ചിത്രീകരണം : ജാസില ലുലു

കാത്തുകാത്തിരുന്ന
​13-ാം വയസ്സിലെ കല്യാണം

അന്ന് 13-ാം വയസ്സിൽ കല്യാണം കണക്കുകൂട്ടുക മാത്രമായിരുന്നില്ല, വളരെയധികം ആഗ്രഹിക്കുകയും ചെയ്തതാണ്. ചീരുക്കുട്ടി എന്റെ കൈ നോക്കി പറഞ്ഞതല്ലേ, 13-ാം വയസ്സിൽ കല്യാണം ന്ന്. വീട്ടുകാരുടെയെല്ലാം മുന്നിൽവെച്ചുള്ള എന്റെ വെളിപ്പെടുത്തൽ ഉമ്മായ്ക്കും ഇഷ്ടമായില്ല.

ചെറിയ അലൂമിനിയ പെട്ടികൾ തൂക്കി രണ്ട് സ്‌കൂൾ വിദ്യാർഥികൾ ഇടവഴിയിലൂടെ നടന്നുപോവുകയാണ്. അന്നത്തെ "സ്‌കൂൾ ബാഗ്' ആയിരുന്നു ഈ അലൂമിനിയ പെട്ടി. അതിലൊന്ന് എന്റെ ഇക്കാക്കയാണ്. എന്റെ പെട്ടി കനം കൂടിയതിനാൽ അതുകൂടി ഇക്കാക്കയാണ് ചുമക്കുന്നത്. ഇടവഴിയിൽ വെള്ളമുണ്ട്. അത് ശ്രദ്ധിച്ച് ഇക്കാക്ക രണ്ടു കൈയിലും പെട്ടികൾ പിടിച്ചുനടന്നു. പിന്നിൽ കൈകൾ ഫ്രീയായതിനാൽ ഞാൻ രണ്ടു കൈയിലും കണക്ക് കൂട്ടുകയാണ്. എട്ടാം വയസ്സിൽ മൂന്നാം ക്ലാസ്, ഒമ്പതാം വയസ്സിൽ നാലാം ക്ലാസ്​- പുതിയ സ്‌കൂളിലേക്ക് ഇക്കാക്ക അടുത്ത കൊല്ലം മാറും. എനിക്കെപ്പോൾ പോകാൻ പറ്റും? പക്ഷെ കണക്കുകൂട്ടി വന്നപ്പോൾ 13 വയസ്സായി. പക്ഷെ 13-ാം വയസ്സിൽ എന്റെ കല്യാണമാണല്ലോ. അപ്പോൾ, പുതിയ സ്‌കൂളിൽ പോകേണ്ടിവരുമോ എന്നിങ്ങനെയായി സംശയങ്ങൾ.

13 വയസ്സിൽ കല്യാണമാണല്ലോ എന്ന എന്റെ ഉച്ചത്തിലുള്ള ആത്മഗതം കേട്ടപ്പോൾ ഇക്കാക്ക തിരിഞ്ഞുനോക്കി കണ്ണുരുട്ടി. അൽപം ദേഷ്യത്തിലാണ് ചോദിച്ചത്, "ആരാ പറഞ്ഞത് നിന്റെ കല്യാണമാണെന്ന്?'
എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. "ചീരുക്കുട്ടി', ഞാൻ നിസാരമായി ഉത്തരം പറഞ്ഞെങ്കിലും അത് വീട്ടിൽ വലിയ പുകിലായി. എന്താണിതിലിത്ര കാര്യം എന്ന് എനിക്കെത്ര ആലോചിച്ചിട്ടും പിടികിട്ടിയതുമില്ല. ഞാൻ ഉമ്മാനോടും അതു തന്നെ ചോദിച്ചു. ചീരുക്കുട്ടി എന്റെ കൈ നോക്കി പറഞ്ഞതല്ലേ, 13-ാം വയസ്സിൽ കല്യാണം ന്ന്. വീട്ടുകാരുടെയെല്ലാം മുന്നിൽവെച്ചുള്ള എന്റെ വെളിപ്പെടുത്തൽ ഉമ്മായ്ക്കും ഇഷ്ടമായില്ല. ഉമ്മയും എന്നെ വഴക്കുപറഞ്ഞു. എന്നാലത് എത്ര വർഷം കഴിഞ്ഞിട്ടും എന്നെ കളിയാക്കാൻ വീട്ടിലെല്ലാവരും ഉപയോഗിക്കുന്ന ചീട്ടായി മാറി. വിരലുമടക്കി വയസ്സെണ്ണും, 13 ആവുമ്പോൾ എന്റെ കല്യാണം എന്നു പറഞ്ഞ് കുട്ടികൾ പോലും കളിയാക്കി. ഞാൻ മുതിർന്നിട്ടും കളിയാക്കൽ നിർത്തിയില്ല. 13-ാം വയസ് കഴിഞ്ഞ് എനിക്ക് അപകടമൊന്നും പറ്റിയില്ല. പുതിയ സ്‌കൂളിൽ പുതിയ കൂട്ടുകാരും സന്തോഷങ്ങളും വികൃതികളുമായി ഞങ്ങൾ കൂടുമാറി.

സഫിയതാത്തയ്ക്ക് ഇഷ്ടമല്ലെങ്കിൽ എന്നെ കല്യാണം കഴിപ്പിച്ച് കൊടുക്കാം എന്നവർ ആലോചിക്കാത്തതിൽ എനിക്ക് വല്യ വിഷമം തോന്നിയിരുന്നു. എന്നോട് വീട്ടുകാർ സമ്മതം ചോദിച്ചാൽ പെട്ടെന്നുതന്നെ ഇഷ്ടമാണ് എന്ന് മറുപടി പറയാമെന്നും ഞാൻ ഉറപ്പിച്ചിരുന്നു.

ചീരുക്കുട്ടി പറഞ്ഞാൽ അത് പിഴക്കാറില്ല. കൈരേഖകൾ കള്ളം പറയില്ലെന്നാണ് ചീരുക്കുട്ടിയുടെ പക്ഷം. ഇത് ഞാൻ പറയുന്നതല്ല, രേഖകളാണ് പറയുന്നത് എന്നാണ് അവർ പറയാറ്. വളരെ ഗൗരവപ്രകൃതക്കാരിയായിരുന്നു ചീരുക്കുട്ടി. അപൂർവമാണവർ ചരിക്കുന്നതു തന്നെ. അവർ പറയുന്ന കാര്യങ്ങൾ ഗൗരവപൂർവം കാണാൻ അത് ഞങ്ങളെ പ്രേരിപ്പിച്ചു. ഉമ്മയുമായി അവർ വല്യ അടുപ്പമായിരുന്നു. ഉമ്മ പറഞ്ഞാലല്ലാതെ അവർ കൈ നോക്കാൻ കൂട്ടാക്കാറില്ല. അങ്ങനെ ഉമ്മയോടൊപ്പമിരുന്ന് ഒരു ദിവസം കൈ നോക്കി പറഞ്ഞതാണ്, എന്റെ കല്യാണത്തെക്കുറിച്ച്. വീട് മാറുന്നതിനെക്കുറിച്ചും അവർ പറഞ്ഞിരുന്നു. അത് അതുപോലെ നടന്നിരുന്നു. അവർ നടക്കാതെപോയ കാര്യങ്ങൾ പുനരാലോചന ചെയ്യാറുമുണ്ട്. അതുപോലെ അവർ ഉമ്മാനോട് ചോദിക്കും, അന്ന് അവൾക്ക് ഇവിടെ നിന്നൊരു കല്യാണം പറഞ്ഞിരുന്നില്ലേ? മറ്റൊരിടത്തുനിന്ന് വേറൊരു കല്യാണം പറഞ്ഞില്ലേ? നിങ്ങൾ നടത്താതിരുന്നതിന് ഞാനെങ്ങനെ ഉത്തരവാദിയാകും എന്ന മട്ടിൽ അവർ ചോദിക്കും. ഉമ്മ നിശ്ശബ്ദയാകും. മാത്രമല്ല, കുട്ടികളുടെ കൈരേഖകൾ വേണ്ടത്ര തെളിഞ്ഞിട്ടുണ്ടാവില്ല. അത് മാറിവരാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ തെളിയാതെപോയ, അങ്ങനെ ഗതിമാറിപ്പോയ, ഒരു കല്യാണാലോചനയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു എന്നുപറഞ്ഞാൽ മതിയല്ലോ.

ചീരുക്കുട്ടി കൈനോക്കുന്നത് എനിക്ക് വല്യ ഇഷ്ടമായിരുന്നു. അവർ എപ്പോഴും നല്ല കാര്യങ്ങൾ മാത്രമൊന്നുമല്ല പറഞ്ഞിരുന്നത്. എന്നാലും ഞാനെപ്പോഴും കൈനോക്കണമെന്നാവശ്യപ്പെട്ടു. അവർ വഴക്കുപറഞ്ഞാൽ അവരോട് പിണങ്ങി. ചിലപ്പോൾ അവർ വീട്ടിലെല്ലാവരുടെയും കൈകൾ നോക്കും. എല്ലാവരും വട്ടമിട്ടിരുന്ന് അത് ഗൗരവത്തോടെ കേൾക്കും. അതിൽ ചില കാര്യങ്ങൽ അവർ പരസ്യമായി പറയാൻ തയ്യാറാകാറില്ല. അത് മുതിർന്നവർക്കുള്ള രഹസ്യങ്ങളാണ്.

പുതിയ വീടെടുത്ത് മാറിയപ്പോഴും ചീരുക്കുട്ടി പറഞ്ഞു, ഇതല്ല നിങ്ങളുടെ വീട്, ഇനിയും മാറേണ്ടിവരുമെന്ന്. അതുകൊണ്ടാണ് പിന്നെയും വീടുമാറിയതെന്ന് ഉമ്മ വിശ്വസിച്ചിരുന്നു. സാരിയുടുത്ത് മുടി വട്ടത്തിൽ വൃത്തിയായി മുകളിൽ കെട്ടിവെച്ച് വലിയ ഉയരമില്ലാത്ത പ്രകൃതമായിരുന്നു ചീരുക്കുട്ടിയുടേത്. അവരുടെ ഗൗരവം കുട്ടികളെ അവരിൽ നിന്നകറ്റിയെങ്കിലും അവർ വരുന്നത് ഞങ്ങൾക്കെല്ലാം വല്യ കാര്യമായിരുന്നു. അവരവരെക്കുറിച്ച് കേട്ടുകൊണ്ടിരിക്കാം എന്നതായിരിക്കും ജ്യോത്സ്യത്തിൽ നമുക്ക് താത്പര്യം തോന്നുന്നതിന് കാരണം. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ജീവിതമുഹൂർത്തങ്ങളെക്കുറിച്ചും അവർ പറയും. അതെല്ലാം മുൻകൂട്ടി (ഭാവനയിൽ) കാണാനുള്ള / കേൾക്കാനുള്ള കൊതിയാവാം കാരണം. ഇത് എല്ലാവർക്കും ഒരുപോലെ ഉണ്ടാവുന്നതിൽ അത്ഭുതപ്പെടാനുമില്ല. ഇപ്പോഴും കാമ്പസുകളിൽ പെണ്ണുങ്ങളുടെ കൈരേഖ നോക്കി ഭാവി പ്രവചിക്കുന്ന പൂവാലൻമാർ കുറവല്ല.

ഇന്ന് ആറുവയസ്സുള്ള എന്റെ മകൾ എന്നോട് പറയുന്നത്, ""എനിക്ക് ഒന്നുകിൽ കല്യാണം കഴിക്കണം, അല്ലെങ്കിൽ ബർത്ത്‌ഡേ വേണം'' എന്നാണ്.

അന്ന് 13-ാം വയസ്സിൽ കല്യാണം കണക്കുകൂട്ടുക മാത്രമായിരുന്നില്ല, വളരെയധികം ആഗ്രഹിക്കുകയും ചെയ്തതാണ്. ഞങ്ങളുടെ വീട്ടിൽ ഞാൻ കണ്ട ആദ്യ വിവാഹം സഫിയതാത്താന്റേതായിരുന്നു. വല്യമ്മാവന്റെ മകളാണ് സഫിയതാത്ത. അവർ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കല്യാണം ഉറപ്പിച്ചതെന്ന് തോന്നുന്നു. നിക്കാഹാണ് ആദ്യം കഴിഞ്ഞത്. കാസി കാക്ക ദുബായ്​ക്കാരനായിരുന്നു. അന്നുമുതൽ സഫിയതാത്തയ്ക്ക് സമ്മാനങ്ങൾ വന്നുതുടങ്ങി. അന്ന് ഞങ്ങൾക്ക് അടുത്തുനിന്ന് കാണാൻ പോലും ഭാഗ്യമുണ്ടായിട്ടില്ലാത്ത മേക്കപ്പ് ബോക്‌സ്, ഭംഗിയുള്ള പാവാടത്തുണികൾ, ചിത്രങ്ങളുള്ള കുട, അങ്ങനെ പലതും. പാവാടയും ജംബറും ഒരേ തുണികൊണ്ട് തയ്​പിച്ച്​ സഫിയതാത്ത പിന്നീടെല്ലാ കല്യാണങ്ങൾക്കും ഞങ്ങളുടെ കുടുംബ ഫോട്ടോയിലും തിളങ്ങിനിന്നു. പക്ഷെ നിക്കാഹ് അവരുടെ ഇഷ്ടപ്രകാരമായിരുന്നില്ല എന്ന് എപ്പോഴും തോന്നിയിരുന്നു. എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഈ സമ്മാനങ്ങൾ പോലും അവരെ സന്തോഷിപ്പിക്കാത്തതെന്തെന്ന് ഞാൻ അത്ഭുതപ്പെട്ടു.

സഫിയതാത്തയ്ക്ക് ഇഷ്ടമല്ലെങ്കിൽ എന്നെ കല്യാണം കഴിപ്പിച്ച് കൊടുക്കാം എന്നവർ ആലോചിക്കാത്തതിൽ എനിക്ക് വല്യ വിഷമം തോന്നിയിരുന്നു. എന്നോട് വീട്ടുകാർ സമ്മതം ചോദിച്ചാൽ പെട്ടെന്നുതന്നെ ഇഷ്ടമാണ് എന്ന് മറുപടി പറയാമെന്നും ഞാൻ ഉറപ്പിച്ചിരുന്നു. അതൊന്നും ഉണ്ടായില്ല. നിക്കാഹ് കഴിഞ്ഞ് കാസി കാക്ക സമ്മാനങ്ങളുമായി വന്ന് ചില ദിവസങ്ങളിൽ വീട്ടിൽ പാർക്കും. ദുബായ്​ക്കാരന്റെ അവധി നോക്കി ഒരിക്കൽ കല്യാണവും കഴിഞ്ഞ് സഫിയതാത്ത പോയി. ഒറ്റപ്പാലത്തേക്കായിരുന്നു പോയത്. കല്യാണദിവസം പോലും സഫിയതാത്തയ്ക്ക് സന്തോഷമുണ്ടായിരുന്നില്ല. അവരുടെ കല്യാണദിവസം പോലും, എന്തുകൊണ്ട് ഈ കല്യാണം എനിക്ക് വേണ്ടിയായിക്കൂടാ എന്നെനിക്ക്​തോന്നിയിട്ടുണ്ട്. വീട്ടുകാർ അങ്ങനെ ആലോചിക്കുന്നില്ലല്ലോ എന്നായിരുന്നു എന്റെ വിഷമം. ഇപ്പോൾ ചിരിയാണ് വരുന്നതെങ്കിലും അന്ന് എല്ലാ പെൺകുട്ടികൾക്കും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം വിവാഹ സന്ദർഭമാണ് എന്ന തോന്നലുണ്ടാക്കാൻ ഞങ്ങളുടെ ഗൃഹാന്തരീക്ഷത്തിന് പറ്റിയിരുന്നു എന്നുതന്നെ തോന്നുന്നു. അതിന്റെ സൂചന കൂടിയാണിത്.

ഇന്ന് ആറുവയസ്സുള്ള എന്റെ മകൾ എന്നോട് പറയുന്നത്, (ഇപ്പോഴല്ല, കഴിഞ്ഞ കൊല്ലം വരെ) ""എനിക്ക് ഒന്നുകിൽ കല്യാണം കഴിക്കണം, അല്ലെങ്കിൽ ബർത്ത്‌ഡേ വേണം'' എന്നാണ്. നമ്മൾ കേന്ദ്രമാവുന്ന ആഘോഷങ്ങൾ തന്നെയാവാം അന്ന് കല്യാണമോഹം ഉണ്ടാക്കിയിരുന്നത്. ഇന്നത്തെ കുട്ടികൾക്ക് പിറന്നാളാഘോഷമുണ്ട്. അന്ന് ഞങ്ങൾക്കതും ഉണ്ടായിരുന്നില്ലല്ലോ. പുതിയ വസ്ത്രങ്ങളും മുതിർന്നവരുടെ ശ്രദ്ധയും ശുശ്രൂഷയും കിട്ടാൻ അതുതന്നെയാണ് മാർഗം എന്ന് കുട്ടികൾ കരുതിക്കാണും.

സഫിയതാത്ത അന്ന് മദ്രസയിൽ പഠിച്ചിരുന്നില്ല. വലിയമ്മാവൻ, ഹബീബ് റഹ്‌മാൻ വലിയ കമ്യൂണിസ്റ്റുകാരനായതിനാലാവാം മതപഠനത്തിന് വലിയ പ്രാധാന്യം കൊടുത്തില്ല. ദസ്ബി എടുത്ത് അള്ളാഹുവിന്റെ നാമങ്ങൾ ചൊല്ലുന്ന വല്ലിമ്മാനോട് ബാക്കാക്ക (അങ്ങനെയാണദ്ദേഹത്തെ ഞങ്ങൾ വിളിച്ചിരുന്നത്) ചോദിക്കും, ചോദിക്കുകകയല്ല, ദസ്ബി തട്ടിപ്പറിച്ച് അദ്ദേഹം വല്ലിമ്മ ചെയ്യുന്നതുപോലെ ഉള്ളംകൈയിൽ കോർത്തിട്ട് ഓരോ മണികൾ വിരലുകൾകൊണ്ട് നീക്കിക്കാണിച്ച് പറയും, ""നായനാര്, ജ്യോതിബസു എന്ന് ഉരുവിട്ടുകൊണ്ടിരുന്നൂടേ നിങ്ങൾക്ക്'' എന്ന്. വല്ലിമ്മ വികൃതി കാണിക്കുന്ന കുട്ടികളെ നേരിടുന്ന ഭാവത്തിൽ ബാക്കാക്കാനെ തല്ലാനോങ്ങും.

സഫിയതാത്തന്റെ കല്യാണം ഉറപ്പിച്ചശേഷം ആരൊക്കെയോ ചേർന്ന് അവരെ ഖുർആൻ ഓതാൻ കഷ്ടിച്ച് പഠിപ്പിച്ചു. ഭർതൃവീട്ടിൽ പോയാൽ ഖുർആൻ ഓതാൻ കഴിഞ്ഞില്ലെങ്കിൽ അവർ എന്ത് കരുതും എന്നതിനെക്കുറിച്ചായിരുന്നു വീട്ടിലെല്ലാവർക്കും വേവലാതി.

13-ാം വയസ്സിൽ ഞാനെന്റെ കല്യാണം കാത്തിരുന്നു. അന്ന് ആരെ കല്യാണം കഴിക്കണം എന്നത് അത്ര പ്രസക്തമായ ചോദ്യമായിരുന്നില്ല എന്നു തോന്നുന്നു. ഞാൻ ഇക്കാക്കാനെ തന്നെയാണ് കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നത്.

മതം പഠിപ്പിച്ച്, വഴങ്ങാൻ പഠിപ്പിച്ച്, പെൺകുട്ടികളെ കുടുംബത്തിന് പാകപ്പെടുത്തിയെടുക്കുന്നത് എങ്ങനെ എന്നതിന്റെ നേർസാക്ഷ്യമാണ് ഞാനിതിലൂടെ കണ്ടത്. പക്ഷെ പിന്നീടാരും വിവാഹത്തിന് ഇത്രയധികം എതിർപ്പ് പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല. തന്നേക്കാൾ എത്രയോ മുതിർന്ന ഭർത്താവിനെ സ്വീകരിച്ച മൈമൂന എന്ന എളാമയെപ്പോലും സന്തോഷത്തോടെയാണ് വിവാഹദിവസം കണ്ടത്. അവരുടെ വരൻ അന്ന് കോൺഗ്രസ് നേതാവായിരുന്ന ടി.കെ. ഹംസയായിരുന്നു. എന്റെ അമ്മായിയായിരുന്നു ടി.കെ. ഹംസയുടെ ആദ്യ ഭാര്യ. അവർ മരിച്ചശേഷമാണ് എളാമയെ കല്യാണം കഴിച്ചത്. അവരന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കല്യാണദിവസം വലിയ ചിരിയൊന്നും കണ്ടില്ലെങ്കിലും പിന്നീട് വീട്ടിൽ വന്നപ്പോഴെല്ലാം അവർ വളരെ സന്തോഷവതിയായി കാണപ്പെട്ടു. ഞങ്ങൾ കുട്ടികൾക്ക് അവർ പോക്കറ്റ് മണിയും സമ്മാനങ്ങളും തന്നു. ആദ്യമായി 10 രൂപയുടെ നോട്ട് എനിക്ക് സ്വന്തമായി കിട്ടുന്നത് അവർ തന്നിട്ടായിരുന്നു. അന്ന് ആകെ പരിഭ്രമിച്ചുപോയിരുന്നു. 10 രൂപ ഒരുമിച്ച് കണ്ട് അതുകൊണ്ട് സ്വന്തമാക്കാവുന്ന സാധനങ്ങളുടെ ഒരു തള്ളിക്കയറ്റം തന്നെ എന്റെ ഭാവനയിലുണ്ടായി.

അവർക്കുണ്ടായ മകൾക്ക് അദ്ദേഹം ആദ്യ ഭാര്യയുടെ പേരിട്ടുവളിച്ചു, ‘സാറ'. അങ്ങനെ വിവാഹം ഞങ്ങളുടെയെല്ലാം സ്വപ്‌നവും ആഘോഷവുമെല്ലാമായിരുന്ന കാലത്താണ് 13-ാം വയസ്സിൽ ഞാനെന്റെ കല്യാണം കാത്തിരുന്നത്. അന്ന് ആരെ കല്യാണം കഴിക്കണം എന്നത് അത്ര പ്രസക്തമായ ചോദ്യമായിരുന്നില്ല എന്നു തോന്നുന്നു. ഞാൻ ഇക്കാക്കാനെ തന്നെയാണ് കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നത്. "ബാബുകാക്ക ന്നെ കെട്ടൂലാന്ന് പറഞ്ഞ്' എന്നുപറഞ്ഞ് ഒരു ദിവസം ഞാൻ ഉറക്കെ കരഞ്ഞിരുന്നു. അങ്ങനെ അതും എന്റെ ബാല്യകാല വിഡ്ഢിത്തങ്ങളുടെ ലിസ്റ്റിൽ പ്രാധാന്യത്തോടെ സ്ഥാനംപിടിച്ചു.

അക്കാലത്ത് കല്യാണദിവസം എല്ലാ പെൺകുട്ടികളും കരയുക പതിവായിരുന്നു. കരഞ്ഞ്​ സ്വന്തം വീട്ടുകാരോട് കല്യാണപ്പെണ്ണ് യാത്രപറയുന്ന വൈകാരിക മുഹൂർത്തങ്ങൾ കല്യാണ ആൽബങ്ങളിൽ ഒരു പ്രധാന ഇനമായിരുന്നു. കല്യാണ സാരിക്ക് ചേർന്ന നിറമുള്ള ഒരു തൂവാലയും വിവാഹവസ്ത്രങ്ങളോടൊപ്പം ചെറുക്കന്റെ വീട്ടുകാർ കൊണ്ടുവരുമായിരുന്നു. അതുപിടിച്ച് കണ്ണീർ തുടച്ചുനീങ്ങുന്ന വധുക്കളുടെ ചിത്രം ഞാൻ ഏറെ കണ്ടിട്ടുണ്ട്. അത് കാണാനായി കല്യാണവീട്ടിൽ ആളുകൾ കൂടിനിൽക്കുന്നത് കണ്ടിട്ടുണ്ട്. വധു വീടുവിട്ടിറങ്ങുമ്പോൾ ഉറ്റവരോട് അനുവാദം ചോദിക്കുന്നത് ഒരു ചടങ്ങുപോലെയാണ്. മുതിർന്നവരോട് അവരിരിക്കുന്നിടത്തെത്തി അനുവാദം വാങ്ങും. ഈ മുഹൂർത്തമാണ് പൊട്ടിക്കരച്ചിലിൽ അവസാനിക്കുക. ചിലയിടത്ത് വീട്ടുകാരെല്ലാവരും ചേർന്നുള്ള കരച്ചിലായി മാറും. പിന്നെ പിന്നെ കരച്ചിൽ ചടങ്ങ് അവസാനിച്ചു. കെട്ടിപ്പിടിച്ച് യാത്രയാക്കുന്ന പലപ്പോഴും ചിരിച്ച്​ പടിയിറങ്ങുന്ന വധുക്കളിലെത്തി. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments