നീ പോയി ആളെക്കൂട്ട് ചെങ്കളം മാധവാ, ഞാനെത്തും എന്ന കൽപ്പന ആറാം തമ്പുരാനിലായിരുന്നു.
വരവ് സാക്ഷാൽ മോഹൻലാലിന്റേതെങ്കിൽ ആളെക്കൂട്ടേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ആളൊഴുകിയാരവത്തോടെ എത്തുമെന്നത് നിസ്സംശയം. മലയാളി ഇതുപോലെ സ്നേഹിച്ച, മലയാളം ഇതുപോലെ ആഘോഷിച്ച ഒരാളില്ലെന്നതുതന്നെയാണ് സത്യം. അതിശയോക്തിയല്ലിതെന്ന് അടിവരയിട്ടുറപ്പിക്കാൻ എമ്പുരാൻ തീർക്കുന്ന ഓളം തന്നെ ധാരാളം. എമ്പുരാൻ തലേന്ന് എങ്ങനെ ഒരു ലാൽ ലബ് സ്റ്റോറി എഴുതാതെയിരിക്കും.
കുട്ടിക്കാലത്ത് രണ്ടു ചേരിയിൽ നിർത്തിയ പോര് രണ്ടുപേരെ ചൊല്ലിയായിരുന്നു. മോഹൻലാൽ-മമ്മൂട്ടി, സച്ചിൻ-ഗാംഗുലി. കണക്കും ക്ലാസും മമ്മൂട്ടിക്കും സച്ചിനും മുൻതൂക്കം നൽകുന്നുവെന്ന വാദം അംഗീകരിക്കുന്നതിനുവേണ്ടി അംഗീകരിച്ച് നമുക്കൊരു കോണിലേക്ക് മാറ്റിവക്കാം. എന്നാൽ മറ്റു രണ്ടുപേരെ നോക്കൂ, അവരെകണ്ടുകണ്ടുണ്ടായൊരുന്മാദം, അതാരാണ് നമുക്ക് തന്നിട്ടുള്ളത്.
ലോഡ്സിൽ ഗാംഗുലി ഷർട്ടൂരി വീശിയതിനോളം വലിയൊരു ഒരു മൊമന്‍റും എന്റെ ക്രിക്കറ്റ് ആൽബത്തിലില്ല. സ്ഫടികത്തിൽ ലാൽ മുണ്ടൂരി തല്ലുന്നതിനപ്പുറമൊരു കിക്ക്, എന്‍റമ്മോ വേറേയേതുണ്ട് അങ്ങനെയൊന്ന്!

ഏതു പന്തിലും പുറത്തായേക്കുമെന്ന ഭീതി എല്ലാ മത്സരത്തിലും ഗാംഗുലി എനിക്ക് തന്നിട്ടുണ്ട്. ക്രീസിന് വെളിയിലേക്കുചാടി ടൈമിംഗ് തെറ്റുമോ, ബാറ്റിനും പാഡിനുമിടയിൽ ആവോളമിടം നൽകി ഒരു ക്ലീൻ ബോൾഡ് ഇപ്പമുണ്ടാകുമോ, ലെഗ് ബിഫോർ വിക്കറ്റിന് കൃത്യം അളന്നുമുറിച്ച് അയാൾ കാൽ നീട്ടി നൽകുമോ എന്നെല്ലാം എല്ലാ പന്തിലും ഞാൻ പേടിച്ചിട്ടുണ്ട്. കാരണം മൂപ്പര് പുറത്താകുന്നതിനോളം നിരാശ എനിക്ക് മറ്റൊന്നുണ്ടായിരുന്നില്ല. (സച്ചിൻ പുറത്തായപ്പോൾ ടി.വി ഓഫാക്കിപ്പോയവരെ നമിക്കുന്നു).
അതുപോലെ തന്നെയായിരുന്നു ലാലേട്ടനും. ഏതൊരു പടവും എഫ്.ഡി.എഫ്.എസിനു (FDFS) ശേഷം മാത്രമേ ശ്വാസം നേരേ വീഴൂ. അതുവരെ എന്താകും അതിന്റെ ഗതിയെന്നാളലാകും ഉള്ളുനിറയെ. വീണപടങ്ങൾ ഏറെയുണ്ട്. ഇല്ലന്നേയല്ല. ഇനിയും വീഴാനുമിരുക്കുന്നവയുമുണ്ടാകാം. എന്നാലും ലാൽപ്പടങ്ങളോളമുല്ലാസമുന്മാദനേരങ്ങളുണ്ടോ നമുക്ക്. ഇന്ന് ലാലേട്ടനാണ് വിഷയമെന്നിരിക്കേ ദാദാഗിരി വിട്ട് സവാരിഗിരിഗിരി മാത്രം പറയാം. താരതമ്യത്തിലേക്ക് പോയത്, താരാരാധനയുടെ തിടമ്പെടുക്കാൻ നിന്നവർക്ക് തൃശൂർ പൂരം നടത്തിക്കൊടുത്തവരാണിവർ എന്നതുകൊണ്ടുമാത്രം.
ആര്യനാണ് വലിയ സ്ക്രീനിൽ ആദ്യം കണ്ട മോഹൻലാൽ സിനിമ. എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, അന്ന് ഒരു ക്ലാസു വിട്ട വൈകുന്നേരം വെള്ളത്തുണികെട്ടി ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. തേന്മാവിൻ കൊമ്പത്തിന്റെ, ആറാം തമ്പുരാന്റെ കളർ പോസ്റ്ററുകൾ സ്കൂളിലേക്ക് പോകുമ്പോൾ നോക്കിനിന്നിട്ടുണ്ട്. നരസിംഹാവതാരം പിറവിയെടുത്തത് അറിഞ്ഞിട്ടുണ്ടെങ്കിലും അന്ന് പ്രായം പത്താണ്. രാവണപ്രഭു തിയേറ്ററിൽ പോയി കണ്ട പതിമൂന്നാം വയസു മുതലാണ് ഫാൻ ബോയ് പിറവി. അതൊരു ദൂരദർശൻ കാലമെന്നിരിക്കേ ഞായറാഴ്ചപടങ്ങൾക്കപ്പുറമൊന്നിനുമിടമുണ്ടായിരുന്നില്ല. കേബിൾ ടി.വിയുള്ള അയൽവീട്ടിലോ, ബന്ധുവീട്ടിലോ പോകുമ്പോൾ കണ്ട മോഹന മിന്നായ(ര)ങ്ങൾ മറക്കുന്നില്ല.

മോസർബെയർ ഡി വി ഡികൾ 29 രൂപയ്ക്ക് ഇറക്കുന്ന കാലത്താണ് ആരാധനയുടെ കൊടിയേറ്റമെന്നു പറയാം. ഒരുവിധപ്പെട്ട ലാൽപ്പടങ്ങളെല്ലാം കണ്ടുതീർത്തിട്ടുണ്ട്. ഒന്നിനെ മാത്രം പരാമർശിക്കുന്നതിൽ അർത്ഥമില്ല. ഒരോന്നുമോരോന്നുമൊരു ‘എൽ’ ക്ലാസിക്കോ എക്സീപീരിയൻസായി. കൂടാനും പാടാനും ആടാനും അടിക്കാനുമെല്ലാം ഒരുനായകനെ മാത്രം തിരഞ്ഞു. ആശയും നിരാശയും ഒരാളിലൊതുങ്ങി.
ആനി മോനെ സ്നേഹിക്കുന്നതുപോലെ എന്നെയും സ്നേഹിക്കൂ എന്നിടത്തുനിന്ന് എന്തോ ആളുകൾക്ക് എന്നെ ഇഷ്ടമാണെന്ന ഇൻർവെൽ പഞ്ചിലേക്ക് റീലോടും പോലെ കാലം ഓടിയെത്തി.

ഒരു പടം കാണാൻ ഒറ്റക്കാവതായ കാലത്ത് ഒത്തിരി പൂത്തിരി ഹിറ്റുകൾ പഴയകാലത്തെ പോലെ ലാലേട്ടൻ തന്നതേയില്ല. എൺപതുകളും തൊണ്ണൂറുകളും പോലെ ഹിറ്റുകളുടെ എണ്ണിയാൽത്തീരാത്തിരയൊന്നും രണ്ടായിരമാണ്ടിനപ്പുറം മോഹൻലാലിനില്ല. എന്നാൽ തന്റെ സ്റ്റാർഡത്തിന് ചെരിവുണ്ടാകുമെന്ന് തോന്നിപ്പിച്ച ഘട്ടങ്ങളിലെല്ലാം സ്വസിദ്ധമായ ചെരിവിനപ്പുറം, അത് വീഴില്ല മക്കളേ എന്ന് പ്രഖ്യാപിച്ച ലാലുത്സവങ്ങൾ കൃത്യമായ ഇടവേളകളിൽ നമ്മൾ കണ്ടു.
നമ്മെ കെട്ടി നിർത്തിയ ചിലന്തിവലയുടെ വക്കിലെത്തി നാം ചാടിയോടും മുൻപേ മറ്റൊരു മാജിക്കുകൊണ്ട്, നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് വീണ്ടും ആർപ്പുവിളിപ്പിച്ചു. കമ്പക്കെട്ട് കൃത്യമായ ഇടവേളകളിൽ നടത്തി, പിന്നെ കുറേ നനഞ്ഞ പടക്കമെന്നതായിരുന്നു ഇക്കഴിഞ്ഞകാലമത്രയും മൂപ്പരുടെ ശീലം. പക്ഷേ മേൽപ്പറഞ്ഞ പഴയ പൂത്തിരിപ്പടങ്ങളുടെ പ്രഭാവം ഉള്ളിലുറവകെട്ടി കിടന്നതുകൊണ്ടുതന്നെ അയാളെ നമ്മൾ ഇറക്കിവിടാതെ ഇറയത്തുതന്നെ നിർത്തി. തിര കത്തിച്ച പടപ്പുറപ്പാടുകളിൽ കയ്യടിച്ച് കുഴങ്ങി. പപ്പടം പോലെ പൊട്ടിയ പടം അടുത്ത പടത്തിലേക്കുള്ള ഇന്ധനമായി.

ലാലേട്ടന്റെ ആയകാല തിരയഭ്യാസങ്ങളോളം വലുതൊന്ന് ഇവിടമുണ്ടായില്ലെന്നതുതന്നെയാണ് പരമാർത്ഥം. പൂ പറിക്കുന്ന ലാഘവത്തോടെ ഒഴിപ്പിക്കാനാക്കാത്ത കുടിയേറ്റം അയാൾ മലയാളിയിൽ നടത്തിയിട്ടുണ്ട്.
ലാൽപ്പടങ്ങളുടെ വെള്ളിയാഴ്ചയെല്ലാം നേരത്തെ നേരം പുലർന്നിട്ടുണ്ട്. ഒരു വെള്ളിയാഴ്ച തലേന്ന് വീണ്ടും ലാലേട്ടൻ വരുന്നു.
തിരനോട്ടത്തിൽ തുടങ്ങിയ ആ മനുഷ്യനെ കാണാൻ തിരനോട്ടം നോക്കിയിരുന്നിട്ടുണ്ട്. അടുത്ത ഞായറാഴ്ച അയാളുടെ പടമെന്നുകേട്ടാൽ അതിലോളം ആനന്ദം നിറച്ച മറ്റൊന്നില്ല. ഡി വി ഡിക്കാലം അയാളുടെ പടം മാത്രം തെരഞ്ഞെടുത്ത് കണ്ടിട്ടുണ്ട്. നീണ്ട ക്യൂവിൽ തിക്കിതിരക്കി തുരങ്കവഴിയിൽ തല്ലുപിടിച്ച് ആദ്യ ഷോകളുടെ ടിക്കറ്റുകഷ്ണങ്ങളൊപ്പിച്ചിട്ടുണ്ട്. കാലം ബുക്ക് മൈ ഷോയിലെത്തുമ്പോഴും തിരയിൽ തമ്പുരാൻ അയാൾ തന്നെ.

മലയാളി ഇതുപോലെ സ്നേഹിച്ച, മലയാളം ഇതുപോലെ ആഘോഷിച്ച ഒരാളില്ലെന്നതുതന്നെയാണ് സത്യം.
എമ്പുരാൻ തലേന്ന് എങ്ങനെ ഒരു ലാൽ ലബ് സ്റ്റോറി എഴുതാതെയിരിക്കും.