വരിക്കാശ്ശേരി മനയില്‍ നിന്ന് സിനിമ കേരളത്തിലേക്ക് തിരിച്ചു വന്ന കാലം

ബംഗ്ലാദേശിലെ രാജ്ഷാഹി ഫിലിം സൊസൈറ്റിയുടെ 2023ലെ ഋതിഖ് ഘട്ടക് പുരസ്കാരം നേടിയ ഫിലിം സൊസൈറ്റി പ്രവർത്തകനും എഴുത്തുകാരനുമായ മധു ജനാർദ്ദനനുമായി റാഷിദ നസ്രിയ നടത്തിയ അഭിമുഖം.

റാഷിദ നസ്രിയ: ലോകമൊട്ടാകെയുള്ള നവ സിനിമയുടെ ഭാഗമായിട്ടാണല്ലോ കേരളത്തിലും ഫിലിം സൊസൈറ്റികൾ വരുന്നത്. പിന്നീട് ഒഡേസ പോലുള്ള ജനകീയ കൂട്ടായ്മകൾ, സ്വന്തമായി ഇടങ്ങൾ ഉണ്ടാക്കുകയും ചെയ്തല്ലോ. ആ കാലമൊന്ന് ഓർത്തെടുക്കാമോ?

മധു ജനാര്‍ദ്ദനന്‍: അറുപതുകളിലാണ് കേരളത്തിൽ ഫിലിം സൊസൈറ്റികൾ ആരംഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണനാണ് ആദ്യത്തെ ഫിലിം സൊസൈറ്റി തുടങ്ങുന്നത്. പിന്നീട് ഫിലിം സൊസൈറ്റികൾ കേരളത്തിൽ വ്യാപകമായി ഉണ്ടായി. അത് എഴുപതുകളോടെ ശക്തി പ്രാപിച്ചു. മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റി തുടങ്ങുമ്പോൾ ഞാൻ സ്കൂൾ വിദ്യാർത്ഥിയാണ്. ഭാഗ്യവശാൽ അന്നുമുതൽ ഫിലിം സൊസൈറ്റിയുമായി ബന്ധപ്പെടാൻ അവസരം ഉണ്ടായി. അച്ഛൻ്റെയും അമ്മയുടെയും ഫാമിലി മെമ്പർഷിപ്പിൽ പഥേർ പാഞ്ചാലി മുതലുള്ള ഇന്ത്യൻ - ലോക ക്ലാസിക്കുകൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ വായിക്കാൻ പറ്റാത്ത പ്രായത്തിൽ തന്നെ കണ്ടു തുടങ്ങി. എഴുപതുകളിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ വരുന്നത് രണ്ട് രീതിയിലാണ്. ഒന്ന് ഇടത് തീവ്രസ്വഭാവമുള്ള ആളുകളുടെ ഒരു താല്പര്യമുണ്ടതിൽ. സിനിമ ഒരു രാഷ്ട്രീയ ഉപകരണമാണെന്ന് ബോധ്യമുള്ള ഇടതു തീവ്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന ആളുകൾ, കോളേജ് അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, പാരലൽ കോളേജ് അധ്യാപകർ എന്നിവരുടെയൊക്കെ പങ്കാളിത്തം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു. കൊമേഷ്യൽ സിനിമയ്ക്കെതിരെയുള്ള പ്രസ്ഥാനം എന്ന രീതിയിൽ വന്നവരും ഉണ്ടായിരുന്നു. ഈ രണ്ട് രീതിയിലാണ് എഴുപതുകളിൽ ഫിലിം സൊസൈറ്റികൾ ശക്തിയാർജിച്ചത്. എൺപതുകളിലാണ് ഒഡേസ പോലുള്ള പ്രസ്ഥാനങ്ങൾ വരുന്നത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഫറോഖ് കോളേജിൽ ബോധി ഫിലിം എന്ന പേരിലുള്ള പോസ്റ്ററുകളിൽ പി. എ ബക്കറിൻ്റെ സംഘഗാനം രാമു കാര്യാട്ടിൻ്റെ അമ്മുവിൻ്റെ ആട്ടിൻകുട്ടി എന്നിവ പ്രദർശിപ്പിക്കുന്നു എന്ന് കണ്ടതോർക്കുന്നു. അത് ഫറോഖ് ആർട്സ് കോളേജ് എന്ന ഒരു പാരലൽ കോളേജിൽ ആണ് നടക്കുന്നത്. അതൊരു ഓല ഷെഡാണ്. അതിൻ്റെ മുറ്റത്ത് വച്ചിട്ടാണ് പ്രദർശിപ്പിക്കുന്നത്. ഞാൻ അവിടെ ചെന്ന് ഈ സിനിമകൾ കണ്ടതോർക്കുന്നു. ഇതാണ് പിന്നീട് ഒഡേസയായി പരിണമിച്ചത്. ഒഡേസ ഫിലിം സൊസൈറ്റികൾ വഴി, ക്ലബുകൾ, ഗ്രാമങ്ങളിലെ സാംസ്കാരിക ഗ്രൂപ്പുകൾ എന്നിവ വഴിയും സിനിമാ പ്രദർശനം നടത്തിയിരുന്നു.

അടൂർ ഗോപാലകൃഷ്ണൻ

യു ആർ അനന്തമൂർത്തിയുടെ സംസ്കാര, ബൈസിക്കിൾ തീവ്സ്, ചാർളി ചാപ്ലിൻ്റ കിഡ് പോലെയുള്ള സിനിമകൾ ആയിരുന്നു അവർ ആദ്യം പ്രദർശിപ്പിച്ചിരുന്നത്. മലപ്പുറത്ത് സജീവമായിരുന്ന പ്രസ്ഥാനം എന്ന രീതിയിൽ രശ്മി ഫിലിം സൊസൈറ്റിയുടെ പ്രവർത്തകരായ ഞങ്ങളുമായി അവർ ബന്ധപ്പെട്ടിരുന്നു. പടിഞ്ഞാറ്റുമുറി, കോൽമണ്ണ, പൂക്കോട്ടൂർ എന്ന സ്ഥലങ്ങളിലൊക്കെ അവർ സിനിമ കാണിച്ചിട്ടുണ്ട്. കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസമില്ലാതെ അവർ നിരന്തരം പ്രദർശനങ്ങൾ നടത്തിയിട്ടാണ് അമ്മ അറിയാൻ എന്ന സിനിമാ പദ്ധതിയിലേക്ക് വരുന്നത്. അത് ജനകീയമായിട്ടുള്ള ഒന്നായിരുന്നു. ആ സിനിമക്ക് 100 രൂപ സംഭാവനയായി പിരിച്ചിരുന്നു. മലപ്പുറത്ത് ഞങ്ങൾ കൂടെ നടന്നു പിരിച്ചു കൊടുത്തിട്ടുണ്ട്. പിന്നീട് ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് ലൊക്കേഷനുകളിലും പിരിവ് നടത്തി. 10 രൂപയുടെ കൂപ്പൺ വെച്ചിട്ടായിരുന്നു അന്നത്തെ പിരിവ്. മനോഹരമായ ഒരു കാലമായിരുന്നു അത്. എന്നിരുന്നാലും ആ സിനിമ പൂർത്തിയാക്കാനുള്ള പൈസ അവർക്ക് കിട്ടിയില്ല. ആ സിനിമയുടെ പ്രൊഡക്ഷനിൽ ഏറ്റവും സജീവമായി പ്രവർത്തിച്ച അമ്മദിനെ ഓർക്കുന്നു. കേരളത്തിൽ ആ സിനിമയുടെ എണ്ണായിരം പ്രദർശനം നടന്നു. 100 രൂപ ആയിരുന്നു ഒരു സ്ക്രീനിങ്ങിന് ഫീസ്. ഇന്നത്തെ പോലെ എളുപ്പമായിരുന്നില്ല അന്ന് ഫിലിം സൊസൈറ്റി പ്രവർത്തനം. തീയേറ്ററുകളിലാണെങ്കിൽ 35MM ഫിലിമുകളുടെ വലിയ പെട്ടികളും, 16MM ആണെങ്കിൽ പ്രൊജക്റ്റർ, സൗണ്ട് ബോക്സ്, ഫിലിം പ്രിൻറ് എന്നിവയും ചുമന്ന് കൊണ്ടുപോയി സിനിമാ പ്രവർത്തനം നടത്തുക എന്നത് കായികമായി അധ്വാനമാവശ്യപ്പെടുന്ന ഒന്നായിരുന്നു.

ചാർളി ചാപ്ലിൻ്റ ദി കിഡ് എന്ന സിനിമയിൽ നിന്ന്

കോവിഡ് കാലത്തെ ഓൺലൈൻ പ്രദർശനങ്ങളിലൂടെ ഫിലിം സൊസൈറ്റികൾ പുനർജീവിക്കപ്പെട്ടു. അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് കൂട്ടായ്മകൾ അസാധ്യമായിരുന്നല്ലോ. രണ്ട് ഇതിനിടെ ഓൺലൈനിൽ പ്രധാന സിനിമകൾ, ക്ലാസിക്കുകൾ അടക്കം ലഭ്യമാവുകയും ചെയ്തു. അങ്ങനെയാണ് ഓൺലൈൻ ആക്ടിവിസം ഫിലിം സൊസൈറ്റികൾ ആരംഭിക്കുന്നത്. ഫിലിം സൊസൈറ്റിയുടെ ഓൺലൈൻ ചലച്ചിത്രോത്സവകാലത്തെ, നേരത്തെയുള്ള കാലവുമായി താരതമ്യപ്പെടുത്താമോ?

കോവിഡ് കാലത്ത് പല ഫിലിം സൊസൈറ്റികളും ഓൺലൈൻ ഫിലിം പ്രദർശനം നടത്തിയിട്ടുണ്ട്. ഫിലിം സൊസൈറ്റി ഫെഡറേഷൻ പോലും മാസ്റ്റേഴ്സിന്റെ ക്ലാസിക്കുകൾ സ്വന്തമായി പ്ലാറ്റ്ഫോമുകൾ ഉണ്ടാക്കി കാണിച്ചിട്ടുണ്ട്. ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ നടത്തിയിട്ടുമുണ്ട്. കെ ജി ജോർജ്, ടി വി ചന്ദ്രൻ തുടങ്ങിയ മലയാള സംവിധായകരുടെ മികച്ച ചിത്രങ്ങൾ ഏറ്റവും നല്ല ക്വാളിറ്റിയിൽ ഓൺലൈനിൽ കാണിക്കുകയുണ്ടായി. ഇതിന് ഒരു പോസിറ്റീവ് സൈഡ് ഉണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സിനിമകൾ കാണാൻ അവസരം കിട്ടുന്നു. അതുവരെ നമുക്ക് അജ്ഞാതരായ കാണികളേയും നമുക്ക് എത്തിപ്പെടാൻ സാധ്യമല്ലാത്ത കാണികളേയും സിനിമകൾ കാണിക്കാൻ കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരുമായുള്ള സിനിമാസ്വാദകരുമായി ബന്ധപ്പെടാൻ ഈ കാലത്ത് കഴിഞ്ഞു. എന്നാൽ ഓൺലൈൻ ഫെസ്റ്റിവലിലൂടെ പഴയ പോലെ ഒന്നിച്ചിരുന്ന് സിനിമ കാണുകയും സാമൂഹ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നില്ല. അവരവരുടെ വീട്ടിൽനിന്ന് സിനിമ കാണുന്നതും തിയേറ്ററിൽ നിന്ന് സിനിമ കാണുന്നതും വ്യത്യാസമുണ്ട്. ഒന്നിച്ചിരുന്ന് സിനിമ കാണുക എന്നത് രാഷ്ട്രീയപ്രവർത്തനമാണ്. സംഘടിക്കുക, ശക്തരാവുക എന്ന ഇടത് മുദ്രാവാക്യത്തിന്റെ സ്വഭാവം ഇതിനുണ്ട്. ഒന്നിച്ചിരുന്ന് സംസാരിക്കാനും ഇടപഴകാനും ചർച്ചകൾ നടത്താനും സംവാദം നടത്താനും സാധ്യതകൾ കുറഞ്ഞതോടെ യഥാർത്ഥത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനം മന്ദീഭവിക്കപ്പെട്ടു. എന്നാൽ കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകളിലൂടെ ഫിലിം സൊസൈറ്റികൾ പുനർജീവിക്കപ്പെട്ടു.

അവരവരുടെ വീട്ടിൽനിന്ന് സിനിമ കാണുന്നതും തിയേറ്ററിൽ നിന്ന് സിനിമ കാണുന്നതും വ്യത്യാസമുണ്ട്. ഒന്നിച്ചിരുന്ന് സിനിമ കാണുക എന്നത് രാഷ്ട്രീയപ്രവർത്തനമാണ്. സംഘടിക്കുക, ശക്തരാവുക എന്ന ഇടത് മുദ്രാവാക്യത്തിന്റെ സ്വഭാവം ഇതിനുണ്ട്.

ഇതിനിടയിൽ ഐ എഫ് എഫ് കെയുമായി ബന്ധപ്പെട്ട് ചലച്ചിത്ര ആസ്വാദനം മാത്രമല്ല ചലച്ചിത്ര പ്രവർത്തകരുടെ പുതിയ തലമുറയും ഉണ്ടായി വരുന്നു. എങ്ങനെയാണ് മലയാള സിനിമ ഈ പുതിയ തലമുറയെ സ്വാധീനിക്കുന്നത്? എങ്ങനെയാണ് അവർ സിനിമയെ മാറ്റിയത്?

ഐ എഫ് എഫ് കെയിൽ വന്ന സിനിമകൾ കണ്ടിട്ടാണ് ഞാൻ സിനിമക്കാരനായത് എന്ന് തുറന്നു സമ്മതിക്കുന്ന സംവിധായകരുണ്ട്. ഫെസ്റ്റിവൽ സിനിമ കണ്ടിട്ട് ഫെസ്റ്റിവലിൽ കാണിക്കാനുള്ള ഫോർമാറ്റിൽ സിനിമ എടുക്കുന്നവരും ഉണ്ട്. ഐഎഫ്എഫ്കെയിലൂടെ ലോകമെമ്പാടുമുള്ള സിനിമകൾ കാണാൻ പറ്റുന്നു. സിനിമ ഭൂരിഭാഗവും തിയേറ്ററുകളെ ഉദ്ദേശിച്ചാണ് ഉണ്ടാക്കപ്പെടുന്നത്. ഈ കാലത്ത് ഒ ടി ടി പ്ലാറ്റ്ഫോമുകൾക്കനുസൃതമായ ഫോർമാറ്റിലും സിനിമ നിർമിക്കപ്പെടുന്നുണ്ട്. തിയേറ്റർ അനുഭവമാണ് പുതിയ സംവിധായകരെ സ്വാധീനിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷൻ മുതൽ സീറോ ബജറ്റ് സിനിമകൾ വരെ ഫിലിം ഫെസ്റ്റിവലിൽ കാണിക്കുന്നുണ്ട്. ഐ എഫ് എഫ് കെയിൽ വരുന്ന മികച്ച സിനിമകൾ കാണാൻ പറ്റുക എന്നത് ഒരു ഫിലിം മേക്കർ ആവാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് വലിയ കാര്യമാണ്.

ഐ എഫ് എഫ് കെയിൽ വരുന്ന മികച്ച സിനിമകൾ കാണാൻ പറ്റുക എന്നത് ഒരു ഫിലിം മേക്കർ ആവാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് വലിയ കാര്യമാണ്.

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ പുതിയ കാലത്തേക്കും ലോകത്തേക്കും കൊണ്ടുവരുന്നതിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ ദീർഘകാല അനുഭവമുള്ള സംഘാടകൻ എന്ന നിലയിൽ നിങ്ങളുടെ റോൾ എന്താണ്?

ഇരുപതാം വയസ്സിൽ മലപ്പുറത്ത് രശ്മി ഫിലിം സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ഞാൻ. 25 വയസ്സ് മുതൽ 35 വരെ അതിന്റെ സെക്രട്ടറി ആയി. ആ സമയത്ത് ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏറ്റവും നിർജീവമായ സമയമാണ്. സൗത്ത് ഇന്ത്യയിൽ 15 ഫിലിം സൊസൈറ്റികൾ മാത്രമാണുള്ളത്. അന്ന് രശ്മി ഫിലിം സൊസൈറ്റിക്ക് രണ്ട് പ്രാവശ്യം സൗത്ത് ഇന്ത്യയിൽ ബെസ്റ്റ് ഫിലിം സൊസൈറ്റി അവാർഡ് കിട്ടി. ഒരു പ്രാവശ്യം സെക്കൻഡ് ബെസ്റ്റ് ഫിലിം സൊസൈറ്റി അവാർഡും കിട്ടി. അന്ന് ഞങ്ങൾ പുതിയ പദ്ധതികളൊക്കെ ആവിഷ്കരിച്ചു. അങ്ങനെ ജനങ്ങളുടെ ഇടയിൽനിന്ന് പണം പിരിച്ച് ഇതിഹാസത്തിലെ ഖസാക്ക് എന്ന ഡോക്യുമെന്ററി നിർമ്മിച്ചു. അതിന് പ്രസിഡന്റിന്റെ അവാർഡ് കിട്ടി. ഫിലിം സൊസൈറ്റിയിൽ ഉള്ള ജ്യോതി പ്രകാശ് ആണ് അത് സംവിധാനം ചെയ്തത്. അന്ന് രശ്മി ചലച്ചിത്ര വാർത്ത എന്ന ഒരു മാഗസിനും ഉണ്ടായിരുന്നു. സാധാരണ ലക്കങ്ങളിൽ തന്നെ ഞങ്ങൾ അതിനു പുതുമ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ബെർഗ്മാൻ്റെ മാജിക് ലാന്റേൻ എന്ന ഓട്ടോ ബയോഗ്രാഫി മലയാളത്തിൽ വിവർത്തനം ചെയ്ത് ആദ്യം മാഗസിനിൽ സീരിയലൈസ് ചെയ്യുകയും പിന്നീട് പുസ്തകം ആക്കുകയും ചെയ്തു. ആദ്യം ഫിലിം സൊസൈറ്റിയുടെ സിനിമ കണ്ടും പിന്നീട് അതിന്റെ കൂടെ പ്രവർത്തിച്ചും അതായത് അതിൻ്റെ കൂടെ സമഗ്ര മേഖലയിലും പ്രവർത്തിച്ചും പോസ്റ്റർ ഒട്ടിച്ചും ഫിലിം പെട്ടി ചുമന്നും പ്രൊജക്റ്റർ ഓപ്പറേറ്റ് ചെയ്തും മാഗസിനിൽ എഴുതുകയും ഒക്കെ ചെയ്താണ് ഇതിൽ സജീവമാകുന്നത്.

ആനന്ദ് പട്‍വർധൻ

നമുക്ക് ഇടപെടാൻ കഴിയുന്ന ചില മേഖലകൾ ഉണ്ട്. 2001 ൽ മലപ്പുറം ജില്ലയിലെ എടവണ്ണയിലെ ടോമോസ് എന്ന ആൾടർനേറ്റീവ് സ്കൂൾ പ്രവർത്തകൻ അബ്ദുള്ളക്കുട്ടിയുടെ നേതൃത്വത്തിൽ എടവണ്ണയിലെ പൊതുപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും കൂടി ഒരു ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചു. ‘‘ജലമർമ്മര’’ ‘‘രാംകെ നാം’’ എന്നിങ്ങനെയുള്ള സിനിമകൾ ആണ് കാണിക്കാനിരുന്നത്. ആ സമയം ആനന്ദ് പടവർധനൻ്റെ രാം കേ നാം പ്രദർശിപ്പിച്ചാൽ അവിടെ വർഗീയ ലഹള ഉണ്ടാകുമെന്ന പ്രചരണം ഉണ്ടായി. ആർ എസ് എസുകാർ ചുറ്റുവട്ടം വളഞ്ഞ് നിൽക്കുകയുണ്ടായി.

ആർ എസ് എസുകാർ കളക്ടർക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ രാം കേ നാം മലപ്പുറം ജില്ലയിൽ ഒരു മാസത്തേക്ക് നിരോധിച്ചു. ആ നിരോധനത്തിനെതിരെ മലപ്പുറം നഗരത്തിൽ ഞങ്ങൾ വലിയ സമരം നടത്തി. രശ്മി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലയിൽ ഞാനായിരുന്നു ഇതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ. ഈ സമരത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി, കേരളത്തിലെ ഫിലിം സൊസൈറ്റികൾ, സാംസ്കാരിക പ്രവർത്തകരായ കെ.ഇ.എൻ, പി ടി കുഞ്ഞി മുഹമ്മദ്, കരിവെള്ളൂർ മുരളി, രാമചന്ദ്രൻ മൊകേരി, ജി.പി രാമചന്ദ്രൻ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ഈ നിരോധനം തുടരുകയാണെങ്കിൽ മലപ്പുറം ജില്ലയിൽ വ്യാപകമായി നിരോധനം ലംഘിച്ചുകൊണ്ട് രാം കേ നാം പ്രദർശിപ്പിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. അങ്ങനെ ഒരുമാസം കഴിയുന്നതോടെ നിരോധനം അവസാനിപ്പിച്ചു. അതിന്റെ പിറ്റേദിവസം തന്നെ എടവണ്ണയിൽ വൻജനാവിലയോടെ രാം കേ നാം പ്രദർശിപ്പിച്ചു. നിരോധന ശേഷം സിനിമ പ്രദർശിപ്പിക്കുന്നതുവരെയുള്ള പത്രപ്രവാർത്തകൾ മുഴുവൻ ഞാൻ ഡോക്യുമെന്റ് ചെയ്ത് പിന്നീട് ഫയൽ ആക്കി ആനന്ദ് പട് വർധന് നൽകുകയും ചെയ്തു. ആനന് പട് വർധനെക്കുറിച്ച് ആർ വി രമണി ചെയ്ത ഡോക്യുമെന്ററിയിൽ ഈ സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഞാൻ പ്രവർത്തിക്കുന്ന ഫിലിം സൊസൈറ്റിയിൽ അനേകം സിനിമകൾ കാണിക്കുക, കുറെ ഫെസ്റ്റിവൽ നടത്തുക എന്നതിനപ്പുറം കേരളത്തിൽ ഇതൊരു മൂവ്മെൻറായി വളർത്താൻ വേണ്ടി മറ്റ് സ്ഥലങ്ങളിൽ ഫിലിം സൊസൈറ്റികൾ രൂപീകരിക്കുക, സജീവമാക്കുക എന്നതാണ് എൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത് എന്നാണ് കരുതുന്നത്.

‘‘രാംകെ നാം’’

ഈ കാലഘട്ടത്തിൽ ചലച്ചിത്രമേളകളുടെയും അതുപോലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെയും പ്രസക്തി എന്താണ്? പുതിയ കാലഘട്ടത്തിൽ ഫിലിം സൊസൈറ്റി എത്ര എഫക്റ്റീവ് ആണ്?

ഫിലിം സൊസൈറ്റിക്ക് എന്നും പ്രസക്തിയുണ്ട്. കാലത്തിനനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങൾ ഡിസൈൻ ചെയ്യുക എന്നതാണ് ഫിലിം സൊസൈറ്റികളുടെ വെല്ലുവിളി. ഫലസ്തീനിൽ പോരാട്ടം നടക്കുമ്പോൾ ഫലസ്തീൻ സിനിമകൾ കേരളത്തിൽ കാണിക്കുകയാണ് ചെയ്യേണ്ടത്. കാലികം ആവുക എന്നത് വളരെ പ്രധാനവും പൊളിറ്റിക്കലുമാണ് കാലികം ആവുക എന്ന കടമ ഫിലിം സൊസൈറ്റികൾ പലപ്പോഴും നിർവഹിക്കാറുണ്ട് തങ്ങളെ രാഷ്ട്രീയമായും സാമൂഹ്യമായും ആവിഷ്കരിക്കുക എന്നത് പ്രധാനമാണെന്ന ബോധ്യം ഫിലിം സൊസൈറ്റികൾക്കുണ്ട്.

ഒരുകാലത്തെ ധാരാളം തിരക്കഥകൾ, എം ടിയുടെയും പത്മരാജന്റെയും ലോഹിതദാസിന്റെയും പോലെ ധാരാളം തിരക്കഥകൾ നമ്മുടെ വായനാ മുറിയിൽ എത്തിയിരുന്നു. അക്കാലത്ത് തിരക്കഥയായിരുന്നു ചലച്ചിത്ര നിർമാണത്തിന്റെ അടിസ്ഥാനം തന്നെ. ഇപ്പോൾ എന്താണ് നമ്മുടെ ഭാഷയിൽ തിരക്കഥകൾ ഇല്ലാത്തത്? തിരക്കഥകൾ അപ്രസക്തമാക്കി സിനിമ മുന്നേറിയത് കൊണ്ടാണോ?

തിരക്കഥ സിനിമയുടെ ടൂൾ മാത്രമാണ്. എംടിയും പത്മരാജനും സാഹിത്യത്തിൽ നിന്ന് സിനിമയിലേക്ക് വന്നവരാണ്. അവരുടെ തിരക്കഥ എന്നത് സാഹിത്യസൃഷ്ടി കൂടിയാണ്. ആ രീതിയിൽ വായിച്ച് ആസ്വദിക്കുക എന്ന സാധ്യത കൂടിയുണ്ട്. അതേസമയം ഇക്കാലത്ത് വിഷ്വൽസിനെ അടിസ്ഥാനമാക്കിയിട്ടുള്ള സിനിമകളാണ് ഉള്ളത്. എഴുത്തിലൂടെ അല്ല സിനിമ തുടങ്ങുന്നത്. അതിന്റെ തിരക്കഥയ്ക്ക് വലിയ സാധ്യത വായനയിലില്ല. മാത്രമല്ല സിനിമ പലതും നോൺലീനിയറാണ്. പലപ്പോഴും സിനിമകൾ സംഭവിക്കുന്നത് ലൊക്കേഷനിലെ ഇംപ്രവൈസേഷനിലൂടെയാണ്.

എം.ടി. വാസുദേവൻ നായർ

ഒരുകാലത്ത് തെരുവുനാടകമായിരുന്നു ക്യാമ്പസിന്റെ മാധ്യമം. എന്നാൽ പിന്നീട് അത് ഷോർട്ട് ഫിലിം ആയി. സിനിമ സിലബസിന്റെ ഭാഗമായി. ഇപ്പോൾ ക്യാമ്പസിൽ നിന്ന് ഇത് രണ്ടും ഇല്ലാതാവുകയാണ്. എന്താണ് ക്യാമ്പസിന് സംഭവിച്ചത്?

ഷോർട്ട് ഫിലിം എന്നത് ആവാന്ത് ഗാർദ് മീഡിയം ആണ്. ഒരു വ്യത്യസ്ത മീഡിയമാണ്. ഫീച്ചർ ഫിലിമിന്റെ ചെറിയ രൂപമല്ല ഷോർട്ട് ഫിലിം. അതറിയുന്ന പുതിയ തലമുറ വളരെ കുറവാണ്. ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നോക്കിയാൽ ഷോർട്ട് ഫിലിമിന്റെ ലാംഗ്വേജ് ആർജ്ജിച്ച സിനിമകൾ രണ്ടോ മൂന്നോ മാത്രമാണുണ്ടാവുക. ഫീച്ചർ ഫിലിം എടുക്കാൻ പ്രൊഡ്യൂസറെ കാണിക്കാൻ ഉണ്ടാക്കുന്ന പ്രൊഫൈൽ ആണ് പലപ്പോഴും ഷോർട് ഫിലിം. എന്നാൽ മൊബൈലിൽ പോലും കുട്ടികൾ സിനിമയെടുക്കുന്ന കാലമാണിത്. തെരുവുനാടകങ്ങൾ ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യമായിരുന്നു ഇപ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ പുതിയ സിനിമ ഉണ്ടാക്കി ഐഎഫ്എഫ്കെ ക്ക് വരുന്ന ആൾക്കാർ ഉണ്ട്.

മലപ്പുറത്തെ മലയാള സിനിമ ഒരുപാട് അപമാനിച്ചിരുന്നു. എന്നാൽ KL10 പത്ത്' മുതൽ സുഡാനി ഫ്രം നൈജീരിയ, തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നിവയിലൂടെ മലപ്പുറവും കേരളത്തിലെ ഒരു സ്ഥലമാണെന്ന് അടയാളപ്പെടുത്തപ്പെട്ടു.

വള്ളുവനാടൻ സവർണ്ണ പാരമ്പര്യത്തിൽ നിന്ന് സിനിമ മോചിക്കപ്പെട്ടു. പല ശബ്ദങ്ങൾ, പല ജീവിതങ്ങൾ, പല സംസ്കാരങ്ങൾ, പല ആംഗിളുകൾ വന്നത് വഴി കൂടുതൽ ബഹുസ്വരമായിട്ടില്ലേ നമ്മുടെ സിനിമകൾ?,

വള്ളുവനാടൻ നായർ തറവാട്ടിൽ നിന്നും, സിനിമയെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച തിരക്കഥാകൃത്താണ് ലോഹിതദാസ്. അദ്ദേഹമാണ് മലയാള വാണിജ്യ സിനിമയിലെ വിപ്ലവകാരിയായ തിരക്കഥാകൃത്ത്. അദ്ദേഹം മലയാള സിനിമയെ നായർ ആധിപത്യത്തിൽ നിന്ന് മോചിപ്പിച്ചു. അദ്ദേഹം പുതിയ കാലത്തിന്റെ പ്രതിനിധി എന്ന രീതിയിൽ ആ കാലഘട്ടത്തിന്റെ ബഹുസ്വരതയെ കണ്ടെടുത്തു. അതുപോലെ വരിക്കാശ്ശേരി മനയിൽ സിനിമ തളച്ചിടപ്പെട്ട ഒരു കാലമുണ്ടായിരുന്നു. അവിടുന്ന് സിനിമയെ ഇടുക്കിയിലേക്കും കാസർഗോട്ടേക്കും മലപ്പുറത്തേക്കും മറ്റു സംവിധായകർ കൊണ്ടുപോയി. അതൊക്കെ ചരിത്രത്തിന്റെ അനിവാര്യമായ മാറ്റങ്ങളാണ്. മലപ്പുറത്തെ മലയാള സിനിമ ഒരുപാട് അപമാനിച്ചിരുന്നു. എന്നാൽ KL10 പത്ത്' മുതൽ സുഡാനി ഫ്രം നൈജീരിയ, തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നിവയിലൂടെ മലപ്പുറവും കേരളത്തിലെ ഒരു സ്ഥലമാണെന്ന് അടയാളപ്പെടുത്തപ്പെട്ടു. മലപ്പുറത്തിന് സിനിമയുടെ വലിയ പാരമ്പര്യമുണ്ട്. മങ്കട രവിവർമ്മ മുതൽ 800 ഓളം സിനിമയ്ക്ക് ശബ്ദം സംവിധാനം നിർവഹിച്ച വി.ബി.സി മേനോൻ വരെ. ചരിത്ര വനിതയായ നിലമ്പൂർ ആയിഷ മലയാള സിനിമയിലെ രക്ത നക്ഷത്രമാണ്. എന്നിട്ടും മലപ്പുറത്തിന് അപമാനമാണ് നേരിടേണ്ടി വന്നത്. അതിനൊരു തിരിച്ചടിയാണ് പിന്നീട് വന്ന സിനിമകൾ എല്ലാം. അതുപോലെ ഷൂട്ടിംഗ് ലൊക്കേഷനുകൾ ഇടുക്കി, കാസർഗോഡ്, പാലക്കാട് എന്നിവിടങ്ങളിലൊക്കെ എത്തി. അങ്ങനെ ഒരു ജനാധിപത്യവൽക്കരണം സിനിമയിൽ നടന്നു.

നിലമ്പൂർ ആയിഷ

ഒരുകാലത്ത് ഫിലിം എന്ന് പറഞ്ഞാൽ പ്രസിദ്ധരായ ഡയറക്ടർമാരുടെ കൂടെ സിനിമ പഠിക്കൽ ആയിരുന്നു. പിന്നീട് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ പഠിച്ചവരുടെ തലമുറ വന്നു. ഇപ്പോൾ ചലച്ചിത്ര ഉത്സവങ്ങളിലുടെ, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലൂടെ നേരിട്ട് സിനിമയിൽ എത്തുകയാണ് പുതിയ ചെറുപ്പക്കാർ. ഇത് സിനിമയുടെ ക്വാളിറ്റിയെ എങ്ങനെയാണ് സ്വാധീനിക്കുക?

കോടമ്പാക്കത്ത് അസിസ്റ്റന്റ് ആയിപ്പോയി സിനിമയുടെ സാങ്കേതികത പഠിച്ചു സംവിധായകരായി മാറിയവരാണ് പഴയ പല സംവിധായകരും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ച് വന്നവരും ഉണ്ട്. അടൂർ ഗോപാലകൃഷ്ണൻ, കെ ജി ജോർജ് എന്നിവരെപ്പോലെ. എന്നാൽ ടിവി ചന്ദ്രനേയും കെ പി കുമാരനെയും പോലുള്ളവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കോടമ്പക്കത്ത് നിന്നോ വന്നവരല്ല. അവർ കേരള മാസ്റ്റേഴ്സ് മുതൽ ലോകമാസറ്റേർസിനെ വരെ നിരീക്ഷിച്ചാണ് സിനിമ എടുക്കുന്നത്. അവർക്ക് വായനയുടെ വലിയ അനുഭവലോകമുണ്ട്. ഇപ്പോഴുള്ള സംവിധായകർ ലോകസിനിമ കണ്ടിട്ടും സിനിമയെക്കുറിച്ച് വായിച്ചിട്ടും എന്താണ് ലോകസിനിമയിൽ സംഭവിക്കുന്നതെന്ന് വേറെ രീതിയിൽ മനസ്സിലാക്കിയിട്ടും ഒക്കെയാണ് സിനിമയിൽ എത്തുന്നത്. ഇതിന്റെ സ്വാംശീകരണത്തിൽ നിന്നാണ് സിനിമ ഉണ്ടാകുന്നത്. എന്നാൽ നേരിട്ടുള്ള അഡാപ്റ്റേഷൻ അല്ല അവരുടെ സിനിമ. സിനിമയെക്കുറിച്ച് അറിവ് നേടി സിനിമയിലേക്ക് വരുന്നു. സിനിമ ബുദ്ധിമുട്ടുള്ള ഒന്നല്ല അവർക്ക്. ഒരു ഐഫോൺ അല്ലെങ്കിൽ കാനോനിൻ്റെയോ നിക്കോണിന്റെയോ ക്യാമറ ഉണ്ടെങ്കിൽ സ്വന്തം സിനിമ ഉണ്ടാക്കി പഠിക്കാം. സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമ ഒരു ഐഫോണിലാണ് എടുത്തത്. ആ സിനിമയുടെ ക്യാമറയ്ക്ക് ആ വർഷത്തെ ബെസ്റ്റ് ക്യാമറമാന്റെ സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. അങ്ങനെ സാങ്കേതികയിലും ജനാധിപത്യവൽക്കണം നടന്നിട്ടുണ്ട്.

സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമ ഒരു ഐഫോണിലാണ് എടുത്തത്. ആ സിനിമയുടെ ക്യാമറയ്ക്ക് ആ വർഷത്തെ ബെസ്റ്റ് ക്യാമറമാന്റെ സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. അങ്ങനെ സാങ്കേതികയിലും ജനാധിപത്യവൽക്കണം നടന്നിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ മുമ്പത്തേക്കാൾ കൂടുന്നുണ്ട് തിരക്കഥകളിലും സംവിധാനത്തിലും അവരുടെ പങ്കാളിത്തം കൂടുന്നു. ഇതിൽ ഡബ്ലു സിസി പോലുള്ള പ്രസ്ഥാനങ്ങളുടെ പങ്ക് എന്താണ്?

കേരളത്തിൽ സിനിമാരംഗത്ത് സ്ത്രീകൾക്ക് വേണ്ടി ഉണ്ടായ ഡബ്ലിയു സി സി എന്ന സംഘടന ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. സിനിമയുടെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അർഹിക്കുന്ന വേതനം കിട്ടുന്നില്ല. ചാൻസുകളും കുറവാണ്. അതേസമയം ശാരീരികം ആയിട്ടുള്ള കടന്നാക്രമങ്ങൾ, സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന ഒരു സിനിമ സെറ്റപ്പ് മലയാള സിനിമയിൽ നിലനിൽക്കുന്നത് കൊണ്ടാണ് ഡബ്ല്യൂ സി സി ഉണ്ടായത്. സിനിമ എന്ന തൊഴിലിടത്തിൽ സമത്വവും സുരക്ഷയും ഉറപ്പാക്കുക എന്ന ആവശ്യമാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്.

Comments