‘ബർത്ത് ഓഫ് എ നാഷൻ’ ഓർമിപ്പിക്കുന്നത് വംശവെറിയുടെ വർത്തമാനം

109 വർഷം പിന്നിടുമ്പോഴും ‘ബർത്ത് ഓഫ് എ നാഷൻ’ എന്ന സിനിമയുടെ പ്രസക്തി നഷ്ടമാകാത്തത്, അത് ഇപ്പോഴും ലോകത്തെ ചിലതെല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്. റഷ്യയും ഉക്രൈനും, ഇസ്രായേലും പാലസ്തീനും, ഹിന്ദുത്വയും സെക്യുലറിസവുമെല്ലാം ബർത്ത് ഓഫ് എ നാഷൻപ്രേക്ഷകരെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

Film begin with D W Griffith and ends with Abbas Kiarostami
- Jean Luc Godard


സിനിമ ഗ്രിഫിത്തിൽ തുടങ്ങി കിയറോസ്തമിയിൽ അവസാനിക്കുന്നു - എഴുതിയത് ഫ്രഞ്ച് സിനിമയുടെ മാസ്റ്റർ ഡയറക്ടർ ഗൊദാർദ്, ഴാങ്ങ് ലൂക് ഗൊദാർദ്. ഇത് ഇവ്വിധം എഴുതുമ്പോൾ ഒരുപക്ഷേ ഗൊദാർദിന് അധികമാലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ഗൊദാർദിനുശേഷവും, ഇപ്പോഴും ലോക സിനിമ ആരംഭിക്കുന്നത് ഗ്രിഫിത്തിൽ നിന്നുതന്നെയാണ്. അവസാനിക്കുന്നത് കിയറോസ്തമിയിലും.

കിയറോസ്തമി മനുഷ്യാവസ്ഥകളെ റീലിൽ സന്നിവേശിപ്പിച്ചപ്പോൾ ഗ്രിഫിത്ത് സിനിമയെ സാങ്കേതികമായി മെച്ചപ്പെടുത്തി. 1915- ൽ, 40ാം വയസിലാണ് ഗ്രിഫിത്ത് ഒരു പരീക്ഷണാത്മക ചിത്രം സംവിധാനം ചെയ്യുന്നത്; 'ബർത്ത് ഓഫ് എ നാഷൻ'. 190 മിനിറ്റ് ദൈർഘ്യമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് നിശ്ശബ്ദ ചിത്രം. സിനിമയുടെയും, ലോകത്തിന്റെ തന്നെയും ചരിത്രത്തിൽ ഒരുപോലെ ചലനമുണ്ടാക്കിയൊരു സിനിമ.

ഡി.ഡബ്ലിയു ഗ്രിഫിത്ത്, അബ്ബാസ് കിയറോസ്തമി

വെളുത്തവരുടെ വംശവെറിയെ പ്രകീർത്തിച്ച, കറുത്തവർ വെളുത്തവരുടെ കീഴെയായിരിക്കണമെന്ന് ഉറപ്പിച്ച ചിത്രമായിരുന്നു അത്. ആഫ്രോ അമേരിക്കൻ ജനതയെയും ഇതര വംശത്തിൽ പെട്ട മനുഷ്യരെയും അമേരിക്കയിൽ നിന്ന് തുടച്ചുനീക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിരുന്ന കൂ ക്ലക്‌സ് ക്ലാൻ എന്ന് സംഘടനയെ മഹത്വവത്കരിക്കുകയും ചെയ്തു, ഗ്രിഫിത്ത് ബർത്ത് ഓഫ് എ നാഷനിലൂടെ. വംശവെറി കൊണ്ട് ഭ്രാന്തിളകിയ 20ാം നൂറ്റാണ്ടിലെ അമേരിക്കയുടെയും യൂറോപ്പിന്റെയും പരിച്ഛേദം ബർത്ത് ഓഫ് എ നാഷനിൽ തെളിഞ്ഞു കാണാം. കറുത്തവരുടെ മേലുള്ള വെളുത്ത വർഗക്കാരുടെ അധീശത്വത്തെ ന്യായീകരിക്കുകയാണ് സിനിമയിലൂടെ ഗ്രിഫിത്ത് ചെയ്തത്. സിനിമയിൽ ആഫ്രോ അമേരിക്കൻ നടിമാരെ അഭിനയിപ്പിക്കേണ്ടിവരുമെന്നതിനാൽ വെളുത്ത വർഗക്കാരികളായ സ്ത്രീകളെ കറുത്ത ഛായം തേച്ചാണ് അദ്ദേഹം ക്യാമറക്കു മുന്നിലെത്തിച്ചത്. ഗ്രിഫിത്ത് തന്നെയും അത്രത്തോളം വംശീയത പേറിയിരുന്നു.

ജർമൻ സംവിധായിക ലെനി റീഫെൻസ്റ്റാളിന്റെ ദ ട്രയംഫ് ഓഫ് വില്ലിലും എസ്രാ പൗണ്ടിന്റെ ചില കവിതകളിലും ഉള്ളതുപോലെ പൈശാചികതയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് ഗ്രിഫിത്ത് ചെയ്യുന്നത്. 20ാം നൂറ്റാണ്ടിന്റെ പുഴുക്കുത്തേറ്റ സാമൂഹികവ്യവസ്ഥയുടെ ഉൽപ്പന്നമായിരുന്നു ഗ്രിഫിത്തിന്റെ ബർത്ത് ഓഫ് എ നാഷൻ എന്ന് അന്ന് നിരൂപകർ പോലും തിരിച്ചറിഞ്ഞതുമില്ല.

ബർത്ത് ഓഫ് എ നാഷൻ എന്ന സിനിമയിൽനിന്ന്

സിനിമയ്‌ക്കെതിരെ പ്രതികരിച്ചത് ആഫ്രോ അമേരിക്കൻസിനുവേണ്ടി പോരാടിയിരുന്ന ചില മനുഷ്യാവകാശ പ്രവർത്തകർ മാത്രമാണ്. അന്ന് വലിയ സാമ്പത്തിക ലാഭവുമുണ്ടാക്കുന്നുണ്ട് ബർത്ത് ഓഫ് എ നാഷൻ. അതുവരെയുണ്ടായിരുന്ന കളക്ഷൻറെക്കോർഡുകളെയെല്ലാം സിനിമ ഭേദിക്കുന്നു. സിനിമയുടെ ഈ സാമ്പത്തിക വിജയത്തിന്റെ കാരണം, 20ാം നൂറ്റാണ്ടിലെ അമേരിക്കൻ വംശീയ മനസുകളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്നതു തന്നെയാണ്. കാമാർത്തരായ കറുത്ത വർഗക്കാരുടെ ഒരു സംഘം വെളുത്ത വർഗക്കാരുടെ കുടുംബത്തെ വളയുന്നതും വെളുത്തവരെ രക്ഷിക്കാൻ ക്ലൂ ക്ലക്‌സ് ക്ലാൻ സംഘം നടത്തുന്ന ശ്രമങ്ങളുടെ ഉദ്വേഗജനകമായ ദൃശ്യങ്ങളുമാണ് വംശവെറിയരെ അന്ന് ഏറ്റവും തൃപ്തിപ്പെടുത്തിയത്.

109 വർഷം പിന്നിടുമ്പോഴും ബർത്ത് ഓഫ് എ നാഷന്റെ പ്രസക്തി നഷ്ടമാകാത്തത്, അത് ഇപ്പോഴും ലോകത്തെ ചിലതെല്ലാം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതിനാലാണ്. റഷ്യയും ഉക്രൈനും, ഇസ്രായേലും പലസ്തീനും, ഹിന്ദുത്വയും സെക്യുലറിസവുമെല്ലാം ബർത്ത് ഓഫ് എ നാഷനിലൂടെ ഓർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

1905-ൽ പ്രസിദ്ധീകരിച്ച തോമസ് ഡിക്‌സന്റെ ദ ക്ലാൻസ് മാൻ എ ഹിസ്‌റ്റോറിക്കൽ റൊമാൻസ് ഓഫ് ദി കൂ ക്ലക്സ് ക്ലാൻ, ദെ ലെപ്പേർഡ്‌സ് സ്‌പോട്ട് എന്നീ കൃതികളെ ആധാരമാക്കിയാണ് ബർത്ത് ഓഫ് എ നാഷൻ നിർമിച്ചിരിക്കുന്നത്. രണ്ടു കുടുംബങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. വടക്കു നിന്നും തെക്കു നിന്നുമുള്ള രണ്ടു കുടുംബങ്ങളുടെ കഥ. സ്റ്റോൺമാനിന്റെയും കാമറൂണിന്റെ കുടുംബങ്ങളുടെ കഥ, കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദത്തിന്റെയും. പിന്നീട് രാഷ്ട്ര രൂപീകരണ സമയത്ത് രണ്ടു കുടുംബങ്ങളും വിരുദ്ധ പക്ഷത്താകുന്നു. യുദ്ധക്കളത്തിൽവച്ച് രണ്ടു കുടുംബങ്ങളിലെയും ആൺകുട്ടികൾ ഒരേ സമയത്ത് മരിച്ചുവീഴുന്നു. സ്റ്റുഡിയോ പ്ലാറ്റ്ഫോമുകളിൽ നിന്നറങ്ങി യത്ഥാർത്ഥ സ്ഥലത്ത് ചിത്രീകരിച്ച യുദ്ധ രംഗങ്ങൾ ചലച്ചിത്ര ആസ്വാദകരേയും പഠിതാക്കളെയും ഒരുപോലെ ആകർഷിക്കുന്നതാണ്.

മുൻ അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കൺ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങളും ബർത്ത് ഓഫ് എ നാഷനിലുണ്ട്. രാഷ്ട്രത്തിന്റെ പുനർനിർമാണ വേളയിൽ അമേരിക്കയുടെ അവിഭാജ്യ ഘടകമായ ആഫ്രോ അമേരിക്കൻ വംശജരെ അംഗീകരിക്കാൻ മടിക്കുന്ന വെളുത്ത വർഗക്കാരന്റെ കണ്ണിലൂടെയാണ് ഗ്രിഫിത്ത് സിനിമയുടെ ഓരോ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ കറുത്ത് വംശജരെ പിന്തള്ളുന്ന ഗ്രിഫിത്ത് സിനിമയുടെ രണ്ടാം പകുതിയിൽ കറുത്തവരെ ഭീകരരാരീയി ചിത്രീകരിക്കുന്നു. വെളുത്ത് സ്ത്രീകളെ കാമാർത്തിയോടെ നോക്കുന്ന കറുത്ത ഭീകരർ എന്നാണ് ഗ്രിഫിത്തിന്റെ ആഖ്യാനം.

ക്ലൂ ക്ലക്‌സ് ക്ലാൻ പരേഡ്

അടിമകളായിരുന്ന കറുത്ത വർഗക്കാരെ മോചിപ്പിച്ചത് തെറ്റായിപ്പോയി എന്ന വെളുത്ത വർഗക്കാരുടെ കുറ്റബോധമായാണ് ഗ്രിഫിത്ത് സിനിമയെ അവതരിപ്പിക്കുന്നത്. 1865- ൽ സ്ഥാപിതമായ ക്ലൂ ക്ലക്‌സ് ക്ലാനിന്റെ പ്രവർത്തനങ്ങൾഅമേരിക്കയിൽ അവിടവിടങ്ങളിലായി നടക്കുന്നുണ്ടായിരുന്നെങ്കിലും പൊതുവേ നിർജീവമായിരുന്ന സംഘടനയുടെ പ്രവർത്തനത്തെ വീണ്ടും ത്വരിതപ്പെടുത്താൻ കഴിഞ്ഞത് ബർത്ത് ഓഫ് എ നാഷന്റെ പ്രദർശനത്തോടെയാണ് എന്ന് നിരീക്ഷണങ്ങളുണ്ട്. സിനിമയുടെ റിലീസിന് അഞ്ചു വർഷത്തിനുശേഷം സംഘടനയിൽ 40 ലക്ഷം അംഗങ്ങളുണ്ടായിരുന്നു എന്നാണ് കണക്കുകൾ.

ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രിഫിത്തിനെ വംശീയവാദി എന്ന നിലയിലേക്ക് ചുരുക്കാനും സാധിക്കില്ല. സിനിമക്ക് ഒരു വ്യാകരണം സൃഷ്ടിക്കുന്നതിൽ ഗ്രിഫിത്തിന് വലിയ പങ്കുണ്ട്. അതുവരെ ക്യാമറയുടെ മുന്നിൽ നാടകം കളിച്ചിരുന്ന അഭിനേതാക്കളെ ക്യാമറ പിന്തുടരാൻ തുടങ്ങിയത് ബർത്ത് ഓഫ് എ നാഷന്റെ റിലീസിനു ശേഷമായിരുന്നു. ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, ക്ലോസപ്പ് തുടങ്ങിയ ക്യാമറാസിദ്ധന്തങ്ങൾ ലോക സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത് ബർത്ത് ഓഫ് എ നാഷനിലൂടെ ഗ്രിഫിത്ത് ആണ്. 40 മിനുട്ടുകളിൽ കൂടുതലുള്ള ചിത്രങ്ങൾ പ്രേക്ഷകർ സാവീകരിക്കുമോ എന്ന സംവിധായകരുടെ സന്ദേഹത്തിന് വിരാമമിടാനും ബർത്ത് ഓഫ് നാഷന് കഴിഞ്ഞു. വലിയ സാമ്പത്തിക വിജയവും നേടാൻ കഴിഞ്ഞ സിനിമ വ്യവസായമെന്ന നിലയിൽ സിനിമയെ ഉയർത്തുന്നതിലും വലിയ പങ്കു വഹിച്ചു.

Comments