ഒരു സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി, താൻ സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടു എന്ന് തുറന്നുപറയുമ്പോൾ നിങ്ങൾ ആർക്കൊപ്പം നിൽക്കും.
ആ ചോദ്യം നിങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിൽ, അവളുടെ പാസ്റ്റിലേക്കും, തൊഴിലിലേക്കും, വസ്ത്രത്തിലേക്കും, അവളുടെ പ്രണയത്തിലേക്കും അതിന്റെ സങ്കീർണതകളിലേക്കുമാണ് നിങ്ങളുടെ ചിന്തകൾ പോകുന്നതെങ്കിൽ തീർച്ച, ആ നിമിഷത്തിൽ തന്നെ അവിടെ ഉന്നയിക്കപ്പെട്ട കാതലായ പ്രശ്‌നത്തെ നിങ്ങൾ മറന്നുകളയുകയും അബ്യൂസർക്കനുകൂലമായ നിലപാടെടുക്കുകയും ചെയ്തുവെന്നാണ്. ഇത്തരം ചില ചോദ്യങ്ങളിലേക്ക് പ്രേക്ഷകരെ കുരുക്കിയിടുന്ന സിനിമാനുഭവമാണ് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം.
അരങ്ങ് എന്ന നാടക ഗ്രൂപ്പിനകത്ത് നടക്കുന്ന ചില സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം സമൂഹത്തിനുനേരെ തിരിച്ചുപിടിക്കുന്ന കണ്ണാടിയാകുന്നുണ്ട്. ഒരു നാടക ഗ്രൂപ്പിന്റെ ചെറിയ സ്‌പേസിലേക്ക് ക്യാമറ തുറന്നുവെച്ച് അവിടെ നടക്കുന്ന വാഗ്വാദങ്ങളെയും ചർച്ചകളെയും ഇഫക്ടീവായി പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ സംവിധായകൻ ഒരുപരിധി വരെ വിജയിക്കുന്നുണ്ട്. സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയം എല്ലാക്കാലത്തും പ്രസക്തവുമാണ്. ആക്രമിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിൽ, പ്രത്യേകിച്ച് ആണിടങ്ങളിൽ, ഏതൊക്കെ രീതിയിലാണ് വീണ്ടും വീണ്ടും അക്രമിക്കപ്പെടുന്നതെന്ന് സിനിമ തുറന്നുകാണിക്കുന്നു.
2012 ഡിസംബർ 16ന് രാത്രി ഡൽഹിയിലെ ഒരു പ്രൈവറ്റ് ബസിൽ 23 വയസുകാരി പെൺകുട്ടി ലൈംഗിക പീഡനത്തിനിരയാവുകയും ആശുപത്രിയിൽ മരിക്കുകയും ചെയ്തപ്പോൾ ഇന്ത്യയുടെ പൊതുവികാരം അവൾക്കൊപ്പം നിന്നു. എന്നാൽ പിന്നീട് ഉയർന്നുവന്ന മനുഷ്യത്വ വിരുദ്ധമായ ചോദ്യങ്ങൾ അന്നേരം വരെ അവൾക്കുവേണ്ടി വിളിച്ച മുദ്രാവാക്യങ്ങളെ റദ്ദ് ചെയ്യുന്നതായിരുന്നു. ആ രാത്രി എന്തിനാണ് ആ പെൺകുട്ടി അവിടെ എത്തിയത് എന്നായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. അതേ കഥാസന്ദർഭങ്ങൾ ആട്ടത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്.
നമ്മുടെ പൊതുബോധം പെൺകുട്ടികൾക്ക് നിഷിദ്ധമായി കരുതുന്ന ചിലയിടങ്ങളുണ്ട്. രാത്രി നിരത്തുകൾ, രാത്രിയിലെ ബസ് യാത്രകൾ, മദ്യപാന സദസുകൾ തുടങ്ങിയ ഇടങ്ങൾ പുരുഷനുവേണ്ടി നിർമിക്കപ്പെട്ടതാണെന്ന ധാരണ തലമുറകളുടെ വ്യത്യാസമില്ലാതെ നിലനിൽക്കുന്നുണ്ട്. ഇത്തരം നിഷിദ്ധ ഇടങ്ങളുടെ വിലക്കുകളെ മറികടക്കുന്ന സ്ത്രീകളെ ഇവിടുത്തെ ആൺകൂട്ടങ്ങൾ സ്ത്രീകളായി പരിഗണിക്കാറില്ല. അവർ സമൂഹത്തിന് ‘ആട്ടക്കാരി’കളാണ്. അല്ലെങ്കിൽ അവൾ പെണ്ണല്ലല്ലോ ആൺകുട്ടിയല്ലേ എന്ന ചോദ്യത്തിലൂടെ എത്സമ്മമാരെ സൃഷ്ടിച്ചെടുക്കും അവർ. പെൺകുട്ടികളെ ആൺകുട്ടികളെന്ന് വിശേഷിപ്പിക്കുന്നത് നിഷ്‌കളങ്കമല്ലെന്നും അവർ ചെന്നുകയറിയ ഇടങ്ങൾ ആണിന്റേതാണെന്ന ഓർമിപ്പിക്കലാണെതെന്നും ഓരോ സ്ത്രീയും തിരിച്ചറിയണം.
രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ആട്ടത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ഒരാൾ പൊതുബോധത്തെ തൃപ്ത്തിപ്പെടുത്തുന്ന വേഷവിധാനവും ജീവിതരീതികളുമുള്ള ഉത്തമ സ്ത്രീയാണ്. മറ്റെയാൾ സ്വതന്ത്രയായ, അവരവർക്കുവേണ്ടി ജീവിക്കുന്ന, പൊതുബോധത്തെ തൃപ്ത്തിപ്പെടുത്താത്ത വസ്ത്രധാരണവും ചോയ്‌സുമുള്ള സ്ത്രീ. അവരുടെ പ്രണയമാകട്ടെ പൊതുബോധത്തിന്റെ ചുരുങ്ങിയ കാഴ്ച്ചപ്പാടിൽ ‘സെറ്റപ്പു’മാണ്. അങ്ങനെയൊരു സ്ത്രീ തന്റെ തൊഴിലിടത്തിൽ അല്ലെങ്കിൽ അത്രയും സുരക്ഷിതമെന്ന് കരുതുന്ന സ്പേസിൽ അക്രമിക്കപ്പെടുമ്പോൾ ഒപ്പമുള്ള മനുഷ്യർ നിരുപരാധികം അവൾക്കൊപ്പം നിൽക്കുമോ? അതല്ല ആദ്യം പറഞ്ഞ കാറ്റഗറിയിൽ വരുന്ന സ്ത്രീക്കാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നതെങ്കിൽ ഇത്തരം ഒരു സംശയത്തിന്റെ സാധ്യതകൾ പോലും ബാക്കിവെക്കാതെ നമ്മൾ അവൾക്കൊപ്പം ചേരും.
സിനിമയിൽ ഏറ്റവും ആഴമുള്ളതും നിലപാടുള്ളതുമായ കഥാപാത്രം സെറിൻ ഷിഹാബ് അവതരിപ്പിച്ച അഞ്ജലിയാണ്. സങ്കീർണതകൾ നിറഞ്ഞ, മുമ്പ് പറഞ്ഞതുപോലെ, പൊതുബോധത്തിന് ദഹിക്കാതെ പോകുന്ന പ്രണയത്തിലൂടെ കടന്നുപോകുന്ന അഞ്ജലി ഒരിക്കൽ പോലും തന്റെ നിലപാടുകളിൽ നിന്നും ഉറച്ച ബോധ്യങ്ങളിൽ നിന്നും ഒരിടപോലും പിന്നോട്ടായുന്നില്ല. പ്രണയത്തിന്റെ നിലനിൽപ്പിന് വേണ്ടിപോലും കള്ളം പറയാൻ അവൾ തയ്യാറാകുന്നുമില്ല. തനിക്ക് വന്നുചേരുമെന്ന് ധരിക്കുന്ന വലിയ നേട്ടങ്ങളുടെ പ്രലോഭനത്തിൽ ഭ്രമിച്ചുപോയ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന വിനയ് എന്ന നായകൻ ‘നീയില്ലാതെ ഒരു പാരിപാടിയുമില്ല അഞ്ജലി’ എന്ന് പറയുമ്പോൾ, ഒരു പൊട്ടിച്ചിരി മാത്രമാണ് അവൾ മറുപടിയായി നൽകുന്നത്. എന്നാൽ പൊട്ടിച്ചിരി ഒരു രാഷ്ട്രീയ നിലപാടായി അവതരിപ്പിക്കപ്പെടുമ്പോഴും അതിനെയൊരു സിനിമാറ്റിക് അനുഭവമായി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെടുന്നുണ്ട്.
ആട്ടത്തിൽ ചർച്ചകൾ നടത്തുന്നതും നിലപാടെടുക്കുന്നതും അത് തിരുത്തുന്നതും വിലയിരുത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും പുരുഷന്മാർ തന്നെയാണ്. സിനിമ അതിന്റെ പ്രധാന കഥാതന്തുവിലേക്ക് എത്തിയതിനുശേഷം നടക്കുന്ന കാര്യങ്ങൾ നിലവിലെ പല സാഹചര്യങ്ങളും വിവാദങ്ങളുമായി കണക്ട് ചെയ്യാൻ സാധിക്കുന്നു. ആൺ സദാചാരബോധത്തെയും മുഖംമൂടികളെയും പൊള്ളയായ വിപ്ലവചിന്തകളെയും കഴമ്പില്ലാത്ത സ്ത്രീഅനുകൂല നിലപാടിനെയും സിനിമ ചർച്ചയ്ക്കുവെക്കുന്നുണ്ട്. പുരുഷ കേന്ദ്രീകൃത നാടക ട്രൂപ്പിൽ സംവിധായകനും കോർഡിനേറ്ററും പുരുഷന്മാരായ ഇടത്തിൽ പുരുഷകേന്ദ്രീകൃത നാടകത്തെ അവതരിപ്പിച്ചാണ് സിനിമ ആരംഭിക്കുന്നത് തന്നെ. എന്നാൽ സിനിമ അതിന്റെ അവസാനത്തിൽ പുരുഷകേന്ദ്രീകൃത സ്‌പേസിനെ റദ്ദ് ചെയ്ത് സ്ത്രീ അനുകൂല നാടകത്തെ സൃഷ്ടിക്കുന്നുണ്ട്.
അഞ്ജലിയെന്ന സ്ത്രീയും മുഖമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന 12 മുഖംമൂടികളും രണ്ടുപക്ഷത്തുനിന്ന് സംവദിക്കുന്നിടത്താണ് ആട്ടം അതിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നത്. അബ്യൂസർക്ക് മുഖം നൽകാതെ പ്രത്യക്ഷമായും പരോക്ഷമായും അബ്യൂസർക്ക് ഒപ്പം നിൽക്കുന്ന മനുഷ്യർക്ക് മുഖം നൽകാതെ അവിടെ അവതരിപ്പിക്കപ്പെടുമ്പോൾ അവർ നമ്മൾകൂടി ആണെന്ന തോന്നൽ പ്രേക്ഷകരിൽ സിനിമ ബാക്കി നിർത്തുന്നു.
സിനിമാറ്റിക് അനുഭവത്തേക്കാൾ കൂടുതൽ നാടകത്തിന്റെ സ്വഭാവത്തിലാണ് ആട്ടം സഞ്ചരിക്കുന്നത്. സ്വാഭാവികമായിട്ടല്ലാതെ മറിച്ച് സാഹചര്യങ്ങളെ കൃതൃമമായി സിനിമ സൃഷ്ടിച്ചെടുക്കുന്നതുപോലെ അനുഭവപ്പെടുന്നുണ്ട്. അവിടെയാണ് ഒരു നാടകവേദിയിലേക്ക് ക്യാമറ തിരിച്ചുവച്ച അനുഭവമായി ആട്ടം മാറുന്നത്. സിനിമ അതിന്റെ രാഷ്ട്രീയത്തിൽ മികവ് പുലർത്തുമ്പോഴും സിനിമാറ്റിക് അനുഭവം എന്ന നിലയിൽ ശരാശരിയായി ചുരുങ്ങുന്നുണ്ട്. അഭിനേതാക്കൾ പുതുമുഖങ്ങളുടെ പതറിച്ചയില്ലാതെ തങ്ങളുടെ ഭാഗം ഗംഭീരമാക്കുന്നുണ്ട്. വിനയ് ഫോർട്ടാകട്ടെ തനിക്ക് കിട്ടിയ കഥാപാത്രത്തിൽ ചുരുങ്ങിയതായി തോന്നി. പ്രകടനത്തിൽ പുതുമയൊന്നും അനുഭവപ്പെടുന്നുമില്ല. മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും രംഗരാജ് രവിയുടെ ശബ്ദസംവിധാനവും സിനിമയെ ഒരുപടി ഉയർത്തുന്നുണ്ട്. അനീഷ് അനുരുദ്ധന്റെ ക്യാമറയാകട്ടെ സിനിമയുടെ ആഖ്യനത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. നിശ്ചലമായ ചില ഫ്രെയിമുകൾ അതിന്റെ രാഷ്ട്രീയത്തെയും തുറന്നുകാണിക്കുന്നുണ്ട്. പുരുഷകേന്ദ്രീകൃത ഇടങ്ങളെയും അതിന്റെ പൊള്ളത്തരങ്ങളെയും ഹുങ്കിനെയും അട്ടിമറിച്ച് സൃഷ്ടിക്കപ്പെടുന്ന പെണ്ണിടമാണ് ആട്ടത്തിന്റെ ഭംഗി.