നിങ്ങൾക്ക്, നിങ്ങളുടെ മതം/ എനിക്ക്, എന്റെ മതം - നിങ്ങൾക്ക് നിങ്ങളുടെ വസ്ത്രം/ എനിക്ക് എന്റെ വസ്ത്രം- വളരെ ലളിതമായ ഇത്തരമൊരു നിർവചനത്തിൽ ഒതുങ്ങുന്നതല്ല, യഥാർഥത്തിൽ "പർദ്ദ'യുടെ രാഷ്ട്രീയം. എതിർനിരയിൽ "കാവി' ദേശീയതയുടെ ഉന്മാദം നിറഞ്ഞ പ്രതീകമായി എടുത്തു വീശുമ്പോൾ, ജയ് ശ്രീറാം ദേശീയതയുടെ ശബ്ദമായി മുഴങ്ങുമ്പോൾ "അള്ളാഹു അക്ബർ' അതിന്റെ ഒരു പ്രതിരോധമേയല്ല. ജനാധിപത്യത്തിൽ അത്തരം മുദ്രാവാക്യങ്ങൾ മുഴങ്ങുമെങ്കിലും, അത് മോശം ദൃഷ്ടാന്തമാണ്. അത് ഹിന്ദു വർഗീയതയെ പ്രചോദിപ്പിക്കും, സംഘ് പരിവാരിന്റെ "ഹിന്ദുത്വ വീശുവല'യിൽ മുസ്‌ലിംകൾ വീഴും എന്ന സാമ്പ്രദായിക ഇടത് / ഡി.വൈ.എഫ്.ഐ ലൈൻ വായന കൊണ്ടല്ല.
അത്തരം "അള്ളാഹു അക്ബർ' വിളികൾ പൊളിറ്റിക്കൽ ഇസ്‌ലാമിനെ വളരെയധികം പ്രചോദിപ്പിക്കുമെന്നതാണ് യാഥാർഥ്യം. നാളെ മുസ്‌ലിം പൗരോഹിത്യത്തിനെതിരെ "അള്ളാഹു അക്ബർ' വിളിച്ച് ഒരു മുസ്‌ലിം സ്ത്രീ പ്രത്യക്ഷപ്പെടുമ്പോൾ തള്ളിപ്പറയും, പുരുഷ ഇസ്‌ലാം. പുരുഷ ഇസ്‌ലാമിനെ മുഖാമുഖം നോക്കി, നാഗരികമായ ഒരു ജനാധിപത്യ സമൂഹ നിർമിതിയുടെ ഭാഗമായി മുസ്‌ലിം സ്ത്രീകൾ തന്നെ ഉണർന്നും ഉയർന്നും നിൽക്കുന്ന സന്ദർഭത്തിലാണ് "പർദ്ദ'യുടെ വിപണി "വസ്ത്ര'ത്തിൽ സ്ത്രീയെ ഫ്രെയിം ചെയ്തു വെക്കുന്നത്. പർദ്ദ, മിക്കവാറും സ്ത്രീകളുടെ തന്നെ ചോയ്‌സ് ആണെങ്കിലും, പുറത്തു വരുന്നത് മാറിക്കൊണ്ടിരിക്കുന്ന "അടുക്കള ഇസ്‌ലാമാണ്.' ഇത് ഇങ്ങനെ വിശദീകരിക്കാം:
ഒന്ന്: മുസ്‌ലിമായിരിക്കുന്ന ഒരു പുരുഷൻ അടുക്കളയിൽ സ്ത്രീകളോട് ഇസ്‌ലാമിനെക്കുറിച്ച് എന്താണ് സംസാരിക്കുക? "നിങ്ങൾ പർദ്ദ ധരിക്കണം' എന്നായിരിക്കുമോ? അത് "ഹെൽമറ്റ് 'പോലെ ഒരു സുരക്ഷാ കവചമെന്നാണോ പഠിപ്പിക്കുക? എങ്കിൽ, ആരിൽ നിന്നുള്ള സുരക്ഷ? "അന്യ പുരുഷന്മാരിൽ നിന്നുള്ള സുരക്ഷ' എന്നാണ് ഉത്തരമെങ്കിൽ, ഇന്ത്യൻ സമൂഹം അന്യ പുരുഷൻമാരാലും അന്യ സ്ത്രീകളാലും നിറഞ്ഞിരിക്കുന്ന, "അന്യത' അന്യോന്യം കലർന്നിരിക്കുന്ന ഒരു ഇടമാണ്. അപ്പോൾ, ഒരു മുസ്‌ലിം സ്ത്രീക്ക് മുഖം കാണിക്കാവുന്ന ഇടം "അടുക്കള' മാത്രമായി ചുരുങ്ങുന്നു. പർദ്ദ ധരിക്കുമ്പോൾ, "നിങ്ങൾ എനിക്ക് അന്യനായതിനാൽ ഞാൻ മാറി നടക്കുന്നു' എന്നു തന്നെയാണ് പറയുന്നത്. "ബുർഖ' ആ നിലയിൽ ഒരു അടഞ്ഞ മതമനസ്സിന്റെ പ്രതീകമാണ്.
രണ്ട്: ഒരു ഹിന്ദു / അല്ലെങ്കിൽ ഇതര മതസ്ഥനെ മുസ്‌ലിം അടുക്കളയിൽ ഇപ്പോഴും നിർവചിക്കുന്നത് "കാഫർ' എന്നു തന്നെയോണോ? ഇത് വളരെ ബാലിശമായ ചോദ്യമായിരിക്കാം. കേരളത്തിൽ പോലും പർദ്ദ ഇങ്ങനെ മുസ്‌ലിം സ്ത്രീകൾ വാരിപ്പുണരുന്നതിന്റെ കാരണമെന്താണ്? കാണുന്നവരെല്ലാം "ഹറാം' മനുഷ്യരായതു കൊണ്ട് കണ്ണിന് രണ്ടു സുഷിരങ്ങൾ മാത്രം ഒഴിച്ചു വിട്ട പർദ്ദ എന്ന "ഹലാൽ വസ്ത്രം'?
മൂന്ന്: സാറ ടീച്ചർക്ക് "അള്ളാഹു അക്ബർ' വിളിക്കാൻ തോന്നുന്നത്, ടീച്ചറുടെ അടുക്കളയിൽ ജനാധിപത്യം ഉള്ളതുകൊണ്ടാണ്. സാറ ടീച്ചറുടടേതു പോലെ ചിത്രശലഭത്തിന്റെ ചിറകുകൾ പോലെയുള്ള മനോഹരമായ തലമുടി പ്രദർശിപ്പിച്ച് ഒരു മുസ്‌ലിം സ്ത്രീ ജ്ഞാനപ്പാന പാടിയാൽ പോലും "പെങ്ങളെ, മുടി മറച്ചൂടെ, നാളെ സ്വർഗത്തിൽ പോകേണ്ടേ-' എന്നായിരിക്കും സോഷ്യൽ മീഡിയയിലെ മുസ്‌ലിം ആങ്ങളമാരുടെ കമൻറ്സ്. മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുമ്പോൾ നിഷിദ്ധമാകുന്നതാണ്, "തല മറക്കാതെ'യുള്ള സംസാരങ്ങൾ. മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച്, പുരുഷ ഇസ്‌ലാമിന്റെ കലർപ്പില്ലാത്ത ആൺ തിട്ടൂരങ്ങൾക്കെതിരെയുള്ള മുദ്രാവാക്യമായി തെരുവിൽ "അള്ളാഹു അക്ബർ ' മുഴങ്ങുകയില്ല. പൗരത്വ സമര നാളുകളിൽ സ്ത്രീകൾ മുന്നിൽ നിന്നപ്പോൾ "സ്ത്രീകൾ സമരം നയിക്കണ്ട' എന്നു പറഞ്ഞ മുസ്‌ലിം പണ്ഡിതന്മാരുടെ നാടാണിത്. സംസാരിക്കുന്ന മുസ്‌ലിം സ്ത്രീയെ, സംഘ് പരിവാറിനല്ല, പുരുഷ ഇസ്‌ലാമിനാണ് ഭയം. സ്ത്രീകൾ തെരുവിൽ / കാമ്പസിൽ "അള്ളാഹു അക്ബർ മുഴക്കുമ്പോൾ ഏറ്റവും അസ്വസ്ഥമാകുന്നത് ഇസ്‌ലാമിലെ ആണുങ്ങളാണ്.
നാല്: ഇസ്‌ലാമിക സ്വത്വബോധങ്ങളെയും മത കാഴ്ചപ്പാടുകളെയും നേരിട്ടാക്രമിക്കുക എന്നത് സംഘ് പരിവാർ എത്രയോ കാലമായി ആഗ്രഹിക്കുന്നതാണ്. ഇസ്‌ലാം മാത്രമല്ല, ഇന്ത്യൻ ബഹുസ്വരത തന്നെ ഇടുങ്ങിയ ഹിന്ദുത്വ ചട്ടക്കൂടിനുള്ളിൽ ഒതുക്കി, ചുരുട്ടി കൂട്ടാനുള്ള ശ്രമമാണ്. സംഘ് പരിവാർ ആജ്ഞാനു വർത്തികൾ പഠനകേന്ദ്രങ്ങളിൽ ഇരിപ്പിടം നേടിക്കഴിഞ്ഞു. "ഹിന്ദുക്കളേ, നിങ്ങൾ ഉണർന്നില്ലെങ്കിൽ, എല്ലായിടത്തും പശുക്കൾ അറുക്കപ്പെടും, നമ്മുടെ മുനിമാരുടെ വിഹാരങ്ങളിൽ ‘അള്ളാഹു അക്ബർ’ വിളികൾ മുഴങ്ങും. ഈ ദുരന്തങ്ങൾക്കെല്ലാം നിങ്ങൾ ഉത്തരവാദികളാവും. കാരണം, ഹിന്ദുക്കൾ ഭീരുക്കളായിരുന്നു എന്ന് ചരിത്രം വിധിയെഴുതും- (സുധീർ കാക്കർ അക്രമത്തിന്റെ നിറങ്ങൾ/ 1995).
സുധീർ കാക്കർ നിരീക്ഷിച്ചതു പോലെ, സംഘ് പരിവാർ മനസ്സ് ഉദ്വേഗത്തോടെ കാത്തിരിക്കുന്ന വിളി "അള്ളാഹു അക്ബർ' ആണ്. ഹിന്ദുത്വത്തെ ഉണർത്താൻ ആ വിളി അവർ ആഗ്രഹിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആ വിളി (മുദ്രാവാക്യം പോലെ മുഴങ്ങുമ്പോൾ ) ക്ഷണിച്ചു വരുത്തിയേക്കാവുന്ന അപകടങ്ങൾ വളരെ വലുതാണ്.
അഞ്ച്: പർദ്ദ അടഞ്ഞ മതാനുഭവത്തിന്റെ മുദ്രയാണ്. പുരുഷ ഇസ്‌ലാമിന്റെ കർക്കശമായ കോണുകളിലാണ് അത് സ്ത്രീകൾക്ക് കൂട് കെട്ടുന്നത്.
അന്തിമ വിശകലനത്തിൽ അത് സ്ത്രീ വിരുദ്ധമാണ്. മുസ്‌ലിം സ്ത്രീകൾ അത് സ്വമേധായാ വാരിവലിച്ചിടുമ്പോൾ "നിങ്ങൾ അന്യർ / നിങ്ങൾ അന്യർ ' എന്ന ബോധത്തിന് വസ്ത്രം കൊണ്ടു പതാക വീശുകയാണ് ചെയ്യുന്നത്. ചിലർ ചൂണ്ടിക്കാട്ടിയതു പോലെ "മുസ്‌ലിം' കളെ അപരവൽക്കരിക്കുകയല്ല, സ്വയം അപരവൽക്കരിക്കുകയാണ് ഇതിൽ സംഭവിക്കുന്നത്.
ആറ്: അപ്പോൾ തീവ്ര ഹിന്ദുത്വത്തെ ആര് പ്രതിരോധിക്കുമെന്നാണ് ചോദ്യമെങ്കിൽ, ഇതിനകം തന്നെ അരോചകമായി തീർന്ന അവരുടെ വാദങ്ങളും കപട യുക്തികളും വെറുപ്പിന്റെ രാഷ്ട്രീയവും തിരിച്ചറിഞ്ഞു തുടങ്ങിയ "ഇന്ത്യൻ മനസ്സ്' പ്രതിരോധിക്കുമെന്നാണ് പറയേണ്ടത്. ആ ഇന്ത്യൻ മനസ്സ് ഇന്ത്യൻ മുസ്ലിംകളും ഹിന്ദുക്കളും കൂടി ഇടകലർന്ന് ജീവിച്ചു കൊണ്ട് രൂപപ്പെടുത്തിയതാണ്. പർദ്ദ, സമീപകാലത്താണ് ഇന്ത്യൻ മുസ്‌ലിം സ്ത്രീകൾ വാരിപ്പുണരുന്നത്. കേരളത്തിൽ പോലും അത് ഇപ്പോൾ വ്യാപകമാണ്. അത് ഇന്ത്യൻ മനസ്സിന്റെ പ്രതിഫലനമല്ല.
അപ്പോൾ സാറ ടീച്ചർക്ക് അള്ളാഹു വിളിക്കാൻ തോന്നുന്നുണ്ടെങ്കിൽ ആ ഇന്ത്യൻ മനസ്സ് അവർ സൂക്ഷിക്കുന്നു എന്നതു കൊണ്ടാണ്. പക്ഷെ, പർദ്ദ ധരിക്കാൻ തോന്നുന്നില്ലല്ലോ, ടീച്ചർ?