ചിത്രീകരണം : ജാസില ലുലു

വിരിക്കപ്പുറത്തുനിന്ന്​ നിക്കാഹ്​ വേദിയിലെത്തിയ പെണ്ണ്​

പഴയ ഗോത്രവംശ സങ്കൽപ്പങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്​ലാമിക ആചാരങ്ങളിലാവാം ഇപ്പോഴുള്ള നിക്കാഹ് രീതിയും ഉണ്ടായത്. വ്യക്തികളെന്ന നിലക്ക് പെണ്ണും ചെറുക്കനും വിവാഹിതരാവാൻ തീരുമാനമെടുക്കുമ്പോൾ, അങ്ങനെ ഒരു കാലഘട്ടത്തിൽ നിക്കാഹിന്റെ രീതികൾക്കും മാറ്റം വരേണ്ടേ?

നിക്ക് ഓർമ വെച്ചശേഷം വീട്ടിൽ ആഘോഷമായി നടന്ന കല്യാണം കുഞ്ഞാപ്പുകാക്കാന്റെയും കുഞ്ഞുകാക്കാന്റെയും ഒരുമിച്ചുള്ള കല്യാണമാണ്, രണ്ട് അമ്മാവന്മാർ ഒരേസമയമാണ്​ കല്യാണം കഴിച്ചത്. കോയകാക്ക എന്ന അമ്മാവന്റെ കല്യാണം അതിനുമുമ്പ് കഴിഞ്ഞിരുന്നെങ്കിലും അതത്ര വലിയ കാര്യമായിരുന്നില്ല, ഓർമയിൽ.

പക്ഷേ, വളരെ സ്‌നേഹത്തോടെ ഞങ്ങളെ പരിഗണിച്ച അമ്മായിയെ നല്ല ഓർമയുണ്ട്. വലിയ പാവാടയിട്ട് മേലകം മുഴുവനും ഓടിനടന്ന് അമ്മായി കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്റെ ഉമ്മയും അമ്മായിയുമൊക്കെയായി കഥകൾ പറഞ്ഞിരിക്കുന്ന അവർ ആരുടെയെങ്കിലും ചോദ്യങ്ങൾക്ക് പെ​ട്ടെന്ന്​ കൃത്യമായ മറുപടി കൊടുക്കുന്നത് കേട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ അവർ അധികകാലം ഞങ്ങളോടൊപ്പമുണ്ടായില്ല. അമ്മാവനുമായി അവർക്ക് അത്ര പൊരുത്തപ്പെട്ട് പോവാനായില്ല. പിന്നീട് വിവാഹമോചനത്തിന് തീരുമാനമെടുത്തപ്പോൾ അവർ പറഞ്ഞ ഒരു കാര്യം വീട്ടിലെല്ലാവരെയും വളരെ സങ്കടത്തിലാക്കി. കോയകാക്കാനെ പിരിയുന്നതിലല്ല എനിക്ക് സങ്കടം, ഉമ്മുതാത്താന്റെയും പൂതാത്താന്റെയും കൂടെ കുറേ കാലം കൂടി അവിടെ കഴിയാൻ ആഗ്രഹമുണ്ടായിരുന്നു എന്നർത്ഥം വരുന്ന തരത്തിലെന്തോ ആയിരുന്നു അത്.

കോയകാക്കാന്റെ കല്യാണമുറപ്പിക്കുമ്പോൾ അവർ ചോദിക്കുന്നത് ഞങ്ങൾ കേട്ടതാണ്. കാലിന് ചെറിയ പ്രശ്‌നമുണ്ട്, അത് കുഴപ്പമില്ലല്ലോ എന്ന്. വല്ലിപ്പ അതെല്ലാം നിസ്സാരമായി കണ്ടു.

അന്ന് കുറേയധികം അംഗങ്ങളുണ്ടായിരുന്ന വീട്ടിൽ അവരോടൊപ്പം ഇണങ്ങിപ്പോവുക എന്നതുതന്നെയായിരുന്നു വധുക്കളായി വരുന്ന പെൺകുട്ടികളുടെ ദൗത്യം. വല്ലിപ്പയും വല്ലിമ്മയും ഉണ്ടായിരുന്നതുകൊണ്ട് കാര്യങ്ങളെല്ലാം അവർ തീരുമാനിച്ചു. വിവാഹം ഉറപ്പിക്കുന്ന രീതി പോലും രസകരമായിരുന്നു. വിവാഹദല്ലാളായി ആണുങ്ങളും പെണ്ണുങ്ങളും വല്ലിപ്പാനെ കാണാൻ വരും. ആണുങ്ങൾ വെള്ള വസ്ത്രങ്ങളും തലയിൽകെട്ടും വലിയ കാലൻ കുടയും അടയാളങ്ങളായി സൂക്ഷിച്ചിരുന്നു. പഴയ ചില സിനിമകളിൽ കാണുന്ന പോലെ തന്നെയായിരുന്നു അവരുടെ നടപ്പും സംസാരരീതികളും.

കോയകാക്കാന്റെ കല്യാണമുറപ്പിക്കുമ്പോൾ അവർ ചോദിക്കുന്നത് ഞങ്ങൾ കേട്ടതാണ്. കാലിന് ചെറിയ പ്രശ്‌നമുണ്ട്, അത് കുഴപ്പമില്ലല്ലോ എന്ന്. വല്ലിപ്പ അതെല്ലാം നിസ്സാരമായി കണ്ടു. കോയകാക്കയും ഒരെതിർപ്പുമില്ലാതെയാണ് സ്വീകരിച്ചത് എന്നാണ് തോന്നിയത്. പിന്നീട് ഞങ്ങൾക്കറിയാത്ത കാരണങ്ങൾകൊണ്ടവർ പിരിഞ്ഞു. പെണ്ണിന് സ്‌കൂളിൽ ജോലിയുണ്ട്, വീട്ടിൽ വന്നാൽ സ്‌കൂളിൽ പണിക്ക് പോവുന്നതിന് കുഴപ്പമില്ലല്ലോ എന്നിങ്ങനെയുള്ള കാര്യങ്ങളും അവരന്വേഷിക്കും. വല്ലിപ്പ, ‘ശ്ശൊ, അതൊന്നും കുഴപ്പമില്ലെന്നേ’ എന്ന് മറുപടി കൊടുക്കും. അങ്ങനെ കുറേ കല്യാണാലോചനകൾക്കുശേഷം കുഞ്ഞാപ്പുകാക്കാന്റെ (അൻവർ) കല്യാണം ഉറപ്പിച്ചു. ഓരോ പെണ്ണിനെക്കുറിച്ചും ബ്രോക്കർമാർ ചോദിക്കുമ്പോൾ ഞങ്ങളോടൊപ്പം വന്ന് വീട്ടിൽ താമസിക്കാൻ പോവുന്ന പെൺകുട്ടികളെക്കുറിച്ച് ഞങ്ങൾ സ്വപ്‌നം കാണും. ഞാനും ഇഷയുമായിരുന്നു ഇത്തരം കാര്യങ്ങൾ കേൾക്കാൻ കൗതുകത്തോടെ വല്യപ്പാനോടൊപ്പം പോയിരിക്കുക. എന്തായാലും മുതിർന്ന രണ്ട് കൂട്ടുകാർ എന്ന നിലയ്ക്കാണ് ഞങ്ങൾ കാത്തിരുന്നത്. ചില സ്ത്രീകളും ബ്രോക്കർമാരായി വന്ന് സംസാരിക്കാറുണ്ടായിരുന്നു. അവരെ കണ്ട ഓർമയെക്കാൾ അതിനുശേഷം വല്ലിമ്മ ഉണ്ടാക്കിയ ബഹളമാണ് തെളിഞ്ഞുനിൽക്കുന്നത്.

മേലകത്തെ കട്ടിലിലിരുന്ന് വല്ലിമ്മ ആരോടെന്നില്ലാതെ പറഞ്ഞു, എത്രാള് വേണമെങ്കിലും വന്ന് കണ്ടോട്ടേ, പെണ്ണുങ്ങളെന്തിനാ വരുന്നത്. അവർ വല്ലിപ്പാന്റടുത്ത് അധിക സമയമിരുന്ന് സംസാരിക്കുന്നത് വല്ലിമ്മാക്ക് സഹിക്കാനായില്ല. പെണ്ണുങ്ങളും വരാന്തയിൽ വല്യപ്പാനോടൊപ്പമിരുന്നാണ് കല്യാണക്കാര്യം പറയുന്നത്. അതാണ് വലുമ്മാക്ക് പിടിക്കാതിരുന്നത്. അതിലെന്താണിത്ര കുഴപ്പമെന്ന് മനസ്സിലാവാതെ ഇതുകേട്ടുനിന്ന ഞങ്ങൾ കുഴങ്ങി. വല്ലിപ്പ അതിനെന്തൊക്കെയോ ഉച്ചത്തിൽ മറുപടി പറയുന്നുണ്ട്. പക്ഷേ അതെന്താണെന്നുപോലും ഞങ്ങൾക്ക് മനസ്സിലായില്ല.

കോയകാക്കാന്റെ ഭാര്യ മറിയുമ്മു അമ്മായി ഞങ്ങളോടൊപ്പം കുറച്ചുകാലമേ ഉണ്ടായുള്ളൂ എങ്കിലും എല്ലാ കാലത്തും ഞങ്ങളോടൊപ്പം കൂടാൻ പോവുന്ന അമ്മായിമാരെ ഞങ്ങൾ കാത്തിരുന്നു. കുഞ്ഞാപ്പുകാക്കാന്റെ കല്യാണം ഉറപ്പിച്ചത് സമീറയുമായാണ്. മഞ്ചേരിയിൽ നിന്ന്. എൻ. എസ്. എസ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ ഞങ്ങൾ ഫോട്ടോയിൽ കണ്ടു. എവിടെയോ ടൂർ പോയപ്പോൾ ഒരു ജപ്പാനീസ് പ്രതിമയോടൊപ്പം നിന്നെടുത്ത ഫോട്ടോ ആയിരുന്നു അത്. അവരുടെ നിക്കാഹ് മാത്രം ആദ്യം കഴിഞ്ഞു. നിക്കാഹ് കഴിഞ്ഞാൽ അത് മുസ്​ലിം ആചാരപ്രകാരം വിവാഹത്തിന് തുല്യമാണ്. പിന്നീട് ഈ പെൺകുട്ടിയുടെ ചുമതലകളെല്ലാം പുതിയാപ്ലയുടേതാണ്. നിക്കാഹ് കഴിഞ്ഞത് ഞങ്ങളറിഞ്ഞതുപോലുമില്ല. അതിനുശേഷം അവർക്കുള്ള ഭംഗിയുള്ള പാവാടത്തുണികളാണ് ഞങ്ങൾ കണ്ടത്. അത് അമ്മാവൻ ദുബായിൽ നിന്ന് കൊണ്ടുവന്നതായിരുന്നു. അതിൽനിന്ന് വിശേഷപ്പെട്ടത് ഉമ്മയും ആമയും അമ്മായിയും ചേർന്ന് പെണ്ണിനായി മാറ്റിവെച്ചു. അതിനുശേഷം ബാക്കിയുള്ളതാണ് ഞങ്ങൾക്ക് തിരഞ്ഞെടുത്തത്.

കൗതുകകരമായ അക്കാലത്തെ കാഴ്ചകളിൽ നിറഗർഭിണികളായ കല്യാണപ്പെണ്ണുങ്ങളും ഉണ്ടാവാറുണ്ട്. ഇണയെ ഇഷ്ടപ്പെട്ട് കൂടെ താമസിക്കാം എന്ന് തീരുമാനമെടുക്കുമ്പോൾ മാത്രമാണ് അവർ വിവാഹത്തിന് തയ്യാറാവുന്നത്.

അന്ന് അമ്മായിക്ക് എന്തെല്ലാം വസ്ത്രത്തോടൊപ്പം കൊണ്ടുപോയി എന്ന് എനിക്കറിയില്ല. പക്ഷെ പിന്നീട് മറ്റൊരു വീട്ടിൽ കുറച്ച് മുതിർന്നശേഷം പോയപ്പോൾ അവർ പെണ്ണിന് കൊണ്ടുപോവാനുള്ള പെട്ടി തുറന്നുകാണിച്ചു തന്നിരുന്നു. അതിൽ ഒരു പെൺകുട്ടിക്ക് ആവശ്യമുള്ള, കൗതുകം തോന്നുന്ന എല്ലാമുണ്ടായിരുന്നു. പൗഡർ, സ്‌പ്രേ, ലിപ്സ്റ്റിക്ക്, മേക്കപ്പ് സെറ്റ് എന്നിവയെല്ലാം. എത്രമാസത്തേക്ക് എന്ന് കണക്കാക്കി സാനിറ്ററി പാഡുകൾ പോലും അതിൽ കരുതിവെച്ചിരുന്നു. നിക്കാഹ് കഴിഞ്ഞവർക്ക് പലപ്പോഴും പുതിയാപ്ലയുടെ വക മണിയോർഡറുകളും വരാറുണ്ട്. ചിലപ്പോൾ നിക്കാഹ് കഴിഞ്ഞ് വർഷങ്ങൾക്കുശേഷമാവും ‘പുതുക്കം’ കൊണ്ടുപോവൽ. അത്തരം സന്ദർഭങ്ങളിലാവണം പണമയക്കുന്ന രീതിയും വന്നത്.

കൗതുകകരമായ അക്കാലത്തെ കാഴ്ചകളിൽ നിറഗർഭിണികളായ കല്യാണപ്പെണ്ണുങ്ങളും ഉണ്ടാവാറുണ്ട്. ഈ കാഴ്ച ഇപ്പോൾ ചില ഇംഗ്ലീഷ് സിനിമകളിലൊക്കെ സുപരിചിതമാണ്. ഇണയെ ഇഷ്ടപ്പെട്ട് കൂടെ താമസിക്കാം എന്ന് തീരുമാനമെടുക്കുമ്പോൾ മാത്രമാണ് അവർ വിവാഹത്തിന് തയ്യാറാവുന്നത്. ഒരു സിനിമയിൽ ഇങ്ങനെയൊരു ദൃശ്യമുണ്ടായിരുന്നു. ബാക്ക് ഷോട്ടിലാണ് വധുവും വരനും നടക്കുന്നത് ആദ്യം സിനിമയിൽ കാണിക്കുന്നത്. അത് കണ്ടപ്പോഴേ എന്താണ് പെണ്ണിങ്ങനെ നടക്കുന്നത് എന്ന് സംശയിച്ചിരുന്നു.
അടുത്ത ഷോട്ടിൽ ആകാംക്ഷ തീർന്നു. വലിയ വയറിന്റെ ആയാസം തന്നെയായിരുന്നു ആ നടത്തത്തിൽ. സിനിമയിൽ ഈ രംഗം കണ്ടപ്പോഴും ഓർത്തത് ചെറുപ്പത്തിൽ കണ്ട നാട്ടിലെ കല്യാണങ്ങളാണ്. അത്തരം കല്യാണങ്ങളിൽ അധികം ആൾക്കാർ ഉണ്ടാവാറില്ല. ചെറുക്കന്റെ വീട്ടിൽ നിന്ന് കുറച്ചുപേരെത്തി പെണ്ണിനെ ഒരുക്കിക്കൊണ്ടുപോകും. ‘പുതുക്കം’ എന്നാണ് ഇതിന് നാട്ടിൽ പറഞ്ഞിരുന്നത്. കല്യാണദിവസത്തെ വലിയ ചടങ്ങാണിത്. ചെക്കന്റെ വീട്ടിൽ നിന്ന് ‘പുതുക്കം’ കൊണ്ടുവരാൻ പോകും. പെണ്ണിന്റെ വീട്ടിൽ നിന്ന് ‘പുതുക്ക’ത്തിനൊപ്പം പോവും. കല്യാണത്തിനു പോയാൽ എവിടുന്നായാലും ചോദ്യമിതായിരിക്കും, ‘പുതുക്കം’ കൊണ്ടരാൻ പോണുണ്ടോ, ‘പുതുക്ക’ത്തിന്റെയൊപ്പം പോണുണ്ടോ എന്ന്​.

‘പുതുക്കം’ കൊണ്ടുവരാൻ പോവുക എന്നത് വലിയ അന്തസ്സുള്ള ഏർപ്പാടാണ്. അധികം ആൾക്കാർ പോവാത്തതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെട്ട ബന്ധുക്കൾ മാത്രമേ ഇതിൽ പങ്കെടുക്കൂ. അതിൽ സാരിയുടുപ്പിക്കാൻ കഴിയുന്നവർ, മുടി കെട്ടിക്കൊടുക്കാനും മെയ്ക്കപ്പിട്ട് ഒരുക്കി കൊടുക്കാനും കഴിയുന്നവർ. എന്നിങ്ങനെയുള്ള ടീമുകൾ നിർബന്ധമാണ്. ബന്ധുക്കളിൽനിന്ന് പലപ്പോഴും ഇത് പറഞ്ഞുറപ്പിക്കും. ഞാൻ ചെറുതായിരിക്കുമ്പോൾ അധികം സൗകര്യമില്ലാത്ത വീടുകളിൽ പെൺകുട്ടികൾ പരസ്യമായി തന്നെ ഉടുപ്പഴിച്ച് വസ്ത്രങ്ങൾ മാറുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. മുറിയിൽ നിറയെ സ്ത്രീകളുണ്ടാവും. അവരുടെയെല്ലാം മുന്നിൽ വെച്ച് സ്ത്രീകൾ ഒരു പ്രശ്‌നവുമില്ലാതെ ഉടുപ്പഴിച്ചിരുന്നു. പിന്നീട് കണ്ട ചില കല്യാണങ്ങളിൽ മാറ്റിക്കാൻ വരുന്നവർ വസ്ത്രങ്ങൾ വലിച്ചുപിടിച്ച് മറയുണ്ടാക്കി കൊടുക്കും. പിന്നീട് അറ്റാച്ച്ഡ് ബാത്ത്‌റൂമിൽ നിന്നോ മറ്റ് മുറികളിൽ നിന്നോ അവർ ആദ്യഘട്ട വസ്ത്രങ്ങൾ ഉടുത്തുവന്നു. ഇപ്പോൾ പലയിടത്തും ചെറുക്കന്റെ വീട്ടിൽ നിന്ന് മാറ്റിക്കാൻ ആളുവരാറില്ല. തലേദിവസം വസ്ത്രങ്ങൾ കൊണ്ടുപോയി കൊടുക്കും. ഒപ്പം, പെണ്ണിന്റെ വീട്ടിലെ മൈലാഞ്ചി കല്യാണത്തിന് അവർക്ക് പങ്കെടുക്കുകയും ചെയ്യാം.

‘പുതുക്കം’ പോവലും, ‘പുതുക്ക’ത്തിന്റൊപ്പം പോകലും അത്ര നിയന്ത്രണങ്ങളുള്ളതല്ല. പെണ്ണിനെ ഒരുക്കി ചെറുക്കന്റെ വീട്ടുകാർ കൊണ്ടുപോവുമ്പോൾ പെണ്ണിനെ അനുഗമിക്കുകയാണ് അത്. പണ്ട് അതിൽ പെണ്ണിന്റെ ഉമ്മയും, ഉപ്പയും ഒഴികെ ആർക്കും പോകാമായിരുന്നു. അവർക്ക് പിന്നീട് പ്രത്യേകമായൊരുക്കുന്ന അമ്മായിസൽക്കാരം ഉള്ളതുകൊണ്ടാവണം അവർ പോയിരുന്നില്ല. ബസുപോലുള്ള വലിയ വാഹനം ഇതിനായി പെൺവീട്ടുകാർ ഏർപ്പാടു ചെയ്യാറുണ്ട്. ഒപ്പം കാറുകളും, കല്യാണ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് മറ്റു വാഹനങ്ങളും ഏർപ്പാട് ചെയ്യും. ‘പുതുക്ക’ ബസുണ്ടെങ്കിൽ കുട്ടികൾ അതിൽ ആദ്യമേ ഇടംപിടിച്ചിരിക്കും. കാറിൽ പോകുന്നവർ സ്വന്തമായി വാഹനങ്ങളുള്ളവരോ പ്രത്യേകം ക്ഷണിക്കപ്പെട്ടവരോ ആയിരിക്കും.

പലർക്കും മതപരമായ ചടങ്ങുകൾ തന്നെ ഒഴിവാക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ മാറ്റം വരുത്താനുള്ള പരിശ്രമങ്ങൾ അധികം കണ്ടിട്ടില്ല.

‘പുതുക്ക’ത്തിന് പോകേണ്ടവരുടെ ലിസ്റ്റും പെൺവീട്ടുകാർ നേരത്തേ തയ്യാറാക്കും. അതനുസരിച്ച് കല്യാണം വിളിക്കുമ്പോഴേ അവർ പറയും, ‘പുതുക്ക’ത്തിന് പോണം എന്ന്. ചിലയാളുകൾ ഇത് നേരത്തേ പറഞ്ഞിട്ടില്ലെങ്കിൽ പോകാൻ കൂട്ടാക്കാറില്ല. പെൺവീട്ടുകാരുടെ ആൾക്കാരായി ചെറുക്കന്റെ വീട്ടിൽ ആദ്യമെത്തുന്നവരെന്ന നിലക്ക് ബന്ധുക്കൾ കഴിഞ്ഞാൽ നല്ല തിരഞ്ഞെടുപ്പ് ഇതിലുമുണ്ടാവാറുണ്ട്, ചില വീടുകളിൽ. മാ​ത്രമല്ല, ഇവർക്ക് പുതിയാപ്ലയുടെ വീട്ടിൽ ഭക്ഷണമൊരുക്കേണ്ടതുണ്ട്. അതിനാൽ വരുന്നവരുടെ കണക്ക് ആദ്യമേ കൊടുക്കണം. മലപ്പുറം ഭാഗങ്ങളിൽ അത്ര കൃത്യമായ കണക്കൊന്നുമുണ്ടാവാറില്ല. ഒരു ബസും അഞ്ച് കാറും എന്നിങ്ങനെയാണ് പറയാറ്. അതിനനുസരിച്ചുള്ള ഭക്ഷണം മാത്രമേ ഒരുക്കുകയുള്ളൂ. ഇതും വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചായിരുന്നു. ഉച്ചയോടെയാണ് എത്തുന്നതെങ്കിൽ ചോറ് തന്നെയാവും ‘പുതുക്ക’ക്കാർക്ക്​. മിക്കവാറും ബിരിയാണി അല്ലെങ്കിൽ നെയ്‌ചോറും കറിയും. വൈകുന്നേരമാണെങ്കിൽ ചായയും പലഹാരങ്ങളും, അല്ലെങ്കിൽ പത്തിരി പൊറോട്ട തുടങ്ങി വലിയ പാർട്ടിയുണ്ടാവും. ഇന്നത് ബ്രോസ്റ്റും സോഫ്റ്റ് ഡ്രിങ്ക്‌സും എല്ലാമടങ്ങുന്ന വലിയ പാർട്ടിയായി മാറിയിട്ടുണ്ട്.

‘പുതുക്കം’ കൊണ്ടുവരാൻ പോകുന്നവർ എണ്ണത്തിൽ കുറവായതിനാലും പുതിയാപ്ലയുടെ വീട്ടിൽ നിന്ന് ആദ്യമായി എത്തുന്ന അതിഥികളായതിനാലും അവർക്ക് നല്ല സ്വീകരണമാണ് ലഭിക്കാറ്. ഉച്ചഭക്ഷണമാണെങ്കിൽ തന്നെ അവർക്ക് പല സ്‌പെഷലുകളും ഒരുക്കും. അവർ പെണ്ണിനെ ഒരുക്കി അവളോടൊപ്പം ഭക്ഷണം കഴിച്ച് അവളെയും കൂട്ടി പോകുന്നു. മുമ്പുണ്ടായിരുന്ന കല്യാണങ്ങളിൽ പെണ്ണ് ഈ മാറ്റിക്കാൻ വന്ന സ്ത്രീകളോടൊപ്പം തന്നെയാണ് പോയിരുന്നതെങ്കിൽ പിന്നീട് ചെറുക്കനോടൊപ്പം കാറിൽ പോകുന്ന രീതി തുടങ്ങി. ആദ്യം അതിൽ പുതിയാപ്ലയുടെ പെങ്ങളോ അനുജനോ ഒക്കെയുണ്ടായിരുന്നു. ഇപ്പോൾ ചിലയിടങ്ങളിലെങ്കിലും അവർക്ക് മാത്രമായൊരു ട്രിപ്പാണ് ഒരുക്കുന്നത്. പണ്ട് ‘പുതുക്കം’ വന്ന ബസ് എത്തിയാലും പെണ്ണ് കയറിയിട്ടേ മറ്റുള്ളവർക്ക് കയറാൻ പാടുണ്ടായിരുന്നുള്ളൂ. അങ്ങനെ പലപ്പോഴും വരന്റെ വീടിനുമുന്നിൽ കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്.

നിക്കാഹ് നേരത്തേ കഴിഞ്ഞവരല്ലെങ്കിൽ പെൺവീട്ടിൽ വെച്ച് നിക്കാഹും നടക്കും. അതിൽ പെണ്ണിന് റോളൊന്നുമില്ല. അവളോട് സമ്മതം ചേദിക്കുന്ന ചടങ്ങുണ്ട്. അത് പലയിടത്തും പേരിനുമാത്രമായി ചുരുങ്ങും. പണ്ട് ഇത് വലിയ നിർബന്ധമായിരുന്നു എന്നുള്ള കഥകൾ കേട്ടിട്ടുണ്ട്. വിരിക്കപ്പുറം നിന്ന് സമ്മതം ചോദിക്കുന്ന മുസ്ല്യാർക്ക് കല്യാണപ്പെണ്ണിന്റെ മൂളൽ കേൾക്കണം. പെണ്ണിന് ഇഷ്ടമില്ലാത്ത കല്യാണമാണെങ്കിൽ ആരെങ്കിലും ഇപ്പുറം നിന്ന് അവളെ നുള്ളും. അപ്പോൾ വേദനിച്ച് അവൾ ആ എന്ന് നിലവിളിക്കുന്നതാണ് മുസ്ല്യാർ സമ്മതമായി എടുക്കുന്നത്. പിന്നീട് നിക്കാഹ് സ്റ്റേജിലേക്ക് മാറിയതോടെ ദൂരെയാണെങ്കിലും പെണ്ണും ഇത് നേരിട്ട് കാണുന്ന രീതി വന്നു.

അടുത്തിടെയുണ്ടായ നിക്കാഹ് ചടങ്ങുകളിൽ പെണ്ണും വേദിയിലിരുന്നത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ പലർക്കും പ്രചോദനമായി മാറിയതായും കാണാം.

അടുത്തിടെയുണ്ടായ നിക്കാഹ് ചടങ്ങുകളിൽ പെണ്ണും വേദിയിലിരുന്നത് വലിയ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ പലർക്കും പ്രചോദനമായി മാറിയതായും കാണാം. എങ്കിലും നിക്കാഹ് നടത്തുന്നത് ഒരു മുസ്ല്യാരുടെ കാർമികത്വത്തിൽ പുത്യാപ്ലയും പുതുപെണ്ണിന്റെ ബാപ്പയും തന്നെയാണ്. എന്റെ മകളെ ഇത്ര പവൻ മെഹറിന് അല്ലെങ്കിൽ എന്താണോ ചെറുക്കൻ മെഹറായി നിശ്ചയിക്കുന്നത് അതിനുപകരമായി ഞാൻ നിക്കാഹ് ചെയ്ത് ഹലാലായ ഇണയാക്കി തരുന്നു എന്നാണ് ബാപ്പ അവിടെ വെച്ച് ഉരുവിടുന്നത്. ചിലർ ഭൂമിയും ഖുർ ആൻ പോലുള്ള പുസ്തകങ്ങളും കൊടുക്കാറുണ്ട്. സാഹിത്യപുസ്തകങ്ങൾ കൈമാറിക്കൊണ്ടും ചില പുതിയ നിക്കാഹുകൾ നടത്തിയ വാർത്ത കണ്ടിരുന്നു.
പുതിയ പെണ്ണ് നിക്കാഹ് നടക്കുന്ന വേദിയിൽ വരെ എത്തിയെങ്കിൽ ഇനി നിക്കാഹ് നടത്തുന്നതും അവൾ തന്നെയാവാം എന്ന് തീരുമാനിക്കുന്ന കാലവും വരുമായിരിക്കും.

പലർക്കും മതപരമായ ചടങ്ങുകൾ തന്നെ ഒഴിവാക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും അതിൽ മാറ്റം വരുത്താനുള്ള പരിശ്രമങ്ങൾ അധികം കണ്ടിട്ടില്ല. പഴയ ഗോത്രവംശ സങ്കൽപ്പങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്​ലാമിക ആചാരങ്ങളിലാവാം ഈ നിക്കാഹ് രീതിയും ഉണ്ടായത്. വ്യക്തികളെന്ന നിലക്ക് പെണ്ണും ചെറുക്കനും വിവാഹിതരാവാൻ തീരുമാനമെടുക്കുമ്പോൾ, അങ്ങനെ ഒരു കാലഘട്ടത്തിൽ നിക്കാഹിന്റെ രീതികൾക്കും മാറ്റം വരേണ്ടേ? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments