ന്യൂനപക്ഷ ആനുകൂല്യത്തിന്റെ
യഥാർഥ അവകാശികൾ ആരാണ്?
ന്യൂനപക്ഷ ആനുകൂല്യത്തിന്റെ യഥാർഥ അവകാശികൾ ആരാണ്?
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ 80:20 ഘടനയില്‍ മുസ്ലിംകള്ക്കും ക്രിസ്ത്യാനികളിലെ പിന്നാക്കക്കാര്‍ക്കുമാണ് കിട്ടുന്നത്. ഇനിയും രാഷ്ട്രീയ-വര്‍ഗീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നാല്‍ മുന്നാക്ക ആനുകൂല്യം ലഭിക്കുന്ന ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്ന സ്ഥിതിയാണുണ്ടാവുക. അത് സാമൂഹികനീതിയുടെ ലംഘനമാകും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ച സാഹചര്യത്തിൽ ഒരു വിശകലനം.
29 Oct 2021, 12:30 PM
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങളുടെ പേരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് ഒരര്‍ഥത്തില്‍ ഉത്തരവാദി സംസ്ഥാനം ഭരിച്ചവര്‍ തന്നെയാണെന്ന് പറയേണ്ടിവരും. 2006-ലെ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിലെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ നടപ്പാക്കിയ രീതിയാണ്, മുസ്‌ലിം സമുദായത്തിന് മാത്രം ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ അതേപോലെ നടപ്പാക്കാതെ, കേരളത്തിലെ സാഹചര്യങ്ങള്‍ പഠിയ്ക്കാന്‍ 2008-ല്‍ പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുക എന്ന നല്ല ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെങ്കിലും, ഇത് ഗുണത്തേക്കാള്‍ ദോഷമാണുണ്ടാക്കിയത്. മുസ്‌ലിം ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ന്യൂനപക്ഷ ക്ഷേമം എന്ന പേര് നല്‍കിയതോടെ എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഇതിന്റെ ഭാഗമായി ആനുകൂല്യം ചോദിക്കാൻ അവകാശമുണ്ടായി. ഇതാണ് ഇപ്പോള്‍ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കുന്നതിലേക്കും മുസ്‌ലിം- ക്രിസ്ത്യന്‍ വിടവ് രൂക്ഷമാകുന്നതിലേക്കും നയിച്ചത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80-20 ശതമാനം അനുപാതത്തില്‍ വിതരണം ചെയ്യുന്നത് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയും തുടര്‍ന്നുള്ള സംഭവങ്ങളും കേരളത്തില്‍ മുസ്‌ലിം -ക്രിസ്ത്യന്‍ ഭിന്നത വളരുന്നതിന് കാരണമായിട്ടുണ്ട്. 2011 മുതല്‍ സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യം നേടുന്നത് 80 ശതമാനം മുസ്‌ലിംകളും 20 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ആനുകൂല്യം തുല്യമായി വീതിക്കണമെന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വാദം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ക്രിസ്ത്യന്‍, വലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്ന വാദം പിന്നീട് സഭാ നേതാക്കളും പരസ്യമായി ഉന്നയിക്കാന്‍ തുടങ്ങി. പാലക്കാട് സ്വദേശി ജസ്റ്റിന് പള്ളിവാതുക്കല്‍ നല്കിയ ഹര്‍ജിയിലാണ് 80:20 അനുപാതം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചത്. നിലവിലെ ജനസംഖ്യാ കണക്ക് പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ആനുകൂല്യങ്ങളില്‍ 80% വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20% ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ അഞ്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി.

2021 മെയ് 28-നാണ് 80:20 അനുപാതത്തിനുള്ള ന്യൂനപക്ഷ ആനുകൂല്യ വിതരണം റദ്ദാക്കിയുള്ള ഹൈക്കോടതി വിധി വന്നത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് 100 ശതമാനം ആനുകൂല്യവും തങ്ങള്‍ക്ക് വേണമെന്നും ഇത്രയും കാലം 80:20 അനുപാതം അംഗീകരിച്ചത് വിശാലതയാണെന്നുമുള്ള നിലാപാടാണ് മുസ്‌ലിം സമുദായത്തിന്റേത്. 80:20 അനുപാതം തെറ്റാണെന്ന ഹൈക്കോടതി വിധി ഇതിന്റെ ഭാഗമാണെന്നും അവര്‍ വാദിക്കുന്നു. അതേസമയം, ജനസംഖ്യ അനുപാതത്തില്‍ ആനുകൂല്യം നല്‍കണമെന്ന നിര്‍ദേശം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ക്രിസ്ത്യന്‍ വിഭാഗവും കരുതുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഫോര്‍മുല പ്രഖ്യാപിച്ചത് കൂടുതല്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടമാകില്ലെന്നും പരാതികള്‍ ഉന്നയിച്ചവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. സ്കോളര്‍ഷിപ്പ് വിതരണത്തിനായി 6.2 കോടി രൂപ കൂടി അനുവദിച്ചുകൊണ്ട് പുതിയ ഫോര്‍മുല നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹൈക്കോടതി നിര്‍ദേശങ്ങള്‍ യുക്തിരഹിതവും തെറ്റായതുമാണെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബറിലാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രാജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെന്നാണ് സര്‍ക്കാര്‍ പ്രത്യേകാനുമതി ഹര്‍ജിയില്‍ പറയുന്നത്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരിക്കുകയാണ്. അതേസമയം, ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികളില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജനസംഖ്യാനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്താല്‍ അനര്‍ഹര്‍ക്ക് അത് ലഭിക്കും എന്നാണ് കേരളത്തിന്റെ വാദം. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് സര്‍ക്കാറിന്റെ പക്കല്‍ ആധികാരിക രേഖകളില്ല എന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറയുന്നു. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമീഷന് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ക്രിസ്ത്യാനികള്‍ക്കും അര്‍ഹമായ സ്കോളര്‍ഷിപ്പ് നല്‍കും എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2005-ല്‍ ഡോ. മന്മോഹന് സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ രൂപീകരിച്ച സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, കേരളത്തില്‍ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. പാലൊളി മുഹമ്മദ്കുട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രതിവര്‍ഷം 5000 ഡിഗ്രി-പി.ജി. സ്കോളര്‍ഷിപ്പുകളും 14 ജില്ലകളിലായി 14 ക്ലര്‍ക്ക് പോസ്റ്റുകളും നല്‍കാനാണ് 2008 ഓഗസ്റ്റ് 16-ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി 10 കോടി രൂപയാണ് വകയിരുത്തിയത്.
മുസ്‌ലിം സമുദായത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് സച്ചാർ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. മുസ്‌ലിം സമുദായത്തിന് വേണ്ടിയുള്ള നിര്ദേശങ്ങളായിട്ടുപോലും 100 ശതമാനം ആനുകൂല്യം മുസ്ലിങ്ങള്‍ക്ക് നീക്കിവെക്കാതെ 80:20 എന്ന നിലയില്‍ നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തിലെ പിന്നാക്കക്കാരെയാണ് 20 ശതമാനം ലക്ഷ്യമിടുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 18 ശതമാനമാണ് ക്രിസ്ത്യാനികള്‍. അതില്‍ 8 മുതല്‍ 10 ശതമാനം വരെ മുന്നാക്ക ക്രിസ്ത്യാനികളാണ്. ബാക്കിവരുന്ന ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ തുടങ്ങിയ പിന്നാക്ക ക്രിസ്ത്യാനികളാണ് 20 ശതമാനത്തില്‍ ഉള്‍പ്പെടുന്നത്. വലിയ എതിര്‍പ്പുകളില്ലാതെയാണ് കേരളത്തിലെ മുസ്‌ലിം സമൂഹം അത് അംഗീകരിച്ചുപോന്നത്. എന്നാല്‍ ഇപ്പോള്‍ അത് പോരെന്നും ന്യൂനപക്ഷ ആനുകൂല്യം 50:50 ആക്കണമെന്നുമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആവശ്യം സാമൂഹിക ഭിന്നതകള്‍ രൂക്ഷമാക്കുന്ന നിലയിലേക്കെത്തിയിട്ടും സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിക്കാതിരുന്നതാണ് ആശങ്ക വളരാനിടയാക്കിയത്.
രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തു എന്ന തരത്തില്‍ ഉയര്‍ന്ന വിവാദങ്ങളെയും ന്യൂനപക്ഷ ആനുകൂല്യവുമായി ബന്ധപ്പെടുത്തി കാണേണ്ടതുണ്ട്. താനൂരില്‍ നിന്ന് ജയിച്ച വി. അബ്ദുറഹ്‌മാനാണ് ന്യൂനപക്ഷ വകുപ്പ് എന്നായിരുന്നു ആദ്യം പറയപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി വകുപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ കീഴിലായി തന്നെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായിരുന്നത്. അപ്പോള്‍ തിരിച്ചെടുത്തു എന്ന് പറയുന്നതില്‍ കഴമ്പില്ല. എന്നാല്‍ തിരിച്ചെടുത്തതാണ് എന്ന് തോന്നിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മുഖ്യധാര മാധ്യമങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ വന്നിരുന്നത്. വി. അബ്ദുറഹ്‌മാനായിരിക്കും ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
അതേസമയം, ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയെ ഏല്‍പ്പിക്കരുതെന്ന വാദം വലിയതോതില്‍ ഉയര്‍ന്നിരുന്നു. തീവ്ര വലതുപക്ഷ, ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള വാദം കാര്യമായി വന്നിരുന്നത്. പിന്നീട് ഉത്തരവാദപ്പെട്ട ക്രിസ്ത്യന്‍ സംഘടനകള്‍ തന്നെ ഈ വാദം ഉന്നയിക്കുകയും ചെയ്തു. ഒന്നുകില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയെ വകുപ്പ് ഏല്‍പ്പിക്കുക അല്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കുക എന്നതായിരുന്നു ആവശ്യം. ഈയൊരു പശ്ചാത്തലത്തിലാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് വിവാദമായത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. കെ.ടി. ജലീല്‍ ന്യൂനപക്ഷ മന്ത്രിയായിരുന്ന കാലത്ത് വലിയതോതിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സാമൂഹികഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ നടന്നു. ക്രിസ്ത്യന്‍-മുസ്‌ലിം വിടവ് വളര്‍ത്തുന്ന തരത്തിലുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് പുറത്തേക്ക് വളരുന്നതും ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ ഉള്‍പ്പെടെ ഉന്നയിക്കുന്നതും പിന്നീട് കണ്ടു. വിവാദങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരോ വകുപ്പ് മന്ത്രിയോ ഭരിക്കുന്ന പാര്‍ട്ടിയോ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചില്ല എന്നതാണ് ഇതിനുപിന്നില്‍ രാഷ്ട്രീയമായ അജണ്ടകള്‍ ഉണ്ടെന്ന സംശയം സൃഷ്ടിക്കുന്നത്.
മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ ഉത്തരേന്ത്യയില്‍ മാത്രമാണെന്ന ഒരു ധാരണ കേരളത്തിലുള്ള പൊതുസമൂഹത്തിനുണ്ട്. എന്നാല്‍ അത് ശരിയല്ല, കേരളത്തിലെ മുസ്‌ലിംകളും മറ്റു സമുദായങ്ങളെ അപേക്ഷിച്ചുള്ള പിന്നാക്കാവസ്ഥയുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്ലിങ്ങള്‍ ക്രിസ്ത്യാനികളെക്കാള്‍ വളരെ പിന്നിലാണെന്നായിരുന്നു പാലൊളി കമ്മിറ്റി കണ്ടെത്തിയത്. കോളേജുകളില്‍ പ്രവേശനം നേടുന്ന മുസ്‌ലിങ്ങളുടെ അനുപാതം പട്ടികജാതി-വര്‍ഗ വിഭാഗങ്ങളേക്കാള്‍ കുറവാണെന്നും കണ്ടെത്തിയിരുന്നു. മുസ്ലിങ്ങള്‍ 8.1%, മുന്നാക്ക ഹിന്ദു 28.1%, ക്രിസ്ത്യന്‍ 20.5%, പിന്നാക്ക ഹിന്ദു 16.7%, എസ്.സി. 11.8%, എസ്.ടി. 10.3% എന്നിങ്ങനെയായിരുന്നു ആ സമയത്ത് കേരളത്തിലെ കോളേജുകളില്‍ പ്രവേശനം നേടുന്നവരുടെ അനുപാതം. വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ് ലിങ്ങള്‍ മറ്റു സമുദായങ്ങളേക്കാള്‍ വളരെ പിറകിലാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80 ശതമാനം മുസ് ലിങ്ങള്‍ക്ക് നല്കാന് തീരുമാനമെടുത്തത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് കൂടി നല്കാന് 2011-ലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആകെ സ്കോളര്‍ഷിപ്പുകളുടെ 20 ശതമാനമാണ് ഇങ്ങനെ നീക്കിവെച്ചത്.
പിന്നാക്കവസ്ഥയെക്കുറിച്ച് ശരിയായ പഠനം നടത്താതെ, എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ജനസംഖ്യാ അനുപാതത്തില്‍ ആനുകൂല്യം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം തീര്‍ത്തും തെറ്റാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സ്വീകരിച്ച നിലപാട്. ഒരു പ്രത്യേക വിഭാഗത്തിന് നല്കുന്ന സ്കോളര്‍ഷിപ്പുകളുടെ എണ്ണം കൂടുതലാകുന്നത് വിവേചനമാണെന്ന വാദം മാത്രം പരിഗണിച്ചാണ് ഹൈക്കോടതി ഈ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ആ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന സ്കോളര്‍ഷിപ്പുകളാണ് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാതെ റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്താതെ, ജനസംഖ്യാ അനുപാതം മാത്രം പരിഗണിച്ച് സ്കോളര്‍ഷിപ്പ് നല്‍കുന്നത് അനര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് കാരണമാകും. ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനാണ് സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മിറ്റിയെ നിയോഗിച്ചത്. ക്രിസ്ത്യന്‍ സമുദായ നേതാക്കളുടെ ആവശ്യം പരിഗണിച്ചാണിത്.

കൂടുതല്‍ പിന്നാക്കാവസ്ഥയിലുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നതിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29 സംസ്ഥാന സര്‍ക്കാരിന് തടസ്സമാകുന്നില്ല. മാത്രമല്ല, ആര്‍ട്ടിക്കിള്‍ 15(4) ന്റെ സ്ഥിരീകരണം കൂടിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനും താത്പര്യത്തിനുമായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15(4) നിര്‍ദേശിക്കുന്നത്.
വിദ്യാഭ്യാസപരമായി മാത്രമല്ല, സാമൂഹികമായും കേരളത്തിലെ മുസ്‌ലിം സമുദായം പിന്നാക്കാവസ്ഥയില്‍ തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും കൂടുതല്‍ വിവാദമാക്കപ്പെടുന്നതിലൂടെ ഈയൊരു യാഥാര്‍ഥ്യം അവഗണിക്കപ്പെടുന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇതിനു പിന്നിലുള്ള തീവ്ര വലതുപക്ഷ, ക്രിസ്ത്യന്‍ ഗൂഢാലോചനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നതാണ് മുസ്‌ലിം സമൂഹത്തെ ആശങ്കയിലാക്കുന്ന ഒരു കാര്യം. രണ്ട് മതവിഭാങ്ങളിലുള്ളവര് തമ്മില്‍ ഭിന്നത വളര്‍ത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കാതെ, ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ മറ്റു വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാനുള്ള നീക്കം നടത്തിയത് വലിയ സംഘര്‍ഷാവസ്ഥയാണ് സൃഷ്ടിച്ചത്. ക്ര്സത്യന്‍-മുസ്‌ലിം സംഘര്‍ഷം സോഷ്യല്‍ മീഡിയക്ക് പുറത്തുകടന്ന് സമുദായ നേതാക്കള്‍ക്കിടയിലേക്കും സാധാരണ ജനങ്ങളിലേക്കും എത്തുന്നത് നാടിന്റെയാകെ സമാധാനത്തിനും നിലനില്‍പ്പിനും വിഘാതം സൃഷ്ടിക്കും.
10 വര്‍ഷം എല്ലാവരും അംഗീകരിച്ചുപോന്ന 80:20 അനുപാതം ജെ.ബി. കോശി കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തുനില്‍ക്കാതെ ഹൈക്കോടതി വിധി സമ്പാദിച്ചവരുടെ ലക്ഷ്യം കുളം കലക്കി മീന്‍ പിടിക്കലാണെന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ തെളിവുകളോടെ അപ്പീല്‍ നല്‍കണമെന്നും മുസ് ലിങ്ങള്‍ക്ക് അവകാശപ്പെട്ടത് 100 ശത്മാനവും മുസ്ലിങ്ങള്‍ക്ക് തന്നെ നല്‍കണമെന്നും മുസ്‌ലിം സമുദായ നേതൃത്വം ഐക്യകണ്‌ഠേനയാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മലപ്പുറമാണ് കേരളത്തിന്റെ ജി.ഡി.പിയില്‍ എപ്പോഴും 14-ാം സ്ഥാനത്ത് നില്ക്കുന്ന ജില്ല. മുസ്‌ലിം രാഷ്ട്രീയം കേരളത്തില്‍ വലിയ സ്വാധീനമുള്ളതാണെന്ന് തോന്നുമെങ്കിലും കേരള നിയമസഭയില്‍ മുസ്ലിംകള്ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉണ്ടാകാറില്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അതിനായി ശബ്ദം ഉയര്‍ത്തുന്നതിന് പരിമിതികള്‍ ഉണ്ടെന്നതാണ് മറ്റൊരു കാര്യം.
വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേരളത്തില്‍ കോര്‍പറേഷനുകളുണ്ട്. എന്നാല്‍ മുന്നാക്ക വികസന കോര്പറേഷന് മാത്രമാണ് ക്യാബിനറ്റ് പദവിയുള്ള ചെയര്‍മാനുള്ളത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടുക്കുന്നതുപോലെയുള്ള ആനുകൂല്യങ്ങളെല്ലാം മുന്നാക്ക വികസന കോര്‍പറേഷനും നല്‍കുന്നുണ്ട്. ന്യൂനപക്ഷത്തിന് 6000 രൂപയാണ് പ്രൊഫഷണല്‍ കോഴ്സിനുള്ള സ്കോളര്ഷിപ്പെങ്കില്, മുന്നാക്ക കോര്പറേഷന് നല്‍കുന്നത് 8000 രൂപയാണ്. മുന്നാക്ക കോര്‍പറേഷനാണ് സ്കോളര്‍ഷിപ്പുകളുടെ എണ്ണത്തിലും മുന്നില്‍.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ 80-20 ഘടനയില്‍ മുസ്ലിംകള്ക്കും ക്രിസ്ത്യാനികളിലെ പിന്നാക്കക്കാര്‍ക്കുമാണ് കിട്ടുന്നത്. ഇനിയും രാഷ്ട്രീയ-വര്‍ഗീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാരിന് വഴങ്ങേണ്ടിവന്നാല്‍ മുന്നാക്ക ആനുകൂല്യം ലഭിക്കുന്ന ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കുന്ന സ്ഥിയാണുണ്ടാവുക. അത് സാമൂഹികനീതിയുടെ ലംഘനമാകും.
കെ.വി. ദിവ്യശ്രീ
May 14, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read
കെ.വി. ദിവ്യശ്രീ
Apr 30, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
Apr 14, 2022
12 Minutes Watch
കെ.വി. ദിവ്യശ്രീ
Apr 05, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch