എന്റെ വീട്ടിൽ മുമ്പുനടന്ന കല്യാണങ്ങളിൽ തന്നെ നിക്കാഹ് ഞാനൊരിക്കലും നേരിട്ട് കണ്ടിട്ടില്ല. അധികവും അത് പള്ളിയിൽ വെച്ചാണ് നടക്കാറ്. പെണ്ണിന്റെ സാന്നിധ്യവും ആവശ്യവുമില്ലാത്തതിനാൽ പള്ളിയിൽ ആണുങ്ങളുടെ ഒരു ചടങ്ങ് എന്ന പോലെയാണത് നടക്കാറ്. വീടുകളിൽ വെച്ചുള്ള നിക്കാഹിലും സ്ത്രീകൾ ആ പരിസരത്തേക്ക് അധികം പോകാറില്ല. അധികവും മുസ്‌ല്യാക്കന്മാരായിരിക്കും ചടങ്ങുകളിലുണ്ടാകുക. അതിനാൽ, സ്ത്രീകൾ ചിലപ്പോൾ ഒരു മറക്കപ്പുറം നിന്ന് കണ്ടാലായി. കല്യാണങ്ങൾ വീടുകളിൽനിന്ന് ഹാളുകളിലേക്ക് മാറിയപ്പോഴാണ് നിക്കാഹ് കുറെക്കൂടി പൊതുചടങ്ങായത്. സ്ത്രീകൾക്കുകൂടി കാണാവുന്ന ചടങ്ങായത്. കോഴിക്കോട്ട് ചിലയിടങ്ങളിൽ നിക്കാഹ് സ്വന്തം വീട്ടിൽവെച്ചല്ലെങ്കിൽ പോലും നിക്കാഹ് കഴിക്കുന്ന പെൺകുട്ടി വെള്ളവസ്ത്രങ്ങൾ ധരിക്കുകയും, നിർബന്ധമായും അനുഷ്ഠിക്കേണ്ടതല്ലാത്ത സുന്നത്ത് നമസ്‌കാരം നടത്തുകയും ചെയ്യും. നന്ദിസൂചകമായാണത്രേ ഈ നമസ്‌കാരം.
വിവാഹവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക കാഴ്ചപ്പാടിൽ വേറെയും കൗതുകകരമായ കാര്യങ്ങളുണ്ട്. ഒരിക്കൽ മൊഴി ചൊല്ലിയ സ്ത്രീയെ വീണ്ടും അയാൾക്കുതന്നെ നിക്കാഹ് ചെയ്യാം. അതിനുള്ള നിബന്ധനകളിലൊന്ന്, അവളെ അതിനുമുമ്പായി ഒരാൾ നിക്കാഹ് ചെയ്യുകയും അയാളുമായി ശാരീരികബന്ധമുണ്ടാകുകയും വേണം. അതായത്, ഒരു ദിവസമെങ്കിലും ഒരുമിച്ച് കഴിയണമെന്നാണ് വിശ്വാസം. ശേഷം അയാൾ മൊഴിചൊല്ലിയാൽ ആദ്യ ഭർത്താവിന് വീണ്ടും ഇവരെ നിക്കാഹ് ചെയ്യാം.
സ്ത്രീ- പുരുഷ ബന്ധം, അതിലെ വേർപരിയലിന്റെ വേദനകൾ ഒക്കെ സാഹിത്യത്തിലും സിനിമയിലും മാത്രം കാണാനാകുകയുള്ളൂ. നിത്യജീവിതത്തിൽ കേട്ടത്, ഇങ്ങനെയുള്ള ഹീറോയുടെ വമ്പൻ ഡയലോഗുകൾ മാത്രം.
സമാനസന്ദർഭമുള്ള ഒരു കഥ എൻ.പി. മുഹമ്മദ് എഴുതിയിട്ടുണ്ട്.
അതിൽ ആദ്യ ഭർത്താവിനെ വീണ്ടും കല്യാണം കഴിക്കാൻ ഇഷ്ടമില്ലാത്തതിനാൽ അവൾ ഇടക്കുവന്ന ഭർത്താവിനെ മൊഴിചൊല്ലുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു. പിന്നീട് അവൾ ഈ വിവാഹം നിലനിർത്താൻ ഒരു കൈയിൽ ഖുർആനുമായി നിസ്‌കാരക്കുപ്പായമിട്ട് ഒരേനിൽപ് നിന്നതായാണ് ആ കഥയിൽ പറയുന്നത് എന്നാണ് ഓർമ.
മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരാളെന്ന നിലയ്ക്ക് എൻ.പി. മുഹമ്മദിനെ മലയാള സാഹിത്യലോകം അടയാളപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, ഒരു കൈയിൽ ഖുർആനും പിടിച്ചുകൊണ്ട് ഇസ്‌ലാമിക നിയമങ്ങൾക്കകത്തുതന്നെയാണവർ സമരം ചെയ്തത് എന്ന കാര്യം, ഇതിൽ ആ പെൺകുട്ടിയെടുത്ത പ്രയത്‌നത്തെ ഇരട്ടിയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എൻ.പിയുടെ പരിഷ്‌കാരശ്രമങ്ങൾക്ക് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്ന് കേവലമായി പറഞ്ഞാൽ പോരാ. ഇസ്‌ലാമിൽ സ്ത്രീക്ക് അനുവദിക്കപ്പെട്ട കാര്യങ്ങൾ പോലും ഒരു സമരത്തിലൂടെ നേടിയെടുക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഖുർആനെ മുൻനിർത്തിയുള്ള സമരത്തിൽ മതമേധാവികളെ മുട്ടുകുത്തിക്കാനായി എന്നതാണ് ആ കഥയിൽ ആ പെൺകുട്ടി നേടിയ വിജയം എന്ന് ഞാൻ കരുതുന്നു.
മതം ഉപേക്ഷിച്ചുപോകാൻ എളുപ്പമാണ്. പക്ഷെ, അതിനകത്തുനിന്ന് വളരെക്കാലം തങ്ങളുടേതെന്ന് പുരുഷന്മാർ വിശ്വസിച്ച മതസംഹിതകൾക്കുവേണ്ടി അവകാശമുന്നയിക്കുകയാണ് ഇസ്‌ലാമിനകത്തുനിന്ന് പോരാടുന്നവർ ചെയ്യുന്നത്. അതായത്, തങ്ങൾ വിശ്വസിക്കുന്ന ഖുർആൻ കൊണ്ടുതന്നെ മതമേധാവികളോട് ഉത്തരം പറയുകയാണ് അവർ ചെയ്യുന്നത്. സമാനമായ സന്ദർഭമാണ് എൻ.പി. മുഹമ്മദ് കഥയിൽ അവതരിപ്പിച്ചത്.
നിക്കാഹിനേക്കാളധികം കോമഡി / ട്രാജഡി മൊഴിചൊല്ലലിലുണ്ടാകാറുണ്ട്. എന്റെ ഉമ്മ അവരുടെ ബന്ധത്തിൽ പെട്ട ഒരു ഉപ്പാപ്പ, ഉമ്മാമ്മയെ മൊഴിചൊല്ലാനുണ്ടായ കാരണം പറഞ്ഞത്, രസകരമായിരുന്നു. ഉമ്മാമ്മയുടെ അനുജത്തിയെ നിക്കാഹ് ചെയ്തയാൾക്ക് കുടുംബമഹിമ പോരെന്ന്. അയാൾ ചവിട്ടിയ വീട്ടിലേക്ക് കേറാൻ അഭിമാനം അനുവദിക്കാത്തതുകൊണ്ട് അദ്ദേഹം സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നു. പക്ഷെ, അന്ന്, വിവാഹമോചനം സ്ത്രീകൾക്കും വലിയ പ്രശ്‌നമായിരുന്നതായി കഥകളിൽ കാണുന്നില്ല. അവരും മറ്റ് വിവാഹങ്ങളിൽ ഏർപ്പെടുന്നത് സാധാരണമായിരുന്നു. പക്ഷെ, സ്ത്രീ- പുരുഷ ബന്ധം, അതിലെ വേർപരിയലിന്റെ വേദനകൾ ഒക്കെ സാഹിത്യത്തിലും സിനിമയിലും മാത്രം കാണാനാകുകയുള്ളൂ. നിത്യജീവിതത്തിൽ കേട്ടത്, ഇങ്ങനെയുള്ള ഹീറോയുടെ വമ്പൻ ഡയലോഗുകൾ മാത്രം.
-e6e6.jpg)
ഇതിന്റെ പേരിലുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങൾ വ്യാപകമായി പ്രചരിക്കുന്നില്ല എന്നതാകാം കാരണം. മുമ്പ്, ആരുടെ ഭാര്യയായിരുന്നു എന്നതും ഈ സ്ത്രീകളുടെ വിവാഹമാർക്കറ്റിലെ മൂല്യം കൂട്ടുന്നതിന് കാരണമായിട്ടുണ്ടാകും. പുരുഷന്മാർ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദനീയമായിരുന്നുവെങ്കിലും ചെറുപ്പത്തിൽ എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ മാത്രമാണ് അവൾക്ക് ‘ബാപ്പെട്ടി എളാമ' ഉണ്ടായിരുന്നത്. അവർ, ഉമ്മയുടെ അനുജത്തിയെ വിളിക്കുന്ന ‘എളാമ' എന്നുതന്നെയാണ് അവരെ വിളിച്ചിരുന്നത്. എന്റെ അറിവിൽ പെട്ടിടത്ത് മറ്റുകേസുകളില്ല എന്നു മാത്രമാണ് ഇതിനർഥം. പുരുഷന്മാർക്ക് ഒന്നിലധികം വിവാഹം ചെയ്യാൻ അവകാശമുണ്ട് എന്നത് പല സ്ത്രീകൾക്കും ഒരു അരക്ഷിതാവസ്ഥ പോലുമുണ്ടാക്കിയിരുന്നതായി തോന്നിയിട്ടുണ്ട്. ഒരിക്കൽ രണ്ട് ഭാര്യമാരുള്ള ഒരാളെക്കുറിച്ച് പറഞ്ഞപ്പോൾ, എന്റെ അമ്മായി സംശയം ചോദിച്ചു, അയാൾ വീട്ടിൽ വരുമ്പോൾ ഏത് ഭാര്യയെയായിരിക്കും ആദ്യം വിളിക്കുക എന്ന്. അമ്മായിയുടെ ഈ കുസൃതിച്ചോദ്യത്തിന് അമ്മാവന്റെ മറുപടി തമാശയായിത്തന്നെ ഇങ്ങനെയായിരുന്നു: ‘ഞാനൊരു കല്യാണം കഴിച്ച് അത് നേരിട്ട് കാണിച്ചുതന്നാലോ?'
അതോടെ, അമ്മായിയുടെ വായടഞ്ഞു. അവിടെ തമാശ തീർന്ന് ചെറിയ അസൂസയിലേക്ക് അത് വഴിമാറി. ഇങ്ങനെ, എപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ഭീഷണി പോലെയായിരുന്നു പുരുഷന്റെ ഈ അവകാശം.
എന്റെ ഗവേഷണത്തിനിടെ, ഞാൻ കണ്ട് രണ്ടുസ്ത്രീകളെങ്കിലും മൂന്ന് വിവാഹം കഴിച്ചവരായിരുന്നു. അതിലൊരു സ്ത്രീ പറഞ്ഞ കഥ കുറെക്കൂടി സങ്കീർണമായിരുന്നു.
സ്ത്രീകളെ സംബന്ധിച്ച് ഒന്നിലധികം വിവാഹം ഒരേസമയം പാടില്ല. അയാൾ / അയാളെ ഉപേക്ഷിച്ചാൽ വീണ്ടും വിവാഹം ചെയ്യാം. എന്റെ ഗവേഷണത്തിനിടെ, ഞാൻ കണ്ട് രണ്ടുസ്ത്രീകളെങ്കിലും മൂന്ന് വിവാഹം കഴിച്ചവരായിരുന്നു. അതിലൊരു സ്ത്രീ പറഞ്ഞ കഥ കുറെക്കൂടി സങ്കീർണമായിരുന്നു. അവരുടെ ഭർത്താവിന്റെ മരണശേഷം ഭർത്താവിന്റെ അനുജന്മാരെയാണ് അവർ കല്യാണം കഴിച്ചിരുന്നത്. ‘മാപ്പിള മരിച്ചതിനുശേഷം അമ്മായിഅമ്മ എന്നെ പോകാൻ സമ്മതിച്ചില്ല, അനിയനെക്കൊണ്ട് എന്നെ കെട്ടിച്ചു' എന്ന അർഥത്തിലാണവർ സംസാരിച്ചത്. ‘ഒടുവിൽ അദ്ദേഹത്തിന്റെ മരണശേഷം ചെറിയ അനുജനെയും കല്യാണം കഴിച്ചു. ഞാനിവിടെ വരുമ്പോൾ അവൻ ചെറുതായിരുന്നു. ഞാൻ ചന്തി കഴുകിക്കൊടുത്ത കുട്ട്യാണ്' എന്നുകൂടി കൂട്ടിച്ചേർത്ത് അവർ പൊട്ടിച്ചിരിച്ചു. ഭർത്താക്കന്മാർ എല്ലാവരും പോയിട്ടും ഞാൻ മാത്രം ബാക്കിയായി എന്നതായിരുന്നു അവരുടെ ദുഃഖം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.