പുതിയൊരുതരം പുരുഷനെ അവതരിപ്പിക്കുന്ന ‘ആർക്കറിയാം’

തിയറ്ററിന്റെ അഭാവം സിനിമാസ്വാദനത്തിന്റെ സൗന്ദര്യശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ബാധിക്കുന്നുണ്ട്. തിയറ്ററിന്റെ ഇരുട്ടും കസേരത്തണുപ്പും ഇല്ലാത്ത സിനിമാസ്വാദനം പുതിയ ചില വഴികളിലേക്ക് തിരിയുന്നുണ്ടാവണം.

രിത്രത്തിൽ മുൻപൊരിക്കലുമില്ലാത്ത വിധം പ്രതിസന്ധി സൃഷ്ടിക്കുകയാണ് സിനിമയെ സംബന്ധിച്ച്​ കോവിഡ്. ബിഗ് സ്‌ക്രീൻ അപ്രാപ്യമാവുകയും തീർത്തും ചെറുതായ സ്‌ക്രീനുകളിൽ കാണികൾ സിനിമ ആസ്വദിക്കാൻ നിർബന്ധിതരാവുകയും തിയേറ്റർ എക്‌സ്പീരിയൻസ് /എഫക്റ്റ് അപ്രസക്തമവുകയും ചെയ്തു. അടുത്ത കാലത്ത് മൾട്ടിപ്‌ളക്‌സുകൾ വ്യാപകമായതോടെയാണ് നിലവാരമുള്ള തിയേറ്റർ അനുഭവങ്ങൾ സുപരിചിതമായത്. സൂപ്പർതാരസിനിമയായ ദൃശ്യം-2 പോലും തിയറ്റർ ആരവങ്ങളില്ലാതെ വീടിനകത്തേക്കൊതുങ്ങി. തിയറ്ററിന്റെ അഭാവം സിനിമാസ്വാദനത്തിന്റെ സൗന്ദര്യശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ബാധിക്കുന്നുണ്ട്. തിയറ്ററിന്റെ ഇരുട്ടും കസേരത്തണുപ്പും ഇല്ലാത്ത സിനിമാസ്വാദനം പുതിയ ചില വഴികളിലേക്ക് തിരിയുന്നുണ്ടാവണം.

ശാരീരികമായി ഒരു പ്രത്യേക സ്ഥലത്തേക്ക് പോവുന്നത് സിനിമാസ്വാദനത്തെ കൂടുതൽ സജീവവും സവിശേഷവുമായ അനുഭവമാക്കുന്നുണ്ട്. നമ്മുടെ നിയന്ത്രണത്തിലല്ല തിയറ്ററിന്റെ വ്യവസ്ഥ. നമുക്ക് പരിപൂർണ നിയന്ത്രണമുള്ള ഒരു വ്യവസ്ഥയിൽ നിന്ന് തിയറ്റർ അനുഭവത്തിനു സമാനമായ രസാനുഭൂതിയും കഥാർസിസും (catharsis) ലഭിക്കുകയില്ലെന്ന് ടാഷ റോബിൻസൺ (Tasha Robinson) നിരീക്ഷിക്കുന്നുണ്ട്. "സിനിമാറ്റിക് ദൃശ്യത്തിനപ്പുറവും ഇപ്പുറവും തികഞ്ഞ ശൂന്യത മാത്രമേയുള്ളൂ. നമ്മൾ രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന, നമ്മളെ സിനിമയിലേക്ക് ആശ്രയം തേടാൻ പ്രേരിപ്പിക്കുന്ന ശൂന്യത'- എന്ന് തിയേറ്റർ അനുഭവത്തെ ടെലിവിഷൻ കാഴ്ചയുമായി താരതമ്യം ചെയ്ത് സി.എസ്. വെങ്കടേശ്വരൻ വിശദീകരിക്കുന്നു (ടെലിവിഷൻ പഠനനങ്ങൾ). വീടിനകത്തിരുന്ന് സിനിമ കാണുമ്പോൾ സിനിമയുടെ ഈ ഏകരക്ഷാകർതൃത്വം നഷ്ടപ്പെടുന്നു. ഇത് പ്രേക്ഷണത്തിന്റെ ഏകാഗ്രതയെയും ഗുണത്തെയും നഷ്ടപ്പെടുത്താനിടയുണ്ട്. ടെലഗ്രാം എന്ന മൊബൈൽ ആപ്‌ളിക്കേഷന്റെ വരവോടുകൂടിത്തന്നെ തിയറ്ററുകളെ ഒഴിവാക്കി മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ സിനിമ കാണുകയെന്ന ശീലത്തിലേക്ക് ചിലരെത്തിയിരുന്നു. സാമ്പത്തിക/സമയലാഭമാണ് അതിനുള്ള ഒരു പ്രേരണ. കോവിഡ് അതിനെ വ്യാപകവും നിർബന്ധിതവുമാക്കി.

കോവിഡിന്റെ ചലച്ചിത്ര മുദ്ര

സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ആർക്കറിയാം, അകത്തും പുറത്തും ഒരു കോവിഡ്കാല സിനിമയാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ ഒരു ഷൂട്ടിംഗ് കാലത്തിന്റെ ആനുകൂല്യം സംവിധായകൻ അനുഭവിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യവരവോടെ ഇന്ത്യയിലുണ്ടായ ലോക്ക്​ഡൗൺ കാലമാണ് സിനിമയുടെ സമയം. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയിലുണ്ടാക്കിയ സംഭീതിയിലാണ് ഈ സിനിമയുടെ ഇതു വരെയുള്ള കാഴ്ചകൾ. ടെലിവിഷൻ സ്‌ക്രീനിലൂടെ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും സിനിമയിലുണ്ട്. കോവിഡും ലോക്ക്​ഡൗണും ബിസിനസ്സിലുണ്ടാക്കുന്ന പ്രതിസന്ധിയും തമിഴ് നാട്ടിൽ മകൾ കുടുങ്ങിപ്പോകുന്നതിന്റെ വൈകാരിക അരക്ഷിതാവസ്ഥയും സിനിമ അവതരിപ്പിക്കുന്നു.

സിനിമയിലെ ഒരു രംഗം

മാസ്‌ക്, സോഷ്യൽ ഡിസ്റ്റൻസിംഗ്, സാനിറ്റൈസർ, ബ്രേക്ക് ദ ചെയിൻ, മാസ്‌കിടാനുള്ള മടി, ഹോസ്പിറ്റൽ എന്ന് ബോർഡ് വെച്ച് ലോക്ക്​ഡൗൺ നിയന്ത്രണങ്ങളെ മറികടക്കൽ എന്നിങ്ങനെ കാലത്തിന്റെ ഒട്ടേറെ സാമൂഹിക മുദ്രകളെ ഈ സിനിമ ആവിഷ്‌കരിക്കുന്നു. വൈറസ് ഭീതിക്കിടയിലും സഹജവാസനയാൽ മനുഷ്യർ അകലം പാലിക്കാനാവാതെ പെരുമാറുന്ന ദൃശ്യങ്ങൾ ആലോചനക്ക് വക നൽകുന്നതാണ്. സിനിമയിലാവിഷ്‌കരിക്കുന്ന നിസ്സഹായതയും ഗതികേടും ആർക്കറിയാം എന്ന ചോദ്യവും ഇക്കാലത്തിന്റെ സമൂഹമനസ്സാണെന്നതു കൂടി കാണണം

മൂളിപ്പാട്ടുപാടുന്ന പുരുഷന്മാർ

മലയാള സാഹിത്യത്തിൽ, വിശേഷിച്ചും കവിതയിൽ പുരുഷത്വത്തിനു സംഭവിക്കുന്ന പരിണാമം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആധുനികതയോടെ, ആണത്തസങ്കല്പത്തിനു കവിതയിൽ സംഭവിച്ച മാറ്റം മലയാള സിനിമയിൽ പ്രവേശിക്കുന്നത് അടുത്തകാലത്താണ്. സച്ചിദാനന്ദൻ "സുലേഖ'യും, ആറ്റൂർ "സംക്രമണ' വും എഴുതുന്ന കാലത്ത് ജയനും സുകുമാരനുമവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മലയാളസിനിമ പുരുഷത്വത്തെ ആവിഷ്‌കരിച്ചാഘോഷിക്കുകയായിരുന്നു.

പുരുഷാവതാരത്തിന്റെ പൂർണതയോടടുക്കാനാണ് തുടർന്ന് രണ്ടു മൂന്നുദശകങ്ങളോളം മലയാളത്തിലെ മുഖ്യധാരാസിനിമ ശ്രമിച്ചത്. അത്തരം അധീശാണത്തങ്ങളിൽ നിന്ന് വ്യത്യസ്തരാണ് ഈ സിനിമയിലെ പുരുഷന്മാർ. പിതൃദായക ഹെറ്ററോ ആണത്തത്തിന്റെ (Patriarchal Hetero-Masculinity) ആധാരമായി കരുതാവുന്ന ഗൃഹനാഥൻ അത്രക്ക് ഗൃഹനാഥനല്ല. ഗൃഹനാഥ ഉണ്ടായിരുന്നെങ്കിൽ ജീവിതം മറ്റൊരു വിധമായേനെ എന്നയാൾ സൂചിപ്പിക്കുന്നുണ്ട്. "Her happiness is my life', എന്നു കരുതുന്ന റോയിയുടേതും ഒരു തരം മൃദുലപുരുഷത്തമാണ്. ഒരു പ്രത്യയശാസ്ത്രശാഠ്യമെന്നു തോന്നിക്കാതെ, വളരെ സ്വാഭാവികമായി പുതിയൊരു തരം പുരുഷനെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

നിഗ്രഹോത്സുകരായ ഇട്ടിയവിരയും അഗസ്റ്റിനും പോലും സ്‌നേഹവ്യഗ്രരാണ്. അഗസ്റ്റിന്റെ മനസ്സ് താനേ കണ്ടിട്ടുള്ളൂ എന്ന് ഷെർലി പറയുന്നു. പലർക്കും അയാളെ കുറിച്ച് സ്‌നേഹത്തോടെ ഓർക്കാനുണ്ട്. ഏതോ ഉന്മാദങ്ങൾ കൊണ്ട് പതിവുജീവിതത്തിൽ നിന്ന് നിഷ്‌കാസനം ചെയ്യുന്ന അയാൾക്ക്, മടങ്ങിവന്ന് പ്രിയതമയെ അനുനയിപ്പിക്കുന്നതിനു പ്രയാസമില്ല. സ്‌നേഹത്തിൽ മാത്രം പ്രവർത്തനക്ഷമമാകുന്ന രസവിദ്യ അയാൾക്കും കൈവശമുണ്ട്. ഈ പുരുഷത്വത്തിന്റെ ഏറ്റവും വ്യക്തതയുള്ള പ്രതിബിംബം റോയ് തന്നെ. ആദ്യ സീനിൽ തന്നെ അയാളത് പ്രകടിപ്പികുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ഭാര്യ അല്ലലില്ലാതെ ഉറങ്ങുകയും താൻ ഉറക്കമില്ലാതെ അസ്വസ്ഥനാവുകയും ചെയ്യുന്നതിൽ അയാൾക്ക് പരാതിയോ പൊരുത്തക്കേടോ തോന്നുന്നില്ല.

മനുഷ്യരുടെ പ്രതിജനഭിന്നത അംഗീകരിക്കുന്നതിനാലാണ് അയാൾ ഒരു നല്ല ഭർത്താവും മരുമകനും മനുഷ്യനുമാകുന്നത്. ഭാര്യയുടെ മനസ്സംഘർഷങ്ങളോടുള്ള അയാളുടെ സ്‌നേഹഭരിതമായ പ്രതികരണങ്ങൾ ഈ സിനിമയിലെ മുന്തിയ മുഹൂർത്തങ്ങളാണ്. ഒതുക്കമുള്ള ചലനങ്ങൾ കൊണ്ടും ശബ്ദ- നിശബ്ദതകൾ കൊണ്ടും അത്തരം ദൃശ്യങ്ങൾ മലയാളസിനിമയിലെ തന്നെ ഗാഢമായ ദാമ്പത്യാഖ്യാനങ്ങളായിത്തീരുന്നു. ഒരു ക്രൈമിനു കൂട്ടുനിന്നുള്ള ലാഭം ആദ്യം വേണ്ടെന്നുവെച്ച റോയിക്ക് മനം മാറ്റം ഉണ്ടാകുന്നത് അയാൾ തന്നെ പറയുന്നതുപോലെ ഗതികേടുകൊണ്ടല്ല; നേരത്തെപ്പറഞ്ഞ സ്‌നേഹവ്യഗ്രത കൊണ്ടാണ്. ആണഹന്തകളുടെയും പരിവേഷങ്ങളുടെയും ഭാരമില്ലാത്തതുകൊണ്ടാണ് ഈ സിനിമയിലെ ആൺ കഥാപാത്രങ്ങൾക്ക് മൂളിപ്പാട്ടുപാടി നിർലോപം ചിരിക്കാനാവുന്നത്.

ചോരയുടെ സമാധാനം

""ഒരു രക്ഷകൻ മഹിമയോടെയല്ലേ വരേണ്ടത്? ആ കുഞ്ഞ് ഈ ചോരക്കെല്ലാം ഉത്തരം പറയണ്ടേ? '' -എന്ന് ആർക്കറിയാം എന്ന കഥയിൽ സക്കറിയ ചോദിക്കുന്നു. യേശുക്രിസ്തുവിന്റെ ജനനത്തെ ഭയന്ന ഹെറോദേസ് രാജാവ് രാജ്യത്തെ നവജാതരെ മുഴുവൻ കൊന്നൊടുക്കുകയാണ്. നിയോഗിതനായ ഒരു പട്ടാളക്കാരൻ വിശ്രമത്തിനു വേണ്ടിയെത്തുന്ന വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയുടേതാണ് ഈ ചോദ്യം. ""പട്ടാളക്കാരനും വേശ്യക്കും രക്ഷകരെ വേണം. ചോരയിലൂടെയോ പ്രതാപത്തിലൂടെയോ അവർ വരട്ടെ'' -അവൾ തന്നെ മറുപടി കണ്ടെത്തുന്നു. മലയാള കഥയുടെ തന്നെ ചരിത്രത്തിൽ മുഴക്കമുള്ള ഒരു ചോദ്യമാണ് സക്കറിയ ഉന്നയിക്കുന്നത്.

കഥയുടെ ചരിത്രത്തിൽ നിന്നത് മനുഷ്യചരിത്രത്തിലേക്ക് മുഴങ്ങുന്നു. മനുഷ്യരുടെയും ഇതരജീവികളുടേതുമായി ഇന്നോളം ഭൂമുഖത്തൊഴുകിയ ചോരയെ ആ ചോദ്യം വിചാരണചെയ്യുന്നു. പട്ടാളക്കാരന്റെ തിരച്ചിലിൽ കണ്ടെത്തിയ ആദ്യത്തെ കുഞ്ഞ് തന്നെ രാജാവിന്റെ ശത്രുവായിരുന്നെങ്കിൽ ബാക്കിയെല്ലാ കുട്ടികളും രക്ഷപ്പെടുമായിരുന്നല്ലോ എന്ന് നടത്തിപ്പുകാരി പ്രത്യാശിക്കുന്നുണ്ട്. ഒരു രക്ഷകൻ ഇല്ലെങ്കിലും അനേകായിരം കുഞ്ഞുങ്ങൾക്ക് ജീവിക്കാനാവുമായിരുന്നല്ലോ. സമാധാനത്തിനു വേണ്ടി നടത്തിയ എല്ലാ യുദ്ധങ്ങളെയും അവൾ പ്രതിക്കൂട്ടിലാക്കുന്നു.

രക്ഷ/രക്ഷകനെ ഇട്ടിയവിര സാറിനും മകൾക്കും വേണമായിരുന്നു. അഗസ്റ്റിന്റെ ചോരയിലൂടെയാണ് അയാൾ വരുന്നത്. അതുതൊട്ടുണ്ടായതെല്ലാം നന്മയായിരുന്നുവെന്ന് അയാൾ വിചാരിക്കുന്നുണ്ട്. സോഫിമോൾക്ക് അഗസ്റ്റിനെക്കാൾ മികച്ച സംരക്ഷണം റോയിയിൽ നിന്ന് ഉറപ്പുണ്ട്. ചോരയിലൂടെയുള്ള ഈ രക്ഷ പക്ഷെ ദൈവത്തിന്റെ പദ്ധതിയായാണ് അയാൾ കാണുന്നത്. വേദപുസ്തകത്തിലൂടെ അയാൾക്കതിനു വെളിപാടും കിട്ടുന്നു. റോയിക്കും ചോര തന്നെയാണ് രക്ഷയാകുന്നത്. വിവാഹബന്ധം തകർന്ന തനിക്ക് ലഭിച്ച ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷ, കുറ്റകൃത്യത്തിനു കൂട്ടുനിന്നും നുണയിലൂടെയും അയാൾ നിലനിർത്തുന്നു. പക്ഷെ അയാൾക്കതിനു ന്യായങ്ങളോ മനസ്സാക്ഷിയുടെ പോലും പിന്തുണയോ ഇല്ല. "സ്വന്തം കുരിശുമായി എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല' എന്ന തിരുവചനം പോലും അയാളെ രക്ഷിക്കാനിടയില്ല. നടത്തിപ്പുകാരിയുടെ ചോദ്യം അയാളെ സദാ ബാധിച്ചേക്കും. പ്രച്ഛന്നമായൊരു വാൾത്തലപ്പിൽ സദാ ചോര പൊടിക്കുക മാത്രമാണ് അയാളുടെ വിധി. തീർപ്പുകൾ വേണ്ടവർ അയാളെ അവഗണിച്ചേക്കും.

തിട്ടമതാർക്കറിയാം?

സത്തിയം പലത് എന്ന ദർശനം ഖസാക്കിന്റെ ഇതിഹാസം തൊട്ടെങ്കിലും മലയാളഭാവുകത്വത്തെ പ്രബലമായി സ്വാധീനിച്ച ഒന്നാണ്. ജീവിതത്തിന്റെ കുഴമറിച്ചിലുകളിൽ ചിലർക്കെങ്കിലും അതാശ്വാസവുമാണ്. ഏറ്റവും നിശിതമായ സത്യം പിടികിട്ടരുതെന്നാണ് മനുഷ്യജന്മത്തിന്റെ വിധി എന്നു കൂടി ഖസാക്ക് പറയുന്നു. അഗസ്റ്റിന്റെ കൊലപാതകം തമ്പുരാന്റെ പദ്ധതിയായാണ് ഇട്ടിയവിരസാർ പരിഗണിക്കുന്നത്. അയാൾക്ക് അഗസ്റ്റിൻ തിന്മയാണ്. ദൈവം നന്മയും. അദ്ദേഹം മനസ്സിലാക്കിയതല്ല ഷെർലിയുൾപ്പെടെ പലരും അഗസ്റ്റിനെ കുറിച്ച് ധരിക്കുന്നത്. അയാളുടെ ജന്മസത്യം - മരണസത്യവും -ഒറ്റ സ്‌നാപ്പിലല്ല രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമയിലുമൊതുങ്ങുന്നില്ല.

അഗസ്റ്റിനെ കുറിച്ചുള്ള ഈ തീർപ്പില്ലായ്മ ജീവിതത്തെക്കുറിച്ചാകെ ബാധകമാക്കുന്നതിലാണ് സിനിമയുടെ കണ്ണ്. സ്വന്തം വിശ്വാസങ്ങൾ ഷെർലിയെയും ഇട്ടിയവിരയെയും രക്ഷിക്കുമ്പോൾ ഒരു വിശ്വാസത്തിലും അവിശ്വാസത്തിലും റോയ്ക്ക് നില കിട്ടുകയില്ല. അഗസ്റ്റിനെ കുറിച്ച് അയാൾ പലരോടും അന്വേഷിക്കുന്നു. ഉത്തരത്തിലല്ല, ചോദ്യത്തിലാണവ എത്തുന്നത്. ആ ചോദ്യങ്ങൾ തനിക്കും ബാധകമാവുന്നെന്ന് അയാൾ തിരിച്ചറിയുന്നു. എല്ലാ തീർപ്പുകളുടെയും വിപരീതദിശയിലാണ് അയാളുടെ സഞ്ചാരം. "you shouldn't worry about things beyond your control' എന്ന് മറ്റൊരാളുടെ വിശ്വാസം ആവർത്തിക്കുന്നതും അയാളുടെ തീർപ്പില്ലായ്മയെയാണ് കാണിക്കുന്നത്.

ആർക്കറിയാം എന്ന ചോദ്യം മാത്രം അയാളുടെ ഹൃദയത്തിൽ നിന്ന് തുടർച്ചയായി പുറപ്പെട്ടുകൊണ്ടിരിക്കും. അവസാനമില്ലാത്ത ഈ ചോദ്യം ഇടവേളകളില്ലാതെ ഉന്നയിക്കുന്നു എന്നതിനാൽ സക്കറിയയുടെ കഥയെന്നതുപോലെ ഈ സിനിമയും ആസ്വാദകരെ അതിനുള്ളിൽ കുടുക്കിയിടുന്നു;മോചനമില്ലാതെ.നോർവീജിയൻ കവിയായ ഉലാവ് എച്ച്. ഹേഗി(Olav H. Hauge) നെ വി. രവികുമാർ ഇങ്ങനെ വിവർത്തനം ചെയ്യുന്നു;
മുഴുവൻ സത്യവുമെനിക്ക് തരേണ്ട,
എന്റെ ദാഹത്തിനു കടൽ കൊണ്ടു തരേണ്ട,
വെളിച്ചം ചോദിക്കുമ്പോൾ ആകാശം തരേണ്ട,
എനിക്കൊരു സ്ഫുരണം മതി,
ഒരു മഞ്ഞുതുള്ളി, ഒരു പ്രകാശകണം,
കടൽ വിട്ടുപോകുമ്പോൾ
കിളികൾ ചില തുള്ളികളെടുക്കുമ്പോലെ,
കാറ്റൊരുപ്പുതരിയെടുക്കുമ്പോലെ.

ഒരുപ്പുതരികൊണ്ട് മരണം വരെയുള്ള അപ്പത്തിനു രുചി കണ്ടെത്തുകയല്ലാതെ റോയിക്കെന്നതുപോലെ നമുക്കും വഴിയെന്ത്!

തിയേറ്റർ എന്ന അഭാവം

ചില സിനിമകൾ വൈകാരികപൂർണത കൈവരിക്കുന്നത് തിയ്യേറ്ററിലെ ഇരുട്ടിലും കൂടെയുള്ള കാണികളുടെ ശ്വാസനിശ്വാസങ്ങളിലുമാണെന്ന് തോന്നിയിട്ടുണ്ട്. കാൻ പുരസ്‌കാരം ലഭിച്ച , നൂറി ബിൽജേ സെയ് ലാന്റെ (Nuri Bilge Ceylan) ത്രീ മങ്കീസ്(2008) എന്ന സിനിമ തിയേറ്ററിലെ ബിഗ്‌സ്‌ക്രീനിൽ അനുഭവിപ്പിച്ച സംഘർഷം വീട്ടിലെ മിനിസ്‌ക്രീനിൽ ചുരുങ്ങിപ്പോയതായി തോന്നി. തിയേറ്റർ സാധ്യമല്ലാത്ത കാലത്താണ് ആർക്കറിയാം നമുക്ക് മുന്നിലെത്തുന്നത്. എങ്കിലും സംഘർഷഭരിതമായ മൂഹൂർത്തങ്ങളെ ഒതുക്കത്തോടെയുള്ള പെരുമാറ്റം കൊണ്ട് അഭിനേതാക്കളും സശ്രദ്ധമുള്ള ദൃശ്യ-ശബ്ദപരിപാലനം കൊണ്ട് സംവിധായകനും മുറുക്കമേറിയതാക്കുന്നു. ബുദ്ധി-പെരുമാറ്റവൈകല്യമുള്ള സുന്ദരൻ കുളത്തിൽ മുങ്ങിയശേഷം പൊങ്ങിവരുന്നതുവരെയുള്ള നാല്പത്തഞ്ചു സെക്കന്റുകളുടെ ഭാരം ഒരു തിയ്യേറ്ററിലായിരുന്നെങ്കിൽ പലമടങ്ങായേനെ. പുരയിടം വിറ്റ പണ കൊണ്ട് റോയ് കടം വീട്ടുന്ന സന്ദർഭവുമിതുപോലെ തിയേറ്ററിലായിരുന്നെങ്കിൽ കൂടുതൽ വാചാലമായേനെ. സഞ്ജയ് ദിവേച്ചയുടെ (Sanjay Divecha) പശ്ചാത്തലസംഗീതവും ജി. ശ്രീനിവാസ റെഡ്ഡിയുടെ (G. Sreenivas Reddy) ഛായാഗ്രഹണവും ബിഗ്‌സ്‌ക്രീനിൽ കൂടുതൽ ഉജ്വലമായിത്തോന്നും.

കുടുംബപ്രേക്ഷകർക്ക് പരിചിതവും പഥ്യവുമായ ഒരു ഘടന ഈ സിനിമക്കുണ്ട്. ദൃശ്യത്തിലെ ജോർജ്ജൂട്ടിയെ പോലെ സ്വന്തം കുടുംബത്തിന്റെ ഭദ്രതയ്ക്ക് പരുക്കേല്പിച്ച അതിഥിയെ ഇല്ലാതാക്കുകയാണ് ഒരർത്ഥത്തിൽ ഇട്ടിയവിര സാറും. അയാളുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ എല്ലാം ഭദ്രം. സമാധാനത്തോടെ ആ വൃദ്ധനു മരിക്കാം. ഈ സിനിമ പക്ഷെ ഒരു കഥാപാത്രത്തിൽ കേന്ദ്രീകരിക്കുകയോ അയാളുടെ നോട്ടം മാത്രം അവതരിപ്പിക്കുകയോ അല്ല. വസ്തുക്കൾക്കും വ്യക്തികൾക്കും അവയുടെ പുറമേക്ക് കാണാവുന്ന യാഥാർത്ഥ്യത്തോടൊപ്പം ചില നിഴലിടങ്ങൾ കൂടി ഉണ്ടെന്നും ആ നിഴലിടങ്ങളിലേക്കുള്ള മാനസിക യാത്രകളാണ് ചലച്ചിത്രാസ്വാദനം എന്നും ഈ സിനിമ ബോധ്യപ്പെടുത്തുന്നു.

തന്റേതായ സമാധാനത്തിനു വേണ്ടി ഉണ്ടാക്കിയ തീർപ്പുകളിൽ നിലയുറയ്ക്കാത്ത ഷെർലിയുടെയും, തീർപ്പുകളോടെല്ലാം ചോദ്യമുതിർക്കുന്ന റോയിയുടെയുമടക്കം പലനോട്ടങ്ങൾ സാധ്യമാക്കുന്നത് കൊണ്ടാണ് ആർക്കറിയാം പ്രേക്ഷകരെ വിചാരണ ചെയ്യുന്നത്. തിയേറ്ററുകളിലെ ആൾക്കൂട്ടാഘോഷങ്ങളിലും അതിനെ അവഗണിക്കാനോ ഉപേക്ഷിക്കാനോ ആവുമായിരുന്നില്ല- നമുക്കറിയാം.


Comments