നജീബ് അനുഭവിച്ച ജീവിതം ഇനി ‘കെട്ടുകഥയല്ല’; Aadujeevitham- The Goat Life Review

പൃഥ്വിരാജിൻറെ മാഗ്നം ഓപ്പസ് എന്ന് മാത്രമേ ആടുജീവിതത്തെ വിശേഷിപ്പിക്കാനാവൂ. ഇതുവരെ കണ്ട ഒരു സിനിമയിലും പരിചിതമായ പൃഥ്വിരാജിൻറെ ഒരു മാനറിസവും നജീബിൽ കാണാനാവില്ല.

ടുജീവിതം നോവൽ വായിച്ചവർക്കും അല്ലാത്തവർക്കും രണ്ട് തരം കാഴ്ചയായിരിക്കും ബ്ലെസിയുടെ ആടുജീവിതം നൽകുക. എന്നാൽ രണ്ടു കൂട്ടർക്കും ഉണ്ടാവുക ഒരേ വൈകാരിക അനുഭവമായിരിക്കുമെന്ന് ഉറപ്പ്. മലയാള സിനിമയിൽ മുൻപുണ്ടായിട്ടില്ലാത്ത തരം സിനിമാറ്റിക് അനുഭവമാണ് ആടുജീവിതം. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം കെട്ടുകഥകൾ മാത്രമാണ്’ എന്നാണ് ആടുജീവിതത്തെക്കുറിച്ച് ബെന്യാമിൻ പറഞ്ഞത്. നജീബിൻറെ ജീവിതത്തെ കെട്ടുകഥയാവാൻ വിട്ടുകൊടുക്കാതെ ഒരു സിനിമയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് പ്രേക്ഷകന് അനുഭവിക്കാൻ അവസരമുണ്ടാക്കുന്നു ബ്ലെസി.

മരുഭൂമിയിൽ ഒറ്റപ്പെട്ട മനുഷ്യൻ, അയാൾക്ക് മുന്നിൽ വെള്ളം നിറഞ്ഞ ഒരു പാത്രത്തിൽ അനന്തമായ ആകാശഗംഗ പ്രതിഫലിക്കുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിൻറെയും അപാരമായ ദൈവസാന്നിധ്യത്തിൻറെയും സൂചന നൽകിയാണ് സിനിമ ആരംഭിക്കുന്നത്.

ഒരു കമ്പനി വിസയിൽ ഗൾഫിലെ ഒരു രാജ്യത്ത് വിമാനമിറങ്ങുകയാണ് നജീബും സുഹൃത്ത് ഹക്കീമും. ‌വിമാനത്താവളത്തിൽ അവരുടെ സ്പോൺസർ എത്താൻ വൈകുന്നു. ഒടുവിൽ ഏറെ വൈകി സ്പോൺസറെപ്പോലെ തോന്നിക്കുന്ന ഒരു അറബ് വംശജൻ വന്ന് ഇരുവരുടെയും പാസ്പോർട്ട് വാങ്ങി അവരെ കൂട്ടുക്കൊണ്ട് പോവുന്നു. കമ്പനി ജോലി പ്രതീക്ഷിച്ച ഇരുവരും പക്ഷേ ചെന്ന് പെടുന്നത് മസറ എന്നറിയപ്പെടുന്ന വിദൂരമായ മരുഭൂമിയിലെ ആട് ഫാമുകളിലേക്കാണ്.

ഒരുവിധം മലയാളികൾക്കെല്ലാം അറിയുന്ന കഥയാണ്. സിനിമയിലും കഥ അത് പോലെ നിലനിൽക്കുന്നു. എങ്കിലും സിനിമ തുടങ്ങുന്നത് മുതൽ പ്രേക്ഷകരെ വൈകാരികമായി പിടിച്ചു വെക്കാൻ സിനിമയ്ക്ക് സാധിക്കുന്നു.

സിനിമയുടെ തുടക്കത്തിൽ ഗൾഫ് രാജ്യത്ത് വന്നിറങ്ങുന്ന നജീബിൻറെയും ഹക്കീമിൻറെയും നിഷ്കളങ്കതയും തമാശകളും പോലും പ്രേക്ഷകനെ വൈകാരികമായി കൊളുത്തുന്നതാണ്. നോവൽ മുമ്പ് വായിച്ചവർക്ക് അപ്പോൾ മുതൽ മനസിൽ കനം വച്ചു തുടങ്ങും. കഥ അറിയാത്തവർക്കായി സിനിമ മറ്റു ചില മൊമെൻറുകളാണ് കാത്തുവച്ചിരിക്കുന്നത്.

കേരളത്തിലെ ഒരു പുഴയോരത്ത് ജീവിച്ച മണൽ വാരൽ തൊഴിലാളി അറേബ്യയിലെ വരണ്ട ഒരു മരുഭൂമിയിൽ ജീവിക്കേണ്ടി വരുന്നതിലെ കോൺട്രാസ്റ്റ് ഭയങ്കരമാണ്. അത് അതിൻറെ ഏറ്റവും ഇൻറൻസറ്റിയിൽ സിനിമയിൽ കാണിക്കുന്നുണ്ട്. മരുഭൂമിയിൽ ഒരു നേർത്ത രേഖപോലെ ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ നിന്ന് കേരളത്തിലെ ജലസമൃദ്ധിയിലേക്ക് ഇന്റർകട്ട് ചെയ്യുന്ന സീൻ പ്രേക്ഷകരിലുണ്ടാക്കുന്ന ഒരു ആശ്വാസമുണ്ട്. അത്തരം നിരവധി മൊമൻറുകൾ സിനിമയിൽ വന്നുപോകുന്നുണ്ട്. മണൽവാരൽ തൊഴിലാളി എന്ന നജീബിൻറെ പശ്ചാത്തലത്തെ റൊമാൻസ് സീനുകൾക്ക് വേണ്ടിക്കൂടി വിദഗ്ധമായി ഉപയോഗിച്ചത് സൈനബുമായുള്ള പാട്ടിൽ കാണാം.

വളരെ വേഗമാണ് സിനിമ കഥയിലേക്ക് കടക്കുന്നത്. അതിനിടയിൽ തന്നെ നജീബിൻറെ പശ്ചാത്തലവും കുടുംബവും ഒക്കെ കാണിച്ച് പോവുന്നു. മരുഭൂമിയിലെ മസറയിൽ മാത്രമായി നടക്കുന്ന കഥയിൽ ഒട്ടും വിരസതയ്ക്ക് അവസരം നൽകാതെ, കൃത്യമായ ഇടവേളകളിൽ നജീബിൻറെ ഓരോ പുതിയ അനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

നജീബിൻറെ നാടും ഗൃഹാതുരത്വവും ആദ്യപകുതിയിൽ ഒതുക്കിയ ബ്ലെസി രണ്ടാം പകുതിയിൽ മരുഭൂമിയുടെ കൂടുതൽ കഠിനമായ സ്വഭാവത്തെയാണ് കാണിക്കുന്നത്. നജീബിന്റെ ഓർമകളായിട്ട് പോലും ഒരു പച്ചപ്പും ഊർവരതയും കാണിക്കുന്നില്ല. സദാസമയവും മുഖത്ത് വന്നടിക്കുന്ന മണൽ നിറഞ്ഞ കാറ്റും കടുത്ത വെയിലും അപ്പോഴേക്കും നജീബിനെപ്പോലെ പ്രേക്ഷകനും പരിചിതമായിട്ടുണ്ടാവും. മരുഭൂമിയിലൂടെയുള്ള ദീർഘമായ യാത്രയിലുടനീളം ഒരേ കാഴ്ചയാണ്. എങ്ങും മണൽക്കൂനകൾ മാത്രം. എന്നിട്ടും ഒരിടത്ത് പോലും സിനിമയുടെ വേഗത കുറയാതെ പേസ് നിലനിർത്താൻ ബ്ലെസിക്ക് കഴിഞ്ഞിട്ടുണ്ട്.

ഒറ്റ ഡയലോഗിൽ പോലും ഒരു ജീവിതം കൈവിട്ട് പോവുന്ന നിരാശ സിനിമ ഒന്നിലേറെ സന്ദർഭങ്ങളിൽ സംവേദിക്കുന്നുണ്ട്. ഉദാഹരണത്തിന്, വിസ ഇല്ലാതെ പൊലീസിൻറെ അടുത്ത് എത്തിപ്പെടുന്നവരെ പൊലീസ് നാട്ടിലേക്ക് തിരിച്ച് കയറ്റി വിടും മുമ്പ് ഒരു തിരിച്ചറിയൽ പരേഡിന് വിധേയമാക്കുന്ന സന്ദർഭമുണ്ട്. അവിടെ വച്ച് കഫീലുമാർക്ക്(സ്പോൺസർമാർക്ക്) അവരുടെ കീഴിൽ നിന്ന് ചാടിപ്പോയവർ അക്കൂട്ടത്തിൽ ഉണ്ടോ എന്ന് നോക്കാം. അങ്ങനെ ചാടിപ്പോയവരെ കഫീലുമാർ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞാൽ അവരെ വീണ്ടും ആ കഫീൽ പിടിച്ചുകൊണ്ട് പോവും. നരകജീവിതം തുടരും.

ഇത്തരത്തിൽ ഒരു തിരിച്ചറിയൽ പരേഡിനിടെ ഒരാളെ കഫീൽ തിരിച്ചറിഞ്ഞ് ചാട്ടവാറിനടിച്ച് വലിച്ചിഴച്ച് കൊണ്ട് പോവുന്ന സീനുണ്ട്. ഒറ്റ സീനേയുള്ളൂ. അയാളുടെ പേരോ മുഖമോ പോലും നമുക്ക് ഓർമയില്ല. ‘പക്ഷേ, നാളെ നാട്ടിലേക്ക് പോവേണ്ട ആളായിരുന്നു’ എന്ന് അയാളെക്കുറിച്ച് മറ്റാരോ പറയുന്ന ഒറ്റ ഡയലോഗിൽ അയാളുടെ അതുവരെയുള്ള ജീവിതം മുഴുവൻ നമ്മുടെ മനസിലേക്ക് വന്നുകയറുന്നുണ്ട്. ഒപ്പം നജീബിനെ കാത്തിരിക്കുന്ന അപകടം കൂടിയാണതെന്ന് മനസിലാവുന്നതോടെ വൈകാരികമായി വല്ലാത്തൊരു അവസ്ഥയാണ് പ്രേക്ഷകരിലേക്ക് പകരുന്നത്. ഇത്തരത്തിൽ ഒറ്റ ഷോട്ടിൽ, ഒറ്റ ഡയലോഗിൽ ഹൈമൊമെന്റുകൾ തരുന്ന കുറച്ച് മൊമന്റുകൾ കൂടി സിനിമയിലുണ്ട്.

പൃഥ്വിരാജിൻറെ മാഗ്നം ഓപ്പസ് എന്ന് മാത്രമേ ആടുജീവിതത്തെ വിശേഷിപ്പിക്കാനാവൂ. ഇതുവരെ കണ്ട ഒരു സിനിമയിലും പരിചിതമായ പൃഥ്വിരാജിൻറെ ഒരു മാനറിസവും നജീബിൽ കാണാനാവില്ല. ശരീരം കൊണ്ടും അഭിനയം കൊണ്ടും പൃഥ്വിരാജ് പ്രേക്ഷകരെ ഞെട്ടിക്കുന്നു. നാട്ടിലെ തൊഴിലാളിയായ നജീബിൽ നിന്ന് മസറയിലെ നജീബിലേക്കുള്ള ട്രാൻഫോർമേഷൻ പൃഥ്വിരാജ് എങ്ങനെ തൻറെ ശരീരത്തിൽ കൊണ്ടുവന്നിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ്.

ഇബ്രാഹിം ഖാദിരി എന്ന ആഫ്രിക്കൻ വംശജൻറെ റോളിലെത്തിയ ജിമ്മി ജീൻ ലൂയിസിന്റേതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം. രക്ഷകനായി മൂസാ നബിയെ അയക്കപ്പെട്ടത് പോലെയാണ് ഇബ്രാഹിം എത്തിയതെന്ന് ഒരിടത്ത് ഹക്കിം പറയുന്നുണ്ട്. കഠിനമായ മരുഭൂമിയോട് നേർക്ക് നേർ നിന്ന് പോരാടാൻ കെൽപ്പുള്ള ആൾ എന്ന് വിശ്വസിപ്പിക്കും വിധമുള്ള മാനറിസം ജിമ്മി ജീൻ ലൂയിസിന് നൽകാനായിട്ടുണ്ട്. ഹക്കീമായി സ്ക്രീനിലെത്തിയ കെ.ആർ ഗോകുലും നന്നായിരുന്നു.

സിനിമയിൽ ഉടനീളം നജീബും ഹക്കീമും ദൈവവിശ്വാസം കൈവിടാതെ സൂക്ഷിക്കുന്നു. ഈ ഒരു വിശ്വാസം നൽകുന്ന ആത്മവിശ്വാസം പ്രേക്ഷകരിലേക്കെത്തിക്കുന്നത് എ.ആർ. റഹ്മാന്റെ മ്യൂസിക്കാണ്. പെരിയോനെ റഹ്മാനെ എന്ന പാട്ടിൻറെ വേരിയേഷനുകൾ സിനിമയുടെ വിവിധ സന്ദർഭങ്ങളിൽ വന്ന് പോവുന്നുണ്ട്. ഈ ഒരു മ്യൂസിക് മാറ്റി നിർത്തിയാൽ എ.ആർ. റഹ്മാന്റേതായിട്ടുള്ള എക്സപ്ഷനൽ മ്യൂസിക് അനുഭവം സിനിമയിൽ ഉള്ളതായി തോന്നുന്നില്ല.

Comments