സ്‌നേഹം കൊതിക്കുന്ന പാവം ക്രൂരൻ രങ്കൻ!

മാതൃസ്‌നേഹം കൊതിക്കുന്ന ഒറ്റബുദ്ധിക്കാരനായ പാവം ക്രൂരനാണ് രങ്കൻ. അയാളെ റോൾ മോഡലായി സ്‌നേഹിക്കുന്ന കൂട്ടാളിയാണ് അമ്പാൻ. രങ്കനും മൂന്ന് വിദ്യാർത്ഥികളും അമ്പാനും തമ്മിലുള്ള ആത്മബന്ധം ആവിഷ്‌ക്കരിക്കുന്ന ഗ്യാങ്സ്റ്റർ സ്പൂഫ് ജോണറിലുള്ള ചലച്ചിത്രമാണ് ജിതു മാധവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഫഹദ് ഫാസിൽ ചിത്രം ആവേശം.

മലയാള സിനിമയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഗ്യാങ്സ്റ്റർ സ്പൂഫ് സിനിമകളിലേക്ക് ഒരു ബോക്‌സോഫിസ് ഹിറ്റ് അടിക്കുക എന്ന അത്യപൂർവ്വമായ പ്രതിഭാസമാണ് 'ആവേശ'ത്തിലൂടെ ജിതു മാധവനും ക്രുവും സാധ്യമാക്കിയിട്ടുള്ളത്. ഗുണ്ടാപ്പണിയുടെ അധോലോക ജീവിതത്തിൽ കുറ്റബോധപ്പെട്ട് തന്നിലെ നന്മയെ യഥാർത്ഥ സ്വത്വത്തെ ആവിഷ്‌ക്കരിക്കാൻ കഴിയാതെ പ്രതിസന്ധിയിലാകുന്ന പാവം ക്രൂരനായ രങ്കന്റെ മാനസികാവസ്ഥ ഭാർഗവ ചരിതം മൂന്നാംഖണ്ഡം എന്ന സിനിമയിലെ ഭാർഗവനിലും ദർശിക്കാം. ഗ്യാങ്സ്റ്റർ സ്പൂഫ് ഗണത്തിൽ വരുന്ന ഭാർഗ്ഗവ ചരിതം മൂന്നാം ഖണ്ഡം (2006, ജോമോൻ) പരാജയപ്പെട്ടൊരു പരീക്ഷണ ചിത്രമായിരുന്നു.

മാതൃസ്‌നേഹം കൊതിക്കുന്ന ഒറ്റബുദ്ധിക്കാരനായ പാവം ക്രൂരനാണ് രങ്കൻ. അയാളെ റോൾ മോഡലായി സ്‌നേഹിക്കുന്ന കൂട്ടാളിയാണ് അമ്പാൻ

ഒമ്പത് വർഷങ്ങൾക്ക് ശേഷം 2015ൽ ലിജോ ജോസ് പെല്ലിശ്ശേരി ഡബ്ബിൾ ബാരൽ എന്ന ഗ്യാങ്സ്റ്റർ സ്പൂഫ് സിനിമയുമായി എത്തിയിട്ടും ബോക്‌സോഫീസ് കനിഞ്ഞില്ല. സാങ്കേതിക പരമായി ഏറെ മികവ് പുലർത്തുന്ന ഇപ്പോളും പലരുടേയും ഇഷ്ടചിത്രമായ ഡബ്ബിൾ ബാരൽ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൾട്ട് ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ഡബ്ബിൾ ബാരലിന് സ്വന്തമാക്കാൻ കഴിയാതിരുന്ന ബോക്‌സോഫീസ് വിജയം, ഒമ്പത് വർഷങ്ങൾക്ക് ശേഷം 'ആവേശം' എന്ന തന്റെ രണ്ടാമത്തെ സിനിമയിലൂടെ കഴിഞ്ഞു, എന്നത് ജിതു മാധവനെന്ന സംവിധായകന്റെ ക്രാഫ്റ്റിനെ അടയാളപ്പെടുത്തുന്നു. സംവിധായകന്റെ ക്രാഫ്റ്റിനെ ഭദ്രമാക്കുന്ന നിലയിൽ, ഫഹദ് ഫാസിൽ എന്ന താരനടന്റെ ഭ്രമാത്മകമായ പർന്നാട്ടത്തിന്റെ ആവിഷ്‌ക്കാരം കൂടിയാണ് ഈ ചിത്രം. പ്രമേയത്തിലെ പരീക്ഷണങ്ങൾ മലയാളി പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങുകയും വൻ വിജയമാക്കുകയും ചെയ്യുന്നു എന്നത് 'ആവേശം' സിനിമയുടെ വിജയത്തെ മുൻനിറുത്തി മലയാളി പ്രേക്ഷകരുടെ വളർച്ചയെ കൂടി വ്യക്തമാക്കുന്നു.

ഗോഡ്ഫാദറിലെ അഞൂറാന്റെ ഗേറ്റിലെ ബോർഡിനും സമമാണ് ജിതു മാധവന്റെ ആദ്യ സിനിമയായ രോമാഞ്ചം. ആവേശത്തിലെത്തുമ്പോളും ആ തുടർച്ച കാണാം. ബിബിൻ എന്ന വിദ്യാർത്ഥിയുടെ അമ്മയും രങ്കന്റെ അമ്മയുമല്ലാതെ ആഖ്യാനത്തെ നിയന്ത്രിക്കുന്ന സ്ത്രി കഥാപാത്രങ്ങളുടെ അസാന്നിദ്ധ്യം ആവേശം എന്ന സിനിമയിൽ പ്രകടമാണ്. തന്റെ ഗുണ്ടാജീവിതത്തിൽ മനം നൊന്ത് അമ്മ ഉപേക്ഷിച്ചു പോയതിന്റെ തീവ്രദു:ഖം കുറ്റബോധമായി ഉള്ള് നീറ്റുന്ന രങ്കനെ സ്വാധീനിക്കുന്നതും അയാളുടെ കൊല്ലാനുള്ള തൃഷ്ണയെ അടക്കി നിർത്തുകയും ചെയ്യുന്നത് ബിബിന്റെ അമ്മയും അവരുടെ ഫോൺ കോളുകളുമാണ്. K.G.F എന്ന സിനിമയിലെ മാതൃസ്‌നേഹത്തെ അടയാളപ്പെടുത്തുന്ന മ്യൂസിക് ഫോണിലെ റിങ് ടോൺ ആയി കേൾക്കുമ്പോൾ അമ്മക്കുട്ടിയാകുന്ന രങ്കന്റെ നിഷ്‌കളങ്കതയും നന്മയും കാണാം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൾട്ട് ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ഡബ്ബിൾ ബാരലിന് സ്വന്തമാക്കാൻ കഴിയാതിരുന്ന ബോക്‌സോഫീസ് വിജയം, ഒമ്പത് വർഷങ്ങൾക്ക് ശേഷം 'ആവേശം' എന്ന തന്റെ രണ്ടാമത്തെ സിനിമയിലൂടെ കഴിഞ്ഞു, എന്നത് ജിതു മാധവനെന്ന സംവിധായകന്റെ ക്രാഫ്റ്റിനെ അടയാളപ്പെടുത്തുന്നു.

അവിടെ നിഷ്‌കളങ്കതയുടെ നഷ്ടമാണ് കലാപങ്ങളുടെ കാതൽ എന്ന് കാണാം. നേർവഴി സാധ്യമല്ലാതെ പോയ കൗമാരവും യൗവ്വനുവും കടന്ന് മധ്യവയസ്സിലേക്ക് കടക്കുന്ന രങ്കൻ തന്നെ തേടിയെത്തിയ വിദ്യാർത്ഥികളിൽ തന്നെത്തന്നെയാണ് ദർശിക്കുന്നത്, നാർസിസിനെപ്പോലെ!... അതുകൊണ്ടാണ് കൂട്ടായി എത്തിയ പയ്യന്മാരിലൊരുവൻ ഏട്ടനെപ്പോലെയാണെന്ന് പറയുമ്പോൾ രങ്കൻ ഇമോഷണലാകുന്നതും, തുടർന്ന് വിദ്യാർത്ഥികളുടെ സംരക്ഷണം ഏറ്റെടുത്ത് രക്ഷാധികാരിയാകുന്നതും. ആ രക്ഷാധികാരത്തിന്റെ ചൂരലാണ് വിദ്യഭ്യാസത്തിന് പിറകെ പോകാനുള്ള ആഹ്വാനമായി ക്ലൈമാക്‌സിൽ രങ്കയെ താൻ സഹോദരങ്ങളായി കരുതുന്ന വിദ്യാർത്ഥികളുടെ പിറകെ പായിക്കുന്നത്. അടിപിടിയിൽ ആൾക്കൂട്ടത്തിന് മുന്നിൽ അപമാനിതനാകുമ്പോൾ അഭിമാനം വ്രണപ്പെട്ടവരുടെ തല്ലുമാലയുടെ കൊട്ടിക്കലാശമാണ് ആവേശം എന്ന സിനിമയുടെ ആകെത്തുക.

പരാജയപ്പെടുന്നവൻ തന്റെ ആൺ വീറ് വീണ്ടെടുക്കാൻ, പ്രതിയോഗിയെ തിരിച്ചു തല്ലി നായകനാകുന്നതിന്റെ പുതിയ കാല ആഘോഷം മാത്രമായി ആവേശം സിനിമയുടെ ആഖ്യാനം പരിമിതപ്പെടുന്നുണ്ട്. അമ്മമാരൊഴികെ സിനിമയിൽ കടന്നു വരുന്ന സ്ത്രികളെല്ലാം കെട്ടുകാഴ്ച പോലെ ഭോഗ ശരീരങ്ങളായി മാത്രമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളു. മാതൃത്വത്തിന്റെ നിരാസം ഉള്ളിലൊരു നോവാകുന്ന കർണ ദു:ഖം പേറുന്ന അനേകം നായകന്മാരുടെ തുടർച്ച മാത്രമാകുമ്പോളും രങ്ക വ്യത്യസ്തനാകുന്നത് ഫഹദ് ഫാസിലിന്റെ സൂക്ഷ്മാഭിനയത്തിലും പാത്ര സ്രഷ്ടിയുടെ ക്യാരിക്കേച്ചർ സ്വഭാവത്തിലും മാത്രമാണ്. തിരക്കഥയിലെ രങ്കന്റെ പ്രതിസന്ധികളും പിന്നിട്ട വഴികളും വളരെ ദുർബലവും ക്ലീഷേ സ്വഭാവം പേറുന്നവയുമാണ്. ഏട്ടന്റെ ചതിയെ തുടർന്നുണ്ടാകുന്ന കൊലപാതകവും അമ്മയുടെ നിരാസവും രങ്കനെ പരമ്പരാഗത വഴിയിലെ നന്മയുള്ള ഗ്യാങ്സ്റ്റർ, പാവം ക്രൂരൻ ഇമേജിൽ കുരുക്കിയിടുന്നു. ഈ കുരുക്കിയിടൽ രങ്കനെന്ന കഥാപാത്രത്തിലൂടെ ഗ്യാങ്സ്റ്റർ സിനിമയിലെ നല്ലവനായ ഗ്യാങ്സ്റ്റർ നായകൻ എന്ന ശീലത്തെ പരിഹസിക്കുകയാണ്.

താൻ ചെയ്തു പോയ കുറ്റത്തെ ചൊല്ലി വ്യസനിച്ച് ഉള്ളുരുക്കത്തോടെ കഴിയുന്ന മൃഗയിയിലെ വാറുണ്ണിയുടെ ഛായ രങ്കയിലും കാണാൻ കഴിയും. മൃഗയ (1989) സിനിമയുടെ തിരക്കഥ സങ്കേതത്തോട് ആവേശത്തിന്റെ തിരക്കഥയുടെ ചേർച്ചകൂടി ഈ വാദത്തെ ശക്തമാക്കുന്നുണ്ട്. ഒരു നാട്ടിൽ പുലി പ്രശ്‌നമായി!... പുലിയെ പിടിക്കാൻ വന്നവൻ പുലിയേക്കാൾ വലിയ പ്രശ്‌നമായി!.. ലോഹിതദാസിന്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത മൃഗയ എന്ന സിനിമയുടെ ആഖ്യാനം തിരക്കഥയിൽ ഇപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പസിൽ സീനിയേഴ്‌സിന്റെ റാഗിങ്ങിന് വിധേയരായ മൂവർ സംഘം തിരിച്ചടിക്കാൻ തീരുമാനിക്കുന്നു. ഈ തീരുമാനം നടപ്പാക്കാൻ അവർ ഒരു ലോക്കൽ ഗുണ്ടയെ സമീപിക്കുന്നു. ലോക്കൽ ഗുണ്ട മൂവർ സംഘത്തിന്റെ ജീവിതത്തിൽ ഇടപെടുന്നതോടെ പുലിയേക്കാൾ വലിയ പ്രശ്‌നം പുലിപിടുത്തക്കാരനാകുന്നു. ഈയൊരു വട്ടത്തിൽ കറങ്ങുന്നൊരു തിരക്കഥയുടെ പരിമിതപ്പെടലാണ് ആവേശം സിനിമയുടെ ആവേശമിത്തിരി കുറക്കുന്നതും, ക്ലാസിക് നിലവാരത്തിൽ നിന്നും ചിത്രത്തെ ബോക്‌സോഫീസ് ഹിറ്റ് എന്ന ഫെസ്റ്റിവൽ സിനിമയായി ചുരുക്കുന്നതും. തിരക്കഥയുടെ ഈ ന്യൂനതയെ മേക്കിങ്ങിനാലും അഭിനേതാക്കളുടേയും സാങ്കേതിക പ്രവർത്തകരുടെ പ്രകടനത്താലും സിനിമ മറികടക്കുന്നു.

അജഗജാന്തരം (2021, ടിനു പാപ്പച്ചൻ), രോമാഞ്ചം (2023, ജിതു മാധവൻ) എന്നീ സിനിമകൾ പോലെ ആണുങ്ങളുടെ തല്ലും തമാശയും ആസ്വദിക്കുന്ന ഇടിപ്പടത്തിന്റേയും കോമഡി സിനിമകളുടേയും ആരാധകരായ പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തിയേറ്റർ കാഴ്ചയിൽ അഡ്രിനാലിൻ റഷ് ഉയർത്തി കയ്യടിപ്പിക്കാൻ പ്രേരിപ്പിക്കുന്ന എന്റർടൈനറാണ് ആവേശം. വിഖ്യാതനായ സംവിധായകൻ Guy Ritchie, ഒരുക്കുന്ന ഫ്രെയിമുകൾക്ക് സമാനമായി ദൃശ്യഭാഷയാൽ ശക്തമായൊരു ഗ്യാങ്സ്റ്റർ സ്പുഫ് സിനിമ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സംവിധായകൻ. ചിത്രത്തിനെ ക്ലാസ് നിലവാരത്തിലുള്ളൊരു ഗ്യാങ്സ്റ്റർ സ്പൂഫാക്കുന്നതിൽ ക്യാമറമാൻ സമീർ താഹിറും മ്യൂസിക് ഡയറക്ടർ സുഷിൻ ശ്യാമും വഹിച്ച പങ്ക് ചെറുതല്ല. സാങ്കേതികമായി ഏറെ മികവുള്ളൊരു ഫെസ്റ്റിവൽ മൂവിയാണ് ആവേശം.

ഫഹദ് ഫാസിൽ എന്ന നടന്റെ താര ശരീരത്തിലേക്ക് ക്യാരിക്കേച്ചർ സ്വഭാവത്തിലുള്ളൊരു ക്രൂരൻ ജീവിക്കുന്നതിന്റെ ചിരിയും സംഘർഷങ്ങളും ആൾക്കൂട്ടത്തെ ആകർഷിക്കാൻ പോന്നതാണ്. വളരെ ലളിതമായൊരു കഥയിലേക്ക് ഏറെ സങ്കീർണതകളുള്ളൊരു കഥാപാത്രത്തെ സന്നിവേശിപ്പിച്ച ശേഷം സ്രഷ്ടിക്കുന്ന മെലോഡ്രാമയുടെ സംഘർഷവും ചിരിയും സ്രഷ്ടിക്കുന്നത് ഫഹദ് ഫാസിലിന്റേയും സജിൻ ഗോപുവിന്റേയും മത്സരിച്ചുള്ള അഭിനയമാണ്. ഇരുവർക്കുമൊപ്പം, ഒശു്വേെലൃ , മിഥുൻ ജയ്, റോഷൻ ഷാനവാസ് എന്നീ പുതുമുഖങ്ങളുടെ പ്രകടനം കൂടി ചേരുന്നതോടെ ഒരിടത്തും ബോറടിക്കാതെ ഈ സിനിമ കണ്ടുതീർക്കാൻ കഴിയും. എന്നാൽ സിനിമ അവസാനിച്ചു കഴിഞ്ഞാൽ, ആസ്വാദനത്തിന്റെ അവശേഷിപ്പായി എന്ത് ബാക്കിയെന്ന് ചോദിക്കുമ്പോൾ ഒരു പൂരം കണ്ട പ്രതീതിയിൽ ആസ്വാദക മനസ് ശൂന്യമാകുന്നു.


പി. ജിംഷാർ

കഥാകൃത്ത്, സിനിമാപ്രവർത്തകൻ, മാധ്യമപ്രവർത്തകൻ. ‘എന്ന് നിന്റെ മൊയ്തീൻ' എന്ന സിനിമയുടെ അസി. ഡയറക്ടറായിരുന്നു. ദൈവം വല നെയ്യുകയാണ്, ഭൂപടത്തിൽനിന്ന് കുഴിച്ചെടുത്ത കുറിപ്പുകൾ, പടച്ചോന്റെ ചിത്രപ്രദർശനം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments