മാനുഷികമൂല്യങ്ങൾക്ക് പരിഗണനയും പ്രാധാന്യവും നല്കിക്കൊണ്ടാണ് ജനകീയ കല എന്ന നിലയിൽ സിനിമ എന്ന മാധ്യമം പ്രവർത്തിക്കുന്നത്. അതേ സമയം വയലൻസ് എന്ന സങ്കേതം കൂടി സിനിമയുടെ രീതിശാസ്ത്രത്തിൽ ശക്തമായ മാറ്റം കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിലൊരു സാഹചര്യത്തിൽ സിനിമയ്ക്ക് മനുഷ്യത്വത്തെ കുറിച്ച് സംസാരിക്കാതിരിക്കാനോ, സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയസംഹിതകളെക്കുറിച്ച് നമുക്ക് ആശങ്കപ്പെടാതിരിക്കാനോ സാധ്യമല്ല. മനുഷ്യന്റെ വൈകാരിക പ്രതികരണങ്ങളെ ഒരുപരിധിവരെ തടഞ്ഞുനിർത്താൻ സമൂഹത്തിലെ നിയമ സംവിധാനങ്ങൾക്കും ജനമനസ്സുകളെ സ്വാധീനിക്കുന്ന കലാ സാംസ്കാരിക സംവിധാനങ്ങൾക്കുമാണ് സാധിക്കാറുള്ളത്.
ഈ വസ്തുത നിലനിൽക്കെയാണ് "ആർക്കറിയാം' എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന മൂല്യബോധത്തെ കുറിച്ചുള്ള ചർച്ചയ്‌ക്ക് പ്രസക്തി. സാനു ജോൺ വർഗീസ് കഥയും സംവിധാനവും നിർവഹിച്ച് ഏപ്രിലിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് "ആർക്കറിയാം'. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയിലാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തിയത്. ഒരു കുടുംബപശ്ചാത്തലത്തിൽ കോവിഡ് സങ്കീർണതകളെ കൂടെ ചേർത്തുകൊണ്ടുള്ള വ്യത്യസ്ത കഥാവതരണമാണ് ‘ആർക്കറിയാം'. ലിംഗസമത്വമെന്ന ആശയം ഉൾക്കൊള്ളുന്ന പുരോഗമനപരമായ ധാരകൾ മുന്നോട്ടുവയ്ക്കുന്ന സിനിമ കൂടിയാണിത്. പാർവ്വതിയുടെ ഷേർലി എന്ന കഥാപാത്രത്തിലൂടെയും ഷറഫുദ്ദീന്റെ റോയ് എന്ന കഥാപാത്രത്തിലൂടെയും പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്ക് ഒരു ബദൽ കുടുംബപശ്ചാത്തലം സിനിമ വരച്ചുകാട്ടുന്നു.
ഇത്തരം വിഷയങ്ങളിൽ സ്ഥിരം കാണാറുള്ള വീട്ടുജോലികൾ വീതം വയ്ക്കുക, തൊഴിലിടങ്ങളിലെ ചർച്ചകൾ നടത്തുക എന്നതിനൊപ്പം വീട്ടുമുറ്റത്തെ പപ്പായയും ചക്കയും ഭർത്താവിനെ കാഴ്ചക്കാരനാക്കി നിർത്തി ഭാര്യ പറിച്ചെടുക്കുമ്പോൾ കായിക പ്രാധാന്യമുള്ള ജോലികൾ പുരുഷനു മാത്രമെന്ന പൊതുസങ്കൽപ്പത്തിലൊരു വിള്ളൽ വീഴ്ത്താൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. സിനിമയുടെ അവസാനത്തിൽ ഭർത്താവ് വിറകുവെട്ടി എന്നു കേൾക്കുമ്പോൾ ഭാര്യയ്ക്കുണ്ടാവുന്ന അത്ഭുതവും ഇതിനോട് ചേർത്തു വായിക്കാം.
സ്ത്രീവാദ സിനിമയല്ലാതിരുന്നിട്ടുകൂടി ഇങ്ങനെയൊരു വിഷയത്തെ സാധാരണമാക്കി സിനിമയോട് ചേർത്തുനിർത്തി അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം അഭിനന്ദനീയമാണ്. എന്നാൽ സിനിമ ചർച്ച ചെയ്യുന്ന വിഷയം ഇതിൽ നിന്ന് ഏറെ ദൂരെയാണ്. സ്വന്തം മകൾ ജീവനുതുല്യം സ്നേഹിച്ച, മാതാപിതാക്കളുടെ സമ്മതം ഇല്ലാതെ വിവാഹം കഴിച്ച, താന്തോന്നിയും ഉത്തരവാദിത്വമില്ലാത്തവനുമായ മകളുടെ ഭർത്താവിനെ കൊന്ന ഇട്ടിയവിര എന്ന കഥാപാത്രമാണ് സിനിമയുടെ കേന്ദ്രബിന്ദു. ഈ കഥാപാത്രത്തെ വെള്ളപൂശാനും കുടുംബ സ്നേഹമുള്ളവനായി അവതരിപ്പിക്കാനുമുള്ള എളുപ്പവഴിയാണ് ഷെർലി എന്ന കഥാപാത്രവും, ഷെർളിയുടെ രണ്ടാം ഭർത്താവായ റോയി എന്ന കഥാപാത്രവും. ഇട്ടിയവിര എന്ന കഥാപാത്രത്തിന്റെ മാനസിക നിലയുടെ സൂക്ഷ്മമായ അവതരണം സിനിമയിൽ മിക്കയിടത്തും കാണാം. താൻ ചെയ്ത ഒരു ക്രൂരകൃത്യം ഒളിച്ചു വയ്ക്കേണ്ടതിന്റെ
ആവശ്യകത ആ കഥാപാത്രത്തെ ചുട്ടുപൊള്ളിക്കുന്നുണ്ട്. അതോടൊപ്പം, തന്റെ ജീവനു ഭീഷണിയാവുന്ന ഒന്നും തന്നെ തനിക്കുമുന്നിലേക്ക് എത്താതിരിക്കാൻ ഇട്ടിയവിര ചെയ്യുന്ന ചെയ്തികൾ വളരെ വ്യക്തമായിതന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. താൻ ഫാം നടത്താൻ വേണ്ടിയെടുത്ത ലോണിന് സെക്യൂരിറ്റി നിന്ന കെ. സി. ജോസഫെന്ന വ്യക്തിയുടെ മരണം മകളെ വിളിച്ചറിയിക്കുന്നതിലൂടെയാണ് ഇട്ടിയവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങുന്നത്.
എന്നാൽ മരണത്തിനപ്പുറം ലോണുമായി ബന്ധപ്പെട്ട ആകുലതകൾ മാത്രമാണ് ഇട്ടിയവിരയുടെ വിഷയം. അരിയുടെ നിറത്തിൽ ആശങ്ക കാട്ടുന്ന, അതിലെ വിഷാംശത്തെ കുറിച്ച് ആകുലപ്പെടുന്ന, പറമ്പിലൂടെയുള്ള തന്റെ
നടത്തത്തിനിടെ ചവറുകൾക്കിടയിൽ പാമ്പും പഴുതാരയുമില്ലെന്ന് ഉറപ്പുവരുത്തുന്ന, പാമ്പ് വരാതിരിക്കാൻ പറമ്പിൽ മൂത്രമൊഴിക്കുക എന്ന പ്രതിവിധി മുന്നോട്ടുവയ്ക്കുന്ന, തേങ്ങ പൂളുന്നതിനിടെ താൻ കാരണം കൊല്ലപ്പെട്ട ആദ്യ മരുമകന്റെ ഓർമ്മയിൽ മറ്റാരെയും തേങ്ങ പൂളാൻ സമ്മതിക്കാത്ത ഇട്ടിയവിര. എന്തിനേറെ, ചോറ് കൊടുക്കുന്ന പട്ടിയെ പോലും ഗേറ്റിനകത്തേക്ക് കടത്തിവിടാൻ തയ്യാറാവാത്ത ഇട്ടിയവിര. ആ കഥാപാത്രത്തിന്റെ
അടുത്തേക്കാണ് സിനിമ നറേറ്റ് ചെയ്യുന്ന റോയ് എന്ന കഥാപാത്രമെത്തിച്ചേരുന്നത്.
സത്യത്തിൽ റോയ് ആണ് പ്രേക്ഷകൻ, റോയിയുടെ തീരുമാനമാണ് സിനിമയുടെ സന്ദേശം, ആ സന്ദേശമായിരിക്കും പ്രേക്ഷകരിൽ രൂപപ്പെടുക. താൻ കൊന്ന മകളുടെ ആദ്യ ഭർത്താവിന്റെ
ബോഡി അടുക്കളയുടെ ചായ്പ്പിലുണ്ടെന്ന് ഇട്ടിയവിര റോയിയെ അറിയിക്കുമ്പോൾ റോയിയുടെ ഫോണിൽ നമ്പറുകൾ സ്ക്രോൾ ചെയ്ത് അത് ഒടുവിൽ എത്തിച്ചേരുന്നത് പൊലീസിന്റെ നമ്പറിലാണെന്ന് എത്ര പേർ ശ്രദ്ധിച്ചിരുന്നു എന്ന് അറിയില്ല. തുടർന്ന് റോയിയുടെ മനഃസാക്ഷി കൂട്ട് നിൽക്കാനാവില്ല എന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. ഈ വിവേക ബുദ്ധി സാമൂഹിക നിർമിതിയാണ്. കൊലപാതകം കുറ്റമാണെന്നും ജീവന് അതുല്യമായ വിലയുണ്ടെന്നും സമൂഹത്തിന്റെ മൊറാലിറ്റി നമ്മളൊരുരുത്തരെയും പോലെ റോയിയേയും പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ അതേ സമയം റോയിയെ നിസ്സഹായനാക്കുന്ന സന്ദർഭങ്ങളും കടന്നുവരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഈ സിനിമ മനുഷ്യത്വവും നിസ്സഹായതയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. സിനിമയിലുടനീളം ഇട്ടിയവിര ചെയ്ത കുറ്റത്തിന് കൂട്ടുനിൽക്കാൻ റോയിയെ നിർബന്ധിതനാക്കുന്നത് റോയിയുടെ നിസ്സഹായതയാണ്. സുഹൃത്ത് മരിച്ചുകളയുമെന്ന് പറയുമ്പോൾ തെറ്റിന് കൂട്ടു നിൽക്കേണ്ടി വരുന്ന റോയ്. വ്യവസായം നഷ്ടത്തിലായി കടം കയറി സ്വന്തം വീട്ടുകാരിൽ നിന്ന് പോലും സഹായം ലഭിക്കാത്ത, യാത്രയുടെ ദൂരവും മൈലേജും ഗണിച്ച് എളുപ്പവഴി തെരഞ്ഞെടുക്കുന്ന റോയ്. റബ്ബർ തോട്ടത്തിന് നടുവിൽവച്ച് സ്ഥലം വിൽക്കാൻ ചാച്ചൻ റോയിയോട് അനുവാദം ചോദിക്കുന്ന രംഗം അക്ഷരാർത്ഥത്തിൽ നിസ്സഹായതയുടെ അങ്ങേത്തല കാട്ടിത്തരുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ഈ പരിതാപകരമായ അവസ്ഥ നിർമ്മിച്ചെടുക്കുന്നത് തന്നെ ഇട്ടിയവിരയിൽ നിന്ന് സഹായം നേടാനും ഇട്ടിയവിരയുടെ ക്രൂരതയിൽ പങ്കാളിയാവാൻ വേണ്ടിയുമാണെന്ന് സാരം.
റോയിയെ കൊണ്ട് ഒരു തീരുമാനം എടുപ്പിക്കുക എന്നതാണ് സിനിമയുടെ ലക്ഷ്യം. അത്തരത്തിലാണ് റോയിഎന്ന കഥാപാത്രത്തെ നിർമിച്ചിട്ടുള്ളത്. ചുരുക്കത്തിൽ പറഞ്ഞാൽ നിസ്സഹായത മനുഷ്യനെ ക്രൂരനാക്കുമെന്ന സത്യം സിനിമ പറയാതെ പറയുന്നുണ്ട്. നിസ്സഹായതയുടെയും മനുഷ്യത്വത്തിന്റെയും ഏറ്റുമുട്ടലുകൾക്കൊടുവിൽ റോയിയും റോയിയിലൂടെ സിനിമയും സിനിമയിലൂടെ പ്രേക്ഷകനും എത്തിനിൽക്കുന്ന സ്ഥാനം നമ്മളൊരോരുത്തരും ജീവനും ജീവിതത്തിനും നൽകുന്ന വിലയുടെ എതിർ പക്ഷത്താണ്. അതിനുവേണ്ടി റോയിയുടെ നിസ്സഹായതയെ കൂട്ടുപിടിച്ചു എന്നു മാത്രം. ഇതിലൂടെ ഇട്ടിയവിര എന്ന വ്യക്തിയുടെ താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെടുക. ഈ തീരുമാനം ഭീക്ഷണി സൃഷ്ടിക്കുക സാമൂഹികജീവിതത്തിനാണെന്ന് പറയേണ്ടതില്ലല്ലോ.
തനിക്ക് വേണ്ടപ്പെട്ടവരുടെ, കുടുംബത്തിന്റെ, ബന്ധുവിന്റെ, സന്തോഷത്തിനുവേണ്ടി എന്തിനുമേതിനും കൂട്ട് നിൽക്കാനുള്ള ആഹ്വാനമാണ് സിനിമ നൽകുന്നത്. "Her happiness is my life is.. അതൊരു കള്ളത്തിന്റെ പുറത്താണെങ്കിലും’ എന്ന് റോയ് പറയുന്നിടത്ത് തുടങ്ങുന്നു ഈ ആഹ്വാനത്തിന്റെ ആരംഭം. റോയിയിലൂടെ മാത്രമല്ല ഈ ആശയം അവതരിപ്പിക്കപ്പെടുന്നത്. ഇട്ടിയവിരയുടെ ജീവിതം തന്നെ ന്യായീകരണങ്ങളിൽ കുളിച്ചു നിൽക്കുകയാണ്. താൻ ചെയ്ത തെറ്റിനെ ദൈവത്തിന് വിടുകയും അവന്റെ പദ്ധതിയെന്നും മറ്റൊന്നും നിലനിൽക്കില്ലെന്നും ഉറപ്പിക്കുന്ന ഇട്ടിയവിരലൂടെയും ഈ ആശയം സംവേദനം ചെയ്യുന്നത് കാണാം. അത്തരം സംഭാഷണങ്ങൾ ഒരു കഥാപാത്രത്തിന്റെ സ്വയം ന്യായീകരണം മാത്രമായി തള്ളിക്കളയാൻ പറ്റില്ല. കാരണം സിനിമ തുടക്കം മുതൽ ഒടുക്കം വരെയും ഇട്ടിയവിരയേയും അയാളുടെ ചെയ്തികളെയും പറ്റാവുന്ന രീതിയിലെല്ലാം ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ന്യായീകരണം മറ്റു കഥാപാത്രങ്ങൾ കൂടി അംഗീകരിക്കുന്നതിലൂടെ സിനിമ അതൊരു പൊതു ന്യായീകരണം ആക്കി മാറ്റുകയാണ്. " you shouldn't worry about things beyond your control' എന്ന് സിനിമയിൽ ആവർത്തിച്ച് അവതരിപ്പിക്കുന്ന ആശയം സിനിമയുടെ ഓരോ ഘട്ടത്തിലും കഥാപാത്രങ്ങൾ ഓരോരുത്തരായി അംഗീകരിക്കുന്നത് കാണാം. ആ കഥാപാത്രങ്ങളെപ്പോലെ കൊലപാതകത്തിനൊടുവിൽ എല്ലുകൾ കത്തിച്ച് ‘ഹേ രാത്തെ ഹേ മോസം നദിനാ കിനാരാ’ എന്ന് പാടിച്ചിരിക്കാനുള്ള മനുഷ്യത്വമേ നമുക്കുള്ളിൽ അവശേഷിക്കുന്നുള്ളോ എന്ന് നമ്മളോരോരുത്തരും സ്വയം ചോദിച്ച് നോക്കുക.
അഭിനയവും സൂക്ഷ്മതയും അവതരണവും വച്ചുനോക്കുമ്പോൾ ഇതൊരു മികച്ച സിനിമയാണ്. എന്നാൽ മുന്നോട്ടുവയ്ക്കുന്ന മൂല്യത്തോട് തട്ടിച്ചുനോക്കുമ്പോൾ ഒരു ക്രൂരതയെ സോപ്പ് തേച്ച് പതപ്പിച്ച് ചൂടു വെള്ളത്തിൽ കുളിപ്പിച്ചെടുക്കുന്ന സിനിമയാണ് ആർക്കറിയാം എന്നേ പറയാനാവു. ഇത്തരം വാദങ്ങൾക്ക് നേരെയുണ്ടാകുന്ന പ്രധാനപ്പെട്ട മറുവാദങ്ങളിലൊന്ന് നിങ്ങൾ ആയിരുന്നു റോയ് എങ്കിൽ എന്തു ചെയ്തേനെ എന്നതാണ്. സത്യത്തിൽ ബന്ധുവും ശത്രുവും ആവുക എന്നതല്ല, സത്യം പറയാനുള്ള മാനദണ്ഡമെന്ന് തിരിച്ചറിയുക. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ബന്ധുക്കളുണ്ട്. അതിനാൽ കൊല്ലാതിരിക്കുക എന്നതിലാണ് കാര്യം. ദൃശ്യം പോലുള്ള സിനിമകൾ ഉദാഹരിച്ച് ഈ സിനിമയെ മഹത്വവൽക്കരിക്കുന്നവർ ഒരു ത്രില്ലർ സിനിമയും ഒരു റിയലിസ്റ്റിക് സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയാണ് വേണ്ടത്.
സിനിമ കണ്ടു തീരുമ്പോൾ ആരിലും തോന്നുന്ന കാര്യമാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ആരായാലും ഇത്തരമൊരു കൊലപാതകം ചെയ്തു പോകില്ലേ എന്ന്. സത്യത്തിൽ ഈ തോന്നൽ ജനിപ്പിക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത. സിനിമയിൽ കൊലപാതകത്തെ അത്രമാത്രം നിസ്സാരവൽക്കരിച്ചു കാണുന്നുണ്ട്. ഷേർലി എന്ന കഥാപാത്രത്തിനു ജീവിതത്തിൽ എടുക്കാനായേക്കുന്ന എത്രയോ തീരുമാനങ്ങളുണ്ട് അഗസ്റ്റിന്റെ കൂടെ ജീവിക്കാനോ, ഉപേക്ഷിക്കാനോ, പുനർവിവാഹം ചെയ്യാനോ തുടങ്ങി ഷേർളിക്ക് തിരഞ്ഞെടുക്കാനാവുന്ന പലതിന്റെയും മുകളിൽ നടത്തുന്ന അട്ടിമറിയാണ് ഇട്ടിയവിര നടത്തുന്ന കൊലപാതകം. അത്തരത്തിലൊരു കൊലപാതകത്തെ ഇത്രമാത്രം നിസാര വൽക്കരിച്ചവതരിപ്പിക്കുമ്പോൾ സിനിമ മറന്നുപോകുന്നത് മനുഷ്യത്വത്തെ കുറിച്ചും മാനുഷിക മൂല്യങ്ങളെ കുറിച്ചുമാണ്.
കലാവതരണത്തിനുള്ള എല്ലാ സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ട് പറയട്ടെ കലയൊരു കല മാത്രമല്ല എന്ന് അഭിപ്രായപ്രകടനം നടത്തുന്ന, കല ഒരു സ്വാധീനശക്തിയാണെന്ന് മുറവിളി കൂട്ടുന്ന, കലയിലെ തെറ്റും ശരിയും ഇഴ കീറിമുറിക്കുന്ന ആഷിക് അബുവിനെയും പാർവ്വതിയേയും പോലുള്ളവർ മുന്നോട്ടുവയ്ക്കുന്ന ചിത്രം എന്ന നിലയിൽ ആർക്കറിയാം എന്ന സിനിമ വിമർശിക്കപ്പെടേണ്ടതുണ്ട്. കേവലമൊരു കല എന്ന് മാത്രമായി സിനിമയെ ഒതുക്കാതിരിക്കുന്നതിലെ സൗന്ദര്യം സിനിമയെ മൂല്യമുള്ളതാക്കി തീർക്കും. ആർക്കറിയാം!! റോയിയുടെ നിസ്സഹായതയിൽ നിന്ന് വരുന്ന നിശ്വാസമല്ല. അതൊരു ചോദ്യമാണ്; ശരിതെറ്റുകളെ കുറിച്ച്, മനുഷ്യത്വത്തെ കുറിച്ച്, സത്യത്തെ കുറിച്ചുള്ള ചോദ്യം. "ആർക്കറിയാം' എന്ന നിസ്സംഗഭാവം വെച്ച് നിങ്ങൾക്കതിനെ തള്ളിക്കളയാനാവില്ല എന്നതാണ് സത്യം.