മോദി സർക്കാറിനെപ്പോലെ നീതിപീഠവും ഉത്തരവിടുന്നു; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

മാധ്യമങ്ങളെ, സാമൂഹ്യ- മനുഷ്യാവകാശ പ്രവർത്തകരെ നിശ്ശബ്ദരാക്കുക എന്നത് മറച്ചുവെക്കാത്ത അജണ്ടയായാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ആത്യന്തികമായി നരേന്ദ്രമോദി സർക്കാരും ഏതൊരു സമഗ്രാധിപത്യ ഭരണകൂടവും ചോദിക്കുന്ന ചോദ്യമാണ് സുപ്രീംകോടതിയും ചോദിച്ചത്; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?.

2002 ലെ ഗുജറാത്ത്​ വംശഹത്യയിലാണ്​, കോൺഗ്രസ് നേതാവും മുൻ എം. പിയുമായ ഇഹ്സാൻ ജാഫ്രിയും കൊല്ലപ്പെട്ടത്. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല എന്നറിയപ്പെടുന്ന, ജാഫ്രി കൊല്ലപ്പെട്ട സംഭവത്തിൽ ഗുൽബർഗ് സൊസൈറ്റി പാർപ്പിട സമുച്ചയത്തിന് തീവെച്ച അക്രമികൾ 66 മനുഷ്യരെയാണ് 2002 ഫെബ്രുവരി 28-ന്​ കൊന്നൊടുക്കിയത്. ഗുജറാത്തിലെങ്ങും ആ ദിവസങ്ങളിൽ നൂറുകണക്കിന് മുസ്​ലിംകൾ കൊല്ലപ്പെട്ടു, മുസ്​ലിം സ്ത്രീകൾ കൂട്ട റേപ്പിനിരയായി, കുട്ടികളും സ്ത്രീകളുമടക്കം നിരവധിപേർ അതിഭീകരമായ പീഡനങ്ങൾക്ക് വിധേയരായി, മുസ്​ലിംകളുടെ വീടുകളും വ്യാപാരസ്ഥാപങ്ങളും വ്യാപകമായി കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. ‘മോദി എന്തുചെയ്യുകയായിരുന്നു, ബി.ജെ.പി സർക്കാർ എന്തുചെയ്യുകയായിരുന്നു ആ ദിവസങ്ങളിൽ’ എന്ന ചോദ്യം നിരന്തരം ഉയർത്തിയതിനാണ് ഇപ്പോൾ സുപ്രീംകോടതി ടീസ്റ്റ സെറ്റൽവാദ് എന്ന മനുഷ്യാവകാശ പ്രവർത്തകക്കും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനും നിലവിൽ മറ്റൊരു കേസിൽ തടവിലടച്ച ഐ.പി.എസ്​ ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ടിനും എതിരെ കുറ്റം ചാർത്താൻ സർക്കാരിനോടാവശ്യപ്പെട്ടത്.

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല കേസിൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക അന്വേഷണസംഘം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ കുറ്റക്കാരല്ലെന്ന് കാണിച്ചു നൽകിയ റിപ്പോർട്ട്​സ്വീകാര്യമല്ലെന്നും കാണിച്ച് ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സകിയ ജഫ്രി നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതി പരാതിക്കാർക്കെതിരെ നടപടിയെടുക്കാൻ അസാധാരണ വിധി പുറപ്പെടുവിച്ചത്.

19 ഗുൽബർഗ് സൊസൈറ്റിക്ക് മുന്നിൽ ഇഹ്‌സാൻ ജഫ്രിയും സകിയ ജാഫ്രിയും / Photo: Nishrin Jafri Hussain, Fb

രണ്ടുതരത്തിൽ വലിയ സന്ദേഹങ്ങളുയർത്തുന്നുണ്ട് ഈ വിധിന്യായം.
ഒന്ന്, വസ്തുതാപരമായി നടക്കേണ്ട അന്വേഷണത്തിൽ ഭരണകൂടത്തിനനുകൂലമായി പ്രത്യേക അന്വേഷണ സംഘം നിലപാടെടുത്തു എന്ന ആരോപണം ഖണ്ഡിക്കാൻ 452 പുറങ്ങളുള്ള ഈ വിധിന്യായത്തിനു കഴിഞ്ഞിട്ടില്ല. ഗുജറാത്ത് സർക്കാരും പ്രത്യേക അന്വേഷണ സംഘവും നൽകിയ വാദമുഖങ്ങളപ്പാടെ സ്വീകരിച്ച്​ പൊതുമണ്ഡലത്തിലുള്ള, ആർക്കും നിഷേധിക്കാനാകാത്ത വസ്തുതകളെപ്പോലും തള്ളിക്കളയുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് കോടതി ചെയ്തത്. നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും മുസ്​ലിംകൾക്കെതിരെ ആസൂത്രിത കൂട്ടക്കൊലയും മനുഷ്യാവകാശ ലംഘനങ്ങളും നടന്ന സംഭവത്തിൽ, അന്നത്തെ ബി.ജെ.പിക്കാരനായ പ്രധാനമന്ത്രി വാജ്‌പേയിക്കടക്കം നരേന്ദ്ര മോദിയെ ‘രാജധർമം' ഓർമിപ്പിക്കേണ്ടിവന്ന ചരിത്രകാലത്തെ എന്തുകൊണ്ട് നിങ്ങൾക്ക് മറന്നുകൂടാ എന്നാണ്​ വിധിയിൽ പരാതിക്കാരടക്കമുള്ള ഫാസിസ്റ്റ് വിരുദ്ധരോട് ചോദിക്കുന്നത്. ചെറിയൊരു ക്രമാസമാധാനത്തകർച്ചയെ ഇത്ര വലിയൊരു ഭരണഘടനാ സംവിധാന തകർച്ചയായി കാണേണ്ടതില്ല എന്നുകൂടി കോടതി സൂചിപ്പിക്കുന്നുണ്ട്.

‘Breakdown of law- and- order situation if for short duration, cannot partake the colour of breakdown of rule of law or constitutional crisis. To put it differently, misgovernance or failure to maintain law-and-order during a brief period may not be a case of failure of constitutional machinery in the context of tenets embodied in Article 356 of the Constitution(Para 45, Page 226-227).

ആയിരക്കണക്കിന് മുസ്​ലിംകൾക്കെതിരെ ദിവസങ്ങൾ നീണ്ടുനിന്ന വംശീയാക്രമണം നടന്നപ്പോൾ അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന ഭരണസംവിധാനത്തെ മുഴുവനും കൂട്ടക്കൊലകൾക്കും ബലാത്ക്കാരങ്ങൾക്കും കൊള്ളക്കും കൊള്ളിവെപ്പിനും കൂട്ടുനിൽക്കുന്നവരാക്കി മാറ്റിയ നരേന്ദ്ര മോദിയുടെ സർക്കാരിന് സംഭവിച്ചത് ‘ഒരു ചെറിയ സമയത്തേക്ക് ക്രമസമാധാന സാഹചര്യം ഒന്ന് പിഴച്ചതാണെന്നാ’ണ് സുപ്രീംകോടതി പറയുന്നത്. നൂറുകണക്കിന് മുസ്​ലിംകളെ കൊന്നൊടുക്കിയ ഒരു കലാപത്തിൽ ഭരണഘടനാസംവിധാനത്തിന് വീഴ്ചയൊന്നുമുണ്ടായില്ല എന്നാണ്​ സുപ്രീംകോടതി വാദിക്കുന്നതെങ്കിൽ എന്താണ് ഭരണഘടനാ സംവിധാനം എന്നുകൂടി കോടതി വ്യക്തമാക്കണം.

ഇഹ്‌സാൻ ജാഫ്രി, മകൾ നിഷ്രിൻ ജാഫ്രി ഹുസൈൻ / Photo: Nishrin Jafri Hussain, Fb

ഗുജറാത്ത്​ കലാപത്തിലെ ഇരകൾക്ക് ഗുജറാത്തിൽനിന്ന്​ നീതികിട്ടില്ല എന്ന് സുപ്രീംകോടതിക്കുതന്നെ ഇതിനുമുമ്പ് ബോധ്യം വന്നതാണ്. ‘ബെസ്‌റ്റ്​ ബേക്കറി' കേസ് പുനർവിചാരണ നടത്തണമെന്നും അത് ഗുജറാത്തിനുപുറത്തേക്ക് മാറ്റണമെന്നും ദേശീയ മനുഷ്യാവകാശ കമീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത് (2003) ഈ സാഹചര്യത്തിലാണ്. 2004-ൽ ബെസ്റ്റ് ബേക്കറി കേസ് വിചാരണ മുംബൈയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടത് സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തെക്കുറിച്ചുള്ള ഗുരുതര വിമർശനമായി കാണാം. നവംബർ 2003-ൽ ഗുജറാത്ത് കലാപത്തിലെ പ്രധാനപ്പെട്ട എട്ടു വിചാരണകൾ സുപ്രീംകോടതി താത്കാലികമായി നിർത്തിവെപ്പിച്ചതും ഇതേ സാഹചര്യത്തിലാണ്.

ഗോധ്രയിൽ മരിച്ച കർസേവകരുടെ മൃതദേഹങ്ങൾ പരമാവധി വൈകാരികാന്തരീക്ഷത്തിൽ യാത്ര നടത്തി കൊണ്ടുപോയത് സുപ്രീംകോടതി ഉറക്കെ നിഷേധിക്കുമ്പോൾ വാസ്തവത്തിൽ അന്നതിന്​ നേതൃത്വം നൽകിയ വിശ്വ ഹിന്ദു പരിഷത്​ നേതാക്കളൊക്കെ അമ്പരക്കുന്നുണ്ടാകും. അന്നത്തെ ഭരണസംവിധാനത്തിന്റേത് ക്രമസമാധാന തകർച്ചയായിരുന്നില്ല എന്നും ആസൂത്രിത കലാപത്തിന് ഒത്താശ ചെയ്തുകൊടുക്കലായിരുന്നു എന്നും നിരവധി തെളിവുകൾ പൊതുമണ്ഡലത്തിലുണ്ട്. അക്രമത്തിനു നേതൃത്വം നല്കിയവർ തന്നെ അക്കാര്യം പലപ്പോഴായി സമ്മതിച്ചിട്ടുണ്ട് (തെഹൽക്ക ടേപ്‌സ്). എന്നാൽ, അന്ന് ഗുജറാത്ത്​ സർക്കാരിനെ നിഷ്‌ക്രിയമാക്കിയിരുത്തിയ അതേ ഉദ്യോഗസ്ഥസംവിധാനത്തിന്റെ സാക്ഷിമൊഴികളിലൂടെ മോദിയെയും അനുചരവൃന്ദത്തെയും കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളിലാണ് സുപ്രീംകോടതിക്ക് വിശ്വാസം.

ഒരു സംസ്ഥാനത്തെ തെരുവുകളിൽ മുഴുവൻ മുസ്​ലിം മതവിഭാഗത്തിൽപ്പെട്ട മനുഷ്യരെ തെരഞ്ഞുപിടിച്ച് കൊല്ലുകയും സ്ത്രീകളെ റേപ്പ്​ ചെയ്യുകയും ചെയ്തപ്പോൾ അതിനുകൂട്ടുനിന്ന ഭരണസംവിധാനത്തിന്റേത് ഒരിക്കലും കുറ്റകരമായ ഗൂഢാലോചനയല്ലെന്നാണ് സുപ്രീംകോടതി പറയുന്നത്. ഗുൽബർഗ് സൊസൈറ്റിയിൽ മനുഷ്യരെ പച്ചയ്ക്ക് ചുട്ടുകൊല്ലുമ്പോൾ അത് തടയാൻ കഴിയാത്തവിധത്തിൽ നിരായുധരായിരുന്നു സംസ്ഥാന പൊലീസ് സേന എന്നത് യാദൃച്ഛികമായിരുന്നു എന്ന് സുപ്രീംകോടതിയെപ്പോലെ നമ്മളും വിശ്വസിച്ചില്ലെങ്കിൽ ടീസ്റ്റ സെറ്റൽവാദിനെയും ശ്രീകുമാറിന്റെയും പോലെ നിങ്ങളും തടവിലടയ്ക്കപ്പെടും എന്നാണ് കോടതി നൽകുന്ന മുന്നറിയിപ്പ് എന്നുവേണം അനുമാനിക്കാൻ.

'നൂറുകണക്കിന് മുസ്​ലിംകളെ കൊന്നൊടുക്കിയ ഒരു കലാപത്തിൽ ഭരണഘടനാ സംവിധാനത്തിന് വീഴ്ചയൊന്നുമുണ്ടായില്ല എന്നാണ്​ സുപ്രീംകോടതി ആവേശത്തോടെ വാദിക്കുന്നതെങ്കിൽ എന്താണ് ഭരണഘടനാ സംവിധാനം എന്നുകൂടി കോടതി വ്യക്തമാക്കണം.' / Photo: Wikimedia Commons

വാസ്തവത്തിൽ ഇത്രയും ഭീകരമായൊരു വർഗീയാക്രമണം നടക്കുമ്പോൾ അതിന്​ എല്ലാ രാഷ്ട്രീയ പശ്ചാത്തലവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഇത് പ്രഥമദൃഷ്ട്യാ മനസിലായതുകൊണ്ടാണ് 18 വർഷം മുമ്പ് സുപ്രീംകോടതി അന്നത്തെ ഗുജറാത്ത്​ ഭരണസംവിധാനത്തെ ആധുനിക കാലത്തെ നീറോകൾ -Modern day Neros- എന്നുവിളിച്ചത്. 2014 ഏപ്രിൽ 12ന്​ ജസ്റ്റിസുമാരായ ദൊരൈസ്വാമി രാജുവും അരിജിത് പസായത്തും അടങ്ങിയ ബഞ്ച് ഇങ്ങനെയാണ് നിരീക്ഷിച്ചത്: ‘ബെസ്റ്റ് ബേക്കറിയും നിഷ്‌കളങ്കരായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും വെന്തുപിടയുമ്പോൾ ആധുനിക കാല നീറോകൾ വേറെവിടെയോ നോക്കിയിരിക്കുകയും ഒരുപക്ഷെ എങ്ങനെയാണ് ഈ കുറ്റകൃത്യത്തിന്റെ നടത്തിപ്പുകാരെ രക്ഷപ്പെടുത്തേണ്ടത് എന്നാലോചിക്കുകയുമായിരുന്നു.'

ഇതേ ആരോപണം പൗരസമൂഹം മുന്നോട്ടുവെക്കുമ്പോൾ അത് ആസൂത്രിത ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച് മറ്റൊരു കാലത്ത് പറയുന്നത്. രണ്ടു കാലങ്ങളും തമ്മിലുള്ള വലിയൊരു വ്യത്യാസം, അന്ന് നരേന്ദ്രമോദിയല്ല പ്രധാനമന്ത്രി, ഇന്ന്​ മോദിയാണ്​​ പ്രധാനമന്ത്രി എന്നതാണ്. അത്തരമൊരു വ്യത്യാസം നീതിപീഠത്തിന്റെ വിചാരങ്ങളിൽ പ്രതിഫലിക്കാൻ പാടില്ല എന്ന് നമുക്കാശിക്കാൻ കഴിയുന്ന കാലമല്ല ഇതെന്നും നമുക്കറിയാം.

2008 മാർച്ച് 26ന് ഗുജറാത്ത്​ കലാപത്തിലെ കേസുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (Special Investigation Team -SIT ) നിയമിക്കപ്പെട്ടു. സി.ബി.ഐ. മേധാവിയായി വിരമിച്ച ആർ.കെ. രാഘവനായിരുന്നു മേധാവി. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെക്കുറിച്ചുള്ള പരാതികൾക്കെല്ലാമൊടുവിലാണ് കലാപവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിൽ നിന്നും നരേന്ദ്ര മോദിയെ വിമുക്തനാക്കുന്ന എസ്​.ഐ.ടി റിപ്പോർട്ട്​ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. അന്വേഷണസംഘത്തെ വാനോളം പുകഴ്ത്തുന്നുണ്ട് സുപ്രീംകോടതി, വിധിയിൽ. സുപ്രീംകോടതിക്കുമുമ്പേ മോദി സർക്കാരിനും പ്രത്യേക അന്വേഷണ സംഘം ചെയ്തുതന്ന സേവനത്തിൽ വളരെയധികം സംതൃപ്തി തോന്നിയിരുന്നു. ഒട്ടും വൈകിയില്ല, അന്വേഷണ സംഘം തലവൻ ആർ.കെ. രാഘവനെ മോദി സർക്കാർ സൈപ്രസിലെ ഹൈ കമീഷണറായി നിയമിച്ചു.

ആർ.കെ. രാഘവൻ

ഗുജറാത്ത് കലാപത്തിൽ നിന്നും വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസുകളിൽ നിന്നുമെല്ലാം തങ്ങളെ രക്ഷിച്ചെടുക്കുന്നവർക്ക് മോദി -ഷാ ദ്വന്തവും സംഘപരിവാറും ഉദാരമായി നൽകിയ ഭാഗ്യങ്ങൾ വാങ്ങിയവർ നിരവധിയാണ്. മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സദാശിവം മുതൽ രാഘവനും ഇങ്ങേയറ്റത്ത് മറ്റൊരു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും ജസ്റ്റിസ് അരുൺ മിശ്രയുമൊക്കെയടങ്ങുന്ന വലിയൊരു വൃന്ദം ന്യായാധിപന്മാരും ഉന്നതോദ്യഗസ്ഥരും ഈ റിപ്പബ്ലിക്കിനെ ഹിന്ദുത്വ ഭീകരവാദികളുടെയും അവരുടെ കോർപറേറ്റ് കൂട്ടുകാരുടെയും കൈകളിലേക്ക് എറിഞ്ഞുകൊടുത്താണ് നയവും ശാസ്ത്രവും ചമച്ചതിന്റെ ദല്ലാൾക്കൂലി കൈപ്പറ്റിയവരായുണ്ട്.

ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയുടെ വസ്തുതാപരിശോധനയിലും ഗുജറാത്ത്​ കലാപത്തിൽ ഭരണകൂടം പുലർത്തിയ കുറ്റകൃത്യങ്ങളുടെ നടത്തിപ്പിന്​ കൂട്ടുനിൽക്കുകയും പലപ്പോഴും പങ്കാളികളാവുകയും ചെയ്ത നടപടികളുടെ വിശകലനത്തിലും അതിഗുരുതരമായ വീഴ്ചകൾ വരുത്തിയ സുപ്രീംകോടതി വിധി സൃഷ്ടിക്കുന്ന രണ്ടാമത്തെ പ്രശ്‌നം അത് ജനാധിപത്യവ്യവസ്ഥയിലെ പൗരരുടെ അധികാരത്തോടുള്ള വിമർശനങ്ങളെയും ചോദ്യം ചെയ്യലുകളെയും അടിച്ചമർത്താൻ ഭരണകൂടത്തിനോട് ആഹ്വാനം ചെയ്യുകയും നീതിന്യായ സംവിധാനത്തിന് മുന്നിലെത്തുന്ന പൗരരെ ഭരണകൂടത്തിന് ഒറ്റുകൊടുക്കുകയും ചെയ്യുന്നു എന്നതാണ്.

രാജ്യത്തിന്റെയും പൊതുസമൂഹത്തിന്റെയും പൊതുവായ പ്രശ്‌നങ്ങൾ ഉയർത്താനും അവയെ വ്യക്തിപരമായി നേരിട്ട് ബാധിക്കുന്നതല്ലെങ്കിൽക്കൂടി നീതിപീഠത്തിന് മുന്നിലെത്തിക്കാനും വ്യക്തികൾക്കും സംഘടനകൾക്കുമെല്ലാമുള്ള അവകാശം സുപ്രീംകോടതിതന്നെ എത്രയോ വിധികളിലൂടെ ശക്തിപ്പെടുത്തിയിട്ടുള്ളതാണ്. 1980-കൾ മുതലിങ്ങോട്ടുള്ള കാലഘട്ടത്തിൽ സുപ്രീംകോടതി ഏറ്റവും ജനാധിപത്യപരമായി ബലപ്പെടുത്തിയിട്ടുള്ള നീതിന്യായ വിചാരങ്ങളിലൊന്ന് locus standi സംബന്ധിച്ചാണ്. ഒരു ജനാധിപത്യ മതേതര ഭരണഘടനാ റിപ്പബ്ലിക്ക് എന്ന നിലയിൽ ഈ രാജ്യത്തിന്റെ നിലനില്പിനാവശ്യമായ അടിസ്ഥാന ഭരണഘടനാ ഘടകങ്ങളും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാൻ ഏതു പൗരനും ഇന്ത്യയിൽ നീതിപീഠത്തെ സമീപിക്കാമെന്നും അതിന് മറ്റൊരു മാനദണ്ഡവും ഉണ്ടാകേണ്ടതില്ലെന്നും നിരവധി വിധികളിലൂടെ കോടതി ആവർത്തിച്ചിട്ടുള്ളതാണ്. അത്തരത്തിൽ സുപ്രീംകോടതിയുടെ തന്നെ വ്യാഖ്യാനങ്ങളിലൂടെയും അതിനെ പിൻപറ്റി നടന്ന അനേകം പൊതുതാത്പര്യ നിയമ വ്യവഹാരങ്ങളുടെയും ചരിത്രത്തെയാണ് സാകിയ ജാഫ്രി വിധിയിലൂടെ സുപ്രീംകോടതി തന്നെ റദ്ദാക്കാൻ ശ്രമിക്കുന്നത്.

ഗുൽബർഗ് സൊസൈറ്റി. കലാപ കാലത്തെ ചിത്രം.

ഭരണകൂടത്തിനെതിരെ ചോദ്യം ചോദിക്കാനും അവരെ അപകീർത്തിപ്പെടുത്താനും എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നു എന്ന അശ്ലീല ചോദ്യവും കോടതി ഉന്നയിക്കുന്നു. ‘Intriguingly, the present proceedings have been pursued for last 16 years (from submission of complaint dated 8.6.2006 running into 67 pages and then by filing protest petition dated 15.4.2013 running into 514 pages) including with the audacity to question the integrity of every functionary involved in the process of exposing the devious stratagem adopted (to borrow the submission of learned counsel for the SIT), to keep the pot boiling, obviously, for ulterior design. As a matter of fact, all those involved in such abuse of process, need to be in the dock and proceeded in accordance with law (para 88, page 304-305 )

ആയിരക്കണക്കിന് മനുഷ്യർ തെരുവിൽ കൊല്ലപ്പെടുമ്പോൾ അന്നതിനു കൂട്ടുനിന്ന ഭരണസംവിധാനത്തെ ചോദ്യം ചെയ്യാനുള്ള അവകാശമില്ലെങ്കിൽ പിന്നെന്തിനുള്ള അവകാശമാണ് ഈ നാട്ടിലെ പൗരന്മാർക്കുള്ളത്? വളരെ ഹീനമായ പദ്ധതിയുടെ ഈ പ്രശ്‌നം നീണ്ട കാലം ഊതിക്കത്തിച്ചുകൊണ്ടിരുന്നു എന്നാണ് പരാതിക്കാർക്കെതിരെ കോടതിയുയർത്തുന്ന ഒരാക്ഷേപം. തെരഞ്ഞെടുക്കപ്പെട്ടു എന്നതുകൊണ്ട്, ഒരു ജനാധിപത്യ രാജ്യത്ത്​ ഒരു രാഷ്ട്രീയ അജണ്ടയും ഭരണാധികാരിയും വിശുദ്ധരാകുന്നില്ല. വീണ്ടും നീണ്ടകാലങ്ങൾ, എന്തുകൊണ്ട് അവർ തെറ്റുകാരാണ് എന്ന് ജനങ്ങളെ ഓർമിപ്പിക്കാനും അത് രാഷ്ട്രീയമായി ബോധ്യപ്പെടുത്താനുമുള്ള അവകാശം ജനങ്ങൾക്കുണ്ട്, അത് ഏറ്റവുമൊടുവിൽ ഒറ്റയായിപ്പോകുന്ന ഒരു മനുഷ്യനാണ് പറയുന്നതെങ്കിൽ അവസാനം വരെയും അയാൾക്കത് പറയാനുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും കുറിച്ച് സംശയങ്ങളില്ലാത്ത ഒരു വ്യവസ്ഥയെയാണ് നാം ജനാധിപത്യം എന്ന് വിളിക്കുന്നത്. ആ അവകാശത്തെയാണ്, ‘എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നു’ എന്ന ജനാധിപത്യവിരുദ്ധമായ ചോദ്യത്തോടെ സുപ്രീംകോടതി റദ്ദാക്കാൻ ശ്രമിക്കുന്നത്.

അസാധാരണമായൊരു സാഹചര്യം കൂടി സുപ്രീംകോടതി ഇവിടെ സൃഷ്ടിക്കുകയാണ്. ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരായ പരാതികളുടെ രാഷ്ട്രീയ പരിപ്രേക്ഷ്യം ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കേണ്ട ഒന്നാണെന്ന വൈചിത്ര്യമാണിത്. അതുകൊണ്ടാണ് 16 വർഷം പ്രശ്‌നം സജീവമായി നിലനിർത്താൻ ശ്രമിച്ചത് സുപ്രീംകോടതി മഹാപരാധമായി കാണുന്നത്. ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള സമരം ഒരു ജനാധിപത്യാവകാശമാണ് എന്ന് കോടതി അംഗീകരിക്കുന്നില്ല എന്നതുകൂടിയാണ് പ്രശ്‌നം. പൊതുവായ പ്രശ്‌നങ്ങളുടെ പേരിൽ പൗരർ കോടതിയെ സമീപിക്കുമ്പോൾ അതൊരു രാഷ്ട്രീയപ്രശ്‌നം കൂടിയാണ്. അത്തരത്തിൽ സന്ദേഹങ്ങൾക്കുള്ള രാഷ്ട്രീയാവകാശം ഭരണഘടന പൗരർക്ക്​ നൽകുന്നുണ്ട്. അതെടുത്തുകളയുകയും ഭരണകൂടത്തിനെതിരായ പൊതുപരാതികളിൽ തെളിവുഭാരം പൗരർക്കുമുകളിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യുന്നതോടെ ഭീമാകാരമായ ഭരണകൂടസംവിധാനത്തിനു മുന്നിൽ പൗരർ നിസ്സഹായാനായിപ്പോകുന്നു. അതിനാണ് സുപ്രീംകോടതി ഇപ്പോൾ വഴി വെട്ടുന്നത്.

അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് വിചാരണ ചെയ്യേണ്ട ഒരു കുറ്റവാളി, അധികാരത്തിലിരിക്കുന്നു എന്നതുകൊണ്ട് തന്റെ കുറ്റകൃത്യങ്ങളിൽനിന്ന്​വിമുക്തനാകുന്നില്ല. എല്ലാ ഫാസിസ്റ്റുകൾക്കും സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ തലവന്മാർക്കും അവരുടെ ഭരണകാലയളവിൽ അതാതുകാലത്തെ കോടതികൾ മംഗളം പാടുകയാണ് പതിവ്. എന്നാൽ അതൊന്നും അവരെ വരുംകാലത്തിന്റെ ചരിത്രവിചാരണയിൽ നിന്നും രക്ഷപ്പെടുത്തുന്നില്ല.

Rome Statute-International Criminal Court (ഇന്ത്യ ICC statute ഒപ്പുവെച്ചിട്ടില്ല) Article 7 മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെ ഇങ്ങനെയാണ് നിർവ്വചിക്കുന്നത്: Crimes Against Humanity For the purpose of this Statute, ‘crime against humanity' means any of the following acts when committed as part of a widespread or systematic attack directed against any civilian population, with knowledge of the attack:
Murder;
Extermination;
Enslavement;
Deportation or forcible transfer of population;
Imprisonment or other severe deprivation of physical liberty in violation of fundamental rules of international law;
Torture, Rape, sexual slavery, enforced prostitution, forced pregnancy, enforced sterilization, or any other form of sexual violence of comparable gravity;
Persecution against any identifiable group or collectivity on political, racial, national, ethnic, cultural, religious, gender as defined in paragraph 3, or other grounds that are universally recognized as impermissible under international law, in connection with any act, referred to in this paragraph or any crime within the jurisdiction of the Court;
Enforced disappearance of persons;
The crime of apartheid;
Other inhumane acts of a similar character intentionally causing great suffering, or serious injury to the body or to mental or physical health.
For the purpose of paragraph 1:
‘Attack directed against any civilian population' means a course of conduct involving the multiple commission of acts referred to in paragraph 1 against any civilian population, pursuant to or in furtherance of a State or organizational policy to commit such attack.

അതായത്, ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ ആസൂത്രിതമായി നടത്തുന്ന കൊലപാതകവും കൂട്ടക്കൊലകളും ലൈംഗികാക്രമണങ്ങളും എല്ലാം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഘടകങ്ങളായി മൂന്നു സംഗതികളാണുള്ളത്.
1. ശാരീരികം, അതായത് കൊലപാതകം, ലൈംഗിക പീഡനം തുടങ്ങിയവ.
2. പശ്ചാത്തലം; ആസൂത്രിതമായി ഒരു പ്രത്യേക ജനവിഭാഗത്തിനുനേരെ വ്യാപകമായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമായി നടത്തുന്നത്​.
3. മാനസികം; ഈ അക്രമങ്ങളെക്കുറിച്ചുള്ള അറിവ്.

മോദി ഭരണകൂടം നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിശുദ്ധനാക്കി പ്രഖ്യാപിക്കാൻ കഴിഞ്ഞാലും കലാപത്തിന് സാക്ഷികളായ ആയിരക്കണക്കിന് മനുഷ്യരും അതിന്റെ ഭീതിദമായ കറകളും അവശേഷിക്കുന്നിടത്തോളം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ട കുറ്റവാളിയാണ്​ അദ്ദേഹം എന്ന്​ജനാധിപത്യസമൂഹം പറയുകതന്നെ ചെയ്യും. മേൽപ്പറഞ്ഞ ഘടകങ്ങൾ അതാണ്​ കാണിക്കുന്നത്​.

ടീസ്റ്റ സെറ്റൽവാദ് അടക്കമുള്ള മനുഷ്യാവകാശ, സാമൂഹ്യപ്രവർത്തകരെക്കുറിച്ച് പറയുമ്പോൾ സംഘപരിവാറിന്റെ ജീർണഭാഷയിലേക്ക് ഉന്നത നീതിപീഠം കൂപ്പുകുത്തുന്ന കാഴ്ച പരിതാപകരമാണ്. അധികാരമേറ്റ കാലത്ത് തങ്ങളുടെ മുന്നിൽ വരുന്ന കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ, ഫൈവ്​ സ്​റ്റാർ ആക്​റ്റിവിസ്റ്റുകൾ പറയുന്നത് കേൾക്കരുതെന്ന്​ ന്യായാധിപന്മാരോട് പറഞ്ഞത് മോദിയാണ്. ഇന്നിപ്പോൾ, സുപ്രീംകോടതി വിധിയിൽ, ശീതീകരിച്ച മുറിയിലിരിക്കുന്ന സാമൂഹ്യപ്രവർത്തകരെക്കുറിച്ച്​ അത്തരം ഒരു അധിക്ഷേപം ആവർത്തിക്കുകയാണ്​.

ഗുജറാത്ത് കലാപകാലത്ത് കലാപകാരികൾ മുസ്‌ലിംകളുടെ കടകളും, വീടുകളും കത്തിച്ചതിൽ നിന്നുമുയരുന്ന പുകയിൽ അഹമ്മദാബാദ് നഗരം. / Photo: Wikimedia Commons

‘യാഥാർത്ഥ്യബോധമില്ലാത്ത’ സാമൂഹ്യപ്രവർത്തകരെക്കുറിച്ച്​ കോടതി പറയുന്നത്​; ‘The protagonists of the quest for justice sitting in a comfortable environment in their air-conditioned office may succeed in connecting failures of the State administration at different levels during such horrendous situation, little knowing or even referring to the ground realities and the continual effort put in by the duty holders in controlling the spontaneous evolving situation unfolding aftermath mass violence across the State' (para 45, page 225) എന്നാണ്. ഭരണകൂടത്തിന്റെ പരാജയത്തെ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വലുതാക്കുകയാണ് എന്നും കോടതി ആക്ഷേപിക്കുന്നുണ്ട്.

ആത്യന്തികമായി നരേന്ദ്രമോദി സർക്കാരും ഏതൊരു സമഗ്രാധിപത്യ ഭരണകൂടവും ചോദിക്കുന്ന ചോദ്യമാണ് സുപ്രീംകോടതിയും ചോദിച്ചത്; എന്തുകൊണ്ട് മിണ്ടാതിരുന്നുകൂടാ?. മാധ്യമങ്ങളെ, സാമൂഹ്യ- മനുഷ്യാവകാശ പ്രവർത്തകരെ നിശ്ശബ്ദരാക്കുക എന്നത് മറച്ചുവെക്കാത്ത അജണ്ടയായാണ് മോദി സർക്കാർ നടപ്പാക്കുന്നത്. സർക്കാരേതര സന്നദ്ധ സംഘടനകളെ പ്രവർത്തിക്കാനാകാത്ത വിധത്തിൽ വേട്ടയാടുകയാണ്. ഭീമ കോരേഗാവ് കേസിൽ ഉൾപ്പെടുത്തി നിരവധി മനുഷ്യാവകാശ, രാഷ്ട്രീയ പ്രവർത്തകരെ തടവിലിട്ടിരിക്കുകയാണ്. ഡൽഹി കലാപക്കേസിൽ കലാപത്തിനാഹ്വാനം ചെയ്ത ഹിന്ദുത്വ രാഷ്ട്രീയ ഭീകരവാദികൾ വിലസി നടക്കുമ്പോൾ കലാപത്തിന്റെ ഇരകളും അവർക്കൊപ്പം നിന്ന രാഷ്ട്രീയ പ്രവർത്തകരും യു.എ.പി.എ അടക്കമുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾക്കുകീഴിൽ ജാമ്യം പോലും ലഭിക്കാതെ തടവിലാണ്. ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്നത് പ്രകോപനപരമായ മുദ്രാവാക്യമാണോ, ശിക്ഷിക്കാൻ പാകമാണോ എന്ന് വാദിച്ചുതീരുംവരെ വരെ ജാമ്യം നിഷേധിക്കുന്ന ഹൈക്കോടതിയുള്ള നാടാണിത്.ടീസ്റ്റ സെറ്റൽവാദും ശ്രീകുമാറും സഞ്ജീവ്ഭട്ടും ഈ നാട്ടിൽ തടവിലായില്ലെങ്കിലാണ് എന്തോ കുഴപ്പമുണ്ട് എന്ന് നമുക്ക് തോന്നേണ്ടത്!

ഭരണകൂടത്തെ, നരേന്ദ്ര മോദിയെ, സർക്കാരിനെ വിമർശിക്കുംമുമ്പ് ഇനി നിങ്ങൾ നൂറാവർത്തി കൂട്ടിയും കിഴിച്ചും അത് വേണ്ടെന്നുവെക്കുമെന്നുറപ്പാക്കുക കൂടിയാണ് മോദി സർക്കാർ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്വയം സ്വീകരിച്ച സൗകര്യപൂർവ്വമുള്ള ഒരു നിയന്ത്രണത്തിലൂടെ അരികുപറ്റിപ്പോകുന്ന വിധേയന്മാരും കൗശലക്കാരായ മിടുക്കരുമായി നാം മാറുന്നു.

ഫാസിസവുമായി ഒത്തുതീർപ്പ് സാധ്യമല്ല. ഒഴിഞ്ഞുമാറിപ്പോകാൻ ശ്രമിക്കുന്തോറും ജനാധിപത്യബോധത്തിന്റെ അവസാന നിഴലാട്ടത്തെവരെ അത് പിന്തുടർന്നാക്രമിക്കും. എതിർപ്പിന്റെ മരണവെപ്രാളമാണ് ഫാസിസത്തിന്റെ നാടകശാലയിലെ വിനോദം. മൗനം പോലും വിധേയത്വത്തിൽ പൊതിഞ്ഞതല്ലെങ്കിൽ അനുസരണക്കേടായി കണക്കാക്കപ്പെടും. ഓരോ അടിയിലും എതിർത്തുകൊണ്ടേയിരിക്കുക എന്നതുമാത്രമാണ് ഈ കാലത്തിൽ ജനാധിപത്യരാഷ്ട്രീയവുമായി ജീവിക്കുന്നു എന്നുറപ്പാക്കാൻ നാം ചെയ്യേണ്ടത്. തടവറകൾ നിറഞ്ഞാൽ ഫാസിസം എന്തുചെയ്യും എന്നോർത്ത് അവർക്കാകുലതയില്ല. സമൂഹത്തെ വലിയൊരു തടവറയാക്കി മാറ്റുകയും അവിടത്തെ ജീവിതം സ്വാഭാവികമായിക്കാണുന്ന ഒരു ജനതയെ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ ഫാസിസം അതിന്റെ അത്താഴവിരുന്നിലേക്ക് പ്രവേശിക്കും. ഉടലോടെ പൊരിച്ച ജനാധിപത്യത്തിന്റെ മണം ആരെയാണ് മത്തുപിടിപ്പിക്കുന്നത്?

Comments