FAFA
അൺലിമിറ്റഡ് ആവേശം

അന്യഭാഷാ ചിത്രങ്ങളുടെയും മലയാളത്തിലെ വളരെ പ്രസക്തമായ സമാന്തര – മദ്ധ്യവർത്തി സിനിമകളുടെയും ഭാഗമായി നിന്നിരുന്ന ഫഹദ് ഫാസിലിനെ ‘FAFA’ എന്ന എന്റർടെയ്നറിന്റെ തലപ്പൊക്കത്തിലേക്ക് റീ ബ്രാൻഡ് ചെയ്യുകയെന്ന ജിത്തു മാധവന്റെ ആവേശത്തിൽ നിന്നാണ് ‘ആവേശം’ എന്ന സിനിമയും ഉണ്ടാവുന്നത്.

ആവേശം എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ ബാക്കി നിൽക്കുന്ന വരികൾ: ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്. അത്രയധികം ആവേശകരമായ അനുഭവമാണ് ജിത്തു മാധവന്റെ ഈ രണ്ടാം സംവിധാന സംരംഭം. നിരവധി അന്യഭാഷാ ചിത്രങ്ങളുടെയും മലയാളത്തിലെ വളരെ പ്രസക്തമായ സമാന്തര – മദ്ധ്യവർത്തി സിനിമകളുടെയും ഭാഗമായി നിന്നിരുന്ന ഫഹദ് ഫാസിലിനെ ‘FAFA’ എന്ന എന്റർടെയ്നറിന്റെ തലപ്പൊക്കത്തിലേക്ക് റീ ബ്രാൻഡ് ചെയ്യുകയെന്ന ജിത്തു മാധവന്റെ ആവേശത്തിൽ നിന്നാണ് ഈ സിനിമയും ഉണ്ടാവുന്നത് എന്ന് ഒറ്റ കാഴ്ച്ചയിൽ മനസിലാക്കാം.

മനസ്സിന്റെ സങ്കീർണ ചിന്തകളേയും വൈകാരികാവസ്ഥകളെയും സ്പർശിക്കുന്ന, പ്രതിനിധീകരിക്കുന്ന ‘രംഗ’യെന്ന ലോക്കൽ ഗാങ്സ്റ്ററുടെ നർമവും ഇടർച്ചകളും സൗഹൃദങ്ങളും അഴിഞ്ഞാട്ടത്തിന്റെ നിമിഷങ്ങളും ഒരേസമയം പകർന്നാടി തിളച്ചുനിൽക്കുന്ന ഫഹദിന്റെ തീവ്രമായ പെർഫോമൻസ് തന്നെയാണ് ഈ ചിത്രത്തിന്റെ സെല്ലിങ് പോയിന്റ്.

ഒറ്റവരിയിൽ ഒതുക്കാവുന്ന ഒരു കഥയും അതിൽ വളരെ കൃത്യമായി പുരോഗമിക്കുന്ന കഥാപാത്രാവിഷ്കരണവും സന്ദർഭങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന സ്വാഭാവിക നർമവും ഒരു സീൻ തുടങ്ങും മുതൽ തീരുന്നതുവരെ പ്രേക്ഷകരുടെ ആവേശത്തിന്റെ അളവുകോലുകളെ ആരോഹണ അവരോഹണ ക്രമത്തിൽ നിലനിർത്തുന്നു.

ബാംഗ്ലൂർ എന്ന നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി കടന്നുവരുന്ന മൂന്ന് യുവാക്കളും അവർ നേരിടുന്ന റാഗിംഗ് സംബന്ധമായ പ്രതിസന്ധികളും, തുടർന്ന് തങ്ങളെ ദ്രോഹിച്ചവരോട് പകരം ചോദിക്കാനായി ഒരു 'ലോക്കൽ സപ്പോർട്ട്' തിരഞ്ഞുള്ള അവരുടെ യാത്രയുമാണ് സിനിമയുടെ തുടക്കം. ഇവിടെ നിന്ന് രംഗയുടെ രംഗപ്രവേശം വരെയുള്ള സിനിമയുടെ ഗ്രാഫ് തന്നെയാണ് ഡയറക്ടറുടെ കഴിവിനെ എടുത്തുകാട്ടുന്നതും ചിത്രത്തെ ആവേശം എന്ന ടൈറ്റിലിലേക്ക് എത്തിക്കുന്നതും.

ജിത്തു മാധവൻ
ജിത്തു മാധവൻ

പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് സന്ദർഭങ്ങളെ കൃത്യമായ അളവിൽ ഇണക്കിച്ചേർത്ത് സിനിമയുടെ വൈകാരികമായ ഒരു രാസപ്രവർത്തനത്തിൽ തളച്ചിടാൻ (Emotional hook) പലപ്പോഴും സംവിധായകർ പരാജയപ്പെട്ടുപോകുന്നതാണ് ഈ അടുത്ത കാലത്ത് വ്യത്യസ്ത ഭാഷകളിൽ ഇറങ്ങിയ ആഘോഷചിത്രങ്ങളുടെ പരാജയങ്ങൾക്ക് കാരണമായിത്തീർന്നത്. എന്നാൽ ആവേശത്തിലെത്തുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. തന്റെ സിനിമയിലേക്കും അതിന്റെ പശ്ചാത്തലത്തിലേക്കും പ്രേക്ഷകരെ എങ്ങനെ കൃത്യമായി കൊണ്ടുവരണമെന്നും, ഒരു Emotional Elevation സൃഷ്ടിച്ച് ‘രംഗ’യുടെ അധികാരപരിധിയിലേക്ക് സിനിമയുടെ കാഴ്ചയെ എങ്ങനെ പ്രതിഷ്ഠിക്കണമെന്നും ജിത്തു മാധവന് നന്നായി അറിയാമെന്ന് ആവേശത്തിന്റെ മാസ് / കോമഡി രൂപകല്പന തെളിയിക്കുന്നുണ്ട്.

Fafa എന്ന പവർ ഹൗസ്

‘കരയാൻ കണ്ണീരില്ല
കണ്ണീരൊപ്പാൻ ആരും പോരണ്ട
എരിയും മൂന്നാം കണ്ണിൽ കോപം കൊള്ളും സംഹാരമൂർത്തി’
ആവേശത്തിന്റെ ആത്മാവ് ഫഹദ് ഫാസിലാണ്. വളരെ പതിഞ്ഞമട്ടിൽ കൃത്യമായി രാഷ്ട്രീയം സംസാരിക്കുന്ന, സമാന്തരവും മധ്യവർത്തിയുമായ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ വ്യത്യസ്ത ഭാഷകളിൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുന്ന ഫഹദിന്റെ എനർജിയെ വേണ്ടവിധം മലയാള സിനിമയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിലെ അഭിനയ മികവിനെ കണ്ടെത്തുന്നതിനൊപ്പം ഒരു മികച്ച പെർഫോമറെ തിരയാനും കൊമേഴ്‌ഷ്യൽ സത്തയെ പുറത്തെടുക്കാനും അടുത്തിടെ നടത്തിയ ഏറ്റവും മികച്ച യത്നമായി ആവേശം മാറിയിരിക്കുകയാണ്. പതിവ് ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ ഉണ്ടാവാറുള്ള അവതരണശൈലികളിലുള്ള സ്റ്റീരിയോടൈപ്പുകളെ പാടേ തകർത്ത് അയാളുടെ വൈകാരികതകളെ വ്യത്യസ്തമായ ആഖ്യാനപരിസരങ്ങളിലൂടെ കണ്ടെത്താനാണ് സിനിമ ശ്രമിക്കുന്നത്. ആ ശ്രമത്തിലേക്ക് ഫഹദ് എന്ന അഭിനേതാവിനൊപ്പം അയാളിലെ താരം നല്കുന്ന സംഭാവന വളരെ വലുതാണ്. പലപ്പോഴും പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ കടന്നുവരാറുണ്ടെന്ന് വിമർശനം ഉയർന്നിരുന്ന ‘ഷമ്മി ട്രെയിറ്റ്’ പാടേ ഉപേക്ഷിച്ച് തികച്ചും രംഗ എന്ന ഗുണ്ടയിലേക്ക് ഫഹദ് പരകായ പ്രവേശം നടത്തുന്നു. ഏത് വേഷവും വഴങ്ങുന്ന, ചെയ്ത വേഷങ്ങളിലൊന്നും മറ്റൊരു നടനെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധം അനന്യമെന്ന് തോന്നിപ്പിക്കുന്ന ഫഹദിനെ, ആരാധകരുടെ സ്വന്തം ‘fafa’ ആയി അഴിഞ്ഞാടാൻ വിടുന്ന ചിത്രമാണിത്.

ഒപ്പം, സ്ഫടികത്തിലും മാരിയിലും കണ്ടുമറന്ന നാടൻ ചട്ടമ്പികളുടെ ചില വേദനകളും അവരുടെ ജീവിതത്തിൽ യാദൃച്ഛികമായി കടന്നുവരുന്ന ദുരന്തങ്ങളും അതുമൂലം അവരിൽ ആരോപിക്കപ്പെടുന്ന ‘ഗുണ്ട’ എന്ന ലേബലും രംഗയിലും കാണാം. ‘അട മോനേ’ എന്നു വിളിച്ച് ആവേശത്തോടെ കുതിക്കുന്ന രംഗയെയും കണ്ണുനീർ മറയ്ക്കാൻ കണ്ണടവയ്ക്കുന്ന രംഗയെയും ആവേശത്തിൽ കാണാം. ഈ ദ്വന്ദങ്ങൾക്കിടയിലുള്ള വ്യത്യസ്തമായ അനുഭൂതികളുടെ ആകെത്തുകയാണ് തിയേറ്ററിൽ ആവേശത്തിനുള്ള വകയൊരുക്കുന്നത്.

സുഷിൻ ശ്യാമിന്റെ ‘രംഗ’താളം

തിരശീലയിൽ ആവേശത്തിന്റെ വർണങ്ങൾ വീഴുമ്പോൾ മുതൽ തുടങ്ങുകയാണ് സുഷിന്റെ ചടുലമായ പശ്ചാത്തലസംഗീതം. കഥയുടെ പുരോഗതി സംഗീതത്തിലൂടെയാണ് അനുഭവവേദ്യമാകുന്നത്. ഫഹദിന്റെ രംഗ തിരശീലയിൽ കത്തിപ്പടരുമ്പോൾ അതിനോട് കിടപിടിക്കുന്ന അല്ലെങ്കില്‍ അതിനെക്കാൾ ഒരുപടി കേറിനിൽക്കുന്ന ‘അഡ്രിനാലിൻ റഷ്’ ആവേശത്തിന്റെ ആഖ്യാനത്തിൽ സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനെ പൂർണമായി ഉൾക്കൊണ്ട് സുഷിൻ, തന്റെ സംഗീതത്തിലൂടെ മറ്റൊരു രംഗയായി മാറുകയാണ്.

‘ഇല്ലുമിനാറ്റി’ എന്ന ഗാനത്തിലെ
“ഉലകിതിലാരോടും തോൽക്കാ വീരൻ
കരളിതിലമ്മയ്ക്കായ് തേങ്ങും പൈതൽ
മടിയിൽ പാലൂട്ടും സ്നേഹം നീയേ
മറഞ്ഞോ താരാട്ടാതെന്നേ..”
എന്ന് കഥാപത്രത്തിന്റെ മനസിന്റെ ചില വേദനകളെ ഒന്ന് തലോടാൻ ശ്രമിക്കുകയും തുടർന്ന്
“കരയാൻ കണ്ണീരില്ല
കണ്ണീരൊപ്പാൻ ആരും പോരണ്ട
എരിയും മൂന്നാം കണ്ണിൽ കോപം കൊള്ളും സംഹാരമൂർത്തി”
എന്ന് തിരികെ ആവേശത്തിമിർപ്പിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന സംഗീതത്തിന്റെ സ്വഭാവം സിനിമയുടെ കഥാഖ്യാനരീതി തന്നെയാണ്. ആവേശത്തിന്റെയും വൈകാരികതയുടെയും നർമ്മത്തിന്റെയുമിടയിലുള്ള സിനിമയുടെ ഈ ട്രപ്പീസുകളിയിൽ ആവേശത്തിന്റെ സീൻ മാറ്റുന്നത് സുഷിൻ ശ്യാം എന്ന വ്യക്തയാണ് .

രംഗയുടെ ശക്തി

രംഗയുടെ വലം കൈയ്യായ ‘അമ്പാൻ’ എന്ന കഥാപാത്രത്തെ പകരക്കാരനില്ലാത്ത വിധം സജിൻ ഗോപു അവതരിപ്പിക്കുന്നുണ്ട്. രംഗയോട് ആത്മാർഥമായ സ്നേഹവും വിശ്വസ്തതയുമുള്ള അനുയായി എന്ന നിലയിൽ സാന്ദർഭികമായ നർമങ്ങളിലൂടെയും കരുത്തുറ്റ പ്രകടനങ്ങളിലൂടെയും സജീൻ ‘ആവേശ’ത്തിന്റെ പ്രധാന ചേരുവയായി മാറുന്നുണ്ട്. പല രംഗങ്ങളിലും അയാൾ രംഗയെ മറികടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. രംഗയെന്ന വ്യക്തിയോടുള്ള അഭിനിവേശവും ബഹുമാനവും അമ്പാനെ ആഖ്യാതാവാക്കി മാറ്റുന്നുണ്ട്. എന്നാൽ രംഗയോടുള്ള ആയാളുടെ ഈ സമീപനം അവസരോചിതമായ നർമ്മങ്ങൾക്കും വഴിയൊരുക്കുന്നു.
രംഗയുടെ ശക്തിയായി ചില പ്രത്യേകകഥാപത്രങ്ങളുമുണ്ട്. ആസ്വാദനത്തിന്റെ പൂർണതയ്ക്കായി അവരെ ട്രെയിലറിൽനിന്ന് ഒഴിവാക്കിയതിനാൽ ഇവിടെ പരമാർശിക്കുന്നില്ല. ടിക്കറ്റ് എടുക്കാനുള്ള കാരണങ്ങളിലൊന്നായി അവർ നിലനിൽക്കട്ടെ.

സജിൻ ഗോപു
സജിൻ ഗോപു

ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ. എസ്, റോഷൻ ഷാനവാസ് എന്നിവർ ആദ്യ ചിത്രത്തിന്റേതായ യാതൊരപാകതകളും സങ്കോചങ്ങളുമില്ലാതെ സ്വാഭാവിക പ്രകടനങ്ങളിലൂടെ വിദ്യാർത്ഥിജീവിതത്തെയും യൗവനത്തിന്റെ എടുത്തുചാട്ടത്തെയും കൃത്യമായി പ്രേക്ഷകരിലെത്തിക്കുന്നുണ്ട്. പലപ്പോഴും രംഗയുടെ ഭൂതകാല ഓർമകളായും അയാളിലേക്കുള്ള ദൂരമായുമൊക്കെ ഈ വിദ്യാർഥികളുടെ കഥാപാത്രാവിഷ്കരണം പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. രംഗയോടുള്ള അവരുടെ സമീപനം ബാംഗ്ലൂർ ജീവിതത്തോടുള്ള അവരുടെ സമീപനമായി മനസ്സിലാക്കുമ്പോളാണ് സിനിമയുടെ മനഃശാസ്ത്രം വ്യക്തമാകുന്നത്. പഠനത്തിനും ലക്ഷ്യങ്ങൾക്കും പ്രാധാന്യം നൽകാതെ ആഘോഷങ്ങൾക്കും ലഹരിയ്ക്കും പിന്നാലെ പരക്കം പായുന്ന ജീവിതങ്ങളുടെ പ്രതിനിധാനമായി ഈ മൂന്ന് കഥാപാത്രങ്ങളും മാറുന്നു.

അവർ കേട്ടറിയുന്ന രംഗയിൽ നിന്ന് അവർ അനുഭവിച്ചറിയുന്ന രംഗയിലേക്കുള്ള ദൂരംതന്നെയാണ് ആവേശം എന്ന സിനിമ. മൻസൂർ അലി ഖാന്റെ കഥാപാത്രവും കോളേജ് എതിരാളിയായി കടന്നുവരുന്ന കഥാപാത്രവും തുടങ്ങി സിനിമയിൽ വന്നുപോവുന്ന ഓരോരുത്തർക്കും കൃത്യമായ വ്യക്തിത്വവും ഇടവും നല്കാനും, അതിന്റെ പ്രതിഫലനം ഉടനീളം തുടർന്നുകൊണ്ടുപോകാനും സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്.

ആവേശം എങ്ങനെ,
ആർക്കൊക്കെ?

ആവേശം എല്ലാവർക്കും ഒരേഅളവിൽ ആവേശം പകരുന്ന സിനിമാനുഭവമാകുമോ എന്നതിൽ സംശയമുണ്ട്. കൂടാതെ, സെക്കൻഡ് ഹാഫിൽ കയ്യിൽ നിന്നുപോകുമോയെന്ന് തോന്നിയേക്കാവുന്ന ചില സന്ദർഭങ്ങളിൽനിന്ന് സിനിമ, സടകുടഞ്ഞെണീറ്റ് സുരക്ഷിതമായ അന്ത്യത്തിലേക്ക് കടക്കുന്നതായും കാണാം.

രോമാഞ്ചമണിയിക്കുന്നതിനും പൊട്ടിച്ചിരിപ്പിക്കുന്നതിനുമൊപ്പം സദാചാര സങ്കൽപ്പങ്ങൾക്കും ‘നന്മയുള്ള വില്ലൻ’ എന്ന പതിവ് സമവാക്യങ്ങൾക്കുമപ്പുറം സഞ്ചരിക്കുന്ന രംഗയെന്ന കന്നടക്കാരനായ ഗുണ്ടയാണ് ഇതിലെ നായകനും പ്രതിനായകനും. അതിനാൽ അയാളുടെ നില തികച്ചും ഒരു പ്രതിനായകപക്ഷത്താണ് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ക്രൂരനും അതേസമയം നല്ലവനുമായ ബോംബെ അധോലോകനായന്മാരെ പ്രതീക്ഷിച്ച് ആരും തിയേറ്ററിൽ പോകരുത്. രംഗ അത്തരം കാര്യങ്ങളിൽ സ്വന്തമായ വ്യക്തിത്വം പുലർത്തുന്ന കഥാപാത്രമാണ്.
അയാളുടെ ജീവിതമുഹൂർത്തങ്ങളും രീതികളുമെല്ലാം ഒരുപക്ഷേ യുവാക്കൾക്കും മാസ് സിനിമകളുടെ ആസ്വാദർക്കുമാവും കൂടുതൽ കണക്ട് ആവുക. കുടുംബപ്രേക്ഷകരെയും ‘നിശ്ശബ്ദ തിയേറ്റർ അന്തരീക്ഷം’ ഇഷ്ടപ്പെടുന്നവരെയും ഈ സിനിമ ആകർഷിക്കാൻ സാധ്യതയില്ല. ഹൃസ്വമായി പറഞ്ഞാൽ ആഘോഷവേളയിലെ ആവേശാനുഭവം മാത്രം ലക്ഷ്യം വയ്ക്കുന്ന, പ്രേക്ഷകരുടെ പങ്കാളിത്തത്തെയും ആവേശത്തെയും അത്രയധികം ആവശ്യപ്പെടുന്നതുമായ മികച്ച തിയേറ്റർ അനുഭവമാണ് ആവേശം. ഒരു സുവർണ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാള സിനിമയിലേക്ക് ‘അട മോനേ’ എന്നു പറഞ്ഞുകൊണ്ട് കടന്നുവരികയാണ് ‘രംഗ’.


Summary: ഫഹദ് ഫാസിലിനെ ‘FAFA’ എന്ന എന്റർടെയ്നറിന്റെ തലപ്പൊക്കത്തിലേക്ക് റീ ബ്രാൻഡ് ചെയ്യുകയെന്ന ജിത്തു മാധവന്റെ ആവേശത്തിൽ നിന്നാണ് ‘ആവേശം’ എന്ന സിനിമയും ഉണ്ടാവുന്നത്.


വിനയ് പി. ദാസ്

കാര്യവട്ടം കേരള യൂണിവേഴ്സിറ്റി കാമ്പസിൽ എം.എ മലയാളം വിദ്യാർഥി.

Comments