ചോരയുടെ ചരിത്രമുള്ള മണ്ണിൽ ഈ സ്ത്രീകൾ ജീവിതം പടുത്തുയർത്തുന്നു

ഭരണകൂട ഏറ്റുമുട്ടലുകളും ഗോത്ര കലാപങ്ങളും പ്രതിസന്ധിയിലാക്കിയ സ്ത്രീ ജീവിതങ്ങളുടെ ബദലാണ് ഐമ കൈതൽ. കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല ഒരുകാലവുമെന്ന് അവർക്ക് നന്നായി ബോധ്യമുണ്ട്. ആ ബോധ്യങ്ങളിലാണ് ഇന്നവർ ഉറച്ച ജീവിതം പടുക്കുന്നത്. ആ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലേക്കാണ് ഡൽഹി ലെൻസ് ചെന്നെത്തിയത്. 'ഡൽഹി ലെൻസ്' പരമ്പര തുടരുന്നു

Delhi Lens

"ങ്ങൾ പോരാടി നേടിയതാണ് ഈ സ്വാതന്ത്ര്യം. അതിന്റെ ചൂട് ഓരോ സ്ത്രീയുടെ നെഞ്ചിലും കെടാതെയുണ്ട്'.
ഇവോദ നീളൻ മുടി പുറകിലേക്ക് ചുറ്റികെട്ടി. മുന്നിലെ ചെമ്പു പാത്രത്തിലേക്ക് കുട്ടയിൽ നിന്നും മീൻ ചെരിഞ്ഞു. ചെമ്പൻ നിറമുള്ള പുഴമീൻ പാത്രത്തിൽ നിറഞ്ഞു. ഒരു നീണ്ട നിരയാകെ മീൻ കച്ചവടക്കാരാണ്. വിൽപ്പനക്കാർ എല്ലാവരും സ്ത്രീകൾ. മീനിന്റെ വില വലിയ ഉച്ചത്തിൽ വിളിച്ചു പറയുന്നു. പലനിറത്തിലും വലിപ്പത്തിലുമുള്ള മീനുകൾ.

ഇവോദയാണ് മണിപ്പൂരിന്റെ സ്ത്രീജീവിതത്തിലേക്കുള്ള വഴി തുറന്നത്. അടുത്തുള്ള കച്ചവടക്കാരിയെ തന്റെ മീൻ കുട്ട കൂടെ നോക്കാൻ ഏൽപ്പിച്ച് എനിക്കൊപ്പം വന്നു. ഒരു വിൽപ്പനക്കാരിയുടെ അടുത്ത് വലിയ ആൾകൂട്ടം. നോക്കിയപ്പോൾ, ചെമ്പിൽ കറുത്ത ചെറിയ മീനുകൾ. അടുപ്പിലെ പുകചൂടേറ്റ് ഉണക്കിയ മീനുകളാണവ. വെയിൽ കുറവായതിനാൽ മീൻ ഉണക്കുന്നത് ഇപ്പോഴും പരമ്പരാഗത മാർഗങ്ങളിലാണ്. മണിപ്പൂരി കലർന്ന ഹിന്ദിയിൽ ഇവോദ പറഞ്ഞു.

രണ്ടു നിലകളുള്ള ഐമ കൈതൽ മാർക്കറ്റിൽ നാലായിരത്തോളം കച്ചവടക്കാരുണ്ട്. എല്ലാ ഭക്ഷ്യ വസ്തുക്കളും സുലഭമായി ലഭിക്കും. ആയിരകണക്കിന് മനുഷ്യർ മാർക്കറ്റിലാകെ ഒഴുകുന്നു. തിരക്കിന് ഓരം ചേർന്ന് ഇവോദക്ക് പുറകെ നടന്നു. സ്ത്രീകൾ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റാണ് എമ കൈതൽ. കച്ചവടത്തിലെ പുരുഷാധിപത്യത്തിന് വിലക്കു കൽപ്പിച്ച ഇടം.

ചുറ്റിലും സ്ത്രീ മുന്നേറ്റങ്ങളുടെ ശക്തമായ കാഴ്ചകളാണ്. മാർക്കറ്റും പരിസരങ്ങളുമെല്ലാം പൂർണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ. ബാക്കിയുള്ളവർ വെറും കാഴ്ചക്കാർ. വൈദേശീയ അധിനിവേശങ്ങളും ആഭ്യന്തര സംഘർഷങ്ങളും ആഴത്തിൽ ചോര വീഴ്ത്തിയ മണ്ണാണ് മണിപ്പൂരിന്റേത്. അത്രമേൽ നിവർന്നുനിന്നു ജീവിക്കാൻ അവരെ പാകപ്പെടുത്തിയതും ആ ചോരയുടെ ചരിത്രമാണ്. ഒൻപത് ജില്ലകളിലും പോരാട്ടങ്ങളുടെ വേര് ഒരുപോലെ ആഴ്ന്നുകിടക്കുന്നുണ്ട്.

വിസ്മയിപ്പിക്കുന്ന പ്രകൃതി രമണീയമായ ഇടംകൂടെയാണ് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ. എണ്ണമറ്റ കുളങ്ങളും അരുവികളും ഏഴോളം വലിയ പുഴകളാലും ജലസമൃദ്ധമാണ്. ആകെ വിസ്തീർണ്ണത്തിന്റെ 67% വനമാണ്. ആർദ്ര വനങ്ങളാലും പൈന്മര കാടുകളാലും ദൃശ്യ മനോരം. ഇംഫാലിന്റെ ഹൃദയത്തിലാണ് ഐമ കൈതൽ (അമ്മമാരുടെ മാർക്കറ്റ്). ഭരണകൂട ഏറ്റുമുട്ടലുകളും ഗോത്ര കലാപങ്ങളും പ്രതിസന്ധിയിലാക്കിയ സ്ത്രീ ജീവിതങ്ങളുടെ ബദലാണ് ഐമ കൈതൽ. ആ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലേക്കാണ് ഡൽഹി ലെൻസ് ചെന്നെത്തിയത്.

പ്രതീക്ഷയുടെ തുരുത്ത്

നാലുമക്കളുള്ള കർഷകനായ അച്ഛന്റെ വേവലാതിയാണ് പതിനേഴാമത്തെ വയസ്സിലെ വിവാഹത്തിലെത്തിയത്. വിദ്യാലയത്തിൽ നിന്നു വന്ന വൈകുന്നേരമാണ് ഇവോദ അയാളെ ആദ്യമായി കാണുന്നത്. അടുത്ത ദിവസം വിവാഹവും നടന്നു. ഏറെ പ്രിയപ്പെട്ട പാഠപുസ്തകങ്ങളോട് അന്ന് യാത്ര പറഞ്ഞതാണ്. പിന്നീട് ഒരിക്കലും അക്ഷരങ്ങൾ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. മൂന്നു മക്കളുമായി കുടുംബം നോക്കാത്ത ഭർത്താവിനെയും സംരക്ഷിക്കേണ്ട അവസ്ഥ വന്നു. രാപ്പകൽ തുച്ഛമായ തുകയ്ക്ക് കൃഷിപ്പണിചെയ്തു. ഒടുവിൽ ഭർത്താവിന്റെ അപകട മരണത്തിനും സാക്ഷിയായി.

നാല്പത്തിയെട്ടുകാരിയായ ഇവോദ അക്കാലത്തിനുള്ളിൽ എല്ലാ ദുരനുഭവങ്ങളുടെയും അനുഭവസ്ഥയായി. ജീവിതം വഴിമുട്ടിയപ്പോഴാണ് ഐമ കൈതൽ വാതിൽ തുറന്നത്. അന്നു മുതലാണ് ജീവിച്ചു തുടങ്ങിയത്. കച്ചവടത്തെ കുറിചുള്ള ആദ്യാവസാനം മുതിർന്ന സ്ത്രീകൾ പറഞ്ഞു കൊടുത്തു. വനിതാ കൂട്ടായ്മ മീൻ പാത്രങ്ങളും ഇരിക്കാനുള്ള സ്റ്റൂളും നൽകി. മനുഷ്യർ ചുറ്റിലും സഹായഹസ്തവുമായി നിരന്നു.

ജീവിതം പുതിയ ദിശയിലേക്ക് മുളപൊട്ടി വിടർന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ മാർക്കറ്റിലെ വനിതാ സംഘടന ഏറ്റെടുത്തു. ഉയർന്ന പഠനങ്ങൾക്കായി മക്കളിന്നു ഡൽഹിയിലാണ്. മാന്യമായി ജീവിക്കാനുള്ള വരുമാനം മീൻ കച്ചവടത്തിൽ നിന്നും കിട്ടുന്നുണ്ട്. പോരാട്ടങ്ങളുടെ ചോരകുതിർന്ന മണ്ണിൽ ഇന്നു നിറയെ പ്രതീക്ഷകളുടെ പച്ചത്തുരുത്തുകളാണ്.

ചരിത്രത്തിൽ വീണ പെണ്ണിന്റെ ചോര

ഓരോ സ്ത്രീജീവിതത്തിനും അത്രമേൽ കരുത്തു കൊടുക്കുന്നത് കടന്നു വന്ന വഴികളാണ്. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നിഴലിച്ചിരുന്ന മണ്ണാണ് മണിപ്പൂരിന്റേത്. ആ സംഘർഷങ്ങളാണ് ഓരോ കുടിലിലും ആയുധമെത്തിച്ചത്. സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ആയുധ പരിശീലനം അതാത് ഗോത്രങ്ങൾ നൽകി പോന്നു. ജീവനറ്റു വീഴുന്നതുവരെ ഗോത്രത്തിനു വേണ്ടി പോരാടാൻ അവർ സദാ സന്നദ്ധരായിരുന്നു.

ആ മനസ്സും കരുത്തുറ്റ ശരീരവുമാണ് ബ്രിട്ടീഷുകാർ മുതലെടുത്തത്. രണ്ടാം ലോക മഹായുദ്ധങ്ങൾക്കായി എണ്ണമറ്റ മണിപ്പൂരി പുരുഷന്മാരെയാണ് അവർ അണിനിരത്തിയത്. അന്നുപോയവരുടെ ജീവനറ്റ ശരീരം പോലും പിന്നീടു ഗ്രാമം കണ്ടിട്ടില്ല. അനാഥമായ കുടുംബങ്ങളുടെ വേദനയും ആരും കേട്ടില്ല. ആ വേദനകളാണ് കുടിലുകളിലെ സ്ത്രീജീവിതത്തെ പുറത്തെത്തിച്ചത്.

ജീവിക്കാനാവാത്ത വിധമുള്ള ബ്രിട്ടന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഗ്രാമങ്ങളെ പട്ടിണിയിലേക്കു കൂപ്പുകുത്തിച്ചു. കുടിലുകൾ വിശന്നു വലഞ്ഞു. ഒടുവിൽ രോഷംകൊണ്ടവ വിറച്ചു. വൈകാതെ ബ്രിട്ടന്റെ അസംഘ്യം അനീതികൾ സ്ത്രീകളെ തെരുവിലിറക്കി. പൊടുന്നനെയാണ് അതിനൊരു മുന്നേറ്റത്തിന്റെ കരുത്തു വന്നത്. കടലുപോലെ ആർത്തിരമ്പിയ സ്ത്രീകൾക്കുമുന്നിൽ ബ്രിട്ടൺ വിറച്ചു.

നൂപി ലാൻ (വനിത യുദ്ധം) എന്ന പേരിൽ അറിയപ്പെടുന്ന വലിയ പ്രക്ഷോഭത്തിലേക്ക് അതുവഴിവച്ചു. അന്നത്തെ പോരാട്ടങ്ങളുടെ ചൂടാണ് ലിംഗ സമത്വത്തിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കും ആ നാടിനെ ഉയർത്തിയത്. ഏതുശക്തിക്കുമുന്നിലും പതറാത്ത സ്ത്രീ മനസ്സിന് മുന്നിൽ കൈകൂപ്പി സുഭാഷ് ചന്ദ്രബോസ്സ് പറഞ്ഞത് മണിപ്പൂർ മണി രത്‌നമാണെന്നാണ്.

പോയകാലം ചിന്തിയ ചോരയുടെ ചരിത്രമാണ് ഇന്നാ ജനതയെ മുന്നോട്ട് നയിക്കുന്നത്. അവരുടെ കരുത്തും സ്വപ്നങ്ങളും നഷ്ടപ്പെടലിൽ നിന്നുണ്ടായതാണ്. കണക്കുചോദിക്കാതെ കടന്നുപോയിട്ടില്ല ഒരുകാലവുമെന്ന് അവർക്ക് നന്നായി ബോധ്യമുണ്ട്. ആ ബോധ്യങ്ങളിലാണ് ഇന്നവർ ഉറച്ച ജീവിതം പടുക്കുന്നത്.

കരുതലിന്റെ അടയാളം

ത്യാഗങ്ങളുടെയും പോരാട്ടത്തിന്റെയും ആത്മാവുകൊണ്ടാണ് ഐമ കൈതൽ മാർക്കറ്റിന്റെ ഓരോകല്ലുകളും പടുത്തത്. മണിപ്പൂരി സ്ത്രീകളുടെ ജാതകം മാറ്റിയ കരി നിയമങ്ങളാണ് ലല്ലപ് - കബ. ഈ നിയമം അനുസരിച്ച് പുരുഷന്മാരെ ആവശ്യാനുസരണം ഏതുരീതിയിൽ ഉപയോഗപ്പെടുത്താനും ഭരണകൂടങ്ങൾക്ക് സാധിക്കും. പലപ്പോഴും രാപ്പകൽ അടിമ ജോലികൾക്കും യുദ്ധങ്ങൾക്കും വരെ ഉപയോഗിച്ചു. വരാൻ സന്നദ്ധരല്ലാത്തവരെ കഠിനമായി ശിക്ഷിച്ചു.

കുടുംബങ്ങളിലും ഗ്രാമങ്ങളിലും പുരുഷസാന്നിധ്യം കുറഞ്ഞു. അതോടെ കുടുംബത്തിന്റെ തകർച്ച പൂർണ്ണമായി. വിളഞ്ഞ പാടങ്ങൾ കർഷകരില്ലാതെ തരിശ്ശായി. വിശന്നു ജീവനറ്റുവീഴുന്ന കുഞ്ഞുങ്ങൾക്കുമുന്നിൽ കരയാനാവാതെ നിൽക്കേണ്ടിവന്ന അമ്മമാരുടെ എണ്ണം വർദ്ധിച്ചു. മരവിച്ച മനസ്സാണ് പുതിയ ചിന്തകൾക്ക് വഴിവച്ചത്. കൂട്ടമായി അവർ പാടങ്ങളിലേക്കിറങ്ങി. അടുത്ത കാലത്തിനായി വിത്തെറിഞ്ഞു. മണ്ണാഴങ്ങളിലേക്ക് ഇറങ്ങിയ വിത്തുകൾ നൂറുമേനി തിരികെ കൊടുത്തു. ആ വിളകൾ വിൽക്കാൻ സ്ത്രീകൾതന്നെ മുന്നോട്ടുവന്നു. അത് ചെറുചന്തകളായി. ഐമ കൈതൽ എന്ന ചരിത്രത്തിലേക്ക് നടന്നത് ആ വഴിയാണ്.

മാർക്കറ്റുകളുടെ രാജ്ഞി എന്ന വിശേഷണവും ഐമ കൈയ്തലിനു സ്വന്തമാണ്. ഇരുനില കെട്ടിടത്തിൽ മൂന്നു ഭാഗങ്ങളാക്കി തിരിച്ചാണ് കച്ചവടം. തദ്ദേശീയമായ ഉൽപ്പന്നങ്ങൾക്ക് മാത്രമേ വിൽക്കാനുള്ള അനുമതിയുള്ളു. 2016 ഇൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മാർക്കറ്റിന് വലിയ കേടുപാടുകൾ സംഭവിച്ചു. എന്നാൽ പ്രതിസന്ധികളുടെ കടലാഴങ്ങൾ താണ്ടിയ മനുഷ്യർ കൂടുതൾ ഭംഗിയിൽ വീണ്ടും അതൊക്കെയും പടുത്തുയർത്തി.

അമ്മ മാർക്കറ്റ് എന്നാൽ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടം കൂടെയാണ്. പെൺകുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി വലിയതുകയാണ് ഓരോ വർഷവും സമാഹരിക്കുന്നത്. മാർക്കറ്റിനു പുറത്തുള്ള വലിയ ലോകത്തേക്ക് അടുത്ത തലമുറയെ എത്തിക്കാനാണ് ആ കരുതൽ. നാലായിരത്തോളം വരുന്ന സ്ത്രീ വ്യാപാരികളുടെ ക്ഷേമങ്ങൾക്കായും പ്രത്യേകം പദ്ധതികളുണ്ട്. അതു നിയന്ത്രിക്കുന്നതും സ്ത്രീകളുടെ തന്നെ യൂണിയനാണ്.

അവസാനിക്കാത്ത ചരിത്രം

തലമുറയെത്തന്നെ ഇല്ലാതാക്കുന്ന പ്ലാസ്റ്റിക്ക് എന്ന വിപത്തിന് മാർക്കറ്റിൽ സ്ഥാനമില്ല. പ്ലാസ്റ്റിക്ക് പൊതിഞ്ഞു വരുന്ന ഉൽപ്പന്നങ്ങളും എവിടെയും ലഭ്യമല്ല. നൂറുശതമാനം ആത്മാർത്ഥമായാണ് അവർ കാലത്തെ കാക്കുന്നത്. വർണ്ണാഭമായ പാക്കറ്റുകളിൽ പൊതിഞ്ഞ് ഉൽപ്പങ്ങൾ വലിയ തുകയ്ക്ക് വിൽക്കുന്ന വൻകിട കമ്പനികളോടുള്ള വെല്ലുവിളികൂടിയാണത്.

പ്രധാനമായും മാർക്കറ്റിലെത്തുന്നത് ഗ്രാമങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ധാന്യങ്ങളുമാണ്. കേരളത്തിലെ തെങ്ങ് കൃഷിപോലെ മണിപ്പൂരിൽ മത്സ്യകൃഷി സജീവമാണ്. വീടിനോട് ചേർന്നുള്ള ചെറിയ കുളങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. മിക്ക കുടുംബങ്ങളുടെയും ജീവിതമാർഗ്ഗമാണത്. എന്ത് തരം ഉൽപ്പനങ്ങൾ ആണെങ്കിലും മാർക്കറ്റിൽ നേരിട്ട് കൊണ്ടുവന്നു വിൽക്കാം. ഒരു കച്ചവടവും ഇടനിലക്കാരൻ വഴിയല്ല നടക്കുന്നത്.

കാർഷിക വിളകൾക്കാണ് ആദ്യ പരിഗണന. കൂടുതൽ സ്ഥലവും അത്തരം ഉല്പന്നങ്ങൾക്കാണ്. കച്ചവട സ്റ്റാളുകളിൽ മിക്കവയും പാരമ്പര്യമായി സ്ത്രീകൾ കൈമാറി പോരുന്നവയാണ്. വിവാഹം കഴിഞ്ഞ സ്ത്രീകളാണ് പ്രധാന കച്ചവടക്കാർ. വിൽക്കുന്ന സ്റ്റാളുകളും സ്ത്രീകൾക്കു മാത്രമേ വാങ്ങാൻ സാധിക്കു.

വ്യക്തി ജീവിതം പോലെ പ്രധാനപ്പെട്ടതാണ് അവർക്ക് ഓരോരുത്തർക്കും സാമൂഹ്യ ജീവിതം. വിലകയറ്റത്തിനെതിരെയും ഭരണകൂടങ്ങളുടെ കാടൻ നിയമങ്ങൾക്കെതിരെയും അവർ ഇപ്പോഴും പോരാട്ടത്തിലാണ്. ഇറോം ശർമിളയുടെ ജീവിതത്തിലൂടെ ആ നാടിനെ വരിഞ്ഞു മുറുക്കിയ നിയമങ്ങൾ ഏറെ ചർച്ച ചെയ്തതാണ്. പൊലീസിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പോലുള്ള കെടുതികൾ മനുഷ്യരുടെ വേരറുത്തിട്ടുണ്ട്. ആർമിക്കുമുന്നിൽ വിവസ്ത്രരായി നടത്തിയ പ്രതിഷേധവും ലോകം കണ്ടതാണ്. പൊള്ളുന്ന ജീവിത അനുഭവങ്ങളിലൂടെയാണ് അവരിന്നും കടന്നു പോകുന്നത്.

ഓരോ സ്ത്രീക്കും പറയാനുള്ളത് ആണധികാരത്തിന്റെ ക്രൂരതകളാണ്. അത്രമേൽ പ്രതിസന്ധി തീർത്തിട്ടുണ്ട് പുരുഷവർഗ്ഗം. ആ ആധിപത്യ ബോധത്തിന്റെ ബദലാണ് ഐമ കൈതൽ. നടക്കുന്നതിനിടെ ഇവോദ അവസാനിക്കാത്ത ചരിത്രം എണ്ണമിട്ടു പറഞ്ഞുകൊണ്ടിരുന്നു ഞങ്ങളും ആ ചരിത്രത്തിനൊപ്പം നടന്നു..

ഡൽഹി ലെൻസ്​ പരമ്പരയിലെ മറ്റ് ലേഖനങ്ങൾ വായിക്കാം

Comments