വാടകക്ക് ഒരു ഹൃദയം 1973- ൽ പത്മരാജൻ എഴുതിയ നോവലും 1978- ൽ ഐ.വി.ശശി സംവിധാനം ചെയ്ത് പുറത്തുവന്ന ചലച്ചിത്രവുമാണ്. നോവൽ വായിക്കുന്നതിനുമുൻപ് സിനിമയാണ് കണ്ടത്. ജയഭാരതി എന്ന ഒറ്റപ്പേര് നായകന്മാർക്കുമുന്നേ സ്ക്രീനിൽ വലുതായി തെളിഞ്ഞുവന്നത് കണ്ട് അന്നേ ആഹ്ലാദിച്ചിരുന്നു. രാഘവൻ, സോമൻ, മധു- ഇവരാണ് ജയഭാരതി പ്രതിനിധാനം ചെയ്ത അശ്വതി എന്ന നായികയുടെ ജീവിതത്തിലേക്ക് പല കാലങ്ങളിൽ പ്രവേശിക്കുന്ന നായകന്മാർ.
നോവൽ വായിക്കുന്ന കാലമായപ്പോഴേക്ക് ഈ താരങ്ങളുടെ മുഖങ്ങൾ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു. മാലിനിയായി കനകദുർഗ്ഗയും സരസ്വതിയായി റീനയും ആണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. നോവലിന് അൻപതു വയസ്സായിട്ടും കഥാപാത്രങ്ങൾ നിറജീവനുമായി മനസ്സിന്റെ തിരശ്ശീലയിൽ തിളങ്ങുകയാണ്. അൻപതു വയസ്സായ നോവലിന്റെ ഇന്നത്തെ വായന ആ തിളക്കത്തെ ഏറ്റുന്നതല്ലാതെ കുറക്കുന്നില്ല. ചില കൃതികൾക്ക് അതിന്റെ അവസാനിക്കലിനെ ചെറുത്തുനില്ക്കാനുള്ള മാന്ത്രികമായൊരു ത്രാണിയുണ്ട്. പുതിയ കാലത്തിനു വേണ്ടി അത് പലതും കരുതിവെച്ചിട്ടുണ്ടാകും. പത്മരാജന്റെ വാടകക്ക് ഒരു ഹൃദയം എന്ന നോവൽ അതിന്റെ 50-ാം വാർഷികത്തിൽ അങ്ങനെ ഒരു വായനക്ക് വേണ്ടി എന്താണ് കരുതിവെച്ചിരിക്കുന്നത്?
ഏതൊരു മികച്ച സാഹിത്യകൃതിയുടെയും പുനർവായന ഒരേസമയം വിജ്ഞാനത്തിനും സുഖത്തിനും ആനന്ദത്തിനും പുതിയ ചില തിരിച്ചറിവുകൾക്കും വേണ്ടിയുള്ളതാകണം. ആ കൃതി കടന്നുപോന്ന വർഷങ്ങളിലൂടെ, ഭാഷയുടെ വേഷപ്പകർച്ചകൾ എല്ലാം അഴിഞ്ഞ്, പുതിയ കാലത്തിനുള്ള ഒരു വെളിപാടായി ആ കൃതി നമുക്ക് മുന്നിൽ അവതരിക്കുന്നു. ഓരോ കാലത്തിനോടും അതിനു പുതിയതെന്തെങ്കിലും പറയാനുണ്ടാവും. അങ്ങനെ പുനർവായനകൾ ഭാഷയെ, കൃതിയെ സ്‌നേഹപൂർണമായ ആദരണീയവും അനിവാര്യവുമായ ഒരു സ്ഥാനത്ത് എത്തിക്കുന്നു.
സ്ത്രീകളുടെ മാത്രം കഥയല്ല, സ്ത്രീയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒരു പറ്റം ആണുങ്ങളുടെ എക്കാലത്തെയും കഥ കൂടിയാണ് വാടകക്കൊരു ഹൃദയം.
രണ്ടാമത്തെ വായന, അല്ലെങ്കിൽ പുനർവായന, അത്യാവശ്യമാണെന്ന് റൊളാൻ ബാർത് S/Z എന്ന എസ്സേയിൽ പറയുന്നുണ്ട്. ആവേശിയും അജ്ഞനുമായ ആദ്യത്തെ വായിക്കുന്നയാൾ കൃതിക്കുമേൽ അടിച്ചേൽപ്പിക്കുന്ന സുതാര്യമായ അനിശ്ചയത്തിനുശേഷമാണ് രണ്ടാമത്തെ വായനക്കെടുക്കുന്നയാൾ കൃതിയെ സമീപിക്കുന്നത്. അപ്പോൾ അവബോധത്തിൽ അധിഷ്ഠിതമായ ഒരു വായനയാണ് നടക്കുന്നത്. ഇത് കൂടുതൽ തെളിഞ്ഞ വായനയ്ക്കുള്ള സാധ്യത തരുന്നു. നല്ല ഒരു പുസ്തകപ്രേമി കൂടുതൽ വായിക്കുന്നതുതന്നെ, വീണ്ടും വീണ്ടും വായിക്കേണ്ടുന്ന നല്ലതിനെ കണ്ടെത്താനാണ്. രണ്ടാമത്തെ വായന സ്വന്തം തിരിച്ചറിവുകളുടെ കൂടി ബലത്തിൽ ഒരുതരം അധികസുരക്ഷിതത്വം തരുന്നു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, പുനർവായന അസാധ്യവുമാണ്. കാരണം അക്ഷരങ്ങളും കഥാപത്രങ്ങളും മാറുന്നതേയില്ല, മാറുന്നത് വായിക്കുന്നവർ മാത്രമാണ്. പുതിയ വായനയിൽ, മുൻപ് ശ്രദ്ധിക്കാത്ത വിശദാംശങ്ങൾ നമ്മൾ കാണുന്നു, അങ്ങനെ നമ്മുടെ വ്യാഖ്യാനങ്ങളും മാറുന്നു. അതാണ് നേരത്തെ പറഞ്ഞ വെളിപാട്. ഒരു കാലത്ത് നമ്മൾ വൈകാരികതയ്ക്കായിരിക്കും പ്രാധാന്യം കൊടുത്തത്, എന്നാൽ പ്രായം ചെല്ലുന്തോറും ഒരുപക്ഷെ നമ്മുടെ ശ്രദ്ധ ഭാഷയിലേക്കും ക്രാഫ്റ്റിലേക്കും തിരിയും, അല്ലെങ്കിൽ നേരെതിരിച്ച്.
സ്ത്രീകളുടെ മാത്രം കഥയല്ല, സ്ത്രീയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒരു പറ്റം ആണുങ്ങളുടെ എക്കാലത്തെയും കഥ കൂടിയാണ് വാടകക്കൊരു ഹൃദയം. 1956-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയായ And God Created Woman എന്ന സിനിമയിലെ ഒരു ഡയലോഗുണ്ട്. അതിങ്ങനെയാണ്: ''When it comes to female psychology, my poor boy, you're stuck in the Stone Age."
ഈ നോവലിലെ പുരുഷന്മാർ അത് ശരിവെക്കുന്നു. പത്മരാജന് പെൺ മനഃശാസ്ത്രമെന്നതു പോലെ തന്നെ ആൺ മനഃശാസ്ത്രത്തെ കുറിച്ചുമുള്ള മികച്ച അറിവുകളാണ് അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ രചനകളും. മനുഷ്യമനസ്സിനെ സംബന്ധിച്ച വസ്തുതകളെയും പ്രതിഭാസങ്ങളെയും അവയുടെ വസ്തുനിഷ്ഠതലത്തിൽ ആവിഷ്കരിക്കുവാനുള്ള ശ്രമമാണ് പത്മരാജന്റെ രചനകൾ. അതുകൊണ്ട് കലാസൗന്ദര്യത്തിലുപരിയായി മുറിപ്പെടുത്തുന്ന കഠിനയാഥാർഥ്യങ്ങളെയാകും നമുക്കവിടെ നേരിടേണ്ടി വരുന്നത്. ഇങ്ങനെയും മനുഷ്യരുണ്ടാകുമോ എന്നൊരു അമ്പരപ്പ് ഇതാ ഇവിടെവരെയിലെ വിശ്വനാഥനെയും വാടകക്കൊരു ഹൃദയത്തിലെ കേശവൻ കുട്ടിയെയും നേരിടുമ്പോൾ വായനക്കാർക്കുണ്ടാകുന്നു. തോൽപ്പിക്കാൻ നിരന്തരം ശ്രമിച്ച് തോറ്റുപോകുന്ന ആണുങ്ങൾ എന്ന രീതിയിൽ പത്മരാജന്റെ പുരുഷ കഥാപാത്രങ്ങൾ സമൂഹത്തോട് ഗൗരവകരമായി ചിലതൊക്കെ സംവദിക്കുന്നുണ്ട്.
‘‘സാഹിത്യത്തിന്റെ ഭാവി ഏറ്റവുമധികം ആശ്രയിച്ചുനിൽക്കുന്നത്, പെണ്ണിന് തന്റെ സ്വാതന്ത്ര്യം 'അനുവദിച്ചു' കൊടുക്കാൻ പുരുഷന് ഏതളവുവരെ സാധിക്കും എന്നതിന്റെ പുറത്താണ്’’ എന്ന വിർജീനിയ വൂൾഫിന്റെ പ്രസിദ്ധ വാചകത്തെ പലവട്ടമോർമ്മിപ്പിച്ചു വാടകക്കൊരു ഹൃദയത്തിന്റെ ഈ പുനർവായന.
നാട്ടിൻപുറങ്ങളിലെ പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത, തികച്ചും സാധാരണക്കാരെ പോലെ മാത്രം തോന്നിക്കുന്നതും എന്നാൽ വർത്തമാനകാലത്തെ ഒരു സ്ത്രീയെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തിക്കളയുകയും ചെയ്യുന്നതുമായ ആന്തരികവൈകൃതങ്ങളുള്ള അസാധാരണന്മാരാൽ ചുറ്റപ്പെട്ട ലോകമാണ് പത്മരാജന്റെ രചനാലോകത്തുള്ളത്. ആണത്തത്തിന്റെ, പ്രണയത്തിന്റെ ആന്തരിക സമസൃകളെ അതിന്റെ വിസ്മയകരമായ പ്രപഞ്ചങ്ങളെ അടുത്തറിയണമെങ്കിൽ പത്മരാജന്റെ നോവലുകളുടെ ആന്തരഘടനയുടെ മനഃശാസ്ത്രപരമായ അപഗ്രഥനം കൂടിയേ തീരൂ.
‘‘സാഹിത്യത്തിന്റെ ഭാവി ഏറ്റവുമധികം ആശ്രയിച്ചു നിൽക്കുന്നത്, പെണ്ണിന് തന്റെ സ്വാതന്ത്ര്യം 'അനുവദിച്ചു' കൊടുക്കാൻ പുരുഷന് ഏതളവുവരെ സാധിക്കും എന്നതിന്റെ പുറത്താണ്’’ എന്ന വിർജീനിയ വൂൾഫിന്റെ പ്രസിദ്ധ വാചകത്തെ പലവട്ടമോർമ്മിപ്പിച്ചു വാടകക്കൊരു ഹൃദയത്തിന്റെ ഈ പുനർവായന.
ഭർത്താവായ പരമേശ്വരന്റെ അടുത്തുനിന്ന് ഒരു രാത്രി മുറച്ചെറുക്കനായ കേശവൻ കുട്ടിയോടൊപ്പം ഇറങ്ങിപ്പോകാൻ തീരുമാനിച്ചത് അശ്വതിയുടെ കാമഭ്രാന്ത് ആയിരുന്നുവോ? എന്നാൽ സ്ത്രീയെ സംബന്ധിച്ച് അവളുടെ യുക്തിയ്ക്കും ഭ്രാന്തിനും തമ്മിൽ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നുതന്നെ പറയാം. അവളുടെ യുക്തി സമൂഹത്തിന് ഭ്രാന്തോ കാമഭ്രാന്തോ ആകാം. അശ്വതി ദിവസവും പരമേശ്വരനെ ഓർത്ത് കരയുന്നുണ്ട്. ആദ്യരാത്രി മുതൽ കരയുന്നുണ്ട് എന്ന് കേശവൻ കുട്ടിക്കറിയാം. പക്ഷേ അവൾക്കെന്താണ് പറ്റിയതെന്നു മാത്രം അയാൾക്കറിയില്ല. അവൾക്കെന്താണ് വേണ്ടതെന്നും കേശവൻ കുട്ടിക്കറിയില്ല. അശ്വതിയുടെ മുന്നിൽ പലപ്പോഴും മരണത്തിനു മുന്നിലെന്നതുപോലെ ഭയന്നാണ് കേശവൻ കുട്ടി നിൽക്കുന്നത്. ഈ രാത്രിക്കുവേണ്ടിയാണോ താൻ പരമേശ്വരന്റെ ഹൃദയം വലിച്ചു കീറിയത് എന്നാണവൾ ആദ്യരാത്രിയിൽ ചിന്തിക്കുന്നത്. ഈ രാത്രിക്കു വേണ്ടിയാണോ വീട്ടുകാരുടെ മുഖത്ത് താൻ അപമാനത്തിന്റെ കരി വാരിത്തേച്ചത്? ഇതിനുവേണ്ടിയാണോ താൻ നാടിനെയും വീടിനെയും വെല്ലുവിളിച്ചിറങ്ങിപ്പോന്നത്? അവൾക്കുറങ്ങാനാകുന്നില്ല. ഒരു പുരുഷന്റെ കരച്ചിൽ അവളെ വിടാതെ പിന്തുടരുന്നുണ്ട്. പരമേശ്വരന്റെ മുഖം അവളുടെ കണ്മുന്നിൽ നിന്ന് വിതുമ്പുന്നതു പോലെ. അവൾ ആ ചോദ്യം നിരന്തരം ചോദിക്കുകയാണ്. എന്താണ് താൻ ചെയ്ത തെറ്റ്? പശ്ചാത്താപത്തിൽ അവൾ കേശവൻകുട്ടിയുടെ കൂടെ ആദ്യരാത്രിയിൽ കിടക്കുമ്പോഴും പരമേശ്വരനെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. അശ്വതിയുടെ ആവേശത്തിന്റെ കൊടുങ്കാറ്റുകൾ തനിക്കൊരിക്കലും വിധിച്ചിട്ടില്ലെന്ന് കേശവൻകുട്ടിക്ക് മനസ്സിലായി. അവളെ അയാൾ ചെറുതായി ഭയന്നു തുടങ്ങി. അവളുടെ മനസ്സു വായിച്ചിട്ടെന്നതു പോലെ അയാൾ പെരുമാറിത്തുടങ്ങി.
മനുഷ്യനെയും മനുഷ്യ ബന്ധങ്ങളെയും വല്ലാതെ വിലമതിക്കുന്ന ഒരുവളുടെ വിങ്ങലാണ് തന്റെ ജീവിതം മുഴുവൻ അശ്വതി അനുഭവിച്ചു തീർത്തത്. സദാശിവൻ പിള്ളക്കൊപ്പം ഭാര്യ എന്ന നിലയിൽ കഴിയുമ്പോഴും അവൾ കേശവൻകുട്ടിയെയും പരമേശരനെയും ഓർത്ത് വേദനിക്കുന്നുണ്ട്. ഇതൊരു സ്ത്രീക്ക് സാധ്യമാണോ? എല്ലാവരുടെയും തെറ്റുകൾക്ക് താനാണുത്തരവാദി എന്നു കരുതി നിരന്തരം നീറുന്ന ഈ സ്ത്രീയെ ഏതു കള്ളിയിൽ പെടുത്തും?
കുലട?, വേശ്യ? സ്നേഹമയി? കുലീന? കുടുംബിനി?, സ്വാതന്ത്രൃവാദി? ഈ കള്ളികളിലൊന്നുമൊതുങ്ങാത്ത മഹാകള്ളി? എളുപ്പമാണ് പേരുകൾ ചാർത്തിക്കൊടുക്കാൻ.
തന്റെ ഭർത്താവിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നുവെന്നും തന്റെ അമ്മ മൂന്നു വട്ടം കല്യാണം കഴിച്ച സ്ത്രീയാണെന്നുമൊക്കെ കുറ്റബോധത്താൽ നീറുന്ന മരുമകളെ സമാധാനിപ്പിച്ചെടുക്കാൻ കാർത്ത്യായനിയമ്മ പറഞ്ഞുനോക്കുന്നുണ്ട്. വളരെ സ്വാഭാവികമാണ് വിവാഹബന്ധത്തിൽ പൊരുത്തക്കേടുകളുണ്ടാകുന്നതെന്ന് അവർ പറയുമ്പോഴും അശ്വതിക്കത് ഉൾക്കൊള്ളാനാകുന്നില്ല. പറ്റാത്തത് പറ്റാത്തത് തള്ളിക്കളഞ്ഞ്, ഏറ്റവും യോജിച്ചതിനുള്ള തെരച്ചിലാണോ വിവാഹം? അവൾക്കറിയില്ല. പക്ഷേ അവൾക്ക് ജീവിതത്തിൽ അതു വേണ്ടിവരുന്നുണ്ട്.
ഭാര്യ, ഭർത്താവ്, കാമുകൻ, കാമുകി അങ്ങനെ ഓരോരുത്തരുടെയും വികാരങ്ങളെ ആദരിച്ചുകൊണ്ടുള്ള വിശ്വാസയോഗ്യമായ ഒരന്വേഷണമായി നോവൽ മാറുന്നുണ്ട്. അതൊരു ചെറിയ കാര്യമല്ല.
സ്ത്രീപുരുഷബന്ധങ്ങളുടെ മനഃശാസ്ത്രം വളരെ സങ്കീർണവും ഇടുക്കങ്ങളുള്ളതുമാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഫ്രോയിഡ്, ഫ്രഞ്ച്എഴുത്തുകാരിയും മനഃശാസ്ത്ര വിശാരദയുമായിരുന്ന മെറീ ബോണപാർട്ടിനോട് പറഞ്ഞതിങ്ങനെ: "ഒരിക്കലും ഉത്തരം നൽകപ്പെട്ടിട്ടില്ലാത്ത ആ ഗംഭീരമായ ചോദ്യം - ഒരു സ്ത്രീയുടെ ആത്മാവിലേക്ക് മുപ്പതിലധികം നീണ്ട വർഷങ്ങൾ ഗവേഷണം നടത്തിയിട്ടും, എനിക്കിനിയും ഉത്തരം തരാൻ കഴിഞ്ഞിട്ടില്ലാത്ത ആ വലിയ ചോദ്യം: എന്താണ് ഒരു സ്ത്രീക്കു വേണ്ടത്? എന്താണ് സ്ത്രീ? എന്താണ് യഥാർത്ഥ പ്രേമം? പ്രേമം അനുഭവിക്കുക എന്നുവെച്ചാൽ എന്താണ്? അത് അനുഭവിക്കുന്നതുപോലെ ആവിഷ്കരിക്കാൻ സാധ്യമാണോ? അവളുടെ വിശിഷ്‌ടതയും ധർമവും നന്മയും കൈവിടാതെ തന്നെ യഥാർത്ഥ പ്രേമം അനുഭവിക്കാൻ അവൾക്ക് സാധിക്കുമോ?"
പത്മരാജന്റെ വാടകക്കൊരു ഹൃദയം എന്ന നോവൽ വായിക്കുമ്പോൾ പലപ്പോഴും ആണിലൂടെയും പെണ്ണിലൂടെയും ഈ ചോദ്യങ്ങളിലൂടെയും കടന്നുപോവുകയാണ്. ഫ്രോയ്ഡിന്റെ ഈ പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണമാകുന്നുണ്ട് പത്മരാജന്റെ രചനാപരമായ പരിശ്രമങ്ങൾ.
ഓരോ കഥാപാത്രത്തിന്റെയും മനസ്സിലേക്ക് നോവലിസ്റ്റ് കയറുകയാണ് - ഭാര്യ, ഭർത്താവ്, കാമുകൻ, കാമുകി അങ്ങനെ ഓരോരുത്തരുടെയും വികാരങ്ങളെ ആദരിച്ചുകൊണ്ടുള്ള വിശ്വാസയോഗ്യമായ ഒരന്വേഷണമായി നോവൽ മാറുന്നുണ്ട്. അതൊരു ചെറിയ കാര്യമല്ല. പ്രധാനമായും നാലു പേരുടെ വികാരങ്ങൾ പത്മരാജൻ നമുക്ക് മുന്നിൽ തുറന്നുകാണിക്കുന്നു, എന്നാൽ അത് അതേ സമയം രഹസ്യമായി വെക്കാൻ കഥാപാത്രങ്ങളെ അനുവദിക്കുന്നുമുണ്ട്. വല്ലാത്തൊരു ക്രാഫ്റ്റോടെയാണ് നോവലിസ്റ്റ് മനസ്സിന്റെ ഗതിവിഗതികൾ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ രഹസ്യത്തിന്റെ സുഖവും വേദനയും പ്രതികാരബുദ്ധിയും ശക്തമായി കാണിച്ചുതരുന്നു. അശ്വതിക്ക് യഥാർത്ഥ പ്രേമം എന്തെന്നറിയാം. കേശവൻകുട്ടിയോട് ഒരു കാലത്ത് അവൾക്ക് യഥാർഥ പ്രണയമായിരുന്നു., എന്നാൽ അവൾ പരമേശ്വരൻ എന്ന തന്റെ ഭർത്താവിനോടുള്ള ധാർമികത തന്നാലാകും വിധം കാത്തുസൂക്ഷിക്കുന്നുമുണ്ട്. ഭർത്താവിനോടു സത്യസന്ധയായി തുടരുമ്പോഴും അവൾക്ക് കാമുകനോട് തോന്നുന്ന ഇറോട്ടിക് ഫീലിംഗ് ശരിക്കും ബോധ്യപ്പെടുന്നുണ്ട്. ഒരിക്കൽ പരമേശ്വരനെ താൻ 'ചതിക്കുക' യാണെന്നു തോന്നുന്ന നിമിഷത്തിൽ അയാളെ നേരിടാനുള്ള ധാർമ്മിക വ്യഥയിൽ അവൾ മുൻ കാമുകനായ കേശവൻ കുട്ടിക്കൊപ്പം ഇറങ്ങിപ്പോവുകയാണ്. അയാൾക്കൊപ്പം ജീവിച്ചു തുടങ്ങുന്നു. എന്നാൽ ജീവിതത്തിലൊരിക്കലും അവൾ തന്റെ പരമേശ്വരൻ ചേട്ടനോടുള്ള സ്നേഹം ഒളിച്ചു വെക്കുന്നതുമില്ല. അയാളോടുള്ളത് വാത്സല്യപൂർണമായ വികാരങ്ങളാണ്. കാമുകനോടുള്ളത് മാംസനിബദ്ധം കൂടിയായ, ആനന്ദമനുഭവിക്കാമെന്നുള്ള ഒരു പ്രതീക്ഷ കൂടിയാണ്. നോവലിൽ ഏറ്റവും പ്രധാനമായി തോന്നിയത്, സദാചാരബദ്ധമായ മുൻവിധികളോടെ അല്ലാതെ തന്നെ കഥാപാത്രങ്ങളെ സമീപിക്കുവാൻ ശേഷിയുള്ള വായനക്കാരെ സഹാനുഭൂതിയോടെ തന്റെ ധർമസങ്കടത്തിലേക്ക് വലിച്ചെടുക്കുവാൻ അശ്വതിക്കു കഴിയുന്നു എന്നതാണ്. ഇതിനർത്ഥം എഴുത്തുകാരൻ വായനക്കാരോടുള്ള തൻമയീഭാവശക്തി വിജയകരമായി ഉപയോഗിച്ചു എന്നതാണ്.
നമ്മുടെ ഇപ്പോഴത്തെ സാഹിത്യത്തിൽ ഡീറ്റെയ്ലിംഗ് തന്നെ തീരെ ഇല്ലാതായിട്ടുണ്ട്. ആകെയുള്ളത് പ്ലോട്ട് മാത്രം. നോവൽ എന്നാൽ പ്ലോട്ട് മാത്രമല്ല, ഗൗരവതരമായ നോട്ടീസിങ് കൂടിയാണ്.
പാട്രിയാർക്കൽ രേഖയെ മറികടക്കുന്ന അവളുടെ വികാരങ്ങൾ അന്നത്തെ വായനക്കാരെ മാത്രമല്ല ഇന്നത്തെ വായനക്കാരെയും ആകർഷിച്ചു നിർത്തുന്നുണ്ട്. കാരണം അശ്വതി അനുഭവിക്കുന്ന വൈകാരിക സംഘർഷം ഒരിക്കൽ അനുഭവിച്ചു കഴിഞ്ഞാൽ, നമുക്കതിനെ കുറച്ചു കാണാൻ കഴിയില്ല. നോവൽ വായിച്ചു കഴിഞ്ഞാലും അശ്വതി ആരാണ്, അവളുടെ ഹൃദയവികാരങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെയാണ് എന്ന ചിന്ത വായനക്കാരെ വിടാതെ പിന്തുടരുന്നു.
നമ്മുടെ ഇപ്പോഴത്തെ സാഹിത്യത്തിൽ ഡീറ്റെയ്ലിംഗ് തന്നെ തീരെ ഇല്ലാതായിട്ടുണ്ട്. ആകെയുള്ളത് പ്ലോട്ട് മാത്രം. നോവൽ എന്നാൽ പ്ലോട്ട് മാത്രമല്ല, ഗൗരവതരമായ നോട്ടീസിങ് കൂടിയാണ്. പത്മരാജന് എഴുത്തിൽ പ്രധാനം സൂക്ഷ്മമായ ഈ നോട്ടീസിങ് തന്നെയാണ്. ചരിത്രത്തിലേക്കും സമൂഹത്തിലേക്കും മനസ്സിലേക്കും ചുഴിഞ്ഞു നോക്കുന്ന എഴുത്തുകാരനാണ് പത്മരാജൻ.
കുറച്ചൊക്കെ അയഞ്ഞതും അനായാസവുമായിരുന്നു മരുമക്കത്തായ നായർ കുടുംബജീവിതത്തിലെ ആൺപെൺ ജീവിതവഴികൾ. അത് കേരളചരിത്രത്തിലെ ഒരേടാണ്. ചില സമുദായങ്ങളിൽ ആണിനും പെണ്ണിനും ഒരുമിച്ചുള്ള ജീവിതം നിയമപ്രാബല്യമുള്ള ഒരു കരാർ പോലുമായിരുന്നില്ല. രണ്ടു കൂട്ടർക്കും വേണമെന്നുണ്ടെങ്കിൽ മാത്രം ഒരുമിച്ചു ജീവിക്കാം. ഭർത്താവിനെ സഹിക്കാൻ വയ്യ എന്നുതോന്നിയാൽ അയാളുടെ മെതിയടിയോ പായയോ വെറ്റിലച്ചെല്ലമോ എടുത്തു പുറത്തിട്ടാൽ മതി. മേലിൽ അയാൾക്ക് അവിടെ സ്ഥാനമില്ല എന്നാണർഥം. ഒരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കണമെന്നുതോന്നി ആ സ്ത്രീയുടെ അനുവാദത്തോടെ അവളുടെ വീട്ടിൽ വരുന്ന മറ്റൊരു പുരുഷൻ അയാളുടെ ആയുധമോ മറ്റോ വാതിലിനു പുറത്തു വെക്കും. അതെടുത്ത് മാറ്റാനോ അകത്ത് കടക്കാനോ മറ്റാരും ധൈര്യപ്പെടുകയില്ല. എപ്പോൾ വേണമെങ്കിലും പറഞ്ഞൊഴിയാവുന്ന ബന്ധം മാത്രമേ സ്ത്രീപുരുഷന്മാർക്കിടയിൽ ഉണ്ടായിരുന്നുള്ളു.
നോവലിൽ തന്റെ കാലത്തെ അനുഭവത്തെ കുറിച്ച് കാർത്ത്യായനിയമ്മ മരുമകളോട് പറയുന്നുണ്ട്. മരുമക്കത്തായത്തിൽ പെണ്ണിന് ഭർതൃകുടുംബത്തിൽവന്നു ചേരേണ്ടതില്ല, ‘ദൈവം ചേർത്തതിനെ മനുഷ്യൻ വേർപെടുത്തരുത്’ മുതലായ നിബന്ധനകളോ പ്രാർഥനാക്രമങ്ങളോ ഇല്ല. ഭർത്താവെന്ന നിലയിലുള്ള ആണിന്റെ വലിയ ഭരണമൊന്നും അന്ന് നടപ്പില്ല. അഭിമാനിയായ പെണ്ണ് ഭർത്താവിന്റെ വീട്ടിലേക്കുപോകുന്ന ഏർപ്പാട് പോലുമില്ല. പുരുഷന്റെ പരമാധികാരത്തിനു മുന്നിൽ വഴങ്ങി കൊടുക്കേണ്ട ഒരു ചങ്ങലക്കെട്ടും പെണ്ണിനില്ല. ബഹുഭർതൃത്വം അന്ന് നായർ സ്ത്രീകളുടെ ഇടയിൽ അതിസാധാരണമായിരുന്നു. നായർ സ്ത്രീകളുടെ പാതിവ്രത്യത്തെ നിയമനിബന്ധനകളാൽ കാത്തുസംരക്ഷിക്കേണ്ടത് സമുദായത്തിന്റെ മേൽഗതിക്ക് അത്യാവശ്യമായതു കൊണ്ട് അത്തരം അനാചാരങ്ങളെ തുടച്ചു മാറ്റേണ്ടതുണ്ട് എന്ന് പൊതുവായ ഒരു ചിന്താധാര രൂപപ്പെട്ടുവന്നു. അതോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തറവാട്ടു മുതലിൽ കൈവെപ്പും കുടുംബതകർച്ചകളും കോടതിവ്യവഹാരങ്ങളും സർവ്വ സാധാരണമായിക്കഴിഞ്ഞിരുന്നു. വിവാഹം വെറും കിടപ്പറവട്ടം മാത്രം അല്ലാതായി തീരുന്നതും ജീവിതാവസാനം വരെയുള്ള ദൃഢമായ ബന്ധമായി സങ്കൽപ്പിക്കപ്പെടുന്നതും ഇരുപതാം നൂറ്റാണ്ടിലാണ്. അതോടെ സംബന്ധം ഉണ്ടാക്കുവാനും അഴിക്കുവാനും പാരമ്പര്യവഴിക്കുതന്നെ ഉണ്ടായിരുന്ന ആ സ്വാതന്ത്ര്യം ഇല്ലാതെയാകുന്നു. ഇത് സ്വത്വപരമായുള്ള ഒരു ദശാസന്ധിയുടെ കാലമാണ്. ഈ ചരിത്രസന്ധിയിൽ നടക്കുന്ന ഒരു കഥയാണ് വാടകക്ക് ഒരു ഹൃദയം എന്ന നോവലിന്റെ പ്രമേയം. 1973- ലാണ് എഴുതപ്പെടുന്നതെങ്കിലും നോവലിലെ കഥ നടക്കുന്ന കാലഘട്ടം അതിനൊക്കെ വളരെ മുൻപാണ്. ദാമ്പത്യത്തകർച്ചകളിൽ കാർത്യായനിയമ്മക്കോ ഭാർഗ്ഗവിയമ്മക്കോ ഇല്ലാത്ത സ്വത്വസംഘർഷങ്ങൾ അശ്വതിയിൽ കാണപ്പെടുന്നത് ഈ പരിണാമസന്ധിയുടെ പ്രത്യേകതയാണ്.
ഒന്നുകിൽ സ്ത്രീയെ സ്നേഹിക്കുക, അതുമല്ലെങ്കിൽ തന്റെ ഈഗോ മറന്ന് അവളെ മനസിലാക്കുക, പുരുഷന് ഇതിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടും കൂടി പലപ്പോഴും അസാധ്യമാകുന്നുവെന്നാണ് ലോകത്തു കണ്ടുവരുന്നത്.
പുരുഷന്മാർ കാമുകിമാരെ തിരഞ്ഞെടുക്കുന്നതെങ്ങനെയാകും?
ഫ്രോയിഡ് പറയുന്നുണ്ട്, ചില പുരുഷന്മാർക്ക് ഒരു പുരുഷന്റെ സജീവനിയന്ത്രണത്തിലുള്ള സ്ത്രീകളിലാകും താത്പര്യമുണ്ടാവുക എന്ന്. സ്ത്രീയോടുള്ള ഇക്കൂട്ടരുടെ താത്പര്യത്തെ നിർണയിക്കുന്നത് മറ്റൊരു പുരുഷന്റെ സാന്നിധ്യമാണ്. തനിക്കും തന്റെ ഇണയായ പെണ്ണിനുമിടയിൽ ഒരു പുരുഷൻ കൂടി ഉണ്ടാകണം. അയാളുടെ എതിർപ്പോ ശത്രുതയോ ഇവരുടെ പ്രണയത്തിന് അത്യാവശ്യമാണ്. ശത്രുതയുടെ, വാശിയുടെ ത്രില്ലാണ് അവരുടെ പ്രണയം. അസൂയ ഇവരുടെ ലൈംഗികതയെ നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ്. വാടകക്കൊരു ഹൃദയത്തിലെ കേശവൻ കുട്ടി ഇത്തരത്തിലൊരു പുരുഷനാണ്. തന്റെ പെണ്ണിനെന്തു വേണമെന്നത് അയാളുടെ പരിഗണനയിലേയില്ല. താനിത്ര കാലമായി പടുത്തുയർത്തിക്കൊണ്ടുവന്ന തന്റെ സൽപ്പേര് നിലനിർത്താൻ പെടാപ്പാടു പെടുമ്പോൾ തന്നെ പെണ്ണിന്റെ നേർക്ക് അടക്കാനാകാത്ത ഒരു ‘കാട്ടാളവികാര’വുമുണ്ടയാൾക്ക്. അശ്വതി പരമേശ്വരന്റെ ഭാര്യയായിരുന്നപ്പോഴുള്ള ആവേശമോ സ്നേഹമോ അയാൾക്ക് അവൾ സ്വന്തം ഭാര്യയായി വന്നപ്പോൾ ഇല്ല. നാടകനടിയും മാദക സുന്ദരിയുമായ മാലിനിയോട് അടങ്ങാത്ത കാമമുണ്ടയാൾക്ക്. അതൊരു നിത്യബന്ധമായപ്പോൾ മാലിനിയുടെ ഒപ്പം താമസിച്ചിരുന്ന രവീന്ദ്രൻ വീടുവിട്ട് പോകുകയാണ്. കേശവൻ കുട്ടിക്ക് അപ്പോൾ അശ്വതിയെയും മാലിനിയെയും ഒരുപോലെ മടുത്തുതുടങ്ങുകയും മാലിനിയുടെ അനിയത്തി, കൗമാരം വിടാത്ത സരസ്വതിയുടെ ശരീരത്തിൽ അയാൾ രതിസ്വപ്നങ്ങൾ കണ്ടു തുടങ്ങുകയുമാണ്.
ഒന്നുകിൽ സ്ത്രീയെ സ്നേഹിക്കുക, അതുമല്ലെങ്കിൽ തന്റെ ഈഗോ മറന്ന് അവളെ മനസിലാക്കുക, പുരുഷന് ഇതിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടും കൂടി പലപ്പോഴും അസാധ്യമാകുന്നുവെന്നാണ് ലോകത്തു കണ്ടുവരുന്നത്. കേശവൻ കുട്ടിക്കും ഇതു രണ്ടും സാധ്യമാകുന്നില്ല. അങ്ങനെ അവനിലെ തന്നെ പരമസത്യം പലപ്പോഴും അവന്റെ കാഴ്ചയുമായി കൂടിക്കലർന്ന് താറുമാറാവുകയാണ്.
മറ്റുള്ളവരോടു പറയാനാകാത്തതും അവരവർക്കു മാത്രം തിരിച്ചറിയാനാകുന്നതുമായ നിസ്സഹായതകളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും കടന്നുപോകേണ്ടി വരുന്ന മനുഷ്യരാണ് പത്മരാജന്റെ കഥാപാത്രങ്ങൾ.
കേരളത്തിൽ സ്ത്രീവാദമൊക്കെ സജീവമായി ചർച്ച ചെയ്തു തുടങ്ങുന്നതിനു മുൻപെഴുതിയ നോവലാണിത്. അക്കാലത്തുതന്നെ പിത്രധികാരത്തിനോ ഭർത്രധികാരത്തിനോ ഒന്നും കീഴ്പ്പെട്ടുനിൽക്കാത്ത സ്ത്രീകൾ തന്നെയാണ് ഈ നോവലിലുള്ളത്.
പെണ്ണിനെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്ന മൂന്നു പുരുഷന്മാരുടെ ജീവിതമാണീ നോവൽ. പരമേശ്വരൻ, കേശവൻ കുട്ടി, സദാശിവൻ പിള്ള. അശ്വതി എന്ന സ്ത്രീ ഇടപെടുകയും സ്നേഹിക്കുകയും ചെയ്ത മൂന്നു പുരുഷന്മാർ. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും ഈ സ്ത്രീയുടെ സങ്കൽപപുരുഷനാകാൻ ഇവർക്കു മൂന്നാൾക്കും കഴിയുന്നില്ല. മൂന്നു പേർക്കും പലപ്പോഴായി വാടകയ്ക്ക് കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്. മൂന്നു ഘട്ടങ്ങളിലും അവൾ തന്റെ ഹൃദയത്തിന്മേലുള്ള ഉടമസ്ഥാവകാശം പണയപ്പെടുത്തുന്നില്ല. തത്കാലത്തേക്ക് മൂന്നുപേർക്കായി അവളത് വാടകക്ക് കൊടുക്കുന്നു. അവർ പക്ഷേ അവളുടെ ഉടമസ്ഥന്മാരായി ഭാവിച്ചു തുടങ്ങുമ്പോൾ അവൾ നിർവ്വികാരയായി കുതറി മാറുന്നു. സൂത്രശാലിത്വത്തിന്റെ തോലിൽ നന്മമരമെന്നും, ബുദ്ധിശൂന്യതയുടെ തോലിൽ മഹാബുദ്ധി എന്നും എഴുതി വെച്ചാലും അനുഭവത്തിന്റെ മൂർച്ചക്കണ്ണുള്ളവർക്ക് ഒറ്റനോട്ടത്തിൽ പടുമരത്തിന്റെയും ബുദ്ധിശൂന്യതയുടെയും വ്യാജത്തെ തിരിച്ചറിയാനാകും.
ഈ അനുഭവക്കണ്ണ് പൊതുവേ സ്ത്രീകളിലാണ് അധികമായി തെളിഞ്ഞു നിൽക്കുക. അതാണ് പടുമരങ്ങളും കപടബുദ്ധികളും ബുദ്ധിയുള്ള സ്ത്രീകളെ ഭയക്കുന്നത്. പരമേശ്വരനും കേശവൻകുട്ടിയും സദാശിവൻ പിള്ളയും അശ്വതിയെ ഭയക്കുന്നുണ്ട്.
അശ്വതിയെ പോലെ തന്നെ പുരുഷമോഹങ്ങൾക്ക് ഇരകളാക്കപ്പെടുന്ന മാലിനി, സരസ്വതി എന്ന രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് നോവലിൽ. വലിയ ആഗ്രഹങ്ങളുമായി ഒരു ചതിവിന്റെ ചുഴിക്കുത്തിൽ കുടുങ്ങി മഹാനഗരത്തിൽ എത്തപ്പെട്ട മാലിനി, അവളെക്കൊണ്ട് മാളിക പടുത്തുയർത്താൻ വ്യാമോഹിക്കുന്ന അച്ഛൻ എന്ന ശത്രു. ഒരു തരത്തിൽ പറഞ്ഞാൽ ആത്മഹത്യയുടെ ഗുഹാമുഖത്തുനിന്ന് ഓടി രക്ഷപ്പെടുന്നവരാണ് അശ്വതിയും മാലിനിയും സരസ്വതിയും.
സരസ്വതി സ്വന്തം നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ മാത്രം കഷ്ടിച്ച് രക്ഷപ്പെടുന്നവളാണ്. തോൽപിക്കപ്പെടുമ്പോൾ അപമാനഭാരത്താൽ ഭ്രാന്തെടുക്കുന്ന സുകു അശ്വതിയുടെ സഹോദരനാണ്. പെങ്ങളുടെ അവകാശി താനാണെന്നു കരുതുന്ന പഴയ മരുമക്കത്തായ പാരമ്പര്യത്തിന്റെ പ്രതീകം. താനൊരിക്കൽ തള്ളിക്കളഞ്ഞ പുരുഷനെ തന്നെ സഹോദരി ഭർത്താവായി സ്വീകരിച്ചതിന്റെ രോഷത്തിൽ കേശവൻ കുട്ടിയോടുള്ള ഒടുങ്ങാത്ത പകയുമായി നടക്കുന്നവനാണ് സുകു. കാർത്ത്യായനിയമ്മ, കേശവൻ കുട്ടിയുടെ അമ്മയാണ്. അശ്വതിയോട് കരുണയും സ്നേഹവുമുള്ള ഈ സ്ത്രീക്ക് കുടുംബത്തിലെ ആണുങ്ങളുടെ താൻപോരിമയോടും തോന്ന്യവാസങ്ങളോടും പുച്ഛമുണ്ട്. സുകുവിനും കാർത്ത്യായനിയമ്മയെ ഭയമുണ്ട്. എന്തിനും പോന്ന ഒരാണത്തം ആ സ്ത്രീരൂപത്തിനുള്ളിൽ പതിയിരിക്കുന്നതായി അവൻ ഭയക്കുന്നു. തന്റെ ഭർത്താവ് ഒന്നിനും കൊള്ളാത്തവനാണെന്ന് മനസ്സിലാക്കിയ നിമിഷം അയാളെ ചവിട്ടി പുറത്താക്കി മറ്റൊരാളെ ഭർത്താവായി സ്വീകരിച്ച സ്ത്രീയാണ്.
സ്ത്രീവാദത്തെ ഇന്നും ഒരസംബന്ധമായി കാണുന്ന പാട്രിയാർക്കൽ പ്രരൂപങ്ങളുടെ ധാർഷ്ട്യത്തോട് ഈ നോവലിലെ അശ്വതിയുടെ സംഭാഷണങ്ങൾ സംവദിക്കുക ഏതു തരത്തിലാകും?
കേശവൻ കുട്ടിയുടെ ധാർഷ്ട്യങ്ങളെ നിശ്ശബ്ദം സഹിക്കുന്ന അശ്വതിയുടെ തണുത്ത രീതികളോട് അവർക്ക് കടുത്ത എതിർപ്പാണ്. എന്നാൽ പരമേശ്വരനെ ഉപേക്ഷിച്ച് തന്റെ മകനൊപ്പം ഇറങ്ങിപ്പോരാൻ അവൾ കാണിച്ച തന്റേടത്തെ അവർ ആദരിക്കുന്നുണ്ട്. താൻ സ്നേഹിച്ചതും തന്നെ സ്നേഹിച്ചതുമായ പുരുഷനൊപ്പം ഇറങ്ങിപ്പോന്നിട്ടും അയാളുടെ വിലകുറഞ്ഞ പെരുമാറ്റങ്ങൾ അശ്വതിയെ ഭയപ്പെടുത്തിത്തുടങ്ങുന്നുണ്ട്. തന്റെ ഭാര്യയായിരുന്നിട്ടും പരമേശ്വരന്റെ നേർക്ക് അവൾ പുലർത്തുന്ന സഹാനുഭൂതി കേശവൻ കുട്ടിയെ ഭ്രാന്തനാക്കുന്നുണ്ട്. അയാളുടെ ആ സമയത്തെ കോപ്രാട്ടികളെ അശ്വതി വെറുപ്പോടെയാണ് കാണുന്നത്. വിലകുറഞ്ഞ ഒരു ഭീഷണിയുടെ ദുർഗന്ധം എപ്പോഴും അയാളുടെ സമീപത്ത് അവളനുഭവിക്കുന്നുണ്ട്. തന്നെ ചടങ്ങനുസരിച്ച് വിവാഹം കഴിക്കാതെ കൂട്ടികൊണ്ടു വന്ന മനുഷ്യൻ മാത്രമാണ് കേശവൻ കുട്ടി എന്ന് അശ്വതി അയാളെ ഓർമ്മിപ്പിക്കുന്നുണ്ട്.
‘പരമേശ്വരൻ ചേട്ടൻ എന്റെ ഭർത്താവായിരുന്നു നിങ്ങൾ അതല്ല’, സ്ഫുടമായി അവളതു പറയുമ്പോൾ അയാളുടെ സഹനശേഷി നഷ്ടപ്പെടുകയാണ്. ‘അടിക്കരുത്, സത്യം പറയുമ്പോൾ ദേഷ്യപ്പെടുന്നതെന്തിന്’ എന്ന അവളുടെ ചോദ്യവും ആ ഉറച്ച ശബ്ദവും അയാളെ നിരായുധനാക്കുന്നു. തന്റെ കൂടെ ഉറങ്ങുന്ന പെണ്ണ് വേറൊരുത്തന്റെ പേരു പറഞ്ഞാൽ, തന്നെക്കുറിച്ചു മാത്രം ഓർത്തു കിടക്കേണ്ട സമയത്ത് മറ്റൊരുത്തനെ കുറിച്ചോർത്താൽ, അയാളുടെ ഗംഭീര പുരുഷത്വം വ്രണപ്പെടാൻ അതു ധാരാളമായിരുന്നു. പരമേശ്വരൻ ചേട്ടന് ശാരീരികമായി ചില ദൗർബ്ബല്യങ്ങളുണ്ടെങ്കിലും ഒരു മനുഷ്യന്റെ മനസ്സുണ്ടായിരുന്നു എന്നവൾ കേശവൻ കുട്ടിയുടെ മുഖത്തു നോക്കിത്തന്നെ പറയുന്നുണ്ട്. അയാളുടെ കൂടെ കഴിയുന്നതായിരുന്നു ഇതിലും ഭേദമെന്നും അവൾ പറയുന്നുണ്ട്.
കേശവൻകുട്ടിയുടെ രോഷപ്രകടനങ്ങളോട് അവൾക്ക് ഒരു തരം സഹതാപമാണ്, പുച്ഛമാണ് തോന്നുന്നത്. ബലീഷ്ഠശരീരത്തിനുള്ളിലെ അപകർഷതാബോധമുള്ള ആ ദുർബ്ബലപുരുഷത്വത്തെ അവൾ കിട്ടിയ അവസരത്തിലെല്ലാം കണക്കിനു നോവിച്ചു. "നിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഞാനിതു കാണിച്ചത്. ആ മനുഷ്യന്റെ മുഖത്തു നോക്കാൻ വയ്യാതെ വന്നപ്പോൾ എനിക്കവിടെ നിന്ന് രക്ഷപ്പെടണമെന്നു തോന്നി. അത്രയേയുള്ളു. കൂടുതലൊന്നും ഇല്ല. ഇനിയിപ്പോ വേറൊരു നരകത്തിലേക്കു പോകാൻ താത്പര്യമില്ലാത്തതു കൊണ്ടാ ഇവിടെ നിൽക്കുന്നത്".
കുറേ കൂടി വിശ്വാസമുള്ള ഒരിടത്തേക്കാണ് തനിക്ക് പോകേണ്ടതെന്നും അതിനൊരിടം കണ്ടാൽ അപ്പോൾ താനിവിടെ നിന്നും രക്ഷപ്പെടുമെന്നുമവൾ സൂചന നൽകുന്നുണ്ട്. അതു പറയുമ്പോൾ അവളുടെ കണ്ണുകളിലെ തെളിച്ചം അയാളെ ഭയപ്പെടുത്തി.കേശവൻകുട്ടിക്ക് ശരിക്കും ഇടിവെട്ടേറ്റതു പോലെ അവൾക്കു മുന്നിൽ നിൽക്കേണ്ടി വരുന്നുണ്ട്. സൈദ്ധാന്തികമായോ പ്രായോഗികമായോ
ഫെമിനിസത്തിന്റെ വഴിയിൽ സഞ്ചരിക്കാത്ത എത്രയോ സ്ത്രീകളിൽ ഈ സ്വയംബോധവും സ്വാധികാരബോധവും ഉണ്ടാകുന്നുണ്ട്.
‘‘ഇന്നത്തെ തടവറ സമ്മാനിക്കുന്ന അസഹനീയമായ വീർപ്പുമുട്ടലിനു നടുവിലിരുന്നുകൊണ്ട്, ഇന്നലത്തെ ഭിത്തികൾ വല്ലപ്പോഴുമൊരിക്കൽ പ്രകടിപ്പിക്കുന്ന സൗഹൃദത്തിന്റെ ജലരേഖകളെക്കുറിച്ച് അവൾ വേദനയോടെ ഓർമ്മിക്കുന്നു.
മനുഷ്യന് ഭൂതകാലം എന്നും തിളക്കമുള്ളതാണ്. വർത്തമാനം അതെത്ര തന്നെ പ്രകാശപൂർണ്ണമായാലും ഇരുണ്ടതായേ തോന്നൂ ...ഇതൊരു ജയിലാണെന്നും, ഇവിടെ നിന്നും തനിക്കൊരിക്കലും ഒരിക്കലും മോചനമില്ലെന്നും മനസ്സിലായ രാത്രിയിൽ,ഹൃദയത്തിലെ ഭ്രാന്തനാന ചത്തു വീണു."
കേരളത്തിൽ സ്ത്രീവാദമൊക്കെ സജീവമായി ചർച്ച ചെയ്തു തുടങ്ങുന്നതിനു മുൻപെഴുതിയ നോവലാണിത്. അക്കാലത്തുതന്നെ പിത്രധികാരത്തിനോ ഭർത്രധികാരത്തിനോ ഒന്നും കീഴ്പ്പെട്ടുനിൽക്കാത്ത സ്ത്രീകൾ തന്നെയാണ് ഈ നോവലിലുള്ളത്. സ്ത്രീവാദത്തെ ഇന്നും ഒരസംബന്ധമായി കാണുന്ന പാട്രിയാർക്കൽ പ്രരൂപങ്ങളുടെ ധാർഷ്ട്യത്തോട് ഈ നോവലിലെ അശ്വതിയുടെ സംഭാഷണങ്ങൾ സംവദിക്കുക ഏതു തരത്തിലാകും? വീനോ വെരിത്താസ് എന്ന കൃതിയിൽ ഡേനിഷ് തത്വചിന്തകൻ കീർക്ക്‌ഗോർ പറയുന്നുണ്ട്, "സ്ത്രീയായിരിക്കുക എന്തൊരു ശാപമാണ്! എന്നാൽ അതിലും വലിയ ശാപം താനൊരു സ്ത്രീയാണ് എന്ന് ഒരുവൾ അറിയാതിരിക്കുമ്പോഴാണ്."
അശ്വതി താനാരാണെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുന്നു എന്നതുതന്നെയാണ് അവളുടെ നിത്യമായ അസംതൃപ്തിക്കു കാരണം. അസംതൃപ്തയായ സ്ത്രീ വികാസത്തിന്റെ പാതയിലാണ്. അവൾ മുൻപോട്ടെന്ത് എന്ന ആലോചനയിലായിരിക്കും എല്ലായ്പ്പോഴും. സ്ത്രീകളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തിനായുള്ള ചെറിയ മുറവിളികൾ പോലും പുരുഷനെതിരെയുള്ള നീക്കമായി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലത്താണ് ഈ നോവൽ പുനർവായനക്കെടുക്കുന്നത്.
നിങ്ങൾക്ക് ആരിൽ നിന്നാണ്, എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെന്ന പരിഹാസച്ചുവയുള്ള ചോദ്യത്തെ ഇന്നും സ്ത്രീകൾ നേരിടുന്നുണ്ട്. വർത്തമാനകാലത്ത് വാടകക്കൊരു ഹൃദയം വായിക്കപ്പെടുമ്പോഴും, അശ്വതിക്കും മാലിനിക്കും ഇതേ ചോദ്യം തന്നെ നേരിടേണ്ടി വരും.
നിലനിൽക്കുന്ന മൂല്യവ്യവസ്ഥയിലുള്ള ആധിപത്യസ്വഭാവത്തിൽ സ്ത്രീവിരുദ്ധത സംരക്ഷിക്കപ്പെടുന്നത് പലതരത്തിലാണ്. നിലവിലുള്ള മൂല്യബോധത്തെ പരിക്കേല്പിച്ചുകൊണ്ടല്ലാതെ ഇതിൽനിന്ന് ഒരു വിമോചനം സാധ്യമല്ല. പുരുഷനെതിരെയല്ല, തന്റെ നില ഭദ്രമാക്കാനും തന്റെ സാന്നിധ്യം ഉറപ്പാക്കാനും കൂടുതൽ കൂടുതൽ വെളിച്ചപ്പെടാനും അധികാരത്തിലെ ജനാധിപത്യസ്വഭാവം ഉറപ്പാക്കാനും വേണ്ടിയുള്ള നിരന്തരമായ പോരട്ടമാണത്. വ്യവസ്ഥാനുരൂപമായ സ്ത്രീസങ്കൽപനങ്ങളിൽ നിന്ന് മാറിനടക്കാൻ ഭയമില്ല അശ്വതിക്ക്. എന്ന് അങ്ങനെ മാറിനടക്കാൻ തീരുമാനിക്കുന്നുവോ, അന്ന് മാത്രമേ താനൊരു മനുഷ്യനായതിന്റെ ആനന്ദങ്ങൾ അനുഭവിക്കാൻ കഴിയൂ എന്ന് അവൾക്കറിയാം. ഒടുവിൽ സരസ്വതിയുമായുള്ള സംഭാഷണങ്ങളിൽ അശ്വതി കൂടുതൽ ഉറച്ച നിശ്ചയദാർഢ്യങ്ങളുള്ള വ്യക്തിത്വമായി പരിണമിച്ചതിന്റെ അടയാളങ്ങളുണ്ട്. ബോധപൂർവ്വമായ കലാപങ്ങൾ തന്നെയാണ് അശ്വതിയുടേത്. കേശവൻകുട്ടിയുടെ നേർക്കുള്ള തണുത്ത നിർവ്വികാരത പോലും അവൾ കരുതിക്കൂട്ടി എടുക്കുന്ന തീരുമാനമാണ്. അതിലൂടെ അവൾ സംബോധന ചെയ്യുന്നത് സമൂഹത്തെയല്ല, അടിസ്ഥാനപരമായി അവൾ സംബോധന ചെയ്യുന്നത് സ്വന്തം വ്യക്തിത്വത്തിന്റെ നിഗൂഢതയെത്തന്നെയാണ്.
ലോകത്ത് എല്ലാ ജനവിഭാഗങ്ങൾക്കിടയിൽ നിന്നും അധഃസ്ഥിതരായിരുന്നവർ തങ്ങളുടെ അവകാശ പ്രഖ്യാപനങ്ങളുമായി കരുത്ത് തെളിയിച്ചുകൊണ്ട് മുന്നോട്ടുവരുന്ന സാഹചര്യത്തിലും നിങ്ങൾക്ക് ആരിൽ നിന്നാണ്, എന്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെന്ന പരിഹാസച്ചുവയുള്ള ചോദ്യത്തെ ഇന്നും സ്ത്രീകൾ നേരിടുന്നുണ്ട്. വർത്തമാനകാലത്ത് വാടകക്കൊരു ഹൃദയം വായിക്കപ്പെടുമ്പോഴും, അശ്വതിക്കും മാലിനിക്കും ഇതേ ചോദ്യം തന്നെ നേരിടേണ്ടി വരും. വ്യക്തിയെന്ന നിലയിൽ താൻ എന്തായിരിക്കണം, ആരായിരിക്കണം, എങ്ങനെ ജീവിക്കണം എന്ന തിരിച്ചറിവുകളുള്ള സ്ത്രീകളാണ് ഈ നോവലിലേത്. അതിനെ പാടെ നിഷേധിച്ചുകൊണ്ടുള്ള ഒരു ജീവിതം ജീവിക്കേണ്ടിവരുമ്പോൾ മനനശേഷിയുള്ള ആരിലും ഉണ്ടാകുന്ന ചില പൊട്ടിത്തെറിക്കലുകൾ അവളിലും ഉണ്ടാകുന്നുണ്ട്. അതാണ് അശ്വതിയിലും മാലിനിയിലും പൊട്ടിത്തെറിക്കുന്നത്. അതിനെ ഉൾക്കൊള്ളാനും ആദരിക്കാനും അംഗീകരിക്കാനും സമൂഹത്തിന് അന്നും കഴിയുന്നില്ല. ഇന്നും കഴിയുന്നില്ല. മൂന്നു ഭർത്താക്കന്മാർക്കൊത്തു ജീവിച്ചിട്ടും സംതൃപ്തിയറിയാത്ത സ്ത്രീ എന്തൊരു സ്ത്രീയാണ് എന്ന ദുരുദ്ദേശ്യപരമായ ചോദ്യമാകും ഇന്നും എന്നും അശ്വതിയെ പോലെ ഒരു സ്ത്രീക്ക് നേരിടേണ്ടിവരിക. ഒരു സ്ത്രീക്ക് എന്താണ് വേണ്ടത് എന്ന് ലോകാവസാനം വരേക്കും മനസ്സിലാകാതെ പോകുന്നു എന്നതു തന്നെയാണ് സ്ത്രീസമൂഹം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം. അശ്വതിയും മാലിനിയും സരസ്വതിയും അവർക്കു മുന്നിൽ എക്കാലത്തും ഉത്തരമില്ലാത്ത പ്രഹേളികകൾ തന്നെയായി തുടരും .ബുദ്ധിമാൻ തന്റെ പരിഹാസോക്തിയും, വ്യവസ്ഥാനുരൂപൻ തന്റെ പാരമ്പര്യ ഭാരവും , ദോഷദർശി തന്റെ വെറുപ്പും, പാപി തന്റെ ന്യായീകരണവും തൂക്കിയിടുന്ന ഒരു ആണിയായി സ്ത്രീയെ കാണുന്ന അവസ്ഥയോടുള്ള പ്രതിഷേധം പരസ്പരം മനസ്സിലാക്കുന്ന സ്ത്രീകളിലൂടെയാണ് നോവൽ വ്യക്തമാക്കുന്നത്. കാർത്ത്യായനി അമ്മയും അശ്വതിയും ഭാർഗ്ഗവിയമ്മയും പരസ്പരം മനസ്സിലാക്കുന്നവരാണ്.
തിരിച്ചറിവുകൾ ഏറുമ്പോൾ സ്വാഭാവികമായും സ്ത്രീയുടെ അതൃപ്തി ഏറുന്നു. അസംതൃപ്തി ഏറുന്നതിനനുപാതമായി അവളുടെ വികാസവും ഏറിക്കൊണ്ടേയിരിക്കും.
ആദർശാധിഷ്ഠിതമായ ഒരു കുടുംബസങ്കല്പത്തെ കൊട്ടിഘോഷിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്ന എഴുത്തുകാരനല്ല പത്മരാജൻ. അശ്വതിയുടെ അമ്മ ഭാർഗ്ഗവിയമ്മയും കേശവൻകുട്ടിയുടെ അമ്മ കാർത്ത്യായനിയമ്മയും ഒരേപോലെ ശരിതെറ്റുകളുടെ കടുംപിടുത്തങ്ങളിൽ ഞെരുങ്ങാൻ കൂട്ടാക്കാത്ത സ്ത്രീകളാണ്. തന്റെ മകൾ തെറ്റു ചെയ്യുന്നതായി ഒരിക്കലും ഭാർഗ്ഗവിയമ്മ കരുതുന്നില്ല. കേശവൻകുട്ടിയോട് ശക്തമായി പ്രതിഷേധിക്കാത്തതിൽ മാത്രമേ കാർത്ത്യായനിയമ്മക്ക് അശ്വതിയോട് പരിഭവമുള്ളു. അവളുടെ നിശ്ശബ്ദസഹനങ്ങൾ തന്റെ മകൻ അർഹിക്കുന്നതല്ല എന്നവർക്കറിയാം.മകനെയും മരുമകനെയും ചൊല്ലി ചില നേരങ്ങളിൽ ഈ അമ്മമാർ നടത്തുന്ന പൊളളയായ അഭിമാനവാദങ്ങളിൽ അശ്വതിക്ക് വെറുപ്പും പുച്ഛവും തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. "ഇവിടെ എന്തെങ്കിലും പെശകു തോന്നിയാൽ നീ ഒരാളെ അങ്ങോട്ട് വിട്ടേര്. ഇവളുമാരുടെ ആട്ടും തുപ്പും ഏറ്റു കിടക്കേണ്ട ഗതികേട് നിനക്കൊരിക്കലുമില്ല" എന്ന ഭാർഗ്ഗവിയമ്മയുടെ വാക്കുകൾ ഇന്നത്തെ കാലത്തുപോലും പെൺമക്കളോട് പറയാൻ ധൈര്യമുള്ള പെൺവീട്ടുകാർ കുറയും. തന്റെ അമ്മയുടെ മുഖത്തെ ചിരിയും സൗഹാർദ്ദവും വ്യാജമാണെന്നും തന്റെയുള്ളുനീറുന്നതവർ മനസ്സിലാക്കുന്നുണ്ടെന്നും അശ്വതി തിരിച്ചറിയുന്നു. അസംതൃപ്തയും അവഗണിക്കപ്പെട്ടവളും ആയ ഭാര്യയായിരുന്നു താനിന്നലെ വരെ. ഇന്ന് താൻ അസൂയാലുവും കൂടിയാണ്. കേശവൻ കുട്ടി മാലിനിയുമായി അടുപ്പം കൂടിയിരിക്കുന്നു. അസൂയാലുവായ ഭാര്യ, ഒരു പക്ഷേ അസംതൃപ്തയേക്കാൾ, അവഗണിക്കപ്പെട്ടവളേക്കാൾ കൂടുതൽ തീ തിന്നുന്നുണ്ടാകണം. "സീതയെ മാത്രമേ പുരുഷന് കഷ്ടപ്പെടുത്താൻ കഴിയൂ. പാഞ്ചാലിക്ക് അവൻ ദാസ്യപ്പണി ചെയ്യും" എന്ന് അശ്വതി ചിന്തകളിൽ കാടുകയറി. "വൻകാട്ടിൽ തള്ളപ്പെട്ട ഗർഭിണിയായ സീതയുടെ കണ്ണുനീരാണ് തന്റെ കണ്ണിലൂടെ ഒഴുകുന്നതെന്നവൾ കാണുന്നു. തനിക്കെതിരു നിൽക്കുന്നതോ ശരീരം മാത്രം പുരുഷന്മാർക്കായി സമർപ്പിച്ച് അവരെ വിരൽത്തുമ്പുകളിലിട്ട് കറക്കാൻ സാമാർഥ്യമുള്ള പാഞ്ചാലിയും".
മാലിനിയുടെ കണ്ണുനീരിനും തന്റേതു പോലെ തന്നെ നിസ്സഹായതയുടെയും അവഗണനയുടെയും തീച്ചൂടാണെന്ന് അശ്വതിയിലെ അസൂയാലുവായ ഭാര്യ മനസ്സിലാക്കുന്നില്ല. മാലിനിയുടെ അരക്ഷിതത്വവും സമൂഹത്തിന്റെ കണ്ണിൽ അവൾക്കുള്ള അവഗണനകളും അശ്വതിയുടേതിനേക്കാൾ എത്രയോ രൂക്ഷമാണ്. പക്ഷേ, അശ്വതിക്ക് ഭാര്യയെന്ന നിലയിൽ ഒരു പ്രിവിലേജുണ്ട്.അതിന്റെ അധികാരം മാത്രമാണ് ആ നിമിഷം അശ്വതിയിൽ പ്രവർത്തിക്കുന്നത്.
സദാശിവൻപിള്ളക്ക് തന്റെ മേൽ ഒരു മോഹമുണ്ടെന്നറിഞ്ഞ നിമിഷം അവൾ ചെറുതല്ലാതൊരു പകയുടെ സുഖം അനുഭവിക്കുന്നുമുണ്ട്. ഇന്ന് രാത്രി തനിക്ക് ഭർത്താവിനോട് പറയാൻ ഒരു കഥയുണ്ട്. നടന്നത് മുഴുവൻ പറയാതെ അൽപസ്വൽപം മാറ്റങ്ങളോടെ കഥ പറഞ്ഞാൽ ആ മനുഷ്യന്റെ ഉറക്കം ഇന്നത്തേക്ക് തനിക്ക് നഷ്ടപ്പെടുത്താം എന്നൊരു മനക്കോട്ട അവൾ കെട്ടിപ്പടുക്കുന്നുണ്ട്. സീത വെറും സീതയോ പാഞ്ചാലി വെറും പാഞ്ചാലി മാത്രമോ അല്ല. അവർ ആവശ്യാനുസരം ഇടകലർന്ന് പ്രവർത്തിക്കാറുണ്ട്. തലേ രാത്രി മാലിനി തന്റെ ഉള്ളിൽ കോരിയിട്ട തീ, ഇന്ന് കേശവൻ കുട്ടിയുടെ ഉള്ളിൽ കോരിയിടാൻ താൻ സദാശിവൻ പിള്ളയെ ഉപയോഗിക്കും. ആഹാ! വെറുതെയല്ല ഭാര്യ! സ്ത്രീപുരുഷ ബന്ധങ്ങളെയും കുടുംബഘടനയെയും ഭൗതികവും ചരിത്രപരവും രാഷ്ട്രീയവുമായ പരിണതികളെയും ആണ് ഈ നോവൽ ആവിഷ്കരിക്കുന്നത്.
വാടകക്ക് ഒരു ഹൃദയം ഞാൻ വായിക്കുമ്പോൾ, അത് എന്നെയും വായിക്കുകയാണ്.
തിരിച്ചറിവുകൾ ഏറുമ്പോൾ സ്വാഭാവികമായും സ്ത്രീയുടെ അതൃപ്തി ഏറുന്നു. അസംതൃപ്തി ഏറുന്നതിനനുപാതമായി അവളുടെ വികാസവും ഏറിക്കൊണ്ടേയിരിക്കും. അസംതൃപ്തയായ സ്ത്രീ വികാസത്തിന്റെ പാതയിലായിരിക്കുമെന്നർഥം. സ്ത്രീയെ സംതൃപ്തയാക്കി നിലനിർത്താനുള്ള കുടുംബങ്ങളുടെ കാലങ്ങളായുള്ള ശ്രമം, അവളുടെ തിരിച്ചറിവുകളെ തടയാനും അനുഗൃഹീതമായ ഒരജ്ഞതയിൽ അവളെ തളച്ചിടാനും വേണ്ടി മാത്രം ഉള്ളതാണ് എന്ന തിരിച്ചറിവ് ശക്തമാകുന്നതോടെ പാട്രിയാർക്കൽ ഘടന തകരും. അതിലുറപ്പിക്കപ്പെട്ടിരുന്ന പ്രണയങ്ങൾ തകരും. കുടുംബബന്ധങ്ങളും ശിഥിലമാകും. വിവാഹ ഉടമ്പടി വായിച്ച്, വിവാഹത്തിലേക്ക് പ്രവേശിക്കുന്ന ബുദ്ധിമതിയായ ഒരു സ്ത്രീ അതിന്റെ പരിണതഫലങ്ങൾ തീർച്ചയായും അർഹിക്കുന്നുണ്ട് എന്ന ഇസഡോറ ഡങ്കന്റെ വാചകം ഓർക്കുക. കാരുണ്യം, സഹനം ക്ഷമ, പ്രണയം, വിശപ്പ്, പാചകം തുടങ്ങി പ്രചോദനങ്ങളുടെയും പ്രലോഭനങ്ങളുടെയും മുദ്രകൾ മാത്രമായിരുന്ന പെണ്ണ് ഇന്ന് പ്രകോപനപരമായ വാക്യങ്ങളിലേക്ക് കടന്നിരിക്കുന്നു. മുദ്രകളേയും വാക്യങ്ങളേയും ചേരുംപടി ചേർക്കുകയാണവർ. ടെക്സ്റ്റുകളിൽ മാത്രമല്ല, ജീവിതത്തിലും അവരുടെ മുദ്രാവാക്യങ്ങൾ പാട്രിയാർക്കിക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുകയും പരിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഭാഗത്തു നിന്ന് യാതൊരു സഹായവും ആവശ്യമില്ലെന്ന നിലപാടെടുക്കുന്ന അശ്വതിയുടെ തണുത്ത നിസ്സഹകരണത്തിനു മുന്നിൽ കേശവൻ കുട്ടിയിലെ ഭർത്തൃപുരുഷൻ പരജിതനാകുകയാണ്. തന്റെ ഭാഗത്തു നിന്നുണ്ടായതത്രയും അധീരതയുടെ ചലനങ്ങൾ മാത്രമായിരുന്നു എന്നയാൾ തിരിച്ചറിയുന്നുണ്ട്.
ഗൊയ്ഥയുടെ വിൽഹെം മൈസ്റ്റർ എന്ന നോവലിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: "വിവേകബുദ്ധിയുള്ള ഒരു സ്ത്രീയുടെ ഭ്രാന്തിനെപ്പറ്റി എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. ഭ്രാന്ത് പലപ്പോഴും വിവേകം അല്ലെങ്കിൽ യുക്തി, വേഷം മാറി വരുന്നതല്ലാതെ മറ്റൊന്നുമല്ല."
പത്മരാജന്റെ സ്ത്രീകൾ ഈ വാദത്തെ ശരിവെക്കുന്നവരാണ്.
മഹത്തായ സാഹിത്യം എന്തായിരിക്കണമെന്ന് തന്റെ ഡിഫെൻസ് ഓഫ് പോയട്രി എന്ന പ്രബന്ധത്തിൽ ഷെല്ലി പറയുന്നുണ്ട്: "അറിവിന്റെയും ആനന്ദത്തിന്റെയും നീര് നിലയ്ക്കാതെ ഒഴുകുന്ന ഒരു നീരുറവയായിരിക്കണം മഹത്തായ സാഹിത്യം. ഒരു വ്യക്തിയും അവന്റെ തലമുറയും അതിന്റെ ദൈവികമായ നീരോട്ടം പൂർണമായും ഉപയോഗിച്ചു തീർക്കുമ്പോൾ അടുത്ത വ്യക്തിയും അവന്റെ തലമുറയും വരുന്നു... അങ്ങനെ നിരന്തരം പുതിയ സമ്പർക്കങ്ങളും വ്യാഖ്യാനങ്ങളും രൂപപ്പെടുന്നു."
വാടകക്ക് ഒരു ഹൃദയം അത്തരത്തിലുള്ള ഒരു കൃതിയാണ്. ഞാൻ അതിനെ വായിക്കുമ്പോൾ, അത് എന്നെയും വായിക്കുകയാണ്. തന്നെ വായിക്കാനിരിക്കുന്ന വ്യക്തികൾക്കും വരാനിരിക്കുന്ന തലമുറകൾക്കും അതാതിന്റെ കാലത്തിനു അനുയോജ്യമായത് കൊടുക്കാൻ അത്തരം കൃതികൾക്ക് സാധിക്കുന്നു. ഷെല്ലിയുടെ അഭിപ്രായത്തിൽ, ഓരോ മഹത്തായ കൃതിയും "വരാനിരിക്കുന്ന എല്ലാ വൃക്ഷങ്ങളെയും ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആദ്യത്തെ വിത്ത്'' ആണ്. അവയിലെ വരികൾക്ക് മാറ്റമുണ്ടാവില്ലെങ്കിലും, അത്തരം കൃതികളിൽ നിന്ന് നമ്മൾ വായിച്ചെടുക്കുന്ന അർഥങ്ങൾക്ക് കാലം ചെല്ലുന്തോറും മാറ്റമുണ്ടാകും. അതുകൊണ്ട് ക്ലാസിക്കുകളെ നമ്മൾ നിരന്തരം പുനർവായന നടത്തണം. അങ്ങനെ അവയ്ക്ക് നമ്മെ വായിക്കാനുമുള്ള അവസരവും സാധ്യമാകുന്നു.
എഴുത്തിലെ വൈപുല്യവും ഉദാരതയും കാരണം ചിലപ്പോൾ നാം അതിൽ ഇല്ലാത്ത അർഥങ്ങൾ വരെയും കണ്ടെത്തുന്നു.