പൃഥ്വീരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയ്ക്കെതിരെയുള്ള സർഗാത്മകമായ ഹർജിയാണിത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഇന്ത്യൻ കലാജീവിതത്തിന്റെ മൗലിക ഘടകമാണെന്നിരിക്കേ, റീ എഡിറ്റിങ്ങ് എന്ന ഒരവസ്ഥയിലേക്ക് ആ സിനിമ കടന്നുപോയി എന്നത്, ഭാവിയുടെ സർഗാത്മക പ്രകാശനങ്ങൾക്ക് മുഴുവനായിട്ടുള്ള ഒരു താക്കീതാണ്. കലാകാരരും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ സംബന്ധിക്കുന്ന താക്കീത് കൂടിയാണത്.
ഭരണകൂടത്തോടുള്ള വിമർശനരഹിതമായ ഒരു ആശ്രിതത്വമാണ് എമ്പുരാൻ വിവാദം സൃഷ്ടിച്ച അലയൊലികളിൽ നിന്ന് വായിച്ചെടുക്കാനാവുക. സർഗാത്മകത പ്രകൃതിദത്തമായ ഒരു സ്വാതന്ത്ര്യമാണ്. അത് അത്രതന്നെ സ്വാതന്ത്ര്യത്തോടെ ആവിഷ്കരിക്കപ്പെടുമ്പോൾ, അവകാശനലംഘനത്തിന്റെ പരിധിയിൽ വരാനിടയുണ്ട് എന്ന് ഈ വിവാദം ഓർമപ്പെടുത്തുന്നു. പരിമിതമായ, നിയന്ത്രണ വിധേയമായ രീതിയിൽ വിതരണം ചെയ്യുന്ന 'സ്വാതന്ത്ര്യത്തിന്റെ ഒരു റേഷൻകട’ തുറക്കുന്നതിന്റെ സൂചന പ്രത്യക്ഷമായി തന്നെ ഈ വിവാദത്തിൽ കാണാം. സർഗാത്മകതയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ആരാണ്?
ഭരണകൂടം.
ഒരു ഗ്രാം സ്വാതന്ത്ര്യം നിങ്ങൾക്ക് വേണോ, ഒരു കിലോ സ്വാതന്ത്ര്യം നിങ്ങൾക്ക് വേണോ എന്ന് ഭരണകൂടവും അതിനെ പിന്താങ്ങുന്ന അനുയായി വൃന്ദവും തീരുമാനിക്കും. അതാണ് ഈ വിവാദത്തിന്റെ മാരക വേർഷൻ.

എന്നാൽ, എമ്പുരാൻ എന്ന സിനിമ കടുത്ത ഭാഷയിൽ വിമർശിക്കപ്പെടേണ്ടതുണ്ട്. അത് മുതലാളിത്ത സമുദായത്തിന്റെ സൂപ്പർമാൻ രക്ഷാകർതൃത്വത്തെ മുന്നിൽ വെക്കുന്ന പ്രമേയമാണ്. മാനവികതയെ ദീർഘകാലത്തേക്ക് കുഴപ്പത്തിലാക്കുന്ന ഒരു പ്രമേയമാണ് ആ സിനിമയുടേത്. സംഘടിതമായ അക്രമത്തെ തടയാൻ വ്യാജ പ്രതീതി നിർമ്മിതിയാണ് ആ സിനിമ മുന്നിൽ വെക്കുന്ന പരിഹാരം. ജനാധിപത്യം എന്നത് നിയമപരവും ഉള്ളടരുകളിൽ അന്യോന്യം സംവാദാത്മകവുമായ ഒരു വലിയ സാധ്യതയാണ്. എന്നാൽ, ഈ സൂപ്പർമാൻ പരിഹാരക്രിയകൾ കോരിത്തരിപ്പനുഭവങ്ങൾക്കപ്പുറം ഒന്നും തന്നെയുണ്ടാക്കുന്നില്ല. നമ്മുടെ കാലം അഭിമുഖീകരിക്കുന്ന വിഷമസന്ധികൾക്ക് എന്താണ് പരിഹാരം?
സാമൂഹികവും സാമുദായികവുമായ ലക്ഷ്യങ്ങൾക്കു വേണ്ടി രാഷ്ട്രീയമായി സംവിധാനം ചെയ്യപ്പെട്ട ഒരു ഭരണഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യൻ അടിസ്ഥാന ജനതയുടെ അഭിലാഷങ്ങൾക്കനുസരിച്ച് വ്യക്തിഗതവും സാമൂഹികവും സാമുദായികവുമായ തുല്യതയും സ്വാതന്ത്ര്യവും പൗരക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നു. വിവിധ രാഷ്ട്രീയപാർട്ടികൾ അധികാരം കൈയാളുന്നതിന്റെ ഭാഗമായി നടത്തിയ തുടർച്ചയായ കബളിപ്പിക്കലുകൾ, ഭരണകൂടത്തിൽ തന്നെ ഫാഷിസ്റ്റ് പ്രവണതകൾക്ക് മൂർച്ച കൂട്ടി എന്നതാണ് പരിണിതഫലം. ഒരുതരത്തിൽ ജനാധിപത്യം എന്നതിൽ തന്നെ ജനാധിപത്യവിരുദ്ധതയും പരസ്പരം മനസ്സിലാകാത്ത വിധത്തിൽ ഉള്ള നൂലുകൾ കൊണ്ട് തുന്നിച്ചേർക്കപ്പെട്ടു.
ചരിത്രത്തിൽ, ഹിംസയാണ്, ഏറ്റവും ക്രൂരമായ രോമാഞ്ചം. ഹിംസ ജനാധിപത്യത്തെ നിരന്തരം അസ്ഥിരപ്പെടുത്തുകയും, സ്വേച്ഛയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. എമ്പുരാൻ മുന്നോട്ടു വെക്കുന്നത് അപകടകരമായ ഈ ആശയമാണ്.
ജനാധിപത്യം ഒളിച്ചുകടത്തുന്ന ജനാധിപത്യ വിരുദ്ധതയെ എങ്ങനെയാണ് തുറന്നുകാട്ടേണ്ടത്? അല്ലെങ്കിൽ പ്രതിരോധിക്കേണ്ടത്? അതിന്റെ പ്രതിരോധം, അരാഷ്ട്രീയമായ ഒരു സൂപ്പർമാൻ വ്യാജ പ്രതീതികൾ കൊണ്ടു സാധ്യമല്ല തന്നെ. സ്വതന്ത്രവും തടസ്സമില്ലാത്തതുമായ പൗരബോധമുണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഭരണഘടന ഇന്ത്യൻ ജനതയ്ക്ക് വാഗ്ദാനം ചെയ്ത തുല്യതയും സാമൂഹികമായ ആ സമത്വബോധവും പൗരബോധത്തിന്റെ അടിയാധാരമായി ഉണ്ടാവണം. പൗരബോധം, സംഘടിതമായി, ജനാധിപത്യപരമായി തന്നെ കൊള്ളയടിക്കപ്പെട്ടു എന്നതാണ് ജനാധിപത്യത്തെ വികലാംഗമാക്കിയത്.
1960-ൽ ബർട്രൻഡ് റസ്സലിൻ്റേതായി വന്ന ചെറിയൊരു ടെലിവിഷൻ അഭിമുഖത്തിൽ, അഭിമുഖകാരൻ, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും സങ്കൽപങ്ങളും ആരായുകയുണ്ടായി. ഭാവിയുടെ മുഖ്യമായ പ്രവണതകൾ എന്തായിരിക്കുമെന്ന ചോദ്യവും അതിലുണ്ടായിരുന്നു.
റസ്സലിന്റെ ഉത്തരത്തിൽ ഏതാണ്ട് ‘ആത്മാവ് നഷ്ടപ്പെട്ട ഒരു ലോക' ത്തെക്കുറിച്ചുള്ള സൂചനയാണുണ്ടായിരുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്പിക്കാത്ത, അനുകമ്പ കുറഞ്ഞ, ഭാവനാരഹിതമായ ഒരു ലോകം. അത്തരമൊരു അശുഭാപ്തി നിറഞ്ഞ ഭാവിലോകത്തെ കുറിച്ച് പറഞ്ഞ റസ്സൽ, ആ അഭിമുഖത്തിന്റെ ഒടുവിൽ, 'മനുഷ്യർക്ക് മുഴുവൻ ബാധകമായ ഒരു സന്ദേശം പങ്കുവെക്കാൻ' ചോദ്യകർത്താവ് പറഞ്ഞപ്പോൾ, മനുഷ്യർ മനുഷ്യരെ മർദ്ദിക്കുന്ന ഒരു അവസ്ഥ എന്നേക്കുമായി ഇല്ലാതാകുമെന്നും, സ്ത്രീപുരുഷന്മാൻ തുല്യമായി കഴിവുകൾ പുറത്തെടുക്കുന്ന, ശാസ്ത്രവും യുക്തിയും കൈകോർക്കുന്ന മെച്ചപ്പെട്ട ഒരു ലോകം സാധ്യമാകുമെന്നുമുള്ള ശുഭാപ്തിവിശ്വാസം പങ്കുവെച്ചു. ഒരർഥത്തിൽ ഗാന്ധി എന്ന ഇന്ത്യൻ മിത്തിക്കൽ പൈതൃകവും നെഹ്റു എന്ന യുക്തി പൈതൃകവും കൈകോർത്തപ്പോൾ, റസ്സൽ സ്വപ്നം കണ്ട ആ ലോകത്തിലേക്കുള്ള ചുവടുകൾ നേരത്തേ തന്നെ ഇന്ത്യയിൽ തുടങ്ങിയിരുന്നു.

എന്നാൽ, മനുഷ്യർ തമ്മിൽ മർദ്ദിക്കുന്ന, ഹിംസയുടെ ഭാരം നിറഞ്ഞ തേരോട്ടങ്ങൾക്കിടയിൽ ഇന്ത്യൻ ജനത പലപ്പോഴായി ഞെരിഞ്ഞമർന്നു. മഹത്തായതും പ്രകീർത്തിക്കപ്പെട്ടതുമായ ഇന്ത്യൻ ഭരണഘടനയുടെ ജീവൻ നിലച്ച എത്രയെത്ര സന്ദർഭങ്ങൾ. ഒ.വി. വിജയന്റെ 'പ്രവാചകന്റെ വഴി' എന്ന നോവലിൽ ആ ഇന്ത്യയെ ആത്മതാപം നിറഞ്ഞ വരികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നെഹ്റുവിന്റെ ഏകാന്തദുഃഖം അതിൽ കേൾക്കാം.
ഇന്ത്യ എന്ന ദീർഘപാരമ്പര്യങ്ങളുടെ ഒരു നാടിനെ ജനാധിപത്യത്തിന്റെ കണ്ണിലൂടെ നോക്കിയ മഹാ ദാർശനികനായിരുന്നു, ഗാന്ധിജി. നെഹ്റു, അതിലേക്ക് യുക്തിപ്രവാഹത്തെ കടത്തിവിടാൻ ശ്രമിച്ചു. എന്നാൽ, ജനാധിപത്യത്തിന്റെ ഹൃദയസ്പർശിയായ അനുഭവങ്ങൾക്കുപകരം, ജനാധിപനയത്തിന്റെ മറവിൽ തന്നെ മുറിവേൽപ്പിക്കപ്പെട്ട ഒരു ജനതയുടെ വിലാപം, പല പല സന്ദർഭങ്ങളിൽ ഇന്ത്യൻ ആത്മാവിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥ, ഇന്ദിരാവധത്തെ തുടർന്നുണ്ടായ സിഖ് കൂട്ടക്കുരുതി, ഗുജറാത്ത് മുസ്ലിം വംശഹത്യ - ഇതൊക്കെ ഇന്ത്യൻ ഭരണഘടന ഭാവിക്കുവേണ്ടി വാഗ്ദാനം ചെയ്യപ്പെട്ട തുല്യതാ സങ്കൽപങ്ങൾ യാഥാർഥ്യമാക്കിയില്ല. ഭരണകൂട ഇടപെടലുകൾ കൊണ്ട് , ടാഗോർ ആഗ്രഹിച്ച 'ശിരസ് ഉയർന്നു നിൽക്കുന്ന നിർഭയമായ അവസ്ഥയി 'ലേക്ക് പൗരന്മാരെ എത്തിച്ചില്ല.
എമ്പുരാൻ എന്ന സിനിമയെ ഈ പശ്ചാത്തലത്തിരുന്ന് വേണം കാണാൻ. നിഷ്കളങ്കമായി ആ സിനിമയ്ക്കുവേണ്ടി കൈയടിക്കുന്നവരുണ്ട്. എന്നാൽ, അടിസ്ഥാനപരമായി ഹിംസയെ പ്രചോദിപ്പിക്കുന്ന ഒരു സിനിമയാണത്. 'ഓർമ കൊണ്ട് മറവിക്കെതിരെ നടത്തുന്ന പ്രതിരോധം' എന്ന നിലയിലല്ല ആ സിനിമയെ കാണേണ്ടത്.
ഡിജിറ്റലൈസ് ചെയ്യപ്പെട്ട അതിമാനുഷനാണ് എമ്പുരാനിലെ മോഹൻലാൽ കഥാപാത്രം. ജൈവികമായ ജനാധിപത്യ രാഷ്ട്രീയം എക്പയേർഡായി എന്ന് കൂടി പറയാൻ ശ്രമിക്കുന്നുണ്ട്, എമ്പുരാൻ. എതിർപ്പുകളും സ്വീകാര്യതകളും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു. പൗരരുടെ ദാസ്യത നിറഞ്ഞ കൈയടികൾ മാത്രമായി ജനാധിപത്യം ചുരുങ്ങുന്നു.
ജനാധിപത്യത്തിൽ, എമ്പുരാനിൽ മുരളി ഗോപി രോമാഞ്ചമുണ്ടാക്കുന്ന ചില സംഭാഷണങ്ങൾ എഴുതിവെച്ചിട്ടുണ്ട്. നേതാക്കന്മാർ ജനങ്ങളിൽ രോമാഞ്ചമുണ്ടാക്കണം എന്ന് പ്രത്യക്ഷത്തിൽ തന്നെ സൂചിപ്പിക്കുന്നുമുണ്ട്. ചരിത്രത്തിൽ, ഹിംസയാണ്, ഏറ്റവും ക്രൂരമായ രോമാഞ്ചം. ഹിംസ ജനാധിപത്യത്തെ നിരന്തരം അസ്ഥിരപ്പെടുത്തുകയും, സ്വേച്ഛയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. എമ്പുരാൻ മുന്നോട്ടു വെക്കുന്നത് അപകടകരമായ ഈ ആശയമാണ്. അതിമാനുഷനായ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുമെന്ന ആശയമാണത്. ആശയറ്റ ഒരു ജനതയുടെ ആശയാണത്. ആശാവർക്കർമാർ, സമരം ചെയ്യുന്ന ഘട്ടത്തിൽ പോലും അതിമാനുഷരുടെ പ്രത്യക്ഷപ്പെടൽ സംഭവിക്കുന്നില്ല എന്ന് നമുക്കറിയാം. സമരമാണ് പ്രതിരോധം, സാമൂഹിക ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഒരേയൊരു മാർഗ്ഗം. യാഥാർഥ്യത്തിന്റെ പകൽ വെളിച്ചത്തിൽ ആർക്കും ബോധ്യമാകുന്ന ആ യാഥാർഥ്യത്തെയാണ് സിനിമ ഇരുട്ടിൽ നിർത്തുന്നത്. എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ആ കഥാപാത്രം, നാം, ചിത്രകഥയിൽ വായിച്ച ഡിങ്കൻ പോലെയാണ്. ഡിങ്കാ ... എന്ന് വിളിച്ചാൽ പ്രത്യക്ഷപ്പെടുന്ന കാവലാൾ ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്ന ചാലകശക്തിയല്ല. ഇത്തരം ചാലകശക്തികളിൽ വിശ്വസിക്കുന്നവർ മതമൗലികവാദികളും ഹിന്ദുത്വത്തെ രാഷ്ട്രീയമായി അധികാരം കൈയാളാൻ ഉപയോഗിക്കുന്നവരുമാണ്. ആഗോള രാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലും, ഇത്തരം ഡിങ്കൻ അവതാരങ്ങളെ കാണാം.
ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ച് നിരാശാജനകമായ സമീപ ഭൂതകാല വിങ്ങലാണ് ഗുജറാത്ത് കലാപം. അതിനെ നേരിട്ടു വിശകലനം ചെയ്യുന്നതിലേക്ക് പലതരം മാഫിയകളെ കൊണ്ടു വരികയും 'മാഫിയ'യായാണ് പരിഹാരം എന്ന അത്യന്തം വിനാശകരമായ ഒരു ഉത്തരത്തിലേക്ക് സിനിമ എത്തുകയും ചെയ്യുന്നു, എമ്പുരാൻ. ഹിംസയെ ഹിംസ കൊണ്ടു തുടച്ചുനീക്കാമെന്ന ഉത്തരം എത്ര വരെ ശരിയാണ്, ഗാന്ധിജിയാൽ പ്രചോദിപ്പിക്കപ്പെട്ട ഇന്ത്യയിൽ?

'ഏൻ ഒക്കറൻസ് അറ്റ് ഓൾ ക്രീക്ക് ബ്രിഡ്ജ്' (An Occurrence at Owl Creek Bridge- 1890) എന്ന സിനിമയിലെ ഒരു സ്വപ്നം പോലെ മാത്രമാണ് ആ പരിഹാരങ്ങൾ. ആംബ്രോസ് ബിയേഴ്സിന്റെ കഥയെ അടിസ്ഥാനമാക്കി, ഫ്രഞ്ച് സംവിധായകൻ റോബർടോ എൻ റിക്കോ സംവിധാനം ചെയ്ത, ആ സിനിമ കാണാം.
അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനിടയിൽ ഒരു ചാരനായി പിടിക്കപ്പെട്ട പീറ്റൺ ഫർക്കുഹാർ എന്ന തോട്ടം ഉടമയെ തൂക്കിലേറ്റാൻ സൈനിക ഭരണകൂടം തീരുമാനിക്കുന്നു. ഓൾ തോട്ടിലെ നടപ്പാലത്തിൽ, കഴുത്തിൽ കുരുക്കിട്ട് നിർത്തിയിരിക്കയാണ് അയാളെ. പുലരിയിൽ, കഴുക്കിൽ കുരുക്കുമായി, മരണത്തിന് മുഖാമുഖം നിൽക്കുന്ന ആ നിമിഷം, അയാൾ ബന്ധിതമായ ആ അവസ്ഥയിൽ നിന്ന് തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ ഏറെ ഉദ്വേഗജനകമായ നീന്തലിനൊടുവിൽ, വീട്ടിലെത്തി ഭാര്യയെ ആശ്ലേഷിക്കുന്ന നിമിഷം കുരുക്കു വീഴുകയും ചെയ്യുന്നു. ആ കഥാപാത്രം മരണത്തിൽ നിന്നും അയാളെ പിന്തുടരുന്ന സൈനികരുതീർക്കുന്ന വെടിയുണ്ടകളിൽ നിന്നും രക്ഷപ്പെട്ടു എന്ന പ്രതീതി പ്രേക്ഷകരിലുണ്ടാക്കുമ്പോഴും കയറ് കുരുക്കിൽ തന്നെ വീഴുന്നു. ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ ഒന്നായി ഇന്നും പഠിക്കപ്പെടുന്ന ഈ സിനിമയിലെ ബലിയാടാക്കപ്പെട്ട കഥാപാത്രത്തിന്റെ സ്വപ്നം പോലെയാണ്, അധികാരം കൈയാളുന്നവർ പലവിധ സമ്മർദ്ദങ്ങളിലൂടെ ദുർബലാരക്കപ്പെട്ട ജനതയുടെ പ്രതീക്ഷകൾ. ഏതെങ്കിലും ഒരു സൂപ്പർമാൻ വന്ന് അവരെ രക്ഷിക്കുമെന്ന് പറയുന്നത് അത്രയും യുക്തിരഹിതമായ സ്വപ്നമാണ്. ചിത്രകഥയിൽ ഡിങ്കൻ വരും. എന്നാൽ, ചരിത്രം ഒരു ചിത്രകഥയല്ല. രാഷ്ട്രീയപരമായി നിരന്തരം കബളിപ്പിക്കപ്പെടുകയും അതേ പ്രകാരത്തിൽ നിരന്തരമായി കമ്പോളവൽക്കരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ, ജനങ്ങൾ സ്വയം പ്രചോദിതരാവേണ്ടതുണ്ട്.

എമ്പുരാൻ എന്ന സിനിമ വീഡിയോ ഗെയിമിലെന്ന പോലെ ഒരു അതിമാനുഷനെ മുന്നിൽ വെക്കുന്നു. പുരാണങ്ങളിലും വീഡിയോ ഗെയിമുകളിലും ഇത്തരം അതിമാനുഷരുണ്ട്. വീഡിയോ ഗെയിം കളിക്കുന്നവരിൽ അധികവും ആൺകുട്ടികളാണ് എന്നൊരു നിരീക്ഷണമുണ്ട്, 'ഗെയിംസ് ഓഫ് എമ്പയർ' എന്ന പഠനത്തിൽ. ആക്രമണോത്സുകമായ ആണത്തം അത്തരം ഗെയ്മുകൾ ഉൽപാദിപ്പിക്കുന്നു. ഈ ആണത്തമാണ് എമ്പുരാനും പ്രേക്ഷകരിലെത്തിക്കുന്നത്. സ്ത്രീകൾ വീണ്ടും വീണ്ടും ഇരയാക്കപ്പെടുന്നു. അത്തരം ചിത്രീകരണങ്ങൾ കാണുമ്പോൾ സ്ത്രീവിരുദ്ധരായ, മാനവ വിരുദ്ധരായ പെൺവേട്ടക്കാർ വീണ്ടും ഉത്തേജിതരാകും. ഏറ്റവും മാരകമായ ലഹരി ഹിംസയാണ്.
ഡിജിറ്റലൈസ് ചെയ്യപ്പെട്ട അതിമാനുഷനാണ് എമ്പുരാനിലെ മോഹൻലാൽ കഥാപാത്രം. ജൈവികമായ ജനാധിപത്യ രാഷ്ട്രീയം എക്പയേർഡായി എന്ന് കൂടി പറയാൻ ശ്രമിക്കുന്നുണ്ട്, എമ്പുരാൻ. എതിർപ്പുകളും സ്വീകാര്യതകളും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നു. പൗരരുടെ ദാസ്യത നിറഞ്ഞ കൈയടികൾ മാത്രമായി ജനാധിപത്യം ചുരുങ്ങുന്നു.
എമ്പുരാൻ, ജനാധിപത്യം കാലഹരണപ്പെട്ട ഒരു ആശയമാണ് എന്ന് പ്രത്യക്ഷത്തിൽ തന്നെ അടയാളപ്പെടുത്തുന്ന സിനിമയാണ്. എന്നിട്ടു കൂടി ആ സിനിമ സംഘ്പരിവാർ കേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുന്നത് എന്തു കൊണ്ടാണ്? മുസ്ലിമിനാൽ കൊല്ലപ്പെടുന്ന ഹിന്ദു എന്നതാണ് ആ സിനിമ പ്രതികാരദാഹത്തോടെ പറഞ്ഞുവെക്കുന്നത്. ഹിംസയുടെ അവതരണങ്ങൾക്ക് പിന്നീട് മുഖമുണ്ടാവുകയില്ല, മതവും രാഷ്ട്രീയവുമുണ്ടാവുകയില്ല. ഹിംസയ്ക്ക് ഒറ്റ മുഖമേയുള്ളൂ, ഹിംസ. ഒരു ഘട്ടം കഴിഞ്ഞാൽ ഒരു പ്രസ്ഥാനത്തിനും രക്ഷാകവചം സാധ്യമല്ല.