ആണും പെണ്ണും: ലൈംഗികതയെക്കുറിച്ച്​ ഒരു ആന്തോളജി

രാഷ്ട്രീയത്തിലും, അസ്തിത്വത്തിലും, കാഴ്ചപ്പാടിലുമുള്ള ആൺ- പെൺ ദ്വന്ദ്വങ്ങളെ അവതരിപ്പിക്കുന്ന ആന്തോളജി ഫിലിമാണ്​ ‘ആണും പെണ്ണും’. കാലവും, രാഷ്ട്രീയവും, ലിംഗവും, യുക്തിയും ലൈംഗികതയെ സമീപിക്കുന്നതിൽ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന്​ ഈ ചിത്രം വിശദീകരിക്കുന്നു

പേരു സൂചിപ്പിക്കുന്നതു പോലെ ദ്വന്ദങ്ങളാണ് ആണും പെണ്ണും എന്ന ആന്തോളജി ഫിലിമിലെ മൂന്ന് ചിത്രങ്ങളിലേയും പൊതുഘടകം. ആണ്​- പെണ്ണ്​, കമ്യൂണിസ്റ്റ്- ജന്മി, തെറ്റ്- ശരി തുടങ്ങിയ ദ്വന്ദങ്ങളാണ് ചിത്രത്തിന്റെ ആഖ്യാനത്തിന് കെ.ജെയും, വേണുവും, ആഷിക് അബുവും കൂട്ടുപിടിക്കുന്നത്.

മൂന്നു ചിത്രങ്ങളുടേയും കേന്ദ്രത്തിൽ നിൽക്കുന്ന സ്ത്രീ- പുരുഷ കഥാപാത്രങ്ങളുടെ രാഷ്ട്രീയത്തിലും, അസ്തിത്വത്തിലും, കാഴ്ചപ്പാടിലും ഈ ദ്വന്ദങ്ങൾ പ്രകടമാണ്. ഇവയെ എങ്ങനെ അവതരിപ്പിച്ചു എന്നതിലും, അതിന്​ ഏതൊക്കെ കഥാസന്ദർഭങ്ങളെ കൂട്ടുപിടിച്ചു എന്നതിലേക്കും കടന്നാൽ പൂർണമായും സംവിധായകരുടെ സൃഷ്ടിയായി രൂപം കൊള്ളുന്ന മൂന്നു സിനിമകളെ നമുക്ക് കാണാം. ആന്തോളജി ചിത്രങ്ങൾ ഒരേസമയം പൊതുകഥാന്തുവിൽ നിന്നു കൊണ്ട് വ്യത്യസ്ത ഭൂമികകളിലേക്കും, കഥാപശ്ചാത്തലങ്ങളിലേക്കും അതിലുപരി മുഖങ്ങളിലേക്കും മാറുന്നതിനാൽ അത് ആസ്വാദകരുടെ കാഴ്ചയെ പുതുക്കിക്കൊണ്ടിരിക്കുകയും, സിനിമകൾ തമ്മിലുള്ള താരതമ്യം നിരന്തരം സാധ്യമാക്കുകയും ചെയ്യും.

സാവിത്രി

40-മിനുട്ടിൽ പരം ദൈർഘ്യം വരുന്ന മൂന്നു ചിത്രങ്ങളിൽ ആദ്യത്തേത്.
ദ്വന്ദങ്ങളെ ഏറ്റവും പ്രത്യക്ഷമായി കാഴ്ചക്കാരിലെത്തിക്കാൻ ശ്രമിക്കുന്ന ചിത്രവും ഇതുതന്നെ. പുന്നപ്ര വയലാർ സമരത്തിന് രണ്ടു വർഷങ്ങൾക്കിപ്പുറം, ഐക്യകേരള രൂപീകരണത്തിനു മുമ്പായി നടക്കുന്ന കമ്യൂണിസ്റ്റു വേട്ടയാണ് ചിത്രത്തിന്റെ പശ്ചാത്തലം. പൊലീസ് വേട്ടയിൽ നിന്ന് രക്ഷപ്പെടാൻ നാടുവിടുന്ന സാവിത്രിയെന്ന (സംയുക്ത മേനോൻ) കമ്യൂണിസ്റ്റ് പ്രവർത്തക യാദൃച്​ഛികമായി ഒരു ജന്മിയുടെ (ജോജു ജോർജ്ജ്) വീട്ടിലെത്തിയതിനു ശേഷം ഉരുത്തിരിയുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

'സാവിത്രി'യിലെ ഒരു രംഗം

ജന്മി കാരണവരുടെ നേരെ തോക്കു ചൂണ്ടി ഇനി ഞങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്ന് സാവിത്രി പറയുന്നതിലൂടെ, ജന്മികൾക്കെതിരായ തൊഴിലാളികളുടെ പോരാട്ടം പുന്നപ്ര വയലാർ സമരത്തോടെ അവസാനിച്ചില്ലെന്നും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയിൽ നടക്കാൻ പോവുന്നതും അതിന്റെ തുടർച്ചയാണെന്ന് ചിത്രം പറയുന്നു.

ബിംബങ്ങളും സംജ്ഞകളും യഥേഷ്ടം ഉപയോഗിക്കുന്ന ജെയ്. കെ, ചിത്രത്തിന്റെ പര്യവസാനത്തെ കീചകവധം ആട്ടക്കഥയുമായി ചേർത്തു വെച്ച് ഇന്റലക്ച്വൽ മൊണ്ടാഷ് ഉപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. ജോജുവിന്റെ കഥാപാത്രം ആദ്യമായി സാവിത്രിയെ പ്രാപിക്കാൻ ശ്രമിക്കുന്ന രംഗത്തിലെ സംജ്ഞകളുടെ കൂടുതൽ പക്വമായ ഉപയോഗം സന്ദർഭത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

രാച്ചിയമ്മ

ജാതിപരവും വർഗപരവുമായ ദ്വന്ദങ്ങളുടെ പ്രകടവും ബോധപൂർവവുമായ ആവിഷ്‌കാരത്തിനു ശേഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് പതിഞ്ഞതും വിശാലമായതുമായ രാച്ചിയമ്മയുടെ (പാർവ്വതി തിരുവോത്ത്) കഥയാണ്. മൂന്നാറിലെ മലകളിൽ തട്ടി അലയടിക്കുമാറുച്ചത്തിൽ ചിരിക്കുന്ന, പലഭാഷകൾ സംസാരിക്കുന്ന, പലനാടുകളിലായി വേരുകളുള്ള രാച്ചിയമ്മക്ക് ജീവിതത്തിലും സാമ്പത്തിക കാര്യത്തിലും ഉപജീവനമാർഗ സംബന്ധിയായ ചിട്ടകളുണ്ട്. ഇവിടേക്ക് ജോലിക്കെത്തുന്ന, തണുപ്പിനെ പുതിയ അനുഭവമായി കാണുന്ന, അമ്മയ്ക്ക് നിരന്തരം കത്തുകളയക്കുന്ന, സ്വന്തം കാര്യം നോക്കാൻ സഹായിയെ ആവശ്യമുള്ള സൗമ്യനായ കുട്ടിക്കൃഷ്ണനും (ആസിഫ് അലി) രാച്ചിയമ്മയും തമ്മിലുള്ള ബന്ധമാണ് കഥയുടെ ഇതിവൃത്തം.

'രാച്ചിയമ്മ'യിൽ നിന്നും

ആന്തോളജിയിലെ മറ്റു രണ്ടു ചിത്രങ്ങളിൽ നിന്ന്​ വ്യത്യസ്തമായാണ് രാച്ചിയമ്മയിൽ ലൈംഗികതയെ ആവിഷ്‌കരിച്ചിരിക്കുന്നത്. ലൈംഗികതയെക്കാളുപരി, സ്ത്രീ- പുരുഷ ബന്ധത്തിലെ സൂക്ഷഭേദങ്ങൾ ചിത്രം പരിശോധിക്കുന്നു. അസുഖബാധിതനായി കിടക്കുന്ന കുട്ടിക്കൃഷ്ണനെ ചികിത്സിക്കുന്നതിനിടയിൽ നിങ്ങൾക്ക് പെങ്ങൾ ഉണ്ടോ എന്ന് രാച്ചിയമ്മ ചോദിക്കുന്നുണ്ട്. ഉണ്ടായിരുന്നു, മരിച്ചു പോയി എന്ന കുട്ടിക്കൃഷ്ണന്റെ പ്രതികരണത്തിന്, തനിക്കും ഒരു ആങ്ങളയുണ്ടായിരുന്നു എന്നായിരുന്നു രാച്ചിയമ്മയുടെ മറുപടി.

പ്രണയതീക്ഷണതയുടെ പാരമ്യത്തിൽ രാച്ചിയമ്മയുടെ ഒരു ചോദ്യത്തിൽ/സ്ഥിരീകരണത്തിൽ തട്ടി നാടുവിട്ടു പോകുന്ന കുട്ടിക്കൃഷ്ണൻ, വീണ്ടും തിരിച്ചെത്തി രാച്ചിയമ്മയെ കാണുന്ന രംഗത്തിൽ മനുഷ്യാവസ്ഥയുടെ നിസ്സഹായതയും, സൂക്ഷമഭേദങ്ങളും ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ സംവിധായകൻ ചിത്രീകരിക്കുന്നുണ്ട്. വേണു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണം കൈകാര്യം ചെയ്തത്.

റാണി

ആഷിക് അബു സംവിധാനം ചെയ്ത റാണിയിലേക്ക് എത്തുമ്പോൾ സ്ത്രീ- പുരുഷ ബന്ധം വർത്തമാനകാലത്തെത്തി നിൽക്കുന്നു. ലൈംഗികതയോട് അതിയായ കൗതുകം പുലർത്തുന്ന, ലൈംഗികവേഴ്ചയ്ക്കു വേണ്ടി ബൈബിൾ വചനം ഉദ്ധരിക്കുന്ന, കാവ്യഭാഷയിൽ സംസാരിക്കാൻ ശ്രമിക്കുന്ന കാമുകനും (റോഷൻ മാത്യു), അതിനോട് സ്വതസിദ്ധമായ ശൈലിയിൽ പ്രതികരിക്കുന്ന കാമുകിയുമാണ് (ദർശന രാജേന്ദ്രൻ) റാണിയിലേത്. മൂന്നു ചിത്രങ്ങളിലെ ലൈംഗികാവിഷ്‌കാരത്തിനും വ്യതിരിക്തമായ സ്വഭാവമുണ്ട്. ബാലിശതയാണ് റാണിയിലെ ലൈംഗികതയുടെ സ്വഭാവവിശേഷം. ഇത് വലിയ അളവിൽ പുരുഷകഥാപാത്രത്തിന്റെ സംഭാവനയാണ്. ഇതിനോടുള്ള റാണിയുടെ പ്രതികരണങ്ങൾ രസകരമാണ്.

'റാണി'യിലെ രംഗം

രണ്ടു മതങ്ങളിൽ പെട്ട, ലൈംഗികതയെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്ന ജോഡികളാണിവർ. മറ്റു രണ്ടു സിനിമകളിലേയും പോലെ കേന്ദ്രകഥാപാത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ തന്നെയാണ് ഇതിലേയും ദ്വന്ദങ്ങളായി പ്രവർത്തിക്കുന്നത്. നെടുമുടി വേണുവിന്റേയും കവിയൂർ പൊന്നമ്മയുടേയും കഥാപാത്രങ്ങളുടെ ബുദ്ധിപൂർവ്വമായ വിന്യാസം ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. സിനിമക്കു പുറത്തു നടക്കുന്ന അല്ലെങ്കിൽ നടക്കണമെന്ന് സംവിധായകൻ ഒരുപക്ഷെ ആഗ്രഹിക്കുന്ന രാഷ്ട്രീയ വായന, കാമുകനും കാമുകിയും തമ്മിൽ നടന്ന ലൈംഗികബന്ധത്തെക്കുറിച്ച് നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും തമ്മിൽ നടക്കുന്ന സംഭാഷണത്തിലൂടെ ഏച്ചുകെട്ടലിന്റെ അരോചകത്വം ഇല്ലാതെ സാധ്യമാക്കുന്നുണ്ട്. ഉണ്ണി ആറിന്റേതാണ് തിരക്കഥ.

നേരത്തെ സൂചിപ്പിച്ചതു പോലെ ലൈംഗികതയെ സമീപിക്കുന്നതിലെ പൊതുഘടകങ്ങൾ, സാവിത്രിക്കും റാണിക്കും ഇടയിൽ അന്തർലീനമായി സംഭവിച്ച സാംസ്‌കാരിക പരിണാമത്തിന്റെ വായനയെ സാധ്യമാക്കുന്നുണ്ട്. ലൈംഗികബന്ധത്തിനുള്ള അനുമതി ബലാത്കാരമായി പിടിച്ചുവാങ്ങുന്നതിൽ നിന്ന്, "അത് പരിഹരിക്കാവുന്ന ഒരു പ്രശ്‌നമായി' പരിണമിക്കുകയാണ് 1948നും 2021നും ഇടയിൽ എന്നു കാണാം.

കലാപരമായ ഘടകങ്ങൾക്കപ്പുറത്തു നിന്നു കൊണ്ട് മൂന്നു ചിത്രങ്ങളേയും താരതമ്യം ചെയ്യുമ്പോൾ, കാലവും, രാഷ്ട്രീയവും, ലിംഗവും, യുക്തിയും ലൈംഗികതയെ സമീപിക്കുന്നതിൽ മനുഷ്യരെ എങ്ങനെ സ്വാധീനിക്കുന്നു എന്നു കാണാം. മൂന്നു ചിത്രങ്ങളിലും ആദ്യാവസാനം വരെ ലൈംഗിക പിരിമുറുക്കം പ്രേക്ഷകന്​ അനുഭവഭേദ്യമാവുന്ന തരത്തിൽ അവതരിപ്പിക്കുന്നതിൽ സംവിധായകർ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ അടിസ്ഥാനസ്വഭാവത്തോട് കൂറു പുലർത്തുന്നതിന് ഇത് നിർബന്ധമാണുതാനും.

ബോധപൂർവ്വം സ്ത്രീപക്ഷരാഷ്ട്രീയം പറയാൻ ശ്രമിക്കുകയും, എന്നാൽ കഷ്ടപ്പെട്ട് സ്ത്രീപരിപ്രേക്ഷ്യത്തിലൂടെ ആഖ്യാനും മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ കഥ സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ ആണും പെണ്ണും ഒരു പുരോഗമന ചിത്രമാണെന്ന അഭിപ്രായം രൂപപ്പെടുന്നുണ്ടെങ്കിൽ അത് തങ്ങളുടെ ആവിഷ്‌കാര ശൈലിയിൽ ഉറച്ചു നിന്നുകൊണ്ട് സിനിമയെടുക്കാനുള്ള സംവിധായകരുടെ തീരുമാനത്തോടുള്ള മതിപ്പു കൊണ്ടായിരിക്കണം.

Comments