‘ആട്ട’വും തൊഴിലിടങ്ങളിലെ പകർന്നാട്ടവും

‘‘20 വർഷത്തോളം കേരളത്തിലെ അക്കാദമിക് തൊഴിലിടങ്ങളിൽ ഫെമിനിസ്റ്റ് തിയറിയും ലിംഗനീതിയും ഒക്കെ ക്ലാസ് റൂമുകളിൽ പഠിപ്പിക്കുന്ന ഉദ്ബുദ്ധരായ അദ്ധ്യാപക സമൂഹത്തോടൊപ്പം പണിയെടുത്ത ആളെന്ന നിലയ്ക്ക്, അനുഭവിച്ചതും സാക്ഷ്യം വഹിച്ചതുമായ ലിംഗപരമായ അനീതി മുഴുവൻ ഒറ്റയടിക്ക് ഓർമപ്പെടുത്തി ആട്ടം എന്ന സിനിമ’’- ‘ആട്ടം’ എന്ന സിനിമയുടെ കാഴ്ചാ അനുഭവം എഴുതുന്നു,

‘സിനിമയിലെ സ്ത്രീ സംഘം’ (Women in Cinema Collective-WCC) മലയാള സിനിമയിൽ  നിലവിൽ വന്നതോടെ പ്രകടമായ ചില മാറ്റങ്ങളിൽ ഒന്നാണ് ലിംഗനീതിയെ കുറിച്ചുള്ള ശക്തമായ പ്രമേയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സിനിമകൾ നിർമിക്കപ്പെടുന്നു എന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജയ ജയ ജയഹേ തുടങ്ങിയ സിനിമകൾ വീട്ടകങ്ങളിലെ അനീതി തുറന്നുകാട്ടുകയാണെങ്കിൽ  ‘ആട്ടം’ തൊഴിലിടങ്ങളിലെ ലിംഗനീതി ചർച്ചാവിഷയമാക്കുന്നു. ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം, ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ 2023-ലെ ഗ്രാൻഡ് ജൂറി അവാർഡ് നേടുകയും ഗോവയിൽ നടന്ന 54-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ആട്ടം സിനിമയിൽ നിന്ന്

ഒരു പതിമൂന്നംഗ നാടക ഗ്രൂപ്പിലെ ഒരേയൊരു പെണ്ണിനോട് കൂട്ടത്തിലുള്ള 12 പുരുഷന്മാരിൽ ഒരാൾ (അയാൾ ആരാണെന്ന് ഒന്നോ രണ്ടോ അവ്യക്തമായ സാഹചര്യത്തെളിവുകളല്ലാതെ കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ) അവൾ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോൾ തുറന്നിട്ട ജനലിലൂടെ ലൈംഗികമായി കാണിക്കുന്ന അക്രമവും അതവൾ മാനസികമായി അടുപ്പമുള്ള അവരിലൊരു വ്യക്തിയെ ഒരാഴ്ചക്കുശേഷം അറിയിക്കുന്നതും തുടർന്ന് കുറ്റവാളി എന്ന് അവൾ സംശയിക്കുന്ന വ്യക്തിയെ ഒഴിച്ചുനിർത്തി മറ്റു 11 പുരുഷന്മാർ ചേർന്നു നടത്തുന്ന ചർച്ചയും  വിചാരണയുമാണ് കഥാതന്തു.   എളുപ്പത്തിൽ കൈവിട്ടുപോകാവുന്ന പ്രമേയം തികഞ്ഞ സൂക്ഷമതയോടെ  അവതരിപ്പിച്ചിരിക്കുകയാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്.

ഏതാണ്ട് പൂർണ്ണമായും സംഭാഷണ കേന്ദ്രീകൃതമായ ഒരു സമീപനത്തിലൂടെയാണ് സിനിമ വികസിക്കുന്നത് എന്നത് ഈ അവധാനതയുടെ  വിജയവുമാകുന്നുണ്ട്. പിന്നിടുള്ള നറേറ്റീവ്‌ ആകട്ടെ, സംഭവങ്ങളുടെ ചടുലതയോ ആക്ഷന്റെ ആവേശമോ ഒന്നും കൂടാതെ വളരെ  സാഹസികമായ ഈ  സമീപനം ബോധപൂർവ്വം സ്വീകരിച്ചതാണെന്ന് തെളിയിക്കുന്നതാണ്. സറീൻ ശിഹാബ് എന്ന നടിയുടെ അഭിനയ മികവും ഈ സിനിമയുടെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. പുരുഷന്മാർ പരസ്പരം നിഴലുകളാവുന്ന ഒരു കഥാതന്തുവിൽ, തുടക്കം മുതൽ വ്യത്യസ്ത സാഹചര്യങ്ങളിൽ അവർക്കിടയിൽ ഇടപഴകേണ്ടിവരുന്ന ഏക സ്ത്രീ കഥാപാത്രത്തെ കൃത്യമായി നിർവ്വചിച്ചു ഫലിപ്പിക്കുക എളുപ്പമല്ലല്ലോ. 

സറീൻ ശിഹാബ്

അവൾ ഉന്നയിച്ചതായി അവരെ ധരിപ്പിച്ച പരാതി വ്യാജമാണോ നിജമാണോ എന്ന് കൂലങ്കഷമായി ചർച്ച ചെയ്യുകയാണ് ആൺകൂട്ടം. അവരുടെ പലവിധ ആധികളിൽ എവിടെയും തങ്ങളിലൊരുത്തനാൽ ആക്രമിക്കപ്പെട്ട പെണ്ണിന്റെ അവസ്ഥയെക്കുറിച്ചുള്ള അനുതാപമോ വിഷമമോ ഇല്ല. കുറച്ചെങ്കിലും വിഷമമുള്ളവരെയാകട്ടെ  ഇതിനെത്തുടർന്ന് ഉണ്ടാകാനിടയുള്ള പൊലീസന്വേഷണം, നാണക്കേട് ഇതൊക്കെയാണ് അലട്ടുന്നത്.  അവൾ ആരോപിച്ചിരിക്കുന്നവൻ ആയിരിക്കാനിടയില്ല എന്നും അവൾ ശരിക്കും കണ്ടിട്ടുണ്ടോ, മാനസിക വിഭ്രാന്തിയാവാം, അവളും കാമുകനും ചേർന്ന് മറ്റവനെ പുറത്താക്കാൻ കെട്ടിച്ചമച്ചതാണോ, കുടിച്ചതുകൊണ്ട് അവൾക്ക് ബോധമുണ്ടായിരുന്നിരിക്കില്ല, അവളുടെ വസ്ത്രധാരണം ശരിയല്ല എന്ന് തുടങ്ങിയ എല്ലാ പതിവ് ആണത്തന്യായീകരണങ്ങൾക്കും ഇടയിൽ അവളെത്തന്നെ വിളിച്ചു വരുത്തി പരസ്യവിസ്താരവും നടത്തുന്നുണ്ട്, ആണുങ്ങൾ ചേർന്ന്. ഇരയുടെയും അക്രമിയുടെയും രണ്ടുപേരുടെയും പക്ഷത്ത് നിൽക്കുക എന്ന  മലയാള സിനിമാലോകം തന്നെ വ്യക്തമായി പഠിപ്പിച്ച ഡിപ്ലോമസിയും പയറ്റിനോക്കുന്നുണ്ട് ആൺകൂട്ടം.

ഒടുക്കം അപമാനിതയായി ഇറങ്ങിപ്പോകുന്ന അവൾ സ്വന്തം പ്രഹേളികയുടെ ഉത്തരം താൻ തന്നെ സംവിധാനം ചെയ്ത മറ്റൊരു നാടകത്തിൽ വിളിച്ചു പറയുന്നു. നിങ്ങൾ എല്ലാവരും ഒരുപോലെ മുഖമില്ലാത്ത ലൈംഗിക കുറ്റവാളികളാണ് എന്ന്. തികഞ്ഞ അരക്ഷിതാവസ്ഥയിൽ മാത്രമേ പെണ്ണിന് തൊഴിലിടത്തിൽ ജീവിക്കാനാകൂ എന്ന അവസ്ഥാവിശേഷമാണ്  നിലനിൽക്കുന്നത് എന്നവൾ നാടകത്തിലൂടെ ആവിഷ്കരിക്കുന്നു. ആ ആട്ടവും കണ്ട് വിഷണ്ണരായി എഴുന്നേറ്റുപോകുന്ന ആണുങ്ങളെ ചിത്രീകരിച്ചിരിക്കുന്ന രംഗം പോസ്റ്റ് ക്രെഡിറ്റായാണ് കാണിക്കുന്നത്.

കുറസോവയുടെ റാഷമോൺ സിനിമയുടെ പശ്ചാത്തലത്തിൽ രൂപം കൊണ്ട റാഷമോൺ ഇഫക്റ്റ് എന്ന ആഖ്യാനരീതി പ്രസിദ്ധമാണല്ലോ. ഒരേ വസ്തുവിനെ അല്ലെങ്കിൽ അവസ്ഥയെ പല വീക്ഷണകോണുകളിലൂടെ കാണുന്ന സിനിമാറ്റിക് നറേറ്റീവ് ആണിത്.

ആട്ടം എന്ന സിനിമ പ്രത്യക്ഷത്തിൽത്തന്നെ ഉണ്ടാക്കുന്ന പ്രതീതി, ഒരു സ്ത്രീയുടെ ആഖ്യാനത്തിൻ്റെ പല പുരുഷൻമാരുടെ വ്യാഖ്യാന വ്യായാമമാണിത് എന്നാണ്. എന്നാൽ സത്യത്തിൽ തിരിച്ചാണ്. പല പുരുഷാവസ്ഥകളെ ഒരു സത്രീ കണ്ട് മനസ്സിലാക്കി ഇതെല്ലാം ഒന്നാണെടോ എന്നു വിളിച്ചുപറയുകയാണ് ഇവിടെ. അത് ഒരു ലൈംഗിക ആക്രമണം ആകാം, കൂട്ടുകാരൻ്റെ ചതി ആകാം, മുതിർന്ന സഹപ്രവർത്തകൻ്റെ ഭീരുത്വം ആകാം, പ്രണയിക്കുന്നവൻ്റെ സ്വാർത്ഥതയാകാം. ഇവരെല്ലാം ചേർന്ന് ഒരു തൊഴിലിടത്തിൽ കാണിക്കുന്ന പരമമായ നീതികേടാകാം. അനുഭവത്തിൽ വ്യത്യസ്ഥമായ ഇതൊക്കെയും ഒന്നിക്കുന്ന ഒറ്റ പരമാർത്ഥമായി മനസ്സിലാക്കാൻ കഴിയുന്ന ഒരു പെണ്ണിൻ്റെ അവസ്ഥയാണ് സിനിമ പറഞ്ഞുവെക്കുന്നത്.

ലൈംഗികാക്രമം നടത്തിയവനോട് അവൾ വിളിച്ചു പറയുന്നുണ്ട്, നീയും മറ്റുള്ളവരും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്ന്. അതിൽ അവൾ പ്രണയിച്ചവന്റെ തികഞ്ഞ സ്വാർത്ഥതയും ഉൾപ്പെടും. ഒരു നൈതികമായ പ്രശ്നമായിരുന്നു അവളുടേത്. അവരിൽ അവൾക്കുണ്ടായിരുന്ന വിശ്വാസത്തെ തകർക്കുന്ന തരത്തിൽ ഒരുത്തന്റെ ലൈംഗിക ഹിംസ  പുറത്തുവന്നു എന്നത്. എന്നാൽ  ഈ നൈതിക പ്രശ്നത്തെ സ്വന്തം സ്വാർത്‌ഥ താൽപ്പര്യത്തിനായി തികഞ്ഞ കാപട്യത്തോടെ അവതരിപ്പിക്കുകയാണ് കാമുകൻ. ഏറ്റവും ഇന്റിമേറ് ആയ ഒരു ഇടത്തിൽ നിന്നുള്ള ഭീകരമായ ഹിംസയാണ് അയാൾ ചെയ്യുന്നത്. അതിലൂടെ അവളുടെ തീരുമാനങ്ങൾ അവൻ അപ്രസക്തമാക്കുകയാണ്. അവളും അവനും സ്നേഹത്തിലാണെന്നും പരസ്പരം ചുംബിച്ചിട്ടുണ്ട് എന്നു പോലും പരസ്യമായി അംഗീകരിക്കാൻ അവൻ തയ്യാറാവുന്നുമില്ല.

തൊഴിലിടങ്ങളിലെ ആൺ- പെൺ ബന്ധങ്ങൾ അപഗ്രഥനം ചെയ്യുമ്പോൾ തോന്നിയിട്ടുള്ള ഒരു കാര്യം, വളരെ പെട്ടെന്ന് ഉലഞ്ഞുപോകുന്നത് സ്ത്രീകളാണെന്ന് ഒരു പൊതുധാരണയുണ്ടെങ്കിലും അതിലും എത്രയോ എളുപ്പം തകർന്നുവീഴാവുന്ന പുരുഷബോധം പരക്കെ നിഴൽവീശി നിൽക്കുന്നു എന്നുള്ളതാണ്. സ്ത്രീകളെ ഒറ്റപ്പെടുത്തിയാൽ അവർ ദുർബ്ബലരാകുമെന്ന വിശ്വാസത്തിൽ തീരുമാനങ്ങൾ എടുക്കുകയും അവ ചോദ്യം ചെയ്യപ്പെടുമ്പോൾ, തങ്ങളാണ് ഇരകളെന്നു സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ആൺകൂട്ടത്തെ ആട്ടം കൃത്യമായി വരച്ചിടുന്നുണ്ട്. ‘നാളെ ഇനി അത് ഞാനാണെന്ന് നീ പറയുകയില്ല എന്ന് എന്താണ് ഉറപ്പെ’ന്ന് ചോദിക്കുന്ന പുരുഷൻ്റെ ശബ്ദവും അതേ മനസ്സും തന്നെയാണ് അവർക്കെല്ലാം.

ഇത്തരം കടലാസുലോകങ്ങളുടെ പകർപ്പുകളായി, അതിന്റെ തനിയാവർത്തനങ്ങളായിട്ടാണ് പുരുഷ നിർമിത ഇടങ്ങളെല്ലാം നിലനിൽക്കുന്നത് എന്ന് ആവർത്തിച്ച് മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അത് കുടുംബമായാലും തൊഴിലിടങ്ങളായാലും കോടതികളോ ഭരണകൂടങ്ങളോ ഉദ്യോഗസ്ഥാധീശത്വപരമായ ഓഫീസ് ഇടങ്ങളോ അടിമുടി വ്യാജവും അയഥാർഥവുമായ കോർപ്പറേറ്റ് കമ്പോളമോ എന്തുമാകട്ടെ സ്ത്രീകളുടെ ദൈനംദിന വ്യവഹാരങ്ങൾ വളരെ അനിശ്ചിതവും സന്ദിഗ്ധവും ആപത്കരവുമായ ഒരു നൂൽപ്പാല നടത്തമാണ് ഇവിടങ്ങളിൽ. ഇത് ലൈംഗികപരമായ അതിക്രമങ്ങളുടെ മാത്രം വിഷയമല്ല. എന്നാൽ ഒരർത്ഥത്തിൽ ഇത് ആത്യന്തികമായി ലിംഗപരം തന്നെയാണു താനും.

പുരുഷാധിപത്യത്തിനെതിരെയുള്ള ഒരു ചെറിയ ചെറുത്തുനിൽപ്പ് പോലും ‘സ്ത്രീകളുടെ ആക്രമണമായി’ കാണാൻ മാത്രം കഴിയുന്നവരുടെ കൂട്ടമായാണ് പുരുഷലോകം സ്വയം നിർവചിക്കുന്നതെന്ന യാഥാർഥ്യത്തിലേക്കുകൂടി ‘ആട്ടം’  വിരൽചൂണ്ടുന്നുണ്ട്. തൊഴിലിടങ്ങൾ അരക്ഷിതമാവുന്നത് കേവലമായ ലൈംഗിക ഹിംസകളിൽക്കൂടി മാത്രമല്ല. പുരുഷനാണ് എന്നതുകൊണ്ടുമാത്രം സ്ത്രീകളായ സഹപ്രവർത്തകരുടെമേൽ തങ്ങൾക്കു സവിശേഷാധികാരമുണ്ടെന്നും അതവർ വകവച്ച് കൊടുക്കണമെന്നുമുള്ള വിചിത്ര വിചാരത്തിലാണ് പലരും അധികാരപ്രമത്തത പ്രദർശിപ്പിക്കുന്നത്.

ഭൻവാരി ദേവി

1992-ൽ രാജസ്ഥാനിലെ ഭൻവാരി ദേവി എന്ന സാമുഹ്യപ്രവർത്തകയ്ക്കെതിരെ നടന്ന ലൈംഗിക ആക്രമണവും തുടർന്നുണ്ടായ കേസും, വിശാഖ ഗൈഡ് ലൈൻസ് എന്ന, ലിംഗനീതിക്കായി ഉണ്ടായ  നിർദ്ദേശങ്ങളുമാണ് വർഷങ്ങൾക്കിപ്പുറം 2013-ൽ തൊഴിലിടങ്ങളിലെ സെക്ഷ്വൽ ഹരാസ്മെന്റിനെതിരെയുള്ള നിയമം നിലവിൽ വരാൻ കാരണമായത്. എന്നാൽ ഒരു ദശകത്തിനു ശേഷവും PoSH ആക്ട് നല്ലരീതിയിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല എന്ന് 2023 നവംബറിൽ സുപ്രീം കോർട്ട് വിലയിരുത്തുകയുണ്ടായി. ഗുസ്തി ഫെഡറേഷൻ തലവനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഉന്നയിക്കപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ സ്പോർട്സ് ഫെഡറേഷനുകളിൽ പലതിലും ഐ.സി.സി നിലവിൽവന്നിട്ടില്ല എന്ന പരിതാപകരമായ സത്യം വെളിപ്പെടുത്തിക്കൊണ്ടാണ് കോടതി PoSH Act എല്ലാ മേഖലകളിലുമുള്ള തൊഴിലിടങ്ങളിൽ നിർബന്ധമായും പ്രാവർത്തികമാക്കേണ്ടതാണ് എന്ന് നിരീക്ഷിക്കുന്നത്.

20 വർഷത്തോളം കേരളത്തിലെ അക്കദമിക് തൊഴിലിടങ്ങളിൽ  ഫെമിനിസ്റ്റ് തിയറിയും ലിംഗനീതിയും ഒക്കെ ക്ലാസ് റൂമുകളിൽ പഠിപ്പിക്കുന്ന ഉദ്ബുദ്ധരായ അദ്ധ്യാപക സമൂഹത്തോടൊപ്പം പണിയെടുത്ത ആളെന്ന നിലയ്ക്ക്, അനുഭവിച്ചതും സാക്ഷ്യം വഹിച്ചതുമായ ലിംഗപരമായ അനീതി മുഴുവൻ ഒറ്റയടിക്ക് ഓർമപ്പെടുത്തി ആട്ടം എന്ന സിനിമ. അത്, ഐ.സി.സിയും വിമൻസ് സെല്ലും ഒക്കെ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ചുളള ആണത്ത ഘോഷണങ്ങളിൽ തുടങ്ങി പെണ്ണുങ്ങൾ വട്ടമിട്ടിരുന്ന് ചർച്ചിച്ചാൽ അതു സാംസ്ക്കാരിക ചർച്ചയാകുമോ എന്ന ആൺ അഹന്തയുടെ പ്രഘോഷണം വരെ നീളുന്നു. സ്ത്രീയുടെ ലേബർ ഒരു പരിഗണനയും കൂടാതെ റദ്ദുചെയ്യുകയും ഒരു മടിയും കൂടാതെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ആദർശധീരമായ സംഘടനാ പ്രവർത്തനങ്ങളും സ്ത്രീകൾ നേടിയ അക്കദമിക് അംഗീകാരങ്ങളെ 'ചിരിച്ചു കാണിച്ചും’ ‘കിടന്നു കൊടുത്തും’ നേടിയ നേട്ടങ്ങൾ എന്നൊക്കെ ദുർവ്യാഖ്യാനിക്കുന്നതു മുതൽ ഉറ്റ സൗഹൃദങ്ങളിൽ പോലും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന അപവാദങ്ങളും അപമാനങ്ങളുംവരെ ഇതിൽ ഉൾപ്പെടുന്നു.

അധികാര പദവികളുടെ ദുരുപയോഗം,  പ്രഫഷണൽ മിസ്ട്രസ്റ്റ് ഇതിൻ്റെയൊക്കെ ആദ്യത്തെയും എന്നത്തെയും ഇരകൾ സ്ത്രീകളാണ്. അധികാരബോധത്തിൻ്റെ അസുഖം ബാധിച്ച മുതിർന്ന സഹപ്രവർകർക്ക് ഏറ്റവും എളുപ്പം ടാർഗറ്റ് ചെയ്യാവുന്നതും സ്ത്രീകളെയാണ് എന്നു കണ്ടിട്ടുണ്ട്. പ്രതികരിക്കുന്ന സ്ത്രീകളാണെങ്കിൽ അവരുടെ വില്ലിഫിക്കേഷൻ തകൃതിയായിത്തന്നെ നടക്കും. ഉമ്മറക്കോലായിലിരുന്ന് വെടി പറയുകയും നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യക്കോലങ്ങളിൽനിന്ന് തെല്ലും മുന്നോട്ട് വന്നിട്ടില്ലാത്ത ധാരണകളാണ് കേരളത്തിലെ അക്കദമിക് ലോകത്ത് ഇന്നും നിലനിൽക്കുന്നത് എന്ന് ഈയിടയക്ക് ഒരു സുഹൃത്ത് കാര്യമായിത്തന്നെ പറഞ്ഞത് ഓർക്കുന്നു.

അദ്ധ്യാപനം എന്നത് കേവലം ഭൗതിക അദ്ധ്വാനമോ ഭരണപരമായ ജോലിയോ അല്ല. സത്യത്തിൽ സിനിമ, നാടകം, കല തുടങ്ങിയ വ്യവസായങ്ങളെപ്പോലെ അനുഭവശക്തിപരമായ അദ്ധ്വാനം (Affective labour) കൂടി ഈ തൊഴിലിൽ ഉൾച്ചേർന്നിട്ടുണ്ട്. ക്ലാസ് റൂമിനുവെളിയിൽ അനുബന്ധമായി കുട്ടികളോടുള്ള ഇടപഴകൽ ഉൾപ്പടെയുള്ള ഇത്തരം മാനസികാദ്ധ്വാനങ്ങൾ ഏറിയ പങ്കും ചെയ്യുന്ന സ്ത്രീകളുടെ അദ്ധ്വാനം പാടെ റദ്ദുചെയ്യപ്പെടുന്നത് കണ്ടിട്ടുണ്ട്. ബൗദ്ധികമായ ശേഷി, കാര്യക്ഷമമായ ഇടപെടലുകൾ, ചുമതലകളുടെ നിർവ്വഹണം ഇങ്ങനെ പല തൊഴിൽപരമായ നേട്ടങ്ങളും സ്ത്രീകളുടെത് വിസ്മരിക്കപ്പെടുകയും പുരുഷന്മാരുടെ സമാനമായ നേട്ടങ്ങൾ  അധികാരവും പദവിയും ഒക്കെയായി സ്വാഭാവികമായി തന്നെ പരിണമിക്കുന്നതും സർവ്വസാധാരണമാണ്. ലിംഗപരമായ സമത്വം നിലനിൽക്കുന്നു എന്ന് പുറമേക്ക് തോന്നിപ്പിക്കുകയും അനീതി ആഴത്തിൽ വേരോടുകയും ചെയ്യുന്ന ഇടങ്ങളാണ് മിക്കവയും. അത്തരം അനീതിക്കെതിരെ ശബ്‌ദിക്കുന്ന സ്ത്രീകൾ പ്രശ്നക്കാരികൾ ആയി മുദ്രകുത്തപ്പെടുകയും ചെയ്യും.

ആട്ടം സിനിമയിൽ ഒരു അപ്രതീക്ഷിത പ്രലോഭനത്തിന്റെ മായാപടലത്തിൽ തങ്ങളുടെ അതുവരെയുള്ള നൈതിക വിക്ഷോഭങ്ങൾപോലും അഴിച്ചുവച്ചു വെറും സ്വാർത്ഥരായി മാറുന്ന ആൺകൂട്ടം പിന്നീട് ശ്രമിക്കുന്നത് എങ്ങനെ തങ്ങളുടെ സഹപ്രവർത്തകയുടെ വൈകാരികശക്തിയെ ചോദ്യം ചെയ്തു ദുർബ്ബലപ്പെടുത്താമെന്നു മാത്രമാണ്. സ്വാഭാവികമായി അവളുടെ മാത്രം പ്രശ്നമാണ് അവളാണ് ഇറങ്ങിപ്പോകേണ്ടത്/ ഒത്തുതീർപ്പാവേണ്ടത് എന്ന പരിണിതിയിലേക്ക് അവർ എത്തുന്ന ഘട്ടത്തിൽ അവൾ ഇറങ്ങിപ്പോവുകയാണ്.

തികച്ചും അരക്ഷിതമായ പുരുഷഗർവങ്ങൾ സൃഷ്ടിക്കുന്ന അധികാരപ്രമത്തത്തകൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും തിരിച്ചറിയേണ്ടതുണ്ട്. ഹൈപ്പർ മാസ്കുലിനിറ്റിയുടെ ചതുപ്പ് തിരിച്ചറിയുക എന്നത് പ്രധാനമാണ്. ജൻഡർ സിദ്ധാന്തങ്ങൾ പ്രസക്തമാവുന്നത് ഈയൊരു പശ്ചാത്തലത്തിൽക്കൂടിയാണ്. ഹൈപ്പർമാസ്കുലിനിറ്റിയുമായി ബന്ധപ്പെട്ട ആശയങ്ങളെക്കുറിച്ച് വിപുലമായി എഴുതിയിട്ടുള്ള പ്രമുഖ ഫെമിനിസ്റ്റ് സൈദ്ധാന്തികനാണ് റെയ്വിൻ കോണൽ (Raewyn Connell). പുരുഷത്വത്തെക്കുറിച്ചുള്ള സൈദ്ധാന്തിക വിശദീകരണത്തിന്, വിശേഷിച്ച് ‘ആധിപത്യ പുരുഷത്വം’ (hegemonic  masculinity ) എന്ന ആശയത്തിന്റെ വികാസത്തിന് കോണലിന്റെ രചനകൾ സഹായകമായിട്ടുണ്ട്. ‘ഹൈപ്പർ മാസ്കുലിനിറ്റി’ എന്ന പദം നേരിട്ട് ഉപയോഗിക്കുന്നില്ലെങ്കിലും, കോണലിന്റെ  ആധിപത്യ പുരുഷത്വ സിദ്ധാന്തം സമാന വിഷയങ്ങളെത്തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. ആധിപത്യ പുരുഷത്വം എന്നത് ആണത്തത്തിന്റെ (manhood) സാംസ്കാരിക മാതൃകയെ സൂചിപ്പിക്കുന്നു. അത് കാർക്കശ്യം, ഹെട്രോസെക്ഷ്വൽ മനോഘടന, അധികാരം, കടുത്ത മത്സരപ്രവണത എന്നിവയാൽ അടയാളപ്പെടുത്തുന്നതാണ്. സമൂഹത്തിൽ പുരുഷത്വത്തിന്റെ വിവിധ രൂപങ്ങൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നതെന്നും പരിപാലിക്കപ്പെടുന്നതെന്നും സ്ത്രീകളുടെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ലിംഗഭേദങ്ങളുടെയും അടിച്ചമർത്തലിന് അവ എങ്ങിനെ കാരണമാകുന്നു എന്നും മനസ്സിലാക്കാനാണ് കോണൽ ഈ പരികല്പന ഉപയോഗിച്ചിട്ടുള്ളത് (Connell, R. W. 2005, Masculinities, 2nd ed., University of California Press).

റെയ്വിൻ കോണൽ

പുരുഷത്വത്തിന്റെ ചില മാനദണ്ഡങ്ങളും സമ്പ്രദായങ്ങളും എങ്ങനെ മൂല്യവത്കരിക്കപ്പെടുകയും സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യുന്നുവെന്നും, ഇത് ഇതര പുരുഷത്വങ്ങളുടെ പാർശ്വവൽക്കരണത്തിലേക്കും ലിംഗ അസമത്വങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കും നയിക്കുന്നത് എങ്ങനെയെന്നും കോണലിന്റെ കൃതി വിമർശനാത്മകമായി പരിശോധിക്കുന്നു. മാസ്ക്കുലിനിറ്റിക്കുറിച്ചുള്ള പഠനങ്ങൾ ഫെമിനിസ്റ്റ് അന്വേഷണത്തിലെ വിശാല മേഖലയാണ്. കോണലിന്റെ സമീപനത്തിലെ പ്രകടമായ ചില സമഗ്രതകൾകൊണ്ട് അക്കാര്യം എടുത്തുസൂചിപ്പിച്ചു എന്നേയുള്ളൂ.

ആട്ടം സിനിമയിലെ അഞ്ജലിയുടെ കാമുകനായ വിനയിലൂടെ, മുഖ്യനടനായ ഹരിയിലൂടെ, മറ്റു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും ചലനങ്ങളിലൂടെയും ആണത്ത പ്രതിസന്ധിയുടെ ചില സവിശേഷ സൂക്ഷ്മതകൾ കൂടെ സിനിമ പിടിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.

2023- ൽ ക്ളോ ഡെമോണ്ട് സംവിധാനം ചെയ്ത ഫെയർ പ്ലേ എന്ന സിനിമ അതിഭീകരമായ പ്രൊഫഷണൽ മത്സരങ്ങൾ നടക്കുന്ന ന്യൂയോർക്ക് സ്റ്റോക് ട്രേഡിങ്ങ് കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതിമാരിൽ ഭാര്യക്ക് മികച്ച ഒരു പ്രമോഷൻ കൈവരുന്നതോടെ ഭർത്താവിനുണ്ടാകുന്ന അസൂയയും വിരോധവും അത് അവരുടെ ബന്ധത്തിലുണ്ടാക്കുന്ന വിള്ളലുമാണ് പ്രമേയമാക്കുന്നത്.

ക്ളോ ഡെമോണ്ടിന്റെ ‘ഫെയർ പ്ളേ’ സിനിമയിൽ നിന്ന്

ആട്ടം മുന്നോട്ടു വയ്ക്കുന്ന ആശയം സാർവ്വലൗകികമാണോ എന്ന ചോദ്യം ഈ ചിത്രത്തിന്റെ പശ്ചാത്തലത്തിലും പ്രസക്തമാവുന്നുണ്ട്. തൊഴിലിടങ്ങളിലെ ലിംഗനീതിയെക്കുറിച്ചും തുല്യവേതനത്തെക്കുറിച്ചും ഒക്കെയുള്ള ചർച്ചകൾക്കിടയിൽ  പങ്കാളിയായ പുരുഷനേക്കാൾ സമ്പാദിക്കുന്ന, ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്ന സ്ത്രീകളെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി വിലയിരുത്തപ്പടുന്ന ഒന്നാണ് ഇത്തരം ദാമ്പത്യ കാലുഷ്യങ്ങൾ. പലപ്പോഴും വൃണപ്പെട്ട പുരുഷഗർവത്തിനു വഴങ്ങിയോ അതിനോട് പൊരുതിയോ അതുമായി സമരസപ്പെട്ടോ ഒക്കെ സ്വകാര്യബന്ധങ്ങളിലെ നൂൽപ്പാല നടത്തംകൂടി ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണവും കൂടിവരുന്നുണ്ട് എന്നത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിനും അവസരസമത്വത്തിനുമൊപ്പം പരിഹരിക്കപ്പെടാതെ നീളുന്ന മറ്റൊരു പ്രശ്നമാണ്.

ആട്ടം അതിന്റെ സൂക്ഷ്മമായ ആന്തരിക ഘടനയിലും അവതരണരീതിയുടെ ബാഹ്യഘടനയിലും സ്വീകരിച്ചിരിക്കുന്ന അന്യാദൃശമായ മിതത്വം സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ സാർവ്വലൗകികമായ രാഷ്ട്രീയത്തോട് നീതി പുലർത്തുന്നുണ്ട്. ഒപ്പം വിവിധ മേഖലകളിലെ തൊഴിലിടങ്ങളിലെ സമാനമായ പ്രശ്നങ്ങളുടെ ഒരു സവിശേഷ മാതൃക മാത്രമായി സ്വയം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ബൗദ്ധികവും കലാപരവുമായ ഈ കയ്യടക്കം സമാനമായ നിരവധി പ്രശ്നങ്ങൾ പ്രതിഫലിക്കുന്ന ഒരു പ്രതലമായി അതിനെ മാറ്റുന്നു

ഒടുവിൽ ഒരാൾ കുറ്റസമ്മതം നടത്തിയാൽത്തന്നെ, ഗർവിഷ്ടരായ ഒരു ആൺകൂട്ടത്തിന്റെ ഭാഗം മാത്രമായി അടയാളപ്പെട്ടുകഴിഞ്ഞ അയാളുടെ കുറ്റസമ്മതത്തിനുപോലും നിസ്സാരമായ സ്ഥാനമേ വിചാരണയുടെയും അപമാനങ്ങളുടെയും വഴി നടന്നുതീർത്ത ഒരു സ്ത്രീയുടെ മനസിൽ ഉണ്ടാവൂ എന്ന വളരെ അനിവാര്യമായ ഓർമ്മപ്പെടുത്തൽ ശക്തമായി മുന്നോട്ടുവയ്ക്കുന്നു എന്നതാണ് ആട്ടം  എന്ന സിനിമയെ ഇത്രയേറെ വ്യത്യസ്തമാക്കുന്നത്. മറ്റൊന്ന്, ചെറുതും വലുതുമായ ലൈംഗിക ഹിംസകൾ എല്ലാം ഒരുപോലെ നിയമപരമായി മാത്രം കൈകാര്യം ചെയ്യേണ്ടതാണ് എന്ന സമീപനത്തെ ചോദ്യം ചെയ്യുന്ന കഥാപാത്രമാണ് ഇതിലെ നായിക. തനിക്കു ലഭിക്കേണ്ട നീതിയെന്താണെന്നു ആലോചിക്കാക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീക്ക് പ്രധാനമായിട്ടുള്ളത് എന്നും ആ തീരുമാനത്തെ വിചാരണ ചെയ്യുന്നതും അസ്വതന്ത്രതയുടെ അടയാളമാണെന്നതും മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ആട്ടം ഒരു ഫെമിനിസ്റ്റ് റിയലിസ്റ്റ് സിനിമയാണ്. അതിന്റെ പരിമിതികളേക്കാൾ, ശ്രദ്ധിക്കേണ്ട സങ്കീർണമായ ചില രാഷ്ട്രീയ - സാംസ്കാരിക നിലപാടുകൾ മുന്നോട്ടുവയ്ക്കുന്നു എന്നതിനാൽത്തന്നെ ഈ സിനിമയുടെ കാലിക പ്രാധാന്യം തള്ളിക്കളയാൻ കഴിയുന്നതല്ല.

Comments