അട്ടപ്പാടിയുടെ ഉടമകളായിരുന്ന ആദിവാസി മനുഷ്യരിന്ന് പിറന്ന മണ്ണിൽ കാലുറച്ച് നിൽക്കാൻ കോടതികൾ കയറിയിറങ്ങുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അട്ടപ്പാടിയിലെ അങ്ങോളമിങ്ങോളമുള്ള ആദിവാസി ഭൂമിയിന്ന് കയ്യേറ്റക്കാരുടെ കയ്യിലാണ്. പൂർവ്വീകകാലം മുതൽ താമസിച്ചുവന്ന ഭൂമി ഒറ്റ രാത്രികൊണ്ട് വ്യാജരേഖകളിലൂടെ തമിഴ്ജന്മിമാർ തങ്ങളുടേതാക്കി മാറ്റിയ കൊടിയ അനീതിയെ ചോദ്യം ചെയ്ത് സമരരംഗത്താണ് ഷോളയൂർ പഞ്ചായത്തിലെ വെച്ചപ്പതി ഊര് നിവാസികൾ. വർഷങ്ങളായി തുടരുന്ന നിയമപോരാട്ടം ഇന്ന് ഹൈക്കോടതിയിൽ എത്തി നിൽക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആദിവാസി ഭൂമിക്കുമേൽ തമിഴ് ജന്മിമാരും മറ്റ് കയ്യേറ്റക്കാരും വ്യാജരേഖകൾ കെട്ടിച്ചമക്കുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ പരാതി ബോധിപ്പിക്കുമ്പോൾ തങ്ങളുടെ പ്രശ്‌നത്തിന് ഉറപ്പായും പരിഹാരം ലഭിക്കുമെന്ന് അവർ വിശ്വസിച്ചു. തങ്ങളുടെ ഏകവരുമാന മാർഗമായിരുന്ന കൃഷിചെയ്യാൻ പോലും മണ്ണില്ലാതെ പ്രതിസന്ധിയിൽ നിൽക്കുമ്പോഴും നിങ്ങൾക്കൊപ്പമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിൽ മാത്രം വിശ്വസിച്ചാണ് മാസങ്ങളായി ഈ മനുഷ്യർ കഴിയുന്നത്.