ശരീരം വിൽക്കുന്നവരല്ല; സമരമാക്കിയവർ എന്ന് തിരുത്തി വായിക്കാം

ശരീരവും മനസ്സും കൊണ്ട് വ്യത്യസ്തരായ മനുഷ്യജീവന്റെ ഒരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. ഇരുട്ടിന്റ മറവിൽ തെറിവിളിച്ചും, വൈകൃതങ്ങൾക്ക് ഉപയോഗിച്ചും കീറിയെറിയാൻ ചുറ്റുമുണ്ട് മുഖംമൂടിയവർ. പിന്നി പറഞ്ഞ പഴംതുണി കെട്ടിന് സമാനമാണ് ഇവിടെ മനുഷ്യർ. അവരുടെ ദൈന്യതയിലേയ്ക്ക് നടത്തിയ യാത്രയാണിത്. 'ഡൽഹി ലെൻസ്' പരമ്പര തുടരുന്നു.

Delhi Lens

രാത്രി എട്ടുമണിയോടെയാണ് ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിലെത്തിയത്. ലക്ഷ്യത്തിലേക്കുള്ള യാത്രകൾക്കായി മനുഷ്യർ പലവഴിക്ക് ഒഴുകുന്നു. അവ്യക്തമായി അവരുടെയൊക്കെ ശബ്ദം കാതിൽ ഇരമ്പുന്നുണ്ട്. റിക്ഷക്കാർ യാത്രികരുമായി വിലപേശുന്നു. തർക്കങ്ങൾക്കൊടുവിൽ ഒരു തുകയ്ക്ക് ഇരുവരും ധാരണയിലെത്തി യാത്ര തുടങ്ങുന്നു. അവർക്കിടയിൽ ഭിക്ഷയാചിക്കുന്ന ചെറുബാല്യങ്ങളുണ്ട്. വിശന്ന് ഒട്ടിയ വയറിലേയ്ക്ക് കുഞ്ഞു കൈകൊണ്ട് തടവി ദയനീയമായാണ് യാചന. മറ്റു ചില കുട്ടികൾ ബലൂണുകൾ വിൽക്കാനുള്ള ശ്രമത്തിലാണ്. കാണുന്ന ആളുകൾക്ക് മുന്നിലേക്കൊക്കെ അവർ ബലൂണുകൾ നീട്ടുന്നുണ്ട്.

വലതുവശത്തെ ആളൊഴിഞ്ഞ നടവഴിയിലൂടെ മുന്നോട്ടു നടന്നു. പുറകിലെ തിരക്കിന്റെ ഇരമ്പം കുറഞ്ഞു. ഫോണിൽ പറഞ്ഞ സ്ട്രീറ്റ് ലൈറ്റിന് താഴെത്തന്നെ സജ്ന (യഥാർത്ഥപേരല്ല) ഉണ്ട്. വെളിച്ചത്തിൽ നിന്ന് അൽപ്പം മാറിയാണ് നിൽപ്പ്. പാതി വെളിച്ചത്തിൽ ശരീരം കാണാം. ബാക്കി പാതി ഇരുട്ടാണ്. ആ ഇരുട്ട് ഓരോ ട്രാൻസ്‌ജെൻഡറിന്റെയും ജീവിതത്തിൽ സമൂഹം നിർമ്മിച്ചു കൊടുത്തതാണ്.

Photo : pixahive.com

ചുവന്ന സാരിയിലെ ഗിൽറ്റുകൾ തിളങ്ങുന്നുണ്ട്. മുഖത്ത് തേച്ച ചായം വിയർപ്പിൽ പടർന്ന് കിടക്കുന്നു. ഇരുകയ്യിലും നിറയെ വളകൾ. ഇടതു തോളിൽ ഒരു ചെറിയ ബാഗ്. ഞങ്ങളെ കണ്ടതും ചുണ്ടിലെ റോസ് കളർ ലിപ്സ്റ്റിക്കിനുള്ളിൽ ചിരി വിടർന്നു. ചേർത്തു പിടിച്ചു കൊണ്ട് നേരിൽ കണ്ടതിന്റെ സ്‌നേഹം പങ്കുവച്ചു.

"വെളിച്ചത്തു നിന്നാൽ ആളുകൾ വന്നു ശല്യം ചെയ്യും അതാ ഇങ്ങോട്ട് മാറിനിന്നെ'. കൺമഷിയെഴുതിയ കണ്ണുകൾ പ്രത്യേക രീതിയിൽ വെട്ടിച്ചുകൊണ്ട് സജ്‌ന പറഞ്ഞു. വളരെ സാധാരണമായി. ആ ജീവിതത്തോട് ഏറെ പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ടവർ. ജീവിതം പറയാൻ തുടങ്ങിയപ്പോൾ കണ്ണു കലങ്ങി. രോഷവും വേദനയും കണ്ണിൽ നിന്ന് ഇറ്റിവീണു. മുഖത്തുതേച്ച ചായം കണ്ണീരിനൊപ്പം പടർന്നു. പൊടി മീശയും താടിയിലെ കുറ്റിരോമവും ചെറിയ വെളിച്ചത്തിൽ കാണാം.

തലതാഴ്ത്തി കയ്യിൽ ചുരുട്ടിവച്ച തൂവാലകൊണ്ട് മുഖം തുടച്ചു. ബാഗിൽ നിന്നെടുത്ത ചെറിയ പൗഡർ പാക്കറ്റ് പൊട്ടിച്ചു മുഖത്തിട്ടു. ""ഞങ്ങളുടെ ജീവിതം ഇനി കണ്ടറിഞ്ഞോ'', യാന്ത്രികമായി ചിരിച്ചുകൊണ്ട് റോഡിലേക്കിറങ്ങി. വാഹനകളിലേക്ക് നോക്കി വശ്യമായി ചിരിച്ചുകൊണ്ട് നിന്നു. പൊടുന്നനെ അവൾക്കു നേരെ ഒരു ബൈക്ക് വന്നു നിർത്തി. കീശയിൽ നിന്നു അൻപത് രൂപ എടുത്ത് നീട്ടിക്കൊണ്ട് ബൈക്കിൽ കയറാൻ പറഞ്ഞു. ആ പൈസ പോരെന്ന് പറഞ്ഞപ്പോൾ തെറി പറഞ്ഞുകൊണ്ട് അയാൾ പോയി. സജ്ന തിരിച്ചു വന്നു.

ശരീരവും മനസ്സും കൊണ്ട് വ്യത്യസ്തരായ മനുഷ്യജീവന്റെ ഒരോ ദിവസവും തുടങ്ങുന്നത് ഇങ്ങനെയാണ്. ഇരുട്ടിന്റ മറവിൽ തെറിവിളിച്ചും, വൈകൃതങ്ങൾക്ക് ഉപയോഗിച്ചും കീറിയെറിയാൻ ചുറ്റുമുണ്ട് മുഖംമൂടിയവർ. പിന്നി പറഞ്ഞ പഴംതുണി കെട്ടിന് സമാനമാണ് ഇവിടെ മനുഷ്യർ. അവരുടെ ദൈന്യതയിലേയ്ക്ക് നടത്തിയ യാത്രയാണിത്.

ചോരമണക്കുന്ന ഓർമ്മകൾ

ഹരിയാന പഞ്ചാബ് അതിർത്തി ഗ്രാമത്തിലാണ് സജ്ന ജനിച്ചത്. മൂന്നു മക്കളിൽ മൂത്ത കുട്ടിയാണ്. പരമ്പരാഗതമായി കൃഷിയാണ് കുടുംബത്തിന്റെ വരുമാന മാർഗ്ഗം. വീട്ടിലെ ഒഴിഞ്ഞ അരിപ്പാത്രം ആമാശയത്തെ എന്നും വെല്ലുവിളിച്ച കാലമാണത്. പാടത്ത് പണിയില്ലാത്ത സമയം മാത്രമാണ് പഠനം. ആൺകുട്ടികളുടെ വസ്ത്രങ്ങളോടും കളിപ്പാട്ടങ്ങളോടും അന്നേ വിരക്തിയാണ്. അമ്മയുടെ സിന്ദൂരമെടുത്ത് പൊട്ടുകുത്തികളിക്കുമ്പോൾ എല്ലാവരും ചിരിക്കും. കാലത്തിനൊപ്പം മനസ്സിനുള്ളിലെ സ്‌ത്രൈണതയും വളർന്നു. പിന്നീട് പൊട്ടുകുത്തുമ്പോഴും വളയിടുമ്പോഴും ആരും ചിരിച്ചില്ല. പകരം അടിയും ശകാരവുമായി.

ആൺ ശരീരത്തിലെ സ്ത്രീ മനസ്സ് ആരും തിരിച്ചറിഞ്ഞില്ല. എല്ലായിടത്തും ഒറ്റയായി ഗത്യന്തരമില്ലാതെയാണ് ഗ്രാമം വിട്ടോടിയത്. അന്നെത്ര വയസ്സായെന്നുപോലും അറിയില്ല. പക്ഷെ ഒന്നറിയാം, തന്റെ ഉള്ളിലെ സ്ത്രീ വളർന്ന് പൂർണ്ണതയെത്തിയിരുന്നു. സ്ത്രീകളുടേതായ വേഷവിധാനങ്ങളും ശീലമായി. മനസ്സുപറഞ്ഞ അവളിലേക്ക് ഓടിയടുത്തു എന്നതാണ് യാഥാർഥ്യം. ഡെൽഹിയിലേക്കുള്ള യാത്ര മുതൽ സജ്ന തിരിച്ചറിഞ്ഞതാണ് നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ ആഴം. അറപ്പോടെ തന്റെ ശരീരത്തിലേക്ക് നോക്കുന്നവരേയും മോശമായി സംസാരിക്കുന്നവരേയും ആ യാത്രയിൽ അനുഭവിച്ചു.

Photo : Wikimedia Commons

മഹാനഗരത്തിലേക്ക് നിരങ്ങി നിന്ന ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോഴെ മനസ്സിൽ ആധിനിറഞ്ഞു. നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ നടന്നു. കയ്യിൽ കരുതിയ ഒരു കുപ്പി വെള്ളമാണ് ആകെയുള്ള അന്നത്തെ അന്നം. ഇരുട്ടിയപ്പോൾ ആളൊഴിഞ്ഞ കടത്തിണ്ണയിൽ തലചായ്ച്ചു. എന്നാൽ ശരീരം തിരഞ്ഞെത്തിയവർ അവിടെ ഉറക്കിയില്ല.

ഭ്രാന്തമായ മനസ്സുമായി എങ്ങോട്ടെന്നില്ലാതെ നടന്നു. ആ വഴികളിലാണ് തന്നെപോലുള്ള ചിലരെ സജ്ന കണ്ടുമുട്ടുന്നത്. അവർക്കൊപ്പം കൂടാൻ മറ്റൊന്ന് ചിന്തിച്ചില്ല. പുതിയ ലോകമായിരുന്നു അത്. ശരീരവും മനസ്സും സമൂഹത്തിന്റെ വാർപ്പ് മാതൃകൾക്ക് പുറത്തായിപ്പോയ പത്തോളം മനുഷ്യർ. എല്ലാവരും ലൈംഗിക തൊഴിലാളികൾ. "അന്നത്തിന് മറ്റ് മാർഗ്ഗമില്ലാത്ത ഞങ്ങളെ പോലുള്ളവർ വേറെന്തു ചെയ്യാനാണ്' സജ്ന സ്വയം തെറി വിളിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

അന്നത്തിനയുള്ള പോരാട്ടങ്ങൾ

കൂടെയുള്ള പത്തുപേരും തീർത്തും വ്യത്യസ്തരാണ്. അവരിൽ ഒരാളാകാൻ ഏറെ പ്രയാസപ്പെട്ടു. വിശപ്പ് തീർക്കാൻ മുന്നിലെ വഴി ലൈംഗിക തൊഴിൽ മാത്രമായിരുന്നു. അതിനായി ബാക്കിയുള്ളവരും നിർബന്ധിച്ചു. ഒരിക്കലും അതിനോട് പൊരുത്തപ്പെടാൻ മനസ്സു വന്നില്ല. ദിവസങ്ങളോളം ഹോട്ടലിലും ചെറിയ കടകളിലും തൊഴിൽ തേടി ഇറങ്ങി. പരിഹാസത്തിനപ്പുറം ഒന്നും ലഭിച്ചില്ല.

മുഖത്ത് ചായം തേച്ച് വച്ചു കെട്ടിയ മാറിടവുമായി സജ്‌നയും ഒടുവിൽ ഇരുട്ടിലേക്കിറങ്ങി. ആദ്യ ദിവസംതന്നെ കീറിയെറിഞ്ഞ പഴംതുണി പോലായി. പിന്നീടങ്ങോട്ട് മരവിച്ച മനസ്സുമായി അതിന്റെ തുടർച്ചകൾ. രാവിലെ കണ്ടാൽ കാർക്കിച്ചു തുപ്പുന്നവർ ഇരുട്ടിൽ തേടിവന്നു. പലർക്കും കാമുകിയാണ്. വൈകൃത ചിന്തകളുടെ രതി നടത്താനുള്ള ശരീരം. എന്തിനോടും പൊരുത്തപ്പെടാമെന്ന മനസ്സ് തന്നത് രാത്രികളാണ്. എന്തിനെയും വെല്ലുവിളിക്കാനുള്ള കരുത്തും. പിന്നീട് ഇന്നുവരെ ഇരുട്ടിൽ നിന്ന് ജീവിതത്തെ പറിച്ചുനടാൻ സാധിച്ചില്ല.

Photo : Wikimedia Commons

ഒരിക്കൽ ശരീരം തിരഞ്ഞു വന്ന മനുഷ്യൻ ആവശ്യം കഴിഞ്ഞപ്പോൾ ക്രൂരമായി മർദിച്ചു. അവശനിലയിലാക്കിയ ശേഷം അർദ്ധരാത്രി റോഡിൽ ഉപേക്ഷിച്ചു. ""ചിലർ കാമം തീർക്കുന്നത് അങ്ങനെയാണ്'' സജ്ന രോഷത്തോടെ പറഞ്ഞു. ദിവസങ്ങളോളം നുറുങ്ങിയ എല്ലുമായി ആശുപത്രി വരാന്തയിൽ തള്ളിനീക്കി. കൈവിടാതെ ചേർത്തു പിടിക്കാൻ ശരീരം വിറ്റ കാശുമായി കൂട്ടുകാർ വരും. അവരാണ് അമ്മയുടെ സ്‌നേഹവും കുടുംബത്തിന്റെ കരുതലും തന്നത്. ജീവിതം അവസാനിപ്പിക്കാതിരിക്കുന്നത് ആ സ്നേഹത്തിന് മുന്നിലാണ്.

പ്രാണനെടുക്കുന്ന അവഗണന

നിയന്ത്രണം നഷ്ടമായ പായ്ക്കപ്പലുപോലെയാണ് ജീവിതം. ദിക്കും ദിശയുമറിയാതെ ഇരുട്ടിവെളുക്കുന്നു. സമൂഹത്തെക്കാൾ ക്രൂരമായ അവഗണനയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. യാതൊരു പരിരക്ഷയും ലഭിക്കാത്തതുകൊണ്ടാണ് തെരുവിൽ തുണിയഴിക്കേണ്ടിവരുന്നത്. വർഷങ്ങളായി ശേഖരിച്ചിരുന്ന സെൻസസ് ഡാറ്റയിൽ പോലും ട്രാൻസ്ജെൻഡർ വിഭാഗത്തെ അടയാളപ്പെടുത്തിയിരുന്നില്ല. അത്തരം കുറച്ചു മനുഷ്യർ ഉണ്ടെന്ന് ചിന്തിക്കാൻ 2011 വരെ ഭരണകൂടങ്ങൾക്ക് സമയമെടുത്തു. തൊഴിൽ, സാക്ഷരത, ജാതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് 2011 ഇൽ ശേഖരിച്ചത്. അതുപ്രകാരം 4.88 ലക്ഷം ട്രാൻസ്ജെൻഡർ മനുഷ്യർ ഇന്ത്യയിലുണ്ട്.

ട്രാൻസ്ജെൻഡേഴ്സിൻറെ അവകാശങ്ങളെക്കുറിച്ച് 2015 ൽ ഡി.എൽ.എസ്.എ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ നിന്ന്

ട്രാൻസ്ജെൻഡർ വ്യക്തികളുടെ പേരും ലിംഗഭേദവും മാറ്റുന്നതിനും ക്ഷേമത്തിന് അപേക്ഷിക്കാനുമായി പ്രത്യേക തിരിച്ചറിയൽ കാർഡുകളുണ്ട്. ഇത് നൽകാനുള്ള ഉത്തരവാദിത്തം ഭരണഘടനാ സ്ഥാപനങ്ങൾക്കാണ്. അപേക്ഷകൾ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ ജില്ലാ അധികാരികൾ നിർബന്ധമായും തിരിച്ചറിയൽ കാർഡുകൾ നൽകണമെന്നാണ്. എന്നാൽ ദേശീയ പോർട്ടലിലെ വിവരങ്ങൾ പ്രകാരം നൂറു കണക്കിന് അപേക്ഷകളാണ് മാസങ്ങളായി കെട്ടിക്കിടക്കുന്നത്. അധികാര വർഗത്തിന്റെ താൽപ്പര്യം വ്യക്തമാക്കുന്ന ചെറിയ ഉദാഹരണം മാത്രമാണത്.

പരിഗണന കാത്തുനിൽക്കുന്ന ഒരുപാട് ജീവനുകളിൽ ഒന്നുമാത്രമാണ് സജ്ന. അർദ്ധരാത്രിയും തെരുവിൽ അലയുന്നത് വിശന്ന വയറിന് ഉത്തരം നൽകാനാണ്. വെളിച്ചം വീഴും മുൻപേ അന്നത്തിനുള്ള വഴികണ്ടെത്തണം. ഇനിയും സജ്നയെ ബുദ്ധിമുട്ടിക്കാൻ ഞങ്ങളും തയ്യാറായില്ല. കലങ്ങിയ കണ്ണുകൾ തുടച്ചു വൃത്തിയാക്കി അവർ വീണ്ടും ചുണ്ടുകളിൽ ചിരി വരുത്തി. തലതാഴ്ത്തി വച്ചുകെട്ടിയ മാറിടം ശരിയാണെന്ന് ഉറപ്പാക്കി. അഗ്‌നി ഗോളമായ മനസ്സുമായി കുണുങ്ങിക്കൊണ്ട് റോഡിലേക്കു നടന്നു. കാലമവിടെ കരയാൻ സാധിക്കാതെ നിശബ്ദമായി....

ഡൽഹി ലെൻസ്​ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

Comments