കേരളത്തിൽ വമ്പിച്ച ക്രിസ്ത്യൻ- മുസ്ലിം സംഘർഷം സൃഷ്ടിക്കാൻ വർഗീയവാദികൾ ഭീകരാക്രമണതുല്യമായ ശ്രമം നടത്തുന്നുണ്ടെന്ന് സക്കറിയ. കേരളത്തിന്റെ അടിത്തറയെത്തന്നെ ഇളക്കിയേക്കാവുന്ന ഈ ഭീകരതയെ പിന്തുണയ്ക്കുന്ന കൂലിപ്പട്ടാളക്കാർ ക്രിസ്ത്യാനികൾക്കിടയിലും മുസ്ലിംകൾക്കിടയിലും പ്രവർത്തിക്കുന്നുണ്ട്; പ്രത്യേകിച്ച് ചില ക്രൈസ്തവ പുരോഹിതന്മാർ. ഇത് നമ്മെ ഒരു വമ്പിച്ച ആപത്തിലേക്കെത്തിക്കാൻ വഴിയുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ ഇതിനെ ഇതുവരെ ഏറ്റെടുത്ത് എരിയുന്ന തീയിൽ എണ്ണയൊഴിക്കുന്നില്ല എന്നതാണ് താൽക്കാലികമായ രജതരേഖ- ട്രൂ കോപ്പി വെബ്‌സീനിന്റെ പുതിയ പാക്കറ്റിൽ കമൽറാം സജീവുമായി നടത്തിയ അഭിമുഖത്തിൽ സക്കറിയ പറയുന്നു.
നിർഭാഗ്യവശാൽ ഇത്രമേൽ ആപത്ക്കരവും സർവനാശകരവുമായ ഒരു പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനെ കേരളത്തിലെ രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും ഭരണകൂടവും ഒട്ടനവധി ബുദ്ധിജീവികളും അതിനെ അവഗണിക്കുകയാണെന്ന് സക്കറിയ പറയുന്നു.
‘‘ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽക്കൈ സൃഷ്ടിക്കുന്നത് മാരക വിപത്തുകളാണ്. ആസൂത്രിതമായി വർഗീയവിഷം നിറച്ച പ്രചാരണങ്ങളും പ്രതികരണങ്ങളും അതിൽ നിറയുന്നു. മലയാളികളുടെ ഈ കൊച്ചുദ്വീപിനെ എന്നന്നേക്കുമായി തകർക്കാൻ വർഗീയ വിഷജീവികൾ സോഷ്യൽ മീഡിയയിൽ നിരന്തര പരിശ്രമം നടത്തുകയാണ്. അതിനിരയാകാൻ തയാറായി നിൽക്കുന്ന മൂഢരായ വ്യക്തികളും ധാരാളം. ഇടതുപക്ഷത്തിന്റെ സൈബർ പട്ടാളക്കാരുടെ സാംസ്‌കാരിക വിലയിടിവിനേക്കാൾ ഞാൻ ഭയപ്പെടുന്നത് വർഗീയവാദികളുടെ കൂസലില്ലാത്ത വിഷം വമിക്കലുകളെയാണ്.''
‘‘പ്രബലരായ ബി.ജെ.പി ഇതര രാഷ്ട്രീയശക്തികൾ പല സംസ്ഥാനങ്ങളിലും ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ ഒരു തുറന്ന സ്വേച്ഛാധിപത്യം എന്തു പേരിലാണെങ്കിലും പ്രായോഗികമാണോ എന്ന് സംശയിക്കണം. മോദിയുടെ വളർച്ചക്കുമുന്നിൽ എല്ലാം കൈവിട്ടുപോയി എന്ന പ്രതീതി ശക്തമായിക്കൊണ്ടിരുന്നപ്പോഴാണ് ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും സംശയലേശമില്ലാത്ത നിർണായകമായ പ്രതിരോധം ഉയർന്നുവന്നത്. സംഘപരിവാറിന്റെ ഇന്ത്യാസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മോദി എത്രമാത്രം പര്യാപ്തനാണ് എന്നുസംശയിക്കണം. കാരണം, മോദിക്ക് മോദി മാത്രമേയുള്ളൂ.''
ഇടതുപക്ഷവുമായുള്ള ബന്ധത്തെയും സക്കറിയ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്: ‘‘ഞാൻ എല്ലാ ഭരണകൂടങ്ങളുടെയും പ്രതിപക്ഷത്ത് നിൽക്കുന്നവനാണ്. നാളെ സാഹിത്യകാരന്മാരുടെ ഒരു ഭരണകൂടം നിലവിൽവന്നാലും ഞാനതിനെതിരെ നിലകൊള്ളും. ഞാൻ ഏതെങ്കിലുമൊരു പക്ഷത്താണെങ്കിൽ അത് ഇടതുപക്ഷമാണ്. പക്ഷെ, തീർച്ചയായും അതിന്റെയർഥം ഇടതുപക്ഷ പാർട്ടികളുടെയൊപ്പമാണെന്നല്ല.
കേരളത്തിൽ ഇന്ന് ഇടതുപക്ഷത്തോടൊപ്പം നിൽക്കേണ്ടത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ഭാവിയോടനുബന്ധിച്ച ഒരാവശ്യമാണ്. ഇപ്പോഴുള്ള ഭരണകൂടം ജനങ്ങൾക്കുവേണ്ടി നല്ലതുചെയ്യുമെന്ന് ഞാൻ ഹൃദയപൂർവം പ്രതീക്ഷിക്കുന്നു.''
''വി.ഡി. സതീശന്റെയും കെ. സുധാകരന്റെയും വരവ് ഒരു നല്ല ശകുനമായാണ് ഞാൻ കാണുന്നത്. പക്ഷെ, കോൺഗ്രസിന്റെ ജനിതകങ്ങളിലുള്ള ആത്മഹത്യാപ്രവണതയെ നേരിടാൻ അദ്ദേഹത്തിനും കഴിയുമോ? അതിലെ നിർല്ലജ്ജരായ അവസരവാദികളെ എങ്ങനെ കൈകാര്യം ചെയ്യും?''- കേരളത്തിലെ കോൺഗ്രസിലെ പുതിയ മാറ്റങ്ങളെ സക്കറിയ വിലയിരുത്തുന്നു.
ഇത്തവണ നിരവധി സി.പി.എം എം.എൽ.എമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സക്കറിയ പറയുന്നു: ''മാർക്സിസ്റ്റ് പാർട്ടി ഇത്തരം അപ്രധാന വിശദാംശങ്ങൾക്ക് വില കൽപ്പിക്കാതായി എന്നർഥം. എം.വി. ഗോവിന്ദൻ പറഞ്ഞത് ശരിയാണ്; ദൈവം ദൈവത്തിന്റെ വഴിക്ക്, പാർട്ടി പാർട്ടിയുടെ വഴിക്ക് എന്ന നിലപാടാണത്. ദൈവവിശ്വാസികൾക്ക് പാർട്ടിയിലിടമില്ല തുടങ്ങിയ നിലപാടുകൾ സ്റ്റാലിനിസ്റ്റ് കാലത്ത് വന്നുചേർന്നതാണ്. എനിക്കറിയാവുന്ന പല പൂജാരിമാരും കമ്യൂണിസ്റ്റുകാരാണ്. ഇവിടുത്തെ മതങ്ങളുടെ അഹങ്കാരത്തേക്കാൾ വളരെ വലിയ ഒരു അഹങ്കാരത്തെയാണ് കേരള ഭരണകൂടം കേന്ദ്രത്തിൽ നേരിടുന്നത്. ഇവിടുത്തെ മതങ്ങളെ കൈകാര്യം ചെയ്യാൻ പാർട്ടി സാമാന്യം പഠിച്ചുകഴിഞ്ഞു. ജാതികളുടെ കാര്യമെടുത്താൽ, വെള്ളാപ്പള്ളി നടേശനും ജി. സുകുമാരൻ നായരും അന്തിമവിശകലനത്തിൽ, കടലാസ് പുലികൾ പോലുമല്ല എന്നും രണ്ടുമൂന്ന് പത്രങ്ങളുടെയും ചാനലുകളുടെയും നിർമിതിയാണെന്നും അറിയാത്തയാളാണോ പിണറായി വിജയൻ?''
പരിസ്ഥിതിയുമായി ബന്ധപ്പെട്ട, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ നിലപാടിനെ സക്കറിയ വിമർശിക്കുന്നു: ''പരിസ്ഥിതിയോടുള്ള പിണറായി 1.0 ന്റെ സമീപനം ഉദാസീനതകളും അലംഭാവങ്ങളും മൗനസമ്മതങ്ങളുും നിറഞ്ഞതായിരുന്നു. ഈ അലംഭാവം തുടർന്നാൽ അത് കേരളത്തിന്റെ വർത്തമാനകാലത്തെയും ഭാവിയെയും ഗുരുതരമായ രീതികളിൽ ബാധിക്കും. പാശ്ചാത്യ രാജ്യങ്ങളിലെ നിത്യസന്ദർശകരായ ഇടതുപക്ഷനേതാക്കൾ അവിടെയെങ്ങനെയാണ് പരിസ്ഥിതിയും വികസനവും ഒന്നുചേർന്ന് പോകുന്നത് എന്ന് കാണാത്തവരല്ല. പക്ഷെ, ഇവിടെയവർ ഒരു ഫ്യൂഡൽ, പ്രതിലോമകാരിയായ സമീപനമാണ് പരിസ്ഥിതിയോട് അവലംബിക്കുന്നത്. മുതലാളിത്തമായിരുന്നു ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നശീകരണശക്തി. അതിനുപോലും മാനസാന്തരം വന്നു. അപ്പോഴിതാ, ഇടതുപക്ഷം അതേ മനഃശാസ്ത്രം വച്ചുപുലർത്തുന്നവരായിത്തീർന്നിരിക്കുന്നു.''
''കേരളത്തിലൊട്ടാകെ, സമഗ്രവും ശാസ്ത്രീയവും ജനജീവിതത്തെ ബാധിക്കാത്തതുമായ രീതിയിലുള്ള ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മാലിന്യസംസ്‌കരണശാലകളുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ്, തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് നാലുമണിക്കൂറിൽ ഓടിച്ചെല്ലാനുള്ള അസ്വഭാവികമായ തത്രപ്പാടിനേക്കാൾ പ്രധാനം.''
''ആർട്ടിസ്റ്റുകളുടെ സ്ത്രീകളോടുള്ള സമീപനമടക്കമുള്ള സ്വകാര്യതകളെ സദാചാരപരമോ പ്രത്യയശാസ്ത്രപരമോ ആയ അളവുകോലുകൊണ്ട് അളന്നാൽ ഒരുപക്ഷേ, വളരെ ചുരുക്കം ആർട്ടിസ്റ്റുകളേ ആ കണക്കെടുപ്പിൽ വിജയിക്കൂ. പുരസ്‌കാരങ്ങളോ മറ്റ് പദവികളോ നൽകപ്പെടും മുമ്പ് സ്ത്രീകളോടുള്ള ബന്ധങ്ങളെ സംബന്ധിച്ച് ഒരു സോഷ്യൽ ഓഡിറ്റ് നിർബന്ധിതമാക്കുകയാണ്''; വൈരമുത്തുവിന് ഒ.എൻ.വി പുരസ്‌കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് സക്കറിയ പ്രതികരിച്ചു.
''മരണം നമ്മുടെ തൊട്ടടുത്തുകൂടി, ഒരുപക്ഷെ, നമ്മെ ഉരസി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിയൽ ജീവിതത്തെ സ്നേഹിക്കുന്ന ആരെയും കിടിലം കൊള്ളിക്കും. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ മരണം ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത് കാണുന്നത്.''- കോവിഡുകാല ജീവിതത്തെക്കുറിച്ച് സക്കറിയ പറയുന്നു.