിഭാഗത്തിൽ നിന്ന് ഒരാളും മാത്രമാണ് ജോലി ചെയ്യുന്നത്.
വലിയ തരത്തിലുള്ള അസമത്വം നിലനിൽക്കുന്ന എയ്ഡഡ് മേഖലയിൽ സംവരണം സംബന്ധിച്ച കേസ് 2010- ൽ ഹൈക്കോടതിയിലെത്തിയിരുന്നെങ്കിലും, അഞ്ചു വർഷത്തിനും ശേഷം 2015- ലാണ് ഇടക്കാലവിധി വന്നത്. തുടർന്ന് 2015 മുതൽ 2017 വരെ എൻ.എസ്.എസ് ന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അപ്പീലിൽ വാദം കേട്ട ഹൈക്കോടതി 2017 ഡിസംബർ 21 ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യു.ജി.സി റെഗുലേഷൻ നടപ്പാക്കാനാവില്ലെന്നാണ് വിധിച്ചത്. എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളാണെന്നും അതിനാൽ സംവരണം ബാധകമല്ലെന്നുമായിരുന്നു കേസിലെ പ്രധാന എതിർ കക്ഷിയായ എൻ.എസ്.എസ് വാദിച്ചത്. ഇതിനെതിരെ സർക്കാർ കൗണ്ടർ അഫിഡവിറ്റ് നൽകാൻ വൈകിയതാണ് കേസ് ഇത്രയും നീളാൻ കാരണമായതെന്നും പ്രതികൂല വിധിയുണ്ടായതെന്നും ഉദ്യോഗാർഥികൾ അന്ന് തന്നെ ആരോപിച്ചിരുന്നു.
എയ്ഡഡ് കോളജുകളിൽ യു.ജി.സി ഉത്തരവ് പ്രകാരം സംവരണം നടപ്പാക്കണമെന്ന ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് എയ്ഡഡ് കോളജുകൾ സ്വകാര്യ സ്ഥാപനങ്ങളാണെന്ന എൻ.എസ്.എസ്, എസ്.എൻ ട്രസ്റ്റ് എന്നിവരുടെ എതിർ വാദത്തെ തുടർന്ന് ഡിവിഷൻ ബെഞ്ച് തള്ളിയത്. മാനേജ്‌മെന്റുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇങ്ങനെയൊരു വിധി ഉണ്ടാവാൻ കാരണമായതെന്ന് എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഒ.പി. രവീന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“2010 ലാണ് പട്ടികജാതി പട്ടികവർഗ സംവരണം എയ്ഡഡ് മേഖലയിൽ നടപ്പിലാക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചത്. അതിനെതിരെ എൻ.എസ്.എസ്, എസ്.എൻ ട്രസ്റ്റുമാണ് ഇതിനെതി അപ്പീലിനു പോയത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളാണെന്ന വാദമാണ് അവർ ഉന്നയിച്ചത്. ശമ്പളം നൽകുന്നത് സർക്കാരാണെങ്കിലും എയ്ഡഡ് മാനേജ്‌മെന്റും സർക്കാരും തമ്മിൽ തയ്യാറാക്കിയ ഡയറക്ട് പെയ്‌മെന്റ് എഗ്രിമെന്റിന്റെ ഭാഗമായാണ് സർക്കാർ ശമ്പളം നൽകുന്നതെന്നും അവർ വാദിച്ചത്. അതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കാൻ സർക്കാരിന് അവകാശമെന്നും എൻ.എസ്.എസും, എസ്.എൻ ട്രസ്റ്റും വാദിച്ചു. സർക്കാർ ഈ കാര്യത്തിൽ കൗണ്ടർ അഫിഡവിറ്റ് നൽകിയിരുന്നില്ല. മാനേജ്‌മെന്റുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് അന്ന് സർക്കാർ സ്വീകരിച്ചത്. 2017- ലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദ് ചെയ്യുന്നത്.
എയ്ഡഡ് മേഖല സ്വകാര്യ സ്ഥാപനമാണെന്ന വാദം ഉൾകൊണ്ടാണ് ഈ വിധി ഉണ്ടാകുന്നത്. എന്നാൽ എയ്ഡഡ് മേഖലയിൽ സർക്കാരിന് സംവരണം നടപ്പാക്കാൻ കഴിയില്ലെന്ന വിധി വരുന്നതിന്റെ മുമ്പ് 2016- ൽ കേരളത്തിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ഭിന്നശേഷി സംവരണം നടപ്പാക്കിയിട്ടുണ്ട്. ഇത് സമ്മതിക്കാതിരിക്കാനാണ് സർക്കാർ കോടതിയിൽ കൗണ്ടർ അഫിഡവിറ്റ് നൽകാതിരുന്നത്. അതെസമയം കൗണ്ടർ അഫിഡവിറ്റ് നൽകാതെ സർക്കാർ നേരിട്ട് സുപ്രീംകോടതിൽ എസ്.എൽ.പി ഫയൽ ചെയ്യുകയാണ് ചെയ്തത്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കണമെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. 2010 ലെ വിധി നടപ്പാക്കാൻ സംസ്ഥാനം തയ്യാറാണെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചത്. ഇങ്ങനെയൊരു ഇരട്ടത്താപ്പ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.” - ഒ.പി രവീന്ദ്രൻ പറയുന്നു.
2017- ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ ഒമ്പതാം പേജിൽ No counter affidevit was filed on behalf of the state എന്ന് പ്രത്യേകം രേഖപ്പെടുത്തിയതായി കാണാം. അതായത് മാനേജ്‌മെന്റുകളെയും അവരുടെ തലപ്പത്തുള്ള സമുദായ സംഘടനകളെയും പിണക്കാനോ അവർക്കെതിരെ നിലപാടെടുക്കാനോ സർക്കാരിന് കഴിയാതിരുന്നത് കൊണ്ടാണ് 2016- ൽ എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം നടപ്പാക്കിയതടക്കമുള്ള വസ്തുതകൾ കോടതിയിൽ നിന്ന് സംസ്ഥാന സർക്കാർ മറച്ചുവെച്ചത്.
എയ്ഡഡ് സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളാണെന്നും അതിനാൽ സംവരണം ബാധകമല്ലെന്നുമായിരുന്നു കേസിലെ പ്രധാന എതിർ കക്ഷിയായ എൻ.എസ്.എസ് വാദിച്ചത്. ഇതിനെതിരെ സർക്കാർ കൗണ്ടർ അഫിഡവിറ്റ് നൽകാൻ വൈകിയതാണ് കേസ് ഇത്രയും നീളാൻ കാരണമായതെന്നും പ്രതികൂല വിധിയുണ്ടായതെന്നും ഉദ്യോഗാർഥികൾ അന്ന് തന്നെ ആരോപിച്ചിരുന്നു.
ഏറ്റവുമൊടുവിൽ, ഇപ്പോൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടക്കുന്ന സംവരണം സംബന്ധിച്ച കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ സുനിതാ കുമാരി ടി.കെ, ഡോ. കെ. കെ. ജയസൂര്യൻ എന്നിവർ കക്ഷിചേർന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടൊപ്പം കേരള സർക്കാരിന്റേതടക്കമുള്ള എല്ലാ കേസുകളും ഒരുമിച്ച് സുപ്രീം കോടതി പരിഗണിക്കുകയും ഈ വാദങ്ങളിലെ ന്യായം കണ്ടെത്തിയ സുപ്രീം കോടതി കേസ് വിചാരണക്കായി ഫയലിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന അനീതിക്കെതിരെയുള്ള പോരാട്ടങ്ങളുടെ സുപ്രധാന ഘട്ടമാണിതെന്ന് ഒ.പി. രവീന്ദ്രൻ പറഞ്ഞു:
“സർക്കാർ എയ്ഡഡ് മാനേജുമെന്റുകളെ പിന്തുണച്ചതുകൊണ്ട് കൂടിയാണ് കേസ് ഇത്ര നീണ്ടുപോയത്. പ്രത്യക്ഷത്തിൽ സർക്കാർ ഒന്നും ചെയ്യില്ലെന്ന് മാനേജ്‌മെന്റുകളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. ഏതായാലും രണ്ട് മാസത്തിനുള്ളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവരണ വിഷയമായതുകൊണ്ടു തന്നെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് പോകാൻ സാധ്യതയുണ്ട്. ഇത്രയും കാലമായിട്ടും എയ്ഡഡ് മേഖലയിൽ എസ്.സി.എസ്.ടി സംവരണം നടക്കാത്തത് അനീതിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇപ്പോൾ സുപ്രീംകോടതി കേസ് കേൾക്കാൻ തയ്യാറായത്. ദീർഘകാലമായി നിലനിൽക്കുന്ന ഈ അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ സുപ്രധാനഘട്ടമാണിത്.” - ഒ.പി രവീന്ദ്രൻ പറയുന്നു.
ആദിവാസി, ദലിത് മറ്റ് പിന്നാക്ക വിഭാഗങ്ങളെ പുറത്തുനിർത്തി പൊതു ഖജനാവിന്റെ നല്ലൊരു ശതമാനം കൈക്കലാക്കുന്ന, അതോടൊപ്പം നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴയും വാങ്ങുന്ന എയ്ഡഡ് മനേജ്‌മെന്റുകൾ കാലങ്ങളായി നടത്തിവരുന്ന കടുത്ത അനീതിക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ കരുതുന്നത്. നാളിത് വരെയായി തങ്ങൾക്കിഷ്ടമുള്ളവരെ മാത്രം അധ്യാപകരായും അനധ്യാപകരായും നിയമിക്കുന്ന എയ്ഡഡ് മാനേജ്‌മെന്റിന്റെ സമീപനത്തിനെതിരെ 2010 മുതൽ ആരംഭിച്ച പോരാട്ടത്തെ സുപ്രീം കോടതി പരിഗണച്ചതിന്റെയും തങ്ങളുടെ വാദം ന്യായമാണെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിന്റെയും സന്തോഷത്തിലാണ് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതിയും കേരളത്തിലെ പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിലുള്ള ഉദ്യോഗാർഥികളും.