ഭൂരിപക്ഷവർഗീയതയുടെ അഹന്തയ്‌ക്കെതിരെ സിനിമയും സമൂഹവും ഒന്നിക്കും

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന 'മിന്നൽ മുരളി' എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടിയിൽ നിർമ്മിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് കഴിഞ്ഞ ദിവസം ബജ്‌റംഗ്ദൾ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഒരു ക്ഷേത്രത്തിന് സമീപം പള്ളി നിർമ്മാണം അനുവദിക്കില്ല എന്നു പറഞ്ഞാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നാക്രമണം നടന്നത്.

മിന്നൽ മുരളിയെന്ന സിനിമയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 പോരാട്ടത്തെ പ്രകീർത്തിച്ചുകൊണ്ട് കേരളം അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ രീതിയിലുള്ള പ്രശംസയും അഭിനന്ദനവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. കോവിഡ് 19 നെ മാതൃകാപരമായി നമ്മൾ ചെറുത്തുതോൽപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഈ സമൂഹത്തെ വീണ്ടും സമ്മർദ്ദത്തിലും ഭീതിയിലുമാഴ്ത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി തന്നെയാണ് ഇപ്പറയുന്ന ആളുകൾ, അത് ഏത് പേരുകാരായാലും, പ്രവർത്തിക്കുന്നത്. സംഘപരിവാരത്തിലില്ലാത്ത ഒരു ഗ്രൂപ്പാണ് ഇതിനു പിന്നിൽ എന്നൊക്കെയുള്ള വാദഗതികൾ അവരിൽ നിന്നും വരുന്നുണ്ട്.

എന്തായാലും ഇതൊരു ചിന്താഗതിയാണ്. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്. ഇന്ന് ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ വർഗീയതയുടെ അഹന്തയാണ് എല്ലാത്തിന്റേയും കാരണം. മാതൃകാപരമായ പ്രതികരണം കേരളത്തിൽ ഉയരുന്നുണ്ട്. നിയമപരമായി, എല്ലാ അനുമതികളോടു കൂടിയും പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ കലാകാരന്മാർക്കുനേരെ നടന്നിട്ടുള്ള ഈ അക്രമങ്ങൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് എല്ലാവർക്കും പ്രതീക്ഷയുള്ളത്. ഞാനും അതുപോലെ തന്നെ പ്രതീക്ഷിക്കുന്നു. ഭയന്ന് പിന്നോട്ട് പോകുന്ന സാഹചര്യമുണ്ടാവില്ലായെന്നാണ് കരുതുന്നത്. മലയാള സിനിമയും കേരള സമൂഹവും മലയാളികൾ ഒന്നടങ്കവും ഈ ക്ഷുദ്രശക്തികൾക്കെതിരെയുള്ള പോരാട്ടം കനപ്പിക്കുക തന്നെ ചെയ്യും.

Comments