തല്ലിക്കൊല്ലുന്ന സദാചാരം, കൊന്നിട്ടും തല്ലുന്ന സൈബർ സദാചാരം

പ്രവാസിയുടെ ഭാര്യ, അവിവാഹിതയായ സ്ത്രീ, ആൺ സുഹൃത്തുക്കൾ ഉള്ളവർ, രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവർ, പുറംദേശത്ത് പഠിക്കുന്നവർ, മോഡേൺ ആയി വസ്ത്രം ധരിക്കുന്നവർ, തലയുയർത്തി നടക്കുന്നവർ, ആണുങ്ങളെ കൂസാത്തവർ അങ്ങനെ വലിയ ഒരു ലിസ്റ്റുണ്ട് തലതെറിച്ചവരുടെ. ആ തലതെറിച്ചവൾമാരെ നല്ല വഴിക്ക് നടത്തലാണ് സദാചാരക്കാരുടെ മെയിൻ ജോലി.

"...കപ്പ കട്ട് പറിക്കാൻ പോയാൽ പട്ടി കടിക്കും എന്ന മുന്നറിയിപ്പായി കണ്ടാൽ മതി ' തൃശ്ശൂർ തിരുവാണിക്കാവിൽ ഒരാളെ സദാചാരം ചമഞ്ഞ് തച്ച് കൊന്നതിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ ഒരാൾ കമന്റ് ചെയ്തതാണിത്. ഗൾഫ്കാരന്റെ ഭാര്യ, സ്ത്രീകളുള്ള വീട്, അസമയത്തെ സന്ദർശനം, കള്ളവെടി അങ്ങനെപോയി പെണ്ണിനെ കുറ്റപ്പെടുത്തുന്നത് വരെ കമന്റുകൾ നീളുന്നുണ്ട്.

ഒരു കൊലപാതകത്തെയും നമ്മുടെ നാട്ടുകാർ ഇങ്ങനെ ന്യായീകരിക്കുന്നുണ്ടെങ്കിൽ നമ്മളിത്തിരി ഭയക്കണം. എല്ലാ കൊള്ളരുതായ്മകളെയും അങ്ങ് ഉത്തരേന്ത്യയിലേക്ക് തിരിച്ചു വിടുന്ന ആ സ്ഥിരം പരിപാടി ഉണ്ടല്ലോ! അതങ്ങ് മാറ്റിവച്ചേക്ക്. നല്ല പൊട്ടൻഷ്യലുണ്ട് നമ്മുടെ കേരളത്തിലും. ഇല്ലെന്ന് പറഞ്ഞ് നമ്മൾ വെറുതേ കണ്ണടയ്ക്കുന്നതാണ്.
നട്ടെല്ലും ആന്തരികാവയവങ്ങളും തകർന്നാണ് സഹർ എന്ന ബസ് തൊഴിലാളി മരിച്ചത്. അത്രയും ക്രൂരമായ മർദ്ദനമായിരുന്നു. ഏകദേശം നാലുമണിക്കൂറോളം അക്രമികൾ അയാളെ വളഞ്ഞിട്ട് തല്ലി. അതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. വീട്ടിലെത്തി കിടന്ന സഹറിന്റെ വേദനകൊണ്ടുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ അയാളെ ആശുപത്രിയിലെത്തിച്ചത്. ഇത്രയും ക്രൂരമായി അക്രമിക്കപ്പെടാൻ എന്ത് തെറ്റാണ് സഹർ ചെയ്തത്. ഒരു സുഹൃത്തിനെ കാണാൻ പോയതോ! അതോ അയാൾ ഒരു മുസ്ലീമായതോ? അല്ല സദാചാരക്കാരെ നിങ്ങളാരാണ്! ഒരു ആണും പെണ്ണും രാത്രിയിൽ കണ്ടുമുട്ടുന്നത് നിങ്ങളുടെ ഉപജീവനത്തെ എന്തെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? നിങ്ങളെന്ത് സദാചാരമാണ് സംരക്ഷിക്കുന്നത്. ഇത്രയും നീചമായി ഒരാളെ കൊലപ്പെടുത്തണമെങ്കിൽ അത് മോറലുമല്ല, പൊലീസിങ്ങുമല്ല. ഒരു മാനസിക രോഗം എന്നൊക്കെ പറഞ്ഞ് നിസ്സാരവത്കരിക്കാനുമില്ല. നിങ്ങൾ ചെയ്തത് പൂർണ്ണ കോൺഷ്യസ് ആയുള്ള ഒരു കുറ്റകൃത്യമാണ്.

"തൃശ്ശൂരിൽ നടന്ന സദാചാരക്കൊലയിലെ ഇരയുടെയും വേട്ടക്കാരുടെയും മതം പരസ്പരം മാറിയിരുന്നെങ്കിൽ ചാനലുകളും എഫ്.ബിയും ഇളകി മറിയുമായിരുന്നു. സംഭവത്തിന് ഐസിസ് ബന്ധമുണ്ടെന്ന് കുട്ടൻ പിള്ളമാർ കണ്ടെത്തുമായിരുന്നു. തുടരന്വേഷണത്തിന് എൻ.ഐ.എ വരുമായിരുന്നു. പ്രതികൾക്ക് ഊപ്പ ലഭിക്കുമായിരുന്നു. പിണറായി സർക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് സുരേന്ദ്രനും ആവശ്യപ്പെടുമായിരുന്നു'. മറ്റൊരു കമന്റാണ്. സംഭവം ഏറെക്കുറേ ശരിയാണ്. ഒരു മുസ്ലിമിന്റെ മരണം വെറും സംഖ്യകൾ മാത്രമാണ്. വികാരമില്ലാത്ത സംഖ്യകൾ. ഈ സദാചാരം മലപ്പുറത്താണെങ്കിലും ആഘോഷമായേനെ. ഓരോ മനുഷ്യനെയും പ്രദേശത്തെയും ഇങ്ങനെയൊക്കെയാണല്ലോ ബ്രാന്റ് ചെയ്ത് വച്ചിരിക്കുന്നത്!

കാര്യമായ പ്രതിഷേധങ്ങളില്ല, അന്തിചർച്ചകളില്ല, ആരും ഞെട്ടൽ പോലും പ്രകടിപ്പിച്ചില്ല. രാത്രികൾ ഉറങ്ങാനുള്ളതാണ്. സുഹൃത്തുക്കളെ കാണാനുള്ളതല്ല. അതും ഒരാണ് ഒരു പെണ്ണിനെ. ഇങ്ങനെയിരിക്കുമ്പോൾ അത് നിയമങ്ങൾ ലംഘിച്ചവർ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാവേണ്ടതും, ഇൻസ്റ്റന്റ് ജസ്റ്റിസ് ആയി മർദ്ദനം ഏൽക്കേണ്ടവരുമാണ്. ഈ മനോഭാവം പങ്കുവയ്ക്കുന്നവർ നിരവധിയാണ്. പിന്നെന്തിന് പ്രതിഷേധിക്കണം? പിന്നെന്തിന് അന്തിച്ചർച്ചകൾ നടത്തണം?

പ്രവാസിയുടെ ഭാര്യ, അവിവാഹിതയായ സ്ത്രീ, ആൺ സുഹൃത്തുക്കൾ ഉള്ളവർ, രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവർ, പുറംദേശത്ത് പഠിക്കുന്നവർ, മോഡേൺ ആയി വസ്ത്രം ധരിക്കുന്നവർ, തലയുയർത്തി നടക്കുന്നവർ, ആണുങ്ങളെ കൂസാത്തവർ അങ്ങനെ വലിയ ഒരു ലിസ്റ്റുണ്ട് തലതെറിച്ചവരുടെ. ആ തലതെറിച്ചവൾമാരെ നല്ല വഴിക്ക് നടത്തലാണ് സദാചാരക്കാരുടെ മെയിൻ ജോലി. അവർ വീടുകൾക്ക് കാവൽ നിൽക്കും, റോഡുകളിലെ നിരീക്ഷണ ക്യാമറകളായി പ്രവർത്തിക്കും, കുടുംബത്തിലുള്ളവർക്ക് മക്കളുടെ ലൊക്കേഷൻ ഷെയർ ചെയ്തുകൊടുക്കും അങ്ങെനെ എന്തൊക്കെ സാമൂഹ്യ സേവനങ്ങളാണെന്നോ സദാചാരക്കാർ ചെയ്യുന്നത്. വേണ്ടി വന്നാൽ സമൂഹത്തിനു വേണ്ടി ഒരാളെ തച്ചുകൊല്ലാൻ പോലും സന്നദ്ധരാണ് ഈ സദാചാരക്കാർ. എന്നിട്ട് അഭിമാനം വച്ചുള്ള ഒരു ന്യായീകരണവും.
"മാനാഭിമാനത്തോടെ കഴിയുന്ന നാടാണിത്'. കുറെ കേട്ടിട്ടുള്ള വാചകമാണിത്. ആ നാടിന്റെ സംരക്ഷകരായി കുറെ സ്വയം സേവകരുണ്ടാവും. അയൽ വീട്ടിൽ ഒരു ക്രൈം നടന്നാൽ ചിലപ്പോൾ ആർക്കുമറിയില്ല, അയൽവാസിയുടെ പട്ടിണി ആരുമറിയില്ല, ഒരാൾ ചത്തുകിടന്ന് പുഴുവരിച്ചാലും ആരുമറിയില്ല, ആ അറിയാത്തവരാണ്... അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്ന അതെ ആളുകൾ തന്നെയാണ് ഒരു സ്ത്രീയയുള്ള വീട്ടിൽ ഒരു "അന്യ' പുരുഷനെക്കണ്ടാൽ ആൾക്കൂട്ട വിചാരണയും, അക്രമവും, കൊലപാതകവുമെല്ലാം നടത്തുന്നത്. ആണും പെണ്ണും തമ്മിലുള്ള ബന്ധം ഇവരുടെ കണ്ണിൽ ലൈംഗികതയുടെ മാത്രമാണ്. ഇനീപ്പോ അവർ പരസ്പരം സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് തന്നെ ഇരിക്കട്ടെ, നിങ്ങളിലെ എന്താണ് കൊഴിഞ്ഞുപോകുന്നത്?
യഥാർത്ഥത്തിൽ സദാചാര പൊലീസിങ് ഒരു വലതുപക്ഷ പ്രവർത്തിയാണ്, അത് ചെയ്യുന്നവർ ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെട്ടാലും. കഴിഞ്ഞ കാലത്തിന്റെ നെറികേടുകളിൽ ജീവിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കേശവൻ മാമന്മാരൊന്നും വേണ്ട, നെടുവീർപ്പിടാൻ... ഇത്തിരി മോഡേൺ വസ്ത്രങ്ങൾ ധരിച്ചാൽ, ആൺ സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചാൽ, പാർക്കിലോ ബീച്ചിലോ അയൽവീട്ടിലെ പെണ്ണിനേയും അപരിചിതനായ ഒരു ചെറുപ്പക്കാരനെയും കണ്ടാൽ, "അസമയത്ത്' വീട്ടിലേക്ക് കയറിച്ചെന്നാൽ, നാട്ടിലെ ഉത്സവത്തിന് താളത്തിനൊത്ത് ഒന്ന് തുള്ളിയാൽ, പ്രായഭേദ വ്യത്യാസമില്ലാതെ നെടുവീർപ്പുകളുടെ ബഹളമായിരിക്കും. ആ നെടുവീർപ്പുകൾ അപവാദങ്ങളായി മാറും. നല്ലജീവിതം നയിക്കേണ്ടതിന്റെ സന്ദേശങ്ങൾ പോസ്റ്റ്മാൻമാർ വഴി അവരുടെ വീടുകളിലെത്തും. യഥാർത്ഥത്തിൽ സദാചാര പോസ്റ്റ്മാൻമാർ ശമ്പളം പറ്റി ജീവിക്കുന്നവരല്ല. അയൽവീട്ടിലെ അസ്വസ്ഥതയിൽ ആത്മനിർവൃതി അടയുന്ന സ്വയം സേവകരാണ്.

ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യത്തിന്റെ സ്‌‌‌ക്രീൻ ഷോട്ട്‌

അണുകുടുംബങ്ങളിലേക്ക് പരിണാമം ചെയ്യപ്പെട്ട കേരളത്തിൽ മനുഷ്യർ തമ്മിൽ ബന്ധങ്ങൾ ഇല്ലാതാവുന്നു എന്നാണു പല സാമൂഹ്യശാസ്ത്രകാരന്മാരും പറയുന്നത്, എന്നാൽ ഇത് തെറ്റാണ്. ഫ്ളാറ്റുകളിലെ ആയാലും നാട്ടിൻപുറത്തെ ആയാലും മനുഷ്യരെ ഒരുമ്മിപ്പിക്കുന്ന ഒരു ഘടകമാണ് സദാചാര സംരക്ഷണം. അപരിചിതനായ ഒരു മനുഷ്യനോടുപോലും ഐക്യപ്പെടാൻ ഈ സദാചാര പോലീസിങ്ങിന് കഴിയും. തൊട്ടപ്പുറത്തെ ഫ്ളാറ്റിൽ ആരൊക്കെ വരുന്നുണ്ട്, നാട്ടിൽ അപരിചിതരുടെ സാന്നിധ്യമുണ്ടോ എന്നൊക്കെ കണ്ടെത്താൻ വിദഗ്ദ്ധരാണ് ഈ കൂട്ടം. അന്വേഷണ ഏജൻസികളുടെ രഹസ്യ വിഭാഗങ്ങൾ പോലും തോറ്റുപോകും. ഒരാളെപ്പോലും തെറ്റായ വഴിലിലൂടെ സഞ്ചരിക്കാൻ അനുവദിക്കാതെ ഈ സദാചാര കൂട്ടായ്മകൾ സമൂഹത്തോട് വല്ലാത്ത പ്രതിബദ്ധതയാണ് കാണിക്കുന്നത്!

പ്രാദേശികമായി കമ്പാർട്ട്‌മെന്റലൈസ് ചെയ്തു നിൽക്കാതെ ആഗോള സമൂഹത്തിന്റെ ഭാഗമാവുക എന്നതാണ് ഇന്നത്തെ കാലത്തെ ശരി. പണ്ടുമുതലേ കേരളജനത ആഗോള സമൂഹവുമായി കണക്റ്റഡ് ആണെങ്കിലും ആഗോളതലത്തിൽ ഉണ്ടാവുന്ന നല്ല മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ സാമൂഹ്യം പ്രാപ്തമായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. നമ്മുടെ സമ്പദ്‌‌വ്യവസ്ഥയും മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഒരു നവലിബറൽ നയങ്ങളിലേക്ക് പരിവർത്തനപ്പെടണം എന്നല്ല പറഞ്ഞു വരുന്നത്. കേരള ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നടപടികൾ ഏറ്റെടുക്കേണ്ടതുണ്ട്. അത്തരം ഒരു ബദലുമായാണ് സർക്കാർ സഞ്ചരിക്കുന്നത്. സംരംഭക വർഷം ആചരിക്കുകയാണ് കേരളം. വിജ്ഞാന സമൂഹം എന്ന ആശയവും രൂപം വച്ചുവരുന്നു. വളർച്ചയിലേക്കുള്ള നടപടികളൊക്കെ കൈകൊള്ളുമ്പോഴും നമ്മുടെ സമൂഹത്തിലും സമ്പദ്‍വ്യവസ്ഥയിലും സ്ത്രീകളുടെ പദവി എവിടെയാണ് നിൽക്കുന്നത്?

കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തത്തിന്റെ പകുതി മാത്രമാണ്. സ്ത്രീകളിലെ തൊഴിലില്ലായ്മ പുരുഷന്മാരുടേതിനേക്കാൾ ഇരട്ടിയാണ്. ആരാണ് സ്ത്രീകളെ തടഞ്ഞ് നിർത്തുന്നത്? തൊഴിലിന്റെ സാമൂഹ്യ പുനരുൽപ്പാദനം (Social Reproduction of Labour) സ്ത്രീകളുടെ ഉത്തരവാദിത്തമായാണ് നമ്മുടെ സമൂഹവും കാണുന്നത്. പെറ്റുപോറ്റുക, വീട്ടുപണികൾ ചെയ്യക, മാതാപിതാക്കളെ പരിപാലിക്കുക എന്നിവ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വങ്ങളിൽ സ്ത്രീകളെ തളച്ചിടാനാണ് പുരുഷന്റെ ലോകം ആഗഹിക്കുന്നത്. സ്ത്രീകൾ സ്വാതന്ത്രരായാൽ ആരീപണികളൊക്കെ ചെയ്യും. അങ്ങനെ നോക്കുമ്പോൾ കുടുംബ വ്യവസ്ഥയെ പുനരുൽപ്പാദിപ്പിക്കേണ്ട ചുമതല കൂടിയുണ്ട് സദാചാരത്തിന്.

പെറ്റുപോറ്റൽ ചുമതലകളാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുന്നത്. എവിടെ സ്ത്രീ സ്വതന്ത്രമാവുന്നുവോ അവിടെയെ ഒരു സമൂഹം വികസിച്ചു എന്ന് പറയാനാകൂ. അങ്ങനെ വികസിക്കുന്ന ഒരു സമൂഹത്തെ ഉൾക്കൊള്ളാൻ നമ്മുടെ സമൂഹം ഇനിയും വളർന്നിട്ടില്ല. അങ്ങനെ വളരുന്നത് പുരുഷന്മാർക്ക് ഇച്ചിരി കോസ്റ്റ്‌‌ലി ആണ്. നഷ്ട്ം സഹിച്ചുള്ള സമത്വത്തിന്റെ ലോകമൊന്നും ഉൾക്കൊള്ളാൻ പുരുഷന്മാർ തയ്യാറല്ല എന്നതാണ്.

സ്വതന്ത്രയായ സ്ത്രീകളുള്ള സമൂഹത്തിലെ കുടുംബം ഇന്നത്തേത് പോലെയായിരിക്കില്ല. സ്ത്രീ അവർക്ക് വേണ്ടത് തിരഞ്ഞെടുക്കുമ്പോൾ ഹോം കെയർ ആയി ബന്ധപ്പെട്ട ജോലികളിൽ പുരുഷനുകൂടി പങ്കെടുക്കേണ്ടി വരും. അവളുടെ തിരഞ്ഞെടുപ്പുകൾ ചിലപ്പോൾ സ്വാകാര്യസ്വത്ത് എന്ന സ്ഥാപനത്തെക്കൂടി വെല്ലുവിളിച്ചെന്ന് വരാം. വ്യവസ്ഥയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുകയും, കെടുതികൾ സ്ത്രീകളുടെ ചുമലിലായതിന്റെ പേരിൽ ആശ്വസിക്കുകയും ചെയ്തു ജീവിക്കുന്ന പുരുഷന്റെ ലോകത്തെ വെല്ലുവിളിക്കുന്നത് കൂടിയാണ് സ്ത്രീയുടെ സ്വാതന്ത്രം. ആ ഭയം കൂടി ആയിരിക്കണം സദാചാരപോലീസിങ്ങിലൂടെ പുരുഷമേധാവിത്വ ലോകം പ്രകടിപ്പിക്കുന്നത്. പുരുഷൻ പ്രകടിപ്പിക്കുന്നു എന്നല്ല പുരുഷ മേധാവിത്വ വ്യവസ്ഥയിലെ മനുഷ്യർ പ്രകടിപ്പിക്കുന്നത്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തമില്ലാതെ നമ്മുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെ വളരാനാണ്? അവിടെയാണ് ഒരു സാംസ്‌കാരിക പ്രതിസന്ധിക്ക് അപ്പുറത്ത് സദാചാരം ഒരു സാമ്പത്തിക പ്രതിസന്ധികൂടി ആവുന്നത്. സ്ത്രീകൾ അവരുടെ ഫുൾ പൊട്ടൻഷ്യൽ പുറത്തെടുക്കണമെങ്കിൽ ബന്ധനങ്ങൾ ഇല്ലാതാവണം, അവരുടെ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമാവണം, രാത്രികൾ സ്ത്രീകൾക്കുകൂടി പങ്കാളിത്തം ഉള്ളതാവണം. പുരുഷൻ ഇന്ന് അനുഭവിക്കുന്നത് പ്രിവിലേജുകളാണ്. അർഹതപ്പെട്ടതല്ല. ആ പ്രിവിലേജുകൾ വലിച്ചെറിയാൻ തയ്യാറാകണം. അല്ലാതെ സദാചാരവും കൊണ്ട് സ്ത്രീകളെ നിയന്ത്രിക്കാൻ ഇറങ്ങരുത്. ഈ സദാചാരവും വച്ച് എങ്ങനെ ആഗോളസമൂഹത്തിലേക്ക് കേരളത്തെ ബന്ധിപ്പിക്കാനാണ്! നമ്മുടെ സമൂഹവും സമ്പദ്‌വ്യവസ്ഥയും എങ്ങനെ വളരാനാണ്?

തലച്ചോറുകൾ ചിന്തിക്കാനുള്ളതാണ്. അതിന്, അതിനകത്ത് വെളിച്ചം കടക്കേണ്ടതുണ്ട്. ആ വെളിച്ചത്തോട് നീരസപ്പെട്ട് നിൽക്കരുത്. നിങ്ങളുടെ ചിന്തയ്ക്ക് അപ്പുറത്തും ലോകമുണ്ട്. അതിനോട് സംവദിക്കുക.

Comments