2018: പൊലീസ് കാവലില്ലാത്ത സിനിമ തീയേറ്ററില്‍
സാഹോദര്യത്തെക്കുറിച്ചൊരു ‘കേരള സ്‌റ്റോറി’

2018-നൊപ്പം തീയേറ്ററിലുണ്ടായിരുന്നത് കേരളത്തിന്റെ പേരിലിറങ്ങിയ മറ്റൊരു സിനിമയാണ്. കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ണാടകയില്‍ ആ ചിത്രത്തിന്റെ പേരുപയോഗിച്ചത്. ‘കേരള സ്‌റ്റോറി’യുടെ റിലീസുമായി ബന്ധപ്പെട്ട് ഇരുപത്തി അഞ്ചോളം പൊലീസുകാരെയാണ് കോഴിക്കോട് ഗോകുലം മാളിന് പുറത്തും അകത്തെ തീയേറ്ററിന് സമീപവുമായി വിന്യസിച്ചിരിക്കുന്നത്. ചുറ്റും പ്രളയജലം പോലെ വെറുപ്പ് അരിച്ച് കേറുന്നുണ്ട്.

കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വൈകാരികമായി, വ്യക്തിഗതമായി അടുപ്പം തോന്നുന്ന സംഭവങ്ങള്‍ എന്നതാണ് 2018-എന്ന സിനിമയുടെ ഒരു ഘടകം. 2018ലെ പ്രളയം പോലെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ട്രോമാറ്റിക് ആയ ഓരോ സംഭവത്തെക്കുറിച്ച്, അതില്‍ അതിജീവിച്ചവര്‍ക്ക് മുന്നില്‍ ഒരു സിനിമ ചെയ്യുക എന്നത് വളരെ ജാഗ്രത വേണ്ട ജോലിയാണ്. ആ ജാഗ്രത ജൂഡ് ആന്റണി ജോസ് കാണിച്ചിച്ചുണ്ട്. എന്നുമാത്രമല്ല, ഒരു ത്രില്ലര്‍ സിനിമയുടെ ഉദ്വേഗത്തോടെ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ അണിനിരന്ന കേരളീയര്‍ക്ക് ഒരു 'ഹീറോയിക്' ആദരം കൂടിയാവുന്നുണ്ട്.

സിനിമയുടെ തുടക്കം മുതല്‍ മഴയുണ്ട്. സാധാരണ മഴ. എല്ലാ സിനിമകളിലേയും പോലെ തന്നെ. കഥാപാത്രങ്ങള്‍ക്കും ഈ മഴ പരിചിതമാണ്. അവര്‍ കുടയും ചൂടി അവരവരുടെ പാട് നോക്കി പോവുന്നു. നായകന്‍ കാമുകിക്ക് കുട കടം കൊടുത്ത് റൊമാന്‍സ് കാണിക്കുന്നു. മഴ തോരുന്നു. എല്ലാം സ്വാഭാവികം. പക്ഷേ ഓരോ മഴയിലും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് ഉയരും. അത് സംഭവിച്ച് തുടങ്ങിയോ എന്ന ആധിയേറും. അത്തരമൊരു പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഈ സിനിമ എത്തുന്നത് എന്നതാണ് നേരത്തെ പറഞ്ഞ ആ വെല്ലുവിളി.

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലാണ് സിനിമയുടെ കഥയുടെ പ്രധാനഭാഗങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളിലായി വ്യത്യസ്തരായ മനുഷ്യരിലൂടെയാണ് കഥ പറഞ്ഞ് തുടങ്ങുന്നത്. പട്ടാളത്തില്‍ നിന്ന് ഒളിച്ചോടി നാട്ടില്‍ തിരിച്ചെത്തി ചെറിയ പണികളുമായി നടക്കുന്ന അനൂപ്(ടൊവീനോ തോമസ്), മോഡല്‍ ആവണം എന്ന ആഗ്രഹവുമായി ജീവിക്കുന്ന ആസിഫ് അലിയുടെ കഥാപാത്രം, ഉത്തരവാദിത്വബോധമില്ലാതെ വീഡിയോ ഗെയിം കളിച്ച് വീട്ടിലിരിക്കുന്നതായി കാണിക്കുന്ന നഹാസ്(ഷെബിന്‍ ബെന്‍സന്‍), മത്സ്യത്തൊഴിലാളികളായെത്തിയ നരേയ്‌നും ലാലും ഉള്‍പ്പടെയുള്ളവര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട്.

ദൈര്‍ഘ്യം കുറഞ്ഞ റോളുകളില്‍ പോലും പ്രധാനപ്പെട്ട അഭിനേതാക്കളാണ് വന്ന് പോവുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത് പോവുക എന്ന ഉദ്ദേശത്തിനപ്പുറം 'എല്ലാവരും ഹീറോ'മാരാണ് എന്ന സിനിമയുടെ ആശയത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യം കൂടെ ഈ താരനിര കൊണ്ട് സാധിക്കുന്നുണ്ട്.

കഥാപാത്രങ്ങളെയും അവരുടെ ജീവിത പരിസരങ്ങളെയും പരിചയപ്പെടുത്താനും അവരുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുന്ന മഴ പതിയെ പ്രളയമായി മാറിത്തുടങ്ങുന്നതുമാണ് ആദ്യ പകുതിയിലെ സിനിമ. രണ്ടാം പകുതിയില്‍ മഴ പ്രളയമാവുന്നതും അതിന്റെ രൗദ്രതയില്‍ കേരളം മുങ്ങിപ്പോവുന്നതും കേരളം ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാന്‍ ശ്രമിക്കുന്നതും

അതിവൈകാരികതയോടെ ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ജൂഡ് ആന്റണി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

അഖില്‍ ജോര്‍ജിന്റെ അതിഗംഭീരമായ ദൃശ്യങ്ങളാണ് സിനിമയുടെ ഏറ്റവും മികച്ച ഭാഗം. 2018-ല്‍ മലയാളികള്‍ നേരിട്ട് കണ്ടതും ടീവിയിലൂടെ കണ്ടതുമായ പ്രളയത്തിന്റെ അതിഭീകര ദൃശ്യങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടെയും പുനഃസൃഷ്ടിക്കാന്‍ അകില്‍ ജോര്‍ജിന് സാധിച്ചിട്ടുണ്ട്. മെച്ചപ്പെട്ട സാങ്കേതികത്തികവോടെ പ്രളയവും അതിലകപ്പെട്ടുപോയ വീടുകളെയും ഗ്രാമങ്ങളെയും സൃഷ്ടിച്ചെടുക്കാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ ടീമിനും സാധിച്ചിട്ടുണ്ട്. സാഹചര്യങ്ങളെ വൈകാരികമായി ഉയര്‍ത്തുന്നതിലും ഉദ്വേഗഭരിതമാക്കുന്നതിലും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും നിര്‍ണായക പങ്കുവഹിക്കുന്നു. സാങ്കേതികമായും വൈകാരികമായും മികച്ചു നില്‍ക്കുന്ന ഒരു സിനിമാനുഭവമാണ് 2018. കേരളം നേരിട്ട ദുരിതം പ്രമേയമാക്കി മുന്‍പ് പുറത്തിറങ്ങിയ മലയന്‍ കുഞ്ഞ്, വൈറസ് എന്നീ ചിത്രങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് മാസ് ഓഡിയന്‍സിനെ കൂടി കണക്കിലെടുത്താണ് ജൂഡ് ആന്റണി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പ്രളയസമയത്തെ കുറേയെറെ സംഭവങ്ങള്‍ സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. പ്രളയകാലത്തെ വിവാദ സംഭവങ്ങളിലേക്ക് പോവാതെ മനുഷ്യരുടെ ഒരുമയിലേക്കും അതിജീവന ശ്രമങ്ങളിലേക്കും മാത്രം ചിത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നു.

അഭിനേതാക്കളുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. ടൊവീനോ തോമസിന്റെ അനൂപ് എന്ന കഥാപാത്രം നമുക്ക് നാട്ടിന്‍പുറത്ത് നിന്ന് എളുപ്പം കണക്ട് ചെയ്യാവുന്ന ഒരാളാണ്. പ്രളയസമയത്ത് വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളുമായി പൊതുമധ്യത്തിലുണ്ടായിരുന്ന ടൊവീനോ തന്നെ അനൂപ് ആയി സ്‌ക്രീനിലും ഹീറോ ആവുന്നത് സന്തോഷം നല്‍കുന്ന അനുഭവമാണ്. മത്സ്യത്തൊഴിലാളികളായി സ്‌ക്രീനിലെത്തിയ ലാല്‍, നരേയ്ന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഗംഭീരമായി. ഒരു അടിയന്തിരഘട്ടത്തില്‍ തങ്ങളുടെ ജീവനോപാധിയായ വള്ളങ്ങളുമെടുത്ത് നാടിന്റെ രക്ഷയ്‌ക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക ആദരം കൂടിയാണ് ഈ സിനിമ.

വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, കലൈയരശന്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, സുധീഷ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, രഞ്ജി പണിക്കര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി, സുരേഷ് കുമാര്‍, ജയകൃഷ്ണന്‍ തുടങ്ങിയ രസകരമായി സ്‌ക്രീനിലെത്തിയ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

സംഭാഷണങ്ങളാണ് സിനിമയില്‍ കുറേയേറെ മെച്ചപ്പെടേണ്ട ഒരു ഘടകം. മിക്ക സംഭാഷണങ്ങളും കൃത്രിമത്വം നിറങ്ങതും അനാവശ്യവുമാണ്. പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ പൂര്‍ണചിത്രമോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അതിവിപുലമായ സര്‍ക്കാര്‍ സംവിധാനത്തെയോ ചിത്രത്തിന് പരാമര്‍ശിക്കാന്‍ പറ്റാതെ പോയി എന്നതും ഒരു പോരായ്മയാണ്. ഡാം തുറന്ന് വിട്ടതിനാലാണ് പ്രളയമുണ്ടായത് എന്ന ധ്വനിയുണ്ടാക്കുന്ന ക്രമത്തിലാണ് ചില സീനുകളുടെ ക്രമം എന്നതും ഒരു പ്രശ്‌നമാണ്.

2018-നൊപ്പം തീയേറ്ററിലുണ്ടായിരുന്നത് കേരളത്തിന്റെ പേരിലിറങ്ങിയ മറ്റൊരു സിനിമയാണ്. കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കര്‍ണാടകയില്‍ ആ ചിത്രത്തിന്റെ പേരുപയോഗിച്ചത്. ദിവസങ്ങള്‍ക്ക് മുന്നെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയും കേരളത്തിനെതിരെ വിദ്വേഷം പ്രസംഗിച്ചു. കേരള സ്‌റ്റോറിയുടെ റിലീസുമായി ബന്ധപ്പെട്ട് ഇരുപത്തി അഞ്ചോളം പൊലീസുകാരെയാണ് കോഴിക്കോട് ഗോകുലം മാളിന് പുറത്തും അകത്തെ തീയേറ്ററിന് സമീപവുമായി വിന്യസിച്ചിരിക്കുന്നത്. ചുറ്റും പ്രളയജലം പോലെ വെറുപ്പ് അരിച്ച് കേറുന്നുണ്ട്. അത്തരമൊരു ദുരന്തത്തെ നേരിടാനും നമ്മുടെ കയ്യില്‍ 2018ലെ അതേ ആയുധങ്ങള്‍ തന്നെയേ ഉള്ളൂ, സാഹോദര്യം, സ്‌നേഹം, കരുണ.

Comments