കിറുകൃത്യം മോഹൻലാൽ

തികച്ചും മിതത്വം പാലിക്കുന്ന അഭിനയത്തിലൂടെ, തന്റെ പഴയ ബോസ്സിന്റെ കനത്തിലുള്ള ഒരു നോട്ടത്തിൽ പോലും പതറിപ്പോകുന്ന, ആത്മവിശ്വാസം പാടേ തകർന്ന ഒരു വ്യക്തിയുടെ പങ്കപ്പാടുകൾ സ്‌ക്രീനിൽ കൊണ്ടുവരാൻ ഇക്കുറി അയാൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ആശ്വാസം ദ്വയാർത്ഥ പ്രയോഗങ്ങൾക്കും, മദ്യം മണക്കുന്ന ആണിടങ്ങളിൽ സാധാരണയായി മുഴങ്ങി കേൾക്കുന്ന അശ്ലീല തമാശകൾക്കും ഇക്കുറി അയാൾ നിന്നു കൊടുത്തിട്ടില്ല എന്നതാണ്.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ലാൽഫാൻസിനെ പങ്കെടുപ്പിച്ചു കഴിഞ്ഞ ദിവസം 'നേരി'ന്റെ ഒരു പ്രൊമോഷൻ ഇവന്റ് നടന്നിരുന്നു. പരിപാടിക്കിടെ ആരുടെയോ തോളിൽ കയറിയിരുന്നു 'നെഞ്ചിനകത്ത് ലാലേട്ടൻ' പാടുന്ന ഒരു കുരുന്നിന്റെ വിഡിയോ ഏറെ വൈറൽ ആവുകയും ചെയ്തു.

നാട്ടുഭാഷയിൽ പറഞ്ഞാൽ ''മൊട്ടേന്നു വിരിയുന്നേനെ'' മുന്നേ തന്നെ ആ കുഞ്ഞ്, കട്ട ലാൽ ഫാൻ ആയി മാറിയിട്ടുണ്ട്.

മോഹൻലാൽ എന്ന നടന് മമ്മൂട്ടിയെക്കാളും എന്നും ഗുണമായി ഭവിച്ചിട്ടുള്ള ഒന്നാണ് അയാളുടെ ശക്തമായ ഈ ഫാൻബേസ്. ജാതി-മത-പ്രായ-ലിംഗ ഭേദമന്യേ അതിങ്ങനെ കേരളത്തിന്റെ വടക്കു മുതൽ തെക്കുവരെ ആഴത്തിൽ,പരപ്പിൽ വേരുപടർത്തി കിടക്കുകയാണ്.

അതുകൊണ്ടാണ് മിനിട്ടുകൾ മാത്രമുള്ള ജയിലറിലെ മാത്യുവിന്റെ സീനുകൾക്ക് തിയേറ്റർ പൂരപ്പറമ്പ് ആകുന്നത്.

പത്തു പടം അടുപ്പിച്ചു പരാജയപ്പെട്ടാലും പതിനൊന്നാമത്തെ സിനിമ കയറി കൊളുത്തിയാൽ ലാൽ പിന്നെയും സെലിബ്രേറ്റ് ചെയ്യപ്പെടുമെന്ന് ആത്മവിശ്വാസത്തോടെ പറയാൻ സിദ്ദിക്കിന് കഴിയുന്നത്.

പല അഭിമുഖങ്ങളിലും മമ്മൂട്ടി ആവർത്തിച്ചു സമ്മതിച്ചിട്ടുള്ളത് ആണ് ''താൻ ഒരു ബോൺ ആക്ടർ അല്ല'' എന്നത്. തന്റെ നിരന്തരമായ അധ്വാനം കൊണ്ട് അയാൾ മറികടക്കാൻ ശ്രമിക്കുന്നത്, ലോയൽ ആയ ഇത്തരം ഫാൻസിന്റെ അഭാവവും, ജന്മനാ കിട്ടുന്ന ചില സിദ്ധികളുമാണ്. ഇതുരണ്ടുമാകട്ടെ മോഹൻലാലിന് അളവിൽ കൂടുതൽ പകർന്നു കിട്ടിയിട്ടുമുണ്ട്.

അതിന്മേൽ മോഹൻലാൽ അടുത്തകാലത്തായി ചില ട്രപ്പീസ് കളികൾ നടത്തിയിട്ടുണ്ട് എന്നത് മറക്കുന്നില്ല . അതിൽ മിക്കതും അമ്പേ പാളിയതും , സിനിമകളുടെ തിരഞ്ഞെടുപ്പിൽ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ നൽകാഞ്ഞതും കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇറങ്ങുന്ന ലാൽപടങ്ങളുടെ കളക്ഷനിലും പ്രതിഫലിച്ചിട്ടുണ്ട്.

'നേര്' അതിനൊരു മാറ്റം കുറിക്കുകയാണ്.!

തികച്ചും മിതത്വം പാലിക്കുന്ന അഭിനയത്തിലൂടെ, തന്റെ പഴയ ബോസ്സിന്റെ കനത്തിലുള്ള ഒരു നോട്ടത്തിൽ പോലും പതറിപ്പോകുന്ന, ആത്മവിശ്വാസം പാടേ തകർന്ന ഒരു വ്യക്തിയുടെ പങ്കപ്പാടുകൾ സ്‌ക്രീനിൽ കൊണ്ടുവരാൻ ഇക്കുറി അയാൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ആശ്വാസം ദ്വയാർത്ഥ പ്രയോഗങ്ങൾക്കും, മദ്യം മണക്കുന്ന ആണിടങ്ങളിൽ സാധാരണയായി മുഴങ്ങി കേൾക്കുന്ന അശ്ലീല തമാശകൾക്കും ഇക്കുറി അയാൾ നിന്നു കൊടുത്തിട്ടില്ല എന്നതാണ്.

ജയിലറിലെ മാത്യു

അതുകൊണ്ട് തന്നെയാണ് ''ലാലേട്ടൻ തിരിച്ചുവന്നു'' എന്ന വാചകം ആവർത്തിച്ചു ആവർത്തിച്ചു സൈബർ ഇടങ്ങളിൽ മുഴങ്ങുന്നത്.

പക്ഷേ ഒരു സംശയം...

"ലാലേട്ടന്റെ വിരലുകൾ വരെ അഭിനയിച്ചു" എന്ന് പറയുന്ന മലയാളി പ്രേക്ഷകൻ പക്ഷേ മമ്മൂട്ടിയുടെ "അഭിനയം നന്നായി" എന്നല്ലേ പറയുക.?

മലയാളി പൗരുഷത്തിന്റെ അളവുമാതൃകയായി പ്രതിഷ്ഠിക്കപ്പെടുമ്പോഴും മമ്മൂട്ടിയുടെ ശരീരഭാഗങ്ങളെ പ്രത്യേകം പിരിച്ചു മാറ്റിയുള്ള ഒരു വിലയിരുത്തലിനു നാം മിനക്കെടാറുണ്ടോ?

കൂടിയപക്ഷം മമ്മൂട്ടിയുടെ ശബ്ദവിന്യാസത്തിനു, സ്വരത്തിന്റെ ആരോഹണ -അവരോഹണ ക്രമങ്ങൾക്ക് മലയാളി ഒരു കയ്യടി നൽകിയേക്കാം.അതിൽ കൂടുതൽ എന്തെങ്കിലും?? എന്നാൽ ഇപ്പുറത്തു സംഗതി അല്പം വ്യത്യസ്തമാണ്.

'മോഹൻലാൽ എന്ന മനുഷ്യനെ അടിമുടി സിനിമയ്ക്ക് വേണ്ടി പണിതീർത്ത് ഇറക്കിവിട്ടതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ ആക്ഷേപം പറയരുത്' എന്ന നിലയിലാണ് കാര്യങ്ങൾ.

കണ്ണ്, പുരികം, മീശ, വിരലുകൾ, കാൽ എന്ന് വേണ്ട, ഉടൽ ഉപയോഗിച്ച് കഥ പറയേണ്ടുന്ന ഒരു കലാരൂപത്തിന് ആവശ്യമായ എല്ലാം, കൃത്യം അളവിൽ കടഞ്ഞെടുത്തതാണ് അയാളുടെ ശരീരം ആകെത്തുകയും.!

ഉടൽ ഉപയോഗിച്ച് കഥ പറയേണ്ടുന്ന ഒരു കലാരൂപത്തിന് ആവശ്യമായ എല്ലാം, കൃത്യം അളവിൽ കടഞ്ഞെടുത്തതാണ് അയാളുടെ ശരീരം ആകെത്തുകയും.!

അത് അറിഞ്ഞോ അറിയാതെയോ മോഹൻലാൽ തന്റെ സിനിമകളിൽ കൃത്യമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

'ഇരുവറി'ൽ തനിക്ക് മന്ത്രിസ്‌ഥാനം ലഭിക്കില്ലെന്ന യഥാർഥ്യത്തെ നിശബ്ദമായി അക്സപ്റ്റ് ചെയ്യുന്ന ആനന്ദന്റെ ഒരു പോർഷൻ ഉണ്ട്. സന്തോഷ്‌ ശിവന്റെ ക്യാമറ പൂർണമായും മോഹൻലാലിൻറെ ആ രണ്ടു ചെറിയ കണ്ണുകളിൽ ആണ്‌ മണിരത്നം കുടുക്കി ഇട്ടിരിക്കുന്നത്.

'സദയ'ത്തിലെ സത്യനാഥന്റെ കണ്ണുകളിൽ വന്നുപോയ വന്യമായ ചില നോട്ടങ്ങൾ ഇപ്പോഴും ഭയപ്പെടുത്താറില്ലേ?.

ചെവി തുരന്നു തുളയ്ക്കുന്ന വണ്ടിന്റെ മൂളലുമായി, പ്രിയപ്പെട്ടവരുടെ വേർപാട് സമ്മാനിച്ച വേദനയിൽ നീറി കഴിയുമ്പോഴും, ഉണ്ണിയുടെ മകൾക്കും കൂട്ടുകാർക്കുമൊപ്പം ആടിപ്പാടുന്ന "ഭ്രമരത്തിലെ" ശിവൻകുട്ടിയുടെ

നിഗൂഢത അപ്പാടെ പേറുന്ന ആ കണ്ണുകൾ കൂടി ഒന്ന്ഓർത്തു നോക്കൂ.. ഒരു മനുഷ്യന് പുരികം കൊണ്ട് എത്രകണ്ടു അഭ്യാസം കാണിക്കാൻ ആവും? ഈ ചോദ്യത്തിനു ഉത്തരം മോഹൻലാൽ ആണ് നൽകുക എങ്കിൽ ചോദ്യകർത്താവ് ഒന്ന് വിഷമിക്കും.

കണ്ണിനു മുകളിലെ ചെറുരോമങ്ങളുടെ ആ രണ്ടു നിരകൾ, ഇത്രയും ധാരാളിത്തത്തിൽ ചലിപ്പിച്ച വേറൊരു മുഖ്യധാര മലയാള നടനുണ്ടോ?

ജന്മം നൽകിയ എഴുത്തുകാരനെപ്പോലും അമ്പരപ്പിച്ച, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞൂട്ടനാശാന്റെ ഓളംതല്ലുന്ന ആ പുരികങ്ങൾ ഒരിക്കൽ എങ്കിലും സിനിമ കണ്ടവർക്ക് മറക്കാൻ ആകുമോ...!

ജന്മം നൽകിയ എഴുത്തുകാരനെപ്പോലും അമ്പരപ്പിച്ച, 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞൂട്ടനാശാന്റെ ഓളംതല്ലുന്ന ആ പുരികങ്ങൾ ഒരിക്കൽ എങ്കിലും സിനിമ കണ്ടവർക്ക് മറക്കാൻ ആകുമോ

'വന്ദനം' 'ഗാന്ധർവ്വം' തുടങ്ങിയ സിനിമകളിലെ ഹാസ്യരംഗങ്ങളിൽ ഇരുപുരികവും വളച്ചു അയാൾ അമ്പരപ്പ് പ്രകടിപ്പിക്കുന്ന ചില നിമിഷങ്ങളുണ്ട്. വിന്റേജ് ലാലേട്ടൻ എന്ന് പറഞ്ഞു ഇന്നും മാഷപ്പുകളിൽ നിറയുന്ന രംഗങ്ങൾ.

ഇനി അയാളുടെ പിരിച്ചുവച്ച കറുത്ത മീശ നോക്കാം.!

'സ്ഫടിക'ത്തിലെ ആടുതോമയെ ഓർക്കുമ്പോൾ ആ മീശയും റെയ്യ്ബാൻ ഗ്ലാസുമല്ലേ ഏതു മലയാളിക്കും ആദ്യം ഓർമ്മ വരിക?

മൂക്കിൻ തുമ്പിനു ഇരുവശങ്ങളിലും കൃത്യമായി സിമട്രി പാലിക്കുന്ന, അളന്നു തൂക്കി വരച്ചതുപോലെ വളഞ്ഞു പോയി അറ്റം കൂർത്ത, മലയാളക്കരയിൽ ഒരു ട്രെൻസ് സെറ്ററായി തന്നെ മാറിയ 'ആ മീശ ....!

പിന്നീടുള്ള പല മോഹൻലാൽസിനിമകളിലും മീശപിരി ഘോഷയാത്രകളിലൂടെ സംവിധായകർ മടുപ്പിച്ചിട്ടുണ്ട് എങ്കിലും ഇന്നും മോഹൻലാലിന്റെ അറ്റം കൂർത്ത, പാഠപുസ്തകങ്ങളിലെ കൊസൈൻ വേവിനെ ഓർമ്മപ്പെടുത്തുന്ന ആ മീശ, അത് മലയാളിയുടെ അഹങ്കാരം തന്നെയാണ്.

മമ്മൂട്ടി നിരന്തരമായ അധ്വാനത്തിലൂടെ, നിരീക്ഷണത്തിലൂടെ സ്വന്തമാക്കിയ ഭാഷാഭേദങ്ങളുടെ സമ്പത്ത് മോഹൻലാലിന് അവകാശപ്പെടാനില്ല എന്നത് ഒരു സത്യമാണ്.'കിളിച്ചുണ്ടൻ മാമ്പഴ'ത്തിലും,'മരയ്ക്കാറി'ലും അടക്കം അയാൾ മലബാർ മലയാളം പറയുമ്പോൾ പ്രേക്ഷകർ പുരികം ചുളിക്കുന്നതും അതുകൊണ്ടാണ്.

'സ്ഫടിക'ത്തിലെ ആടുതോമയെ ഓർക്കുമ്പോൾ ആ മീശയും റെയ്യ്ബാൻ ഗ്ലാസുമല്ലേ ഏതു മലയാളിക്കും ആദ്യം ഓർമ്മ വരിക

ശിവാജി ഗണേശൻ,അമരീഷ് പുരി എന്നിവരുടേത് പോലെ ഘനഗംഭീര്മായ ശബ്ദവുമല്ല മോഹൻലാലിന്റേത്.!'പ്രജ' അടക്കമുള്ള ചിത്രങ്ങളിൽ എൻ.എഫ് വർഗീസിനും, ഷമ്മി തിലകനും ഒപ്പം പവർഫുൾ ഡയലോഗ് ഡെലിവറി നടത്താൻ അയാൾ പിന്നിൽ പോകുന്നതും അതുകൊണ്ടാണ്.

പക്ഷേ,ഓർമ്മക്കുടുക്കിൽ തട്ടി മുറിഞ്ഞുപോയ ഒട്ടനേകം വാക്കുകളുടെ ഭാരം പേറുന്ന തന്മാത്ര'യിലെ രമേശന്റെ നിസ്സഹായമായ ഞരക്കങ്ങളിലൂടെയും, 'പകൽനക്ഷത്രങ്ങളി'ലെ സിദ്ധാർത്ഥന്റെ പ്രണയ-കാമ രസം തുളുമ്പുന്ന സംഭാഷണങ്ങളിലൂടെയും

തന്റെ ശബ്ദവിന്യാസക്രമം അത്ര മോശമല്ല എന്ന് അയാൾ പലകുറി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു നടന്റെ കൈവിരലുകൾ കാണിച്ചു ഒരു പ്രധാന ഷോട്ട് ഓപ്പൺ ചെയ്യാൻ ആരെങ്കിലും ധൈര്യപ്പെടുമോ..?

അങ്ങനൊരു വെല്ലുവിളിയ്ക്ക്സംവിധായകൻ തുനിഞ്ഞിറങ്ങുന്നു എങ്കിൽ ആ സീനിൽ വന്നുപോകുന്ന നടന്റെ പേര് മോഹൻലാൽ എന്നാവണം.!

'ആറാം തമ്പുരാനിൽ’ മഞ്ജു വാരിയരുടെ ഇൻട്രോയ്ക്ക് മുൻപ് രാജാമണി നൽകുന്ന മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയിൽ, അച്ഛന്റെ ഓർമ്മകൾ ഉറങ്ങുന്ന ബലിക്കല്ലിലേയ്ക്ക് നീളുന്ന ജഗന്നാഥൻറെ നീണ്ട കൈവിരലുകൾ ഓർക്കുക.

അഗ്നിക്ക് മുന്നിൽ ശിവതാണ്ഡവമാടുന്ന,'രാജശില്പി'യിലെശംഭുവിന്റെ ഉള്ളിലെ സംഘർഷങ്ങൾ പ്രേക്ഷകനിലേയ്ക്ക് സംവദിക്കുന്നതും വായുവിൽ കൂടി ഒഴുകിനീങ്ങുന്ന അയാളുടെ അതേ കൈ വിരലുകളാണ് !

'ദശരഥ'ത്തിന്റെ അവസാനം സുകുമാരിയുടെ തോളിലിരുന്ന് വിറയ്ക്കുന്ന നീണ്ട് കൊലുന്നനെയുള്ള ആ വിരലുകൾ കണ്ട് മലയാളി പിന്നെയും അമ്പരക്കുന്നു.

'ദശരഥ'ത്തിന്റെ അവസാനം സുകുമാരിയുടെ തോളിലിരുന്ന് വിറയ്ക്കുന്ന നീണ്ട് കൊലുന്നനെയുള്ള ആ വിരലുകൾ കണ്ട് മലയാളി പിന്നെയും അമ്പരക്കുന്നു.

'രസതന്ത്ര'ത്തിൽ അച്ഛന്റെ വേർപാട് അറിഞ്ഞ് ഹൃദയം നുറുങ്ങുന്ന പ്രേമചന്ദ്രന്റെ വേദന സ്‌ക്രീനിൽ എത്തിക്കാൻ സത്യൻ അന്തിക്കാട് തന്റെ ക്യാമറ സൂം ചെയ്യുന്നത് മോഹൻലാലിൻറെ മുഖത്തേക്ക് അല്ല, ഇതേ വിരലുകളിലേയ്ക്ക് ആണ്.!!

സംഘട്ടന സംവിധായകൻ സ്റ്റൻഡ്സിൽവ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഒപ്പം ജോലി ചെയ്തതിൽ ഏറ്റവും മെയ്‌വഴക്കമുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്ന് പറയുന്നുണ്ട്.

'''അവങ്ക ഒടമ്പ് എപ്പടി വച്ചിറിക്കേന്ന് തെരിയുമാ. ഹീ ഈസ്‌ സൂപ്പർ ഫ്ളക്സ്ബിൾ '' എന്നാണ് ആ യുവ സ്റ്റൻഡ് മാസ്റ്റർ നൽകുന്ന സാക്ഷ്യം . സിൽവയുടെ പേച്ചിൽ സംശയം ഉള്ളവർ 'ലൂസിഫറി'ൽ, ആറടിപ്പൊക്കമുള്ള ജോൺ വിജയ്ടെ നെഞ്ചുംകൂട്ടിലേക്ക് ഉയർന്ന, വിരലുകൾക്കും ഉപ്പൂറ്റിയ്ക്കും ഇടയിൽ കർവ് നിലനിർത്തുന്ന, ആകൃതിയൊത്ത ആ പാദങ്ങൾ ഓർത്തു നോക്കൂ .! 'കൊച്ചുണ്ണിയിലും' 'ഒളിമ്പ്യൻ അന്തോണി ആദ'ത്തിലും തന്റെ ഉയരത്തിന്റെ പകുതിയിൽ കൂടുതൽ മേലേയ്ക്ക്, ചിറക് വിടർത്തുന്ന ആൺമയിലിനെപ്പോലെ കാൽ വീശുന്ന ലാലിനെ കാണാം.!

'ഇരുവറി'ൽ തന്റെ മുന്നിൽ ഇരിക്കുന്ന കൽപ്പനയെ ആരാധനയോടും അത്ഭുതത്തോടും നോക്കുന്ന ആനന്ദന്റെ ഒരു രംഗമുണ്ട്!! സിനിമാതിയേറ്ററിൽ, തണുപ്പ് കട്ടപ്പിടിച്ച ഇരുട്ടിന്റെ അകമ്പടിയിൽ, സ്‌ക്രീനിൽ തെളിയുന്ന മോഹൻലാലിനെ ഒരിക്കൽക്കൂടി അങ്ങനെ നോക്കാൻ അവസരം കിട്ടണം എന്ന് ആഗ്രഹിച്ചതിനു കയ്യും കണക്കുമില്ല. നേര് ആ കാത്തിരിപ്പിനുള്ള ഉത്തരമാണ്.

'ലൂസിഫറി'ൽ, ആറടിപ്പൊക്കമുള്ള ജോൺ വിജയ്ടെ നെഞ്ചുംകൂട്ടിലേക്ക് ഉയർന്ന, വിരലുകൾക്കും ഉപ്പൂറ്റിയ്ക്കും ഇടയിൽ കർവ് നിലനിർത്തുന്ന, ആകൃതിയൊത്ത ആ പാദങ്ങൾ ഓർത്തു നോക്കൂ

മലൈക്കോട്ടെ വാലിബൻ,

റാം,

ബാറോസ്,

എമ്പുരാൻ!!

അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ നിരവധിയാണ്.

'നേര്' നല്ല അഭിപ്രായം നേടി മുന്നേറുമ്പോൾ ലാൽ ആരാധകർ മാത്രമല്ല സിനിമയെ ഇഷ്ടപ്പെടുന്നവരെല്ലാം ഒരുപോലെ മനസ്സിൽ പറയാൻ ആഗ്രഹിക്കുന്ന ഒരു വാചകം,ദൃശ്യം -2 ൽ മുരളി ഗോപി പറഞ്ഞു വച്ചിട്ടുണ്ട്.

It's the beginning of something....?

നേരില്‍ നിന്ന്

അത് അങ്ങനെ തന്നെ ആകട്ടെ. കാരണം കാലവും, മോഹൻലാലും അത്രയെങ്കിലും അയാളുടെ ഉള്ളിലെ പ്രതിഭയോട് കടപ്പെടുന്നുണ്ട്.!!

Comments