പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയിൽ ഞാൻ തൂങ്ങിയാടുകയാണ്​; ഉമർ ഖാലിദിന്റെ ജയിൽ ഡയറി

‘‘ചാർത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്ന് പ്രതീക്ഷിയ്ക്കും. അത്തരം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും’’, ഡൽഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റുചെയ്ത ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദ് തിഹാർ ജയിലിൽ വിചാരണത്തടവുകാരനായി കഴിയുകയാണ്​​. അദ്ദേഹം ജയിലിൽ വച്ച്​ എഴുതിയ ഡയറിക്കുറിപ്പുകളാണിത്​.

ക്കൊല്ലം (2021) ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തിൽ ഒരു പൊലീസ് വാൻ എന്നെയും കൊണ്ട് ജയിലിന് പുറത്തേക്കിറങ്ങി. കഴിഞ്ഞ വർഷം സെപ്തംബറിൽ എന്റെ അറസ്റ്റിന് ശേഷം ആദ്യമായി എന്നെ കോടതിയിൽ പേശിയ്ക്കായി (ഹാജരാക്കാനായി) കൊണ്ടുപോകുകയായിരുന്നു. വാനിനുള്ളിൽ പൊലീസുകാർ കർഷക സമരത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചയിലായിരുന്നു. എന്നാൽ നാലു മാസത്തെ തടവറവാസം കാരണം പുറംകാഴ്ചകളാണ് എനിക്ക് കൂടുതൽ ആകർഷകമായി തോന്നിയത്. ഓഫീസുകളിലേക്ക് പോകുന്ന ആളുകളെയും സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെയും എനിക്ക് കാണാനായി. കാറിലും ബസിലും റോഡിലുമൊക്കെ മനുഷ്യർ. ചിലർ ഫോണിൽ മുഴുകിയിരിക്കുന്നു, മറ്റുചിലർ പരസ്പരം സംസാരിക്കുന്നു. അവരെ നിരീക്ഷിക്കാൻ ആരുമില്ല. അവർക്ക് എവിടെ വേണമെങ്കിലും പോകാം, ആരോടു വേണമെങ്കിലും സംസാരിക്കാം.

അതൊരു സുന്ദരമായ കാഴ്ചയായിരുന്നു- സ്വതന്ത്രരായ മനുഷ്യർ. എന്റെ നോട്ടം വീഴുന്ന ഈ മനുഷ്യരെപ്പോലെ, ഞാനും സ്വതന്ത്രനായിരുന്ന ഭൂതകാലത്തെ കുറിച്ച് എനിക്ക് ഓർമ്മ വന്നു. ഇഖ്ബാലിന്റെ വാക്കുകൾ ഞാൻ ഓർത്തു.

ആത്താ ഹേ യാദ് മുഛ്കോ ഗുസ്രാ ഹുവാ സമാനാ
വോ ബാഗോം കീ ബഹാരേം, വോ സബ് കാ ചഹ്ചഹാനാ
ആസാദിയാം കഹാം വോ അബ് അപ്നെ ഘോസ്ലേ കീ
അപ്നീ ഖുഷീ സേ ആനാ അപ്നീ ഖുഷീ സേ ജാനാ
(പോയ കാലത്തിന്റെ ഓർമ്മകൾ എന്നിലേക്കെത്തുന്നു.
ആ പൂന്തോട്ടങ്ങളുടെ കാഴ്ചകൾ, ഏവരുടെയും പ്രോത്സാഹനങ്ങൾ
എവിടെ സ്വാതന്ത്ര്യം, അവനവന്റെ കൂട്ടിലാണിപ്പോൾ
അവനവന്റെ തോന്നലിൽ വരിക, അവനവന്റെ തോന്നലിൽ പോവുക)

Photo: Ritambhara Agarwal

ഈ ഒരു ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ ജയിലിൽ നിന്ന് വെർച്വലായാണ് ഇതുവരെ ഞങ്ങളുടെ കോടതി നടപടികളെല്ലാം നടന്നിരുന്നത്. പുറംലോകത്തു നിന്ന് പൂർണമായും വിച്ഛേദിക്കപ്പെട്ട് ഒരേയിടത്തിൽ പല മാസങ്ങൾ കഴിയേണ്ടി വന്നതോടെ കെണിയിൽ പെട്ടതു പോലെ തോന്നി എനിക്ക്. ഒരു മാറ്റം ഞാൻ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.

കോടതിയിലേക്കുള്ള യാത്രക്ക് ഒന്നര മണിക്കൂർ എടുത്തുവെന്ന് തോന്നുന്നു. കോടതിയിൽ, നടപടികൾ കൂടിയാൽ 30 മിനിട്ടുകൾ കൊണ്ട് പൂർത്തിയായി. താരിഖ് (കേസിന്റെ തീയതി) പൂർത്തിയായതോടെ, തിരികെ ജയിലേക്കു പോകാനായി എന്നെ വാനിൽ കയറ്റി. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം ഞാൻ അങ്ങേയറ്റം കൗതുകത്തോടെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു- അപരിചിതമായ ഒരു നഗരത്തിൽ ബസ് യാത്ര നടത്തുന്ന ഒരു വിനോദസഞ്ചാരിയെപ്പോലെ.

ഉച്ചയ്ക്ക് രണ്ട് മണിയോടെ എന്നെ തിഹാറിൽ തിരികെയെത്തിച്ചു. വൈകാതെ എന്റെ ജയിൽമുറിയിൽ ബന്ധിക്കുകയും ചെയ്തു. കുട്ടിക്കാലത്തെ പിക്നിക്കുകൾ പോലെ ജയിലിലേക്കുള്ള ആ "വിനോദയാത്രയും' പെട്ടെന്ന് തീർന്നുപോയതു പോലെ തോന്നി. വീണ്ടും തിഹാറിന്റെ ഉയർന്ന മതിൽക്കെട്ടുകൾക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന, വിരസമായ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.


2020 സെപ്തംബറിൽ തിഹാറിലേക്ക് കടന്നുവന്നപ്പോൾ ആദ്യം ഞാൻ ശ്രദ്ധിച്ചത് ഭയപ്പെടുത്തുന്ന ആ നിശബ്ദതയാണ്. ഒരിക്കലെങ്കിലും അതിനുള്ളിൽ വന്നിട്ടുള്ള ആരും ആ ഭയപ്പെടുത്തുന്ന നിശബ്ദതയെക്കുറിച്ച് പറയും. മാനം മുട്ടുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു പ്രേതനഗരത്തിൽ എത്തിപ്പെട്ടതു പോലെ തോന്നും. പൊലീസ് സ്റ്റേഷനിൽ നിന്ന് എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പൊലീസ് വണ്ടി അകത്തേക്ക് കടക്കുമ്പോൾ തന്നെ പുറംലോകത്തു നിന്നുള്ള ശബ്ദം പിൻവാങ്ങിത്തുടങ്ങിയിരുന്നു. നിശബ്ദത അതിനെ വിഴുങ്ങിത്തുടങ്ങിയിരുന്നു.

തിഹാർ ജയിൽ സമുച്ചയത്തിനുള്ളിൽ ഞങ്ങൾ എത്തിയെങ്കിലും എന്നെ പാർപ്പിക്കുന്ന ജയിലിലേക്ക് പിന്നെയും പോകാനുണ്ടായിരുന്നു. തിഹാർ വളരെ വലുതാണ്. തെക്കനേഷ്യയിലെ ഏറ്റവും വലിയ തടവറ. ഒൻപത് ജയിലുകൾ വെവ്വേറെയുണ്ട് ഉള്ളിൽ. ശൂന്യമായ ഒരു റോഡിലൂടെ കുറേ ദൂരം നീങ്ങിയ ശേഷമാണ് വണ്ടി രണ്ടാം നമ്പർ സെൻട്രൽ ജയിലിൽ എത്തിയത്. ഇവിടെയാണ് പൊലീസുകാർ എന്നെ ജയിൽ അധികൃതർക്ക് കൈമാറുന്നത്.

എന്നാൽ ആദ്യം ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ടായിരുന്നു. ഒരു ജാലകത്തിനു മുന്നിലെ വരിയിൽ, അതേ ദിവസം ജയിലിലേക്ക് എത്തുന്ന മറ്റു ചിലരുടെ പിന്നിൽ, ഞാനും നിന്നു. ആ ജാലകത്തിനപ്പുറത്ത് ഒരു ക്ലർക്ക് ഇരുന്ന് വിവരങ്ങൾ എഴുതിയെടുക്കുന്നുണ്ടായിരുന്നു.

""നാം? ബാപ് കാ നാം? കിസ് കേസ് മേം ആയേ ഹോ?''
(പേര്? അച്ഛന്റെ പേര്? എന്താണ് കേസ്?)

എന്റെയും പിതാവിന്റെയും പേര് പറഞ്ഞതിന് ശേഷം അയാളുടെ അവസാന ചോദ്യത്തിന് "യു.എ.പി.എ' എന്ന് ഞാൻ മറുപടി നൽകി. അയാൾ മുമ്പൊരിക്കലും അങ്ങനെയൊന്ന് കേട്ടിരുന്നില്ല. അതുകൊണ്ട് എനിക്ക് ചോദ്യം മനസിലായില്ലെന്ന് അയാൾ ധരിച്ചു.

""നഹീ, കോൻസീ ധാരാ ലഗീ ഹേ?''
(അതല്ല, ഏത് വകുപ്പാണ് ചുമത്തിയിരിക്കുന്നത്?)

""യു.എ.പി.എ''

""ക്യാ? ഢംഗ് സേ ബതാവോ''
(എന്താ, വ്യക്തമായിട്ട് പറയ്) അയാളുടെ ക്ഷമ നശിച്ചത് വ്യക്തമായിരുന്നു.

അപ്പോൾ എന്നെ ജയിലിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ പിന്നിൽ നിന്ന് മറുപടി പറഞ്ഞു. ""ദംഗേ കേ കേസ് മേം, സർ, ഡൽഹി ദംഗാ'' (കലാപത്തിന്റെ കേസാണ് സർ, ഡൽഹി കലാപം)

ഉമർ ഖാലിദ് / Photo: Roshmi

ഞാൻ വ്യക്തമായി മറുപടി നൽകാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടു തന്നെ ക്ലർക്ക് രജിസ്റ്ററിൽ അത് രേഖപ്പെടുത്തി. എന്നെ അറസ്റ്റ് ചെയ്തിട്ട് 11 ദിവസമായിരുന്നു. അതുവരെ ആരും എന്റെ മുന്നിൽ വെച്ച് അങ്ങനെയൊന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. കലാപത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിനെതിരെ കൊല്ലങ്ങളോളം ശബ്ദമുയർത്തിയിട്ടും കുറ്റത്തിന്റെ സ്ഥാനത്ത് "ഡൽഹി ദംഗ' എന്നെഴുതിയ ഒരു ചീട്ടുമായി ഞാൻ ജയിലിലേക്ക് കടന്നു ചെല്ലുകയാണ്. ആരോ അടിവയറ്റിൽ ആയത്തിൽ ഇടിച്ചതു പോലെയാണ് എനിക്ക് തോന്നിയത്.

പക്ഷെ വൈകാരികതകൾക്കുള്ള സമയമായിരുന്നില്ല അത്. കുറേക്കൂടി ആസന്നമായ ഭയം- ജയിലുകളെക്കുറിച്ച് ഞാൻ കേട്ടിട്ടുള്ളതിൽ നിന്ന് മനസിലായവ- എന്റെ മനസിനെ പിടികൂടി. എന്നെ എവിടെയായിരിക്കും ജയിൽ അധികൃതർ പാർപ്പിക്കുക. ജയിലിലെ പേടിപ്പെടുത്തുന്ന "ബ്ലേഡ്-ബാസി'യെക്കുറിച്ച് ഞാൻ കേട്ടിരുന്നു. ആവശ്യങ്ങൾ നടത്തിക്കൊടുത്തില്ലെങ്കിൽ ബ്ലേഡ് കൊണ്ട് വെട്ടുകയും മുറിക്കുകയും ചെയ്യുന്നവർ. അവർ എന്നെ പിടിച്ചു നിർത്തി അവരുടെ ആവശ്യങ്ങൾ- സാമ്പത്തികമായതു മുതൽ ലൈംഗികമായതു വരെയുള്ള ഏതുമാകാം- നിറവേറ്റിക്കൊടുക്കണമെന്ന് പറയുമോ? അറസ്റ്റിനു മുൻപ് മാധ്യമങ്ങൾ എന്നെക്കുറിച്ച് പറഞ്ഞുവെച്ചതൊക്കെ മനസിൽ വെച്ച് ജയിലിൽ വെച്ച് എന്നെ കൈകാര്യം ചെയ്യുമോ?

ഭാഗ്യത്തിന്, അങ്ങനെയൊന്നും സംഭവിച്ചില്ല. മറിച്ച്, എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ ജയിൽ അധികൃതർ പ്രത്യേക നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജയിലിനുള്ളിൽ ഞാൻ ഒരു "പ്രമുഖൻ' ആയിരുന്നു. മാധ്യമശ്രദ്ധ കിട്ടുന്ന കേസുകളിൽ ഉൾപ്പെട്ട ഒരാൾ. അത്തരത്തിലൊരാൾക്ക് ജയിലിൽ എന്തു സംഭവിച്ചാലും അതും വാർത്തയാകും. ജയിൽ അധികൃതരുടെ പിടിപ്പുകേടായി അത് വിലയിരുത്തപ്പെടും.

മറ്റുള്ള തടവുകാരിൽ നിന്ന് മാറ്റി എന്നെ ഒരു ഒറ്റപ്പെട്ട സെല്ലിൽ അടച്ചു. രണ്ട് ജയിൽ വാർഡൻമാരെ എന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചു. എന്റെ അറസ്റ്റിലേക്ക് കാരണമായ അതേ സംഗതി- മാധ്യമങ്ങളുടെ ആഭിചാരക്രിയകൾ- തന്നെ ജയിലിനുള്ളിൽ എനിക്ക് സുരക്ഷാകവചം തീർക്കുകയായിരുന്നുവെന്ന് എനിക്ക് മനസിലായി.

എന്നാൽ അത് പുതിയ ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് എനിക്ക് തുടർന്നുവന്ന ദിവസങ്ങളിലാണ് മനസിലായത്. മറ്റു തടവുകാരെപ്പോലെ, ജയിൽ മുറിയ്ക്കു പുറത്തുള്ള ചെറിയ വരാന്തയിലേക്ക് എന്നെ വിട്ടിരുന്നില്ല. മണിക്കൂറുകളോളം കേണപേക്ഷിച്ചാൽ ഒരു ദിവസം പത്തോ പതിനഞ്ചോ മിനിട്ട് ശുദ്ധവായു ശ്വസിക്കാൻ അനുവദിക്കും. മൂന്നാഴ്ച അത്തരത്തിൽ അടച്ചിടപ്പെട്ടതോടെ എന്റെ ധൈര്യം ചോർന്നുതുടങ്ങിയിരുന്നു. അടുത്ത വട്ടം കേസ് വിളിച്ചപ്പോൾ ഞാൻ അക്കാര്യം കോടതിയിൽ ഉന്നയിച്ചു. ജഡ്ജി ജയിൽ സൂപ്രണ്ടിനെ വിളിച്ചു വരുത്തിയിട്ട് എന്നെ അത്തരത്തിൽ കൂട്ടിലടച്ചിടരുതെന്ന് നിർദേശം നൽകി. അതോടെ എനിക്ക് ദിവസവും മൂന്നു മണിക്കൂർ കിട്ടാൻ തുടങ്ങി- രാവിലെ രണ്ടു മണിക്കൂറും രാത്രി ഒന്നും. അപ്പോഴും അത് മറ്റുള്ളവർക്ക് കിട്ടുന്നതിനേക്കാൾ ഏറെ കുറവായിരുന്നു. എങ്കിലും പീഡനം നിറഞ്ഞ മൂന്ന് ആഴ്ചകൾക്കു ശേഷമായതു കൊണ്ട് അതും എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അധികൃതരോട് സംസാരിച്ച് ഒരു മണിക്കൂർ കൂടി നേടിയെടുത്തു. കുറേ മാസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അൽപ്പം കൂടി സമയം നീട്ടിക്കിട്ടി.


ഴിഞ്ഞ 15 മാസങ്ങളായി ഇതാണ് ജീവിതം. അടിസ്ഥാനപരമായ ആവശ്യങ്ങൾക്കു പോലും ദിനവും വില പേശേണ്ടി വരുന്ന അവസ്ഥ. അത് പുസ്തകങ്ങൾക്കു വേണ്ടിയായാലും തണുപ്പകറ്റാനുള്ള തുണിയ്ക്കു വേണ്ടിയായാലും മുറിക്കു പുറത്തു നിന്ന് അൽപ്പം ശുദ്ധവായു ശ്വസിക്കാനായാലും. പോരാത്തതിന്, പാഴായി പോകുന്ന സമയങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പവും. "പുറത്തുള്ളവർ കരുതുന്നതു പോലെ ജയിലിലെ ജീവിതമെന്നാൽ അസംഖ്യം സംഘടനങ്ങളുടേതല്ലെന്ന്, മറിച്ച്, ദിനംപ്രതിയുള്ള വിരസതകളുടേതാണെന്ന്' കെനിയൻ എഴുത്തുകാരൻ ഗൂഗീ വാ തിയോങ്ങോ തന്റെ ജയിൽ കുറിപ്പുകളിൽ പറയുന്നുണ്ട്. രാവിലെ എണീക്കുന്നു, തിന്നുന്നു, വിസർജ്ജിക്കുന്നു, ഉറങ്ങുന്നു. ഓരോ ദിവസവും അങ്ങനെയങ്ങനെ. അതിനൊപ്പം എനിക്ക് വായന കൂടി ചേർക്കാൻ കഴിയും. കഴിഞ്ഞ 15 മാസങ്ങളിലെ എന്റെ ദിനരാത്രങ്ങളിൽ ഏറെയും വായനയ്ക്കു വേണ്ടിയാണ് ചെലവഴിച്ചത്.

ഗൂഗീ വാ തിയോങ്ങോ

പിന്നെയുള്ളത്, ഈ തടവ് എത്ര കാലം നീളുമെന്ന് അറിയാതിരിക്കുന്നത്. തടവറകൾ കുറ്റവാളികൾക്കു വേണ്ടിയാണ്, വിചാരണ നേരിടുന്നവർക്ക് വേണ്ടിയല്ലെന്ന് പറയപ്പെടാറുണ്ട്. പക്ഷെ ഇവിടെ ഞാൻ വിചാരണ തുടങ്ങുന്നതിനു മുൻപുതന്നെ 15 മാസത്തെ ജയിൽവാസം അനുഭവിച്ചുകഴിഞ്ഞു. ഇപ്പോൾ പോലും വിചാരണ ഉടനെയെങ്ങും തുടങ്ങുമെന്ന് തോന്നുന്നുമില്ല. രാഷ്ട്രീയ തടവുകാർക്ക് നേരിടേണ്ടി വരുന്ന ഈ പ്രത്യേക വിഷമഘട്ടത്തെക്കുറിച്ചും ഗൂഗീ വാ തിയോങ്ങോ തന്റെ ഓർമ്മപ്പുസ്തകത്തിൽ പറയുന്നുണ്ട്- സ്വതന്ത്രമാകാൻ ഇനിയെത്രകാലം എടുക്കുമെന്നറിയാതെ കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ച്. ഇക്കാരണത്താൽ, ഒരർത്ഥത്തിൽ കുറ്റവാളികളേക്കാൾ ദുരിതപൂർണമാണ് ഞങ്ങളുടെ അവസ്ഥ. അവർക്ക് അവരുടെ തടവുകാലം എത്ര നീളുമെന്ന് അറിയാം. അത് ദീർഘകാലത്തേക്കാണെങ്കിൽ കൂടി മാനസികമായി തയ്യാറെടുക്കാൻ അവർക്ക് കഴിയും. മറുവശത്ത്, ഞങ്ങൾക്ക് ഒരു മാസം കൊണ്ട് പുറത്തിറങ്ങാനാകുമോ, അതോ ഒരു വർഷമെടുക്കുമോ അതോ പത്തു വർഷം തന്നെ വേണ്ടി വന്നേക്കുമോ എന്നൊന്നും അറിയാത്ത അവസ്ഥയാണ്.

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയിൽ ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാർത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തിൽ നിന്നാകും പ്രതീക്ഷ തകർന്ന് നമ്മൾ വീഴേണ്ടി വരിക.


യിൽവാസികളെ ഇടക്കിടെ മാറ്റുന്നതും ഏകാന്ത തടവുകളുടെ നീണ്ട കാലങ്ങളും അടക്കം ജയിലിന്റെ പ്രവർത്തനയും ഘടനയും അതിനുള്ളിൽ മറ്റുള്ളവരുമായി അർത്ഥവത്തായ ബന്ധങ്ങളുണ്ടാക്കുന്നതിന് തടസമാകാറുണ്ട്. അക്കാരണം കൊണ്ട്, ജയിൽ വിശദീകരിക്കാനാകാത്ത ഒറ്റപ്പെടലിന്റെയും വ്യക്തിത്വരാഹിത്യത്തിന്റെയും അനുഭവം കൂടിയാകുന്നുണ്ട്. നൂറു കണക്കിന് തടവുകാർക്കൊപ്പം കഴിയുമ്പോഴും നമ്മൾ ഏകാന്തതയിലായിരിക്കും. കാരണം നമ്മൾ പ്രിയപ്പെട്ടവരിൽ നിന്ന് അകലെയായിരിക്കുമല്ലോ. പക്ഷെ ചില അനുഭവങ്ങൾ എന്നെ കൂടുതൽ ഒറ്റപ്പെടലിലേക്ക് തള്ളിവിട്ടിട്ടുണ്ട്. മുസ്‌ലിംകളെ കുറിച്ച് ഉള്ളിലുറഞ്ഞു പോയ മുൻവിധികളെയും മതവിദ്വേഷത്തെയും കുറിച്ചാണ് ഞാൻ പറയുന്നത്. മുസ്‌ലിംകൾക്കെതിരായ മതവിരോധവും മുൻവിധിയും മറ്റൊരിക്കലും ഇല്ലാത്ത വിധം ജയിലിൽ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.

ഒരുപാടു പേരുടെ മുന്നിൽ വെച്ച്, "നിങ്ങള് ഞങ്ങളെയൊക്കെ കാഫിറുകളായിട്ടല്ലേ കാണുന്നത്?' എന്ന് ചോദിച്ചുകൊണ്ട് ഒരാൾ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അടുത്തിടെ ടി-20 ലോകകപ്പിൽ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം മറ്റൊരാൾ പറഞ്ഞു- ""അരേ, കൽ തോ തുംഹാരീ ടീം നേ ഹമാരീ ടീം കോ ഹരാ ദിയാ'' (എടോ, ഇന്നലെ നിങ്ങളുടെ ടീം ഞങ്ങളുടെ ടീമിനെ തോൽപ്പിച്ചല്ലോ). എന്റെ പിതാവിന് എത്ര ഭാര്യമാരുണ്ടെന്നും അല്ലെങ്കിൽ ഞാൻ എത്ര പേരെ ഭാര്യമാരാക്കുമെന്നുമുള്ള ചോദ്യങ്ങൾ ഒന്നിലേറെത്തവണ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നിയാൽ ഉടൻ അവർ ന്യായീകരണം തുടങ്ങും, ""അരേ, ക്യാ ഗലത് ബോലാ, ആപ് ലോഗോ മേം തോ ഐസേ ഹീ ഹോതാ ഹേ നാ?'' (അതിനിപ്പോ തെറ്റായിട്ടൊന്നും പറഞ്ഞില്ലല്ലോ, നിങ്ങളുടെ ഇടയിൽ അങ്ങനെ തന്നെയല്ലേ നടക്കുന്നത്?)

ഒരു മുസ്‌ലിമിനെ ഒരു വലിയ ദേശീയതയുടെയോ ദേശാന്തര സംഘത്തിന്റെയോ ഭാഗമായാണ് എപ്പോഴും കാണുന്നതെന്ന് എനിക്ക് തിരിച്ചറിവുണ്ടായി. സ്വന്തമായ വ്യക്തിത്വം അവർക്ക് ഉള്ളതായി കാണില്ല. ഒരു മുസ്‌ലിമിനു നേരെയുണ്ടാകുന്ന പല ചോദ്യങ്ങളും പല പരാമർശങ്ങളും അവനെക്കുറിച്ചായിരിക്കില്ല, മറിച്ച് "ആപ് ലോഗ് '- നിങ്ങളുടെ ആൾക്കാരെ കുറിച്ചായിരിക്കും.

""അരേ, ആപ് ലോഗോ മേ തോ ഐസാ ഹോതാ ഹേ, നാ?''
(നിങ്ങളുടെ ഇടയിൽ ഇതൊക്കെ നടക്കുന്നതല്ലേ?)

""ആപ് നേ ക്യോം ഒവൈസി കെ ബാരേ മേം കുച് നഹീ ബോൽതേ?''
(ഒവൈസിയെക്കുറിച്ച് നിങ്ങളെന്താ ഒന്നും പറയാത്തത്?)

""യേ ആപ് ലോഗോ നേ ക്യാ കർ ദിയാ അഫ്ഗാനിസ്താൻ മേം?''
(അഫ്ഗാനിസ്താനിൽ നിങ്ങളിതെന്താ കാണിച്ചു വെച്ചിരിക്കുന്നത്?)

പലപ്പോഴായി ഞാൻ നേരിടേണ്ടി വന്നിട്ടുള്ള മേൽപ്പറഞ്ഞ ചോദ്യങ്ങളൊന്നും ബോധപൂർവം വെറുപ്പു കാണിക്കുന്നവരിൽ നിന്നോ വെറുപ്പ് ഒരു രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നവരിൽ നിന്നോ അല്ല. മറിച്ച്, അവയൊക്കെ സാധാരണക്കാരായ, ഇതൊഴിച്ചാൽ "നന്നായി പെരുമാറുന്ന' മനുഷ്യരിൽ നിന്നാണ്. സ്വന്തം ഭക്ഷണം പങ്കുവെയ്ക്കാൻ തയ്യാറാകുന്ന, ജയിലിലെത്തിപ്പെട്ടതിന്റെ കഥ പറയാൻ മനസുള്ള, നിയമകാര്യങ്ങളിൽ ഉപദേശം തേടാൻ തയ്യാറാകുന്ന ആളുകൾ. ഇതൊക്കെ കഴിഞ്ഞ്, അന്നത്തെ വാർത്തയെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെയൊന്നിലേക്ക് ചെന്നെത്തും- ""ഖാലിദ് ഭായി, നിങ്ങൾ എന്ത് പറഞ്ഞാലും ഇന്ത്യക്കെതിരെ കളിക്കുമ്പോൾ മുസ്‌ലിംകൾ പാക് ക്രിക്കറ്റ് ടീമിനൊപ്പം തന്നെയാണ്.''

""പാകിസ്താനൊപ്പം നിൽക്കുന്ന എത്ര മുസ്‌ലിംകളെ നിങ്ങൾക്കറിയാം?''- ഞാൻ തിരിച്ച് ചോദിക്കും

""ഞാൻ ആരെയും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പക്ഷെ പാകിസ്താനൊപ്പമാണെന്ന് എനിക്കറിയാമല്ലോ?';
അവർ പറയുന്നത് ശാശ്വത സത്യമാണെന്ന് വിശ്വസിക്കാൻ മാത്രം അടിയുറച്ചുപോയ മുൻവിധിയാണ് അവരിലുള്ളത്. മാത്രമല്ല, ഒരു ഘട്ടത്തിനപ്പുറം വാദപ്രതിവാദത്തിനു പോലും സാധ്യത നൽകാത്ത ധാർമ്മിക ബോധത്തിൽ നിന്നാണ് ഈ മുൻവിധി വരുന്നതു തന്നെ. നിശബ്ദതയിലേക്ക് പിൻവലിയുക മാത്രമാണ് ഒരേയൊരു വഴി. "വിധിയുമായുള്ള കൂടിക്കാഴ്ച' 70 വർഷങ്ങൾക്കിപ്പുറം നമ്മളെ ഇവിടെയാണോ എത്തിച്ചിരിക്കുന്നത്? ഇവരാണോ വിധിയുടെ കുട്ടികൾ?

ഉമർ ഖാലിദ് ജെ.എൻ.യുവിൽ നിരാഹാരസമരത്തിനിടെ / Photo: Anurag Vats

മുൻവിധിയോ മതവിദ്വേഷമോ വെറുപ്പോ ഒക്കെ ഞാൻ ആദ്യമായി കാണുകയാണെന്നല്ല പറഞ്ഞുവരുന്നത്. കഴിഞ്ഞ അഞ്ചുവർഷക്കാലമായി, ഭരണകൂടവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും എന്നിലെ "മുസ്‌ലിമത്വ'ത്തെ എന്നെത്തന്നെ തുടർച്ചയായി ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഇന്ത്യയിൽ മുസ്ലീങ്ങളുടെ സ്ഥാനമെവിടെയാണെന്നും ഓർമ്മപ്പിക്കുന്നു. പക്ഷെ ഇതുവരെ, വെറുപ്പ് അകലങ്ങളിൽ നിന്നാണ് വന്നിരുന്നത്. മിക്കപ്പോഴും ടിവിയിൽ നിന്നോ മൊബൈൽ സ്‌ക്രീനുകളിൽ നിന്നോ ഒക്കെ. വെറുപ്പ് അതിരു കടക്കുമ്പോൾ അത് ഓഫ് ചെയ്തു വെയ്ക്കാനുള്ള സാധ്യത എന്റെ മുന്നിലുണ്ടായിരുന്നു. എനിക്കു ചുറ്റുമുള്ളവർ- യഥാർത്ഥ ജീവിതത്തിൽ എനിക്കൊപ്പം സമയം ചെലവിടുന്നവർ- വെറുപ്പിൽ നിന്ന് എന്നെ സംരക്ഷിച്ചു പിടിച്ചിരുന്നു.

ജയിൽ ആ അകലം ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോൾ വെറുപ്പും മുൻവിധികളും അടുത്തുണ്ട്. എന്റെ കൺമുന്നിൽ. എന്നെ സംരക്ഷിച്ചു പിടിക്കാൻ ആരുമില്ല. വിശ്വസിക്കാൻ ആരുമില്ല.

എന്റെ പരിതസ്ഥിതികളിൽ ഒരിക്കലും കലി തോന്നരുതെന്ന്, നിശബ്ദതയുടെ നീണ്ട മണിക്കൂറുകളിൽ, ലോകാവസാനത്തിനു ശേഷമെന്ന പോലെയുള്ള ഏകാന്തതയിൽ, ഞാൻ എന്നോടു തന്നെ പറഞ്ഞുകൊണ്ടേ ഇരിക്കാറുണ്ട്. കലിയിലേക്ക് വീണു പോകാൻ എളുപ്പമാണ്. എന്നാൽ ദേഷ്യം ഗുണകരമായ ഒന്നും എന്നിൽ അവശേഷിപ്പിക്കില്ല. വെറുപ്പിന്റെയും വിഭാഗീയതയുടെയും കൂട്ടങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ നമ്മൾ തുടങ്ങിവെച്ച ഈ പോരാട്ടത്തിന് പ്രത്യേകിച്ച് ഗുണകരമാകില്ല അത്. കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും ഞാൻ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ചിലിയിൽ പിനോഷെ അധികാരത്തിലിരുന്ന വർഷങ്ങളിലത്രയും അയാൾക്കെതിരെ കോടതിയിൽ കേസ് നടത്തിയിരുന്ന ഒരു മനുഷ്യാവകാശ അഭിഭാഷകനെ കുറിച്ച് അടുത്തയിടെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. കേസുകളെല്ലാം തോറ്റു. എന്നാൽ പിനോഷെയുടെ പതനത്തിന് ശേഷം, മാനവികതയ്ക്കെതിരെ പിനോഷെ നടത്തിയ കുറ്റകൃത്യങ്ങളും ക്രൂരതകളും അയാൾക്കു മേൽ ചുമത്താൻ അഭിഭാഷകൻ കോടതിയിൽ നൽകിയ പരാതികൾ ഉപകരിച്ചു. ഇപ്പോൾ, വർഷങ്ങൾക്കിപ്പുറം ചിലിയിൽ ഒരു ഇടതുപക്ഷ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാൻ എന്നോടു തന്നെ പറയുന്നു- ഒരു സ്വേച്ഛാധിപതിയും എല്ലാക്കാലത്തേക്കുമായി വാഴില്ല. സത്യത്തെ മറച്ചുപിടിക്കാൻ അയാൾക്കാവില്ല. സ്നേഹത്തെ എല്ലാക്കാലത്തും ജയിക്കാൻ വെറുപ്പിന് കഴിയില്ല.

പിന്നെ, തണുപ്പുള്ള, നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളിൽ, പ്രിയപ്പെട്ടവളെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന ഉള്ളിൽ നിറയുമ്പോൾ, ഫൈസ് അഹ്‌മദ് ഫൈസ് ഇരുമ്പഴികൾക്കുള്ളിലിരുന്ന് എഴുതിയ വരികൾ എനിക്ക് ശക്തി പകരും.

ദിൽ സേ പൈഹാം ഖയാൽ കെഹ്താ ഹേ
ഇത്നീ ശീരീം ഹേ സിന്ദഗി ഇസ് പൽ
ജുൽമ് കാ സെഹർ ഘോൽനേവാലേ
കാമരാം ഹോ സകേംഗേ ആജ് നാ കൽ
ജൽവാ-ഗാഹ്-എ-വിസാൽ കീ ശമായേം
വോ ബുഝാ ഭീ ചുകേ അഗർ തോ ക്യാ
ചാന്ദ് കോ ഗുൽ കരേ തോ ഹം ജാനേ
(ദുർഭരണത്തിന്റെ വിഷം അവർ പാകം ചെയ്തെടുത്താലും
വിജയം അവരുടേതായിരിക്കില്ല
ഇന്നോ നാളെയോ അവർ ജയിക്കില്ല.
അപ്പോൾ പിന്നെ, പ്രണയികളുടെ മുറിക്കുള്ളിലെ
തീനാളങ്ങൾ അവർ കെടുത്തിയതു കൊണ്ടെന്ത്?
അത്രമേൽ കരുത്തുണ്ടെങ്കിൽ
നിലാവെളിച്ചം അവർ കെടുത്തട്ടേ.)

(The article was originally commissioned and published by Outlook India.)

Comments